ഫാഷിസത്തിന്റെ പ്രച്ഛന്നരൂപമായ ഭൂരിപക്ഷാധിപത്യ-കപട ഹിന്ദു ദേശീയവാദത്തെ ഇന്ത്യ കെട്ടിപ്പുണരുമ്പോള്‍ ഫാഷിസം എന്ന പദമുപയോഗിക്കുന്നതില്‍ ലിബറലുകളും കമ്മ്യൂണിസ്റ്റുകളുമൊക്കെ വിപ്രതിപത്തി കാട്ടുന്നുണ്ട്. ആര്‍ എസ് എസ് സൈദ്ധാന്തികര്‍ ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും കടുത്ത ആരാധകരാണ്. ഹിറ്റ്‌ലര്‍ മഹാനായ ലോകനേതാവായിരുന്നെന്ന് ഇവിടുത്തെ പാഠപുസ്തകത്തില്‍ എഴുതിവച്ചിട്ടുപോലുമുണ്ട്. ഫാഷിസം ഫാഷിസമാകുന്നത് ഒരു നാട് തകര്‍ക്കപ്പെട്ടതിനു ശേഷവും ശതലക്ഷക്കണക്കിനാളുകള്‍ ഗ്യാസ് ചേംബറുകളില്‍ ശ്വാസംമുട്ടി മരിച്ചുകഴിഞ്ഞതിനു ശേഷവും മാത്രമാണെന്ന് വിശ്വസിക്കുന്നവരും കൊടും കുറ്റകൃത്യങ്ങളിലേക്ക് നിയമിച്ചതോ നയിക്കപ്പെടുന്നതോ ആയ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് ഫാഷിസമെന്ന് അംഗീകരിക്കുന്നവരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാകും. അത്തരം വലിയ കുറ്റങ്ങളെ താങ്ങുന്നവരും ഫാഷിസ്റ്റുകള്‍ തന്നെയാണ്. കാരണം ഫാഷിസ്റ്റുകള്‍ക്ക് മാത്രമേ ഫാഷിസത്തെ അംഗീകരിക്കാനും ന്യായീകരിക്കാനും ഉൾക്കൊള്ളാനുമാവൂ.
ഫിക്ഷനോളം തന്നെ പഴക്കമുള്ളതാണ് വ്യാജവാര്‍ത്തകളും. രണ്ടും ചിലപ്പോള്‍ ഒന്നിച്ചുണ്ടായതുമാവാം. വ്യാജവാര്‍ത്തകള്‍ അസ്ഥികൂടം മാത്രമാണ്: ഫാഷിസം അതിന്‍മേലുള്ള എടുപ്പുകളും. വ്യാജചരിത്രമാണ് ഇതിനെ നിലയുറപ്പിച്ചു നിര്‍ത്തുന്നത്. വ്യാജവാര്‍ത്തകളുടെ പഴയരൂപം വ്യാജചരിത്രമാണ്. ചരിത്രത്തെ പുരാണമായും പുരാണത്തെ ചരിത്രമായും മാറ്റുന്ന വീരശൂരത്വവും അതിശയോക്തി കലര്‍ത്തുന്ന ഇരവാദവുമെല്ലാം ചരിത്രപണ്ഡിതര്‍ പണ്ടേ തള്ളിക്കളഞ്ഞതാണ്. അതാണിപ്പോഴും കപട ഹിന്ദു ദേശീയവാദികള്‍ തലയിലേന്തി നടക്കുന്നത്. ഇതൊക്കെ കണ്ടും കേട്ടും നാം ചിരിക്കുമ്പോള്‍ ഈ വ്യാജചരിത്ര നിർമിതി വ്യാപിക്കുകയും മസ്തിഷ്‌കാര്‍ബുദം കണക്കെ പടര്‍ന്ന് ജനഭാവനയില്‍ വിടര്‍ന്ന് പുഷ്പിച്ച് കായ്ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നു.
