നേതാക്കൾ പിടിയിൽ

നേതാക്കൾ പിടിയിൽ

നിന്റെ രക്ഷിതാവ് ആണ. അവരെയും പിശാചുക്കളെയും നാം ഒരുമിച്ചുകൂട്ടുകതന്നെ ചെയ്യും. തുടർന്ന് അവരെയെല്ലാവരെയും നാം നരകത്തിനു ചുറ്റും മുട്ടുകുത്തിയവരായി ഹാജരാക്കും, തീർച്ച. കരുണാവാരിധിയായ അല്ലാഹുവിനോട് ഏറ്റവും കൂടുതൽ ധിക്കാരം കാണിച്ചവരെ ഓരോ വിഭാഗത്തിൽനിന്നും തുടർന്ന് നാം ഊരിയെടുക്കുക തന്നെ ചെയ്യും. ആരാണ് ആ നരകത്തിൽ കത്തിയെരിയാൻ ഏറ്റവും അർഹരെന്ന് നമുക്കറിയാം(സൂറത്തു മർയം 68, 69, 70).

പരലോകത്തിന്റെ ബുദ്ധിപരമായ സാധ്യതയെ വിശകലനം ചെയ്തതിനു ശേഷം അതിനെ നിഷേധിച്ച് പരിഹസിച്ചു നടന്നവർക്കുള്ള ശിക്ഷയെ കുറിച്ചുള്ള ഹ്രസ്വമായ വിവരണമാണ് ഈ സൂക്തങ്ങളിൽ. നിഷേധികളായ മനുഷ്യരെ മാത്രമല്ല, അവരോടൊപ്പം അവരെ വഴികേടിലേക്ക് ആനയിച്ച പിശാചുക്കളെയും ഒരുമിച്ചുകൂട്ടുമെന്ന് ഖുർആൻ തറപ്പിച്ചു പറയുന്നു. രണ്ടുപേരെയും ഒരേ ചങ്ങലയിൽ ഒരുമിച്ചുചേർത്താണത്രേ ബന്ധികളാക്കുക. അവൻ എങ്ങനെയായിരിക്കും നരകത്തിനു ചുറ്റും ഒരുമിച്ചുകൂട്ടുന്നത്? മുട്ടിലിഴഞ്ഞവരായി! മുട്ടിൽ ഇഴയുക എന്നത് അധമത്വത്തിന്റെയും വിധേയത്വത്തിന്റെയും നിന്ദ്യതയുടെയും നിദർശനമാണ്. അവരൊക്കെ ഐഹിക ലോകത്ത് വലിയ ധിക്കാരം ചെയ്തവരായിരുന്നു. എല്ലാ തിന്മകൾക്കും എഴുന്നുനിന്ന് കൊടിപിടിച്ചവർ. എന്നാൽ ലോക രക്ഷിതാവിനു മുന്നിൽ എത്തിയപ്പോൾ അവരുടെ ശൗര്യമൊക്കെ ചോർന്നുപോയി. അവർക്ക് എഴുന്നേറ്റുനിൽക്കാൻ പോലും കഴിയുന്നില്ല. അങ്ങനെയാണ് അവർ മുട്ടിൽ ഇഴഞ്ഞ് അവന്റെ രാജകീയ കോടതിക്കു മുന്നിൽ പഞ്ചപുഛമടക്കി നിൽക്കേണ്ടിവന്നത്.
ആരാണീ പിശാചുകൾ? അവരെ കൂടി ബന്ധികളാക്കി ചങ്ങലക്കിടാൻ മാത്രം എന്ത് അപരാധമാണ് അവർ ചെയ്തത്? മനുഷ്യരെ വഴിപിഴപ്പിക്കാൻ ശപഥം ചെയ്തിറങ്ങിയ ഇബ്്ലീസിന്റെ മക്കളായ സാക്ഷാൽ പിശാചുക്കളെയാണ് ഇവിടെ ഉദ്ദേശ്യം. പിശാച് വഴിപിഴപ്പിക്കുന്നതിനെക്കുറിച്ച് ഖുർആൻ പലയിടങ്ങളിലായി പറയുന്നുണ്ട്. അതിലെ ഒരു സൂക്തം ഇങ്ങനെ: പിശാചിനെ അല്ലാഹു ശപിച്ചിരിക്കുന്നു. നിന്റെ അടിമകളിൽനിന്ന് ഒരു നിശ്ചിത വിഹിതം ഞാനുണ്ടാക്കിയെടുക്കുന്നതാണെന്ന് അവൻ അല്ലാഹുവിനോട് പറയുകയുണ്ടായി. അവരെ ഞാൻ വഴിപിഴപ്പിക്കുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും. ഞാനവരോട് കല്പിക്കുമ്പോൾ അവർ കാലികളുടെ കാതുകൾ കീറി മുറിക്കും. ഞാനവരോട് കല്പിക്കുമ്പോൾ അവർ അല്ലാഹുവിന്റെ സൃഷ്ടിയെ(പ്രകൃതിയെ) അലങ്കോലപ്പെടുത്തും. വല്ലവരും അല്ലാഹുവിനു പുറമെ പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുന്ന പക്ഷം തീർച്ചയായും അവർ പ്രത്യക്ഷമായ നഷ്ടം പറ്റിയവരാകുന്നു. പിശാച് അവർക്ക് വാഗ്ദാനങ്ങൾ നൽകുകയും വ്യാമോഹിപ്പിക്കുകയും ചെയ്യുന്നു. പിശാച് അവർക്ക് നൽകുന്ന വാഗ്ദാനം വഞ്ചനയല്ലാതെ മറ്റൊന്നുമല്ല. അത്തരക്കാർക്കുള്ള സങ്കേതം നരകമാകുന്നു. അതിൽനിന്ന് ഓടി രക്ഷപ്പെടാൻ ഒരിടവും അവർ കണ്ടെത്തുകയില്ല(സൂറത്തു നിസാഅ് 118, 119, 120, 121).

