ഇമാം ബുഖാരിയും മുസ്‌ലിമും സംയുക്തമായി ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇങ്ങനെയാണ്: “നിങ്ങളിൽ ആരുടെയെങ്കിലും പാത്രത്തില്‍ നായ തലയിട്ട് കുടിച്ചാല്‍ പ്രസ്തുത പാത്രം ശുദ്ധിയാക്കേണ്ടത് ഏഴു പ്രാവശ്യം കഴുകിയാണ്’(1) ഈ ഹദീസിന്റെയും ഇതുപോലെയുള്ള ഹദീസുകളുടെയും ബാഹ്യാർഥം അവലംബമാക്കി ഇമാം ശാഫിഈ (റ) ഇവ്വിഷയത്തില്‍ വിധി പറഞ്ഞത്, നായ നനവോടെയോ ഈര്‍പ്പത്തോടെയോ തൊട്ടാല്‍ ഏഴു പ്രാവശ്യം കഴുകണമെന്നാണ്. എന്നാല്‍ ഇമാം അബൂഹനീഫ (റ) പറയുന്നതാവട്ടെ, മൂന്നുപ്രാവശ്യം കഴുകിയാല്‍ മതിയെന്നുമാണ്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു അഭിപ്രായവ്യത്യാസം വരുന്നതെന്ന വളരെ പ്രസക്തമായ ചോദ്യത്തിന്റെ ഉത്തരത്തിലാണ് ഒരു മുജ്തഹിദിന്റെ യോഗ്യതയുടെ ആഴം തെളിയുന്നത്. നേരത്തേയുദ്ധരിച്ച ഹദീസ് നിവേദനം ചെയ്യുന്നത് പ്രമുഖ സ്വഹാബിയായ അബൂ ഹുറയ്റയാണ്(റ). അബൂ ഹുറൈറ (റ), തന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു ഘട്ടം വന്നപ്പോള്‍ അഥവാ നായ തൊട്ടപ്പോള്‍ മൂന്നു പ്രാവശ്യം മാത്രമാണ് കഴുകിയത്. സ്വാഭാവികമായും അബൂ ഹുറൈറയുടെ ചെയ്തി സ്വീകരിക്കണമോ, അതോ വാക്ക് സ്വീകരിക്കണമോ എന്ന പ്രശ്‌നമുയരുന്നു. ഈ പ്രശ്‌നം നിർധാരണം ചെയ്യേണ്ടത് ഉസൂലുല്‍ ഫിഖ്ഹാണ്. ഓരോ മുജ്തഹിദിന്റെയും ഉസൂലുല്‍ ഫിഖ്ഹ് അഥവാ നിദാനശാസ്ത്രം ഇത്തരം എല്ലാ പ്രശ്‌നങ്ങളും വളരെ ആഴത്തിൽ നിർധാരണം ചെയ്യുന്നുണ്ട് താനും. അബൂ ഹനീഫയുടെ(റ) നിദാനശാസ്ത്രമനുസരിച്ച് ഇത്തരം ഘട്ടങ്ങളില്‍ സ്വഹാബിയുടെ ചെയ്തിയാണ് സ്വീകരിക്കുക. എന്നാല്‍ ഇമാം ശാഫിഈയുടെ(റ) നിദാനശാസ്ത്രമനുസരിച്ച് സ്വഹാബിയുടെ ചെയ്തി അദ്ദേഹത്തിന്റെ ഇജ്തിഹാദ് മാത്രമായിരിക്കാമെന്നും അതുകൊണ്ടുതന്നെ അദ്ദേഹം നബിയില്‍ നിന്ന് നേരിട്ടുദ്ധരിക്കുന്നതാണ് സ്വീകരിക്കേണ്ടതെന്നും സമര്‍ത്ഥിക്കുന്നു. ഈ രണ്ടു വീക്ഷണങ്ങളും തീര്‍ത്തും മൗലികവും ബുദ്ധിപരവും പണ്ഡിതോചിതവുമാണ്. സ്വാഭാവികമായും രണ്ടു വിധിയും ശരിയാണെന്നുവരുന്നു.