ഹിന്ദു ദേശീയവാദത്തിന്റെ അടിസ്ഥാനശില ബ്രാഹ്മണിസമാണ്. അതാകട്ടെ വര്‍ണവ്യവസ്ഥയില്‍ അധിഷ്ഠിതവുമാണ്. ലംബമാനമായ സാമൂഹിക േശ്രണീകരണമാണ് അതിനുള്ളത്. അതിലെ ഉയര്‍ച്ച താഴ്ചകളും ശുദ്ധാശുദ്ധ സങ്കല്പങ്ങളും തൊഴില്‍ വിഭജനവുമെല്ലാം ദൈവദത്തമാണെന്ന് കാലങ്ങളിലൂടെ ഉറപ്പിക്കപ്പെട്ടിട്ടുണ്ട്. വിശുദ്ധിയുടെ മൂര്‍ത്തീഭാവമായി കരുതപ്പെടുന്ന ബ്രാഹ്മണന്‍ ആ ശ്രേണിയുടെ ഏറ്റവും മുകളില്‍ നിലയുറപ്പിച്ചിരിക്കുന്നു. ഏറ്റവും താഴെ ദളിതരും മറ്റു അധഃസ്ഥിത വിഭാഗങ്ങളും; നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന വിവേചനങ്ങളാല്‍ സാമൂഹികമായും സാമ്പത്തികമായും തകര്‍ന്നുപോയവര്‍. എന്നാല്‍ ഏകശിലാ രൂപിയല്ല ഈ സാമൂഹിക ശ്രേണീകരണം. നിരവധിചെറുവിഭാഗങ്ങളുടെ അടരുകള്‍ അതിനിടയില്‍ കിടക്കുന്നു. സമത്വം, സാഹോദര്യം, ലിംഗനീതി എന്നിവയുടെ തത്വങ്ങളൊന്നും വർണവ്യവസ്ഥയില്‍ പാലിക്കപ്പെടാറില്ല. മനുഷ്യരില്‍ ചിലര്‍ മറ്റു മനുഷ്യരില്‍ നിന്ന് ഉയര്‍ന്നവരാണെന്നും ചിലര്‍ താഴ്ന്നവരാണെന്നും അത് ദൈവകല്‍പിതമാണെന്നും കരുതുന്ന ആശയം ഫാഷിസത്തിന്റെ ആശയലോകത്തോട് അടുത്തുകിടക്കുന്നതാണെന്ന് എളുപ്പത്തില്‍ മനസ്സിലാകും. ബ്രാഹ്മണിസത്തിന്റെ സ്വേച്ഛാധിപത്യത്തില്‍ നിന്നുള്ള മോചനത്തിനായി ദളിതര്‍ അടക്കമുള്ള പിന്നാക്കജാതിക്കാര്‍ ഇസ്‌ലാം, സിഖ്, ക്രിസ്ത്യന്‍, ബുദ്ധമതം എന്നിവയിലേക്ക് മത പരിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഹിന്ദു മതത്തിന്റെ ഭൂരിപക്ഷാധിപത്യവും ന്യൂനപക്ഷ പീഡനവുമൊക്കെ ജാതിവർണ വ്യവസ്ഥയുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്.
ഇപ്പോഴും ജാതി എന്നത് ഇന്ത്യന്‍ സമൂഹത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്ന യന്ത്രമായി, യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുകയാണ്. ജാതിയെന്ന യാഥാർത്ഥ്യത്തെ തീര്‍ത്തും മറച്ചുപിടിച്ചുകൊണ്ട് ഇന്ത്യയെക്കുറിച്ച് ശക്തമായ സങ്കല്‍പം രൂപീകരിക്കാന്‍ ഇവിടുത്തെ എഴുത്തുകാര്‍ക്കും ചിന്തകര്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കുമൊക്കെ കാലങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്. സ്വദേശത്തും വിദേശത്തും അതിന് വലിയ സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്. അതിലൊക്കെയും ജാതി ഒരു അടിക്കുറിപ്പിലൊതുങ്ങുകയോ മറ്റുചിലപ്പോള്‍ മറിഞ്ഞു പോകുകയോ ചെയ്യുന്നു. ഇതിനെ വ്യാജചരിത്രം എന്നേ വിളിക്കാനാവൂ. കാഴ്ചകളെ മറയ്ക്കുന്ന ബൃഹദ് പദ്ധതി.
സര്‍ക്കാര്‍ ധനസഹായം കൂടി സമാഹരിച്ച് റിച്ചാര്‍ഡ് ആറ്റന്‍ബറോ നിര്‍മിച്ച് സംവിധാനം ചെയ്ത “ഗാന്ധി’ എന്ന ഓസ്‌കാര്‍ ചിത്രം ഇതിന് നല്ല ഉദാഹരണമാണ്. ദക്ഷിണാഫ്രിക്കയിലെ ഗാന്ധിയുടെ ജീവിതത്തെക്കുറിച്ചും കറുത്ത വര്‍ഗക്കാരോട് അദ്ദേഹത്തിനുണ്ടായിരുന്ന മനോഭാവത്തെക്കുറിച്ചും തികച്ചും തെറ്റായ വിവരങ്ങളാണതില്‍ നല്‍കിയിരിക്കുന്നത്. അംബേദ്കറെ ചിത്രത്തില്‍ പൂർണമായും അവഗണിക്കുകയും ചെയ്തു. ഖേദകരമാണിത്. ഗാന്ധിയെപ്പോലെയോ അതിലധികമോ വിഗ്രഹവത്കരിക്കപ്പെടാവുന്ന നേതാവായിരുന്നു അംബേദ്കര്‍. ധാര്‍മികമായും രാഷ്ട്രീയമായും ബുദ്ധിപരമായും ഗാന്ധിയെ വെല്ലുവിളിച്ച വ്യക്തിയാണ് അംബേദ്കര്‍. ഹിന്ദുമതത്തെയും അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ജാതി വിവേചനത്തെയും ശക്തമായി അപലപിച്ചിട്ടുള്ളയാളാണ് അദ്ദേഹം. ഹിന്ദുമതത്തെ ഉപേക്ഷിച്ച് ബുദ്ധമതത്തിലേക്കുള്ള വഴി ദളിതര്‍ക്ക് കാണിച്ചുകൊടുത്തത് അംബേദ്കറാണ്. അസാധാരണ വ്യക്തിത്വത്തിന്റെ ഉടമകളായിരുന്നു ഗാന്ധിയും അംബേദ്കറും.
