പ്രവാചകനിന്ദ ഒരു മുസ്‌ലിം പ്രശ്നമല്ല

പ്രവാചകനിന്ദ  ഒരു മുസ്‌ലിം പ്രശ്നമല്ല

പ്രതാപ് ഭാനു മേത്ത ഈയടുത്ത് ഇന്ത്യൻ എക്സ്പ്രസിൽ ഒരു ലേഖനമെഴുതിയിരുന്നു. “സ്വേച്ഛാധിപത്യത്തെയും ഭൂരിപക്ഷ വർഗീയതയെയും കുറിച്ചുള്ള ആശങ്കകൾ അന്തർദേശീയ ഇസ്‌ലാമിസത്തോടുള്ള അഭിനിവേശമായിത്തീരാൻ അനുവദിക്കരുത്’ എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. പ്രതാപ് മേത്ത പറയുന്നത് ശരിയാണ്. ഇസ്‌ലാമിസ്റ്റ് റാഡിക്കലൈസേഷന്റെ സാധ്യതകളെയും ഉറവിടങ്ങളെയും തിരിച്ചറിയാതെ നമ്മുടെ പുറംതിരിഞ്ഞുള്ള നിൽപ്പ് ശരിയല്ലെന്ന് അദ്ദേഹം ഓർമപ്പെടുത്തുന്നു. കാരണം, ഹിന്ദുത്വ പടർന്നതു പോലെ സ്വന്തമായ വഴികൾ തെളിച്ച് അത് വീര്യം പ്രാപിച്ചേക്കാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല. പലപ്പോഴും നാം നമ്മുടെ ഹിംസയെ പ്രതി-ഹിംസയായിട്ടാണ് അവതരിപ്പിക്കാറുള്ളത്. അഥവാ ഞാൻ കാണിക്കുന്ന അക്രമങ്ങളുടെയൊന്നും വേരുകൾ എന്നിലല്ല, നിങ്ങളിലാണ് എന്ന ചിന്ത. ഈ ചിന്തയുടെ മറപിടിച്ചാണ് പിന്നീടുള്ള എല്ലാ അക്രമങ്ങളും ന്യായീകരിക്കുന്നത്. ഏറ്റവും കൂടുതൽ അക്രമവാസനയുള്ളവർ പോലും പറയുന്നത് ഇതു തന്നെയാണ്. അപരന്റെ ദുഷ്പ്രേരണയും പ്രകോപനവുമൊക്കെയാണ് സമാധാനത്തിൽ സായൂജ്യമടഞ്ഞ തങ്ങളെ ഈ അക്രമവഴികളിലേക്ക് വലിച്ചിഴച്ചിരിക്കുന്നതെന്നാണ് ഇവരുടെ വാദം. ചുരുക്കിപ്പറഞ്ഞാൽ, ഞാൻ അക്രമം ഒഴിവാക്കണമെങ്കിൽ, നിങ്ങളാദ്യം മാറണം എന്ന ചിന്ത.

ഉദയ്പൂരിലെ ക്രൂരമായ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിൽ നടക്കുന്ന ചർച്ചകൾ ഇങ്ങനെയൊക്കെയാണ് പോകുന്നത്. മുസ്‌ലിംകളും അവരുടെ മതവും വിശുദ്ധ ഗ്രന്ഥവും സഹജമായി അസഹിഷ്ണുത പരത്തുന്നതും അക്രമാസക്തവുമാണ്. അതുകൊണ്ട് ആദ്യം ചികിത്സിക്കേണ്ടത് അവരുടെ മതത്തെയാണ്. അവരും അവരുടെ മതത്തിന്റെ സ്വഭാവവും മാറിയാൽ മാത്രമേ അടുത്ത കാലത്തായി നാം കണ്ടുവരുന്ന മുസ്‌ലിംകൾക്കെതിരെയുള്ള കൗണ്ടർ വയലൻസുകൾക്ക് അറുതിവരുത്താനാകുകയുള്ളൂ എന്നതാണ് ഈ നരേഷനുകളുടെ ചുരുക്കം.
ഇപ്പോഴത്തെ സംഭവം തന്നെ പരിശോധിക്കാം, പ്രവാചകനെയും ഖുർആനെയും അപകീർത്തിപ്പെടുത്തുന്നവർ വധശിക്ഷയിൽ കുറഞ്ഞ ഒന്നും അർഹിക്കുന്നില്ലെന്ന വിശ്വാസമാണ് കനയ്യലാലിന്റെ കൊലയാളികൾക്ക് ഇന്ധനമായിട്ടുണ്ടാകുക. ഖുർആനെയും പ്രവാചകനെയും ആരു നിന്ദിച്ചാലും അവരെ ശിക്ഷിക്കാൻ മുസ്‌ലിം ബാധ്യസ്ഥനാണ് എന്ന നിലപാടാണ് ലോകത്താകമാനമുള്ള ഇസ്‌ലാമിസ്റ്റ് റാഡിക്കലുകളെ നയിക്കുന്നത്.