ഇങ്ങനെ ഒരേ പ്രമാണങ്ങള്‍ തന്നെ പ്രത്യക്ഷത്തില്‍ എതിരായി വരികയോ, അല്ലെങ്കില്‍ വ്യത്യസ്ത പ്രമാണങ്ങള്‍ പ്രത്യക്ഷമായിത്തന്നെ എതിരായി സംസാരിക്കുകയോ ചെയ്താല്‍ തീര്‍പ്പുകല്പിക്കാന്‍ നിദാനശാസ്ത്രം അനിവാര്യമാണ്. ഇത്തരം ആയിരക്കണക്കിന് ഘടകങ്ങള്‍ നിദാനശാസ്ത്രത്തെ ആശ്രയിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ, ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും വളരെ സുവ്യക്തമായി മനസ്സിലാകാത്ത എല്ലാ കാര്യങ്ങളിലും വ്യക്തത വരാന്‍ നിദാനശാസ്ത്രത്തിന്റെ നിയമങ്ങള്‍ വെച്ച് നിര്‍ധാരണം ചെയ്യേണ്ടിവരുന്നു. ഒരു മുജ്തഹിദിന് മാത്രമാണ് ഇതിനാവശ്യമായ നിദാനശാസ്ത്രം നിർമിക്കാനാവുക. ഇങ്ങനെ സ്വന്തമായി നിദാനശാസ്ത്രമുള്ള വ്യക്തിക്ക് മാത്രമേ മുജ്തഹിദ് എന്ന് പറയുകയുമുള്ളൂ. ഒരു മുജ്തഹിദിന്റെ ഏറ്റവും വലിയ യോഗ്യതകളിലും പ്രത്യേകതകളിലുമൊന്ന് അദ്ദേഹത്തിന് സ്വന്തമായി നിദാനശാസ്ത്രം ഉണ്ടാവുമെന്നതാണ്. സ്വന്തമായി നിദാനശാസ്ത്രമില്ലാതെ മറ്റൊരു മുജ്തഹിദിനെ പിന്‍പറ്റുന്നയാള്‍ക്ക്, അദ്ദേഹം ഖുര്‍ആനിലും ഹദീസിലും എത്ര ആഴത്തിലുള്ള വിവരമുണ്ടായാല്‍ പോലും മുജ്തഹിദ് എന്നുപറയില്ല; അഥവാ നിരുപാധിക മുജ്തഹിദ്, അറബിയില്‍ മുജ്തഹിദ് മുസ്തഖില്ല് എന്നുപറയില്ല. അതേസമയം, ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും ഇജ്തിഹാദ് മുഖേന വിധി കണ്ടെത്തുകയും എന്നാല്‍ വിധി ഗവേഷണം നടത്താന്‍ നിദാനശാസ്ത്രമായി മറ്റൊരു മുജ്തഹിദിന്റെ നിദാനശാസ്ത്രം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നവരുണ്ട്. ഇവര്‍ നിരുപാധിക മുജ്തഹിദുകളല്ല. സ്വാതന്ത്രരല്ലാത്ത മുജ്തഹിദുകള്‍ അഥവാ മുജ്തഹിദ് ഗൈര്‍ മുസ്തഖില്ലി അല്ലെങ്കില്‍ മുജ്തഹിദുല്‍ മുന്‍തസ്വിബ് എന്ന് ഇത്തരക്കാരെ വിശേഷിപ്പിക്കാറുണ്ട്. നിദാനശാസ്ത്രം നിർമിക്കാന്‍ മാത്രമുള്ള കഴിവ് ഇവര്‍ക്കുണ്ടായില്ല എന്നതുമാത്രമാണ് വ്യത്യാസം.(2)(3)