അവര്‍ തമ്മിലുള്ള ആശയഭിന്നത നമ്മുടെ കാലഘട്ടത്തിന്റെ ചിന്തകളെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. വലതുപക്ഷ ഹിന്ദുത്വവാദികളുടെ പല ആശയങ്ങളോടും ഗാന്ധിക്ക് അഭിപ്രായൈക്യമാണുണ്ടായിരുന്നതെങ്കിലും ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കുള്ള സ്ഥാനത്തെക്കുറിച്ച് അവര്‍ക്കുള്ള അഭിപ്രായമല്ല ഗാന്ധിക്കുണ്ടായിരുന്നത്. ഗംഭീരവും അതേസമയം വ്യാജവുമായ രീതിയില്‍ ഗാന്ധിയെ ചിത്രീകരിച്ചതിനും കോടികള്‍ മുടക്കി കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ ഒത്താശയോടെ നിർമിച്ച സിനിമയില്‍ അംബേദ്കറെ തേച്ചുമാച്ചു കളഞ്ഞതിനും അര്‍ഥമെന്താണ്? ഗാന്ധിയെക്കുറിച്ചും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെക്കുറിച്ചുമുള്ള ആശയങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നത് ഇപ്പോഴും ഇങ്ങനെയൊക്കെയാകുന്നത് എന്തുകൊണ്ട്? ഈ ചലച്ചിത്രം പഴക്കമുള്ളതാണ്: സമ്മതിക്കാം. പക്ഷേ, ഇക്കാര്യത്തില്‍ എന്തു തിരുത്തല്‍ നടപടിയാണ് പിന്നീട് കൈകൊണ്ടിട്ടുള്ളത്? കബീര്‍, രവിദാസ്, അംബേദ്കര്‍, പെരിയോര്‍, അയ്യങ്കാളി, രാമഭായ്, ജ്യോതിബാഫൂലെ, സാവിത്രിബായ് ഫൂലെ എന്നിവരെക്കുറിച്ചും വര്‍ഷങ്ങളായി ജാതിക്കെതിരെ പോരാടിയവരെക്കുറിച്ചുമുള്ള ചരിത്രം ബ്രിട്ടീഷുകാര്‍ ചരിത്രപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് ഇന്ത്യന്‍ ലിബറലുകള്‍ പരിതപിക്കുന്നതുകാണാം. എന്നാല്‍ ജാതി സമ്പ്രദായത്തെ അപലപിക്കുന്ന കാര്യത്തില്‍ ഇതേ തെറ്റ് അവര്‍ ആവർത്തിക്കുന്നത് ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്യുന്നു.
ആഫ്രിക്കയിലെ കറുത്ത വർഗക്കാരായ തൊഴിലാളികളും ഇന്ത്യയില്‍ നിന്നുള്ള ഉന്നതകുലജാതരായ ഹിന്ദുക്കളും ഒരുമിച്ച് ഒരേ തീവണ്ടിയില്‍ യാത്രചെയ്യുന്നതിനെ അനുകൂലിക്കാന്‍ ദക്ഷിണാഫ്രിക്കയിലുണ്ടായിരുന്ന ഗാന്ധിക്ക് കഴിഞ്ഞില്ല. 1884-ല്‍ നതാന്‍ ലജിസ്റ്റേറ്റീവിന് അദ്ദേഹമെഴുതുന്ന തുറന്ന കത്തില്‍ ഇന്ത്യക്കാരും ഇംഗ്ലീഷുകാരും ഇന്‍ഡോ-ആര്യന്‍ കുടുംബത്തില്‍ പെട്ടവരാണെന്ന് അദ്ദേഹം എടുത്തു പറയുന്നുണ്ട്. സവര്‍ണ ഹിന്ദുക്കളായ പലരുടെയും ഇപ്പോഴത്തെ വിചാരവും ഇതൊക്കെത്തന്നെയാണ്. ലോകത്തെ കീഴടക്കാന്‍ പോന്ന ആര്യ വംശത്തിന്റെ ഭാഗമാണെന്നഭിമാനിച്ചുകൊണ്ടാണവര്‍ ജീവിക്കുന്നത്. വെളുത്ത ചർമത്തോടുള്ള അഭിനിവേശമായും കറുത്ത ചർമത്തോടുള്ള വെറുപ്പായും ഈ തറവാടിത്തഘോഷണം ചെന്നെത്തിയിട്ടുണ്ട്. “എന്നാല്‍ പിന്നെ മുസ്‌ലിംകളോ?’ എന്ന ചോദ്യം വരുമ്പോള്‍ അവര്‍ പെട്ടെന്ന് പ്ലേറ്റ് മാറ്റും. ഭാരതഭൂമിയുടെ മക്കളായി അവര്‍ അതിവേഗം രൂപാന്തരപ്പെടും. ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും വിദേശികളായി പരിഗണിക്കുകയും ചെയ്യും.
