Sir, just as a piece of cow-dung may spoil the whole vessel of milk.ചാണകത്തിന്റെ ഈ ഉപമ വഴിയേ വിശദീകരിക്കാം.
കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തിന്റെ ഇപ്പോഴത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ശ്രദ്ധിക്കുകയായിരുന്നു. ശ്രദ്ധിക്കാന്‍ വേണ്ടി അദ്ദേഹം പലതും ചെയ്യുകയും പറയുകയും ചെയ്യുന്നുണ്ടായിരുന്നു എന്നും വായിക്കാം. ചുമതലയേറ്റതുമുതല്‍ അദ്ദേഹം നടത്തിയ ഇടച്ചിലുകളും പിടച്ചിലുകളും വിശദീകരണമില്ലാതുള്ള കീഴ്‌പ്പെടലുകളുമെല്ലാം നാം കണ്ടതാണ്. സമീപകാലത്ത് അദ്ദേഹം സ്ത്രീധനത്തിനെതിരെ പോരാട്ടത്തിനിറങ്ങിയതായും നമ്മള്‍ കണ്ടു. രാഷ്ട്രീയ സംഘര്‍ഷങ്ങളെ സംബന്ധിച്ചും കൊലപാതകങ്ങളെ സംബന്ധിച്ചും അഭിപ്രായങ്ങള്‍ പറഞ്ഞതും കേട്ടു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ആരിഫ് ഖാന്‍ സര്‍ക്കാരിനെതിരെ യുദ്ധവും പ്രഖ്യാപിച്ചു. കഴിഞ്ഞില്ല, രാഷ്ട്രപതിയുടെ കേരള സന്ദര്‍ശന വേളയില്‍ ഡി. ലിറ്റ് വിവാദത്തിന് തിരികൊളുത്തി. കേരള സര്‍വകലാശാലാ വൈസ് ചാന്‍സലറെ വിളിച്ചു വരുത്തി കത്ത് എഴുതി വാങ്ങി. ആ കത്തിലെ അക്ഷരപ്പിശകും ശൈലീരാഹിത്യവും ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ പൊതുവേദിയില്‍ ലജ്ജിക്കുന്നതും കണ്ടു. ഇതിനിടെ ചാന്‍സലറാവാന്‍ താനില്ല എന്ന്, ഞാന്‍ ചാന്‍സലറല്ല എന്ന് നാല്‍പതുവട്ടം എങ്കിലും പ്രസ്താവിക്കുകയും ചെയ്തു. മൊത്തത്തില്‍ ഗവര്‍ണര്‍ നിത്യവും വാര്‍ത്തകളിലുണ്ട്. മുഖ്യമന്ത്രി-ഗവര്‍ണര്‍ ദ്വന്ദം മാധ്യമങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്തു. കെ സുരേന്ദ്രന്‍-വി മുരളീധരനാദികളുടെ സംഘപരിവാര്‍, ഗവര്‍ണറാണ് അവരുടെ മുഖ്യമന്ത്രി എന്ന മട്ടില്‍ പ്രവര്‍ത്തിച്ചും പോരുന്നു. ഒരു സമാന്തര ഭരണകൂടം ഗവര്‍ണറിലൂടെ സജ്ജമാകുന്നു എന്ന തോന്നല്‍ ശക്തവുമാണ്. ജനങ്ങളാല്‍ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട 140 എം എല്‍ എ മാര്‍, അവരില്‍ ഭൂരിപക്ഷത്തിന്റെ വിധി നേടിയ മുഖ്യമന്ത്രി, അദ്ദേഹം തിരഞ്ഞെടുത്ത മന്ത്രിമാര്‍. ഇവരെല്ലാം ചേര്‍ന്ന ഒരു സംവിധാനവും കേന്ദ്ര സര്‍ക്കാരിനാല്‍ നിയമിക്കപ്പെടുകയും നിക്ഷേപിക്കപ്പെടുകയും ചെയ്ത ഗവര്‍ണര്‍ എന്ന വ്യക്തിയും ഇങ്ങനെ രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കാമോ? മഹാരാഷ്ട്രയില്‍ നോക്കൂ. അവിടെയും ബി ജെ പി ഇതര സര്‍ക്കാര്‍ ആണല്ലോ? സ്പീക്കര്‍ ഇലക്ഷന് ഗവര്‍ണര്‍ സമ്മതിക്കാത്ത മട്ടാണ്. നിയമപരമായി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ സ്പീക്കറെ തിരഞ്ഞെടുക്കുന്ന തീയതി താന്‍ തീരുമാനിക്കുമെന്ന് ഉത്തരവ് പ്രകാരം നിയമിക്കപ്പെട്ട സ്പീക്കര്‍. തമിഴ്‌നാട്ടില്‍ മുന്‍കാലങ്ങളില്‍ ഗവര്‍ണര്‍മാരുണ്ടാക്കിയ പുകിലുകള്‍ ഓര്‍ക്കുമ്പോഴാണ് ഈ ചോദ്യം ഉയരുന്നത്. അത്ര കേമനോ ഈ ഗവര്‍ണര്‍?
