വിവേചനത്തിലൂടെ വിഭജനമാണ് ലക്ഷ്യം

വിവേചനത്തിലൂടെ വിഭജനമാണ് ലക്ഷ്യം

കര്‍ണാടകയിലെ ഉഡുപ്പി ഗവ. കോളജില്‍ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് ശിരോവസ്ത്രം വിലക്കിയതും ഹരിയാനയില്‍ ഒഴിഞ്ഞ പൊതുസ്ഥലങ്ങളില്‍ ആരാധന തടഞ്ഞതും വിവേചനത്തിനെതിരെയുളള ഇന്ത്യന്‍ ഭരണഘടനാ തത്വങ്ങളെ (ആര്‍ട്ടിക്ക്ള്‍ 15) ചോദ്യം ചെയ്യുന്നു.

സമീപകാലത്ത് രാജ്യത്ത് ഉയര്‍ന്നുവന്ന രണ്ടു വിഷയങ്ങള്‍ മുസ്‌ലിംകള്‍ക്കു നേരെയുള്ള വ്യക്തമായ വിവേചനം ഉള്‍ച്ചേര്‍ന്നതാണ്. ഡല്‍ഹിയോടു ചേര്‍ന്ന ഹരിയാനയിലെ ഗുരുഗ്രാമിലെ ഒഴിഞ്ഞുകിടക്കുന്ന പൊതുസ്ഥലങ്ങളില്‍ മുസ്‌ലിംകള്‍ക്ക് പ്രാദേശിക അധികാരികള്‍ പ്രാര്‍ഥനാസൗകര്യം നിഷേധിച്ചതാണ് ആദ്യ സംഭവം. രണ്ടാമത്തെ സംഭവം കര്‍ണാടക ഉഡുപ്പിയിലെ പ്രി യൂനിവേഴ്‌സിറ്റി കോളജില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രം വിലക്കിയതാണ്. ശിരോവസ്ത്രം ധരിച്ച പെണ്‍കുട്ടികളെ ഉഡുപ്പി സര്‍ക്കാര്‍ കോളജില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് വിഷയം വിവാദമാവുകയായിരുന്നു. വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയും വിഷയം തെരുവിലേക്കു നീങ്ങുകയും ചെയ്തിരിക്കുന്നു. ഹരിയാനയും കര്‍ണാടകയും ഭാരതീയ ജനതാ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്.
രണ്ടു വ്യത്യസ്ത വിഷയങ്ങളെ ചുറ്റിപ്പറ്റി ഉയര്‍ന്നുകൊണ്ടിരിക്കുന്ന വിവാദങ്ങളും സംവാദങ്ങളും, എങ്ങനെയാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രവുമായി ബി ജെ പി മുസ്‌ലിംകളെ ഉന്നംവയ്ക്കുന്നത് എന്നതിന്റെ പ്രവചനാത്മകമായ രീതിയാണ്. മുസ്‌ലിംകള്‍ക്കു നേരെയും അവരുടെ ആചാരരീതികളോടും ബി ജെ പിയും അവരെ പിന്തുണയ്ക്കുന്നവരും വിദ്വേഷം പ്രകടിപ്പിക്കുന്നു എന്നതിനാല്‍ ഇത് പുറമേക്ക് സത്യമെന്നു കരുതാവുന്ന വാദമാണ്. മതനിരപേക്ഷതയെ അനുകൂലിക്കുന്ന ബി ജെ പിയുടെ വിമര്‍ശകര്‍, അവരുടെ വര്‍ഗീയ അജണ്ടകളെ ചുറ്റിപ്പറ്റിയാണ് ബി ജെ പിയെ എതിര്‍ക്കുന്നത്. എന്നാല്‍ ഈ രീതിയിലുള്ള വിമര്‍ശനങ്ങള്‍ യഥാർത്ഥ വിഷയത്തെ അമിതമായി ലളിതവല്കരിക്കുന്നതിനു തുല്യമാണ്.

