വിശുദ്ധ റമളാനിലെ പാപമോചനത്തിന്റെ പത്ത് വിടപറഞ്ഞു. വിശ്വാസികള്‍ നരകമോചനത്തിന്റെ പത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ഈ പത്തു ദിവസങ്ങളിലെ ആരാധനകള്‍ മറ്റു ആരാധനകളെക്കാള്‍ സ്രഷ്ടാവ് ഇഷ്ടപ്പെടുന്നു. ആയിരം മാസത്തെക്കാള്‍ ശ്രേഷ്ഠമെന്ന് ഖുര്‍ആന്‍ പറഞ്ഞ ലൈലതുല്‍ ഖദ്‌റ് അടങ്ങിയ റമളാനിലെ അവസാനത്തെ പത്ത് വിശ്വാസിയുടെ ജീവിതം ധന്യമാക്കാനുള്ള സുവര്‍ണാവസരമാണ്. റമളാനിലെ അവസാന പത്ത് ആയാല്‍ റസൂല്‍(സ) വസ്ത്രം മുറുക്കിയുടുക്കുകയും ആരാധനകള്‍ക്കുവേണ്ടി കുടുംബത്തെ വിളിച്ചുണര്‍ത്തുകയും ചെയ്യും. അവസാന പത്തില്‍ ഇഅ്തികാഫ്, ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ഹദീസുകളില്‍ കാണാം. ആത്മാര്‍ഥമായ പശ്ചാതാപത്തോടെ നീരസവും പകയും മറ്റു മനസിന്റെ രോഗങ്ങളും അകറ്റി ആരാധനയില്‍ ലയിക്കുകയാണ് വിശ്വാസി. “അല്ലാഹുവേ, നീയാണ് പൊറുക്കുന്നവന്‍. നീ പൊറുക്കുന്നത് ഇഷ്ടപ്പെടുന്നു. അതിനാല്‍ എന്നോട് പൊറുക്കണേ’ എന്ന അര്‍ഥത്തിലുള്ള പ്രാര്‍ഥന ഈ ദിവസങ്ങളിൽ വര്‍ധിപ്പിക്കണം.
നരകമോചനമാണ് ഈ പത്തില്‍ അല്ലാഹു വിശ്വാസികള്‍ക്ക് പ്രത്യേകമായി നല്‍കുന്നത്. നരകം ഒരു യാഥാര്‍ത്ഥ്യമാണ്. അത് കാവ്യാത്മക വര്‍ണനയല്ലെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. പാപികളുടെ സങ്കേതം നരകമാണെന്ന് ഖുര്‍ആന്‍ പലയിടങ്ങളിലായി ഓര്‍മിപ്പിക്കുന്നുണ്ട്. പാപങ്ങള്‍ ചെയ്ത് നരകാവകാശികളായ നിരവധിയാളുകളെ അല്ലാഹു നരകശിക്ഷയില്‍ നിന്ന് മോചിപ്പിക്കും. റമളാനിലെ ഓരോ ദിവസവും എഴുപതിനായിരം പേര്‍ക്ക് നരകമോചനം നല്‍കുമെന്നും ചില റിപ്പോര്‍ട്ടുകളില്‍ കാണാം.
“ലോക രക്ഷിതാവായ അല്ലാഹ്, നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ മോചിപ്പിച്ച് സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കണേ’ എന്നര്‍ഥം വരുന്ന പ്രാര്‍ഥനയും വിശ്വാസി ഈ ദിനങ്ങളില്‍ കൂടുതലായി നിര്‍വഹിക്കും. അതിലൂടെ നരകശിക്ഷയില്‍ നിന്നുള്ള മോചനം നേടിയെടുക്കണം. നരകമോചനത്തിന് നിദാനമാകുന്ന നിരവധി മാര്‍ഗങ്ങള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാനാവും. പ്രധാനപ്പെട്ട ചിലത് വ്യക്തമാക്കാം.
ആത്മാര്‍ഥത
സദ്പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതോടൊപ്പം കര്‍മങ്ങള്‍ സ്വീകരിക്കുന്നതിനും പ്രതിഫലം ലഭിക്കാനും തികഞ്ഞ ഉദ്ദേശ്യശുദ്ധി ആവശ്യമാണ്. ജനങ്ങള്‍ കാണാന്‍ വേണ്ടിയോ, പുകഴ്ത്താന്‍ വേണ്ടിയോ ഉള്ള സദ്കര്‍മങ്ങള്‍ നിഷ്ഫലമാണ്.
