പീഡിപ്പിക്കുന്നവരെ എന്തു ചെയ്യണം എന്ന ചോദ്യം ഒളിച്ചോട്ടമാണ്. പീഡിപ്പിക്കപ്പെടാതിരിക്കാന്‍ നാമൊക്കെ എങ്ങനെ മാറണം എന്നു ചോദിക്കുന്നതാണ് ധീരത. ലിംഗം ഛേദിച്ചാല്‍ നാട് വൃത്തിയാവുമെന്ന് പറയുന്നത് മുതലാളിത്തത്തിന്റെ കൈകഴുകലാണ്. നാടാകെ മദ്യമൊഴുക്കിക്കൊണ്ടുള്ള ഒരു സമ്പദ്വ്യവസ്ഥ നിലനില്‍ക്കുന്നത് കൊണ്ടാണ് മുത്തച്ഛന്‍ പോലും കൊച്ചുമകളെയും തിരഞ്ഞ് നാവ് നീട്ടി നടക്കുന്ന ദുരവസ്ഥയുണ്ടാവുന്നത്.
ശാഹിദ്
ഇന്ത്യാ മഹാരാജ്യം 2012 ആണ്ടിന് തിരശ്ശീലയിട്ടത് കൂട്ട നിലവിളിയോടെയാണ്. സാമ്പത്തികമായി കുതിച്ചുചാടുന്ന ഇന്ത്യയുടെ ഉന്മാദാത്മകമായ ചുവടുവെപ്പുകള്‍ കണ്ട് അമ്പരന്നു നില്‍ക്കുകയായിരുന്ന ലോകം ആ നിലവിളി കേട്ട് ചോദിച്ചുപോയി; ഇത്രക്കും ദയനീയമാണോ നൂറ്റിയിരുപത് കോടി ജനം ജീവിക്കുന്ന ഒരു നാടിന്റെ അവസ്ഥ? ഇക്കഴിഞ്ഞ ഡിസംബര്‍ 16ന് ഓടുന്ന ബസില്‍ ആറ് കശ്മല•ാര്‍ പിച്ചിച്ചീന്തി നടുറോഡിലേക്ക് വലിച്ചെറിഞ്ഞ യുവതി വര്‍ഷാന്ത്യത്തില്‍ സിങ്കപ്പൂരിലെ ആശുപത്രിയില്‍ അന്ത്യശ്വാസം വലിച്ചപ്പോള്‍ ഒന്നിച്ചിരുന്നു വിലപിക്കുകയോ ആരോടെന്നില്ലാതെ ധര്‍മരോഷം കൊള്ളുകയോ മാത്രമേ നമ്മുടെ മുന്നില്‍ വഴിയുണ്ടായിരുന്നുള്ളൂ.
ആ ചടങ്ങും കൂടി കഴിഞ്ഞതോടെ ഇപ്പോള്‍ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും ശബ്ദ കോലാഹലമാണ്. ബലാല്‍സംഗത്തിന് എന്തു ശിക്ഷ നല്‍കണം എന്നതിനെക്കുറിച്ചാണ് നാടെങ്ങും വാദപ്രതിവാദങ്ങള്‍ നടക്കുന്നത്. ഇതാദ്യമായാണ് രാജ്യത്ത് ബലാല്‍സംഗവും സ്ത്രീ പീഡനവും അരങ്ങേറുന്നത് എന്നു തോന്നും ചര്‍ച്ചകളുടെ ഗതി സൂക്ഷ്മമായി നിരീക്ഷിച്ചാല്‍. ഡല്‍ഹിയില്‍ സംഭവിച്ചതു പോലെ മനുഷ്യമൃഗങ്ങള്‍ സ്ത്രീകളുടെ ഉടലുകള്‍ കീഴ്പ്പെടുത്താന്‍ ഏതറ്റം വരെയും പോകുമെന്നും അതുകൊണ്ട് ബലാല്‍സംഗക്കാരന് വധശിക്ഷ വേണമെന്നും ബിജെപി നേതാവ് സുഷമ സ്വരാജും തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ ഇവര്‍ ശരീഅത്തിന്റെ പക്ഷത്താണ് എന്നു വേണമെങ്കില്‍ പറയാം. സ്ത്രീകളെ ഏത് അവയവം കൊണ്ടാണോ മാനഭംഗപ്പെടുത്തിയത് ആ അവയവം ഛേദിച്ചുകളയണമെന്ന് ചിലര്‍ വാദിക്കുന്നു. അതല്ല, വരിയുടച്ച് (ഇമൃമശീിേ) ഇത്തരം തെമ്മാടികളുടെ പൌരുഷം നിര്‍വീര്യമാക്കണമെന്നാണ് മറ്റൊരു കൂട്ടര്‍. ഏതായാലും സ്വന്തമായി കാഴ്ചപ്പാടില്ലാത്ത കേന്ദ്രസര്‍ക്കാര്‍ ഇവ്വിഷയകമായി സംസ്ഥാന സര്‍ക്കാറുകളുടെ അഭിപ്രായം ആരാഞ്ഞിരിക്കയാണ്.