ഇവര്‍ക്ക് മുസ്‌ലിംകള്‍ എന്നും “ആഭ്യന്തര ശത്രു’ക്കളാണ്. മുസ്‌ലിംകളുടെ കൂറ് ഇന്ത്യയ്ക്ക് പുറത്താണെന്ന് അവര്‍ അത്യധികമായി പ്രചരിപ്പിക്കുകയും ചെയ്യും. നാം സ്വീകരിച്ചിരുത്തേണ്ട അതിഥികളാണ് മുസ്‌ലിംകളെന്ന് കരുതുന്ന “നല്ലമനസ്സുള്ള’ ലിബറലുകളും ഇവിടുണ്ട്. അപ്പോഴും അതിഥികളുടെ പരിഗണനയാണവർക്ക്. അതിഥികൾ എന്ന ഭാരവുംപേറി ഒരു രാജ്യത്തെ പൗരന്മാര്‍ക്ക് ജീവിക്കേണ്ടിവരുന്നത് ചിന്തിച്ചു നോക്കൂ. നല്ല അമ്മമാരും ഭാര്യമാരും സഹോദരികളും പുത്രികളുമായി ജീവിക്കുകയാണെങ്കില്‍ സ്ത്രീകളുടെ അവകാശങ്ങളെല്ലാം തന്നേക്കാമെന്ന് സ്ത്രീകളോട് പറയുന്നത് പോലെയാണിത്.
മുസ്‌ലിംകളുടെ ദേശാഭിമാനത്തെ എടുത്തുപറയുന്നതിലൂടെ പുരോഗമന വാദികള്‍പോലും ഒരുതരം മുസ്‌ലിം വിരുദ്ധതയാണ് പ്രകടിപ്പിക്കുന്നത്. മുസ്‌ലിംകളടക്കമുള്ള ചില ലിബറലുകളുടെ അഭിപ്രായത്തില്‍ മുസ്‌ലിംകള്‍ ആകസ്മികമായി ഇന്ത്യയിലേക്ക് വന്നവരല്ല: അവര്‍ ഇന്ത്യയെ തിരഞ്ഞെടുത്തതാണ്. ചാന്‍സല്ല ചോയിസായിരുന്നത്. നിഷ്‌കളങ്കമായ ഒരഭിപ്രായമാണിതെന്ന് തോന്നിയേക്കാം. വലിയൊരു അപകടം ഇതില്‍ പതിയിരിക്കുന്നുണ്ട്. 1947നു ശേഷം അവര്‍ക്ക് പാകിസ്ഥാനിലേക്ക് പോകാമായിരുന്നിട്ടും ഇന്ത്യയില്‍ തുടരാനാണവര്‍ ആഗ്രഹിച്ചത് എന്നാണീ വാദഗതി നല്‍കുന്ന സൂചന. ചിലര്‍പോയി ചിലര്‍ പോയില്ല. ചിലര്‍ക്ക് പോകാനാകുമായിരുന്നില്ല. ഇഷ്ടാനുസാരം തിരഞ്ഞെടുത്തതാണ് ഇന്ത്യയെന്നു പറയുന്നവര്‍ ഇവിടുത്തുകാരല്ലെന്ന്, ഈ മണ്ണുമായി ബന്ധമില്ലാത്തവരാണെന്നാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയിലല്ലാതെ മറ്റെവിടെയും അവര്‍ക്ക് താമസിക്കാന്‍ കഴിയുമായിരുന്നുവെന്നുകൂടി ഈ പ്രയോഗം ധ്വനിപ്പിക്കുന്നു. “നല്ല മുസ്‌ലിം’ “ചീത്ത മുസ്‌ലിം’ എന്ന ദ്വന്ദ കല്‍പനയിലേക്ക് നേരിട്ടു നയിക്കുന്നു ഈ ആശയങ്ങള്‍. “ദേശാഭിമാനിയായ മുസ്‌ലിം’ “ജിഹാദിയായ മുസ്‌ലിം’ എന്നിങ്ങനെയുള്ള ഭേദകല്പനകള്‍ ഒരു ജനതയ്ക്കുമേല്‍ ചാര്‍ത്തുന്നതിലൂടെ അവരില്‍ വലിയ പാപമാണ് അടിച്ചേല്‍പ്പിക്കുന്നത്. ജീവിതകാലം മുഴുവന്‍ പതാകയുയര്‍ത്തലും ഭരണഘടന ഉയര്‍ത്തിപ്പിടിക്കലുമായി ഒരു ജനതയ്ക്ക് കഴിയേണ്ടിവരുന്ന അവസ്ഥയാണ് ഇത് സൃഷ്ടിക്കുന്നത്. “മുസ്‌ലിംകള്‍ക്ക് ലോകത്തെവിടെയും പോകാം. അവര്‍ക്ക് എല്ലായിടത്തും മാതൃരാജ്യമുണ്ട്.