വൈകുന്നേരമാണ്. നിസാമുദ്ദീൻ ഔലിയയുടെ ദർഗയിലേക്ക് ആളുകൾ ഒഴുകിക്കൊണ്ടിരിക്കുന്നു. അവരിൽ പല ദേശക്കാർ, പല ഭാഷക്കാർ. പല വിശ്വാസങ്ങൾ പിന്തുടരുന്നവർ. എല്ലാവർക്കും ആശ്രയമാണ് ഹസ്രത് നിസാമുദ്ദീൻ ഔലിയ. ജീവിതകാലത്ത് എങ്ങനെ ആയിരുന്നുവോ, ഇപ്പോഴും അങ്ങനെത്തന്നെ. മരണം വിശുദ്ധരുടെ സാന്നിധ്യം ഇല്ലാതാക്കുന്നില്ല. ഉത്തരേന്ത്യയിൽ അജ്മീർ കഴിഞ്ഞാൽ ഏറ്റവും ആൾത്തിരക്കനുഭവപ്പെടുന്ന തീർത്ഥാടനകേന്ദ്രമാണ് നിസാമുദ്ദീൻ ഔലിയയുടെ ദർഗ. ആധ്യാത്മികഗുരുവിന്റെ പേര് തന്നെ നാടിനു സിദ്ധിച്ചിരിക്കുന്നു. ദർഗയുടെ പുറത്ത് ചെറുസംഘം ഖവാലി ആലപിക്കുന്നു. കാത് കൊണ്ട് കേട്ടാൽ ഖവാലി നമുക്ക് പിടി തരില്ല. ഹൃദയം കൊണ്ട് കേൾക്കാനിരുന്നാൽ ഭാഷ അറിയാത്തവരെപ്പോലും കൂടെനടത്തുന്ന മാന്ത്രികതയുണ്ട് ഖവാലിക്ക്. അൽപനേരം കേട്ടിരിക്കണം എന്നുണ്ടായിരുന്നു. സമയക്കുറവുണ്ട്. ലഭ്യമാകുന്ന പരമാവധി സമയം ദർഗയിൽ ചെലവിടാൻ ആഗ്രഹിച്ചു.
ഖവാലി ഉൾപ്പടെ സൂഫിഗീതങ്ങൾ ഏറെ ഇഷ്ടമായിരുന്നു നിസാമുദ്ദീൻ ഔലിയക്ക്. ആധ്യാത്മിക വിചാരങ്ങൾ ഉണർത്തുന്ന സംഗീതം അദ്ദേഹം ആസ്വദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. യാത്രകളിൽ സൂഫി ഗീതങ്ങൾ പാടി മഹാനെ സന്തോഷിപ്പിക്കാൻ രണ്ട് അനുചരർ (അബ്ദുല്ലയും ഇഖ്ബാലും) എപ്പോഴും കൂടെയുണ്ടായിരുന്നു. ഔലിയയെയും അമീർ ഖുസ്രുവിനെയും ബന്ധിപ്പിച്ച പ്രധാന പാത ഖവാലി ആയിരുന്നല്ലോ. ആ വഴിയിലൂടെ സഞ്ചരിച്ച് ഖുസ്രു ഔലിയയുടെ ഹൃദയം തൊട്ടു, ആത്മസായൂജ്യത്തിന്റെ ആകാശഗംഗ താണ്ടി. ഔലിയയെ അറിയിക്കേണ്ട/ ബോധിപ്പിക്കേണ്ട പല കാര്യങ്ങൾക്കും ഇടയാളനായി ആളുകൾ ഖുസ്രുവിനെ കണ്ടു. ഔലിയക്ക് ഇഷ്ടമല്ലാത്ത വല്ലതും സംഭവിച്ചുപോയവർ നേരെചെന്ന് മാപ്പ് പറയാൻ ധൈര്യപ്പെട്ടില്ല. അവർ ആദ്യം