ഇന്ത്യന്‍ രാഷ്ട്രീയ സംവാദ ഭൂമികയില്‍ മതനിരപേക്ഷത ഒരു പ്രശ്‌നാധിഷ്ഠിത സങ്കല്പമാണ്. കാരണം അത് എല്ലാ മതങ്ങള്‍ക്കും തുല്യമായ ആദരവു നല്‍കുന്നതിനൊപ്പം എല്ലാ മതപരമായ അവകാശങ്ങള്‍ക്കും സംരക്ഷണം നല്‍കുകയും ചെയ്യുന്നു. ഇവിടെ വൈരുധ്യങ്ങള്‍ ഉടലെടുക്കുന്നതായി കാണാം. മതപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മതനിരപേക്ഷത ഉപയോഗിക്കാനാവില്ല. കാരണം, മേല്‍ പ്രശ്‌നത്തിന് ഉത്തരം നല്‍കുന്നതിനെക്കാള്‍ അത് കൂടുതല്‍ ചോദ്യങ്ങളും സങ്കീര്‍ണതകളും ഉയര്‍ത്തുകയാണ്. ഹൈന്ദവമായ പല ആചാരങ്ങളെയും സമ്പ്രദായങ്ങളെയും ഹിന്ദുക്കളില്‍ നല്ലൊരു വിഭാഗം എതിര്‍ക്കുന്നു എന്നത് മുഖ്യപ്രശ്‌നമാണ്. ഹൈന്ദവ സമൂഹത്തിലെ സാമൂഹിക വൈവിധ്യവും ശ്രേണീപരമായ പ്രശ്‌നവുമാണ് ഈ എതിര്‍പ്പുകള്‍ക്കു കാരണം. എന്നാല്‍ ഇസ്‌ലാം മതാചാരങ്ങളെ അതിനുള്ളില്‍ നിന്ന് കൂടുതല്‍ പേര്‍ എതിര്‍ക്കുന്നതായി കാണുന്നില്ല.
ഫ്രാന്‍സില്‍ സെക്യുലറിസത്തിന് മതവൈരത്തിന്റെയും അസഹിഷ്ണുതയുടെയും മുഖമുണ്ടെന്നു നമുക്കറിയാം. ഫ്രഞ്ച് സമൂഹത്തിനുള്ളില്‍ റോമന്‍ കാത്തലിക് ചര്‍ച്ചും എന്‍ലൈറ്റെന്‍മെന്റ് മൂവ്‌മെന്റില്‍ വിശ്വസിക്കുന്ന ജനങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷമാണതിനു കാരണം. പതിനെട്ടാം നൂറ്റാണ്ടിലെ എന്‍ലൈറ്റെന്‍മെന്റ് മുന്നേറ്റങ്ങളുടെ ഭാഗമായി യുക്തി, സ്വാതന്ത്ര്യം എന്നിവയിലൂന്നിയ വിശ്വാസികളും ക്രിസ്ത്യന്‍ ചര്‍ച്ചും പല വിഷയങ്ങളിലും വലിയ തോതില്‍ വിയോജിക്കുന്നുണ്ട്. ഗവണ്‍മെന്റ് സ്ഥാപനങ്ങളിലും ധനസഹായം നല്‍കുന്ന സ്ഥാപനങ്ങളിലും മത ചിഹ്നങ്ങള്‍ അനുവദിക്കില്ലെന്ന് ഫ്രഞ്ച് ഭരണകൂടം നിയമനിര്‍മാണം നടത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ മുസ്‌ലിംകളുടെ ശിരോവസ്ത്രവും സിഖുകാരുടെ തലപ്പാവും സെക്യുലര്‍ ഫ്രാന്‍സില്‍ വലിയ വിവാദ വിഷയമാണ്.

