ഡീപ് സ്റ്റേറ്റ് എന്ന ഒന്നുണ്ട്. ഗൂഢാലോചനാ സിദ്ധാന്തകര്‍ ആവര്‍ത്തിച്ചുപയോഗിച്ചതിനാല്‍ ക്ലീഷേ എന്ന് ഉത്തര മുതലാളിത്ത രാജ്യങ്ങള്‍ തള്ളിക്കളയുമെങ്കിലും സംഗതി ഉള്ളതാണ്. ആ ഡീപ് സ്റ്റേറ്റ് ഒരുപക്ഷേ, ഡൊണാള്‍ഡ് ട്രംപിന്റെ വാഴ്ചക്കാലത്ത് പ്രചരിക്കപ്പെട്ടപോലെ ആവണമെന്നില്ല. പക്ഷേ, ഉണ്ട്. ജാഗ്രതയാണല്ലോ ജനാധിപത്യത്തിന് നാം കൊടുക്കേണ്ട വില. നമ്മുടെ ജാഗ്രതകളെയും മറികടക്കുന്ന ചില മെക്കാനിസങ്ങള്‍ ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കും. അതിശക്തിയുള്ള എന്നാല്‍ അദൃശ്യമായ മെക്കാനിസങ്ങള്‍.
സ്റ്റേറ്റ് നേരിട്ട് ചെയ്യുന്ന കാര്യങ്ങള്‍ അവ ഉത്ഭവിക്കുന്ന ഘട്ടത്തില്‍ നമുക്ക് തിരിച്ചറിയാനാവും. അത്തരം ഓരോ പ്രവൃത്തികളെയും അവയുടെ ഓരോ ഘട്ടത്തിലും ആഘാതസഹിതം മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ നാം അങ്ങനെ മനസ്സിലാക്കുന്ന പല പ്രവൃത്തികളും നമുക്ക് ദൃശ്യമായ സ്റ്റേറ്റിന്റേതാവണമെന്നില്ല. അഥവാ ആ പ്രവൃത്തിയുടെ ഉറവിടം സ്റ്റേറ്റ് ആകണമെന്നില്ല. ഒരുപക്ഷേ, ഉറവിടം സ്റ്റേറ്റ് ആണെന്നിരിക്കിലും ആ ഉറവിടത്തിന് പിന്നിലെ പ്രേരകശക്തി സ്റ്റേറ്റ് ആവില്ല. ആ ശക്തിയാണ് ഡീപ് സ്റ്റേറ്റ്.
ഡീപ് സ്റ്റേറ്റിന് മുന്നില്‍ സ്റ്റേറ്റ് എന്ന സംവിധാനം നിസ്സഹായമാക്കപ്പെടും. മെരിയം-വെബ്സ്റ്റര്‍ നിഘണ്ടുവില്‍ ഡീപ് സ്റ്റേറ്റിനെ ഇങ്ങനെ കാണാം: “”An alleged secret network of especially nonelected government officials and sometimes private entities (as in the financial services and defense industries) operating extralegally to influence and enact government policy. The power of the deep state comes from experience, knowledge, relationships, insight, craft, special skills, traditions, and shared values. Together, these purported attributes make nameless bureaucrats into a supergovernment that is accountable to no one. That is a scary prospect.”1997-ലാണ് മരിയം വെബ്സ്റ്റര്‍ ഈ വാക്കിനെ അവതരിപ്പിക്കുന്നത്. A body of people, typically influential members of government agencies or the military, believed to be involved in the secret manipulation or control of government policy എന്ന് ഓക്സ്ഫഡ്. സാധാരണ നിലയില്‍ സ്വാഭാവികമായ ഒന്നാണ് ഇപ്പറഞ്ഞത്. ഒരു ഭരണസംവിധാനത്തില്‍ ബാഹ്യശക്തികള്‍ ചില്ലറ ഇടപെടലുകള്‍ നടത്തിയേക്കാം. അവര്‍ അവരുടെ ചില താല്‍പര്യങ്ങള്‍ നടപ്പിലാക്കുകയും ചെയ്യും. സാധാരണ നിലയില്‍ അഴിമതി, ഭരണവീഴ്ച, കെടുകാര്യസ്ഥത, സ്വജനപക്ഷപാതം എന്നിങ്ങനെ നാനാതരം പേരുകളില്‍ അറിയപ്പെടുന്ന ഒരു സംഗതിയാണത്. ജനാധിപത്യത്തിലെ സ്വാഭാവിക വീഴ്ച. പക്ഷേ, ഡീപ് സ്‌റ്റേറ്റ് അതല്ല. ഡീപ് സ്റ്റേറ്റ് മാരകമായ കാന്‍സറാണ്. ഒരിക്കല്‍ പിടികൂടിയാല്‍ മരണമാണ്. സ്റ്റേറ്റിന്റെ മരണം. സ്റ്റേറ്റിന്റെ മരണം എന്നാല്‍ ജനത ബന്ദിയാവലാണ്.