ജനാധിപത്യം എന്നത് ഒരു തരം ബഹളമാണെന്ന് മുമ്പ് ഒരു ബുദ്ധിമാന്‍ പറഞ്ഞിട്ടുണ്ട്. ആ ബഹളമാണ് ഇരുപത്തിമൂന്നുകാരിയായ ഹതഭാഗ്യയുടെ നിലവിളികള്‍ രാജ്യം കൊണ്ടാടുന്നത്. ഇന്ത്യയില്‍ ഓരോ ഇരുപത് മിനുട്ടിലും ഓരോ ബലാല്‍സംഗം നടക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ പോലും പറയുന്നത്. എന്നിട്ടും ആ ഭാഗത്തേക്ക് ചെവി കൊടുക്കാതിരുന്ന രാഷ്ട്രീയ ഭരണ വര്‍ഗത്തിന് ഡല്‍ഹിയില്‍ നടന്നതു പോലുള്ള ഒരു നിഷ്ഠൂരത തന്നെ വേണ്ടി വന്നു സ്ത്രീ പീഡകരെ ശിക്ഷിക്കണം എന്ന വിചാരമുണ്ടാവാന്‍. എന്നാല്‍ ബലാല്‍സംഗത്തിന് കൊടും ശിക്ഷ നല്‍കണമെന്നും അവന്റെ ലിംഗം മുറിച്ചുകളയണമെന്നുമൊക്കെ വാദിക്കുന്നവരൊന്നും തന്നെ എന്തുകൊണ്ടാണ് ബലാല്‍സംഗങ്ങള്‍ ഇന്ത്യന്‍ ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നതെന്നോ ആ കുറ്റകൃത്യം എങ്ങനെ കുറച്ചുവരാമെന്നോ ചോദിക്കുന്നു പോലുമില്ല. കാരണം ആരു വിചാരിച്ചാലും തടയാന്‍ പറ്റാത്ത വിധം സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയിട്ടുണ്ട് എന്ന് എല്ലാവര്‍ക്കുമറിയാം. എന്തു കൊണ്ട് ഇതു സംഭവിച്ചു എന്ന് ആരും ആലോചിക്കാന്‍ ധൈര്യപ്പെടുന്നില്ല എന്നതില്‍ നിന്നു തന്നെ സമൂഹം മൊത്തം പാപത്തില്‍ പങ്കാളികളാണെന്ന് തെളിയുന്നു. മുസ്ലിം സമൂഹത്തിലെ സ്ത്രീകള്‍ ശരീഅത്തിന്റെ മറവില്‍ ചൂഷണം ചെയ്യപ്പെടുന്നതിനെ ചൊല്ലി ഒരുപാട് കണ്ണീര്‍ പൊഴിച്ച നാടാണ് നമ്മുടേത്. ഷാബാനു ബീഗം കേസിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം വിാഹമോചിതകള്‍ക്കു വേണ്ടി പാര്‍ലമെന്റിനകത്തും പുറത്തും വാദപ്രതിവാദങ്ങള്‍ നടത്തി അന്തരീക്ഷം പ്രക്ഷുബ്ധമാക്കിയ ഒരു കാലഘട്ടത്തെ ശരീഅത്ത് വിവാദ കാലം എന്ന വിശേഷണത്തില്‍ ഒതുക്കി പ്രശ്നത്തിന്റെ മര്‍മം മനഃപൂര്‍വം വിസ്മരിക്കാന്‍ ശ്രമിക്കുകയായിരുന്നില്ലേ നമ്മള്‍? ഇന്ത്യനവസ്ഥയുടെ ബലിയാടുകളായി ദിനേന ആയിരക്കണക്കിന് സ്ത്രീജ•ങ്ങള്‍ വീടകങ്ങളിലും തെരുവുകളിലും ജോലി സ്ഥലത്തും തീവണ്ടിയിലും ബസുകളിലും റിക്ഷകളിലും ഫ്ളാറ്റുകളിലും മൈതാനമധ്യത്തിലും, എന്തിന് നിയമനിര്‍മാണ സഭകളില്‍ പോലും അവമതിക്കപ്പെടുകയും ബലാല്‍ക്കാരങ്ങള്‍ക്ക് ഇരയാക്കപ്പെടുകയും ചെയ്യുമ്പോള്‍ ഏതു നിയമത്തിന്റെ കരാളതയെക്കുറിച്ചാണ് നമുക്ക് വിലപിക്കാനുള്ളത്? ഏത് മതത്തിന്റെ ദൌര്‍ബല്യമാണ് നമുക്ക് എടുത്തു കാട്ടാനുള്ളത്? ദല്‍ഹി ദുരന്തത്തിന് ആരും പറയാത്ത ഒരു മാനമുണ്ട്. രണ്ടു വര്‍ഗത്തില്‍പെട്ടവരാണ് ഇരകളും പ്രതികളും. മധ്യവര്‍ഗ കുടുംബത്തില്‍ നിന്നുള്ള യുവതിയും യുവാവുമാണ് ബസില്‍ അക്രമിക്കപ്പെട്ടത്; അക്രമികളാവട്ടെ, സമൂഹത്തിന്റെ താഴേ തട്ടിലുള്ള തൊഴിലാളികളും. ഈ വര്‍ഗവ്യത്യാസം പ്രതിഷേധക്കാരുടെ പ്രതികരണങ്ങളില്‍ പ്രകടമാണെന്ന് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയി തുറന്നടിച്ചത് ചാനല്‍ ഫോര്‍ അഭിമുഖത്തില്‍ നാം കണ്ടു. അരുന്ധതി കയ്പേറിയ ഒരു ദുഃഖസത്യം ലോകത്തോട് വിളിച്ചു പറഞ്ഞു. കശ്മീരിലും ഗുജറാത്തിലും മണിപ്പൂരിലുമൊക്കെ നൂറുകണക്കിന് പെണ്‍കുട്ടികള്‍ പട്ടാളത്തിന്റെയും പോലീസിന്റെയും ബലാല്‍സംഗങ്ങള്‍ക്ക് ഇരയായപ്പോള്‍ നിശ്ശബ്ദരായി നിന്നവരാണ് ഇപ്പോള്‍ ഇന്ദ്രപ്രസ്ഥത്തിന്റെ തെരുവുകളില്‍ സ്ത്രീവര്‍ഗത്തിനു വേണ്ടി തൊണ്ട പൊട്ടി മുദ്രാവാക്യം വിളിക്കുന്നത്. ഇത് കാപട്യവും ഇരട്ടത്താപ്പുമാണ്. പ്രതികരണങ്ങളില്‍ മാത്രമല്ല കാഴ്ചപ്പാടിലും കര്‍മ്മത്തിലും നാം ഇതുവരെ കാണിച്ച കാപട്യവും ഇരട്ടത്താപ്പുമാണ് ആര്‍ഷഭാരതം സ്ത്രീ ജനത്തിന് ജീവിക്കാന്‍ കൊള്ളാത്ത ഇടമാക്കി മാറ്റിയത്. സ്ത്രീശാക്തീകരണത്തെക്കുറിച്ച് പെരുത്തും വാചാടോപങ്ങള്‍ കേട്ട നാടാണ് നമ്മുടേത്. എന്നാല്‍ എന്താണ് ശാക്തീകരണം കൊണ്ട് ഉദ്ദേശിച്ചതെന്ന് ആരും തുറന്നു പറഞ്ഞില്ല.