ബുഖാരി(റ) ഉദ്ധരിക്കുന്ന ഹദീസ് കാണാം. റസൂല്‍(സ) പറഞ്ഞു: അല്ലാഹുവിനെ മാത്രം ഉദ്ദേശിച്ച് “അല്ലാഹുവല്ലാതെ ഇലാഹില്ല’ എന്നൊരാള്‍ പറഞ്ഞാല്‍ അവന് അല്ലാഹു നരകം നിഷിദ്ധമാക്കിയിരിക്കുന്നു.
ഉദ്ദേശ്യശുദ്ധിക്ക് പല അടയാളങ്ങളുമുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഉന്മേഷം. ആരാധനകള്‍ ചെയ്യാനുണ്ടെന്നോര്‍ത്ത് അയാള്‍ക്ക് സന്തോഷമുണ്ടാവും. ദീര്‍ഘമായി നിസ്‌കരിക്കാന്‍ ആഗ്രഹിക്കും. “ഒന്നു തീര്‍ന്നു കിട്ടിയാല്‍’ എന്ന് ചിന്തിക്കില്ല. പള്ളിയിലേക്ക് നേരത്തെ എത്തും. ഖുര്‍ആന്‍ പാരായണം ഒഴിഞ്ഞ സമയമുണ്ടാകില്ല. അറബിയറിയില്ലെങ്കില്‍ പോലും ഖുര്‍ആന്‍ അയാള്‍ക്ക് വല്ലാത്ത അനുഭൂതിയായിരിക്കും.
മറ്റൊരടയാളം; ആരാധനകള്‍ അല്ലാഹു മാത്രം അറിഞ്ഞാല്‍ മതിയെന്നാവും അയാളുടെ താല്പര്യം. നാലാള് അറിഞ്ഞ് തന്റെ പേര് പ്രത്യേകം പറഞ്ഞ് പ്രാര്‍ഥിച്ചാലേ തൃപ്തി വരൂ എന്ന മനസ്സ് ഉണ്ടാവില്ല.
അടിമക്ക് ആത്മാര്‍ഥതയുള്ളവനെന്ന് എങ്ങനെ മനസിലാക്കാമെന്ന് ദുന്നൂനില്‍ മിസ്‌രിയോട്(റ) ചോദിക്കുന്നുണ്ട്. “ആരാധനയില്‍ കഠിന പ്രയത്‌നം ചെയ്യും, ജനങ്ങള്‍ ഒരുമിച്ചുകൂടുന്നിടത്തു നിന്ന് മാറി വീട്ടിലിരിക്കാന്‍ കൂടുതല്‍ താല്പര്യപ്പെടുമെന്നായിരുന്നു മറുപടി. ഒരുമിച്ചുകൂടാന്‍ ഇസ്‌ലാം നിര്‍ദേശിച്ചിടത്ത് വരില്ല എന്നല്ല. ആളുകള്‍ക്കിടിയില്‍ ആരാധന പ്രദര്‍ശിപ്പിക്കുന്നതില്‍ താല്പര്യമില്ല എന്നര്‍ഥം.
നിഷ്ഠയുള്ള നിസ്‌കാരം
നിസ്‌കാരം നിര്‍വഹിക്കാന്‍ ആര്‍ക്കും കഴിയും. നിസ്‌കരിക്കാത്ത വിശ്വാസിയുമുണ്ടാകില്ല. നിസ്‌കരിക്കാന്‍ നിര്‍ദേശിക്കുന്ന ഖുര്‍ആനിക വചനങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും, അതിലൊന്നും നിസ്‌കാരം നിര്‍വഹിക്കുക എന്നര്‍ഥമുള്ള “സ്വല്ലൂ’ എന്ന വാക്കല്ല ഉപയോഗിച്ചിരിക്കുന്നത്. മറിച്ച് “അഖീമുസ്സ്വലാത്’ നിസ്‌കാരം നിലനിര്‍ത്തൂ എന്നാണ്. കൃത്യമായ, സമയനിഷ്ഠ പാലിച്ചുകൊണ്ടുള്ള നിസ്‌കാരമാണ് ഉദ്ദേശ്യം. അതാണ് വിശ്വാസി പിന്തുടരേണ്ടത്.
ഇമാം തിര്‍മിദി നിവേദനം ചെയ്ത ഹദീസില്‍ കാണാം. റസൂല്‍(സ) പറഞ്ഞു: നാല്പതു ദിവസം ഇമാമിന്റെ കൂടെ തക്ബീറതുല്‍ ഇഹ്‌റാമിന്റെ ശ്രേഷ്ഠത കിട്ടി നിസ്‌കരിച്ചാല്‍ അയാള്‍ക്ക് രണ്ടുവിധ സുരക്ഷകള്‍ ഉണ്ടാകുന്നതാണ്. നരകത്തില്‍ നിന്നുള്ള സുരക്ഷയും, കപടവിശ്വാസത്തില്‍ നിന്നുള്ള സുരക്ഷയും.