ഒരാള്‍ ഒരു മദ്ഹബിനെ തഖ്‌ലീദ് ചെയ്യുന്നുവെന്നതിന്റെയർഥം ഈ നിദാനശാസ്ത്രം അംഗീകരിക്കുന്നുവെന്നുകൂടിയാണ്. മദ്ഹബ് എന്നതുകൊണ്ടുള്ള വിവക്ഷയും ഇതുതന്നെ. അഥവാ ഉസൂലുല്‍ ഫിഖ്ഹിലെ നിയമങ്ങളും തത്വങ്ങളും അവയുപയോഗിച്ച് മുജ്തഹിദും അദ്ദേഹത്തിന്റെ മദ്ഹബിലെ മറ്റു പ്രധാനികളും എത്തിച്ചേര്‍ന്ന അഭിപ്രായങ്ങളുമാണ് മദ്ഹബ്. (4) എന്തുകൊണ്ട് അസ്ഹാബുകള്‍ അല്ലെങ്കില്‍ മദ്ഹബിലെ പ്രധാനികള്‍ അഭിപ്രായപ്പെടുന്നത് (5) മദ്ഹബിന്റെ ഭാഗമാകുന്നുവെന്ന ചോദ്യത്തിന്റെ ഉത്തരമാണ് നിദാനശാസ്ത്രം മദ്ഹബിന്റെ അടിക്കല്ലാണെന്ന് ബോധ്യപ്പെടുത്തുന്നത്. അസ്ഹാബുകള്‍ സ്വന്തം ഇമാമിന്റെ ഉസൂല്‍ അഥവാ നിദാനമനുസരിച്ചാണ് അഭിപ്രായങ്ങള്‍ പറയുന്നത്. അതുകൊണ്ടുതന്നെ അവയെല്ലാം മദ്ഹബാണ്. ചിലരെങ്കിലും തെറ്റിദ്ധരിച്ചതുപോലെ ഇമാം പറയുന്നത് മാത്രമല്ല മദ്ഹബ്. അദ്ദേഹത്തിന്റെ നിയമങ്ങളുപയോഗപ്പെടുത്തി വരുന്ന അഭിപ്രായങ്ങളൊക്കെ മദ്ഹബ് തന്നെയാണ്(6).
ഒരാള്‍ മുജ്തഹിദാകണമെങ്കില്‍ നിദാനശാസ്ത്രം അനിവാര്യമാണെന്ന് പറഞ്ഞുവല്ലോ. ഈ കഴിവ് ചെറിയൊരു കഴിവല്ല. ഖുര്‍ആനിലും പത്തുലക്ഷത്തിലധികം വരുന്ന ഹദീസുകളും അവലംബമാക്കി മാത്രമാണല്ലോ നിദാനശാസ്ത്രം നിർമിക്കാന്‍ കഴിയുക. ഓരോ നിയമവും പലയാവര്‍ത്തി ചിന്തിച്ച് തീരുമാനിക്കേണ്ടതുമുണ്ട്. ഇജ്മാഅ് ഒരു തെളിവാണ് എന്ന നിദാനശാസ്ത്രത്തിലെ നിയമം പ്രഖ്യാപിക്കാന്‍ ഇമാം ശാഫിഈ(റ) മുന്നൂറു പ്രാവശ്യം ഖുര്‍ആന്‍ പാരായണം ചെയ്തുവെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തുന്നു(7). ഇങ്ങനെ നിദാനശാസ്ത്രത്തിലെ ആയിരക്കണക്കിന് നിയമങ്ങളാവിഷ്‌കരിക്കാന്‍ നമ്മുടെ മുന്‍ഗാമികളായ മുജ്തഹിദുകള്‍ എത്രമാത്രം അധ്വാനിച്ചിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇങ്ങനെ പരമാവധി അധ്വാനിക്കുമ്പോള്‍ മാത്രമാണ് ഇജ്തിഹാദ് ആകുന്നതും. അഥവാ ഒരാള്‍ക്ക് എല്ലാ വിവരവുമുണ്ട്; പക്ഷേ അദ്ദേഹം വിധി കണ്ടെത്താന്‍ തന്റെ ഏറ്റവും പരമാവധിയുള്ള അധ്വാനം നടത്തുന്നില്ലെങ്കില്‍ അത് ഇജ്തിഹാദ് ആകുന്നില്ല(8). അതുകൊണ്ടുതന്നെ ഒരാള്‍ മുജ്തഹിദാകണമെങ്കിലും അദ്ദേഹത്തിന്റെ ഇജ്തിഹാദ് സ്വീകരിക്കണമെങ്കിലും തീര്‍ച്ചയായും അദ്ദേഹം തന്റെ യോഗ്യതകള്‍ക്കൊപ്പം പരമാവധി കഴിവ് ഉപയോഗപ്പെടുത്തണം. കഴിവ് ഉപയോഗിക്കുന്നതുകൂടി മുജ്തഹിദിന്റെ നിബന്ധനകളില്‍ പെട്ടതാണെന്ന് ചുരുക്കം.