പ്രവാചകനിന്ദ കുറ്റാരോപിതരെ വധിക്കുന്നതിനുള്ള വകുപ്പ് ഇല്ലെങ്കിലോ, ഒരു പ്രത്യേക കേസിൽ അത് നടപ്പിലാക്കാൻ ഭരണകൂടം തയാറായില്ലെങ്കിലോ, ഈ ദൈവിക അവകാശം സ്വയം പ്രയോഗിക്കാൻ തങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് റാഡിക്കലുകൾ വിശ്വസിക്കുന്നു. 2011ൽ ഇസ്‌ലാമാബാദിൽ സൽമാൻ തസീറിനെ കൊലപ്പെടുത്താൻ മുംതാസ് ഖാദ്്രിയെ പ്രേരിപ്പിച്ചത് ഈ വിശ്വാസമാണ്.
മേത്തയുടെ അഭിപ്രായത്തിൽ പ്രവാചകനിന്ദയോടു പ്രതികരിക്കാനുള്ള ഈ പരിതി വിട്ട അഭിനിവേശം സമൂഹത്തിലെ സ്വതന്ത്ര ഇടങ്ങളെ പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. ഒരാൾ മതനിന്ദ കാണിച്ചിരിക്കുന്നുവെന്ന് മറ്റൊരാൾക്ക് തോന്നുകയും അവനെ ശിക്ഷിക്കാനുള്ള അവകാശം തനിക്കുണ്ടെന്ന് ഓരോ വ്യക്തിയും കരുതുകയും ചെയ്യുകയാണെങ്കിൽ അതു മുഴുവൻ ജീവിതങ്ങളെയും അപകടത്തിലാഴ്ത്തും. സ്വന്തം മതത്തെയോ പ്രവാചകനെയോ മുറിവേല്പിക്കുമ്പോൾ വിശ്വാസി എന്ന നിലയിൽ ആ കാര്യം ശ്രദ്ധിക്കുന്നത് തെറ്റൊന്നുമില്ല. എന്നാൽ, അതിനപ്പുറം സ്വയം നിയമവും കോടതിയുമായി നാം പരിണമിക്കുമ്പോൾ അത് വിപരീത ഫലമാണുണ്ടാകുന്നത്.