പെണ്‍കുഞ്ഞ് ജനിച്ചു വീണത് മുതല്‍ ലാളനയും സുരക്ഷയും സംരക്ഷണവും നല്‍കുന്ന കുലീനവും അന്തസ്സാര്‍ന്നതുമായ ഒരു കുടുംബ വ്യവസ്ഥിതി ഉണ്ടായിരുന്നു ഒരു കാലത്ത് നമ്മുടെ നാട്ടില്‍. കൂട്ടുകുടുംബ വ്യവസ്ഥ ഓരോ പെണ്‍കുഞ്ഞിനും ഓരോ പ്രായത്തിലും തണലും തലോടലും നല്‍കിയിരുന്നു. മകളായി, പെങ്ങളായി, പത്നിയായി, അമ്മയായി, അമ്മൂമ്മയായി സ്നേഹലാളനയും പരിഗണനയും പെരുത്തും ഏറ്റുവാങ്ങിയ സ്ത്രീ ജ•ങ്ങളായിരുന്നു കഴിഞ്ഞു പോയത്.
എന്നാല്‍ ആഗോളീകരണത്തിന്റെ വരവ് ആദ്യമായി വാണിജ്യവത്കരിച്ചത് സ്ത്രീയുടെ ഉടലുകളാണ്. വീടകങ്ങളില്‍ സമാധാനമായി ഒതുങ്ങിക്കഴിഞ്ഞ സ്ത്രീജനത്തെ എല്ലാവിധ ചൂഷണങ്ങള്‍ക്കുമായി ചന്തപ്പറമ്പിലിറക്കിയതാണ് ഉദാരീകരണത്തിന്റെ ഏറ്റവും വലിയ സംഭാവന. ദല്‍ഹി ബലാല്‍സംഗം ലോകമീഡിയ സവിസ്തരം ചര്‍ച്ച ചെയ്യുന്നതിനിടയില്‍ അല്‍ ജസീറയില്‍ ഗ്രന്ഥകാരനായ ദിനേശ് ശര്‍മ ചൂണ്ടിക്കാട്ടിയ വലിയൊരു യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ഇവിടെ ആരും പരാമര്‍ശിക്കാന്‍ ധൈര്യപ്പെട്ടില്ല. അദ്ദേഹം എഴുതുന്നു: ………. ആഗോളവത്കരണ യുദ്ധം സ്ത്രീയുടെ ശരീരത്തിലാണ് പോരാട്ടം നടത്തിയത്. പുതിയ ഇന്ത്യക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ സ്ത്രീ ശരീരമായിരുന്നു കുരുക്ഷേത്രം. ഈ പെണ്‍കുട്ടി ഏറ്റവുമൊടുവിലത്തെ ഇരയായെന്ന് മാത്രം.
ലൈംഗികതയാണ് പുതിയ ലോകസമ്പദ് വ്യവസ്ഥയുടെ അച്ചുതണ്ട്. ആഗോളീകൃത ലോകത്ത് ലൈംഗികതയുടെ വന്‍തോതിലുള്ള വാണിജ്യവത്കരണം അരങ്ങു തകര്‍ക്കുമ്പോള്‍ ക്ഷണികമായ താല്‍പര്യങ്ങളുടെ മുന്നില്‍ അതിന്റെ ഭവിഷ്യത്ത് മറക്കുകയാണ്. ലൈംഗികതയും തജ്ജന്യമായ ദുഷിപ്പുകളും ആഗോള സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യഘടകമായി മാറുമ്പോള്‍ സ്ത്രീകളുടെ മേലുള്ള അതിക്രമങ്ങള്‍ താനേ പെരുകുന്നു. അങ്ങനെ പെരുകിയ കണക്കുകളാണ് വികസിത രാജ്യങ്ങളില്‍ നിന്ന് നമ്മെ തേടിയെടുത്തുന്നത്. ഏറ്റവും കൂടുതല്‍ ബലാല്‍സംഗങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍, ആസ്ട്രേലിയ എന്നീ പടിഞ്ഞാറന്‍ ശക്തികള്‍ മുന്നിട്ടു നില്‍ക്കുന്നു. അമേരിക്കയില്‍ ഓരോ മണിക്കൂറിലും 78 ബലാല്‍സംഗങ്ങള്‍ നടക്കുന്നുണ്ട്. ഒരു ദിവസം 1871 സംഭവങ്ങള്‍. പ്രതിവര്‍ഷം 90000. അമേരിക്കയെ എല്ലാ രംഗങ്ങളിലും അനുധാവനം ചെയ്യാന്‍ മത്സരിക്കുന്ന ഇന്ത്യ ഇക്കാര്യത്തിലും ‘വന്‍ പുരോഗതി’ കൈവരിക്കുന്നതിന്റെ കുതൂഹലമാണ് ബലാല്‍സംഗങ്ങളുടെ ഇന്നത്തെ വേലിയേറ്റം. ദല്‍ഹി പെണ്‍കുട്ടിയുടെ ദുരവസ്ഥ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനു ശേഷം ക്രൂരമായ എത്രയെത്ര സ്ത്രീ പീഢനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു! ഇത് ചെറിയൊരു രോഗലക്ഷണമല്ല. രോഗാതുരമായ ഒരു സമൂഹത്തിന്റെ കുതറിയോട്ടമാണ്. കാമാര്‍ത്തരായ ഒരു ജനത, ജാതിമതദേശഭാഷാ വ്യത്യാസമില്ലാതെ സ്ത്രീ ഉടലുകളെ കടിച്ചുകീറാന്‍ ഒരുങ്ങിപ്പുറപ്പെട്ടിരിക്കയാണ്. ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ ആറുപേര്‍ കൂടി ഒരു യുവതിയെ പിച്ചിച്ചീന്തിയത് കൊണ്ടും വര്‍ഷാന്ത്യത്തില്‍ കാര്യമായ മറ്റു സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇല്ലാതിരുന്നതു കൊണ്ടും വിഷയം രാജ്യമാകെ നിറഞ്ഞു നില്‍ക്കുകയും നീതിയുടെയും നെറിയുടെയും മനുഷ്യത്വത്തിന്റെയും ശബ്ദം ഒന്നിച്ചുയരുകയും ചെയ്തു. മാറ്റം അനിവാര്യമാണെന്ന് പറയുന്ന ഒരു രാജ്യം എങ്ങനെയുള്ള മാറ്റം എന്ന് നിശ്ചയിച്ചുറപ്പിക്കാത്തതിന്റെ ഭവിഷ്യത്താണിത്. ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് പടിഞ്ഞാറന്‍ സമൂഹത്തിന്റെ ധാര്‍മിക പരിധിയോ കര്‍ക്കശ നിയമമോ സ്ത്രീ പുരുഷ തുല്യതയോ ഒന്നുമില്ലാത്ത ഒരു വൈകൃത രൂപത്തെയാണെന്നാണ് പ്രശസ്ത സൈക്കോ അനാലിസ്റ് സുധീര്‍ കാക്കര്‍ പറയുന്നത്.
