പദങ്ങളുടെ അര്‍ഥതലങ്ങള്‍

പദങ്ങളുടെ അര്‍ഥതലങ്ങള്‍

വൈദ്യശാസ്ത്രത്തില്‍ അതീവ പാണ്ഡിത്യമുള്ള ഒരാള്‍ രോഗികള്‍ക്ക് വിധികള്‍ നല്‍കുന്നു. അദ്ദേഹം അതിന്റെ തെളിവോ മറ്റോ പറയുന്നില്ലെങ്കില്‍ പോലും എല്ലാവരും സ്വീകരിക്കുന്നു. വൈദ്യശാസ്ത്രമറിയാത്ത ഒരാള്‍ -അദ്ദേഹം മറ്റെല്ലാ വിഷയത്തിലും ഉന്നതനാണെങ്കില്‍ പോലും- നേരത്തെ പറഞ്ഞ വൈദ്യശാസ്ത്ര വിദഗ്ധനെ കോപ്പിയടിച്ച് മരുന്നെഴുതിക്കൊടുക്കാനോ വിധികള്‍ പറയാനോ തുനിയില്ല. തുനിഞ്ഞാല്‍ തന്നെ ആരും സ്വീകരിക്കുകയുമില്ല. ഇപ്രകാരം തന്നെയാണ് ഇസ്‌ലാമിക വിജ്ഞാനവും. അത് ആഴത്തില്‍ പഠിച്ചവര്‍ക്ക് മാത്രമാണ് വിധിപറയാനുള്ള അവകാശമുള്ളത്. ആധുനിക നിയമങ്ങളും അങ്ങനെ തന്നെയാണല്ലോ. നിയമവിശാരദന്മാര്‍ക്കല്ലാതെ ആത്യന്തികമായി വിധിയിറക്കാനുള്ള അധികാരം ഒരു രാഷ്ട്രത്തിലുമില്ല. ഇതുപോലെ രണ്ടു തെളിവുകളില്‍ നിന്നും അഥവാ പൊതുവായതും വിശദമായതുമായ തെളിവുകളില്‍നിന്നും ഫിഖ്ഹിന്റെ മസ്അലകള്‍ നിര്‍ധാരണം ചെയ്യാന്‍ കഴിയുന്നവര്‍ മുജ്തഹിദുകള്‍ മാത്രമാണ് എന്ന് ഇസ്‌ലാം തീര്‍ത്തുപറഞ്ഞു. ഇങ്ങനെ നിര്‍ധാരണം ചെയ്‌തെടുക്കുന്ന വിധിവിലക്കുകള്‍ക്കാണ്; അല്ലെങ്കില്‍ നിർധാരണം ചെയ്ത് ക്രോഡീകൃതമായ കാര്യങ്ങള്‍ക്കാണ് ഫിഖ്ഹ് എന്നു പറയുക എന്ന് നാം നേരത്തെ പങ്കുവെച്ചു. അതുകൊണ്ടുതന്നെ, ഒരു മുജ്തഹിദിനെ മാത്രമേ ഫഖീഹ് എന്ന് ഒറ്റവാക്കില്‍ പറയാന്‍ പറ്റൂ. കാരണം അദ്ദേഹമാണ് തെളിവുകളില്‍ നിന്നും ഫിഖ്ഹ് അഥവാ ഇസ്‌ലാമിലെ വിധിവിലക്കുകള്‍ സമൂഹത്തിനു സമര്‍പ്പിക്കുന്നത്.

