തക്‌ലീഫിന്റെ ഉപാധികൾ കഴിഞ്ഞ ലക്കത്തിൽ നാം വ്യക്തമാക്കിക്കഴിഞ്ഞു. ഗാഫിൽ, മുക്റഹ്, മുൽജഅ് എന്നിവർ മുകല്ലഫുകളല്ലെന്നും വിശദമാക്കി. ലോകത്തുള്ള എല്ലാ മനുഷ്യരോടും മത ശാസന – തക്‌ലീഫ് ഒരേ പോലെയല്ല ബന്ധിക്കുന്നതെന്നും നാം മനസ്സിലാക്കി.
ശരീഅത് വരുന്നതിനു മുമ്പ് അഥവാ പ്രവാചകന്മാരുടെ സാന്നിധ്യമില്ലാത്ത സമൂഹം മുകല്ലഫുകളല്ല എന്ന് ഇസ്‌ലാം പറയുന്നു. ‘പ്രവാചകത്വത്തിനു മുമ്പ് ഹുക്മുകളുമില്ല’ – (ലാ ഹുക്‌മ ഖബ്‌ല ശ്ശർഇ) എന്നാണ് ഉസൂലുൽ ഫിഖ്ഹ് ഇതിനെ ഒറ്റവാചകത്തിൽ പറഞ്ഞത്. അക്കാലഘട്ടത്തിൽ ജീവിച്ചവർക്ക് അതിനാൽ ശിക്ഷയുമുണ്ടാവില്ല. വിശുദ്ധ ഖുർആൻ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് : “”തീർച്ച, നാം ഒരു പ്രവാചകനെ അയക്കുന്നതുവരെ ആരെയും ശിക്ഷിക്കുന്നവനല്ല” (1). ബുദ്ധികൊണ്ട് ശരീഅത്തിന്റെ ഹുക്മുകൾ മനസ്സിലാക്കാമെന്നും അതുകൊണ്ടുതന്നെ പ്രവാചകന്മാർ വന്നില്ലെങ്കിൽപോലും മനുഷ്യന് ഈ ഹുക്മുകൾ മനസ്സിലാകുമെന്നും അവയനുസരിച്ച് ജീവിക്കണമെന്നും മുസ്‌ലിം ലോകത്ത് പറഞ്ഞത് മുഅ്ത്തസിലത് എന്ന അവാന്തര വിഭാഗമാണ്(2). ഇവരെ മുസ്‌ലിംകൾ തള്ളിപ്പറഞ്ഞിട്ടുണ്ട്(3). ഇന്നും ഇസ്‌ലാമിന്റെ സന്ദേശം തീരെ ലഭിക്കാതെ ഏതെങ്കിലും സമൂഹമോ മനുഷ്യരോ ഒറ്റപ്പെട്ട മനുഷ്യനോ ജീവിക്കുന്നുവെങ്കിൽ അവരും തക്‌ലീഫിനു പുറത്താണെന്ന് നാം നേരത്തെ മനസ്സിലാക്കി. സന്ദേശം ലഭിക്കുകയും അനുസരിക്കാൻ തയാറാവുകയും ചെയ്തുവെങ്കിലും സാഹചര്യങ്ങൾ നിമിത്തം തക്‌ലീഫിനു പുറത്തുപോയവരാണ് ഗാഫിൽ, മുക്റഹ്, മുൽജഅ് എന്നീ വിഭാഗങ്ങൾ. ഇത്തരക്കാർ തങ്ങളുടെ സാഹചര്യങ്ങൾക്കനുസരിച്ച് ഒരു നിർബന്ധമായ കാര്യം ചെയ്യാതിരിക്കുന്നതുകൊണ്ടോ വർജ്ജിക്കേണ്ട കാര്യം ചെയ്യുന്നതുകൊണ്ടോ പ്രശ്‌നമാകുന്നില്ല. കാരണം പ്രസ്തുത സമയങ്ങളിൽ അവർ ഹുക്മ് അനുസരിക്കേണ്ട മുകല്ലഫുകളല്ല. എന്നുമാത്രവുമല്ല, ഹുക്മ് അനുസരിക്കുന്നത് നിമിത്തം ജീവനോ മറ്റോ ഹാനിയാകുമെങ്കിൽ പലപ്പോഴും അനുസരിക്കാതിരിക്കലാണ് ഇസ്‌ലാമിക ശരീഅത് അനുസരിച്ചുള്ള വിധി – ഹുക്മ്. അഥവാ നിർബന്ധമായ കാര്യം ഉപേക്ഷിക്കേണ്ടിവരും. ഉപേക്ഷിക്കേണ്ട കാര്യം ചെയ്യേണ്ടിയും വന്നേക്കാം.
