ഒന്നാം ലോക മഹായുദ്ധത്തിലെ തുർക്കി – ജർമൻ സഖ്യനീക്കങ്ങൾക്കെതിരെ മലബാറിൽ പലവിധ പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്. ലഘുലേഖകളും നിവേദനങ്ങളും പ്രസിദ്ധീകരിച്ച് ഉസ്മാനിയ്യാ ഖലീഫയോടും നേതാക്കളോടും ജർമനിയുടെ വഞ്ചനാത്മക രാഷ്ട്രീയ നയങ്ങൾ ഉലമാക്കൾ ഉണർത്തി. ആസ്ട്രിയൻ യുദ്ധത്തിലും യൂറോപ്പിൽ നടന്ന ഇതര യുദ്ധങ്ങളിലും ജർമനി മുസ്‌ലിം വിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. എന്നാൽ ഖലീഫയുടെ തീരുമാനങ്ങൾ അക്ഷരംപ്രതി അംഗീകരിക്കണമെന്ന അഭിപ്രായക്കാരായിരുന്നു മറുപക്ഷം.
രാഷ്ട്രീയപരമായ ഈ അഭിപ്രായാന്തരം ബ്രിട്ടീഷ് അനുകൂല നയത്തിലേക്ക് ഒരു വിഭാഗം പണ്ഡിതരെ എത്തിച്ചു. തിരൂരിൽ നടന്ന സമ്മേളനവും പ്രമേയങ്ങളും അതിന് ഉദാഹരണമാണ്. 1914 നവംബർ 13 ന് മമ്പുറത്തും തുർക്കി ജർമൻ സഖ്യ ശ്രമങ്ങൾക്കെതിരെ പൊതുജനയോഗം നടക്കുന്നുണ്ട്. അതോടനുബന്ധിച്ച് ഖാൻ ബഹദൂർ മുത്തുക്കോയ തങ്ങൾ പുറത്തിറക്കിയ നോട്ടീസ് ഇപ്രകാരമായിരുന്നു: “”ഇന്ത്യൻ മുസൽമാൻമാരുടെ അപേക്ഷയെ തുർക്കി ഗവർമെണ്ട് യാതൊരു ബലയും വെക്കാതെ ജർമൻകാരുടെ ദുരുപദേശത്താൽ നമ്മുടെ മഹാരാജാവ് അവർകൾക്ക് വിരോധമായി തുർക്കി യുദ്ധത്തിൽ ചേർന്നിരിക്കകൊണ്ട് എത്രയോ കരുണയേറിയ നമ്മുടെ ബ്രിട്ടീഷ് ഗവർമ്മേണ്ടിനോട് നമുക്കുള്ള രാജഭക്തി കാണിപ്പാനും മറ്റു വേണ്ടത്ര ആലോചിപ്പാനും ഈ നവംബർമാസം 13ന് വെള്ളിയാഴ്ച നാലു മണിക്ക് മമ്പ്രത്ത് പുത്തൻമാളിയക്കൽ വെച്ചു ഒരു പൊതുജനയോഗം കൂടുവാൻ തീർച്ചപ്പെടുത്തിയിരിക്കകൊണ്ടു മേൽ പറഞ്ഞ സമയത്ത് തന്നെ എല്ലാവരും വന്നുകൂടുവാനായി ഇതിനാൽ അറിയിക്കുന്നു.”
തുർക്കിക്കു വിരോധമായ ജർമൻ കൂട്ടുകെട്ട് എന്ന ശീർഷകത്തിൽ ഇരുപതാം നൂറ്റാണ്ടിലെ ആഗോള മുസ്‌ലിം രാഷ്ട്രീയ വികാസങ്ങൾ അനാവരണം ചെയ്യുന്ന ഒരു ലഘുലേഖയും അക്കാലത്ത് പ്രസിദ്ധീകൃതമായിട്ടുണ്ട്. ജർമനിയുടെ മുസ്‌ലിം വിരുദ്ധ നയങ്ങൾ അക്കമിട്ടു നിരത്തുന്ന ഒരു കുറ്റപത്രമാണത്. യുവതുർക്കികളുടെ മത നിരാസ നിലപാടുകളെയും ലഘുലേഖ രൂക്ഷമായി വിമർശിക്കുന്നുണ്ട്.
