1978കാലഘട്ടം. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിവാഹപ്രായം ഉയര്‍ത്താനുള്ള നിയമനിര്‍മാണവുമായി മൊറാര്‍ജി ദേശായി സര്‍ക്കാര്‍ മുന്നോട്ടുവന്നപ്പോള്‍ നാനാഭാഗങ്ങളില്‍നിന്നും വ്യാപകമായ എതിര്‍പ്പുണ്ടായി. എതിര്‍പ്പിന്റെ മുന്‍നിരയില്‍ മുസ്്‌ലിംകളായിരുന്നു. വിവാഹം വ്യക്തിനിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന സമൂഹത്തിന് വിവാഹത്തിനുള്ള പ്രായപരിധി നിശ്ചയിക്കുന്നത് അവരുടെ പൗരസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന ശക്തമായ വാദമുയര്‍ന്നു. പക്ഷേ, ശൈശവവിവാഹം വ്യാപകമായിരുന്ന അക്കാലത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം 16ല്‍നിന്ന് 18ലേക്ക് ഉയര്‍ത്തുന്നതില്‍ പലരും പുരോഗമനവും സ്ത്രീക്ഷേമവും എടുത്തുകാട്ടി. വിവാഹപ്രായം നിയമപരമായി നിശ്ചയിച്ചപ്പോഴും ആ പരിധിക്കുതാഴെ വിവാഹത്തിലേര്‍പ്പെടുന്നത് കുറ്റകരമായ ശിക്ഷയായി അവതരിപ്പിക്കപ്പെട്ടില്ല എന്നതുകൊണ്ട് നിയമം കടലാസിലൊതുങ്ങി. 1929ലെ ശാര്‍ദാ ആക്ട് നിജപ്പെടുത്തിയ പെണ്‍കുട്ടികളുടെ ചുരുങ്ങിയ വിവാഹപ്രായം പതിനാല് വയസായിരുന്നു. ആണ്‍കുട്ടികളുടേത് പതിനെട്ടും. ഹര്‍ബിലാസ് ശാര്‍ദ മുന്‍കൈ എടുത്ത് ഇംപീരിയല്‍ ലെജിസ്‌ളേറ്റീവ് കൗണ്‍സിലില്‍ കൊണ്ടുവന്ന ആ നിയമം യഥാര്‍ത്ഥത്തില്‍ ശൈവവിവാഹം തടയല്‍ നിയമമായിരുന്നു (Child Marriage Restraint Act). സ്വാതന്ത്ര്യം കിട്ടിയ ഉടന്‍, 1949ല്‍ പെണ്‍കുട്ടികളുടെ ചുരുങ്ങിയ പ്രായം 15ആക്കി ഉയര്‍ത്തി. പിന്നീട് 1978ലാണ് അത് യഥാക്രമം 18ആയും 21ആയും ഉയര്‍ത്തുന്നത്. ഒട്ടുമിക്ക രാജ്യങ്ങളിലും പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ആയി നിജപ്പെടുത്തിയത് നിയമം കൊണ്ട് കര്‍ക്കശമായി നടപ്പാക്കനല്ല. മറിച്ച് ഒരു സാമൂഹികക്ഷേമ നയനിലപാടിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ 2006ലെ ശൈശവ വിവാഹ നിരോധന നിയമം നിശ്ചിതപ്രായത്തിനു മുമ്പ് വിവാഹം ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാക്കി. രണ്ടാം മന്‍മോഹന്‍ സിംഗ് സര്‍ക്കാരാണ് ഈ ദിശയില്‍ മനുഷ്യത്വരഹിതമായ നിയമകാര്‍ക്കശ്യം കൊണ്ടുവന്നത്. ഇതനുസരിച്ച് പ്രായമാവാത്ത ആണ്‍കുട്ടിയെയോ പെണ്‍കുട്ടിയെയോ വിവാഹം ചെയ്തുകൊടുത്താല്‍ രക്ഷിതാക്കള്‍ മാത്രമല്ല, 18ന് മുകളിലുള്ള വരന്‍, കുട്ടിയുടെ മാതാപിതാക്കള്‍, വിവാഹത്തിന് സഹായിക്കുന്നവര്‍, വിവാഹത്തിന് കാര്‍മികത്വം വഹിക്കുന്നവര്‍, അയല്‍വാസികള്‍, വിവാഹസദ്യയും മറ്റു സേവനങ്ങളും ഒരുക്കുന്നവര്‍, ഇടനിലക്കാര്‍ തുടങ്ങിയവരൊക്കെ ശിക്ഷാര്‍ഹരാണ്. രണ്ടു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും രണ്ടും ഒന്നിച്ചോ വിധിക്കാവുന്ന ശിക്ഷയായി അത് മാറി.