ഇവിടെയാണ് ഇസ്‌ലാമിക ശരീഅത്തിന്റെ സമഗ്രത മനസ്സിലാക്കേണ്ടത്. ഇസ്‌ലാം സമഗ്രമാണെന്നതിനർഥം ഇസ്‌ലാമിക ശരീഅത് അല്ലെങ്കിൽ ഫിഖ്ഹ് സമഗ്രമാണെന്നു തന്നെയാണല്ലോ. മനുഷ്യൻ അനുഷ്ഠിക്കേണ്ട, പാലിക്കേണ്ട, നിത്യജീവിതത്തിലും മറ്റു സമയങ്ങളിലുമെല്ലാം കൊണ്ടുവരേണ്ട ഓരോ സംഗതിയും പറയുകയാണ് ഫിഖ്ഹ് ചെയ്തത്. ലോകത്തെ എല്ലാ വിശ്വാസികൾക്കും മനുഷ്യനും ഒരൊറ്റ കർമരേഖ ആവിഷ്കരിക്കുകയല്ല. എല്ലാവരും എല്ലാ സമയവും മുകല്ലഫുകളുമല്ല. കർമങ്ങൾ ചെയ്യാനാകുമ്പോഴാണ് ഒരാൾക്ക് അത് ചെയ്യൽ നിർബന്ധമാകുന്നത്. ജയിലറയിൽ കഴിയുന്ന ഒരു വിശ്വാസിക്ക് ജുമുഅ നിസ്കാരം നിർബന്ധമാകണമെന്നില്ല; കാരണം അദ്ദേഹത്തിന് അതൊരിക്കലും സാധ്യമാകില്ല. ഇസ്‌ലാമിക രാഷ്ട്രങ്ങളിലും ഇസ്‌ലാമിന്റെ ശത്രു രാഷ്ട്രത്തിലുമുള്ള മുസ്‌ലിംകൾക്കെല്ലാം ഒരേ കർമമാണ് നിർബന്ധമായിട്ടുള്ളതെന്ന വാദം ഇസ്‌ലാമിക വിരുദ്ധമാണ്. ഭരണങ്ങൾ മാറിവരുമ്പോൾ പുതിയ നിയമങ്ങളാവിഷ്കരിച്ച് ഇസ്‌ലാമിക നിയമങ്ങളെ അനുസരിക്കാൻ സമ്മതിക്കാത്ത ദുരവസ്ഥ ഇന്ന് വർധിച്ചുവരികയാണ്. ഇത്തരം നാടുകളിൽ ജീവിക്കുന്ന മുസ്‌ലിംകളെക്കൂടി ഉൾക്കൊള്ളുന്ന നിയമവ്യവസ്ഥിതിയാണ് ശരീഅത് അല്ലെങ്കിൽ ഫിഖ്ഹ്. ജീവനും സ്വത്തിനും മറ്റും ഭീഷണിയാകുമ്പോൾ എങ്ങനെയാണ് അനുഷ്ടാന കാര്യങ്ങളെ മുന്നോട്ടുകൊണ്ടുപോകേണ്ടതെന്ന് ഫിഖ്ഹ് വ്യക്തമായി വരച്ചിടുന്നുണ്ട്. ചിലരെങ്കിലും വിശ്വസിച്ചതുപോലെ ഇസ്‌ലാമിക രാഷ്ട്രത്തിനു അകത്ത് ജീവിക്കുന്നവർക്ക് മാത്രമേ സമ്പൂർണ മുസ്‌ലിമാകാൻ സാധിക്കൂവെന്ന വാദം ഇസ്‌ലാമിനില്ല(4).