ഉദയ്പൂരിലെ കൊലപാതകത്തിലേക്കു തന്നെ വരാം. ഇത്തരം തീവ്ര മനഃസ്ഥിതി വെച്ചുപുലര്‍ത്തുന്ന ചിന്തകളുടെ വിശാലമായ മാനങ്ങളെക്കുറിച്ചും അതിനെ പ്രതിരോധിക്കാനുള്ള വഴികളെക്കുറിച്ചും ആരോഗ്യകരമായ ചര്‍ച്ചകളായിരുന്നു നാം നടത്തേണ്ടിയിരുന്നത്. എന്നാല്‍ സംഭവിച്ചത് നേര്‍ വിപരീതമായിരുന്നു. തീവ്ര മനഃസ്ഥിതിയെ ചികിത്സിക്കുന്നതിന് പകരം ദൈവനിന്ദ എന്ന ഇസ്‌ലാമിലെ ആശയം ഒരു സ്വതന്ത്ര്യ സമൂഹമെന്ന സങ്കല്‍പ്പത്തിന് വിരുദ്ധമാണെന്ന് സ്ഥാപിക്കാനാണ് നാം ശ്രമിച്ചത്. ദൈവനിന്ദ എന്നസങ്കല്പത്തെ പേറുന്ന ഈ പ്രത്യയശാസ്ത്രം എത്ര അപകടകരമാണെന്ന് തെളിയിക്കാനാണ് മുസ്‌ലിം വിരുദ്ധ പ്രചാരകന്മാര്‍ ഈ സംവാദങ്ങളെയെല്ലാം ഉപയോഗിച്ചത്.

ഇസ്‌ലാമെന്ന് കേൾക്കുമ്പോഴേക്ക് അസഹിഷ്ണുതയുടെ അടയാളങ്ങൾ നമ്മുടെ അകത്തേക്ക് കയറി വരുന്ന ഒരു പൊതുബോധം നമ്മുടെ ചിന്തകളെ പിടിച്ചു കെട്ടിയിട്ടുണ്ട്. കാലങ്ങളായി വേട്ടയാടപ്പെടുന്ന മുസ്‌ലിംകളെ നമുക്കറിയാമെങ്കിലും, ഇന്ത്യൻ മുസ്‌ലിംകൾ തീവ്രവൽക്കരിക്കപ്പെടുകയാണോ എന്ന ഭയം ജനിപ്പിക്കാൻ ഈ സംഭവം കാരണമായേക്കാം. ഇസ്‌ലാമിസ്റ്റ് സമൂലവൽക്കരണത്തെക്കുറിച്ചുള്ള ഭയം ഇന്ത്യയിൽ എല്ലായ്‌പ്പോഴും ഉണ്ടായിരുന്നു. രാജ്‌നാഥ് സിങ്ങിനെപ്പോലുള്ള ബി ജെ പി നേതാക്കൾ “നമ്മുടെ മുസ്‌ലിംകൾ’ അത് നിരസിച്ചുവെന്ന് രക്ഷാകർതൃത്വത്തോടെ പറയുമ്പോഴും നസീറുദ്ദീൻ ഷായെപ്പോലുള്ള പ്രബുദ്ധനായ ഒരാൾ ഇന്ത്യയിലെ വൈവിധ്യമാർന്ന ഇസ്‌ലാമും ഇന്ത്യക്ക് പുറത്ത് ആചരിക്കുന്ന ഇസ്‌ലാമും തമ്മിൽ വേർതിരിച്ച് പരിചയപ്പെടുത്തുമ്പോഴും ഈ ഭയം അന്തരീക്ഷത്തിലുണ്ടായിരുന്നു. ചുരുക്കത്തിൽ, ഇന്ത്യയിലേത് തുറന്നതും സഹിഷ്ണുതയുള്ളതും വൈവിധ്യപൂർണവുമാണ്, അതേസമയം അന്താരാഷ്ട്ര ഇസ്‌ലാം ഒരു അടഞ്ഞ സംവിധാനവും തീവ്രസ്വഭാവമുള്ളതുമാണ്. അഥവാ, ഇസ്‌ലാം സഹജമായി അസഹിഷ്ണുതയും അക്രമാസക്തവുമാണ്, പരിഷ്‌കൃത സമൂഹത്തിൽ നിലനിൽക്കാൻ അടിസ്ഥാനപരമായ പരിഷ്‌കാരം ആവശ്യമാണ്. ആ ഇസ്‌ലാമിനെ പോലെയുള്ള ഒരു മതത്തെ പോലും മയപ്പെടുത്തുകയും അതിനെ മാനുഷികവൽക്കരിക്കുകയും ചെയ്‌ത ചിലത് ഇന്ത്യയിലുണ്ടെന്നാണ് ഇവർ പറയാൻ ശ്രമിക്കുന്നത്.