മോഡിസര്‍ക്കാരിന്റെ ഗൂഢലക്ഷ്യങ്ങള്‍
പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍നിന്ന് 21ലേക്ക് ഉയര്‍ത്താനും ആണ്‍കുട്ടികളുടേതിനോട് സമാനമാക്കാനുമുള്ള മോഡി സര്‍ക്കാരിന്റെ നീക്കത്തിനു പിന്നില്‍ സ്ത്രീകളുടെ ക്ഷേമമോ പുരോഗമന ചിന്തയോ ഒന്നുമല്ല, പ്രത്യുത, ആര്‍.എസ്.എസിന്റെ ഗൂഢ അജണ്ടകളാണ്. ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ വിസ്മരിച്ചുള്ള ഈ നീക്കം മുസ്്‌ലിംകളുടെ “അനിയന്ത്രിതമായ ‘ ജനസംഖ്യാ വര്‍ധന തടയാനുള്ള ഹിന്ദുത്വ പദ്ധതിയുടെ ഭാഗമാണെന്ന് കാണാന്‍ പ്രയാസമില്ല. ലോകത്ത് നടക്കുന്ന ശൈശവ വിവാഹങ്ങളില്‍ 40ശതമാനവും നമ്മുടെ രാജ്യത്താണ്. യൂനിസെഫിന്റെ 2020ലെ കണക്കനുസരിച്ച് 22കോടിയിലേറെ ബാലവിവാഹങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. 15 വയസിന് മുമ്പ് വിവാഹിതരാവുന്ന പെണ്‍കുട്ടികള്‍ 10 കോടിയില്‍ അധികമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശൈശവ വിവാഹമേളകള്‍ ഇപ്പോഴും നിര്‍ബാധം തുടരുന്നുണ്ട്. വിഷയം കോടതിയിലെത്തിയാല്‍ നീതിന്യായ വ്യവസ്ഥ ഒഴികഴിവ് പറഞ്ഞ് കണ്ണടക്കുകയാണ് പതിവ്. ഇവയൊന്നും നിയന്ത്രിക്കാനോ തടയാനോ സജ്ജമല്ലാത്ത സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥയാണ് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട പെണ്‍കുട്ടികളുടെ 18 വയസ് പോരെന്ന് വാദിക്കുന്നത്. പ്രായപൂര്‍ത്തിയായ ഏത് പൗരനും സ്വന്തമായി കരാറിലേര്‍പ്പെടാനും വോട്ടവകാശം രേഖപ്പെടുത്താനും ഇഷ്ടമുള്ളവരോടൊപ്പം ജീവിക്കാനും അവകാശമുള്ളപ്പോള്‍, ഇണയെ കണ്ടെത്തി വിവാഹം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യമില്ല എന്ന് പറയുന്നതിലെ യുക്തിരാഹിത്യം ഇപ്പോഴത്തെ നീക്കത്തിന്റെ പിന്നിലെ കുടിലതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഭരണാധികാരിയെ തിരഞ്ഞെടുക്കാനുള്ള അവകാശം ആസ്വദിക്കുമ്പോഴും ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാന്‍ പ്രായമായില്ല എന്ന് പറയുന്നതിലെ മണ്ടത്തരം നിസ്സാരമായി തള്ളാനാവില്ല. പിന്നെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിവാഹപ്രായം തുല്യമാക്കുന്നതിലെ അനീതിയും അയുക്തിയും സവിശേഷമായ ചര്‍ച്ച അര്‍ഹിക്കുന്നുണ്ട്. ആരോഗ്യ-കുടുംബ മേഖലകളില്‍ വൈദഗ്ധ്യം നേടിയവര്‍ തള്ളിക്കളയുന്ന സിദ്ധാന്തമാണിത്. ആണിന്റെയും പെണ്ണിന്റെയും മാനസികവും ശാരീരികവുമായ സവിശേഷതകളെ ആഴത്തില്‍ മനസിലാക്കിയ ഒരു സാമൂഹിക വ്യവസ്ഥയും ഇമ്മട്ടിലുള്ള ലിംഗനീതിയും സ്ത്രീപുരുഷസമത്വവും അംഗീകരിക്കാന്‍ പോകുന്നില്ല. പക്ഷിമൃഗാദികളില്‍പോലും ഇണകളില്‍ പ്രായാന്തരം കാണപ്പെടുമ്പോള്‍, സംഘ്പരിവാരത്തിന്റെ ഗൂഢഅജണ്ടകള്‍ക്ക് മുന്നില്‍ ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ പാരമ്പര്യകാഴ്ചപ്പാടുകള്‍ പോലും കീഴ്‌മേല്‍ മറിയുകയാണ്.