ഇപ്പറഞ്ഞതില്‍നിന്നെല്ലാം മുജ്തഹിദിന് ഖുര്‍ആനിലും ഹദീസിലുമുണ്ടാവേണ്ട ആഴം വ്യക്തമാണ്. കേവലാർഥം മാത്രമറിയുന്ന ആഴം പോര. കല്പനകള്‍, നിരോധനകള്‍, വ്യാപകാർഥമുള്ള വചനങ്ങള്‍, ഹ്രസ്വാര്‍ത്ഥമുള്ള വചനങ്ങള്‍, ഖണ്ഡിതമല്ലാത്ത വിധം വ്യക്തതയുള്ള വചനങ്ങള്‍, ഖണ്ഡിതമായി തന്നെ വ്യക്തതയുള്ളത്, വ്യക്തമായ അർഥത്തിനെതിരില്‍ വ്യാഖ്യാനിക്കപ്പെട്ടത്, ഒരിക്കലും എതിരായി വ്യാഖ്യാനിക്കാന്‍ കഴിയാത്ത വിധം വ്യക്തതയുള്ളത്, വചനങ്ങളുടെ ബാഹ്യാർഥം, ആന്തരികാർഥം, ഉദ്ദേശ്യാർഥം, ഉദ്ദേശ്യം വ്യക്തമായതും വ്യക്തമല്ലാത്തതും, വിധി ദുര്‍ബലമായതും ദുര്‍ബലമാക്കിയതും-ഇങ്ങനെ നീണ്ടതാണ് അറിയേണ്ടതിന്റെ പട്ടിക. ഇവയോരോന്നും വിശദമായിത്തന്നെ അറിയേണ്ടതുണ്ട്. ഹദീസ് വിജ്ഞാനത്തില്‍ സനദിനെക്കുറിച്ചും ആഴത്തില്‍ വിജ്ഞാനം വേണം. സനദിലെ ഓരോ വ്യക്തിയുടെയും ചരിത്രം അറിയണം. എന്നാല്‍ മാത്രമാണല്ലോ അദ്ദേഹത്തിന്റെ ഹദീസ് സ്വീകരിക്കാനാകുമോ ഇല്ലയോ എന്നു തീരുമാനിക്കാനാവുക.പേര്, തറവാട്, വയസ്സ്, മരണ സമയം, ഹദീസ് സ്വീകരിക്കുന്ന വിഷയത്തില്‍ അവരുടെ നിബന്ധനകള്‍, ഗുരുക്കന്മാർ, ഹദീസുകള്‍ എങ്ങനെയാണു അവര്‍ സ്വീകരിച്ചത് തുടങ്ങിയവയൊക്കെയാണ് ചരിത്രം എന്നതുകൊണ്ട് ഏറ്റവും അടിസ്ഥാനപരമായി ഉദ്ദേശിക്കപ്പെടുന്നത്. പത്തുലക്ഷം ഹദീസുകളുടെ വിഷയത്തിലും ഇത് ബാധകമാണ്. ഇത്രയൊക്കെ വിജ്ഞാനം നല്‍കപ്പെട്ട ഒരു വ്യക്തിയുണ്ടാവാന്‍ അധ്വാനം മാത്രം പോരാ; അല്ലാഹുവിന്റെ അപാരമായ അനുഗ്രഹവുംകൂടി വേണം. കാരണം ഇത്രയും ആഴത്തില്‍ ഓരോന്നും പഠിച്ചെടുക്കുന്നത് മനുഷ്യന് തീര്‍ത്തും അസാധ്യമാണ്.