ഖുർആൻ വിശ്വാസികൾക്ക് നൽകുന്ന ആഹ്വാനം ഇങ്ങനെയാണ്:
“”വിശ്വാസികളേ, നിങ്ങൾ ഇസ്‌ലാമിൽ പൂർണമായി പ്രവേശിക്കണം”(5). ഇങ്ങനെ പൂർണമായി പ്രവേശിക്കാൻ ആഹ്വാനം ചെയ്യുന്നത് ഒരു സമ്പൂർണവും സമഗ്രവുമായ വ്യവസ്ഥിതിയുള്ളതുകൊണ്ടാണ്. സമ്പൂർണമെന്നാൽ ഒരു നിമിഷം പോലും ഇസ്‌ലാമിന് പുറത്തേക്ക് ചിന്തിക്കാതെ ജീവിക്കാനുള്ള വ്യവസ്ഥിതി. ഏതവസ്ഥയിലും എവിടെയും എങ്ങനെ ജീവിക്കണമെന്ന് സമഗ്രമായി പ്രതിപാദിക്കുന്ന വ്യവസ്ഥിതി. ലോകത്തെവിടെ ജീവിക്കുന്നവർക്കും സമ്പൂർണ മുസ്‌ലിമായി ജീവിക്കാനുള്ള അവസരം ഇസ്‌ലാമിലുണ്ട്. ഒരാൾക്ക് ഇസ്‌ലാം പ്രകാരം കാട്ടിലും നാട്ടിലും മരുഭൂമിയിലും ബഹിരാകാശത്തും സമുദ്രത്തിലും എവിടെയും ജീവിക്കാം. ഒറ്റപ്പെട്ടും കൂട്ടമായും ജീവിക്കാം. ചിലപ്പോൾ ഒറ്റപ്പെട്ട് ജീവിക്കലാണ് നല്ലത്. മറ്റുചിലപ്പോൾ കൂട്ടമായി ജീവിക്കലും. എങ്ങനെ ജീവിച്ചാലും സമ്പൂർണ മുസ്‌ലിമായി ജീവിക്കാൻ ഇസ്‌ലാം പ്രകാരം മനുഷ്യന് സാധ്യമാണ്. ഏതു നൂറ്റാണ്ടിലും സഹസ്രാബ്ദത്തിലും ജീവിച്ചാലും അവനു സമ്പൂർണ മുസ്‌ലിമാകാൻ സാധിക്കും.
വ്യത്യസ്ത സാഹചര്യങ്ങളെ നേരിടാൻ പര്യാപ്തമാണ് ഫിഖ്‌ഹ്. അഥവാ ഇസ്‌ലാം സാർവകാലികവും സർവജനീനവുമാണ് എന്ന് ഒറ്റവാക്കിൽ പറയാം. എക്കാലത്തേക്കുമുള്ളതും ഏതു മേഖലക്കുള്ളതും സമർപ്പിച്ചതിനു ശേഷമാണ് മുഹമ്മദ് നബി (സ്വ) വിടവാങ്ങിയത്. ഹജ്ജത്തുൽ വിദാഇലെ – വിടവാങ്ങൽ ഹജ്ജ് – വിരാമ പ്രഭാഷണത്തിൽ ഇസ്‌ലാമിനെ ‘സമ്പൂർണമാക്കി’ നിങ്ങളുടെ കൈയിലേൽപ്പിക്കുന്നുവെന്നാണ് തിരുനബി (സ്വ) ലക്ഷക്കണക്കിന് വിശ്വാസികളോട് പറഞ്ഞത്. സമ്പൂർണമായ ഈ മതത്തെ മറ്റുള്ളവരിലേക്ക് കൈമാറാനും തിരുനബി (സ്വ) ആഹ്വാനം നൽകി. അന്ത്യനാൾ വരെയുള്ള ജനതക്ക് ഈ മതം പര്യാപ്തമാണെന്ന് പലവുരു അവിടുന്ന് ഉണർത്തുകയും ചെയ്തു (6).
