1978ല്‍ പുറത്തുവന്ന ഓറിയന്‍റലിസം ആണ് എഡ്വേര്‍ഡ് സെയ്ദിന്‍റെ മാസ്റ്റര്‍പീസ് രചന. കിഴക്കന്‍ നാഗരികതകളെയും സംസ്കാരങ്ങളെയും ജ്ഞാന കേന്ദ്രീകൃതമായി പടിഞ്ഞാറ് നിര്‍വ്വചിച്ചതിനേയും അപഗ്രഥിച്ചതിനേയും സൂക്ഷ്മമായി വിലയിരുത്തുന്ന കൃതിയാണിത്. അറബ് ഇസ്ലാമിക് ജനങ്ങള്‍ക്കും അവരുടെ സംസ്കൃതികള്‍ക്കും നേരെ നിലനില്‍ക്കുന്ന, സ്ഥിരവും നിരന്തരവുമായ മുന്‍വിധിയാണ് ഓറിയന്‍റലിസം. (table and persistents eurocentric prejudice against Arabo- Islamic people and their culture) യുറോപ്യന്‍ ജ്ഞാനോദയവും സാമ്രാജ്യത്വവാദവുമായുള്ള അവിശുദ്ധ ബന്ധത്തിന്‍റെ അനാവരണവും എന്ന് ഈ കൃതി വിലയിരുത്തപ്പെട്ടിട്ടുണ്ട്.
ദീര്‍ഘമായ മൂന്ന് അധ്യായങ്ങളിലാണ് ഓറിയന്‍റലിസം ക്രമീകരിച്ചത്. ആദ്യ അധ്യായത്തില്‍ സെയ്ദ് പരിഗണിക്കുന്നത് ഓറിയന്‍റലിസത്തിന്‍റെ സാധ്യതകള്‍ (സ്കോപ്പ്) ആണ്. ലോകത്തെ നമ്മളും അവരും എന്ന മട്ടില്‍ വേര്‍തിരിച്ചുള്ള സമീപനത്തില്‍നിന്നാണ് ഓറിയന്‍റലിസത്തിന്‍റെ തുടക്കം എന്ന് സെയ്ദ് വാദിക്കുന്നു. ഈ തരംതിരിക്കലില്‍ പൗരസ്ത്യര്‍ അപരിഷ്കൃതരും, അലസരും, ഭരണവും പ്രാതിനിധ്യവും സ്വയംപേറാന്‍ കഴിവില്ലാത്തവരുമായി പ്രത്യക്ഷപ്പെടുന്നു. പൗരസ്ത്യ സംസ്കാരങ്ങളെ ഈ വിധം വിശേഷിപ്പിക്കുക വഴി ഓറിയന്‍റലിസ്റ്റുകള്‍ക്ക് സ്വന്തം സംസ്കാരത്തിന്‍റെ നിര്‍വ്വചനവും സാധിച്ചു. പൗരസ്ത്യരുടേതായി പറയപ്പെട്ട സ്വഭാവങ്ങളുടെ മറുവശം പാശ്ചാത്യരുടെ സ്വാഭാവിക ഗുണങ്ങളായി കണക്കാക്കപ്പെട്ടതിനാല്‍ യൂറോപ്യന്മാര്‍ പരിഷ്കൃതരും, കര്‍മകുശലരും, പൗരസ്ത്യരെ ഭരിക്കാന്‍ ചുമതലപ്പെട്ടവരുമാണെന്ന് വാദിക്കുക എളുപ്പമായി. പൗരസ്ത്യ സംസ്കാരങ്ങളെ ഓറിയന്‍റലിസ്റ്റുകള്‍ അവരുടെ യൂറോപ്യന്‍ ശ്രോതാക്കള്‍ക്ക് വിശദീകരിച്ചത് പാശ്ചാത്യ സങ്കല്‍പങ്ങള്‍ പിന്തുടര്‍ന്നാണെന്ന് ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നു. ഈ സമീപനം പിന്തുടര്‍ന്ന സ്കോട്ടിഷ് ഓറിയന്‍റലിസ്റ്റ് ഹാമില്‍ട്ടണ്‍ ജിപ്പിനെ പോലുള്ളവര്‍ ഇസ്ലാമിനെ മുഹമ്മദന്‍വാദം (Mohammadism) എന്നു വിളിച്ചത് ഇതിനുദാഹരണമായി അദ്ദേഹം അവതരിപ്പിക്കുന്നു.