ഫിഖ്ഹ് എന്ന പദത്തില്‍ നിന്ന് നിഷ്പന്നമായതാണ് ഫഖീഹ്. ഫുഖഹാഅ് എന്നാണ് ബഹുവചനം. ഫിഖ്ഹില്‍ കഴിവുള്ളയാള്‍ എന്ന് നാം സ്വാഭാവിക വിവക്ഷ നല്‍കുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഉസൂലുല്‍ ഫിഖ്ഹ് അഥവാ നിദാനശാസ്ത്ര പ്രകാരം മുജ്തഹിദ് മാത്രമാണ് ഫഖീഹ്.(1) എന്നാല്‍ ഇന്ന് പ്രയോഗിക്കുന്നത് പോലെ മുജ്തഹിദുകള്‍ ക്രോഡീകരിച്ച ഫിഖ്ഹില്‍ പാണ്ഡിത്യമുള്ളയാള്‍ക്കും ഫഖീഹ് എന്നു പ്രയോഗിക്കുന്നത് തെറ്റല്ല. ഇമാം സയ്യിദുല്‍ ബക്‌റിയെ(റ) പോലെയുള്ള ധാരാളം പണ്ഡിതന്മാര്‍ ഇത് വ്യകത്മാക്കിയിട്ടുണ്ട്: ഉസൂലുല്‍ ഫിഖ്ഹ് പ്രകാരം ഫഖീഹിന്റെ മാനദണ്ഡം മുജ്തഹിദായിരിക്കുക എന്നതാണ്. എന്നാല്‍ ഫിഖ്ഹിന്റെ എല്ലാ അധ്യായങ്ങളും പഠിക്കുകയും, പഠിക്കാത്ത കാര്യങ്ങള്‍കൂടി മനസ്സിലാക്കാനുള്ള കഴിവ് സമ്പാദിക്കുകയും ചെയ്ത ഒരു വ്യക്തിയെക്കുറിച്ചും ഫഖീഹ് എന്നു പ്രയോഗിക്കാം. എല്ലാ അധ്യായങ്ങളില്‍ നിന്നും മസ്അലകള്‍ ഹൃദിസ്ഥമാക്കിയിട്ടില്ലെങ്കിലും ഇന്ന് കാണുന്നതുപോലെ ആധികാരികമായി ഫത്‌വ നല്കാന്‍ കഴിയുന്ന പണ്ഡിതന്മാരെയും ഫഖീഹ് എന്നു വിശേഷിപ്പിക്കാവുന്നതാണ്.(2) മുജ്തഹിദല്ലാത്ത വ്യക്തിയെ ഇങ്ങനെ ഫഖീഹ് എന്നു പറയാമെന്നു ധാരാളം പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫിഖ്ഹിനു തന്നെ രണ്ടു പ്രയോഗമുണ്ടെന്നും അതനുസരിച്ച് മുഖല്ലിദായ വ്യക്തിയെ (മുജ്തഹിദായ വ്യക്തിയെ അനുധാവനം ചെയ്യുന്നയാള്‍) ഫഖീഹ് എന്നു പ്രയോഗിക്കാമെന്നും ഇമാം ഖയാലി(റ) തന്റെ പ്രസിദ്ധമായ ശര്‍ഹുല്‍ അഖാഇദ് വ്യാഖ്യാനത്തില്‍ വ്യക്തമാക്കുന്നു. ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതന്‍ ഇബ്‌നു ഹജര്‍(റ) പറയുന്നത് മുജ്തഹിദിനെ മാത്രമേ ഫഖീഹ് എന്നു പറയൂവെന്ന് പറയുന്നത് ഉസൂലുല്‍ ഫിഖ്ഹിന്റെ ഭാഷയിലാണ്. എന്നാല്‍ ഫിഖ്ഹിന്റെ മസ്അലകള്‍ അറിയുന്നയാളെ ഫഖീഹ് എന്നു വിളിക്കുന്നത് വ്യാപകവും സ്വീകാര്യവുമാണ്.(3)