ഓരോ മേഖലയിലുള്ളവർക്കും അതാതു കാര്യങ്ങൾ പഠിക്കൽ നിർബന്ധവും (ഫർള് ഐൻ) അല്ലാത്തവർക്ക് സാമൂഹ്യ ബാധ്യത (ഫർള് കിഫായ)യുമാണ്. അഥവാ സമഗ്രമായ ഇസ്‌ലാമിക നിയമങ്ങളെയും തത്വങ്ങളെയും എല്ലാവർക്കും പഠിക്കാൻ സാധിക്കില്ല. ഓരോരുത്തരുമായും ബന്ധമുള്ളത് പഠിക്കൽ വ്യക്തിപരമായ നിർബന്ധവുമാണ്. ഉദാഹരണത്തിന് കച്ചവടക്കാർ ഇസ്‌ലാമിന്റെ കച്ചവട നിയമങ്ങളും കാഴ്ചപ്പാടുകളും അറിഞ്ഞിരിക്കണം. അതേസമയം ഇസ്‌ലാമിക നിയമങ്ങളെ വളരെ സമഗ്രമായി പഠിക്കുകയും പ്രതിപാദിക്കുകയും സമൂഹത്തിനു കൈമാറുകയും ചെയ്തവരാണ് മുജ്തഹിദുകൾ. മുജ്തഹിദുകളാണ് നമുക്ക് മുമ്പിൽ സമഗ്ര ഇസ്‌ലാമിനെ സമർപ്പിച്ചത്. ഒരു മനുഷ്യന്റെ ഒരു നിമിഷം പോലും ഇസ്‌ലാമിക ഇതിവൃത്തത്തിൽ നിന്നും പുറത്തുപോകാത്ത വിധം വിശാലമായ നിയമസംഹിത ലോകത്തിനവർ സമ്മാനിച്ചു. മുസ്‌ലിം ലോകം എക്കാലവും അത് സ്വീകരിച്ചുപോരുകയും ചെയ്തു. ലോകത്തിനു കണിശവും വ്യവസ്ഥാപിതവുമായ നിയമശാസ്ത്രവും നിയമനിർമാണ ശാസ്ത്രവും ഇമാമുകളാണ് പഠിപ്പിച്ചതെന്ന് ചുരുക്കം. പത്തോ പന്ത്രണ്ടോ നൂറ്റാണ്ടുകൾക്ക് മുമ്പ് ഇസ്‌ലാം പറഞ്ഞ നിയമ സംഹിതയാണ് പിന്നീട് യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും മറ്റു രാഷ്ട്രങ്ങളിൽ നിന്നുമെല്ലാം നിയമങ്ങളായി വന്നത്. നിയമ പദാവലികൾ വരെ അറബിയിലാണ് പല നാടുകളിലും ഇന്നും ഉപയോഗിക്കുന്നത് (7). നിയമത്തിലെ ഓരോ സെക്ഷനുകളും പൂർണമായും ഫിഖ്ഹിലുള്ളത് പോലെത്തന്നെയാണ്. ഇതെല്ലാം എന്തുകൊണ്ട് സംഭവിച്ചുവെന്നതിന്റെ മറുപടിയാണ്, ഇമാമുമാരാണ് എല്ലാം നിർമിച്ചതെന്നത്. കൊളോണിയലിസം കേവലം സമ്പത്തും സംസ്കാരവും മാത്രമല്ല കൊണ്ടുപോയത്. നിയമങ്ങൾ വരെ കട്ടെടുത്തു (8).