ഹിന്ദുക്കള്‍ക്ക് ഒരിന്ത്യ മാത്രമേയുള്ളൂ’ എന്നതാണ് ഹിന്ദു ദേശീയ വാദികള്‍ എപ്പോഴും ഉന്നയിക്കുന്ന വാദം. ഹിന്ദു ദേശീയവാദത്തെ എതിര്‍ക്കുന്ന ആര്‍ക്കെതിരെയും എളുപ്പം പ്രയോഗിക്കാവുന്ന ഒരു മന്ത്രമായിത്തീരുന്നു “പാകിസ്ഥാനിലേക്ക് പോകുക’ എന്നത്.
ഭൂമിശാസ്ത്രപരമായും സാമൂഹികമായും സാംസ്‌കാരികമായും ബന്ധപ്പെട്ടുകിടക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും. “മുസ്‌ലിംകള്‍ പാകിസ്ഥാനിലേക്ക് പോകുക’ എന്ന ഹിന്ദു ദേശീയവാദികളുടെ യുക്തിയെ ഒന്ന് തിരിച്ചിട്ടുനോക്കാം. ബംഗ്ലാദേശിലും പാകിസ്ഥാനിലും ജീവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇതെങ്ങനെ പ്രയോജനപ്പെടും? ഇന്ത്യയിലെ ഹിന്ദുദേശീയ വാദവും മുസ്‌ലിം അന്യവത്കരണവും ഈ ന്യൂനപക്ഷങ്ങളെ ദോഷകരമായി ബാധിക്കും. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ പീഡനത്തിനിരയാവുന്ന അമുസ്‌ലിം-ന്യൂനപക്ഷത്തെ സ്വാഗതം ചെയ്യുന്നതായി നടിക്കുന്ന പൗരത്വ ഭേദഗതി നിയമം അവിടങ്ങളിലെ ന്യൂനപക്ഷവിഭാഗങ്ങളുടെ നില കൂടുതല്‍ പരുങ്ങലിലാക്കും-ആ രാജ്യങ്ങളില്‍ ഒരൊറ്റ മുസ്‌ലിമും പീഡിക്കപ്പെടുന്നില്ല എന്നതെറ്റായ ബോധവും ഇതുണ്ടാക്കുന്നുണ്ട്. “പാകിസ്ഥാനിലേക്ക് പോകുക’ എന്ന ഇവിടുത്തെ മുറവിളിയുടെ പ്രതികരണമായി “ഇന്ത്യയിലേക്ക് പോകുക’ എന്ന മുറവിളി അവിടങ്ങളിലും രൂക്ഷമായി വളര്‍ന്നേക്കാം. ഇത്തരത്തില്‍ ജനങ്ങളെ അസ്ഥിരപ്പെടുത്തുന്നതിന്റെ അനന്തരഫലം വംശഹത്യ തന്നെയായിരിക്കും. ഒന്നു രണ്ടു വട്ടം നമ്മളതു കണ്ടതാണ്. വിഭജനകാലത്തെ പരിഭ്രാന്തിയും രക്തച്ചൊരിച്ചിലും ഇന്നും നമ്മുടെ ഓര്‍മകളിലുണ്ട്. ഏതറ്റം വരെയും ക്രൂരത കാട്ടാന്‍ മടിക്കാത്ത ഭരണക്കാര്‍ പീഡനത്തിനിരയാകുന്ന ഹിന്ദുക്കളടക്കമുള്ള ഏതെങ്കിലും മനുഷ്യരെ വിദൂരമായെങ്കിലും സഹായിക്കുമെന്ന് കരുതാനാകില്ല. യഥാര്‍ത്ഥത്തില്‍ ഇത്തരം പ്രസ്താവനകള്‍ മത പീഡനം കൂട്ടാനേ സഹായിക്കുന്നുള്ളൂ.