ഇന്ത്യ ഒന്നിലധികം സത്യങ്ങളുടെ നാടാണെന്നും അതിനാൽ മതനിന്ദ എന്ന ആശയം നമുക്ക് അന്യമാണെന്നുമുള്ള വാദങ്ങൾ കേൾക്കുന്നുണ്ട്. അപ്പോഴും ഹിന്ദു ദൈവത്തെ അപമാനിച്ചുവെന്നാരോപിച്ച് മുഹമ്മദ് സുബൈർ ജയിലിൽ കിടക്കുന്നതും ഇസ്‌ലാമിന്റെ പ്രവാചകനെ അപമാനിച്ചുവെന്നാരോപിക്കപ്പെട്ട ബി ജെ പിയുടെ നൂപുർ ശർമ ജയിലിൽ കിടക്കാത്തതിലെയും രസതന്ത്രമാണ് നമുക്കിനിയും പിടികിട്ടാത്തത്.

ഈ വാദം പൊള്ളയാണെന്ന് സുതരാം വ്യക്തമാണ്. കാരണം, ഈ വാദം ശരിയായിരുന്നെങ്കില്‍ ബീഫ് കഴിച്ചതിന്റെ പേരിലോ, പശുവിനെ കൊന്നതിന്റെ പേരിലോ, ഹിന്ദു സ്ത്രീയുമായി കൂട്ടുകൂടിയത് കൊണ്ടോ, ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്തതുകൊണ്ടൊന്നും ഒരാളും ഇവിടെ കൊല്ലപ്പെടില്ലായിരുന്നു. പതിവായി നടക്കുന്ന ഇത്തരം കൊലപാതകങ്ങളെ ഇവര്‍ സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്. വാസ്തവത്തില്‍ ഇന്ത്യയില്‍ ഗോവധം, ഗോമാംസഭോജനം, സര്‍ക്കാര്‍ അനുമതിയില്ലാത്ത മതപരിവര്‍ത്തനം എന്നിവയെ നിരോധിക്കുന്ന നിയമങ്ങളുണ്ട്. ഇതരമത വിവാഹങ്ങളും ചില വേളകളില്‍ ശിക്ഷ ലഭിക്കാവുന്നതും അപകടസാധ്യത നിറഞ്ഞതുമാണ്. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും തടവിലാക്കി പീഡിപ്പിക്കാന്‍ ഇന്ത്യന്‍ ഭരണകൂടത്തെ സഹായിച്ചതും ഈ നിയമങ്ങളായിരുന്നു. തങ്ങളുടെ മതപരവും ദേശീയവുമായ വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇതര സംസ്ഥാനങ്ങളിലെ ആളുകള്‍ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും വകവരുത്തിയത്. ഈ അരുതായ്മകള്‍ക്കെല്ലാം നമ്മള്‍ സാക്ഷിയായതാണ്. അക്രമത്തിനുള്ള പ്രേരണയും ഹിന്ദുക്കളെ വ്രണപ്പെടുത്തുന്ന പ്രവര്‍ത്തികള്‍ ക്രിമിനല്‍ കുറ്റങ്ങളായതും പക്ഷേ പ്രവാചകനിന്ദയുടെ കാര്യത്തിലേക്ക് വരുമ്പോള്‍ കാണാനാകുന്നില്ല.
ഇന്ത്യയിലെ മുസ്‌ലിംളുടെ അസ്തിത്വവും സാന്നിധ്യവും തന്നെ മതനിന്ദയായി കാണുന്ന ഒരു ഹിന്ദുത്വ ആവാസവ്യവസ്ഥയുടെ പിടിയിലാണ് നമ്മളെന്ന് പറഞ്ഞാൽ അത് തെറ്റാവില്ല. ഒരു മുസ്‌ലിമിനെ കൊല്ലുന്നത് അയാൾ മുസ്‌ലിമായി എന്നതിന്റെ പേരിൽ മാത്രമാണ്, അല്ലാതെ അയാൾ ചെയ്ത കൃത്യത്തിന്റെ പേരിലല്ല. ഇന്ത്യയിൽ ജനിച്ച മുസ്‌ലിം ഇന്ത്യക്ക് അപകടകാരിയാണ്. മുസ്‌ലിംകളുടെ ജനനനിരക്കിനെക്കുറിച്ചുള്ള മുഴുവൻ ചർച്ചകളും നമുക്ക് അരോചകമായി തോന്നുന്നില്ല. നാം അതിൽ പങ്കെടുക്കുന്നു, വാദങ്ങൾ അവതരിപ്പിക്കുന്നു, ഹിന്ദുക്കളെ ഭീഷണിപ്പെടുത്താൻപോന്ന ഒരു സംഖ്യയോളം മുസ്‌ലിംകൾ ജനിച്ചിട്ടില്ലെന്ന് തെളിയിക്കാൻ ഡാറ്റ അവതരിപ്പിക്കുന്നു. ഈ ചർച്ച മുഴുവനും മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം എത്രത്തോളം അപമാനകരമാണെന്ന് നാമെപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഈ “നിന്ദ’യെ പ്രതിരോധിക്കാൻ നടത്തിയ കൊലപാതകങ്ങൾ കൊലപാതകങ്ങളായി തുടരുന്നു. കൂടുതൽ ഭയാനകമായ വധശിക്ഷയുടെ ഗണത്തിൽ പെടുന്നില്ല. അതിൽ കനയ്യ ലാലിന്റെ കൊലപാതകം ശരിയായി സ്ഥാപിച്ചിരിക്കുന്നു. ഉദയ്പൂർ പോലെയുള്ള മുൻ വർഗീയ കൊലപാതകങ്ങളിലെല്ലാം ഒരാളെ കൊന്ന് ആയിരങ്ങളെ ഭയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. അവരെ ഭയപ്പെടുത്തി നിശബ്ദരാക്കുക. കീഴടങ്ങാൻ അവരെ ഭയപ്പെടുത്തുക.