തക്ബീറതുല്‍ ഇഹ്‌റാമിന്റെ ശ്രേഷ്ഠത ലഭിക്കുന്നതിന്റെ രൂപം കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാം. ഇമാം തക്ബീറതുല്‍ ഇഹ്‌റാം ചെയ്യുന്ന സമയം അവിടെ ഹാജരാകുകയും ഇമാം ചെയ്ത ഉടനെ ഇഹ്‌റാം ചെയ്യുകയും വേണം. എങ്കില്‍ തക്ബീറതുല്‍ ഇഹ്‌റാമിന്റെ പ്രതിഫലം ലഭിക്കും. ഇമാം തക്ബീറിന്റെ അവസാനത്തെ “റ’ ഉച്ചരിക്കുമ്പോള്‍, തുടക്കത്തിലെ “അ’ ഉച്ചരിച്ച് തുടങ്ങുന്നതാണ് ഇമാമിനൊപ്പം ഇഹ്‌റാം ലഭിക്കുന്നതിന്റെ പൂര്‍ണരൂപമെന്ന് വിശദീകരണങ്ങളില്‍ കാണാം.
ഈ നിഷ്ഠ പാലിച്ച് നാല്‍പതു ദിവസം നിസ്‌കരിച്ചവന് ലഭിക്കുന്ന മഹത്തായ പ്രതിഫലമാണ് നരകമോചനവും കപടവിശ്വാസത്തില്‍ നിന്നുള്ള മോചനവും. നാല്പതു ദിവസത്തെ നിര്‍ബന്ധമായ അഞ്ചുനേര നിസ്‌കാരത്തെ കുറിച്ചാണ് ഈ പരാമര്‍ശം. നാല്പതു ദിവസം ആകെ ഇരുന്നൂറ് നേര നിസ്‌കാരമുണ്ടാകും.
രണ്ടു നിസ്‌കാരങ്ങള്‍
പ്രഭാതം തുടങ്ങും മുമ്പ് അല്ലാഹുവിനെ മനസില്‍ ധ്യാനിച്ച് സുബ്ഹി നിസ്‌കരിക്കുന്നതോടെ മനസില്‍ ഈമാന്റെ പ്രകാശം കടന്നുവരും. പകല്‍ മുഴുവന്‍ ആ പ്രഭ ഉള്ളിലുണ്ടാവും. രാത്രിയിലേക്ക് പ്രവേശിക്കും മുമ്പ് അസർ നിസ്‌കാരം നിര്‍വഹിക്കുന്നതോടെ പ്രഭ ഇരട്ടിയാകുന്നു. രാത്രി മുഴുവനും അയാളില്‍ ആ പ്രകാശം നിലനില്‍ക്കുന്നു. ചുരുക്കത്തില്‍ ഈ രണ്ടു നിസ്‌കാരം നിമിത്തം വിശ്വാസിയുടെ ദിവസം മുഴുവന്‍ ഈമാനിക പ്രകാശത്തില്‍ ജ്വലിക്കുന്നു. അതോടൊപ്പം ഈ രണ്ടു നിസ്‌കാരങ്ങളുടെ മുമ്പുള്ള സുന്നത് നിസ്‌കാരങ്ങള്‍ നന്നായി നിര്‍വഹിക്കുന്നത് നരകമോചനത്തിന് നിദാനമാണെന്ന് ഹദീസുകളില്‍ കാണാം.
മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. റസൂല്‍(സ) പറഞ്ഞു: സൂര്യോദയത്തിനും അസ്തമയത്തിനും മുമ്പ് നിസ്‌കാരം നിര്‍വഹിക്കുന്നവരെ നരകം സ്പര്‍ശിക്കില്ല. സുബ്ഹി, അസര്‍ നിസ്‌കാരങ്ങളാണ് ഉദ്ദേശ്യമെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നു. നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കൂടെയുള്ള സുന്നത് നിസ്‌കാരങ്ങളും നിര്‍വഹിക്കുമ്പോഴാണല്ലോ അവ പരിപൂര്‍ണമാകുന്നത്. അതിനാല്‍ സുബ്ഹി, അസര്‍ നിസ്‌കാരങ്ങള്‍ക്കു മുമ്പുള്ള സുന്നത് നിസ്‌കാരങ്ങളടക്കം നിസ്‌കരിക്കുന്നതാണ് ഇവിടെ ഉദ്ദേശിക്കുന്നതെന്നും പണ്ഡിതവീക്ഷണമുണ്ട്.
