ഫാമിലി ബജറ്റിങ് എവിടെനിന്ന് തുടങ്ങണം?

ഫാമിലി ബജറ്റിങ് എവിടെനിന്ന് തുടങ്ങണം?

ഫാമിലി ബജറ്റിങ്ങിന്റെ പ്രസക്തി ദിനേനെ വർധിച്ചുകൊണ്ടിരിക്കുകയാണ്. വ്യക്തിയുടെ ജീവിതനിലവാരം കണ്ടെത്താനും നാടിന്റെ പുരോഗതി മനസിലാക്കാനും ഫാമിലി ബജറ്റിങ് ഒരു പഠനവിഷയമായി തന്നെ ഗവേഷകർ മുന്നോട്ടുവെക്കുന്നുണ്ട്. അമിതമായ ചെലവ് കുറക്കാനും, അത്യാവശ്യ കാര്യങ്ങൾ ഒഴിവാകാതിരിക്കാനും സ്വന്തമായി സാമ്പത്തിക അസ്തിത്വമുണ്ടാകാനും ഭാവിയിലേക്ക് പണം കരുതിവെക്കാനും ഭയപ്പാടില്ലാതെ ജീവിക്കാനുമൊക്കെ ഫാമിലി ബജറ്റിങ് സഹായിക്കും. പണത്തിനു ക്ഷാമം വരുന്ന സമയത്തും ദുരിതങ്ങൾ കൂടിവരുന്ന കാലത്തുമാണ് ഫാമിലി ബജറ്റിങ്ങിന് പ്രസക്തിയേറുന്നത്.
അമേരിക്കയിലെ പ്രമുഖ വ്യവസായിയും ധനകാര്യ വിദഗ്ദനുമായ ഡേവ് റാംസെ ബജറ്റ് ആസൂത്രണത്തെക്കുറിച്ച് പറഞ്ഞ വിഖ്യാതമായ ഒരു വാചകമുണ്ട്. “പണം എവിടെയൊക്കെ ചെലവഴിച്ചു എന്നതിനെ കുറിച്ചുള്ള അന്വേഷണമല്ല ബജറ്റുകൊണ്ട് അർഥമാക്കുന്നത്, മറിച്ച് പണം എവിടെയൊക്കെ ചെലവഴിക്കണമെന്നതിനെ കുറിച്ചുള്ള ആലോചനകളാണ്’. നമ്മുടെ ധനം ആർക്കു വേണ്ടി ചെലവഴിക്കണമെന്ന ആലോചനകളാണ് പ്രഥമ ചുവടുവെപ്പായി ധനകാര്യ ആസൂത്രണങ്ങളിലുണ്ടാകേണ്ടത്.
ഗൃഹനാഥൻ എന്ന നിലയിൽ നാം അനിവാര്യമായും ചെലവ് കൊടുക്കേണ്ടവരെ കുറിച്ചുള്ള അറിവ് കുടുംബ ധനകാര്യ ആസൂത്രണങ്ങളിൽ പ്രധാനമാണ്. പരിമിതമായ പണത്തെ മുൻഗണന ക്രമത്തിൽ തന്നെ വിനിയോഗിക്കാൻ അത് സഹായിക്കും. നമ്മുടെ ധനം ആർക്കൊക്കെവേണ്ടി ചെലവഴിക്കണമെന്നും അതിൽ ആരെ മുന്തിക്കണമെന്നുമുള്ള ചർച്ചകൾ ഇസ്‌ലാമിക കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണാനാവും. ഫാമിലി ബജറ്റിങ്ങിനെ കുറിച്ചുള്ള ആലോചനകൾ തുടങ്ങേണ്ടത് ഈ ഭാഗം മനസിലാക്കിയാവണം.