ഉദാഹരണത്തിന്, കനയ്യ ലാലിന്റെ ഘാതകരെ അറസ്റ്റ് ചെയ്ത രാജ്‌സമന്ദിൽ വെച്ച് 2017 ൽ ഹിന്ദുവായ ശംഭുലാൽ റെഗർ, അഫ്രാസുലിനെ കൊലപ്പെടുത്തുകയുണ്ടായി. റെഗർ അഫ്രസുലിനെ വെടിവെച്ച് കൊന്നില്ല. കഷണങ്ങളാക്കി കത്തിച്ചു. റെഗറിന്റെ കൂട്ടാളി 14 വയസ്സുള്ള ഒരു ആൺകുട്ടിയായിരുന്നു. അവൻ ഈ കൊലപാതകം മുഴുവൻ ചിത്രീകരിച്ചു. തുടർന്ന് ആൾക്കൂട്ട ഉപഭോഗത്തിനും ആഘോഷത്തിനുമായി വീഡിയോ വിതരണം ചെയ്തു. വിവിധ ഹിന്ദുത്വ ഗ്രൂപ്പുകളുടെ പിന്തുണ കാരണം റെഗർ പലരുടെയും നായകനായി മാറി. അദ്ദേഹത്തെ നിയമപരമായി പിന്തുണയ്ക്കുന്നതിനുള്ള ഫണ്ടുകൾ സൃഷ്ടിച്ചു; രാമനവമി ഘോഷയാത്രയിൽ അദ്ദേഹം ഒരു ടാബ്ലോയുടെ വിഷയമായി. അഫ്രാസുലിന് മുമ്പും അദ്ദേഹത്തിന് ശേഷവും അത്തരം നിരവധി കൊലപാതകങ്ങളോ കൊലപാതകശ്രമങ്ങളോ അരങ്ങേറി. ഒരു മുസ്‌ലിമിനെ കൈകളിൽ രക്തം പുരട്ടാതെ ശിക്ഷിക്കാനുള്ള അവകാശം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിന് സാധിക്കുകയും ചെയ്തു.
ഇതിന്റെ അനന്തരഫലമായി സംഭവിച്ചതെന്താണ്? അത് സമൂഹത്തിലെ സ്വതന്ത്ര ഇടങ്ങളെ ചുരുക്കി. വ്യത്യസ്‌ത പ്രായത്തിലുള്ള മുസ്‌ലിംകളോട് സംസാരിക്കുമ്പോൾ, അവരുടെ കാഴ്ചപ്പാടുകളും വ്യക്തിത്വം പോലും മറച്ചുവെക്കേണ്ടതുണ്ടെന്ന ബോധ്യത്തിലേക്ക് അവരെ എത്തിച്ചിരിക്കുന്നു. ജീവിതത്തിന് പകരമായി അവർ പാരതന്ത്ര്യത്തിലാണ് ഇപ്പോൾ അഭയം കണ്ടെത്തിയിരിക്കുന്നത്.