മുസ്‌ലിമിന്റെ(റ) മറ്റൊരു നിവേദനം കാണാം. റസൂല്‍(സ) പറഞ്ഞു: സുബ്ഹി നിസ്‌കാരത്തിന്റെ രണ്ടു റക്അത് സുന്നത് നിസ്‌കാരം പ്രപഞ്ചവും അതിലുള്ളതും സ്വന്തമാക്കുന്നതിനെക്കാള്‍ മികച്ചതാണ്.
അബൂദാവൂദും തിര്‍മിദിയും(റ) നിവേദനം ചെയ്യുന്ന ഹദീസിലുണ്ട്. റസൂല്‍(സ) പറഞ്ഞു: അസറിന് മുമ്പ് നാലു റക്അത് നിസ്‌കരിക്കുന്നവര്‍ക്ക് അല്ലാഹു കാരുണ്യം ചെയ്യുന്നതാണ്.
ളുഹ്‌റിന്റെ രണ്ടു സുന്നതുകള്‍
പകലിന്റെ മധ്യാഹ്നത്തില്‍ നിസ്‌കരിക്കുന്ന നിര്‍ബന്ധ നിസ്‌കാരമാണല്ലോ ളുഹ്‌റ്. അതിന്റെ മുമ്പും ശേഷവും നാലു റക്അത് സുന്നത് നിസ്‌കാരങ്ങളുണ്ട്. ആ നിസ്‌കാരങ്ങള്‍ പതിവാക്കാന്‍ വലിയ പ്രയാസമാണ്. നന്നായി ശ്രദ്ധിക്കുന്നവര്‍ക്ക് മാത്രമാണ് ആ രണ്ടു നിസ്‌കാരങ്ങള്‍ പതിവായി നിസ്‌കരിക്കാന്‍ കഴിയൂ. ആ സമയത്തിന്റെ പ്രത്യേകതകൂടിയാണത്. ജോലി, ക്ഷീണം, ചൂട് തുടങ്ങിയ പല കാരണങ്ങളുമാകാം. ഈ രണ്ടു നിസ്‌കാരങ്ങളും അതിന്റെ പ്രതിഫലത്തിന്റെ ഔന്നത്യം കാരണം പ്രബലമായി സുന്നതുള്ള നിസ്‌കാരങ്ങളുടെ ഇനങ്ങളില്‍ എണ്ണിയ കര്‍മശാസ്ത്രജ്ഞരുണ്ട്.
അബൂദാവൂദും നസാഇയും തിര്‍മിദിയും(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. റസൂല്‍(റ) പറഞ്ഞു: ളുഹ്‌റിന് മുമ്പും ശേഷവുമുള്ള നാലുറക്അത് നിസ്‌കാരങ്ങള്‍ പതിവായി നിര്‍വഹിക്കുന്നവന് അല്ലാഹു നരകം നിഷിദ്ധമാക്കുന്നതാണ്.
നാഥനെ ഭയന്നുള്ള കരച്ചില്‍
അല്ലാഹുവിനെ ഭയന്ന് ഹൃദയം വിങ്ങിയുള്ള വിശ്വാസിയുടെ ദയനീയ പ്രാര്‍ഥന അല്ലാഹു സ്വീകരിക്കും. അയാള്‍ക്ക് നരകമോചനവുമുണ്ട്. അല്ലാഹുവിനെ ഓര്‍ത്തു കരഞ്ഞ കണ്ണീരില്‍ പാപപങ്കിലമായ അവന്റെ ഹൃദയം കഴുകി വൃത്തിയാകും. വിശ്വാസിയുടെ മനസ്, ചെയ്ത ദുഷ്‌ചെയ്തികളെയോര്‍ത്ത്, സദ്പ്രവൃത്തികള്‍ സ്വീകരിക്കുമോ എന്ന ശങ്കയില്‍ സദാ സങ്കടത്തിലായിരിക്കും. ഖുര്‍ആന്‍ പാരായണം കേള്‍ക്കുമ്പോള്‍ കരയുന്ന വിശ്വാസികളെ ചരിത്രത്തിലും വര്‍ത്തമാനത്തിലും നമുക്ക് കാണാനാവും. സുഫ്‌യാനുസ്സൗരി(റ) പറയുന്നു: ജീവിതത്തില്‍ ഒരിക്കല്‍ അല്ലാഹുവിനെ ഓര്‍ത്ത് കരഞ്ഞാല്‍ അവന് അതുതന്നെ മതിയാകുന്നതാണ്.
ആ കണ്ണുനീര്‍ നിമിത്തം അയാള്‍ക്ക് മഹ്ശറയില്‍ അര്‍ശിന്റെ തണല്‍ ലഭിക്കും. അര്‍ശിന്റെ തണല്‍ ലഭിക്കുന്ന ഏഴു വിഭാഗത്തില്‍ ഒറ്റക്കിരുന്ന് അല്ലാഹുവിനെ ഓര്‍ത്ത് കണ്ണുനീരൊഴുക്കിയ വ്യക്തിയുമുണ്ട്.