കിഴക്കിന്റെ കുടുംബ, സദാചാര മൂല്യങ്ങളെ കൈവെടിഞ്ഞ് പടിഞ്ഞാറിനെ അനുഗമിക്കാന്‍ ശ്രമിച്ചാല്‍ എത്ര കര്‍ക്കശ നിയമമുണ്ടാക്കിയിട്ടും കാര്യമില്ലെന്ന് വികസിത, പരിഷ്കൃത രാജ്യങ്ങളുടെ സ്ത്രീ അനുഭവങ്ങള്‍ നമ്മുടെ നാട്ടില്‍ പാഠമായുണ്ട്. അതുകൊണ്ടാണല്ലോ ലൈംഗികാതിക്രമങ്ങളില്‍ അമേരിക്കയും ഫ്രാന്‍സുമൊക്കെ ലോകത്തെ മറ്റു രാജ്യങ്ങളെ പിന്തള്ളുന്നത്. മുതലാളിത്ത മൂല്യങ്ങളെ വില കല്‍പിക്കുന്ന ഒരു സമൂഹത്തില്‍ നീതിന്യായ സംവിധാനം പോലും ഒരിക്കലും സ്ത്രീകളുടെ രക്ഷക്ക് എത്തിയില്ല എന്ന അടിസ്ഥാന സത്യം മറന്നാണ് വധശിക്ഷയെയും ലിംഗ വിഛേദത്തെയും കുറിച്ചൊക്കെ ചിലര്‍ വാചാലമാവുന്നത്. കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ ആഗോളതലത്തില്‍ തന്നെ ജുഡീഷ്യറി അമ്പേ പരാജയമാണ്. പുതിയ ലോകക്രമത്തില്‍ ജുഡീഷ്യറിയുടെ മുഖ്യദൌത്യം സമ്പന്നരുടെ താല്‍പര്യ സംരക്ഷണമാണെന്നിരിക്കെ പാവപ്പെട്ട ഇരകള്‍ക്ക് എവിടെനിന്ന് നീതി കിട്ടാനാണ്? വ്യഭിചാരവും അശ്ളീലതയും ആഗോളീകൃത ലോകത്തില്‍ കുറ്റകൃത്യം തന്നെ അല്ല എന്നു വരുമ്പോള്‍ അതിന്റെ മറ്റൊരു രൂപമായ സ്ത്രീഭര്‍ത്സനവും പീഡനങ്ങളുമൊക്കെ എങ്ങനെയാണ് ഗൌരവമുള്ള കുറ്റകൃത്യമായി പരിഗണിക്കപ്പെടുക? ഇതിനെല്ലാമുപരി നിയമനിര്‍മാണം നടത്തേണ്ട, നിയമപാലനം ഉറപ്പാക്കേണ്ട രാഷ്ട്രീയ ഭരണ വര്‍ഗത്തിന് ഇന്ത്യനവസ്ഥയില്‍ സ്ത്രീ പീഡകരെ ശിക്ഷിക്കാന്‍ എന്തര്‍ഹതയാണുള്ളത്? സ്ത്രീകളുടെ ഉടലില്‍ സ്വപ്നങ്ങള്‍ നെയ്തു കള്ളച്ചൂത് കളിക്കുന്ന സംസ്കാരശൂന്യതയുടെ പര്യായമായ ഒരു ജനുസ്സല്ലേ നിയമനിര്‍മാണ സഭകളില്‍ പോലും ആധിപത്യം ഉറപ്പിച്ചിരിക്കുന്നത്? ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെയും നാഷണല്‍ ഇലക്ഷന്‍ വാച്ചിന്റെയും ആധികാരിക റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കിയ 27 പേര്‍ ബലാല്‍സംഗക്കേസില്‍ പ്രതികളായിരുന്നു. 260 പേര്‍ സ്ത്രീകള്‍ക്കെതിരായ മറ്റു അതിക്രമങ്ങളില്‍ പങ്കാളികളായതിന്റെ പേരില്‍ കോടതി കയറിയിറങ്ങുന്നവരാണ്. നിലവില്‍ രണ്ടു പാര്‍ലമെന്റ് അംഗങ്ങളും വിവിധ സംസ്ഥാന നിയമസഭകളിലെ ആറ് എംഎല്‍എമാരും ബലാല്‍സംഗ കേസുകളില്‍ പ്രതികളാണ്; 36 പേര്‍ മറ്റു തരത്തിലുള്ള സ്ത്രീ പീഡന ക്കേസുകളിലും.
ഒരു സമൂഹം ഒന്നടങ്കം സ്ത്രീകളുടെ മാനം പിച്ചിച്ചീന്താന്‍ ഇറങ്ങിപ്പുറപ്പെടുന്ന പരിതോവസ്ഥയില്‍ ആര്‍ക്കാണ് അവരെ രക്ഷിക്കാനാവുക? സ്വന്തം വീട്ടകങ്ങള്‍ പോലും പേക്കിനാവായി മാറിയ ദുരന്തമുഖത്ത് സ്ത്രീജ•ങ്ങള്‍ ആരെ വിശ്വസിക്കും?