അമേരിക്കന്‍ മുതലാളിത്തം ആ രാഷ്ട്രത്തിന്റെ ശരീരവും ആത്മസത്തയുമായി മാറിയ കാലം ഇന്ന് സൂക്ഷ്മമായ പഠനങ്ങള്‍ക്കും ചില നിഗമനങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. ദ്വികക്ഷി ഭരണം നിലവിലുള്ള ആ വമ്പന്‍ ജനാധിപത്യത്തില്‍ ഏത് കക്ഷിയുടെ ഭരണവും ചില സമാന താല്‍പര്യങ്ങളെ ഒരേ തീവ്രതയോടെ നടപ്പാക്കിയിരുന്നു. സോവിയറ്റ് ചേരി നിലനിന്ന ശീതയുദ്ധകാലത്ത് പോലും ഈ താല്‍പര്യങ്ങള്‍ നടപ്പാക്കപ്പെട്ടു. ഈ താല്‍പര്യങ്ങള്‍, അഥവാ ഈ നടപ്പാക്കലുകള്‍ അമേരിക്കന്‍ ജനതയുടെ വിശാല താല്‍പര്യത്തിന് കടകവിരുദ്ധമായിരുന്നു. എങ്കിലും അമേരിക്കന്‍ ജനത, അമേരിക്കന്‍ അഭിമാനം എന്ന് പേര്‍ത്തും ഊറ്റം കൊണ്ടിരുന്ന ഇരു കക്ഷികളും ഈ നയം നടപ്പാക്കി. എങ്ങനെയാണ് അമേരിക്കന്‍ വിശാല താല്‍പര്യത്തിന് എതിരായ ഈ നയങ്ങള്‍ ഒരു സ്വാഭാവിക ഭരണ നടപടിയായി ആവിര്‍ഭവിച്ചത് എന്നത് ഒരു ദുരൂഹതയായി തുടര്‍ന്നു. വൈറ്റ് ഹൗസിലേക്കുള്ള അതിസൂക്ഷ്മങ്ങളായ അക്കാദമിക് നോട്ടങ്ങളാണ് അതിനെ അത്യാഴത്തില്‍ ബാധിച്ചിരുന്ന ഡീപ് സ്റ്റേറ്റ് എന്ന പ്രതിഭാസത്തെ പുറത്തിട്ടത്. ഏത് ഭരണസംവിധാനത്തെയും നിശബ്ദമാക്കി, അവരറിയാതെ തന്നെ തങ്ങളുടെ ഇംഗിതങ്ങളെ സ്‌റ്റേറ്റ് തിട്ടൂരമായി ഇറക്കാന്‍ കഴിവുള്ള വമ്പന്‍ വിഭാഗം. ഗുരുതരമായ ഒരു കാര്യം ഈ ഡീപ് സ്‌റ്റേറ്റ് ആരാണ് എന്നോ ഏത് താല്‍പര്യ വിഭാഗമാണെന്നോ ഒരന്വേഷണത്തിനും തിരിച്ചറിയാന്‍ കഴിയില്ല എന്നതാണ്. കണ്ടെത്താനാവാത്ത ഒരു കാന്‍സര്‍ പോലെ അത് സംവിധാനത്തെ ആകമാനം വരിഞ്ഞു മുറുക്കും. അമേരിക്കയില്‍ രണ്ടു തവണ ക്രൂരമായി ആവര്‍ത്തിച്ച സാമ്പത്തിക മാന്ദ്യം ഡീപ് സ്‌റ്റേറ്റിന്റെ സൃഷ്ടിയാണെന്നും വാദമുയര്‍ന്നു. ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തോടെ ലോകത്ത് നിലനില്‍ക്കുന്ന എല്ലാ ചെറുതും വലുതുമായ ഭരണസംവിധാനങ്ങളും ഡീപ് സ്‌റ്റേറ്റ് ബാധിതമാണെന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ഇന്ദിരാ ഗാന്ധി ഭരണകാലം ഡീപ് സ്‌റ്റേറ്റായി മാറിയ കെട്ടകാലമായിരുന്നു. ഒരുപക്ഷേ, ലോകത്താദ്യമായി “നിഴല്‍ ഭരണകൂടം’ രാജ്യം വാണ നാളുകള്‍. സഞ്ജയ് ഗാന്ധിയും ധീരേന്ദ്ര ബ്രഹ്മചാരിയും പോലെ അനവധി പേരുകളെ ഓര്‍ക്കാം. ഇന്ദിരയനന്തരം മകന്‍ രാജീവ് ഗാന്ധിയിലൂടെ അത്തരം ശക്തികള്‍ നിര്‍ബാധം ഇന്ത്യ വാണു. വി പി സിംഗിന്റെ ഹ്രസ്വകാലത്ത് ആ ശക്തികള്‍ അരങ്ങില്‍ നിന്ന് അണിയറയിലേക്ക് മാറി. ഇന്നും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ, ഇന്ത്യന്‍ ഭരണക്രമത്തിന്റെ, ഭരണകൂടത്തിന്റെ ധമനികളെ പിടികൂടിയ മാരക അര്‍ബുദമായി അത് തുടരുന്നു.
ഒരുപക്ഷേ, ഇന്ത്യയില്‍ ആദ്യമായി അധികാരമേറ്റെടുക്കല്‍ നിമിഷത്തില്‍ ഈ ഡീപ് സ്‌റ്റേറ്റിനെക്കുറിച്ച് ഉപരിപ്ലവമായെങ്കിലും മുന്നറിയിപ്പ് നല്‍കിയത് കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ അധികാരാരോഹണ വേളയില്‍ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരോടായി നടത്തിയ പ്രഭാഷണത്തില്‍. അവതാരങ്ങളെ കരുതിയിരിക്കുക എന്നായിരുന്നു ആ വാചകം. ഡീപ് സ്റ്റേറ്റ് എന്ന മാരക രോഗത്തിന്റെ ഒരു ലക്ഷണം മാത്രമാണ് അവതാരങ്ങള്‍ എങ്കിലും അതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ അദ്ദേഹം തയാറായത് നിശ്ചയമായും നേര്‍വഴിയുടെ പ്രകാശനമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അതേ സര്‍ക്കാരിനെ ഡീപ് സ്റ്റേറ്റ് എന്ന ഭൂതം പിടികൂടി എന്നു നാം കരുതേണ്ടിയിരിക്കുന്നു. ചില ഉദാഹരണങ്ങള്‍ മാത്രം നിരത്തി പിന്‍വാങ്ങാം.
ഫെബ്രുവരി 17, 2017 നാണ് കൊച്ചിയില്‍ ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ കാറില്‍ അതിക്രമിച്ച് കയറിയ സംഘം താരത്തെ അക്രമിക്കുന്നതും, അപകീര്‍ത്തികരമായി ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതും.