ഇതിനെല്ലാം പുറമെ, തന്റെ മുമ്പേ കഴിഞ്ഞുപോയ മുജ്തഹിദുകളുടെയും സ്വഹാബികളുടെയും മറ്റും അഭിപ്രായങ്ങളും മുജ്തഹിദ് അറിയണം. പ്രത്യേകിച്ചും ഇജ്മാഉള്ള വിഷയങ്ങള്‍. തന്റെ വിധി ഇജ്മാഇനെ പൊട്ടിച്ചുകളയുന്നതല്ലെന്ന് അദ്ദേഹം ഉറപ്പുവരുത്തണമല്ലോ. കൂടാതെ, അറബി ഭാഷയിലും മുജ്തഹിദിനു അഗാധമായ ജ്ഞാനം ആവശ്യമാണ്. സാഹിത്യ മേന്മയുടെ ഉച്ചിയിൽനിൽക്കുന്ന ഖുര്‍ആനും, അത്യുന്നത സാഹിത്യവൈഭവമുള്ള മുഹമ്മദ് നബിയുടെ (സ്വ) വചനങ്ങളും നേരാംവണ്ണം മനസ്സിലാക്കാന്‍ ഈ അഗാധജ്ഞാനം ആവശ്യമാണെന്ന് പറയേണ്ടതില്ലല്ലോ. ഓരോ വാക്കുകള്‍ക്കും സാധ്യമാകുന്ന നൂറുകൂട്ടം അർഥവ്യത്യസങ്ങളുണ്ടാവും. അവയെല്ലാം അറിയേണ്ടതുണ്ട്. അവയുടെ വ്യത്യസ്തമായ പ്രയോഗങ്ങളും അറിയണം. അറബി ഭാഷയിലെ ഗ്രാമര്‍ നഹ്്വും സ്വര്‍ഫും ആഴത്തില്‍ അറിഞ്ഞിരിക്കണം. മറ്റു സാഹിത്യ മൂല്യങ്ങളും നിയമങ്ങളും സങ്കല്പങ്ങളുമെല്ലാം അറിഞ്ഞിരിക്കണം. ഇതെല്ലാം ഒത്തിണങ്ങിയ ഇത്തരത്തിലുള്ള ധാരാളം മുജ്തഹിദുകള്‍ ഹിജ്‌റയുടെ ആദ്യ മൂന്നു നൂറ്റാണ്ടുകളിലുണ്ടായിരുന്നു. അവരൊക്കെ വലിയ പണ്ഡിതന്മാരും അക്കാലഘട്ടത്തിലെയും പിൽകാലത്തെയും സമൂഹത്തിന്റെ അത്താണികളുമായിരുന്നു. ജനങ്ങള്‍ക്കാവശ്യമായ മുഴുവന്‍ പ്രശ്നങ്ങളും(മസ്അല) അവര്‍ നിര്‍ധാരണം ചെയ്തുകൊടുത്തു. പക്ഷേ, അവയുടെ ക്രോഡീകൃത രൂപം വന്നില്ല. എന്നാല്‍ നാലു മദ്ഹബുകള്‍ അതാതു ഇമാമിന്റെ നേതൃത്വത്തിലും ശിഷ്യന്മാരുടെ നേതൃത്വത്തിലും ക്രോഡീകരിച്ചു. ക്രോഡീകരിച്ചതുകൊണ്ടുതന്നെ അവ ഇന്നും ലഭ്യമാണ്. മറ്റു മുജ്തഹിദുകളുടെ അഭിപ്രായങ്ങള്‍ പലതും പഴയ ഗ്രന്ഥങ്ങളില്‍ കാണുമെങ്കിലും ഒരു മദ്ഹബ് എന്ന നിലയില്‍ വിശാലമല്ല അവയൊന്നും. ലോകം കണ്ട ഏറ്റവും വലിയ പണ്ഡിതന്മാര്‍ മദ്ഹബുകള്‍ ക്രോഡീകരിച്ചിരിക്കെ, ഇനി പുതിയൊരു