ന•തി•കളെക്കുറിച്ച് ബോധമുള്ള ഒരു സമൂഹ സൃഷ്ടി സാധ്യമാണോ, എങ്കില്‍ സ്ത്രീകള്‍ക്ക് സമാധാനപരമായി ഭൂമുഖത്ത് ജീവിക്കാനാവും? സമൂഹത്തിന്റെ ധാര്‍മിക ശാക്തീകരണത്തിന് എന്ത് ഉപാധികളാണ് രാജ്യത്തിന്റെ കൈവശമുള്ളത് എന്ന് എല്ലാവരും ഉറക്കെ ചോദിക്കട്ടെ. പുരുഷന്റെ ഉല്‍പാദനാവയവത്തെ ശിക്ഷിച്ചാല്‍ സ്ത്രീകള്‍ അതിക്രമങ്ങളില്‍ നിന്ന് രക്ഷപ്പെടും എന്ന് വാദിക്കുന്നത് ശുദ്ധ അസംബന്ധമാണ്. പുരുഷനെയും സ്ത്രീയെയും നന്നാക്കിയെടുക്കാന്‍ എന്തുണ്ട് മാര്‍ഗം എന്നതിനെക്കുറിച്ചാണ് ഇവിടെ സംവാദങ്ങള്‍ നടക്കേണ്ടത്. എല്ലാറ്റിനുമുപരി, തി•കളുടെ ഉറവിടമായ മദ്യത്തെയും മയക്കുമരുന്നുകളെയും കുറിച്ചുള്ള രാജ്യത്തിന്റെയും സമൂഹത്തിന്റെയും അടിസ്ഥാന കാഴ്ചപ്പാടില്‍ മാറ്റം വരുത്താന്‍ ഏതെങ്കിലും ശക്തിക്കു സാധിക്കുമോ എന്നതാണ്. ഡല്‍ഹിയിലെ കൂട്ടബലാല്‍സംഗ സംഭവത്തില്‍ പ്രതികള്‍ക്ക് ഇമ്മട്ടില്‍ ക്രൂരത കാട്ടാന്‍ ധൈര്യം പകര്‍ന്നത് മദ്യമാണ്. എല്ലാവരും മദ്യലഹരിയിലായിരുന്നുവെന്നതിന് തെളിവുകള്‍ സാക്ഷിയാണ്. അച്ഛന്‍ മകളെയും മകന്‍ പെങ്ങളെയും മാനഭംഗപ്പെടുത്തിയ സംഭവങ്ങളുടെ നിജസ്ഥിതി അന്വേഷിച്ചു ചെന്നാല്‍ മദ്യത്തിന്റെ ദുഃസ്വാധീനം എളുപ്പത്തില്‍ കണ്ടെത്താനാവും. എന്നാല്‍ മദ്യനിരോധനമോ നിയന്ത്രണമോ നമ്മുടെ ചര്‍ച്ചയില്‍ എവിടെയും കടന്നുവരുന്നില്ല. കാരണം സര്‍ക്കാറുകളുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സാണ് മദ്യവില്‍പന. സംസ്ഥാന സര്‍ക്കാറുകളാണ് ഏറ്റവും വലിയ അബ്കാരി മുതലാളിമാര്‍. മദ്യത്തില്‍ അധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥനിലനിര്‍ത്തി സദാചാര ബോധമുള്ള പുരുഷ•ാരെ സൃഷ്ടിച്ചെടുക്കാം എന്ന വിചാരം പോഴത്തമാണ്.
ഇതെല്ലാം കൊണ്ടു തന്നെ ബലാല്‍സംഗത്തിന്റെ പേരില്‍ ഇന്ന് നടക്കുന്ന ചര്‍ച്ചയുടെ മര്‍മം സമൂലമായ ധാര്‍മിക ഉണര്‍വിനു വേണ്ടിയുള്ള പരിശ്രമങ്ങളിലേക്ക് തിരിച്ചുവരികയാണ് ആദ്യമായി വേണ്ടത്. മത-സാംസ്കാരിക മേഖലകളില്‍ ഈ ദിശയില്‍ ഗൌരവതരമായ വിചിന്തനങ്ങള്‍ നടക്കുകയാണെങ്കിലേ ക്രിയാത്മകമായ വല്ല പ്രതിവിധിയും പ്രതീക്ഷിക്കാനാവൂ.
You must be logged in to post a comment Login