കഴിഞ്ഞ ലക്കത്തിൽ നാം സൂചിപ്പിച്ചതു പോലെ, പണം ആദ്യം ചെലവഴിക്കേണ്ടത് സ്വന്തത്തിനു വേണ്ടിയാണ്. ഇസ്‌ലാമിക ശരീഅത്തിന്റെ ലക്ഷ്യങ്ങൾ പറയുന്നിടത്ത് ഒന്നാമതായി സ്വന്തത്തെ ഇമാം ഗസാലി (റ) അടക്കമുള്ള പണ്ഡിതർ എണ്ണിയതായി കാണാം. ഒരിക്കൽ റസൂൽ(സ്വ) സ്വഹാബികളോട് ദാനം ചെയ്യാൻ വേണ്ടി ആവശ്യപ്പെട്ടു. സദസിൽ നിന്നൊരാൾ തന്റെ കൈയിൽ പണമുണ്ടെന്ന് പറഞ്ഞപ്പോൾ സ്വന്തത്തിന് വേണ്ടി ചെലവഴിക്കാൻ റസൂൽ നിർദേശിച്ചു. ഇനിയും പണമുണ്ടെന്ന് പറഞ്ഞപ്പോൾ ഭാര്യക്കുവേണ്ടി ചെലവഴിക്കാൻ പറഞ്ഞു. വീണ്ടും പണമുണ്ടെന്ന് ആവർത്തിച്ചപ്പോൾ കുടുംബങ്ങൾക്കും സേവകന്മാർക്കും നൽകാനാണ് റസൂൽ നിർദേശിച്ചത്. പണം ചെലവഴിക്കുന്നിടത്ത് നാം പാലിക്കേണ്ട മുൻഗണന ക്രമത്തെ കുറിച്ചുള്ള കൃത്യമായ വിവരണം ഈ ഹദീസിലുണ്ട്. സ്വശരീരത്തിന് ഭക്ഷണം നൽകാതെ മറ്റുള്ളവരെ നമുക്ക് എത്ര സഹായിക്കാനാവും? നമ്മുടെ ആരോഗ്യം അവർക്ക് കൂടി കരുത്താകട്ടേ എന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാകേണ്ടത്.
രണ്ടാമതായി പണം ചെലവഴിക്കേണ്ടത് കുടുംബത്തിനുവേണ്ടിയാണ്. അതിൽ ഏറ്റവും ആദ്യം പരിഗണിക്കേണ്ടത് ഭാര്യമാരെയാണ്(തുഹ്ഫ). അതിനെ കുറിച്ചുള്ള വിവരണം അടുത്ത ലക്കത്തിലാകാം.

ശാഫി മദ്ഹബ് പ്രകാരം മാതാപിതാക്കൾക്കും ചെറിയ മക്കൾക്കും ചെലവ് കൊടുക്കണം, നിർബന്ധമാണ്(മിൻഹാജ്). ഹനഫി മദ്ഹബിൽ, മഹ്‌റമായി ഗണിക്കപ്പെടുന്ന (വിവാഹബന്ധം ഹറാമായവർ) ആളുകൾക്കെല്ലാം ചെലവ് കൊടുക്കണം. ഹമ്പലി കർമശാസ്ത്രധാരയിലെത്തുമ്പോൾ കുടുംബമെന്ന് പറയാൻ പറ്റുന്നവർക്കൊക്കെ ചെലവ് കൊടുക്കൽ നിർബന്ധമായി വരും.
വിശുദ്ധ ഖുർആനിൽ പറയുന്നു.”അവര്‍ക്ക്‌ (മുലകൊടുക്കുന്ന മാതാക്കള്‍ക്ക്‌) നല്ല രീതിയിൽ ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത്‌ കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു'(ബഖറ 233). ഈ സൂക്തത്തിന്റെ വിശദീകരണത്തിൽ ഇമാം ഖുർതുബി(റ) രേഖപ്പെടുത്തി: “ചെറിയ കുട്ടികൾക്കുള്ള ചെലവുവഹിക്കേണ്ടത് പിതാവ് ആണ്’. അബൂസുഫ്്യാൻ(റ) മക്കൾക്ക് ചെലവ് കൊടുക്കാൻ പണം തരുന്നില്ലെന്ന് ഭാര്യ പരാതി പറഞ്ഞപ്പോൾ അബൂ സൂഫ്്യാന്റെ(റ) ശേഖരത്തിൽ നിന്ന് നിങ്ങൾക്കും മക്കൾക്കും ആവശ്യമുള്ളത് എടുത്തുകൊള്ളാൻ റസൂൽ(റ) പറഞ്ഞത് ഹദീസിലുണ്ട്(ഖുർതുബി).