പിശാച് മനുഷ്യനെ വഴിപിഴപ്പിക്കുന്നതിന്റെ മറ്റൊരു ചിത്രം സൂറതുൽ ഇസ്റാഅ് 62, 63, 64, 65 സൂക്തങ്ങളിൽനിന്ന് ലഭിക്കും.

“പിശാച് പറഞ്ഞു: എന്നെക്കാൾ നീ ആദരിച്ചിട്ടുള്ളവനാരെന്ന് നീ എനിക്ക് പറഞ്ഞുതരൂ. ഉറപ്പ്, ഉയിർത്തെഴുന്നേല്പിന്റെ നാളുവരെ നീ എനിക്ക് അവധി നീട്ടിത്തരുന്ന പക്ഷം ഇവന്റെ സന്തതികളിൽ ചുരുക്കം പേരൊഴിച്ച് എല്ലാവരെയും ഞാൻ കീഴ്പ്പെടുത്തുകതന്നെ ചെയ്യും. അല്ലാഹു പറഞ്ഞു: നീ പോയിക്കൊള്ളൂ. അവരിൽനിന്നും വല്ലവരും നിന്നെ പിന്തുടരുന്ന പക്ഷം നിങ്ങൾക്കെല്ലാമുള്ള പ്രതിഫലം നരകം തന്നെയായിരിക്കും. അതെ; തികഞ്ഞ നരകം തന്നെ. അവരിൽനിന്ന് നിനക്ക് സാധ്യമായവരെ ചൂളംവിളിച്ച് സംഘടിപ്പിക്കുക. അവർക്കായി നിന്റെ കുതിരപ്പടയെയും കാലാൾപടയെയും നീ വിളിച്ചുകൂട്ടുക. സ്വത്തുക്കളിലും സന്താനങ്ങളിലും നീ അവരോടൊപ്പം പങ്കുചേരുകയും അവർക്ക് നീ വാഗ്ദാനങ്ങൾ നൽകുകയും ചെയ്തുകൊള്ളുക. പിശാച് അവരോട് ചെയ്യുന്ന വാഗ്ദാനം വഞ്ചനമാത്രമാകുന്നു. ഉറപ്പ്, എന്റെ ഇഷ്ട ദാസന്മാരുടെ മേൽ നിനക്ക് യാതൊരു അധികാരവുമില്ല. കൈകാര്യകർത്താവായി നിന്റെ രക്ഷിതാവ് തന്നെ മതി(അൽ ഇസ്റാഅ് 62, 63, 64, 65).