ഒന്നാം ലോക മഹായുദ്ധത്തിന്റെ പരിണത ഫലം എന്തായിരിക്കുമെന്ന ആലോചനകളാണ് ലഘുലേഖയുടെ അവസാന ഭാഗത്ത്. “രഹസ്യമായും പരസ്യമായും എല്ലായ്പോഴും ഇങ്ങിനെ തുർക്കിയുടെ ശത്രുക്കളായിരുന്ന രണ്ടു രാജ്യങ്ങളോടു സഖ്യത കെട്ടി ഇപ്പോൾ തുർക്കി യുദ്ധത്തിന്ന് പുറപ്പെട്ടതും ഏറ്റവും ആശ്ചര്യകരവും അതിയായ ഇച്ഛാഭംഗത്തിനിടവരുത്തുന്നതും അല്ലെയോ?. യുദ്ധം എങ്ങനെ അവസാനിച്ചാലും ഇപ്പോഴത്തെ പ്രവൃത്തി കൊണ്ടു തുർക്കിക്കു വല്ല ഗുണവും സിദ്ധിക്കുമെന്ന് വിചാരിപ്പാൻ സംഗതിയുണ്ടോ?. ആ രണ്ടു രാജ്യക്കാരും സന്ധിക്കരാറുകളും പ്രതിജ്ഞകളും പരസ്യമായി തന്നെ ലംഘിക്കുന്നവരാണെന്നു ബെൽജിയത്തിന്റെ കാര്യത്തിലും, തങ്ങളേക്കാൾ ശക്തി കുറഞ്ഞ രാജ്യങ്ങളോടു അവരുടെ നയം എന്താണെന്നു സെർവിയയുടെ കാര്യത്തിലും കാണിച്ചിട്ടുണ്ടല്ലോ. ആ സ്ഥിതിക്കും തുർക്കിയെ വഞ്ചിച്ചാൽ തങ്ങൾക്ക് വല്ല ഗുണവും സിദ്ധിക്കാൻ കഴിവുണ്ടെങ്കിൽ അവർ തുർക്കിയോടു വേറെ വിധത്തിൽ പെരുമാറുമെന്ന് വിചാരിപ്പാൻ വല്ല ന്യായവുമുണ്ടോ?. തുർക്കിയുടെ ഭാഗ്യവും ഭാവിയും എങ്ങനെയായി തീരുമെന്ന് ഇപ്പോൾ ഖണ്ഡിച്ചു പറവാൻ കഴിയില്ല.
യുവ തുർക്കി സംഘക്കാരുടെ സാഹസ പ്രവൃത്തി തുർക്കിയിലെ ഉത്തമ ജനങ്ങളിൽ അതൃപ്തി ഉണ്ടാക്കി തീർത്തിരിക്കുന്നു എന്നുള്ളതിന്നു പലേ ലക്ഷ്യങ്ങളും കണ്ടു തുടങ്ങിയിട്ടുണ്ട്. ഇതോടു കൂടെ ലോകമൊട്ടുക്കും മുസൽമാൻമാരുടെ അഭിപ്രായത്താൽ പ്രത്യക്ഷമായി വരുന്നതു, ഇസ്‌ലാമിന്റെ നാമവും നടപടിയും ഒരു അധർമ വിഷയത്തിൽ വിനിയോഗിക്കാൻ പാടില്ലെന്നും അങ്ങനെയുള്ള പ്രവൃത്തിക്കു അവർ അനുകൂലിക്കയില്ലെന്നുമാണ്. അതിനാൽ ജർമനിയുടെയും അസ്ത്രിയായുടെയും വൻ ചതിവു അപമാനത്തിൽ കലാശിക്കുകയും ഇനിയൊരിക്കലും അങ്ങനെ ചതിപ്രയോഗിക്കാൻ ഇടവരാതിരിക്കുകയും ചെയ്യുമെന്നു ആശിക്കാൻ മതിയായ സംഗതി ഉണ്ട്.
ആ ആശാനിവൃത്തി മുസ്‌ലിം ലോകത്തിന്റെ ഭാഗ്യമായിരിക്കും. മുസ്‌ലിം ലോകം രാജ്യം കലക്കുന്ന ചില ദുർമതികളുടെ പ്രേരണയാൽ അവരുടെ പുരാതന മാർഗത്തിലും നടപടിയേയും മേലാൽ ലൗകീക വാദങ്ങളിലും യുദ്ധങ്ങളിലും ഉപയോഗിക്കാതിരിക്കാൻ കരുതി കൊള്ളുന്നതും ആകുന്നു’ (1921 ഫത്‌വകൾ ആഹ്വാനങ്ങൾ, ക്രോഡീകരണം അബ്ദുറഹ്മാൻ മങ്ങാട്, പേ. 20).
കേരള ഉലമക്കിടയിൽ അനുബന്ധമായി മറ്റൊരു ചർച്ചയും നടന്നിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ തുർക്കി പരാജയപ്പെട്ടാൽ മക്ക, മദീന, ബൈതുൽ മുഖദ്ദസ്, നജഫ്, കർബല, ബസ്വറ തുടങ്ങിയ മുസ്‌ലിം പുണ്യ കേന്ദ്രങ്ങൾ പാശ്ചാത്യ രാജ്യങ്ങൾ ഭാഗിച്ചെടുക്കുമോ എന്ന ആശങ്കയായിരുന്നു അത്. ബ്രിട്ടീഷ് അധികാരികളോട് ദേശീയ മുസ്‌ലിം നേതൃത്വം അതേപ്രതി കൂടിക്കാഴ്ചകൾ നടത്തുന്നുണ്ട്. തുർക്കിക്ക് എതിരായ ആക്രമണങ്ങൾ ഇന്ത്യൻ മുസ്‌ലിംകളുടെ പ്രതികാരത്തിന്റെ രോഷാഗ്നി ക്ഷണിച്ചു വരുത്തും എന്ന മുന്നറിയിപ്പ് അതുവഴി അതുവഴി അവർ നൽകി.