ഈ ചോദ്യം സ്വാഭാവികമാണ്. ജനാധിപത്യത്തിലെയും അതിനെ ചലിപ്പിക്കുന്ന നിയമ വ്യവസ്ഥയിലെയും അതിന്റെയെല്ലാം ആധാരശിലയായ ഭരണഘടനയിലെയും ഇത്തരം ചോദ്യങ്ങള്‍ക്ക് ആശ്രയിക്കാവുന്ന ഒരു പുസ്തകമുണ്ട്; ഭരണഘടനാ നിര്‍മാണ സഭാ സംവാദങ്ങള്‍. നിയമത്തില്‍ വ്യക്തതക്കുറവ് ഉണ്ടെങ്കില്‍, ഭരണഘടനയില്‍ അതുസംബന്ധിച്ച വ്യവസ്ഥയുടെ കാമ്പ് തിരിഞ്ഞുകിട്ടുന്നില്ലെങ്കില്‍ ആ ബൃഹദ് സമാഹാരത്തിലേക്ക് ചെല്ലാം. ഭരണഘടനയുടെ ഓരോ വാക്കും; കുത്തും കോമയും പോലും ഉരുക്കിയെടുത്തതിന്റെ ചരിത്രരേഖയാണത്. ഭരണഘടനയില്‍ എഴുതി വെച്ച വാക്കുകള്‍ എങ്ങനെ രൂപപ്പെട്ടു എന്നതിന്റെ ജീവചരിത്രം. ഏതോ കുറേ ആളുകള്‍ കൂട്ടം ചേര്‍ന്ന് ആരുടെയോ നേതൃത്വത്തില്‍, ഏതോ അധികാരികളുടെ ആജ്ഞാനുസരണം എഴുതിയുണ്ടാക്കിയതല്ല ഭരണഘടനയെന്ന് ആ ഗ്രന്ഥങ്ങള്‍ സാക്ഷ്യം പറയും. ഇന്ത്യയുടെ സാക്ഷാല്‍ പരിഛേദമാണ് ഭരണഘടനാ അസംബ്ലിയില്‍ ഉണ്ടായിരുന്നത്. ഇന്ത്യക്കാര്‍ വോട്ട് ചെയ്ത് അസംബ്ലിയിലേക്ക് പറഞ്ഞയച്ചവര്‍. ദളിതുകള്‍, ആദിവാസികള്‍, തൊഴിലാളികള്‍, ഭൂവുടമകള്‍, വ്യവസായികള്‍, നിയമജ്ഞര്‍, കലകാരന്‍മാര്‍ അങ്ങനെ ഒരു വലിയ കഷണം ഇന്ത്യ. ഓരോ വാക്കും വരിയും അവര്‍ ചര്‍ച്ച ചെയ്തു. താന്‍ പ്രതിനിധീകരിക്കുന്ന ജനതയ്ക്ക് വേണ്ടി അത് വ്യാഖ്യാനിച്ചു. അങ്ങനെയാണ് ഈ പരമാധികാര റിപ്പബ്ലിക്കിലെ ഭരണഘടന ഉണ്ടായി വന്നത്. ആ സഭയില്‍ അസമില്‍ നിന്നുള്ള പ്രതിനിധിയായിരുന്നു രോഹിണി കുമാര്‍ ചൗധരി. അദ്ദേഹത്തിന്റെ വകയാണ് തുടക്കത്തില്‍ ഉദ്ധരിച്ച ചാണകത്തിന്റെ ഉപമ. ജനാധിപത്യ ഇന്ത്യയില്‍ ഗവര്‍ണറുടെ പദവിയെന്ത് എന്ന അതിവിശാലമായി നടന്ന സംവാദത്തിലാണ് രോഹിണികുമാര്‍ ഇത് പറഞ്ഞത്. കേരളത്തിലെയും മഹാരാഷ്ട്രയിലെയും മറ്റ് ബി ജെ പി ഇതര സംസ്ഥാനങ്ങളിലെയും ഗവര്‍ണമാര്‍ നടത്തുന്ന ഇടപെടലുകളുടെ സന്ദര്‍ഭമോര്‍ക്കുമ്പോള്‍ എത്ര പ്രവചനാത്മകമായിരുന്നു രോഹിണി കുമാറിന്റെ ഉപമയെന്ന് നമുക്ക് അത്ഭുതപ്പെടാം- ഒരുതുണ്ട് ചാണകം മതി ഒരു പാത്രം പാല്‍ നശിപ്പിക്കാനെന്ന്. പാല്‍ നിശ്ചയമായും നമ്മുടെ ജനാധിപത്യമാണ്. ചാണകമാവട്ടെ അതിനെ അശ്ലീലമായി തകര്‍ക്കുന്ന ജനാധിപത്യ വിരുദ്ധ ഇടപെടലുകളും. ഗ്രന്ഥത്തിലേക്ക് പോകാം.
1949 ജൂണ്‍ രണ്ടിന്റെ അസംബ്ലിയിലാണ് ഗവര്‍ണര്‍ പദവി സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥ ചര്‍ച്ചയ്ക്ക് വന്നത്. തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് മീതെ ഒരു ഗവര്‍ണര്‍ എന്തിന് എന്ന ചോദ്യം ന്യായമായും ഉയര്‍ന്നു. നിങ്ങള്‍ക്ക് അറിയുന്നതുപോലെ പ്രത്യക്ഷത്തില്‍ ശത്രുതാപരമായ ഒരു അധികാരക്കൈമാറ്റമായിരുന്നില്ല ഇന്ത്യന്‍ സ്വാതന്ത്ര്യം. ബ്രിട്ടനെ, അവരുടെ വ്യവസ്ഥകളെ രാഷ്ട്ര ശരീരത്തില്‍ നിന്ന് സമ്പൂര്‍ണമായി തുടച്ചു നീക്കി ഒരു പുതിയ ഇന്ത്യയെ വിഭാവനം ചെയ്യലല്ല സംഭവിച്ചത്. ബ്രിട്ടന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ പുതുക്കി നിശ്ചയിക്കുകയായിരുന്നു. 1935 മുതല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുള്ള വട്ടംകൂട്ടല്‍ സജീവമായിരുന്നു. സ്വരാജ് എന്ന മുദ്രാവാക്യം അന്തരീക്ഷത്തില്‍ ശക്തമാണ്. കോളനികള്‍ക്ക് പരമാധികാരം നല്‍കുക എന്ന ആവശ്യം ലോകമാകെ പ്രബലമാവുന്നു. ഏറെ നാള്‍ കോളനി വാഴ്ച തുടരാനുള്ള പാങ്ങ് ബ്രിട്ടണ് ഇല്ല താനും. അതിന്റെ ഭാഗമായിരുന്നു 1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട്. സ്വാതന്ത്ര്യത്തിലേക്ക് സഞ്ചരിക്കുന്ന ഇന്ത്യക്കുള്ള ബ്രിട്ടന്റെ ഭരണഘടന എന്ന് ആ ആക്ടിനെ ലളിതമായി വിശേഷിപ്പിക്കാം. ഭരണഘടനാ നിര്‍മാണ സഭയ്ക്കു മുന്നില്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടിലെ വ്യവസ്ഥകള്‍ ഉണ്ടായിരുന്നു.