ഫിഖ്ഹില്‍ അവഗാഹമുള്ള വ്യക്തിക്ക് ഫഖീഹ് എന്നു പറയുന്നതുപോലെ ഉസൂലുല്‍ ഫിഖ്ഹില്‍ പരിജ്ഞാനമുള്ള വ്യക്തിക്ക് ഉസൂലിയ്യ് എന്നാണു പറയുക. ഉസൂലുല്‍ ഫിഖ്ഹില്‍ പറയുന്ന വ്യക്തിയുടെ എല്ലാ വിശേഷണങ്ങളുമൊത്ത വ്യക്തിയാവില്ല ഇദ്ദേഹം. അത്തരം വ്യക്തികള്‍ മുജ്തഹിദുകളായിരിക്കും. എന്നാല്‍ മുജ്തഹിദാകാന്‍ എന്താണ് ആവശ്യം? ഫിഖ്ഹിന്റെ ഇജ്മാലിയ്യായ അഥവാ പൊതുവായ തെളിവുകളെന്തെല്ലാമാണ്? എന്താണ് അവയുടെ പ്രത്യേകതയും വിശേഷണങ്ങളും? ഫിഖ്ഹിലെ പൊതുവായ നിയമങ്ങള്‍ എങ്ങനെയല്ലാമാണ് ഉണ്ടാക്കിയെടുക്കുന്നത്? തുടങ്ങിയ എല്ലാ വിവരങ്ങളും ഉസൂലിയ്യിനു ഉണ്ടാകുമെങ്കിലും ഇങ്ങനെയെല്ലാം ചെയ്ത് ഫിഖ്ഹീ മസ്അലകള്‍ സംഭാവന ചെയ്യാനുള്ള കഴിവും വിശേഷണവും അദ്ദേഹത്തിനുണ്ടാവണമെന്നില്ല. സ്വാഭാവികമായും ഒരു മുജ്തഹിദായ വ്യക്തി ഉസൂലിയ്യും ഫഖീഹുമൊക്കെ ആകാമെങ്കിലും ഉസൂലിയ്യായ വ്യക്തി മുജ്തഹിദും ഫഖീഹും ആകണമെന്നില്ല. കാരണം ഉസൂലിയ്യിന് മുജ്തഹിദാകാനുള്ള ഒരു വ്യക്തിയുടെ കഴിവുകളെക്കുറിച്ചും മറ്റുമുള്ള വിവരം മാത്രമാണുള്ളത്; അത്തരം കഴിവുകളുണ്ടാവണമെന്നില്ല.

ഇങ്ങനെയാണ് നമ്മള്‍ വ്യാപകമായി പ്രയോഗിക്കുന്ന മുഫ്തി എന്ന പദത്തെയും മനസ്സിലാക്കേണ്ടത്. യുവത്വം, യുവാവ് എന്നീ അര്‍ഥങ്ങളെ കുറിക്കുന്ന “ഫതാ’ എന്ന അറബി പദത്തില്‍ നിന്നും നിഷ്പന്നമായതാണ് മുഫ്തി എന്ന പദം.(4) ഫത്‌വ കൊടുക്കുന്നവന്‍ എക്കാലവും ചിന്താപരമായി യുവത്വമുള്ളയാളാണല്ലോ. അദ്ദേഹത്തിന്റെ വിജ്ഞാനം കാലാനുസൃതവും ജനങ്ങള്‍ക്ക് ആവശ്യമുള്ളതുമായിരിക്കും. അതുകൊണ്ടുതന്നെ അദ്ദേഹം ഇങ്ങനെയൊരു നാമം ലഭിക്കാന്‍ എന്തുകൊണ്ടും അര്‍ഹനാണ്.(5) ഫത്‌വ നല്കുന്നയാള്‍ മുജ്തഹിദാകണമെന്ന് പറയേണ്ടതില്ല. എന്നാലല്ലേ അദ്ദേഹത്തിന് മുഴുവന്‍ തെളിവുകളും അരിച്ചുപെറുക്കി അവ്വിഷയത്തില്‍ പ്രതിവിധി പറഞ്ഞുകൊടുക്കാന്‍ കഴിയുകയുള്ളൂ. അല്ലെങ്കില്‍ അദ്ദേഹം നേരത്തെ പറഞ്ഞതുപോലെയുള്ള മുറിവൈദ്യനെ പോലെയിരിക്കും. ഇതു തന്നെയാണ് പണ്ഡിതപക്ഷവും. എന്നാല്‍ ഇന്നു കാണുന്ന മുഫ്തിമാരും മുഫ്തിമാര്‍ തന്നെയാണ്. കാരണം അവര്‍ ഒരു വിധി കണ്ടെത്തുകയല്ല ചെയ്യുന്നതെങ്കിലും മുജ്തഹിദുകള്‍ കണ്ടെത്തിയ വിധിയെ ആവശ്യക്കാര്‍ക്ക് നല്‍കുന്നുണ്ടല്ലോ. ഇമാം നവവിയുടെ(റ) വാക്കുകള്‍ ശ്രദ്ധേയമാണ്: ഇമാം ജുവൈനി, ഇമാം റുഅ്‌യാനി, ഇമാം ഹലീമി തുടങ്ങിയവരൊക്കെ മുജ്തഹിദല്ലാത്ത വ്യക്തി ഫത്‌വ കൊടുക്കാന്‍ പാടില്ലെന്ന് ഖണ്ഡിതമായി പറഞ്ഞവരാണ്. എന്നാല്‍ ഇമാം ഖഫാല്‍ അല്‍ മര്‍വസി പറയുന്നത് അനുവദനീയമാണ് എന്നാണ്. ഇവ തമ്മില്‍ വൈരുധ്യമില്ല. കാരണം പറ്റില്ല എന്നു പറഞ്ഞവര്‍ സ്വന്തം നിലയില്‍ ഫത്‌വ നല്‍കരുതെന്നാണ് പറഞ്ഞത്. ഏതു ഇമാമിനെയാണോ അദ്ദേഹം ആശ്രയിക്കുന്നത്, അദ്ദേഹത്തിലേക്ക് ചേര്‍ത്തിവേണം ഫത്‌വ കൊടുക്കാന്‍. അതുകൊണ്ടുതന്നെ ഈ മുഫ്തി യഥാര്‍ത്ഥ മുഫ്തിയല്ല; മുഖല്ലിദായ മുഫ്തിയാണ്. എങ്കിലും അദ്ദേഹം മുജ്തഹിദായ മുഫ്തിയുടെ സ്ഥാനത്തുനിന്ന് ഉത്തരവാദിത്വം നിര്‍വഹിക്കുന്നതുകൊണ്ട് മുഫ്തിമാരുടെ ഗണത്തില്‍ ഉള്‍പ്പെടുത്താനാകും. ശാഫിഈ മദ്ഹബ് ഇപ്രകാരമാണ്, അല്ലെങ്കില്‍ മറ്റു മദ്ഹബ് ഇങ്ങനെയാണ് എന്നൊക്കെയാണ് ഇത്തരം മുഫ്തിമാര്‍ ഫത്‌വയില്‍ പറയേണ്ടത്. മുഫ്തിയുടെ സ്വഭാവവിശേഷണങ്ങളില്‍ നിന്നോ മറ്റോ അദ്ദേഹം ഇമാമിലേക്ക് ചേര്‍ത്തി മാത്രമേ ഫത്‌വ കൊടുക്കാറുള്ളുവെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഫത്‌വയില്‍ ഇങ്ങനെ ഇമാമിലേക്ക് എപ്പോഴും ചേര്‍ത്തിപ്പറയണമെന്നുമില്ല.(6)

ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. കിതാബിലുള്ളത് ആര്‍ക്കും ഫത്‌വ കൊടുക്കാമെന്ന് ഒരിക്കലും മനസ്സിലാക്കരുത്. ഇന്ന് വ്യാപകമായി ഇത്തരം ഓണ്‍ലൈൻ‍-ഓഫ്‌ലൈന്‍ മുഫ്തിമാര്‍ വിഹരിക്കുന്ന കാലഘട്ടം കൂടെയാണ്. ഇബ്‌നു ഹജര്‍(റ) തന്റെ ഫതാവല്‍ കുബ്‌റയില്‍ പറയുന്നത് ഇവിടെ പ്രസ്താവ്യമാണ്; ചോദ്യം: കിതാബുകള്‍ സ്വയം പഠിച്ച ഒരാള്‍, അദ്ദേഹത്തിന് മസ്അലകളില്‍ വേണ്ടത്ര അവഗാഹം നല്‍കിയ ഉസ്താദ് ഇല്ലെന്നിരിക്കെ, അദ്ദേഹം നല്‍കുന്ന ഫത്‌വകളെ സ്വീകരിക്കാന്‍ പറ്റുമോ? മറുപടി: ഒരുനിലക്കും പറ്റില്ല. അദ്ദേഹം വിവരമില്ലാത്ത സാധാരണക്കാരനാണ്. എന്തുപറയണമെന്ന് അവനറിയില്ല.