ഹിന്ദു ദേശീയതയുടെ വ്യാജ ചരിത്ര നിർമിതിയിലാണ് ഇന്ത്യയില്‍ ഇന്ന് ഫാഷിസം നിലനിന്നു പോരുന്നത്. അസ്വീകാര്യമായ ആ ചരിത്ര നിർമിതി അതിനെക്കാള്‍ ആഴമുള്ളതും സമൂഹത്തിന് പൊതുവെ സ്വീകാര്യമെന്ന് തോന്നിക്കുന്നതുമായ മറ്റു ചില വ്യാജചിരിത്ര നിർമിതികളുടെ ബലത്തില്‍ നിലനില്‍ക്കുന്നതുമാണ്. അതാകട്ടെ ഇവിടുത്തെ ജാതി-ലിംഗ യാഥാർത്ഥ്യങ്ങളെ പ്രത്യക്ഷപ്പെടുത്താത്തതും വര്‍ഗത്തിന്റെയും മൂലധനത്തിന്റെയും ബൃഹദാഖ്യാനങ്ങളുടെ ഉപരിതലത്തിന് കീഴില്‍ വിഭജിതമായി കിടക്കുന്നതുമാണ്. അമിത പ്രശംസയുടെ രൂപത്തിലടക്കം വളരെ നിഗൂഢമായ രൂപത്തിലാണ് പലപ്പോഴുമിത് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലൊഴികെ മറ്റൊരിടത്തും ജാതി പ്രശ്‌നത്തെ ഇഴപിരിച്ചെടുക്കാനോ വർഗത്തിന്റെ പ്രശ്‌നമായി അതിനെ പരിഗണിക്കാനോ ആരും ശ്രമിച്ചിട്ടില്ല. ജാതിയും വർഗവും ഇന്ത്യയില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും രണ്ടും സമമല്ല. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് എന്നും തലവേദന സൃഷ്ടിച്ച വിഷയവുമാണിത്. ഫാഷിസത്തെ വെല്ലുവിളിക്കുകയെന്നാല്‍ ഇതിനെയെല്ലാം വെല്ലുവിളിക്കുക എന്നു കൂടിയാണർഥം.
നിഷ്ഠുരവും പ്രാകൃതവുമായ മട്ടില്‍ ജനങ്ങളെ നിര്‍വചിക്കുകയും സംയോജിപ്പിക്കുകയും ചെയ്യുന്ന ഇവിടുത്തെ പതിവ് നടപ്പുരീതികള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാനും ആധുനികമെന്ന് നടിക്കാനും കഴിയുമ്പോഴും മധ്യകാല ഫ്യൂഡല്‍ സമൂഹത്തിന്റെ എല്ലാ ക്രൂരതകളും സാമൂഹികഘടനയും നാമിപ്പോഴും വച്ചുപുലര്‍ത്തുകയാണ്. ആരും കാണരുതെന്നു കരുതി മൂടിവെച്ചവയെല്ലാമിപ്പോള്‍ വെളിപ്പെട്ടുകൊണ്ടിരിക്കയാണ്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഗതി ഏറെ സംഭ്രമജനകമായി മാറിക്കൊണ്ടിരിക്കയാണ്. ഇന്ത്യയും പാകിസ്ഥാനും ആണവശക്തികളായിമാറി. കശ്മീരിനെ ആണവായുധ വിസ്‌ഫോടനത്തിന് പറ്റിയ സ്ഥലമായി പരിഗണിക്കപ്പെട്ടു. ലക്ഷക്കണക്കിന് മനുഷ്യര്‍ തടങ്കല്‍ പാളയങ്ങളിലെ ഗ്യാസ് ചേംബറുകളില്‍ കൊല്ലപ്പെടുന്നതുവരെ ഫാഷിസം ഫാഷിസമായി പരിഗണിക്കേണ്ടതില്ലെന്ന് പറയുന്നതുപോലെ, ലക്ഷക്കണക്കിനുപേര്‍ മരിക്കുന്നതുവരെ ആണവ ഭീഷണിയില്ലെന്ന് ധരിക്കുന്നതും അബദ്ധമാണ്.