ഫെബ്രുവരി 18 ന് തന്നെ നടിയുടെ കാര്‍ ഓടിച്ചിരുന്ന മാര്‍ട്ടിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും, പള്‍സര്‍ സുനി എന്ന സുനില്‍കുമാറടക്കമുള്ള 6 പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ഫെബ്രുവരി 19 ന് രണ്ടുപേര്‍ കൂടി പിടിയിലായി. 23-ന് പള്‍സര്‍ സുനിയും വിജീഷും പിടിയിലായി. ജൂലൈ 10-ന് അക്കാല മലയാള സിനിമയിലെ സൂപ്പര്‍ താരവും കോടീശ്വരനും സിനിമ അനുബന്ധ മേഖലകളിലെ സ്വാധീന പുരുഷനുമായ ദിലീപ് അറസ്റ്റിലായി. ഒരു ഭരണകൂടത്തിന്റെ അപാരമായ ആര്‍ജവം, നിശ്ചയദാർഢ്യം എന്നിവയുടെ തെളിവായി ഈ കേസിന്റെ പ്രരംഭഘട്ടത്തെ വായിക്കാം. അത്രമാത്രം ശക്തനായ ഒരാളെ, സമൂഹത്തിന്റെ സമസ്ത മണ്ഡലങ്ങളിലും പലതരം സ്വാധീനമുള്ള ഒരാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കുക എന്നത് താരതമ്യേന എളുപ്പമല്ല. ഒന്നാം പിണറായി സര്‍ക്കാര്‍ അഭിനന്ദിക്കപ്പെട്ട മുഹൂര്‍ത്തം. പ്രശസ്തയായ, സ്വാധീനമുള്ള ഒരു സ്ത്രീയ്ക്ക് നേരിട്ട അക്രമണത്തില്‍ ഇത്തരത്തില്‍ നടപടി ഉണ്ടാകുന്നത് കേരളത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും ആത്മവിശ്വാസം പകരുന്ന നടപടിയുമാണ്. പക്ഷേ, പിന്നീട് എന്താണ് സംഭവിക്കുന്നത്? കുറ്റാന്വേഷണത്തില്‍ ഒട്ടും പിന്നില്‍ അല്ലാത്ത പൊലീസ് ആണ് കേരളത്തിന്റേത്. അവരെ കോടതിയില്‍ സഹായിക്കാന്‍ എണ്ണം പറഞ്ഞ വക്കീലന്‍മാര്‍ പ്രോസിക്യൂട്ടര്‍മാരായുണ്ട്. കുറ്റം ബലാത്സംഗവും ചിത്രങ്ങള്‍ പകര്‍ത്തലുമാണ്.രണ്ടിനും ശാസ്ത്രീയ തെളിവെടുപ്പ് സാധ്യമാണ്. വിചാരണ അതിവേഗത്തില്‍ നടന്നാല്‍ കുറ്റം തെളിയും. പ്രതികള്‍ ശിക്ഷിക്കപ്പെടും. ആധുനിക ജനാധിപത്യത്തില്‍ ശിക്ഷ എന്നത് സമൂഹത്തിന് നല്‍കുന്ന മാതൃകാപാഠമാണ്. നിങ്ങള്‍ കുറ്റം ചെയ്താല്‍ താമസംവിനാ ശിക്ഷിക്കപ്പെടും എന്ന തോന്നല്‍ അത് ജനിപ്പിക്കും. നമ്മള്‍ അക്രമിക്കപ്പെട്ടാല്‍ പ്രതി ഏത് ഉന്നതനായാലും ശിക്ഷിക്കപ്പെടും എന്ന തോന്നലും അതുണ്ടാക്കും.
പക്ഷേ, കേരള ചരിത്രത്തിലെ ഈ പ്രമാദമായ കേസില്‍ പിന്നീട് എന്താണ് സംഭവിക്കുന്നത്? ബലാത്സംഗം നടന്നിട്ട്, അഥവാ നടന്നതായി പരാതി ഉണ്ടായിട്ട്, പ്രാഥമിക ഘട്ടത്തില്‍ കുറ്റം തെളിഞ്ഞിട്ട് എന്താണ് സംഭവിക്കുന്നത് എന്നാണ് ചോദ്യം. നമ്മുടെ നിയമവ്യവസ്ഥകളുടെ നൂലിഴകള്‍ അസാധാരണ വൈഭവത്തോടെ ഒരാള്‍ വകഞ്ഞു മാറ്റുന്നു. ഇരയായ സ്ത്രീ അഞ്ച് വര്‍ഷം ഇവിടെ ജീവിക്കുകയാണ്. ജനാധിപത്യത്തില്‍ ഒരു മന്ത്രിസഭയുടെ കാലാവധിയാണ് അഞ്ചുവര്‍ഷം. മനുഷ്യജീവിതത്തില്‍ വലിയ കാലം. എന്തുകൊണ്ടാണ് ഈ കാലദൈര്‍ഘ്യം? സര്‍ക്കാര്‍ പൂട്ടുന്ന ഓരോ താഴും ആരോ അഴിച്ച് മറ്റൊരു താഴിട്ട് വെക്കുന്നു. പിന്നെ അത് തുറക്കാനാവാതെ സര്‍ക്കാര്‍ മറ്റൊരു പൂട്ട് തയാറാക്കുന്നു. അതും കള്ളത്താക്കോലുകളാല്‍ തുറക്കപ്പെടുന്നു. ആരാണിത് തുറക്കുന്നത്? അതിന്റെ ഉത്തരമാണ് നാം ആദ്യം പരാമര്‍ശിച്ച ഡീപ് സ്‌റ്റേറ്റ്. അന്വേഷണ സംഘത്തിലെ ചില സാന്നിധ്യങ്ങളായും പ്രോസിക്യൂട്ടര്‍മാരായും അവരെ നാം കാണുന്നുണ്ട്. നമുക്ക് പക്ഷേ, മനസ്സിലാവുന്നില്ല.