തിര്‍മിദിയും നസാഇയും(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. റസൂല്‍(സ) പറഞ്ഞു: പാല്‍ അകിടിലേക്ക് തിരിച്ചു കയറുന്നതുവരെ അല്ലാഹുവിനെ ഭയന്ന് കരഞ്ഞ വ്യക്തിയെ നരകം സ്പര്‍ശിക്കില്ല.
അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു തുള്ളികളുണ്ട്. ഒന്ന്, അല്ലാഹുവിനെ ഭയന്നൊഴുകിയ കണ്ണീര്‍തുള്ളി. മറ്റൊന്ന്, അല്ലാഹുവിന്റെ മാര്‍ഗത്തിലൊഴുക്കിയ രക്തത്തുള്ളി (തിര്‍മിദി).
ഇലാഹിലേക്കുള്ള ചവിട്ടടികള്‍
അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ച് ആരാധനകള്‍ക്കു വേണ്ടി നടന്നുപോകുന്ന ഓരോ ചവിട്ടടികള്‍ക്കും പ്രതിഫലമുണ്ട്. തിര്‍മിദി നിവേദനം ചെയ്ത ഹദീസില്‍ കാണാം. യസീദ് ഇബ്‌നു അബീ മര്‍യം പറയുന്നു: വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനു വേണ്ടി നടന്നു പോകുന്ന സമയത്ത് ഞാന്‍ ഇബ്‌നു രിഫാഅതിനെ(റ) കണ്ടു. അദ്ദേഹം എന്നോട് പറഞ്ഞു: “സന്തോഷിക്കൂ, നിന്റെ ചവിട്ടടികള്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലാണ്. അബൂ അബ്ബാസ് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. റസൂല്‍(സ) പറഞ്ഞു: അല്ലാഹുവിന്റെ വഴിയില്‍ വെച്ച് പൊടിപുരണ്ട കാല്‍ നരകത്തില്‍ പ്രവേശിക്കില്ല.’
അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ഓരോ ചവിട്ടടികളും നരകത്തില്‍ നിന്ന് സംരക്ഷിക്കുന്നുണ്ട്. പള്ളിയിലേക്കുള്ള നടത്തം, പ്രത്യേകിച്ചും ജുമുഅ നിസ്‌കാരത്തിന്, മതപ്രചാരണം, റിലീഫ്, സാന്ത്വന പ്രവര്‍ത്തനങ്ങള്‍, രോഗിയെ സന്ദര്‍ശിക്കുക, മയ്യിതിനെ അനുഗമിക്കുക തുടങ്ങിയ സദ്പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള നടത്തമെല്ലാം നരകത്തില്‍ നിന്നുള്ള സുരക്ഷയാണ്.
സദ്‌സ്വഭാവം
റസൂല്‍(സ) പറഞ്ഞു: സ്വഭാവം മൃദുലവും സൗമ്യവുമായവര്‍ക്ക് അല്ലാഹു നരകം നിഷിദ്ധമാക്കിയിരിക്കുന്നു (ഹാകിം).
സദ്‌സ്വഭാവം നരകത്തില്‍ നിന്നുള്ള സുരക്ഷയാണ്. റസൂലിന്റെ(സ) സ്വഭാവം വളരെ മൃദുലവും സൗമ്യവുമായിരുന്നു. റസൂലിന്റെ(സ) സവിധത്തില്‍ ഇഹലോകത്തെ കുറിച്ച് സംസാരിച്ചാല്‍ റസൂല്‍(സ) അവരുടെ കൂടെ സംസാരിക്കും. അവര്‍ പരലോകത്തെ കുറിച്ച് സംസാരിച്ചാല്‍ റസൂലും(സ) സംസാരം പരലോകത്തെ കുറിച്ചാക്കും. അവര്‍ ഭക്ഷണകാര്യങ്ങളാണ് സംസാരിക്കുന്നതെങ്കില്‍ റസൂലിന്റെ(സ) സംസാരവും ഭക്ഷണത്തെ കുറിച്ചാകും (ഫൈളുല്‍ ഖദീര്‍).
തൗബ സൂറത്തില്‍ അല്ലാഹു റസൂലിനെ(സ) കുറിച്ച് പറഞ്ഞത് “സത്യവിശ്വാസികളോട് വളരെ ആര്‍ദ്രനും ദയാലുവുമാണ്’ എന്നാണ്.