ഇസ്‌ലാമിക് ഫൈനാൻസ്, ഇസ്‌ലാമിക് പൊളിറ്റിക്സ് മുതൽ ലോകത്തുള്ള ഒരു സംവിധാനവും നേരിട്ട് ഖുർആനിൽ നിന്നും ഹദീസിൽ നിന്നും സ്ഥാപിച്ചെടുക്കുക അസാധ്യമാണ്. ഇസ്‌ലാമിന്റെ സമഗ്ര മുഖമായ മദ്ഹബിനെയും മുജ്തഹിദുകൾ ക്രോഡീകരിച്ച ഫിഖ്ഹിനെയും നൂറുശതമാനവും ആശ്രയിക്കാതെ ലോകത്ത് ഒരു മുസ്‌ലിമിനും ജീവിക്കാനാവില്ല. ഒരു സംവിധാനവും ഇസ്‌ലാമികമായി ആവിഷ്കരിക്കാനാവുകയുമില്ല. ലോകത്തെയും കാലത്തെയും അതിജയിച്ച്, കഴിഞ്ഞ പന്ത്രണ്ട് നൂറ്റാണ്ടുകളിലധികമായി നിലനിൽക്കുന്ന നാലു മദ്ഹബുകളെ തള്ളിക്കളയാൻ ആരും ധൈര്യം കാണിക്കുകയുമില്ല. ഓരോ വിഷയവും ഇഴകീറി ഫിഖ്ഹ് ചർച്ച ചെയ്തപ്പോൾ അവ സമഗ്ര ഇസ്‌ലാമിനെ ലോകത്തിനു നൽകി. ലോകത്ത് വരാൻ വിദൂര സാധ്യതയുള്ള കാര്യങ്ങൾപോലും ഖുർആൻ, ഹദീസ് തുടങ്ങിയവക്കനുസൃതമായി ചർച്ച ചെയ്യുകയും വിധി പറയുകയും ചെയ്തപ്പോൾ അതിനെയെല്ലാം ഫിഖ്ഹിന്റെ നൂലാമാലകളായി അവതരിപ്പിച്ചവരുണ്ട്. പക്ഷേ, ലോകമത് അംഗീകരിച്ചു.
മദ്ഹബുകൾ തമ്മിലുള്ള വ്യത്യാസങ്ങളും മദ്ഹബുകൾക്കുള്ളിലെ വ്യത്യസ്ത അഭിപ്രായങ്ങളുമാണ് യഥാർത്ഥത്തിൽ ഇസ്‌ലാമിക ശരീഅത്തിന്റെ സൗന്ദര്യങ്ങളിലൊന്ന്. അപ്പോൾ മാത്രമാണ് ഇസ്‌ലാം സമഗ്രവും സമ്പൂർണവുമാകുന്നത്. ഏതു നിയമവും നിയമ വിശാരദർക്ക് വ്യാഖ്യാനിക്കാനുള്ള അവകാശം എല്ലാ സമൂഹവും-ആധുനിക സമൂഹം വരെ-വകവെച്ചുകൊടുത്തിട്ടുണ്ടല്ലോ. വ്യാഖ്യാനങ്ങളിൽ വൈരുധ്യങ്ങൾ വരെ വന്നേക്കാം. അതെല്ലാം ആ നിയമത്തിന്റെ അന്തസത്തയായെ മനസ്സിലാക്കൂ. ഇസ്‌ലാം ഒന്നായിരിക്കെ കർമപരമായ കാര്യങ്ങളിൽ എന്തുകൊണ്ട് ഈ വ്യത്യസ്ത അഭിപ്രായങ്ങൾ വന്നുവെന്ന ചോദ്യം സാധാരണക്കാരെ പിടികൂടാറുണ്ട്. ഇസ്‌ലാം മതത്തിൽ രണ്ടുകാര്യങ്ങളാണുള്ളത്. ഒന്ന് : വിശ്വാസപരം, അഥവാ ഈമാൻ കാര്യങ്ങൾ. മറ്റൊന്ന് : കർമപരം, അഥവാ ഫിഖ്ഹ്. വിശ്വാസപരമായ കാര്യങ്ങൾ ഒരാൾ നിഷേധിച്ചാൽ ഈമാനിനെ ബാധിക്കുന്നതാണ്. ആദം നബി (അ) മുതലുള്ള മുഴുവൻ പ്രവാചകന്മാരും ഈമാൻ കാര്യങ്ങൾ ജനങ്ങൾക്ക് പഠിപ്പിച്ചുകൊടുത്തു. അത്തരം കാര്യങ്ങൾ കാലങ്ങൾ മാറുന്നതിനനുസരിച്ച് മാറുന്നതോ മാറാൻ പറ്റുന്നതോ അല്ല. ഉദാഹരണത്തിന് തൗഹീദ് അഥവാ അല്ലാഹു ഏകനാണെന്ന