2018 ഫെബ്രുവരി 22-നാണ് അട്ടപ്പാടിയിലെ മുക്കാലിക്കടുത്ത് കടുകുമണ്ണ ഊരിലെ മധു എന്ന ആദിവാസി യുവാവ് കൊല്ലപ്പെടുന്നത്. ഭക്ഷണം മോഷ്ടിച്ചു എന്നാരോപിച്ച് ഒരു സംഘം ആളുകള്‍ തല്ലിക്കൊല്ലുകയായിരുന്നു. മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആ നരാധമര്‍ തന്നെ ചിത്രീകരിച്ച് പുറത്തുവിട്ടു. മര്‍ദനത്തില്‍ അവശനായ മധു പൊലീസ് ജീപ്പില്‍ മരിച്ചു. തൊട്ടു പിറ്റേന്നത്തെ വാര്‍ത്തകളില്‍ അതൊരു സാധാരണ മരണമായിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മലയാളി മനസ്സാക്ഷി ഉണര്‍ന്നു. സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു. പിറ്റേന്ന് മധൂ, മാപ്പ് എന്ന് കേരളം ഒന്നിച്ച് പറഞ്ഞു. ദേശീയ തലത്തില്‍ ആ കൊലപാതകം വാര്‍ത്തയായി. മുഖ്യമന്ത്രി പിണറായി വിജയന്‍ മധുവിന്റെ വീട് സന്ദര്‍ശിച്ചു. കേരളത്തില്‍ ഒരിക്കലും സംഭവിക്കരുതാത്ത ഒരു കൊലപാതകം എന്ന് ഫീച്ചറുകള്‍ സാക്ഷ്യം പറഞ്ഞു. കൊല്ലപ്പെട്ടത് ഒരാദിവാസിയാണ്. നീതി ഭരണഘടന നല്‍കുന്ന ഉറപ്പുമാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍, ഭരണകൂടം നേരിട്ട് തന്നെയും നീതിക്കായി പ്രവര്‍ത്തിച്ചു. പിന്നീട് എന്താണ് സംഭവിച്ചത്? നാം പൊതുസമൂഹം എന്ന് അവകാശപ്പെടുന്ന നാം നീതി കിട്ടുമെന്ന ഉറപ്പില്‍ അല്ലെങ്കില്‍ നീതി കിട്ടിയല്ലോ എന്ന ആശ്വാസത്തില്‍ മധുവിനെ മറന്നു. മറവിയുടെ ആ ഘട്ടത്തില്‍ ഡീപ് സ്‌റ്റേറ്റ് പ്രവര്‍ത്തന സജ്ജമായി. ഒട്ടും ദുരൂഹതകള്‍ ഇല്ലാത്ത, തികച്ചും പ്രാദേശികരായ ആളുകള്‍ ഉള്‍പ്പെട്ട ഒരു പകല്‍ കൊലപാതകത്തിലെ കുറ്റപത്രം വൈകി. പ്രതികള്‍ ജാമ്യത്തിലിറങ്ങി. സാക്ഷികള്‍ ഭൂരിഭാഗവും നിരാലംബരും നിസ്സഹായരും നിരക്ഷരരുമായ ആദിവാസികളാണ്.പ്രോസിക്യൂഷന്‍ ജാഗ്രത കാട്ടിയില്ല. പ്രോസിക്യൂഷന്‍ എന്ന വാക്ക് ഓര്‍ക്കണം. നാല് വര്‍ഷം വിചാരണ നടന്നില്ല. നാല് വര്‍ഷം വലിയ കാലാവധിയാണ്. ഒരാളും ഒന്നും ഓര്‍ത്തില്ല. കേസ് വേഗത്തിലാക്കേണ്ടത് പ്രോസിക്യൂഷന്റെ പണിയാണ്. പ്രോസിക്യൂഷനാണ് സര്‍ക്കാരിന്റെ, മധുവിന്റെ പ്രതിനിധി. അവര്‍ വേഗം വേഗം എന്ന് പറഞ്ഞില്ല. ഇഴഞ്ഞു. നാലു വര്‍ഷം. ഒരു ചെറുപ്പക്കാരനെ മറക്കാന്‍, ബന്ധുബലമില്ലാത്ത, സുഹൃത്തുക്കളോ സ്വത്തോ ഇല്ലാത്ത, വിശപ്പിനാല്‍ അല്‍പപ്രാണിയായിരുന്ന ഒരു ചെറുപ്പക്കാരനെ മറക്കാന്‍ നാല് വര്‍ഷം ധാരാളമാണ്. കോടതി മുറിയിലെ ചെറിയ ക്രോസില്‍ തകര്‍ന്നു വീഴും നാല് വര്‍ഷം മുന്‍പുള്ള ഓര്‍മകള്‍. അല്ലെങ്കില്‍ തകര്‍ത്തുകളയും. നോക്കൂ, മധുവിന്റെ കേസ് തോല്‍ക്കാന്‍ പോവുകയാണ്. മധു ജീവിച്ചിരുന്നില്ല എന്ന് പ്രഖ്യാപിക്കപ്പെട്ടേക്കാം. ഡീപ് സ്‌റ്റേറ്റ് ഇപ്പോള്‍ മനസ്സിലാവുന്നില്ലേ? ഭയക്കണം.
ഈ കുറിപ്പ് എഴുതുമ്പോള്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ടിട്ട് മൂന്നാണ്ട് തികയുകയാണ്. ബഷീര്‍ കേരളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജനാധിപത്യത്തിന്റെ നാലാം തൂണിലെ ആ കാവലാള്‍. പത്രങ്ങള്‍ പൈങ്കിളി ചമച്ച് വാഴ്ത്തിയ ഒരു യുവ ഐ എ എസുകാരന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ആ ജീവന്‍ എടുത്തു. മദ്യപിച്ച് ലക്ക് കെട്ട്, ഒരു സ്ത്രീയെ അരികിലിരുത്തി അയാള്‍ കാണിച്ച വൃത്തികെട്ട ആണത്ത അഹന്ത ബഷീറിനെ കൊന്നുകളഞ്ഞു. ശരിയാണ്, അതൊരു വാഹനാപകടമാണ്. പക്ഷേ, മദ്യപിച്ച് വണ്ടിയോടിക്കുന്ന നിമിഷം നിങ്ങള്‍ക്ക് വാഹനാപകടത്തിന്റെ പരിരക്ഷയില്ല. നടിയിലും മധുവിലും പ്രവര്‍ത്തിച്ചതുപോലെ പിന്നീടല്ല ശ്രീറാമിനെ രക്ഷിക്കാന്‍ ഡീപ് സ്‌റ്റേറ്റ് പുറപ്പെട്ടത്.
കേസിന്റെ ഉദ്ഭവം മുതൽ അതുണ്ടായി, ഇന്നാട്ടിലെ പൗരരുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ചുമതലപ്പെട്ട ജനാധിപത്യ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്, അതേ സര്‍ക്കാര്‍ ശമ്പളം കൊടുത്ത് നിയമിക്കുന്ന കാര്യക്കാരിലൂടെയാണ്. സര്‍ക്കാര്‍ പറയുന്നത് ചെയ്യല്‍ മാത്രമാണ് ഈ ശമ്പളം പറ്റുന്ന കാര്യക്കാരുടെ ജോലി. ആ കാര്യക്കാരുടെ മുന്നണിക്കാര്‍ സിവില്‍ സര്‍വീസുകാരാണ്. മുന്തിയ കാര്യക്കാര്‍ എന്നു വിളിക്കാം. അവരില്‍ പെട്ട ഒരാളാണ് മദ്യപിച്ച് വണ്ടിയോടിച്ച് ആളെക്കൊന്ന ശ്രീറാം. നാം കണ്ടതെന്താണ്? തങ്ങളെ തീറ്റിപ്പോറ്റുന്ന സര്‍ക്കാരിനെ പൊടുന്നനെ ബന്ദിയാക്കി ഈ സിവില്‍ സര്‍വീസുകാര്‍. അതിശക്തമെന്ന് നാം കരുതുന്ന സര്‍ക്കാരിനെ, അതിന്റെ മുഖ്യമന്ത്രിയെ ബന്ദിയാക്കി ഇക്കൂട്ടര്‍. എന്നിട്ടോ, അവരുടെ പടയിലെ ഒരുത്തനെ അതിലാഘവത്തോടെ രക്ഷിക്കാന്‍ കരുക്കള്‍ നീക്കി. ഭയക്കണം ഈ ഡീപ് സ്‌റ്റേറ്റിനെ.