മാലികി മദ്ഹബ് ഒഴികെയുള്ള മറ്റെല്ലാ മദ്ഹബുകളിലും വലിയുപ്പമാർക്കും വലിയുമ്മമാർക്കും പേരമക്കൾക്കും ചെലവുകൊടുക്കേണ്ടത് നിർബന്ധമാണെന്ന് പറയുന്നുണ്ട്. ഒരു മനുഷ്യൻ ഭക്ഷിക്കുന്നതിൽ വെച്ച് ഏറ്റവും നല്ല ഭക്ഷണം സ്വന്തം അധ്വാനിച്ച് കിട്ടുന്ന ഭക്ഷണമാണെന്ന് റസൂൽ(സ്വ) പറയുന്നുണ്ട്. മക്കൾ മാതാപിതാക്കളുടെ അധ്വാനത്തിന്റെ ഫലമായതുകൊണ്ട് തന്നെ അവർ നൽകുന്ന ഭക്ഷണം കഴിക്കലും ഏറ്റവും പുണ്യമുള്ളതാണ്.

കുടുംബങ്ങൾക്കുവേണ്ടി പണം ചെലവഴിക്കുന്നവർക്ക് ദാനത്തിന്റെ പുണ്യമുണ്ടെന്ന് ബുഖാരി ഉദ്ധരിക്കുന്ന ഹദീസിൽ പറയുന്നുണ്ട്. ഇതിന്റെ വ്യാഖ്യാനത്തിൽ ഇബ്നു ഹജർ അസ്ഖലാനി(റ) എഴുതി: മുലഹ്ഹബ് എന്നവർ പറഞ്ഞു: കുടുംബങ്ങൾക്ക് ചെലവിന് കൊടുക്കൽ നിർബന്ധമാണെന്നത് പണ്ഡിതർക്കിടയിൽ അവതർക്കിതമായ വിഷയമാണ്. കുടുംബങ്ങൾക്കുവേണ്ടി ചെലവഴിക്കുമ്പോൾ കൂലി കിട്ടില്ലെന്ന ഭയപ്പാട് ഒഴിവാക്കാൻ വേണ്ടിയാണ് ഇവിടെ സ്വദഖ- ദാനം എന്നു പ്രയോഗിച്ചത് (ഫത്ഹുൽ ബാരി). കുടുംബത്തിനുവേണ്ടി ചെലവഴിക്കുമ്പോൾ രണ്ടുപ്രതിഫലം നമുക്ക് ലഭിക്കും. കുടുംബബന്ധം ചേർക്കുന്നതിന്റെയും ദാനം നൽകുന്നതിന്റെയും.
മക്കൾക്കും മാതാപിതാക്കൾക്കും ചെലവുകൊടുക്കൽ നിർബന്ധമാകാൻ രണ്ട് നിബന്ധനകളുണ്ട്. ഒന്ന്, തന്റെയും തന്റെ ആശ്രിതരായിട്ടുള്ള ഭാര്യമാരുടെയും ഒരു ദിവസത്തെ ഭക്ഷണവും മറ്റു ചെലവുകളും കഴിച്ച് പണം ബാക്കിയുണ്ടാവണം (തുഹ്ഫ). ഇതിൽ ഏറ്റവും കൂടുതൽ പണം ഉപയോഗിക്കപ്പെടുന്നത് ഭക്ഷണത്തിനുവേണ്ടിയാണെന്ന് ജർമൻ സാമ്പത്തിക വിദഗ്ദനായ ഏർനെസ്റ്റ് എങ്കെൽ തന്റെ ഉപഭോഗ സിദ്ധാന്തത്തിൽ പറയുന്നുണ്ട്.

അനിവാര്യമായ ചെലവിനു വേണ്ടിയുള്ള പണം കണ്ടെത്താൻ നിർബന്ധമായും ജോലിക്കുപോകണമെന്ന് ഇമാം നവവി(റ) മിൻഹാജിൽ പറയുന്നുണ്ട്. ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഒരു ഹദീസിൽ റസൂൽ(സ്വ) പറയുന്നുണ്ട്: “ഭക്ഷണം കണ്ടെത്താൻ സാധിക്കുന്ന ഒരു ജോലി കിട്ടിയിട്ട് അതൊഴിവാക്കുന്നത് കുറ്റമാണ്.’ മാതാപിതാക്കൾക്കും മക്കൾക്കും വേണ്ടി കൈവശമുള്ള സമ്പത്ത് വിൽക്കൽ നിർബന്ധമാണെന്നും ഇമാം നവവി(റ) പറയുന്നുണ്ട്.