ജനങ്ങളോടുള്ള ഇടപെടലുകള്‍ സൗമ്യമാവണം. മുഖപ്രസന്നതയോടെ സമീപിക്കാനാകണം. സുഹൃത്തിനോടുള്ള പുഞ്ചിരിക്ക് ദാനം ചെയ്ത പ്രതിഫലമുണ്ട്. ആരോടും ദേഷ്യവും വെറുപ്പും ഉണ്ടാകരുത്. മധുരമായി സംസാരിക്കണം. നല്ല മനസായിരിക്കണം. സുഹൃത്ത് ക്ഷോഭ്യനായാല്‍ പോലും നീ മയത്തിലാകണം. ഓര്‍ക്കുക ഈ സ്വഭാവങ്ങള്‍ നരകരക്ഷയാണ്.
പെണ്‍കുട്ടികളെ സംരക്ഷിക്കൂ
റസൂല്‍(സ) പറഞ്ഞു: മൂന്നു പെണ്‍മക്കളെ, അല്ലെങ്കില്‍ മൂന്നു സഹോദരിമാരെ, നന്നായി പരിപാലിച്ചു സംരക്ഷിക്കുന്നത് നരകത്തില്‍ നിന്നുള്ള രക്ഷയാണ് (ബൈഹഖി).
ഇമാം അഹ്മദും ഇബ്‌നു മാജയും നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസില്‍ കാണാം. റസൂല്‍(സ) പറഞ്ഞു: മൂന്ന് പെണ്‍മക്കള്‍ക്ക് ഭക്ഷണവും വെള്ളവും വസ്ത്രവും നല്‍കി നന്നായി പരിപാലിച്ചാല്‍, അതയാള്‍ക്ക് അവസാന നാളില്‍ നരകത്തില്‍ നിന്നുള്ള മറയായിരിക്കും.
സ്വന്തം മക്കള്‍ക്ക്, സഹോദരങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോഴും അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ആഗ്രഹിക്കണം. അവരുടെ സംരക്ഷണത്തിനും പരിപാലനത്തിനും വേണ്ടി സമയം ചെലവഴിക്കണം. അല്ലാഹുവിന്റെ പ്രീതിയല്ലാതെ, ജനങ്ങള്‍ക്കിടയില്‍ വലിയ നിലവാരം ഉണ്ടാവുക, എല്ലാവരും അറിയുന്നവരാവുക തുടങ്ങിയ ഭൗതിക ലക്ഷ്യത്തിലാകരുത്. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനു നല്‍കുന്ന പ്രധാന്യത്തില്‍ നിന്ന് അവന്റെ മനസിന്റെ ലക്ഷ്യം വായിച്ചെടുക്കാനാവും. മതപരമായ കാര്യങ്ങള്‍ക്കും ഖുര്‍ആന്‍ പഠനങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുകയും വേഷത്തിലും സ്വഭാവത്തിലും പെരുമാറ്റത്തിലും മതപരമായ ശിക്ഷണത്തിന് പ്രാധാന്യം നല്‍കുന്നുവെങ്കില്‍ അല്ലാഹുവിന്റെ പ്രീതിയാണ് ലക്ഷ്യം വെക്കുന്നതെന്ന് മനസിലാക്കാനാവും. ഭൗതികമായ വിദ്യാഭ്യാസത്തിനു വേണ്ടി മതവിദ്യാഭ്യാസം ഒഴിവാക്കുകയോ മറ്റോ ചെയ്യുന്നുണ്ടെങ്കില്‍ തിരിച്ചും മനസിലാക്കാം. നിന്റെ സംരക്ഷണയില്‍ കഴിയുന്നവര്‍ക്ക് നീ മികച്ച സംരക്ഷണം ഒരുക്കുന്നുവെങ്കില്‍ നിന്നെ സംരക്ഷിക്കുന്ന നാഥന്‍ നിന്നെ മികച്ച രീതിയില്‍ സംരക്ഷിക്കും.
നാഥസ്മരണയിലായുള്ള ഇരുത്തം
സുബ്ഹി നിസ്‌കാരത്തിനു ശേഷം സൂര്യോദയം വരെ നിസ്‌കാര സ്ഥലത്തിരുന്ന് ഇലാഹീ സ്മരണയില്‍ കഴിയുന്നവര്‍ക്ക്, അല്ലെങ്കില്‍ അസര്‍ നിസ്‌കാര ശേഷം സൂര്യാസ്തമയം വരെ ഇരിക്കുന്നവര്‍ക്ക് നരകത്തില്‍ നിന്ന് മോചനമുണ്ട്.