യുനൈറ്റഡ് സ്റ്റേറ്റ്‌സില്‍ രാഷ്ട്രം ഒരു മതത്തെയും പിന്തുണയ്ക്കുന്നില്ലെന്ന് ഭരണഘടനാപരമായി തന്നെ വ്യക്തമാണ്. അതുകൊണ്ടാണ് പത്തു കല്പനകളുടെ ലിഖിതരേഖ പൊതുപാര്‍ക്കുകളിൽ പ്രദര്‍ശിപ്പിച്ചത് കോടതി തര്‍ക്കങ്ങളിലേക്കു നീങ്ങിയത്. ചുരുങ്ങിയത് മിഷിഗണിലെ അപ്പീല്‍ കോടതി, പത്തു കല്പനകളുടെ പ്രദര്‍ശനം അനുവദിക്കാനാവില്ലെന്ന് വിധിച്ചിട്ടുണ്ട്. ഒക്‌ലഹൊമയിലെ സ്റ്റിഗ്ലെറില്‍ നിന്ന് പത്തു കല്പനകളുടെ സ്മാരകം നീക്കണമെന്ന ഫെഡറല്‍ അപ്പീല്‍ കോടതി വിധിക്കെതിരെയുള്ള അപ്പീല്‍ സുപ്രീം കോടതി പരിഗണിച്ചിരുന്നില്ല (2019 മാര്‍ച്ച്).
ഉഡുപ്പിയിലെ ശിരോവസ്ത്ര വിഷയത്തിലും ഹരിയാനയിലെ ഒഴിഞ്ഞ പൊതുസ്ഥലങ്ങളിലെ നിസ്‌കാരം തടഞ്ഞതിലും ചില പ്രശ്‌നങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ട്. ശിരോവസ്ത്ര വിഷയത്തില്‍ ഉഡുപ്പി കോളജ് അധികൃതര്‍ മുന്നോട്ടുവെച്ച വാദം, ദേശീയ സ്വത്വം (ഏകരൂപത) സംരക്ഷിക്കാനുള്ള നീക്കമെന്നതാണ്. ഈ വാദം സംശയാസ്പദം തന്നെയാണ്. കാരണം, മുസ്‌ലിംകളുടേത് മാത്രമല്ല, ഏതെങ്കിലും മതപരമായ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് അനുവദിക്കില്ലെന്ന് കോളജ് അധികൃതര്‍ പറയുന്നില്ല.

ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വാദമുഖമനുസരിച്ച്, ഹിന്ദു മതചിഹ്നങ്ങള്‍ നിയമാനുസൃതമല്ലാതെ തന്നെ ദേശീയ ചിഹ്നങ്ങളായി മാറിയിട്ടുണ്ട്. പക്ഷേ, പ്രശ്‌നം അവിടെയും അവസാനിക്കുന്നില്ല. സര്‍ക്കാര്‍ പിന്തുണയില്ലാതെ ഹിന്ദു മാനേജ്‌മെന്റ് നടത്തുന്ന സ്ഥാപനമാണെങ്കില്‍ ആ നിലയില്‍, മറ്റു മതങ്ങളുടെ ചിഹ്നങ്ങള്‍ അനുവദിക്കില്ലെന്ന് കോളജിനു പറയാമായിരുന്നു. അതിന്റേതായ ഇടുങ്ങിയ സാഹചര്യത്തില്‍ നിര്‍വചിക്കപ്പെട്ട ഇടത്ത് നിലനില്‍ക്കുന്ന വളരെ ഇടുങ്ങിയൊരു കാഴ്ചപ്പാടാണിത്.