ആഴത്തില്‍ അവഗാഹമുള്ള പരിഗണനീയരായ പണ്ഡിതരില്‍ നിന്നുതന്നെ ഒന്നോ രണ്ടോ കിതാബുകള്‍ പഠിച്ച് തദനുസൃതമായി ഫത്‌വ കൊടുക്കാന്‍ പാടില്ലെന്നിരിക്കെ ഇദ്ദേഹം എങ്ങനെ ഫത്‌വ കൊടുക്കും! മാത്രമല്ല, ഇമാം നവവി(റ) പറഞ്ഞത്; പത്തോ ഇരുപതോ കിതാബുകള്‍ ഇങ്ങനെ പഠിച്ചാല്‍ പോലും ഫത്‌വക്ക് പറ്റില്ലെന്നാണ്. കാരണം ഇരുപത് കിതാബിലും പറഞ്ഞ കാര്യങ്ങള്‍ തന്റെ മദ്ഹബില്‍ ബലഹീനമായിരിക്കാന്‍ ഇടയുണ്ടല്ലോ. അതുകൊണ്ടുതന്നെ ജനങ്ങള്‍ ഇത്തരം ആളുകളെ പിന്‍പറ്റരുത്. നല്ല പണ്ഡിതരില്‍ നിന്നും പഠിച്ച അതീവ നിപുണനായ, പഠിച്ച് പഠിച്ച് അതില്‍ പ്രത്യേകം കഴിവും ശേഷിയും വന്ന പണ്ഡിതരെ മാത്രമേ ആശ്രയിക്കാവൂ. അല്ലാത്തവരെല്ലാം ജനങ്ങളെ തെറ്റിലേക്ക് നയിക്കും.(7) എന്നാല്‍ വളരെ വ്യക്തതയുള്ള കാര്യങ്ങള്‍ (ഉദാഹരണത്തിന് വുളൂഇനു നിയ്യത്ത് നിര്‍ബന്ധമാണ്) തന്റെ അറിവനുസരിച്ച് പറഞ്ഞുകൊടുക്കുന്നതും ഫത്‌വ കൊടുക്കുന്നതും പ്രശ്‌നമില്ലെന്ന് പണ്ഡിതന്മാരൊക്കെയും പറഞ്ഞിട്ടുണ്ട്. യോഗ്യതയുള്ള മുഫ്തിമാര്‍ ഇന്നാലിന്ന കാര്യം പറഞ്ഞുവെന്നും സമൂഹത്തെ അറിയിക്കാം. പൂര്‍ണമായും ആശ്രയിക്കാന്‍ പറ്റിയ ഗ്രന്ഥത്തില്‍ ജനങ്ങളുടെ ആവശ്യപ്രകാരം ഇപ്രകാരം ഉണ്ടെന്നു പറയുന്നതും തെറ്റില്ല – അതൊരു ആത്യന്തിക വിധിയും നിയമവുമായി പറയരുതെന്ന് മാത്രം.

എന്നാല്‍ ഈ വിശേഷണങ്ങളെല്ലാം അഥവാ ഫഖീഹ്, ഉസൂലിയ്യ്, മുഫ്തി എന്നിവയെല്ലാം സമ്മേളിച്ച വ്യക്തിയാണ് മുജ്തഹിദ്. അദ്ദേഹം ഇസ്‌ലാം മതത്തിലെ ആധികാരിക പണ്ഡിതനാണ്. അദ്ദേഹത്തിന് മാത്രമാണ് ഒരു വിഷയത്തില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും വിധി ഇന്നാലിന്നതാണ് എന്നു ഗവേഷണം ചെയ്ത് പറയാനുള്ള അധികാരമുള്ളത്. ഗവേഷണ പ്രസക്തമല്ലാത്ത വിഷയങ്ങളില്‍ അദ്ദേഹം ഗവേഷണം ചെയ്യുകയുമില്ല. ഉദാഹരണത്തിന് അഞ്ചുവഖ്ത് നിസ്‌കാരം ഇസ്‌ലാമില്‍ നിര്‍ബന്ധമാണ് എന്നത്. ഇത്തരം ധാരാളം കാര്യങ്ങള്‍ ഇസ്‌ലാമില്‍ സ്ഥിരപ്പെട്ട കാര്യങ്ങളായതുകൊണ്ടുതന്നെ ഗവേഷണപ്രസക്തമല്ല.