അബൂദാവൂദ് നിവേദനം ചെയ്ത ഹദീസില്‍ കാണാം. റസൂല്‍(സ) പറഞ്ഞു: “പ്രഭാത നിസ്‌കാര ശേഷം സൂര്യോദയം വരെ ഇലാഹീ സ്മരണയില്‍ കഴിയുന്നതാണ് ഇസ്മാഈല്‍ കുടുംബത്തിലെ നാല് അടിമകളെ മോചിപ്പിക്കുന്നതിനെക്കാള്‍ മഹത്തരമെന്ന് ഞാന്‍ കരുതുന്നു. അസര്‍ നിസ്‌കാരശേഷം സൂര്യാസ്തമയം വരെ ഇലാഹീ സ്മരണയില്‍ കഴിയുന്നതാണ് നാല് അടിമകളെ മോചിപ്പിക്കുന്നതിനെക്കാള്‍ പ്രതിഫലമുള്ളത്.’
ഇമാം അഹ്മദും ഇതേ ആശയമുള്ള ഹദീസുകള്‍ നിവേദനം ചെയ്തിട്ടുണ്ട്.
അടിമകളെ മോചിപ്പിക്കുന്നത് നരകത്തില്‍ നിന്നുള്ള മോചനത്തിന് നിദാനമാണ്. അടിമകളെ മോചിപ്പിക്കുന്നതിനെക്കാള്‍ പ്രതിഫലമുണ്ടാകുമ്പോള്‍ നരകമോചനം ഉറപ്പാണ്.
കടം കൊടുക്കല്‍
ഭൗതിക ജീവിതത്തില്‍ പലപ്പോഴും വിശ്വാസികള്‍ പ്രയാസം നേരിടും. ആവശ്യമായ പണം ഇല്ലാതെ ബുദ്ധിമുട്ടിലാവും. അപ്പോള്‍ പണം കൈയിലുള്ള വിശ്വാസികള്‍ സഹായിക്കണം. ദാനമായിട്ടോ കടമായിട്ടോ നല്‍കാം. വിശ്വാസി കടം ആവശ്യപ്പെട്ടാല്‍ നല്‍കണം. ലുബ്ധത കാണിക്കരുത്. അത് നരകത്തില്‍ നിന്നുള്ള സുരക്ഷയാണ്.
റസൂല്‍(സ) പറഞ്ഞു: വിശ്വാസിക്ക് കടം നല്‍കി സഹായിക്കുന്നത് അടിമയെ മോചിപ്പിക്കുന്നതിന് തുല്യമാണ്. കടം നല്‍കുന്നതിന് പാതി ദാനം നല്‍കിയ പ്രതിഫലമുണ്ടെന്ന് കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാം.
അഭിമാന സംരക്ഷണം
റസൂല്‍(സ) പറഞ്ഞു: വിശ്വാസിയുടെ അഭാവത്തില്‍ അവന്റെ അഭിമാനം സംരക്ഷിക്കുന്നവനെ അല്ലാഹു നരകത്തില്‍ നിന്ന് മോചിപ്പിക്കുന്നതാണ്.
ഈ ഹദീസ് നോക്കുക. “വിശ്വാസിയുടെ അഭാവത്തില്‍’ എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധിക്കുക. ആളുകള്‍ സംഘം ചേര്‍ന്നാല്‍ ഉണ്ടാവുന്ന വിപത്തുകള്‍ ആലോചിക്കണം. കൂട്ടത്തിലില്ലാത്തവന്റെ കുറ്റവും കുറവുകളുമായിരിക്കും ചര്‍ച്ചയുടെ മര്‍മം. അവന്റെ സദ്പ്രവര്‍ത്തനങ്ങളെ നിസാരമാക്കിയും മോശമായ പ്രവര്‍ത്തനങ്ങളെ പര്‍വതീകരിച്ചുമാകും സംസാരങ്ങളൊക്കെയും. ഏഷണിയും പരദൂഷണവുമാവും മുഖമുദ്ര. അവിടെ, അപരന്റെ അഭിമാനത്തിനു ക്ഷതം സംഭവിക്കുന്ന പ്രവര്‍ത്തനങ്ങളോ വാക്കുകളോ സംഭവിക്കാതെ അഭിമാനം സംരക്ഷിക്കുന്നവന് അല്ലാഹു നല്‍കിയ പ്രതിഫലമാണ് നരകമോചനം.