ഇന്ത്യയിലെ സംരക്ഷിത വിപണി അന്താരാഷ്ട്ര മൂലധനത്തിന്റെ തുറന്ന വിപണിയായി. സാമ്പത്തിക ഉദാരവത്കരണത്തിന്റെ പ്രചാരകരും ഹിന്ദുദേശീയവാദികളും ഒരേ കുതിരപ്പുറത്ത് നഗര പ്രവേശം നടത്തുന്നു. ആ കുങ്കുമവർണാങ്കിത യാഗാശ്വത്തിന്റെ പുള്ളികളൊക്കെ ഡോളര്‍ ചിഹ്നങ്ങളാണ്. വെറുപ്പിന്റെ ഈ മുള്‍പ്പടര്‍പ്പിലെ തീയണക്കാന്‍ നാം നമ്മുടെ ഊർജം മുഴുക്കെ ചെലവഴിക്കേ ഹിന്ദുവത്കരണത്തിന്റെയും നവ ഉദാരവത്കരണത്തിന്റെയും ഫലമായി മനുഷ്യരും മനുഷ്യരും തമ്മിലടിക്കുന്നു. വനങ്ങളും നദികളും ജൈവ പ്രകൃതിയും മരിക്കുന്നു. പര്‍വതങ്ങള്‍ ഇടിഞ്ഞു വീഴുന്നു. മഞ്ഞു മലകൾ ഉരുകിയിറങ്ങുന്നു. ഫലത്തില്‍ മനുഷ്യകുലത്തിന് അതിജീവിക്കാന്‍ പറ്റാത്തിടമാവുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കീഴ്‌പോട്ടു വീഴുമ്പോള്‍ രാജ്യത്തെ ഏറ്റവും സമ്പന്നരായ 63 പേരുടെ സംയോജിത സമ്പത്ത് 130 കോടിയിലധികം ജനങ്ങളുള്ള ഒരു രാജ്യത്തിന്റെ വാര്‍ഷിക ബജറ്റിനെ മറികടക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ നമുക്കെങ്ങനെ പ്രതിരോധിക്കാനാവും? എങ്ങനെ പ്രതികരിക്കാതിരിക്കാനാവും?
ഇസ്‌ലാം മതസ്ഥരെ ദുര്‍ബലപ്പെടുത്താനും അവര്‍ക്ക് വോട്ടവകാശം തന്നെ നിഷേധിക്കാനും ഒരുമ്പെടുമ്പോള്‍ തന്നെയാണ് മൂവായിരത്തിലേറെ ദളിതര്‍ ഇസ്‌ലാംമതം സ്വീകരിക്കാന്‍ സന്നദ്ധരായ വാര്‍ത്ത തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്ന് വരുന്നത്. ദളിതരുടെ “ഹിന്ദുവത്കരണ’ത്തെ കുറിച്ച് ഗൗരവാലോചനകള്‍ നടക്കുന്ന ഇക്കാലത്ത് ദളിതരുടെ ഈ മനം മാറ്റം ഹിന്ദുമതം ഉപേക്ഷിക്കാന്‍ അംബേദ്കര്‍ ആഹ്വാനം ചെയ്തിരുന്നതിന്റെ ബാക്കിയാണ്.
എല്ലാവര്‍ക്കും അറിയാവുന്നൊരു ഹിന്ദു മതാഘോഷമാണ് ദസറ. ഡല്‍ഹിയിലെ തുര്‍ക്ക്മാന്‍ ഗെയിറ്റിനടുത്തുള്ള രാംലീല മൈതാനത്തില്‍ എല്ലാവര്‍ഷവും ഇത് കൊണ്ടാടാറുണ്ട്. രാവണന്‍, മേഘനാഥന്‍, കുംഭകർണന്‍ എന്നീ മൂന്ന് അസുരന്മാരുടെ കോലങ്ങള്‍ കത്തിക്കാനാണ് ഹൈന്ദവര്‍ അവിടെ കൂടുന്നത്. ഇപ്പോള്‍ ഓരോ വര്‍ഷവും കൂടുതല്‍ ഉഗ്രമായ സ്‌ഫോടനങ്ങള്‍ കൊണ്ടാണവ തകര്‍ക്കുന്നത്. ഓരോ വര്‍ഷവും കോലങ്ങളുടെ ഉയരം കൂടി വരികയും ഉയരം കൂടുന്നതനുസരിച്ച് സ്‌ഫോടകവസ്തുക്കളുടെ ശക്തിയും കൂടിവരികയാണ്. തിന്മയുടെ മേല്‍ നന്മയുടെ വിജയമാണിതെന്ന് വിശ്വസിച്ച് ഹിന്ദുക്കള്‍ അനുഷ്ഠിച്ചുവരുന്ന ഈ ആഘോഷപരിപാടി ഓരോ വര്‍ഷവും കൂടുതല്‍ കൂടുതല്‍ അക്രമോത്സുകമാവുകയാണ്. “രാംലീല’ ശരിക്കുള്ള ചരിത്രമായിരുന്നെന്നും അത് പുരാവൃത്തമായിത്തീര്‍ന്നതാണെന്നും വാദിക്കുന്ന പടുസാഹസിക പണ്ഡിതരുമുണ്ട്. ഇരുണ്ട നിറമുള്ള ഈ ദുഷ്ടരാക്ഷസന്മാര്‍ ദ്രാവിഡരായിരുന്നുവെന്നും അവരെ തുരത്തിയോടിച്ചത് ഹിന്ദുദൈവങ്ങളായിരുന്നെന്നും അവര്‍ ഗവേഷണം ചെയ്തു കണ്ടെത്തിയിട്ടുണ്ട്. ആ രാക്ഷസകുലത്തില്‍ പെട്ടവര്‍ പിന്നീട്, അയിത്തജാതിക്കാരും അവർണ ജാതിക്കാരുമൊക്കെയായിത്തീര്‍ന്നത്രെ! അവരെ തുരത്തിയ ഹിന്ദു ദൈവങ്ങള്‍ ആര്യന്മാരുമായിരുന്നത്രെ!