പക്ഷെ, ബ്രിട്ടീഷുകാർക്കിത് ഒരു പൊളിറ്റിക്കൽ ഗിമ്മിക്കിന്റെ ഭാഗമായിരുന്നു. ഖിലാഫത് വിരുദ്ധമല്ല യുദ്ധം, ഖലീഫയുടെ അധീനതയിലുള്ള പ്രദേശങ്ങൾ കൈവശപ്പെടുത്തുകയില്ല തുടങ്ങിയ വാഗ്ദാനങ്ങൾ അവർ മുന്നോട്ടുവെച്ചു. അതിൽ വിശ്വാസമർപ്പിച്ച് ഇന്ത്യൻ മുസ്‌ലിംകൾ ഒന്നാം ലോക മഹായുദ്ധത്തിൽ ബ്രിട്ടനൊപ്പം ചേർന്ന് പോരാടി.
1914ൽ ഒന്നാം ലോക മഹായുദ്ധത്തിന്റെ പ്രാരംഭ വേളയിൽ മുസ്‌ലിം പുണ്യ കേന്ദ്രങ്ങൾ സംരംക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് വൈസ്രോയി പുറപ്പെടുവിച്ച വിളംബരം വായിക്കാം:
ഫോർട്ട് സെന്റ് ജോർജ്, 1914-നവമ്പർ 2-ാം തിയ്യതി. നമ്പർ 573: താഴെ പറയുന്ന അറിയിപ്പ് എല്ലാവരുടേയും അറിവിനായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്ന് വ്യസനം വരത്തക്കവിധത്തിൽ കോപഹേതു ഇല്ലാതെയും, കൽപിച്ച് കൂട്ടിയുള്ള ശത്രു ഗവർമെണ്ടിന്റെ പ്രവർത്തികൊണ്ടും ഗ്രേറ്റ് ബ്രിട്ടനും തുർക്കിക്കും ഉണ്ടായിട്ടുള്ളത് നിമിത്തം മത സംഘർഷമായ യാതൊരു കാര്യവും ഉൾപ്പെട്ടിട്ടില്ലാത്ത ഒരു യുദ്ധത്തിൽ, രാജാവിന്റെ ഗവർമേണ്ടിന്റെ നിലയെപ്പറ്റി തിരുമേനിയുടെ ഏറ്റവും രാജ ഭക്തിയുള്ള മുസൽമാൻ പ്രജകൾക്ക് യാതൊരു തെറ്റിദ്ധാരണയും ഉണ്ടാവാതിരിക്കാൻ വേണ്ടി മേസെപ്പെട്ടോമിയയിലെ പരിശുദ്ധ ദേവാലയങ്ങളും, ജറൂസലമും അറബിക്കെട്ടും ഉൾപ്പെടെ അറേബ്യയിലെ പുണ്യസ്ഥലങ്ങളെ പറ്റിയും മറ്റും ജനങ്ങളുടെ അറിവിനായി താഴെ പറയും പ്രകാരം പരസ്യം ചെയ്യുന്നതിന് ചക്രവർത്തി മഹാരാജാവിന്റെ ഗവർമേണ്ട് രാജാ പ്രതിനിധി (വൈസ്രോയി) അവർകളെ അധികാരപ്പെടുത്തിയിരിക്കുന്നു. മേൽപറഞ്ഞ പുണ്യസ്ഥലങ്ങളിലേക്കും ദേവാലയങ്ങളിലേക്കും തീർത്ഥയാത്ര പോകുന്നവർക്കും ഹജ്ജ് യാത്രക്കാർക്കും യാതൊരു തടസ്ഥവും യുദ്ധമുള്ള കാലത്തോളം ഉണ്ടായിരിക്കുന്നതല്ല. പുണ്യസ്ഥലങ്ങളും മറ്റും കപ്പൽ സൈന്യവും കരസൈന്യവും അക്രമിക്കപ്പെടുകയോ, ഉപദ്രവിക്കുകയോ ചെയ്യുന്നതല്ല. ചക്രവർത്തി മഹാരാജാവിന്റെ ഗവർമെണ്ട് ആവശ്യപ്പെട്ട പ്രകാരം പരന്ത്രീസ് രാജ്യത്തേയും, റഷ്യ, ഫ്രാൻസ് രാജ്യത്തേയും ഗവർമേണ്ടുകൾ ഇത് പോലെ തന്നെയുള്ള ഉറപ്പുകൾ കൊടുത്തിരിക്കുന്നു. എ. ബട്ടർ വൊർത്ത് ആക്ടിംങ്ങ് ചീഫ് സിക്രട്ടറി (കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം പേ: 197).
(തുടരും)
ഉമൈർ ബുഖാരി
You must be logged in to post a comment Login