ആര്‍.എസ്.എസിന്റെ നാഗ്പൂര്‍ ആസ്ഥാനത്ത് നടക്കുന്ന ന്യൂനപക്ഷവിരുദ്ധ ഗവേഷണങ്ങളിലൂടെയാണ് മോഡിസര്‍ക്കാരിന്റെ നയനിലപാടുകള്‍ രൂപപ്പെടുന്നത്. വിവാഹപ്രായം വര്‍ധിപ്പിച്ചുകൊണ്ടുള്ള ബിൽ ഡിസംബര്‍ 21ന് ലോക്‌സഭയില്‍ അവതരിപ്പിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി നടത്തിയ പ്രസംഗത്തില്‍നിന്ന് തന്നെ ആര്‍.എസ്.എസിന്റെ ഗൂഢപദ്ധതി പുറത്തേക്ക് ചാടി. രാജ്യത്ത് ഏക നിയമം കൊണ്ടുവരുകയാണ് ലക്ഷ്യമെന്നും ഇതോടെ ഏഴ് വ്യക്തിനിയമങ്ങള്‍ ഇല്ലാതാവുമെന്നുമുള്ള അവരുടെ പ്രഖ്യാപനം ഏകീകൃത സിവില്‍ കോഡാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സമര്‍ഥിക്കപ്പെട്ടു. വ്യക്തിനിയമങ്ങള്‍ ഉന്മൂലം ചെയ്യപ്പെടുന്നതോടെ മുസ്്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളുടെ സ്വത്വവും അന്തസാര്‍ന്ന നിലനില്‍പും അട്ടിമറിക്കാനാവുമെന്ന് നേരത്തേ ഇക്കൂട്ടര്‍ ആക്രോശിക്കുന്നുണ്ടായിരുന്നു.
മുസ്്‌ലിം ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുന്നുവെന്ന ദുഷ്പ്രചാരണത്തിന്റെ ഒരു അഭിഭാജ്യ ഘടകമാണ് മുസ്്‌ലിം സ്ത്രീകള്‍ പന്നിയെ പോലെ പെറ്റുകൂട്ടുന്നുവെന്ന അടിസ്ഥാനരഹിതമായ അധിക്ഷേപം. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, നരേന്ദ്രമോഡി, പ്രസംഗവേദികളിലെല്ലാം മുസ്്‌ലിംകളെ അധിക്ഷേപിക്കാനും അവഹേളിക്കാനും ശ്രമിച്ചത് “ഹം പാഞ്ച്, ഹമാരാ പച്ചാസ്’ (നാം അഞ്ച്, നമുക്ക് 25) എന്ന അറപ്പുളവാക്കുന്ന പ്രയോഗത്തിലൂടെയായിരുന്നു. നാല് ഭാര്യമാരും 25 കുഞ്ഞുങ്ങളുമെന്ന മുസ്്‌ലിംകളെ കുറിച്ചുള്ള പഴയ തെറിയഭിഷേകം. 2002ലെ ന്യൂനപക്ഷവിരുദ്ധ വംശഹത്യക്കുശേഷം ദുരിതാശ്വാസകേന്ദ്രങ്ങളെ അദ്ദേഹം വിശേഷിപ്പിച്ചത് “സന്താനോല്‍പാദന കേന്ദ്രങ്ങള്‍’ എന്നാണ്. ബഹുഭാര്യത്വം മുസ്്‌ലിംകളുടെ കുത്തകയാണ് എന്ന ഗീബല്‍സിയന്‍ നുണ പ്രചാരണം ഇതിന്റെ ഭാഗമായിരുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്? ഗവണ്‍മെന്റ് സര്‍വേയിലും സെന്‍സസിലും തെളിയുന്നത് ബഹുഭാര്യത്വം ഹിന്ദുക്കളില്‍ 5.8 ശതമാനവും മുസ്്‌ലിംകളില്‍ 5.7 ശതമാനവും ആണെന്നാണ്. സന്താനോല്‍പാദന നിരക്ക് (Total Fertility Rate) കുറഞ്ഞുവരുന്നതായി ദേശീയ സര്‍വേയില്‍ വെളിപ്പെട്ടതാണ്്. മുസ്്‌ലിംകളുടെ സന്താനോല്‍പാദന നിരക്ക് ഹിന്ദുക്കളെക്കാള്‍ കുറഞ്ഞുവരുകയാണെന്ന പ്രവണതയും ജനസംഖ്യാവിസ്‌ഫോടന സിദ്ധാന്തക്കാര്‍ മനഃപൂര്‍വം വിസ്മരിക്കുകയാണ്.