വിശ്വാസം. ഇത് എല്ലാ പ്രവാചകന്മാരും അതാതു സമൂഹത്തിനു പഠിപ്പിച്ചുകൊടുത്തു. അവയെല്ലാം ഒരേ ആശയമായിരുന്നു. ആദം നബിക്കു ഒരു തൗഹീദും മുഹമ്മദ് നബിക്ക് (സ്വ) മറ്റൊരു തൗഹീദുമില്ല. അങ്ങനെയുണ്ടാവാനും പാടില്ല. എന്നാൽ കർമപരമായ കാര്യങ്ങൾ അഥവാ ഫിഖ്ഹ് ഇങ്ങനെയല്ല. ഓരോ പ്രവാചകന്മാരും വ്യത്യസ്ത കർമങ്ങളാണ് പരിചയപ്പെടുത്തിയത്. മുഹമ്മദ് നബി (സ്വ) തന്നെയും ഒരേ കാര്യം വ്യത്യസ്ത രീതിയിൽ ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, നബി (സ്വ) ചിലപ്പോൾ മിസ്‌വാക്ക് – ബ്രഷ് ചെയ്ത് നിസ്കരിച്ചു. മറ്റു ചിലപ്പോൾ ചെയ്യാതെയും നിസ്കരിച്ചു. കുറഞ്ഞ ദിവസം മാത്രം റമളാനിൽ പള്ളിയിൽ വെച്ച് തറാവീഹ് നിസ്കരിച്ചു. ബാക്കിയുള്ള ദിവസങ്ങളിൽ വീട്ടിൽനിന്നും നിസ്കരിച്ചു. അതുകൊണ്ടുതന്നെ ഇത്തരം എല്ലാ വിഷയങ്ങളിലും ഉമ്മത്തിനും ചില അയവുകൾ അഥവാ ഫ്ലക്സിബിലിറ്റി ഇസ്‌ലാമിലുണ്ട്.
കർമങ്ങളിൽ ഈ അന്തരം പ്രവാചകസഖാക്കൾക്കിടയിലുമുണ്ടായിരുന്നു. നിസ്കാരത്തിലും പുറത്തും ഫാതിഹയിൽ ബിസ്മി പാരായണം ചെയ്യുന്നവരും ചെയ്യാത്തവരും അക്കൂട്ടത്തിലുണ്ട്. സുബ്ഹി നിസ്കാരത്തിൽ ഖുനൂത് ഓതുന്നവരും ഓതാത്തവരുമുണ്ടായിരുന്നു. ഗുഹ്യസ്ഥാനങ്ങൾ സ്പർശിച്ചാൽ വുളൂഅ് മുറിയില്ലെന്നും മുറിയുമെന്നും നിരീക്ഷിച്ചവരുണ്ട്. അന്യസ്ത്രീയെ തൊട്ടാലും അങ്ങനെത്തന്നെ. ഇങ്ങനെ ധാരാളം ഉദാഹരണങ്ങൾ ചരിത്രത്തിലും ഹദീസുകളിലും കാണാം. ഈ എതിരഭിപ്രായങ്ങളെല്ലാം വേണ്ടതുപോലെ മനസ്സിലാക്കിയ മുജ്തഹിദുകളാണ് തങ്ങളുടെ ഇജ്തിഹാദുകളനുസരിച്ച് വ്യത്യസ്ത അഭിപ്രായങ്ങളിലെത്തിയത്. എന്നാൽ ഇവരാരും മറ്റുള്ളവർ ചെയ്യുന്നതിനെ ആക്ഷേപിക്കാനോ പരിഹസിക്കാനോ തുനിഞ്ഞില്ല. കാരണം എല്ലാം ശരിയാണെന്നും ഉമ്മത്തിന്റെ സൗകര്യാർഥം എല്ലാം ദീനിന്റെ ഭാഗമാണെന്നും ഓരോരുത്തരും വിശ്വസിച്ചു. ഇമാം ഇബ്നു ഖുദാമ (റ) പറയുന്നത് ഇങ്ങനെ: ”ഫുറൂഇൽ അഥവാ ശാഖാപരമായ കാര്യങ്ങളിൽ നബിസഖാക്കൾ വിഭിന്ന വീക്ഷണക്കാരായിരുന്നു. പക്ഷേ ഒരാളും തന്റെ വീക്ഷണത്തോട് എതിരുള്ളവരെ കുറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ അവൻ ചെയ്യുന്നത് തെറ്റാണെന്നു പറയുകയോ ചെയ്തില്ല”(9).