പത്രസമൂഹത്തിന്റെ, ജനാധിപത്യ വിശ്വാസികളുടെ, ബഷീറിന്റെ സംഘടനയുടെ ആത്മാവിലേറ്റ മുറിവാണ് ആ കൊലപാതകം. ആ വേദന മനസ്സിലാക്കുന്ന ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രി എന്ന് വിശ്വസിക്കാനാണ് ഇഷ്ടം. മറിച്ച് ധരിക്കാന്‍ തെളിവുകളില്ല. ജില്ലാ മജിസ്‌ട്രേറ്റ് അഥവാ ജില്ലാ കളക്ടര്‍ അതിന്റെ പ്രവര്‍ത്തന സ്വഭാവം കൊണ്ട് വ്യതിരിക്തമാണ്. അതിനാല്‍ തന്നെ അത്തരം നിയമനങ്ങള്‍ മുഖ്യമന്ത്രി അറിഞ്ഞേ നടക്കൂ. അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ അറിഞ്ഞേ നടക്കൂ. അവരാരും കേരളത്തിലെ നിരവധി മനുഷ്യരുടെ, സുന്നി സംഘടനകളുടെ പൊതുവികാരമായ ബഷീറിനെ മരണാനന്തരം അപമാനിക്കുന്ന, ബഷീറിന്റെ ബന്ധുക്കളെ കുത്തിക്കീറുന്ന ഇത്തരം ഒരു തീരുമാനം സ്വാഭാവികമായും എടുക്കില്ല. വിചാരണ നേരിടുന്ന, ക്രിമിനല്‍ ട്രാക്ക് റെക്കോഡുള്ള, സ്വഭാവദൂഷ്യം പരസ്യമായ ഒരാള്‍ ഇരിക്കേണ്ട പദവിയല്ല നിരന്തരം ജനസമ്പര്‍ക്കം ആവശ്യമായ, എല്ലാ തട്ടിലുമുള്ള ജനങ്ങളോടും ഇടപെടേണ്ട, എല്ലാവരുടെയും സഹകരണം ഉറപ്പാക്കേണ്ട കളക്ടര്‍ ജോലി. ഇതറിയാത്ത ആളുകളല്ല എല്‍ ഡി എഫ്. ഇതറിയാത്ത ആളല്ല മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നിട്ടും അയാളെങ്ങനെ കളക്ടറാക്കപ്പെട്ടു. നമ്മുടെ സ്‌റ്റേറ്റിനു മേല്‍ ഡീപ് സ്‌റ്റേറ്റ് പടര്‍ന്നു കഴിഞ്ഞു.
ഈ മാരക അര്‍ബുദത്തിനുള്ള ഏക ചികിത്സ ജനങ്ങളുടെ ഇടപെടലാണ്. ജാഗ്രതയാണ്. സമാധാനപൂര്‍ണമായ പ്രതിരോധമാണ്. സര്‍ക്കാരിനെ ജനങ്ങള്‍ എന്ന ഒന്നുണ്ട് ഓര്‍മിപ്പിക്കലാണ്. ശ്രീറാമിനെ ജനകീയ പദവിയില്‍ നിന്ന് മാറ്റും വരെ ആ പ്രതിരോധം സാധ്യമാക്കിയ കേരളത്തില്‍ നമുക്ക് പ്രതീക്ഷ പുലര്‍ത്താം. അതേ പ്രോസിക്യൂഷന്‍ രൂപത്തില്‍ സര്‍വതും അട്ടിമറിക്കാനെത്തുമ്പോൾ കോടതിയ്ക്കും നാം കാവല്‍ നില്‍ക്കാന്‍ തയാറാവണം.
കെ കെ ജോഷി
You must be logged in to post a comment Login