ഇജ്തിഹാദും പുതിയൊരു മദ്ഹബും തീര്‍ത്തും അപ്രസക്തവും അപ്രായോഗികവുമാണ്. കാരണം ഉപാധികളൊത്ത ഒരു പണ്ഡിതന്‍ ഇനി ഉമ്മത്തിലുണ്ടാവുമെന്ന് വിശ്വസിക്കുന്നതില്‍ ഒരർഥവുമില്ലല്ലോ. ഇമാം ഖഫാല്‍ (റ), ഖാളി ഹുസ്സൈന്‍ (റ), ഇബ്‌നു ദഖീഖില്‍ ഈദ് (റ), ഇബ്‌നു അബ്ദിസ്സലാം (റ), ഇമാമുല്‍ ഹറമൈന്‍ (റ), ഇമാം ഗസ്സാലി (റ) തുടങ്ങിയ പണ്ഡിതന്മാര്‍ പോലും ഈ ഇജ്തിഹാദിന്റെ അടുത്ത് പോലും എത്തിയിട്ടില്ലെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നുണ്ട് (9). എന്നിരിക്കെ ഇനിയൊരു പണ്ഡിതനെ മുസ്‌ലിംലോകം പ്രതീക്ഷിക്കേണ്ടതില്ല. ഹിജ്‌റ മുന്നൂറിന് ശേഷം നിബന്ധനകളൊത്ത ഒരാള്‍ വന്നിട്ടില്ലെന്ന് പണ്ഡിതര്‍ തീര്‍ത്തു പറഞ്ഞതാണ്. ധാരാളം പണ്ഡിതന്മാര്‍ ജീവിതം മൊത്തം ഇത്തരം ശ്രമങ്ങള്‍ നടത്തിയെങ്കിലും അവരാരും വിജയിച്ചിട്ടുമില്ല. അവരുടെ അനാസ്ഥ കൊണ്ടായിരുന്നില്ല ഇത്. കഴിവിന്റെ പരമാവധി ശ്രമിച്ചുവെങ്കിലും അവര്‍ക്കൊക്കെ എത്തിപ്പിടിക്കാനാകുന്നതിലും അപ്പുറത്താണ് ഈ സ്ഥാനമുള്ളത്(10). നാലു മദ്ഹബിന്റെ ഇമാമുകള്‍ക്ക് ശേഷം ഇമാം ഇബ്‌നു ജരീര്‍ അത്വബ്്രി(റ) മാത്രമാണ് ഇത്തരമൊരു സ്ഥാനം വാദിച്ചതെന്നും പക്ഷേ മുസ്‌ലിം ലോകം അത് അംഗീകരിച്ചില്ലെന്നും ഇമാം ശഅ്റാനി (റ) പറയുന്നുണ്ട്(11). അതേസമയം ഇമാം മഹ്ദി(റ), ഈസാ നബി(അ) തുടങ്ങിയവര്‍ അവസാനകാലത്ത് വരുമ്പോള്‍ അവര്‍ക്ക് ഇജ്തിഹാദിനു കഴിവുണ്ടാകുമോ എന്ന ചോദ്യം പ്രസക്തമാണ്. ഇജ്തിഹാദിനു കഴിവുണ്ടാവുകയും ഇജ്തിഹാദ് ചെയ്യുകയും ചെയ്താല്‍ ആവശ്യാനുസാരം അവരെ തഖ്‌ലീദ് ചെയ്യാമെന്നേ നമുക്ക് പറയാനാകൂ. കഴിവുണ്ടാകുമോ, ഇജ്തിഹാദ് ചെയ്യുമോ എന്നൊന്നും ഖണ്ഡിതമായി ഇപ്പോള്‍ പറയാനാകില്ലെന്ന് പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു(12).