പ്രശസ്ത സാമ്പത്തികകാര്യ വിദഗ്ധന്‍ അബ്ദുസ്സലാഹ് ശരീഫ് ചൂണ്ടിക്കാട്ടുന്ന ചില വസ്തുതകളുണ്ട്: 2001നും 2011നുമിടയില്‍ വര്‍ധിച്ചത് 138 ദശലക്ഷം ഹിന്ദുക്കളാണ്. 2001ലെ മൊത്തം മുസ്്‌ലിം ജനസംഖ്യക്ക് തുല്യമാണിത്. ജനസംഖ്യാ വര്‍ധനവിലെ കുറവ് കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടയില്‍, ഹിന്ദുക്കളെക്കാള്‍ മുസ്്‌ലിംകളിലാണ് എന്ന യാഥാര്‍ഥ്യം വിസ്മരിച്ചാണ് 2050ആകുമ്പോഴേക്കും ഹിന്ദുക്കളും മുസ്്‌ലിംകളും സമാസമമാകുമെന്ന വിഡ്ഢിത്തം നിര്‍ലജ്ജം വിളമ്പുന്നത്. ജനസംഖ്യാവര്‍ധന തടയാനുള്ള മാര്‍ഗം പെണ്‍കുട്ടികളുടെ വിവാഹപ്രായം കൂട്ടലല്ല. മറിച്ച്, വിദ്യാഭ്യാസ -ജീവിത നിലവാരം ഉയര്‍ത്തുകയാണ്. നിര്‍ബന്ധ വന്ധ്യകരണം ജനസംഖ്യ കുറക്കുന്നതിനുള്ള കുറുക്കുവഴിയായി പ്രയോഗിച്ച അടിയന്തരാവസ്ഥ കാലത്തെ മണ്ടത്തരത്തെ ഓര്‍ത്ത് ആ രംഗത്തെ വിദഗ്ധര്‍ ഇന്ന് പശ്ചാത്തപിക്കുകയാണ്്. വിദ്യാഭ്യാസപരമായ ഉയര്‍ച്ചയും തൊഴില്‍പരമായ മേല്‍ഗതിയും ജീവിതനിലവാരത്തിലെ മികവും സ്വാഭാവികമായും സന്താനനിയന്ത്രണത്തിലേക്കും അതുവഴി ജനസംഖ്യാ വിസ്‌ഫോടനം തടയുന്നതിലേക്കും വഴികാട്ടുന്നുവെന്നതിന് കേരളം മുന്തിയ ഉദാഹരണമാണ്. പത്തും പന്ത്രണ്ടും പ്രസവിച്ച അമ്മമാരുടെ പിന്‍തലമുറ രണ്ടോ മൂന്നോ സന്താനങ്ങളില്‍ തൃപ്തിയടയുന്ന ജീവിതമനോഭാവം വളര്‍ത്താന്‍ മോഡിയുടെ വൈകിയുള്ള വിവാഹത്തിലൂടെ സാധിക്കില്ലെന്നുറപ്പ്. ഈ വിഷയത്തില്‍ ഇസ്്‌ലാമിക വൈവാഹിക നിയമത്തില്‍ ശാസ്ത്രീയമായ അടിസ്ഥാനം കണ്ടെത്താനാവും. ശാരീരികമായി പ്രായപൂര്‍ത്തിയാവുന്നതോടെ (Puberty Stage) വിവാഹത്തിന് യോഗ്യയാണ് എന്ന കാഴ്ചപ്പാട് വയസിന്റെ പരിധിക്കപ്പുറം ശാരീരികവും മാനസികവുമായ സന്നദ്ധതക്കാണ് പ്രാമുഖ്യം കല്‍പിക്കുന്നത്. അതുകൊണ്ട്, ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആയി നിജപ്പെടുത്തുമ്പോള്‍ മുസ്്‌ലിം വ്യക്തിനിയമത്തില്‍ അത്തരമൊരു മാനദണ്ഡമില്ല. 2007ലെ ബാലവിവാഹനിരോധന നിയമം ജാതിമതദേശഭേദമന്യെ എല്ലാവിഭാഗങ്ങള്‍ക്കും ബാധകമാണെന്നതിനാല്‍, മുസ്്‌ലിംകളും നിയമത്തിന്റെ പരിധിയില്‍ വരുന്നു.