മുജ്തഹിദുകള്‍ വ്യത്യസ്ത ഇനങ്ങളുണ്ടെങ്കിലും പൊതുവെ മുജ്തഹിദ് എന്ന് പറഞ്ഞാല്‍ വിവക്ഷിക്കപ്പെടുന്നത് മുത്വ്‌ലഖ് മുജ്തഹിദിനെയാണ്. അഥവാ ഒരുപാധിയുമില്ലാത്ത നിരുപാധിക മുജ്തഹിദ്. അത്രമാത്രം വിവരവും കഴിവും സമ്മേളിച്ച അത്യപൂര്‍വ വ്യക്തിയായിരിക്കും അദ്ദേഹം. ഒരു വ്യക്തിയെ ഈ ഗണത്തില്‍ പെടുത്താന്‍ ഇസ്‌ലാം ധാരാളം നിബന്ധനകള്‍ വെക്കുന്നുണ്ട്. ഈ നിബന്ധനകളും കഴിവുകളും പണ്ഡിത ലോകം ഐകകണ്ഠ്യേന അംഗീകരിച്ചതുമാണ്. അതിലൊന്ന് മുസ്‌ലിമായിരിക്കുക എന്നതുതന്നെ. അമുസ്‌ലിമായ ഒരാള്‍ ഇജ്തിഹാദ് ചെയ്ത് വല്ലതും പറഞ്ഞാല്‍ തന്നെ ഇസ്‌ലാമിലെ കാര്യമെന്ന നിലയില്‍ അത് വിശ്വസിക്കാന്‍ പാടില്ല. കൂടാതെ ആഴത്തിലുള്ള ബുദ്ധിയും പ്രായപൂര്‍ത്തിയും അനിവാര്യമാണ്. കുട്ടികളും ബുദ്ധിനഷ്ടപ്പെട്ടവരും പറഞ്ഞത് അനുസരിക്കരുത്. നേരത്തെ മുജ്തഹിദായിരുന്നുവെങ്കിലും പിന്നീട് ബുദ്ധി നശിച്ചാല്‍ നശിച്ചതിനു ശേഷം അദ്ദേഹം പറയുന്നതിന് പ്രസക്തിയില്ല എന്നര്‍ഥം. നീതിമാനായിരിക്കണം എന്നാണ് അടുത്ത ഉപാധി. ഇത് ജനങ്ങളോടുള്ള പെരുമാറ്റത്തില്‍ മാത്രം അനുഷ്ഠിക്കേണ്ട ഒന്നല്ല. അല്ലാഹുവിനോടുള്ള കടപ്പാട് തീര്‍ക്കുന്നതിലും വേണം. അതുകൊണ്ടുതന്നെ, വന്‍ ദോഷങ്ങളൊന്നും ചെയ്യാത്ത, ചെറുദോഷങ്ങള്‍ പതിവാക്കാത്ത, തന്റെ മാന്യതയെ കളങ്കപ്പെടുത്താത്ത ഒരാളുടെ വിധി പ്രസ്താവം മാത്രമേ സ്വീകരിക്കുകയുള്ളൂ. ഈയര്‍ഥത്തിലുള്ള നീതിയില്ലാത്തവരും മുജ്തഹിദ് എന്ന പദവിയിലേക്കെത്താമെങ്കിലും അദ്ദേഹത്തെ മുസ്‌ലിംകള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് ചുരുക്കം. കാരണം അദ്ദേഹം വിശ്വാസയോഗ്യനല്ല.