കർമപരമായ വിഷയങ്ങളെ രണ്ടായി തരംതിരിക്കാവുന്നതാണ്. മതത്തിൽ അനിവാര്യമായും അനിഷേധ്യമായും അറിയപ്പെട്ടത്. ഖത്ഇയ്യായ അദില്ലത്തുകൾ അഥവാ സംശയം തീരെയില്ലാത്ത തെളിവുകൾ കൊണ്ട് സ്ഥിരപ്പെട്ടതായിരിക്കും ഇവ(10). അക്കാര്യം ഇസ്‌ലാമിന്റെ ഭാഗമാണെന്ന് എല്ലാവർക്കുമറിയാം. ഉദാഹരണത്തിന് അഞ്ചു നേര നിസ്കാരം. ഇത്തരം കാര്യങ്ങൾ വിശ്വാസി ഒരിക്കലും നിഷേധിക്കരുത്. അഥവാ മതത്തിൽ പെട്ടതല്ല എന്ന് പറയരുത്. അങ്ങനെ പറഞ്ഞാൽ അയാൾ അവിശ്വാസിയാകും. എന്നാൽ ഇതിനെതിരെയുള്ള കാര്യങ്ങൾ അഥവാ മതത്തിൽ അനിഷേധ്യമായി അറിയപ്പെടാത്ത കാര്യങ്ങൾ ഒരാൾ നിഷേധിച്ചാൽ ഒരിക്കലും അവിശ്വാസിയാകില്ല. അത്തരം കാര്യങ്ങളാണ് ഇസ്‌ലാമിൽ കൂടുതലും. ഉസൂലുദ്ദിയാനാത്, ഉസൂലുദ്ദീൻ, ഉസൂൽ, അഖാഇദ് തുടങ്ങിയ വ്യത്യസ്ത പദപ്രയോഗങ്ങളിൽ അറിയപ്പെടുന്നത് ആദ്യം പറഞ്ഞ കാര്യങ്ങളാണ്. അഥവാ വിശ്വാസപരമായ കാര്യങ്ങൾ. ഇതിൽ ഇജ്തിഹാദിനു ഒരു അവകാശവുമില്ല. നബി (സ്വ) പഠിപ്പിച്ചത് അതേപടി വിശ്വസിക്കലേ നിർവാഹമുള്ളൂ. എന്നാൽ ഫുറൂഅ്, ഇജ്തിഹാദിയ്യായ കാര്യം തുടങ്ങിയവ കൊണ്ടുള്ള വിവക്ഷ അവസാനം പറഞ്ഞ ആശയമാണ്. ഇത് ഫിഖ്ഹിൽ പെട്ടതുമാണ്. ഇതിനു ഇൽമുൽ ഫുറൂഅ് എന്ന് ഒറ്റവാക്കിൽ പറയാം. ഇവ മുജ്തഹിദുകളായ പണ്ഡിതരുടെ ഇജ്തിഹാദ് മുഖേനയാണ് സമൂഹത്തിനു ക്രോഡീകൃതമായി ലഭിച്ചത്. ഇവ്വിഷയങ്ങളിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായഭിന്നതയുണ്ടാവുകയും ചെയ്യാം. അതെല്ലാം സമൂഹത്തിന്റെ ഗുണത്തിന് അഥവാ മസ്‌ലഹത്തിനു വേണ്ടിയാണു താനും.
അവലംബം
(1) വിശുദ്ധ ഖുർആൻ: ഇസ്‌റാഅ്: 15
(2) ഇന്നും ഈ വാദവുമായി നടക്കുന്നവരാണ് ശിയാക്കൾ. ശിയാക്കളുടെ രണ്ടു മദ്ഹബുകളും-സൈദിയ്യത്തും ജഅ്ഫറിയ്യത്തും- ബുദ്ധി ഒരു പ്രമാണമായി തന്നെ സ്വീകരിക്കുന്നു. ആരുടെ ബുദ്ധിയെന്നോ, എപ്പോഴുള്ള ബുദ്ധിയെന്നോ, അതിന്റെ മാനദണ്ഡങ്ങളോ വിശദീകരിക്കുന്നതിൽ ശിയാ വിഭാഗം പരാജയപ്പെടുകയാണ് ചെയ്തത്. അഹ്്ലുസ്സുന്നയുടെ ഹദീസുകളെല്ലാം തള്ളിക്കളഞ്ഞ ശിയാക്കൾക്ക് മതവിധി ലഭിക്കാൻ കാര്യമായ ഉറവിടങ്ങളില്ലാതെയായിപ്പോയി. സ്വാഭാവികമായും ബുദ്ധിയെ ആശ്രയിക്കേണ്ട ഗതികേട് വന്നുവെന്നേ ഇതിനെ വിലയിരുത്താനാവൂ
(3) ഈ ചർച്ച നേരത്തെ കഴിഞ്ഞുപോയിട്ടുണ്ട്.