നാം ചെലവ് കൊടുക്കുന്ന വ്യക്തി, മക്കളായാലും മാതാപിതാക്കളായാലും, ദരിദ്രനായിരിക്കണമെന്നതാണ് രണ്ടാമത്തെ നിബന്ധന. പ്രായമായ കാരണത്താലോ, ഭ്രാന്ത്- തുടങ്ങിയ രോഗം കാരണമോ, ജോലി ചെയ്യാൻ കഴിയാതെ പോയ മക്കളെയും മാതാപിതാക്കളെയുമാണ് ഇവിടെ ഉദ്ദേശിച്ചത്. രോഗവും അന്ധതയും മറ്റു ശാരീരിക ശേഷിയില്ലായ്മയുമൊക്കെ ജോലിയില്ലാത്തതിനുള്ള കാരണങ്ങളായി ഗണിക്കപ്പെടും. ഒരാൾക്ക് യോജിക്കാത്തതും ഇസ്‌ലാം വിലക്കിയതുമായ തൊഴിലവസരമാണ് ഒരാൾക്കുള്ളതെങ്കിൽ അത് ജോലിയില്ലാത്തതിന് സമമാണ് (തുഹ്ഫ). മതപഠനത്തിൽ മുഴുകിയ കാരണത്താൽ ജോലി ചെയ്യാൻ കഴിയാതെ പോയ വലിയ കുട്ടിയുടെ ചെലവും മാതാപിതാക്കൾ എടുക്കണമെന്ന് ഇമാം അസ്റഇ (റ) അഭിപ്രായപ്പെടുന്നുണ്ട്.
ജോലിക്കുള്ള കഴിവുണ്ടായിട്ടും മാതാപിതാക്കൾ ജോലി ചെയ്യാതിരിക്കുകയാണെങ്കിൽ, ഇമാം നവവി(റ) പറഞ്ഞതുപ്രകാരം, ചെലവുകൊടുക്കൽ നിർബന്ധമാണ്. പ്രായം ചെന്ന മാതാപിതാക്കളെ ജോലി ചെയ്യാൻ നിർബന്ധിപ്പിക്കുന്നത് മോശം ഏർപ്പാടായതുകൊണ്ടാകും ഈ അഭിപ്രായം പ്രബലമായി വന്നത് (മുഗ്്നി). എന്നാൽ ശാഫി മദ്ഹബിൽ തന്നെ മക്കളുടെ വിഷയത്തിലും, അവർക്കു ജോലി ചെയ്യാൻ കഴിവുണ്ടായാൽ പോലും, ദരിദ്രരാണെങ്കിൽ കൈയിലുള്ള പണം നൽകണമെന്ന് അഭിപ്രായമുണ്ട്. മിച്ചമായി നമ്മുടെ കൈയിൽ പണമുണ്ടായിരിക്കേ മക്കളെ ജോലിക്ക് നിർബന്ധിക്കുന്നത് എന്തിനാണെന്ന ചിന്തയാണ് ഈ അഭിപ്രായത്തിലേക്ക് നയിച്ചത്. ഇതിനർഥം ജോലി ചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തി എന്നല്ല. മറിച്ച്, നമ്മുടെ ഭാഗത്ത് നിന്നുണ്ടാകേണ്ട കുടുംബസ്നേഹത്തെയാണ് ഓർമപ്പെടുത്തുന്നത്.

പിതാവിനാണ് മക്കളുടെ ചെലവ് നിർബന്ധമാകുന്നത്. അത് ചെറിയ കുട്ടിയാണെങ്കിലും ജോലിക്ക് കഴിവില്ലാത്ത വലിയ കുട്ടിയാണെങ്കിലും. ഉപ്പയുടെ കൈയിൽ പണമില്ലാതിരിക്കുകയോ ഉപ്പ മരണപ്പെടുകയോ ചെയ്താൽ ഉമ്മയാണ് മക്കളുടെ ചെലവ് വഹിക്കേണ്ടത്, അത് നിർബന്ധമാണ്. ഉമ്മക്കും സാധിച്ചില്ലെങ്കിലാണ് വലിയുപ്പക്ക് ബാധ്യത വരുന്നത്(തുഹ്ഫ). ഒരാൾക്ക് കഴിവുള്ള മാതാപിതാക്കളും മക്കളും ഉണ്ട്. അയാൾ അശക്തനും ദരിദ്രനുമാണ്. എങ്കിൽ അയാളുടെ ചെലവ് ഏറ്റെടുക്കാൻ ഏറ്റവും കൂടുതൽ ബാധ്യതയുള്ളത് മക്കൾക്കാണ്. മാതാപിതാക്കളോടുള്ള ബാധ്യത അത്രയും വലുതായത് കൊണ്ടാണ് ഇങ്ങനെയൊരു നിയമം ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്.

റസൂൽ(സ്വ) മക്കയിലാണ് ജനിച്ചതെന്നും മദീനത്താണ് വിയോഗമുണ്ടായതെന്നും മക്കളെ പഠിപ്പിക്കേണ്ടത് മാതാപിതാക്കളുടെ പ്രഥമ കടമയാണ്. ഇതോടൊപ്പം ശരീഅത്തിൽ പ്രകടമായ നിയമങ്ങളെല്ലാം പഠിപ്പിക്കണം, നിർബന്ധമാണ്. മക്കൾ പ്രായപൂർത്തിയെത്തി വിവേകം നേടുമ്പോൾ മാത്രമേ രക്ഷിതാക്കളിൽ നിന്ന് ഈ നിർബന്ധ ബാധ്യത ഒഴിവാകുകയുള്ളൂ. ഈ പഠനത്തിനുള്ള ചെലവ് കുട്ടിയുടെ സമ്പത്തിൽ നിന്നാണെടുക്കേണ്ടത്. കുട്ടിക്ക് സമ്പത്തില്ലെങ്കിൽ ഉപ്പയുടെ കൈയിൽ നിന്നെടുക്കണം. ഉപ്പയുടെ അടുത്തില്ലെങ്കിൽ ഉമ്മയുടെ അടുത്ത് നിന്നെടുക്കണം (ഫത്ഹുൽ മുഈൻ). കുട്ടി പ്രായപൂർത്തി എത്തിക്കഴിഞ്ഞാൽ, തനിക്കുവേണ്ടി ചെലവഴിച്ച തുക രക്ഷിതാക്കൾക്ക് തിരികെ നൽകണമെന്ന സൂചന മുകളിൽ പറഞ്ഞ ക്രമത്തിലുണ്ടെന്ന് സയ്യിദുൽ ബക്്രി ഫത്ഹുൽ മുഈന്റെ വ്യാഖ്യാനമായ ഇആനത്തിൽ പറയുന്നുണ്ട്.

ഓരോരുത്തർക്കും യോജിച്ച ഭക്ഷണവും വസ്ത്രവുമാണ് നൽകേണ്ടത്. ചെലവിന്റെ പരിധിയിൽ രോഗശുശ്രൂഷക്ക് വേണ്ടിയുള്ള മരുന്നും ഡോക്ടറുടെ കൂലിയും ഉൾപ്പെടുമെന്ന് ഇമാം ഇബ്നു ഹജർ(റ) തുഹ്ഫയിൽ പറയുന്നുണ്ട്. ജീവിക്കാൻ അത്യാവശ്യമായ കാര്യങ്ങളൊക്കെ ലഭ്യമാക്കി കൊടുക്കണമെന്ന് ചുരുക്കം.
ധനപരമായി ലാഭവും ജീവിതത്തിൽ സന്തോഷവും ലഭിക്കണമെങ്കിൽ ഈ നിർബന്ധ ബാധ്യതകൾ മനസിലാക്കി ഫാമിലി ബജറ്റ് തയാറാക്കണം. പണം സന്തോഷത്തിനുള്ളതാണ്. ആ സന്തോഷം നമ്മുടെ വീടകങ്ങളിൽ പൂത്തുലയട്ടേ…

(തുടരും)

സി എം ശഫീഖ് നൂറാനി അസ്സഖാഫി

You must be logged in to post a comment Login