വളരെ സുപ്രധാനമായ മറ്റൊരു നിബന്ധനയാണ് ഫിഖ്ഹുന്നഫ്‌സ് എന്നുപറയുന്നത്. ഗണിതശാസ്ത്രത്തില്‍ ഒരാള്‍ക്ക് ഫിഖ്ഹുന്നഫ്‌സ് ഉണ്ടെന്ന് പറയുന്നത് ഏതു ക്രിയ കിട്ടിയാലും നിഷ്പ്രയാസം അത് മനസ്സുകൊണ്ട്തന്നെ ചെയ്യാന്‍ കഴിയുമ്പോഴാണ്. അതേസമയം പേപ്പറിലെഴുതി കുത്തിക്കുറിച്ച് കണ്ടെത്തുന്നവന് ഗണിതം അറിയാമെങ്കിലും ഫിഖ്ഹുന്നഫ്‌സ് ഉണ്ടെന്ന് പറയാനാകില്ല. ഇതുപോലെ അല്ലാഹുവിന്റെ ദീനിലെ വിഷയങ്ങളിലും തെളിവുകളിലും മറ്റെല്ലാ അനിവാര്യവിജ്ഞാനങ്ങളിലും കഴിവുണ്ടാവണം. ഇത് അല്ലാഹു ഒരാള്‍ക്ക് പ്രകൃതിപരമായി കൊടുക്കുന്നതാണ്. എത്ര പഠിച്ചാലും ഈയൊരു വിശേഷണം ലഭിക്കണമെന്നില്ല. ഇമാമുല്‍ ഹറമൈനി(റ) പറയുന്നത് ഇങ്ങനെ: എല്ലാത്തിനുമപ്പുറം മുജ്തഹിദിന് വേണ്ടത് ഫിഖ്ഹുന്നഫ്‌സാണ്. അതാണ് അദ്ദേഹത്തിന്റെ മൂലധനം. അതൊരിക്കലും സമ്പാദിച്ചെടുക്കുന്നതല്ല. ധാരാളം കിതാബുകള്‍ കാണാതെ പഠിച്ചാല്‍ ലഭിക്കുന്നതുമല്ല. അല്ലാഹു പ്രകൃതിപരമായി നല്‍കിയാല്‍ കിട്ടും(8).
ഇനിയും ധാരാളം നിബന്ധനകളുണ്ട് മുജ്തഹിദിന്. അവയിലേക്ക് അടുത്ത ലക്കത്തില്‍ വരാം.

ഡോ. ഉമറുൽഫാറൂഖ് സഖാഫി കോട്ടുമല

അവലംബം
(1) മുജ്തഹിദ് എന്ന പദം നിഷ്പന്നമായത് ഇജ്തിഹാദില്‍ നിന്നാണ്. ഫഖീഹ് ഫിഖ്ഹില്‍ നിന്നും. ഇജ്തിഹാദും ഫിഖ്ഹും രണ്ടര്‍ഥത്തില്‍ പ്രയോഗിക്കുന്നതാണ് എന്നിരിക്കെ മുജ്തഹിദിന്റെയും ഫഖീഹിനെയും വിവക്ഷ ഒന്നാണ് എന്ന് മനസ്സിലാക്കരുത്. ഫഖീഹ് മുജ്തഹിദാണ്, അതേപ്രകാരം മുജ്തഹിദ് ഫഖീഹുമാണ്. രണ്ടു നാമങ്ങളും പ്രയോഗിക്കാന്‍ പറ്റുന്ന വ്യക്തി ഒന്നാകണമെങ്കിലും രണ്ടിന്റെയും വിവക്ഷ ഒന്നാകണമെന്നില്ല. നേരത്തെ ഈമാന്‍, ഇസ്‌ലാം, മുഅ്മിന്‍, മുസ്‌ലിം എന്നീ ചര്‍ച്ചകളില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ വായനക്ക് ഇമാം സുബ്കിയുടെ(റ) ജംഉല്‍ ജവാമിഇന്റെ തുടക്കം മറ്റു പണ്ഡിതന്മാരുടെ വിശദീകരണ സഹിതം നോക്കാവുന്നതാണ്.
(2) ഇആനതു ത്വാലിബീന്‍: 3/251
(3) തുഹ്ഫതുല്‍ മുഹ്താജ് ബി ശര്‍ഹില്‍ മിന്‍ഹാജ്: 1/116
(4) ഫത്‌വ കൊടുക്കുന്നവന് മുഫ്തി എന്നും ചോദിക്കുന്നവന് മുസ്തഫ്തി എന്നുമാണ് അറബി പ്രയോഗം
(5) ഇബ്‌നു ഹജറിന്റെ (റ) തുഹ്ഫതുല്‍ മുഹ്താജ്: 1/38 നോക്കുക
(6) ശര്‍ഹുല്‍ മുഹദ്ദബ്: 1/45
(7) സംഗ്രഹം: ഫതാവല്‍ കുബ്‌റാ/ഇബ്‌നു ഹജര്‍ ഹൈതമി: 4/332
(8) അല്‍ ബുര്‍ഹാന്‍ ഫീ ഉസൂലില്‍ ഫിഖ്ഹ്: 2/1332

You must be logged in to post a comment Login