1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടില്‍ പരമശക്തനാണ് ഗവര്‍ണര്‍. ബ്രിട്ടീഷ് രാജാധികാരത്തിന്റെ നേരിട്ടുള്ള വക്താവ്. രാജാധികാരത്തോട് മാത്രം ബോധിപ്പിക്കേണ്ട ആള്‍. ഗവര്‍ണര്‍ ജനറല്‍ എന്ന് വിളിപ്പേര്. സൂക്ഷ്മമായി നോക്കിയാല്‍ ഇന്ത്യയെ ഒരു പാവസര്‍ക്കാരാക്കി മാറ്റാന്‍ കോപ്പുള്ളയാള്‍. ഇന്ത്യക്കാര്‍ അപരിഷ്‌കൃതരും ജാതിയടിമകളും സ്വയംഭരിക്കാന്‍ ശേഷിയില്ലാത്തവരുമാണെന്ന ബ്രിട്ടീഷ് മുന്‍വിധിയുടെ ബാക്കിപത്രമാണ് ആ പദവി. വിന്‍സ്റ്റന്റ് ചര്‍ച്ചിലിന്റെ കുപ്രസിദ്ധമായ ബാര്‍ബേറിയന്‍സ് പ്രയോഗം ഓര്‍ക്കുക. “Power will go to the hands of rascals, rogues, freebooters; all Indian leaders will be of low calibre & men of straw. They will have sweet tongues and silly hearts. They will fight amongst themselves for power and India will be lost in political squabbles’ എന്ന വാചകവും മറക്കരുത്. “a beastly people with a beastly religion’ എന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട് അക്കാലത്ത് വീരനായകനായിരുന്ന ചര്‍ച്ചില്‍. ഗാന്ധിയെക്കുറിച്ചും സമാന അഭിപ്രായമായിരുന്നല്ലോ ചര്‍ച്ചിലിന്. സാംപിള്‍ വായിക്കാം: “It is alarming and nauseating to see Mr Gandhi, a seditious Middle Temple lawyer, now posing as a fakir… striding half-naked up the steps of the Vice-regal Palace’. ഈ ചര്‍ച്ചിലിയന്‍ യുക്തി തികട്ടി നില്‍ക്കുന്ന ഒന്നാണ് 1935-ലെ ആക്ടും അതിലെ ഗവര്‍ണര്‍ പദവി സംബന്ധിച്ച വകുപ്പുകളും. രാഷ്ട്രീയ പ്രവര്‍ത്തകരും അവര്‍ക്ക് വോട്ട് ചെയ്യുന്ന ഇന്ത്യക്കാരും വിവരം കെട്ടവരും പ്രാകൃതരും മതാന്ധരുമാണ്. അവര്‍ക്ക് ഭരണം നടത്തിക്കൊണ്ടുപോകാന്‍ അറിയില്ല. അതിനാല്‍ തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാനങ്ങൾക്കു മേല്‍ കേന്ദ്രം നിശ്ചയിക്കുന്ന കൊള്ളാവുന്ന ഒരാള്‍ വേണം. ഇതാണ് ഗവര്‍ണര്‍ പദവിയുടെ സാമാന്യ യുക്തി. നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ അസംബ്ലിയില്‍ ഒരു വിഭാഗം ഈ കുയുക്തിയുടെ വിശ്വാസികള്‍ ആയിരുന്നു. അതിനാല്‍ തന്നെ ഭരണത്തെ നോക്കി നടത്താന്‍ ഒരു ഗവര്‍ണര്‍ വേണമെന്ന വാദക്കാരും. ആ ഗവര്‍ണറാകട്ടെ ഏറെക്കുറെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടിലെ ഗവര്‍ണര്‍ തന്നെ ആയിരുന്നു. അതിനെതിരെയാണ് രോഹിണികുമാറിന്റെ ചാണക ഉപമ സംഭവിച്ചത്.