നോമ്പ്
നരകമോചനത്തിന്റെ നിദാനങ്ങളിലൊന്നാണ് നോമ്പ്. പിഴവ് കാരണം സംഭവിച്ച കൊലപാതകത്തിന് നഷ്ടപരിഹാരം കൊടുക്കുമ്പോഴോ, വലിയ തെറ്റുകള്‍ക്കോ മറ്റോ പ്രായശ്ചിത്തം നല്‍കുമ്പോഴോ, അടിമയെ മോചിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ നോമ്പു നോല്‍ക്കാമെന്ന മറുവഴി കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലെല്ലാം കാണാം. അടിമയെ മോചിപ്പിക്കുന്നതിനോട് തുല്യമോ അതിനടുത്തോ ഈ നോമ്പ് പരിഹാരമാകുന്നു എന്നാണല്ലോ അതിന്റെ അര്‍ഥം. അടിമ മോചനം നരകമോചനത്തിന് നിദാനവുമാണ്. പരിപൂര്‍ണമായ രീതിയില്‍ ശാരീരികവും മാനസികവും ആത്മീയവുമായി നോമ്പനുഷ്ഠിക്കുന്നവര്‍ക്ക് ഈ പ്രതിഫലം ലഭ്യമാകും.
ഭക്ഷണം നല്‍കല്‍
ഭക്ഷണം മനുഷ്യന്റെ പ്രാഥമിക ആവശ്യമാണ്. ഒഴിച്ചുകൂടാനാവാത്തതാണ്. അമിതമായ വിശപ്പ് ജീവനഷ്ടത്തിനു കാരണമാകും. പാവങ്ങള്‍ക്കും ദരിദ്രര്‍ക്കും ഭക്ഷണം നല്‍കുന്നത് പ്രായശ്ചിത്തത്തിന്റെ ഇനങ്ങളിലുള്ളതാണ്. അതിനാല്‍ അടിമമോചനത്തിന്റെ അതേ പ്രതിഫലമോ അതിനടുത്ത പ്രതിഫലമോ ലഭ്യമാകുമെന്ന് ഗ്രഹിക്കാം. ഭക്ഷണം നല്‍കുന്നത് വലിയ പ്രതിഫലമുള്ള നന്മയായിട്ടാണ് ഇസ്‌ലാം കണക്കാക്കിയിട്ടുള്ളത്. റസൂലിനോട്(സ) ഒരാള്‍ ചോദിച്ചു: ഇസ്‌ലാമില്‍ ഏറ്റവും മുന്തിയ പ്രവര്‍ത്തനമേതാണ്? റസൂല്‍(സ) പറഞ്ഞു: ഭക്ഷണം നല്‍കലും അറിയുന്നവരോടും അറിയാത്തവരോടും സലാം പറയലുമാണ്.
മറ്റൊരു സന്ദര്‍ഭത്തില്‍ ഇതേ ചോദ്യത്തിന് റസൂലിന്റെ മറുപടി ത്വബ്‌റാനി ഉദ്ധരിക്കുന്നുണ്ട്: നിന്റെ സന്തോഷത്തില്‍ വിശ്വാസിയെ പങ്കെടുപ്പിക്കുക, അവന്റെ വിശപ്പടക്കുക, നഗ്നത മറക്കുക, ആവശ്യങ്ങള്‍ വീട്ടുക.
അബുശ്ശൈഖ് ഇബ്‌നു ഹിബ്ബാന്‍ ഉദ്ധരിക്കുന്ന ഹദീസിലുണ്ട്. റസൂല്‍(സ) പറഞ്ഞു: ഭക്ഷണം കൊടുക്കുന്നവനാണ് നിങ്ങളില്‍ ഏറ്റവും മഹത്വമുള്ളവന്‍.
നിരന്തര പ്രാര്‍ഥന
വിശ്വാസിയുടെ പ്രധാന ആയുധം പ്രാര്‍ഥനയാണ്. ലക്ഷ്യപൂര്‍ത്തീകരണത്തിനുള്ള വഴിയാണ് പ്രാര്‍ഥന. നരകമോചനത്തിനുള്ള നിരന്തരപ്രാര്‍ഥന അല്ലാഹു സ്വീകരിക്കും. എപ്പോഴെങ്കിലുമുള്ള പ്രാര്‍ഥനയല്ല. നിരന്തരമായ പ്രാര്‍ഥന വേണം. മനസില്‍ അതിയായ ആഗ്രഹമുണ്ടാകുമ്പോഴേ നിരന്തരമായും ആത്മാര്‍ഥമായും പ്രാര്‍ഥിക്കാനാവൂ. ആ പ്രാര്‍ഥന ഉടമയായ റബ്ബ് കേള്‍ക്കാതിരിക്കില്ല. അതുകൊണ്ടാണ് റമളാനിലെ അവസാനത്തെ പത്തില്‍ നരകമോചനത്തിനായി വിശ്വാസി നിരന്തര പ്രാര്‍ഥന പതിവാക്കുന്നത്.
എം കെ അന്‍വര്‍ ബുഖാരി
You must be logged in to post a comment Login