ഹിന്ദുമതത്തില്‍ ദുഷ്ഠമൂര്‍ത്തികളായി പരിഗണിക്കപ്പെട്ടുവരുന്ന രാവണനടക്കമുള്ള രാക്ഷസഗണത്തെ ആരാധിക്കുന്ന ഗ്രാമീണാചാരങ്ങള്‍ അവര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. ഇതിഹാസപുരാണങ്ങൾ എന്നെഴുതിയിട്ടുണ്ടെന്നതുപോലും പരിഗണിക്കാതെ സാധാരണക്കാര്‍ കുങ്കുമ വർണത്തത്തകള്‍ പറയുന്നത് കേട്ട് വിശ്വസിക്കും. ദുഷ്ടരാക്ഷസന്മാരെന്നതുകൊണ്ട് അവര്‍ അർഥമാക്കുന്നത് ആദി കാലം മുതല്‍ ഇവിടെയുള്ളവര്‍ എന്നുമല്ല: “ഹിന്ദുവല്ലാത്തവര്‍’എന്നാണ്. ഷാജഹാനാബാദില്‍ ഉണ്ടായിരുന്നവരും അതിലുള്‍പ്പെടും. രാക്ഷസക്കോലങ്ങള്‍ കത്തിത്തീരുമ്പോള്‍ പഴയ നഗരത്തിലെ ഇടുങ്ങിയ തെരുവുകളില്‍ സ്‌ഫോടനശബ്ദമുയരും! അതെന്തിന്റെയൊക്കെയോ ശബ്ദമെന്ന് ആര്‍ക്കും സംശയമുണ്ടാകാം.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിലെ ഏറ്റവും പ്രധാന മുഖങ്ങളിലൊന്ന് ഭീം സേനയുടെ തലവനായ യുവ ദളിത് രാഷ്ട്രീയ നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണനാണ്. രാമന്റെ “രാക്ഷസ’ശത്രുവായ രാവണനെ ബഹുമാനിക്കുന്നതിനാലല്ല, സാമ്രാജ്യത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും മതമായി ഹിന്ദുമതത്തെ കണ്ട് അതിനോടുള്ള പ്രതിഷേധപ്രഖ്യാപനമായാണ് അയാള്‍ തന്റെ പേരിനൊപ്പം “രാവണന്‍’ എന്ന പദം ചേര്‍ക്കുന്നത്. മുസ്‌ലിം സമുദായത്തിന്റെ കൂടി പൊതു പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയില്‍ “രാവണ’നുണ്ട്. അവിടെ മുസ്‌ലിംകളും അംബേദ്കറൈറ്റുകളും ജോതിറാവു ഫുലെ, സാവിത്രി ഫൂലെ, രവിദാസ് ബിര്‍സ മുണ്ട തുടങ്ങിയവരുടെ അനുയായികളും പുതു തലമുറയിലെ യുവ ഇടതുപക്ഷക്കാരും തമ്മില്‍ ഒരു പുതു ഐക്യദാര്‍ഢ്യനിര രൂപപ്പെട്ടുവരികയാണ്. ഈ പുതുനിര ഇടതുപക്ഷത്തിന് പഴയ തലമുറക്കാരുമായി ഒരു വ്യത്യാസമുണ്ട്, വര്‍ഗത്തോടൊപ്പം ജാതിയെക്കൂടി ചേര്‍ത്തുനില്‍ക്കുന്ന ലോക ബോധമാണവര്‍ക്കുള്ളത്. വീണുടഞ്ഞു പോയേക്കാം; പക്ഷേ, ഈ സഖ്യമാണിനി ഏക പ്രതീക്ഷ. ഏതു സമയത്തും കഴുത്തറുക്കപ്പെടാവുന്നതുകൂടിയാണ് ഈ സഖ്യം.
റോബർട്ട് കോട്ടായ്
You must be logged in to post a comment Login