സ്വതന്ത്ര സമൂഹം എന്ന ആശയത്തോട് നമ്മൾ പ്രതിജ്ഞാബദ്ധരാണോ എന്ന് പ്രതാപ് ഭാനു മേത്ത ചോദിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തോടൊപ്പം നാം സമത്വത്തെയും ചേർത്തു വെക്കണം. കാരണം സമത്വമില്ലാത്ത ഇടങ്ങളിൽ നാം സ്വാതന്ത്ര്യത്തെ തിരയുന്നതിൽ അർഥമില്ല. അസമത്വം വർദ്ധിപ്പിക്കുന്ന നിയമങ്ങൾ സൃഷ്ടിക്കപ്പെടുകയോ വിവേചനപരമായി നിയമങ്ങൾ പ്രയോഗിക്കുകയോ ചെയ്താൽ, സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സംസാരം ഒരു പ്രഹസനമായി മാറും. അകക്കാമ്പില്ലാത്ത അത്തരം ആശയങ്ങൾക്ക് ഒന്നും ചെയ്യാനാകില്ല.

സ്വാതന്ത്ര്യത്തിന്റെ പേരിൽ മുസ്‌ലിംകളെ അപകീർത്തിപ്പെടുത്താനും അപമാനിക്കാനും അധിക്ഷേപിക്കുവാനുമുള്ള അവകാശമാണ് ഇവർ ആവശ്യപ്പെടുന്നത്. പ്രവാചകന്റെ ജീവിതത്തെയും ഗ്രന്ഥത്തെയും വിമർശിക്കാനുള്ള അവകാശത്തിനാണ് ഹിന്ദുത്വവാദികൾ മുറവിളി കൂട്ടുന്നത്. അങ്ങനെ മുസ്‌ലിംകൾക്ക് സ്വയം പരിഷ്കരിക്കാൻ കഴിയുമത്രെ. എല്ലാ തരത്തിലുള്ള മുസ്‌ലിംകളും ഈ കൊലപാതകത്തെ വെറുക്കുന്നു. സ്വന്തം സമുദായത്തിൽപ്പെട്ട ഒരാളുടെ അക്രമത്തെ വാക്കാൽ മാത്രം അപലപിക്കുമ്പോൾ മുസ്‌ലിംകൾ സത്യസന്ധരല്ലെന്നാണ് അവർ പറയുന്നത്. മറിച്ച് തങ്ങളുടെ ഗ്രന്ഥം തിരുത്തുകയോ അവരുടെ പ്രവാചകനെതിരെയുള്ള വിമർശനങ്ങളും ആരോപണങ്ങളും കേൾക്കാൻ തയാറാകുകയോ ചെയ്യുമ്പോഴാണത്രെ അവരെ വിശ്വസിക്കാൻ കഴിയുക. പുതിയ ലോകത്ത് വാട്ട്‌സ്ആപ്പ് ഒരു രാഷ്ട്രമായി മാറിക്കഴിഞ്ഞു. ഇതു വഴി ഇന്ത്യയിൽ ദിനംപ്രതി ആയിരക്കണക്കിന് അപകീർത്തി പരത്തുന്ന സന്ദേശങ്ങളാണ് പടച്ചുവിടുന്നത്. ഖുർആനെയും പ്രവാചകനെയും അധിക്ഷേപിച്ച് തുറന്ന റാലികൾ നടത്തുന്നു. ഈ ദുരുപയോഗങ്ങൾ “നിന്ദ്യവും നാമമാത്രവും നിരുപദ്രവകരവുമാണ്’ എന്ന് വിധിയെഴുതുന്ന ഒരു