ഖുസ്രുവിനെ വന്നുകാണും. അദ്ദേഹത്തിലൂടെ ഗുരുവിലേക്കെത്തും. ഏത് സമയത്തും തന്നെ സമീപിക്കാനുള്ള സ്വാതന്ത്ര്യം ഖുസ്രുവിന് ഗുരു വകവെച്ചു നൽകിയിരുന്നു. അവർ തമ്മിലുള്ള ആത്മീയബന്ധത്തിന്റെ ആഴം വെളിപ്പെടുന്ന ഒരു സന്ദർഭമിങ്ങനെ: തന്നിലേക്ക് ആഗ്രഹിച്ചു വരുന്നവർക്കെല്ലാം എന്തെങ്കിലും നൽകുന്നത് ഔലിയയുടെ പ്രകൃതമാണ്. അതിൽ മതഭേദമുണ്ടായിരുന്നില്ല. ഖാൻഗാഹിലെ അടുക്കള ശിഷ്യർക്ക് വേണ്ടി മാത്രമുള്ളതായിരുന്നില്ല, പർണശാലയിലേക്ക് എത്തിച്ചേരുന്ന എല്ലാ മനുഷ്യർക്കും വേണ്ടിയാണ് അവിടെ ഭക്ഷണമൊരുങ്ങിയത്. ചിലർ വിലപിടിച്ച സമ്മാനങ്ങളുമായിട്ടാകും വരുക. അതെല്ലാം അപ്പോൾ തന്നെ പാവങ്ങൾക്കിടയിൽ വിതരണം ചെയ്യും. ഒന്നും പിന്നത്തേക്ക് ശേഖരിച്ചുവെച്ചില്ല. നാളെയെക്കുറിച്ച് ആധിയുള്ളവരല്ലല്ലോ സൂഫികൾ. അവർ ഇഹത്തിനുവേണ്ടി ജീവിക്കുന്നില്ല. ഒരിക്കൽ ഔലിയയെ തേടി ഒരു സഞ്ചാരി വന്നു. അദ്ദേഹത്തിന് നല്കാൻ ശൈഖിന്റെ കൈയിലൊന്നുമില്ല. ഒടുവിൽ തന്റെ ചെരുപ്പുകൾ സമ്മാനിച്ചാണ് ആ മനുഷ്യനെ യാത്രയാക്കിയത്. അദ്ദേഹം വഴിയിൽ അമീർ ഖുസ്രുവിനെ കണ്ടു. ഗുരുവിന്റെ ചാരത്തുനിന്ന് വരുന്നയാളോട് ഖുസ്രു വിശേഷങ്ങളാരാഞ്ഞു. സഞ്ചാരി നടന്നതെല്ലാം ഖുസ്രുവിനോട് വിവരിച്ചു. അന്നേരം കൈയിലുണ്ടായിരുന്ന അഞ്ചുലക്ഷം ടാക്ക നൽകി ആ ചെരുപ്പുകൾ ഖുസ്രു തിരിച്ചെടുത്തു. അതിൽ കൂടുതൽ കൈവശം ഉണ്ടായിരുന്നെങ്കിൽ അതത്രയും ആഗതനു നൽകുമായിരുന്നു അദ്ദേഹം. ചെരുപ്പുകളുമായി ഖുസ്രു ഔലിയയുടെ ചാരെ വന്നു. അഞ്ചുലക്ഷം ടാക നൽകി ചെരുപ്പുകൾ തിരിച്ചുവാങ്ങിയ വിശേഷം പറഞ്ഞു. “താങ്കൾക്ക് നല്ല ആദായത്തിനാണല്ലോ കിട്ടിയത്’ എന്ന് പുഞ്ചിരിയിൽ പൊതിഞ്ഞ മറുവാചകം ചൊല്ലി അരുമശിഷ്യനോടുള്ള പിതൃനിർവിശേഷമായ സ്നേഹം പങ്കിടുകയാണ് ഔലിയ ചെയ്തത്.