സ്ത്രീശാക്തീകരണത്തിന്റെ പേരിലെ ഗിമ്മിക്കുകള്‍
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള നിയമനിര്‍മാണത്തിന് കാരണമായി പറയുന്നത് സ്ത്രീശാക്തീകരണമാണ്. 2020ലെ സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് പ്രധാനമന്ത്രി മോഡി ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. അതിനു മുമ്പ് ധനമന്ത്രി നിര്‍മല സീതാരാമനും ഈ ദിശയില്‍ ചില സൂചനകള്‍ നല്‍കിയിരുന്നു. രാജ്യത്തെ മാതൃമരണനിരക്ക് കുറക്കുക, പെണ്‍കുട്ടികളുടെ പോഷകാഹാര അളവ് മെച്ചപ്പെടുത്തുക തുടങ്ങിയ ഉദ്ദേശ്യലക്ഷ്യങ്ങളാണ് വിവാഹ പ്രായപരിധി കൂട്ടുന്നതിന് കാരണമായി പറയുന്നത്. ഗര്‍ഭാവസ്ഥയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ തരണം ചെയ്യാനും നിയമപരിഷ്‌കാത്തിന് സാധിക്കുമെന്നാണ് ജയ ജയ്റ്റ്‌ലി അധ്യക്ഷയായ സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കല്യാണപ്രായം 18ല്‍നിന്ന് 21ലേക്ക് കുതിക്കുന്നതോടെ, എങ്ങനെയാണ് ഈ ലക്ഷ്യം കരഗതമാക്കാന്‍ പോകുന്നത്? രാജ്യം ഭരിക്കുന്ന പാര്‍ട്ടി ഏതെല്ലാം മേഖലയില്‍ ദയനീയമായി പരാജയപ്പെട്ടോ അവിടെനിന്ന് ജനശ്രദ്ധ തിരിച്ചുവിട്ട് സാങ്കല്‍പികമായ ചില സിദ്ധാന്തങ്ങള്‍ ചുട്ടെടുത്ത് പുരോഗമന നാട്യത്തോടെ നിയമനിര്‍മാണത്തിന് ഇറങ്ങുമ്പോള്‍ അതിലെ കാപട്യവും പൊള്ളത്തരവും എടുത്തുകാട്ടാതെ വയ്യ. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും സ്ത്രീവിരുദ്ധ നയനിലപാടുകളുടെ വഷളത്തരം കൂടുതല്‍ പറയാതിരിക്കലാണ് നല്ലത്. സ്ത്രീധന നിരോധന നിയമത്തിലെ ചില വകുപ്പുകള്‍ സ്ത്രീകള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് അതില്‍ ഭേദഗതി കൊണ്ടുവരാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ സ്ത്രീജനത്തിനു വേണ്ടി കണ്ണീര്‍ പൊഴിക്കുന്നത്. സ്ത്രീകളുടെ ക്ഷേമത്തിലും ആരോഗ്യത്തിലും ലവലേശം പ്രതിബദ്ധതയുണ്ടെങ്കില്‍ സര്‍ക്കാര്‍ ചെയ്യേണ്ട പ്രാഥമികമായ കടമകളുണ്ട്. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ച ലക്ഷ്യമിട്ട് പദ്ധതികളാവിഷ്‌കരിക്കുക. പെണ്‍കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ മോഡി സര്‍ക്കാരിന്റെ പക്കല്‍ എന്തു പ്രതിവിധിയാണുള്ളത്? ആ വിഭാഗത്തിന്റെ ആരോഗ്യപരമായ ഉന്നമനത്തിന് വര്‍ഷംതോറും ബജറ്റ് നീക്കിയിരിപ്പ് കുറച്ചുകുറച്ചു കൊണ്ടുവരുകയല്ലേ? പെണ്‍കുട്ടികളെ വിദ്യാഭ്യാസപരമായി കൈപിടിച്ചുയര്‍ത്തുകയും ജീവിത കാഴ്ചപ്പാടില്‍ ഗണ്യമായ മാറ്റം കൊണ്ടുവരികയും ചെയ്യാന്‍ സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ മുന്നില്‍ മൂര്‍ത്തമായ വല്ല പദ്ധതികളുമുണ്ടോ? ഒന്നുമില്ല. ഭക്ഷ്യസുരക്ഷ ഇന്ന് കടലാസില്‍ ഒതുങ്ങുന്നു. സ്ത്രീജനത്തിന്റെ ആരോഗ്യ-വിദ്യാഭാസ ഉന്നതിക്കായി കൂടുതല്‍ പണം കണ്ടെത്തി കാര്യക്ഷമമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനു പകരം, ചില്ലിക്കാശ് ചെലവില്ലാത്ത നിയമനിര്‍മാണം വഴി ജനങ്ങളെ വഞ്ചിക്കാനുളള ഈ പുറപ്പാട് തിരിച്ചറിയണം. ഇതില്‍ ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ പ്രശ്‌നമുദിക്കുന്നില്ല. അങ്ങ് കശ്മീരിലെ പെണ്ണും ഇങ്ങ് തമിഴ്‌നാട്ടിലെ പെണ്ണും അനുഭവിക്കുന്നത് ഒരേ തരത്തിലുള്ള വിവേചനവും പീഢനങ്ങളുമാണ്. അവ എന്നെന്നേക്കുമായി പിഴുതെറിയാനുള്ള ഫലപ്രദമായ ഒരു നിയമനിര്‍മാണത്തെക്കുറിച്ച് എന്‍.ഡി.എ സര്‍ക്കാര്‍ എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഇല്ല. മാതൃ-ശിശു മരണനിരക്ക് കൂടുന്നതും പോഷകാഹാര കുറവ് പരിഹരിക്കാതെ തുടരുന്നതും സര്‍ക്കാരിന്റെ വികലമായ നയം മൂലമാണ്. പൊതുജനാരോഗ്യമേഖലക്കുള്ള നീക്കിയിരിപ്പ് കുറച്ചുകൊണ്ടുവരുകയും ആരോഗ്യമേഖല പൂര്‍ണമായ സ്വകാര്യവത്കരണത്തിന് വിട്ടുകൊടുക്കുകയും ചെയ്യുമ്പോള്‍ പിടികൂടേണ്ടത് സംഘ്പരിവാറിന്റെ പിന്തിരിപ്പന്‍ നയങ്ങളെയാണ്. നിഖില മേഖലകളിലുമുള്ള പിന്നോട്ടടിയിലുടെ മുഖം വികൃതമായ സര്‍ക്കാര്‍, പുരോഗമനാശയങ്ങളുടെ വക്താക്കളായി വേഷം കെട്ടുമ്പോള്‍ രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് അതിനെ ചെറുക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരുകയാണ് വേണ്ടത്.