ലോകത്തെ മേത്ത പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല. മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യാൻ ആഹ്വാനം ചെയ്യുന്ന മുഴുവൻ “ധരം സൻസദുകളും’ നടക്കുമ്പോഴാണ് മേത്തയും നമ്മളിൽ പലരും ഈ ആദർശലോകവും പ്രതീക്ഷിച്ചിരിക്കുന്നതെന്നാണ് മറ്റൊരു കാര്യം. വംശഹത്യക്ക് ആഹ്വാനം ചെയ്യാനുള്ള സമ്പൂർണ സ്വാതന്ത്ര്യം ഉള്ളപ്പോൾ ഒരു സ്വതന്ത്ര സമൂഹത്തിന് എന്തു സംഭവിക്കും?
പ്രവാചകനെ അപമാനിച്ചതിന്റെ പേരിൽ പ്രകോപിതരാകുകയും അക്രമാസക്തരായി പ്രതികരിക്കുകയും ചെയ്യുന്നത് തങ്ങളുടെ അവസ്ഥകൾക്ക് മാറ്റമുണ്ടാക്കാൻ പോകുന്നില്ലെന്ന് മുസ്‌ലിംകൾക്ക് നന്നായി അറിയാം. ഉദയ്പൂരിലെ കൊലയാളികളെപ്പോലുള്ളവർ ഒരുക്കുന്ന കെണിയിൽ അവർ ഒരിക്കലും വീഴാൻ പോകുന്നില്ല.

പലരും കരുതുന്നതിന് വിരുദ്ധമായി, ഉദയ്പൂരിലെ ദാരുണമായ കൊലപാതകം മുസ്‌ലിംകളെ അപമാനിച്ച് ആനന്ദം കണ്ടെത്തുന്നവരിൽ ഭയം ജനിപ്പിച്ചിട്ടില്ല. കനയ്യ ലാലിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ നടത്തിയ റാലികളിൽ ഇത് പ്രകടമായിരുന്നു – മുസ്‌ലിംകളെ അധിക്ഷേപിക്കുന്നതോ അവരെ കശാപ്പുചെയ്ത് കൊല്ലാൻ ആഹ്വാനം ചെയ്യുന്നതോ ആയ മുദ്രാവാക്യങ്ങൾ ഭയമില്ലാതെ വിളിച്ചുപറഞ്ഞപ്പോൾ. ഈ റാലികൾ ഉദയ്പൂർ കൊലപാതകത്തോടുള്ള പ്രതികരണമല്ല; മുസ്‌ലിംകളെ കശാപ്പ് ചെയ്യാനുള്ള തുറന്ന ആഹ്വാനങ്ങൾ നൽകിയ ഡൽഹിയിലും മറ്റിടങ്ങളിലും നടന്ന ഒത്തുചേരലുകളുടെ തുടർച്ചയാണ്. നിയമത്തിനു മുന്നിലുള്ള ഈ അസമത്വം മാറേണ്ടതുണ്ട്. എങ്കിൽ മാത്രമേ സ്വതന്ത്ര സമൂഹം എന്ന ആശയം വിശ്വസനീയമായി തോന്നുകയുള്ളൂ.

(ഡൽഹി യൂണിവേഴ്സിറ്റിയിലെ ഹിന്ദി അധ്യാപകനാണ് ലേഖകൻ)
കടപ്പാട്: ദവയർ
വിവ. അബ്ദുല്ല ചെമ്പ്ര

You must be logged in to post a comment Login