മനുഷ്യരിലുള്ള പിശാചുക്കളും മനുഷ്യരെ വഴിപിഴപ്പിക്കുമെന്ന് ഖുർആൻ വ്യക്തമാക്കുന്നുണ്ട്. അൻആം അധ്യായത്തിലെ 112 സൂക്തത്തിൽ പറയുന്നു: “അപ്രകാരം എല്ലാ പ്രവാചകന്മാർക്കും മനുഷ്യ ഭൂത വർഗങ്ങളിൽനിന്ന് പിശാചുക്കളെ നാം നിശ്ചയിച്ചു. അവർ പരസ്പരം (ചിലർ ചിലർക്ക്) സമാന വാക്കുകളിലൂടെ വഞ്ചനാത്മകമായ സന്ദേശങ്ങൾ കൈമാറുന്നു.’ അതുകൊണ്ടാണ് മനുഷ്യ- ഭൂത പിശാചുക്കളിൽനിന്ന് കാവൽ ചോദിക്കാൻ നാസ് അധ്യായത്തിലൂടെ അല്ലാഹു പഠിപ്പിച്ചത്.

ഈ സൂക്തത്തിലെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാര്യം തിന്മയുടെ നേതാക്കളെ കുറിച്ചുള്ള പരാമർശമാണ്. തെമ്മാടികൂട്ടങ്ങളുടെ തലവന്മാരെയെല്ലാം പടച്ചവൻ പൊക്കിയെടുത്ത് നരകത്തിലേക്ക് വലിച്ചെറിയുന്ന രംഗം ചിന്തനീയമാണ്. ദൈവിക നിയമങ്ങൾ ഭൂമിയിൽ അവതരിപ്പിക്കുമ്പോൾ അവ ആരെയാണ് അലോസരപ്പെടുത്തുന്നത്? ഭൂമിയിൽ നിയമങ്ങൾ ഏതുമില്ലാത്ത തോന്ന്യാസികളായി ജീവിച്ച് ദുർബലരുടെ അവകാശങ്ങൾ ധ്വംസിച്ച് രാജകീയമായി വാണരുളിയവരെ ദൈവിക നിയമങ്ങൾ അസ്വസ്ഥപ്പെടുത്തുമെന്ന് പറയേണ്ടതില്ലല്ലോ. ന്യായവിധി നാളിൽ കുറ്റവിചാരണ തുടങ്ങേണ്ടത് തിന്മയുടെ ഈ തലവന്മാരിൽനിന്നു തന്നെയല്ലേ? അവർ തന്നെയല്ലേ ആദ്യമായി ശിക്ഷക്ക് വിധേയമാകേണ്ടതും? അങ്ങനെ അവരെ പിൻപറ്റി പിഴച്ചുപോയവരും അവരുടെ റാൻമൂളികളും അവരെ ഭയന്ന് തോന്ന്യാസത്തിന് കാവൽനിന്ന അനുയായികളും നേതാക്കളുടെ ദൈന്യത അനുഭവിച്ചറിയട്ടേ.

ഇത്തരം ഒരു എഴുന്നള്ളിപ്പിന്റെ സംഭീതമായ ഒരു ആവിഷ്കരണം വിശുദ്ധ ഖുർആൻ ഹൂദ് അധ്യായത്തിൽ 98-ാം സൂക്തത്തിൽ പറയുന്നുണ്ട്. അഹങ്കാരത്തിന്റെയും അതിക്രമത്തിന്റെയും ആൾരൂപമായിരുന്ന ഫറോവയെക്കുറിച്ചാണ് പരാമർശം. മൂസാനബിയുടെ കാലത്ത് ഈജിപ്ത് ഭരിച്ച ഫറോവ. ‘ഞാനാണ് നിങ്ങളുടെ വലിയ തമ്പുരാൻ’ എന്ന് ഗീർവാണം മുഴക്കിയ ഛത്രപതി. “അവൻ അവന്റെ ജനതയുടെ മുന്നാലെ ന്യായവിധി നാളിൽ വരുന്നതാണ്. അങ്ങനെ അവൻ അവരെ നരകത്തിലേക്ക് കൊണ്ടെത്തിക്കും. അവർ ചെന്നെത്തുന്ന ഇടം ഏറ്റവും മോശമത്രെ.’ നരകത്തിലേക്കുള്ള അവരുടെ നായകനെയാണ് ഇവിടെ പറയുന്നത്. ഭൂമിയിൽ അവർക്ക് സ്വർഗം പണിയാം എന്നു പറഞ്ഞവർ തന്നെയാണ് അനശ്വര ലോകത്ത് അവർക്ക് നരകയാത്ര നടത്താൻ നേതൃത്വം വഹിക്കുന്നത്. പണാധിപത്യത്തിന്റെയും ആൾബലത്തിന്റെയും തണൽ വികസിച്ച ഭരണാധികാരികൾക്കു മാത്രമല്ല, നിയമനിർമാണം കൈയാളി ജനങ്ങളുടെ പണം വിഴുങ്ങി നേതൃസ്ഥാനത്ത് വിരാജിച്ച പുരോഹിത വർഗവും ഈ ദുരിതത്തിൽനിന്നും വിമുക്തമാവുകയില്ല. ഖുർആൻ ഈ കാര്യവും പറഞ്ഞിട്ടുണ്ട്. “സ്വന്തം കരങ്ങൾകൊണ്ട് ഗ്രന്ഥം രചിക്കുകയും, തുഛമായ ഭൗതിക ലാഭങ്ങൾക്കുവേണ്ടി അത് അല്ലാഹുവിൽനിന്നാണെന്ന് പറയുകയും ചെയ്തവർക്ക് നാശം.’