ഇത്തരം ഇടുങ്ങിയ നിര്‍വചനങ്ങള്‍ ഭരണഘടനയുടെ പതിനഞ്ചാം ആര്‍ട്ടിക്കിളിനോടു ഒത്തുപോകുമോ വിയോജിക്കുമോ എന്ന് തീരുമാനിക്കേണ്ടത് ഇനി കോടതിയാണ്. മതത്തിന്റെയോ വംശം, ജാതി, ലിംഗം, ജന്മം, സ്ഥലം എന്നിവയുടെയോ പേരില്‍ വിവേചനം പാടില്ലെന്നാണ് ഭരണഘടനയുടെ ഈ ആര്‍ട്ടിക്ക്ള്‍ വ്യക്തമാക്കുന്നത്. ഇത് ലളിതമായ മൗലികാവകാശമല്ല. ഒരവകാശവും ലളിതമല്ല എന്നത് അതിശയിക്കാനുള്ള കാര്യവുമല്ല. അതിന് അതിന്റേതായ വ്യത്യാസവും അര്‍ഹതയുമുണ്ട്.
സര്‍ക്കാരിന്റെയോ സര്‍ക്കാര്‍ സഹായിക്കുന്നതോ ആയ പൊതു ഇടങ്ങളിലെയും സ്ഥാപനങ്ങളിലെയും വിവേചനം മുഖ്യമായും തടയുന്നുണ്ട് ആര്‍ട്ടിക്ക്ള്‍ 15. അതുകൊണ്ടു തന്നെ അത് സ്വകാര്യ ഇടങ്ങളിലെ വിവേചനത്തിനും വാതില്‍ തുറന്നിടുന്നുണ്ട്. പക്ഷേ, സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന ഏതെങ്കിലും പൗരന്മാരുടെയോ പട്ടികജാതി- വര്‍ഗവിഭാഗത്തിന്റെയോ പുരോഗതിക്കായി പ്രത്യേക വ്യവസ്ഥകള്‍ രൂപപ്പെടുത്തുന്നതില്‍ നിന്ന് അത് ഭരണകൂടത്തെ തടയുന്നുമില്ല. സംസ്ഥാന ഭരണകൂടത്തിന്റെ സഹായം ലഭിച്ചാലും ഇല്ലെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം പോലുള്ള വിഷയങ്ങൾ ഇതില്‍ പെടും. എന്നാല്‍ മതസംഘടനകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ ഈ നിയന്ത്രണത്തിനു പുറത്താണ്. ഈ വ്യവസ്ഥയുടെ യുക്തിയെ പലരും ചോദ്യം ചെയ്യാം. വിഷയത്തില്‍ നിന്നു മാറുമെന്നതിനാല്‍ അതേക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ല.
ഉഡുപ്പിയിലെ കോളജ് വിദ്യാര്‍ഥിനികള്‍ക്ക് ശിരോവസ്ത്രം ധരിക്കാനുള്ള അവകാശത്തിനൊപ്പം നില്‍ക്കാനാഗ്രഹിക്കുന്നവര്‍ അതവരുടെ മതം ആചരിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നാണ് വാദിക്കുന്നത്. തീര്‍ച്ചയായും മുസ്‌ലിം ആയിരിക്കുക എന്നതിന്റെ ലക്ഷണങ്ങളെ മെല്ലെ മെല്ലെ അത് ഇല്ലാതാക്കുകയാണ്. പക്ഷേ, ഒരു പെണ്‍കുട്ടിക്ക് ശിരോവസ്ത്രം ധരിക്കാനുള്ള അവകാശം, തനിക്ക് ഇഷ്ടമുള്ളത് ധരിക്കാനുള്ള അവകാശം എന്ന നിലയില്‍ പ്രതിരോധിക്കപ്പെടണം. അതിനെ മതവുമായി ബന്ധപ്പെടുത്തരുത്.
ഗുരുഗ്രാമിലെ മുസ്‌ലിംകള്‍ ഒഴിഞ്ഞുകിടക്കുന്ന പൊതുസ്ഥലങ്ങളില്‍ ആരാധന നടത്തിയ വിഷയത്തിലും സമാനമായ ചോദ്യം ഉയര്‍ന്നിട്ടുണ്ട്. എന്തുകൊണ്ടാണ് ഗുരുഗ്രാമിലെ മുസ്‌ലിംകള്‍ പ്രാര്‍ഥനയ്ക്കായി ഒഴിഞ്ഞ പൊതുസ്ഥലങ്ങളിലേക്കുപോകാന്‍ നിര്‍ബന്ധിതരാകുന്നത്, എന്തുകൊണ്ടാണ് ആരാധനാ സൗകര്യം ഇല്ലാത്തത് എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. വീടോ കെട്ടിടമോ നിര്‍മിക്കാന്‍ വ്യക്തികള്‍ ഭൂമി വാങ്ങുന്നതു പോലെ സമൂഹത്തിനും അവരുടെ ആരാധനാലയം പടുത്തുയര്‍ത്താന്‍ ഭൂമി വാങ്ങാനുള്ള അവകാശം ഉണ്ടായിരിക്കണം. എന്തുകൊണ്ടാണ് ഹരിയാനയിലെ ഗുരുഗ്രാമില്‍ മുസ്‌ലിംകള്‍ക്ക് ആരാധന നിര്‍വഹിക്കാന്‍ പള്ളി ഇല്ലാത്തത്? അവര്‍ക്ക് പള്ളി പണിയാന്‍ പാകത്തിലുള്ള ഭൂമി വില്‍ക്കാന്‍ ഇതര മതസ്ഥര്‍ തയാറാവുന്നില്ലേ? എങ്കില്‍ ഇതൊരു വിവേചനപരമായ നടപടിയാണ്. അങ്ങനെയെങ്കില്‍ അത് ആര്‍ട്ടിക്ക്ള്‍ 15ന്റെ ലംഘനമല്ലേ.