* * *
അമീർ ഖുസ്രുവിനെ കടന്നുവരുന്ന കാലുകളിപ്പോൾ ഔലിയയിലേക്ക് നടക്കുന്നു, എല്ലാ ഖൽബുകളും ഔലിയയിലേക്ക് ധൃതിപ്പെടുന്നു. കിതച്ചു ചെല്ലേണ്ട ഇടമല്ല മഖ്ബറകൾ. ഭവ്യതയോടെയും ബഹുമാനത്തോടെയും മാത്രം ചെന്നുനിൽക്കേണ്ട ഇടമാണത്. ഇസ്തിഗ്ഫാറും തഹ്ലീലും മുത്തുനബിക്ക് സ്വലാത്തും ചൊല്ലിയാകണം മഹാന്മാരെ സന്ദർശിക്കേണ്ടതെന്ന് ഈയിടെ ഒരു പ്രസംഗത്തിൽ കേട്ടു. ശ്രേഷ്ഠസവിധങ്ങളിൽ ചെന്നുനിൽക്കാനുള്ള അർഹത തേടുകയാണ് ഇതിന്റെ താല്പര്യം. പഠിച്ച മനുഷ്യർ പോലും ദർഗയോടടുക്കുമ്പോൾ അതൊക്കെ മറന്നുപോകുന്നു. ഉള്ളിൽ തിളക്കുന്ന ആധിയുടെ കടുപ്പമാകാം, അല്ലെങ്കിൽ ദർഗയിൽ വിശ്രമിക്കുന്ന മഹാനോടുള്ള മഹബ്ബത്തിന്റെ തിരത്തള്ളിച്ചയാകാം. അതുകൊണ്ടാകാം അന്നേരം കാലുകൾക്ക് വേഗം കൂടുന്നത്. ദർഗയിലേക്ക് കാലെടുത്തുവെക്കുമ്പോൾ റോസാപ്പൂക്കളുടെയും അഗർബത്തിയുടെയും മിശ്രഗന്ധം നാസാരന്ധ്രങ്ങളെ തുളച്ചെത്തും. ഔലിയയുടെ ഖബറിന് ചുറ്റും വന്നുനിറയുന്ന മനുഷ്യരെ ശ്രദ്ധിച്ചാലറിയാം നമ്മുടെ നാടിന്റെ വൈവിധ്യവും ദൈന്യതയും. ഒരു വാക്കിലും ആവിഷ്കരിക്കാൻ കഴിയാത്ത ആവലാതികളുടെ മാറാപ്പുകളുമായാണ് മനുഷ്യർ മഹാന്റെ ചാരത്ത് നിൽക്കുന്നത്. അവർക്ക് വേദനകൾ ഇറക്കിവെക്കാൻ ഇതല്ലാതെ ഇടം വേറെയില്ലല്ലോ. എസ്. ഗോപാലകൃഷ്ണൻ ഒരു കുറിപ്പിൽ നിസാമുദ്ദീൻ ദർഗയിലെ കാഴ്ചകൾ പകർത്തുന്നുണ്ട്. അതിങ്ങനെ: “ദർഗയിൽ പ്രാർഥനയ്ക്കെത്തിയ ജനങ്ങൾ ഞങ്ങൾക്ക് മുന്നിലൂടെ നടന്നുകൊണ്ടിരുന്നു. ഏത് സാമ്പത്തികശാസ്ത്രത്തിന്റെ പഠനസാമഗ്രി വെച്ചളന്നാലും പാവപ്പെട്ടവരായി തുടരുന്നവരാണ് ഇത്തരം ദർഗകളിൽ എത്തുന്നവരിൽ അധികവും. അവരുടെ ദാരിദ്ര്യമാണ് ഈ നാട്ടിലെ ജനാധിപത്യവ്യവസ്ഥയെ ആശ്രയിച്ചുജീവിക്കുന്ന നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ഉപജീവനോപായം. പഴയ സാമ്രാജ്യങ്ങൾ പുതിയവയ്ക്കും പഴയ മതങ്ങൾ പുതിയ മാനസാന്തരങ്ങൾക്കും പരദേശിഭരണം സ്വയംഭരണത്തിനും നാടുവാഴിത്തം ജനായത്തത്തിനും അതിന്റെ ജാതിസൂത്രങ്ങൾക്കും വഴിമാറിയപ്പോഴും പാവങ്ങളുടെ ജീവിതനിലവാരത്തിനു മാറ്റം വന്നില്ല. സാമ്രാജ്യങ്ങളുടെയും കുടിപ്പകകളുടെയും ജാതി വർഗ വൈരങ്ങളുടെയും പൊടിക്കാറ്റിൽ മുഷിഞ്ഞ് അവർ ദർഗകളിൽ എത്തുന്നു, മുട്ടിപ്പായി പ്രാർഥിക്കാൻ” (കഥ പോലെ ചിലത് സംഭവിക്കുമ്പോൾ).