ഫറോവയുടെ നരകയാത്ര ചിത്രീകരിക്കുന്ന സൂക്തത്തിൽ പരാമർശിച്ചിരിക്കുന്ന “അൽവിർദ്’ എന്നതുകൊണ്ടുദ്ദേശിക്കുന്നത് അതിതീക്ഷ്ണമായ ചൂടുള്ള നരകത്തിലെ ഉറവയാണ്. ജലാശയത്തിനടുത്തേക്ക് പോവുന്നതിനാണ് അറബിയിൽ വറദ എന്നുപറയുക. കുടിക്കാൻ ഉദ്ദേശ്യമില്ലാതെ പോവുന്നതിന് വുറൂദ് എന്നും വെള്ളം കുടിച്ച് തിരിച്ചുപോരാനുള്ള പോക്കിന് വിർദ് എന്നും പറയുന്നു. അപ്പോൾ ഇവർ കണ്ട്, തിരിച്ചുപോരാനല്ല പോവുന്നത്, മറിച്ച് വെള്ളം കുടിച്ച് ദാഹം തീർത്ത് പോരാനാണ്. അതി കഠിനമായ ചൂടും അടക്കാനാവാത്ത ദാഹവും കാരണമായി വെള്ളത്തിനടുത്തേക്ക് ആർത്തി പൂണ്ടവരായി ചെന്നടുക്കുകയാണവർ. പക്ഷേ വെള്ളത്തിനടുത്തേക്ക് അടുക്കുമ്പോഴേക്കും മുഖം കരിഞ്ഞുപോവുന്നു! എന്നിട്ടും കുടിക്കുംതോറും ദാഹം വർധിക്കുന്ന അവസ്ഥയിലേക്ക് അവർ പരിവർത്തിക്കപ്പെടുകയും ഒട്ടകം പേന്തിക്കുടിക്കുന്നതുപോലെ കുടിക്കാൻ നിർബന്ധിക്കപ്പെടുകയും ചെയ്യുന്നു. അവരുടെ കുടലുകൾ വെന്തു നുറുങ്ങുന്നു. വെള്ളം എന്ന പ്രതീക്ഷ അവർക്ക് ഒരു മഹാ ദുരന്തമായി പരിണമിക്കുകയാണവിടെ.
ആരാണ്, എത്രയാണ് ശിക്ഷിക്കപ്പെടേണ്ടവർ എന്ന് കൃത്യമായി അറിയുന്നവനാണ് അല്ലാഹു. അത് അവന് ആരും പ്രത്യേകമായി പഠിപ്പിച്ചുകൊടുക്കേണ്ട കാര്യമില്ല. അതാണ് മൂന്നാം സൂക്തത്തിൽ പറയുന്നത്. ആ. നരകത്തിൽ ആരാണ് കത്തിയെരിയേണ്ടതെന്ന് ഏറ്റവും നന്നായി നമുക്ക് അറിയാം(സൂറതുൽ മറിയം 70).

ഡോ. ഫൈസൽ അഹ്സനി രണ്ടത്താണി

You must be logged in to post a comment Login