അവലംബം
(1) സ്വഹീഹുല്‍ ബുഖാരി: 172; സ്വഹീഹ് മുസ്‌ലിം 279
(2) ശര്‍ഹുല്‍ മുഹദ്ദബ്/ഇമാം നവവി (റ):1/43
(3) മുജ്തഹിദുകള്‍ വ്യത്യസ്ത വിഭാഗമുണ്ട്. ആദ്യ രണ്ടു വിഭാഗമാണ് ഇപ്പറഞ്ഞത്. മൂന്നാം വിഭാഗം അല്‍ മുജ്തഹിദുനിസബി എന്നറിയപ്പെടുന്നു. കർമശാസ്ത്രത്തിലെ ചില അധ്യായങ്ങളില്‍ മാത്രം ഗവേഷണപാടവമുള്ളവരാണിവര്‍. അതേസമയം ഒന്നാമതു പറഞ്ഞ മുജ്തഹിദിന്റെ നിദാനശാസ്ത്രം സ്വീകരിക്കുകയും ചെയ്യും. നാലാമത്തെ വിഭാഗം മുജ്തഹിദുല്‍ മദ്ഹബ് എന്നറിയപ്പെടുന്നു. ഒന്നാം വിഭാഗത്തിലെ മുജ്തഹിദിന്റെ മദ്ഹബിനുള്ളില്‍ വേണ്ടതുപോലെ വിവരിക്കപ്പെടാതെ വിട്ടുപോയ കർമശാസ്ത്ര വിധിവിലക്കുകള്‍ക്ക് തീര്‍പ്പുകല്പിക്കുന്നവരാണിവര്‍. തന്റെ ഇമാമിന്റെ നിയമ- നിദാന ശാസ്ത്രവും തദനുസൃതമായുള്ള കര്മശാസ്ത്രവും അവലംബമാക്കിയാണ് മുജ്തഹിദുല്‍ മദ്ഹബ് ഇത്തരം ശ്രമങ്ങള്‍ നടത്തുന്നത്. ഏറ്റവും അവസാനത്തെ വിഭാഗമാണ് മുജ്തഹിദുല്‍ ഫത്്വ വത്തര്‍ജീഹ്. നേരത്തെ പറഞ്ഞ നാലു മുജ്തഹിദുകളുടെയും അഭിപ്രായങ്ങള്‍ വിശകലനം ചെയ്ത് പ്രബലമായതു കണ്ടെത്തുകയും തദനുസൃതമായി ഫത്്വ നല്‍കുകയും ചെയ്യുന്നവരാണിവര്‍.
(4) ഈ പ്രധാനികള്‍ക്ക് അസ്ഹാബുകള്‍ എന്നാണ് സാങ്കേതികമായി പറയുക. മദ്ഹബിലെ ഏറ്റവും ആധികാരിക വ്യക്തികളാണിവര്‍. അസ്ഹാബുല്‍ വുജൂഹ് എന്നും ഇവരെ വിളിക്കാറുണ്ട്
(5) അസ്ഹാബുകളുടെ അഭിപ്രായങ്ങളെ സാങ്കേതികമായി വജ്ഹ് എന്നാണ് പറയുക. എന്നാല്‍ മുജ്തഹിദായ ഇമാമിന്റെ അഭിപ്രായങ്ങള്‍ ഖൗല്‍ എന്നും പറയും. ഇത് പണ്ഡിതന്മാര്‍ക്കിടയിലുള്ള സാങ്കേതിക പ്രയോഗം മാത്രമാണ്
(6) മദ്ഹബ് എന്ന പദം പലപ്പോഴും മറ്റർഥങ്ങളിലും ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന്, ഏറ്റവും പ്രബലമായ അഭിപ്രായം, മുജ്തഹിദ് തന്നെ പ്രകടിപ്പിച്ച അഭിപ്രായം. ഈ വീക്ഷണമനുസരിച്ച്, അപ്രബലമായ അഭിപ്രായത്തിനോ, മുജ്തഹിദല്ലാത്ത പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ക്കോ മദ്ഹബ് എന്ന് പറയില്ല
(7) തഫ്‌സീര്‍ റാസി: 11/43
(8) ഇജ്തിഹാദിന്റെ നിർവചനത്തില്‍ എല്ലാ പണ്ഡിതന്മാരും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ജംഉല്‍ ജവാമിഅ്: 2/379
(9) തുഹ്ഫതുല്‍ മുഹ്താജ്: 10/109,110
(10) ഫതാവല്‍ കുബ്‌റാ: 4/ 302
(11) മീസാനുല്‍ കുബ്‌റാ: 1/ 16
(12) വിശദ വായനക്ക് ഇമാം സുയൂഥ്വിയുടെ അല്‍ ഹാവി ലില്‍ ഫതാവാ നോക്കാവുന്നതാണ്
ഡോ. ഉമറുൽഫാറൂഖ് സഖാഫി കോട്ടുമല
You must be logged in to post a comment Login