ഭരണഘടനാ നിര്‍മാണ അസംബ്ലി ചര്‍ച്ച ചെയ്ത 146-ാം ആര്‍ട്ടിക്കിളാണ് ഗവര്‍ണര്‍ പദവി ചര്‍ച്ചക്കെടുത്തത്. നാലായിരത്തിലേറെ ഭേദഗതികള്‍ സഭയ്ക്ക് മുമ്പാകെ വന്നു. അഭിമാനകരവും കൗതുക ജനകവുമായ ഒട്ടേറെ സംവാദങ്ങള്‍ ഈ വിഷയത്തിലുണ്ടായി. അതിലൊന്ന് ഗവര്‍ണര്‍ പദവി സംബന്ധിച്ച മഹാരാഷ്ട്രയില്‍ നിന്നുള്ള ധിഷണാശാലിയായ എച്ച് വി കാമത്തിന്റേതായിരുന്നു. ഗവര്‍ണര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കാനുള്ള മുഖ്യമന്ത്രിയുടെ ബാധ്യത ചര്‍ച്ചക്ക് വന്നപ്പോള്‍ കാമത്തിന്റെ ഗംഭീര ഇടപെടല്‍ ഉണ്ടാകുന്നുണ്ട്. അദ്ദേഹത്തെ വായിക്കാം: “”Then, Sir, there is another aspect to clause (b) of this article, which in my humble judgment offends against the new set-up that we have accepted for the States. Under this clause, the Governor can call for any information relating to the administration of the State. This is sort of putting the cart before the horse. I think with nominated Governors in the States, it should be left to the Chief Minister or Premier of the State to decide which matter he would like to put before the Governor and which not. If he and his colleagues in their collective wisdom arrive at the opinion that a particular matter may go to the Governor, certainly they may put it up to the Governor. But the Governor has no right to call any information regarding the administration of the affairs of the State and proposals for legislation.” തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയോട് വിവരങ്ങള്‍ വിളിച്ചുവരുത്താന്‍ ഗവര്‍ണറെ അധികാരപ്പെടുത്തുന്നത് വണ്ടിക്ക് പിറകില്‍ കുതിരയെ കെട്ടുന്നതുപോലെ പിന്തിരിപ്പനാണ് എന്നായിരുന്നു കാമത്തിന്റെ സുദീര്‍ഘ വാദം.
ഇക്കാര്യത്തെ ചൊല്ലി ഡോ. പി എസ് ദേശ്മുഖുമായി കാമത്ത് നടത്തിയ വാദപ്രതിവാദവും കേള്‍ക്കേണ്ടതാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രത്യേകിച്ചും.
Mr. President, Sir, I am afraid I am not able to agree with my honourable Friend Mr. Kamath in his suggestion that the article should be omitted. If he were to pay a little more attention to the provision made by article 146, which we have just passed he will. I think, admit the wisdom of incorporating this article in the Constitution. Now under article 146 every order which is issued by the Ministry or the Cabinet or even individual Ministers will be an order which will be published and proclaimed in the name of the Governor. If article 147 is not there, there is nothing which will empower the Governor to know the various actions taken from day to day, and the orders passed and issued in his name. My Friend has said that this would refer even to routine matter. I can tell hem, Sir, that ordinary matters which are unimportant, and which are of a routine nature, I am sure, no Governor in his wisdom would lime to question, of request the Chief Minister that they should go to the Cabinet for reconsideration.