സര്‍ക്കാര്‍ നയം മുസ്‌ലിംകളെയോ മറ്റേതെങ്കിലും വിഭാഗങ്ങളെയോ സമൂഹത്തെയോ തങ്ങളുടേതായ ആരാധനാലയം ഉയര്‍ത്തുന്നതില്‍ നിന്നു തടയുന്നുവെങ്കില്‍, വിവേചനത്തില്‍ നിന്ന് സമൂഹത്തെയോ വിഭാഗത്തെയോ സംരക്ഷിക്കാന്‍ ഭരണകൂടം പ്രത്യേകം വ്യവസ്ഥകള്‍ ഉണ്ടാക്കേണ്ടതുണ്ട്.

ഇവിടെ നിയമപരവും ദൈവശാസ്ത്രപരവുമായ തര്‍ക്കങ്ങളുയരും. വിശ്വാസി സമൂഹത്തോടൊപ്പം സംഘമായി പ്രാര്‍ഥിക്കുന്നത് മുസ്‌ലിംകളുടെ മതാചാരത്തിന്റെ ഭാഗമാണോ അതോ വീട്ടില്‍ നിന്ന് സ്വന്തമായി ആരാധന നിര്‍വഹിച്ചാല്‍ മതിയോ എന്നതാകും ഉയരുന്ന ആദ്യ ചോദ്യം. പിന്നീടുയരുന്ന ചോദ്യം, മുസ്‌ലിംകളുടെ വിശ്വാസപരമായ പ്രശ്‌നത്തിന്റേതല്ല. ഒരേ ചിന്താഗതിക്കാരായ ഒരുകൂട്ടമാളുകള്‍ക്ക് ഒരുമിച്ച് ആരാധന പോലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പാകത്തിലുള്ള ഇടമുണ്ടോ എന്നത് പ്രസക്തമായ ചോദ്യമാണ്. അതൊരു അടിസ്ഥാന പ്രശ്‌നം തന്നെയാണ്. വ്യക്തികള്‍ക്ക് ഒത്തുചേരാനും ആ ലക്ഷ്യത്തിനു വേണ്ടി സ്ഥലം സ്വന്തമാക്കാനുമുള്ള അവകാശം കോടതികള്‍ സംരക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ അത്തരം അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനായി ഒരുകൂട്ടമാളുകള്‍ക്ക് രജിസ്‌ട്രേഡ് സൊസൈറ്റികള്‍ രൂപപ്പെടുത്താമെന്നല്ല അതിനര്‍ഥം. മതപരവും ജീവകാരുണ്യപരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ അടിസ്ഥാന മതകേന്ദ്രങ്ങളായ ക്ഷേത്രങ്ങള്‍, ചര്‍ച്ചുകള്‍, പള്ളികള്‍, ഗുരുദ്വാരകള്‍ എന്നിവയുടെ കാര്യത്തില്‍ അതു ബാധകമല്ല.

നിയമപരമായ വശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണെങ്കില്‍, നിയമത്തിന്റെ അപ്രമാദിത്വം പ്രഖ്യാപിക്കാനും ഭൂരിപക്ഷ വാദത്തെയും വര്‍ഗീയതയെയും നേരിടാനും അത് നല്ലൊരു വഴിയായിരിക്കും.

പര്‍സ വെങ്കടേശ്വര്‍ റാവു ജൂനിയർ
വിവർത്തനം/ വി കെ ജാബിർ

(മുതിര്‍ന്ന പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമാണ് നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ പര്‍സ വെങ്കടേശ്വർ റാവു ജൂനിയർ)

You must be logged in to post a comment Login