‘നിസാമുദ്ദീന് , നിങ്ങള് ജനങ്ങള്ക്ക് വിശ്രമവും ആശ്രയവും നല്കുന്ന ഒരു തണല് വൃക്ഷം പോലെയായിരിക്കും’-തന്റെ അരുമശിഷ്യനെ ഡൽഹിയിലേക്ക് തന്നെ തിരിച്ചയക്കുമ്പോൾ ഗുരു ബാബാ ഫരീദ് ആശീർവദിച്ചു പറഞ്ഞ വാക്കുകളുടെ പുലർച്ച നമ്മൾ കാണുന്നു ഇവിടെയെത്തുമ്പോൾ. പരശ്ശതം മനുഷ്യർ, അവരിൽ ഏറെപ്പേറും നൈരാശ്യത്തിന്റെ ചവർപ്പു രുചിച്ചവർ. ജീവിതത്തിനു മേൽക്കൂരയില്ലാത്തവർ. അവർക്ക് ഖാജാ നിസാമുദ്ദീൻ(റ) ഇപ്പോഴും തണലേകുന്നു. അതിരുകൾ മുറിച്ചുകടന്ന്, കിലോമീറ്ററുകൾ താണ്ടി മനുഷ്യർ വെറുതെയാകില്ലല്ലോ ഇവിടേക്ക് കിതച്ചെത്തുന്നത്! ദർഗയിൽ കണ്ടുമുട്ടുന്നവർ ഒരിക്കലും തമ്മിൽത്തമ്മിൽ ചോദിക്കാനിടയില്ലാത്ത ഒരു ചോദ്യമേയുള്ളൂ: എന്താണിവിടെ? ഒന്നും പറയാനില്ലാത്തവർക്കും ഒരുപാട് പറയാനുള്ളവർക്കും വലുപ്പച്ചെറുപ്പമില്ലാതെ വന്നുനിൽക്കാൻ കഴിയുന്ന ഇത്തരം ഇടങ്ങൾ ഉള്ളതുകൊണ്ട് കൂടിയാണ് ലോകം ഇങ്ങനെ മനോഹരമായിരിക്കുന്നത്!
ദർഗയുടെ അകത്ത് ഒരു മൂലയിലേക്ക് ഒതുങ്ങിനിന്നു. മുന്നിലൂടെ ഞെരുങ്ങി ഞെരുങ്ങിപ്പോകുന്നു പല നിറമുള്ള ദേശങ്ങൾ, പല മണമുള്ള സങ്കടങ്ങൾ, പല ഭാഷയിലുള്ള നെടുവീർപ്പുകൾ… മഹാസന്നിധികളിൽ മൗനം വാചാലമായ പ്രാർഥനയായി മാറാറുണ്ട്. അത്തരമൊരു ഇടമായി നിസാമുദ്ദീൻ ഔലിയയുടെ ദർഗയെ അനുഭവിക്കുകയാണ്. ആൾക്കൂട്ടത്തിന്റെ ആരവങ്ങൾക്കൊന്നും ചെവിയോർക്കാതെ ധ്യാനനിമഗ്നരായിരിക്കുന്ന വിശ്വാസികളെ കാണാം മഖ്ബറയുടെ അകത്തും പുറത്തും. പ്രാർഥന കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ സയ്യിദ് ഹമ്മാദ് നിസാമിയെ കണ്ടു. അദ്ദേഹം ദർഗയുടെ ഖാദിമാണ്. അദ്ദേഹത്തിന്റെ മകൻ കേരളത്തിൽ നോളജ് സിറ്റിയിൽ പഠിക്കുന്നുണ്ട്. സുൽത്താനുൽ ഉലമയുമായും ഹകീം അസ്ഹരി ഉസ്താദുമായും നല്ല ബന്ധം പുലർത്തുന്നുവെന്ന് സംസാരത്തിൽ നിന്ന് മനസിലായി. മുഹമ്മദ് സഖാഫിയും മുഹ്സിൻ നൂറാനിയുമുണ്ട് എനിക്കൊപ്പം. അവരാണ് അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. അവർക്ക് സയ്യിദ് നിസാമിയെ അറിയാം. ഡൽഹി ത്വയ്ബയുടെ സഹകാരിയാണ്. അദ്ദേഹം ഞങ്ങളെ വീണ്ടും ദർഗയുടെ ഉള്ളിലേക്ക് കൊണ്ടുപോയി. സൂറത്തുകളോതി ബഹു. കാന്തപുരം ഉസ്താദിന്റെ രോഗശമനത്തിനും ദീർഘായുസ്സിനും വേണ്ടി പ്രാർഥിച്ചു. അവിടെയുള്ള മറ്റനേകം പേർ ആ ദുആയിൽ പങ്കുചേർന്നു. അവരെല്ലാവരും ഉസ്താദിനെ അറിയുന്നവരാകില്ല. എന്നിട്ടും സയ്യിദ് ഹമ്മാദ് നിസാമിയുടെ പ്രാർഥനാവചനങ്ങളിലൂടെ അവർ ഉസ്താദിനെ ഹൃദയം കൊണ്ട് ആലിംഗനം ചെയ്യുന്നു.
* * *
പുറത്ത് ഖവാലി നിലച്ചിരിക്കുന്നു. മനുഷ്യർ പിന്നെയും പിന്നെയും കവാടത്തിലൂടെ വന്നുകൊണ്ടേയിരിക്കുന്നു. കൈകളിൽ പൂ കൊട്ടകൾ. ചെമ്പനീർ ചോപ്പുള്ള സ്വപ്നങ്ങൾ കരളിൽ നിറച്ചാവണം അവർ ഖബറുകൾക്കിടയിലൂടെ, മാർബിൾ പ്രതലത്തിന്റെ തണുപ്പിന് മീതെ നടക്കുന്നത്. ശ്രദ്ധിച്ചാലറിയാം, ദർഗ സന്ദർശിച്ചു തിരിച്ചുപോകുന്ന മനുഷ്യരുടെ കണ്ണുകളിൽ നിർവൃതിയുടെ തിരയിളകുന്നുണ്ട്. താങ്ങാൻ കഴിയാത്ത ചുമടുമായ് വന്ന മനുഷ്യർ ഭാരമേതുമില്ലാതെ പിൻമടങ്ങുകയാണ്. എല്ലാ ചുമടുകളും അവർ ഇറക്കിവെച്ചിരിക്കുന്നു. വന്നവരെയൊന്നും വെറുംകൈയോടെ അയച്ചിട്ടില്ല നിസാമുദ്ദീൻ ഖാജാ. ഉള്ളതുനൽകി അവരുടെ ഉള്ള് നിറച്ചിട്ടേയുള്ളൂ. ഇപ്പോഴും അതങ്ങനെത്തന്നെയേ ആവൂ. അതിന്റെ നിറവാണ് ആ കണ്ണുകളിലെ പൂത്തിരികൾ.
“ലോകമെങ്ങും ഞാനലഞ്ഞത്
എല്ലാം തികഞ്ഞൊരു
പ്രണയംതേടി.
ഒടുവിലീ മുഖമെന്റെ
മനം നിറച്ചു,
മുഴുലോകവുമപ്പോ
ളെനിക്കായ് തുറന്നു,
ഇതുപോലൊരു പ്രഭയും
മുമ്പെങ്ങും കണ്ടില്ല ഞാൻ.
പ്രിയ തോഴാ,
നീയെന്നെ നിന്റെ
ചായം മുക്കിയേക്കുക,
വസന്തത്തിന്റെ ചായം.
നിനക്കെന്തൊരു കാന്തിയാണ്,
ഇന്നീ ദിവസത്തി
നെന്തൊരു നിറപ്പകിട്ടാണ്!’
മസാറിലിപ്പോഴും അമീർ ഖുസ്രു പാടുന്നത് ഈ വരികൾ തന്നെയാകുമോ?
(തുടരും)
You must be logged in to post a comment Login