നോക്കൂ, ദേശ്മുഖിന്റെ ശുഭാപ്തി. ജ്ഞാനിയായ ഒരു ഗവര്‍ണറും മുഖ്യമന്ത്രിയോട് അത്തരത്തില്‍ പെരുമാറില്ല. അതിനാല്‍ ആര്‍ട്ടിക്കിള്‍ 146-ലെ മുഖ്യമന്ത്രിക്ക് മീതെ അധികാരം നല്‍കുന്ന വകുപ്പുകള്‍ മാറ്റേണ്ടതില്ല എന്ന്. എല്ലാ ഉത്തരവുകളും ഗവര്‍ണറുടെ നാമത്തില്‍ ഇറങ്ങുന്നതിനാല്‍ ആ വഴക്കം അങ്ങനെ തുടരട്ടെ എന്ന്. ഇങ്ങനെ ഒരു വകുപ്പ് ഉണ്ട് എന്നു കരുതി ഒരു ജ്ഞാനിയും അത് പ്രയോഗിക്കില്ല എന്ന്. ജ്ഞാനികളുടെ ഭരണം ഒരു ബ്രിട്ടീഷ് സങ്കല്‍പം ആണെന്ന് അറിയുമല്ലോ?
അതിന് കാമത്ത് നല്‍കിയ ഒറ്റവരി മറുപടി ഇങ്ങനെ ആയിരുന്നു: What is the guarantee? എന്താണുറപ്പ്?
അതിന്റെ ഉത്തരം കേള്‍ക്കൂ: “”The guarantee is the Governor’s wisdom, and the wisdom of the authority that will appoint such a……..
കാമത്ത് വീണ്ടും ചോദിക്കുന്നു: “”What is the guarantee I asked?”
അതിനുള്ള ദേശ്മുഖിന്റെ മറുപടി ഇങ്ങനെ: “”The guarantee I said is the Governor’s wisdom and the wisdom of the authority that will appoint the Governor.”
അങ്ങനെയൊന്നും ഗവര്‍ണര്‍ പെരുമാറില്ല എന്നതിന് ഗവര്‍ണറുടെ ജ്ഞാനവും ഗവര്‍ണറെ നിയമിക്കുന്നവരുടെ ജ്ഞാനവുമാണ് ഉറപ്പ് എന്ന്. ഈ സമയം നിങ്ങള്‍ക്ക് ആരിഫ് ഖാനെയും അദ്ദേഹത്തെ നിയമിച്ച കേന്ദ്ര സര്‍ക്കാരിനെയും ഓര്‍ക്കാം; എന്തൊരു ജ്ഞാനികള്‍!.
ചര്‍ച്ച കൊഴുത്തു. അവസാനമായിരുന്നു ഡ്രാഫ്റ്റിംഗ് സമിതി അധ്യക്ഷന്‍ ഡോ. ബി ആര്‍ അംബേദ്കറുടെ ഇടപെടല്‍. ആ വാക്കുകള്‍ കേള്‍ക്കാം: “”The first thing I would like the House to bear in mind is this. The Governor under the Constitution has no functions which he can discharge by himself: no functions at all. While he has no functions, he has certain duties to perform and I think the House will do well to bear in mind this distinction. This article certainly, it should be borne in mind, does not confer upon the Governor the power to overrule the Ministry on any particular matter. Even under this article, the Governor is bound to accept the advice of the Ministry.” (ഈ സഭമുമ്പാകെ ഓര്‍മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്: ഭരണഘടന പ്രകാരം ഗവര്‍ണര്‍ക്ക് സ്വയം ഒന്നും ചെയ്യാനില്ല. അതേസമയത്ത് ചില ചുമതലകള്‍ ഉണ്ട് താനും. മന്ത്രിസഭയുടെ ഉപദേശം സ്വീകരിക്കാന്‍ ഗവര്‍ണര്‍ നിയമപരമായി ബാധ്യസ്ഥനാണ് (bound). ഒരു വിഷയത്തിലും മന്ത്രിസഭയെ മറികടക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല).