(4) മൗദൂദി, ഖുതുബ്, തുടങ്ങിയ ഇസ്‌ലാമിസ്റ്റ് വിഭാഗങ്ങളുടെ ഏറ്റവും അപകടംപിടിച്ച വാദമാണിത്. വിശദ വായനക്ക് ലേഖകൻ തന്നെ എഴുതുകയും ഐ പി ബി പ്രസിദ്ധീകരിക്കുകയും ചെയ്ത “മത രാഷ്ട്രവാദം ഖിലാഫത്ത്’ എന്ന പുസ്തകം നോക്കാവുന്നതാണ്.
(5) വിശുദ്ധ ഖുർആൻ/ അൽ ബഖറഃ 208.
(6) പൊളിറ്റിക്കൽ ഇസ്‌ലാം, കൾച്ചറൽ ഇസ്‌ലാം തുടങ്ങി ഇസ്‌ലാമിനകത്ത് വ്യത്യസ്ത ഇസ്‌ലാമുകളെ പ്രതിഷ്ഠിക്കുന്ന പ്രവണത ഇക്കാലത്തുണ്ട്. ഇസ്‌ലാം എല്ലാ കാര്യങ്ങളും ചർച്ച ചെയ്തിട്ടുണ്ട്, പരിഹാരം പറഞ്ഞിട്ടുമുണ്ട്, നിർദേശങ്ങളും ആജ്ഞകളും സമർപ്പിച്ചിട്ടുമുണ്ട്. ഈ ഓരോ കാര്യവുമായും ഇസ്‌ലാമിനെ കൂട്ടിക്കെട്ടി പ്രയോഗിക്കുന്ന പ്രയോഗങ്ങൾ ശരിയല്ല.
(7) മുൻസിഫ്, അദാലത്, തഹ്സീൽദാർ തുടങ്ങിയ നൂറുകണക്കിന് വാക്കുകൾ മലയാളത്തിലും ഉപയോഗിക്കുന്നു.
(8) ഈജിപ്തിലെ പ്രഗത്ഭരായ പണ്ഡിതരുടെ ഗ്രന്ഥങ്ങൾ ഫ്രഞ്ച് ഭാഷയിലേക്ക് പരിവർത്തനം ചെയ്യാനായി നെപ്പോളിയൻ ധാരാളം സംരംഭങ്ങൾ തുടങ്ങി. തൽഫലമായി ഇസ്‌ലാമിക നിയമങ്ങളുടെ അതേ ശൈലിയിൽ ഫ്രാൻസിൽ നിയമങ്ങൾ വന്നു. പിന്നീട് അത് യൂറോപ്പിൽ പരന്നു. ഉദാഹരണത്തിന് ഇന്ത്യയിൽ പോലും നടപ്പുള്ള Indian Contract Act എടുത്താൽ തന്നെ മതിയാകും. ഫിഖ്ഹ് ചർച്ച ചെയ്യുന്ന മുആമലാത്ത് വിഷയങ്ങളിൽ നിന്നും ചെറിയൊരു മാറ്റമേ ഇവക്ക് കാണാനാവൂ.
(9) ഇബ്നു ഖുദാമയുടെ കിതാബുൽ മുഗ്‌നി ശഹാദത്തിന്റെ അധ്യായം കാണുക.
(10) ഇത്തരം തെളിവുകളെക്കുറിച്ചുള്ള ചർച്ച നേരത്തെ കഴിഞ്ഞുപോയിട്ടുണ്ട്.
ഡോ. ഉമറുൽഫാറൂഖ് സഖാഫി കോട്ടുമല
You must be logged in to post a comment Login