വിളര്‍ച്ച പിടിപെട്ട മ്ലാന മുഖങ്ങള്‍
വിവാഹപ്രായം കൂട്ടിയതുകൊണ്ട് സ്ത്രീകളുടെ അവസ്ഥയില്‍ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല എന്ന പ്രതികരണമാണ് ഉത്തരവാദപ്പെട്ട വേദികളില്‍നിന്നും ഉയര്‍ന്നിരിക്കുന്നത്. ജയ്റ്റ്‌ലി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രൂപീകൃതമായ ടാസ്‌ക് ഫോഴ്സ് നടത്തിയ പഠനം (‘Young Voices: National Working Group’) ചില അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ‘Increasing the age of marriage will either harm; or have no impact by itself unless the root causes of women’s disempowerment are addressed.’- ‘സ്ത്രീകളുടെ ദുര്‍ബലവത്കരണത്തിന്റെ മൂലകാരണം അഭിമുഖീകരിക്കാതെ, വിവാഹപ്രായം കൂട്ടുന്നത് ഒന്നുകില്‍ ഹാനികരമാവും അല്ലെങ്കില്‍ യാതൊരു ഗുണഫലവും ഉണ്ടാകാന്‍ പോകുന്നില്ല’ എന്ന് സാരം. ശൈശവ വിവാഹം ശിക്ഷാര്‍ഹമായ കുറ്റമായി അനുശാസിക്കുന്ന ശൈശവ വിവാഹനിരോധന നിയമത്തിനു ശേഷവും 25 ശതമാനത്തോളം വിവാഹങ്ങള്‍ 18വയസിന് താഴെയുള്ളവരുടേതാണെന്ന് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ( 2015-16) കണ്ടെത്തുകയുണ്ടായി. മാറുന്ന സാമൂഹികസ്വഭാവത്തെ കുറിച്ച് ആവശ്യമായ പഠനം നടത്താതെയാണ് പെണ്‍കുട്ടികളെ നിയമത്തിന്റെ വലയില്‍ കുടുക്കിയിടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പത്ത് വര്‍ഷം മുമ്പുള്ള അവസ്ഥയല്ല ഇന്നത്തെ സ്ത്രീസമൂഹത്തിന്റേത്. വിവരസാങ്കേതിക വിദ്യയുടെ വികാസം സാമൂഹിക മാധ്യമങ്ങളിലൂടെ അവളുടെ ലോകത്തെ വിശാലമാക്കിയിരിക്കുന്നു. ആശയവിനിമയ ഉപാധികളിലുണ്ടായ വിസ്‌ഫോടനം മനുഷ്യബന്ധങ്ങളെ കുഴമറിച്ച വര്‍ത്തമാനകാല ജീവിതചുറ്റുപാടില്‍ സ്ത്രീപുരുഷ സമ്പര്‍ക്കവും പരസ്പര ബന്ധങ്ങളും പതിന്മടങ്ങ് വര്‍ധിച്ചിരിക്കേ സര്‍ക്കാര്‍ മുന്‍കൈ എടുത്തു കൊണ്ടുവരുന്ന വിവാഹത്തടസ്സങ്ങള്‍ ഗുരുതരമായ ഭവിഷ്യത്തുക്കള്‍ ക്ഷണിച്ചുവരുത്തുമെന്ന് ഭയപ്പെടേണ്ടതുണ്ട്. വിവാഹേതര ബന്ധങ്ങളിലൂടെയുള്ള ഗര്‍ഭധാരണവും അബോര്‍ഷനുമെല്ലാം തലമുറയുടെ ആരോഗ്യത്തിന് മുകളിലാണ് കൊടുവാള്‍ തൂക്കിയിടുക. സദാചാരലംഘനങ്ങള്‍ക്ക് അവരെ നിര്‍ബന്ധിതരാക്കുന്ന ജീവിതസാഹചര്യം സൃഷ്ടിച്ചെടുക്കുന്നത് ഏത് ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ പേരിലാണെന്ന് വിശദീകരിക്കാന്‍ ആര്‍ എസ് എസ് നേതൃത്വത്തിന് ബാധ്യതയുണ്ട്. നിയമങ്ങള്‍ ഏറ്റവും കൂടുതല്‍ ഉല്ലംഘിക്കപ്പെടുന്ന ഒരു രാജ്യത്ത് സാമൂഹിക പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തുന്ന ഒരു നിയമനിര്‍മാണത്തില്‍നിന്ന് എത്രയും പെട്ടെന്ന് സര്‍ക്കാര്‍ പിന്തിരിയുകയാണ് വിവേകം. അല്ലെങ്കില്‍ കാലം അവരെക്കൊണ്ട് തിരുത്തിക്കും.
Kasim Irikkoor
You must be logged in to post a comment Login