അംബേദ്കറുടെ കണിശമായ നിലപാടിനിടയിലും ചില ചോദ്യങ്ങള്‍ കാമത്ത് ഉയര്‍ത്തുന്നുണ്ട്. ഇപ്പോഴത്തെ കേരള സാഹചര്യത്തില്‍ പ്രസക്തമായത്. ഇത് വായിക്കൂ: Won’t he be able to delay or obstruct……? വെച്ച് താമസിപ്പിക്കാനും തടസ്സപ്പെടുത്താനും കഴിയുമോ എന്ന്. അതിനുള്ള അംബേദ്കറുടെ മറുപടിയുടെ കാതല്‍ ഗവര്‍ണര്‍ക്ക് “നോ ഫങ്ഷന്‍സ് ബട്ട് ഡ്യൂട്ടീസ്’ എന്നതായിരുന്നു.
ജാമിഅ മില്ലിയ പ്രൊഡക്ടും സാമാന്യ ധാരണയുള്ള രാഷ്ട്രീയക്കാരനും വിവിധ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച് തഴക്കമുള്ളയാളുമായ ബി ജെ പി നേതാവായിരുന്ന ആരിഫ് ഖാന് ഇക്കാര്യങ്ങള്‍ അറിയാഞ്ഞല്ല. എന്തോ മനക്കോട്ടയുടെ പ്രേരണയാല്‍ വെറുതേ ബഹളം വെക്കുന്നു എന്നേയുള്ളൂ. ചാന്‍സലര്‍ പദവി എനിക്കു വേണ്ട എന്ന വിലാപം നോക്കൂ. എന്തൊരു ബാലിശമാണത്. ആരിഫ് ഖാനല്ല കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളുടെ ചാന്‍സലര്‍. ഗവര്‍ണര്‍ എന്ന പദവിയാണ് ചാന്‍സലര്‍. അതിനാണ് എക്‌സ് ഒഫിഷ്യോ എന്ന് പറയുന്നത്. എക്‌സ് ഒഫിഷ്യോ എന്നാല്‍ സ്ഥാനത്താല്‍ എന്നു മലയാളത്തില്‍ പറയാം. ഒരു സ്ഥാനത്തിരിക്കുന്നു എന്നതിനാല്‍ മാത്രം വന്നുചേരുന്ന പദവിക്കാണ് എക്‌സ് ഒഫിഷ്യോ എന്ന് പറയുന്നത്. ആ പദവി ഗവര്‍ണര്‍ക്ക് നിശ്ചയിച്ചത് നിയമസഭയാണ്. അങ്ങനെ നിശ്ചയിച്ചതില്‍ ഭരണഘടനാപരമായ വീഴ്ചയില്ല. ഉണ്ടെങ്കില്‍ ആരെങ്കിലും കോടതിയില്‍ പോയി അങ്ങനെ ഒരു ഉത്തരവ് സംഘടിപ്പിക്കണം. ഇവിടെ അത് ഉണ്ടായിട്ടില്ല. അതിനാല്‍ നിയമസഭയുടെ ആ തീരുമാനം ഇപ്പോഴും നിലനില്‍ക്കുന്നു. അപ്പോള്‍ പിന്നെ ചാന്‍സലര്‍ ആകേണ്ട എങ്കില്‍ ആരിഫ് ഖാന് മുമ്പിലുള്ള ഒരേ ഒരു വഴി ഗവര്‍ണര്‍ പദവി രാജിവെക്കുക എന്നതാണ്. അതിനാകട്ടെ അദ്ദേഹത്തിന് ഭരണഘടനാപരമായി അധികാരം ഉണ്ട് താനും. യഥാർത്ഥത്തില്‍ ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക് ഒറ്റ അധികാരമേ ഉള്ളൂ; തോന്നുമ്പോള്‍ രാജിവെക്കുക.
കെ കെ ജോഷി
You must be logged in to post a comment Login