യൂറോപ്യന്‍ കാല്‍പനികതയില്‍ രൂപപ്പെട്ട പൗരസ്ത്യ ദേശങ്ങളുടെ ചിത്രത്തെയാണ് ഓറിയന്‍റലിസത്തിന്‍റെ രണ്ടാമധ്യായത്തില്‍ സെയ്ദ് വിവരിക്കുന്നത്. പത്തൊന്പതാം നൂറ്റാണ്ടിലെ അറിയപ്പെട്ട ഓറിയന്‍റലിസ്റ്റുകളായ സില്‍വെസ്റ്റര്‍ ഡിസാസി, ഏണസ്റ്റ് റനാന്‍ എന്നിവരുടെ സംഭാവനകളെ വിമര്‍ശനാത്മകമായി സെയ്ദ് പരിശോധിക്കുന്നു. ഓറിയന്‍റലിസത്തെ ചിട്ടപ്പെടുത്തി കെട്ടുറപ്പുള്ളതാക്കിയത് ഈ എഴുത്തുകാരാണ്. ഡിസാസിയെ ആദ്യത്തെ ആധുനിക ഓറിയന്‍റലിസ്റ്റ് എന്നും ഓറിയന്‍റലിസ്റ്റ് സംഹിതയുടെ സ്രഷ്ടാവെന്നും സെയ്ദ് വിശേഷിപ്പിക്കുന്നു.
പൗരസ്ത്യ ദേശങ്ങളുടെ ദൗര്‍ബല്യത്തെ മുതലെടുത്ത് അവക്കുമേല്‍ അടിച്ചേല്‍പിച്ച രാഷ്ട്രീയസിദ്ധാന്തമാണ് ഓറിയന്‍റലിസം എന്ന് മൂന്നാമധ്യായത്തില്‍ സെയ്ദ് വാദിക്കുന്നു. ഓറിയന്‍റലിസ്റ്റ് മനോഭാവത്തിലെ നവീനതകളെയും തുടര്‍ച്ചകളെയും അപഗ്രഥിക്കുന്ന സെയ്ദ്, ബ്രിട്ടനും ഫ്രാന്‍സും തുന്നിയ ഓറിയന്‍റലിസ്റ്റ് കുപ്പായം ഇപ്പോള്‍ അമേരിക്കയുടെ കൈവശമായി എന്ന് വിലയിരുത്തുന്നു.
ഓറിയന്‍റലിസം എന്ന കൃതി രചിക്കാനുണ്ടായ പ്രേരണകളെക്കുറിച്ച് താരിഖ് അലിയോട് സെയ്ദ് പറയുന്നതിങ്ങനെ: മിഡില്‍ ഈസ്റ്റിനെക്കുറിച്ച് എഴുതപ്പെട്ട രചനകളെ ഞാന്‍ ക്രമാനുഗതം വായിക്കാന്‍ തുടങ്ങി. അറബികളെക്കുറിച്ചുള്ള പടിഞ്ഞാറന്‍ രചനാ വ്യവഹാരങ്ങള്‍ അസംബന്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് എഴുപതുകളുടെ ആദ്യത്തോടെ ഞാന്‍ തിരിച്ചറിഞ്ഞു. സാഹിത്യപഠനം അതിന്‍റെ ആസ്വാദനത്തിലോ സൗന്ദര്യശാസ്ത്രത്തിലോ പരിമിതമാവരുതെന്നും ചരിത്രപരമായൊരു വായന സാഹിത്യ കൃതികളില്‍ അനിവാര്യമാണെന്നുമുള്ള എന്‍റെ ബോധം അതോടെ കൂടുതല്‍ ദൃഢമായി. സൗന്ദര്യശാസ്ത്രത്തിന്‍റെ പങ്കിനെ ഞാനിന്നും വിശ്വസിക്കുന്നു. പക്ഷേ, സാഹിത്യം ആസ്വാദനം മാത്രമാണെന്ന വിചാരം ലളിതമായി പറഞ്ഞാല്‍ തെറ്റാണ്. ഗൗരവതരമായ ചരിത്രാന്വേഷണങ്ങള്‍ യാഥാര്‍ത്ഥ്യത്തെ അടിസ്ഥാനമാക്കിവേണം നടത്താന്‍. സത്യത്തില്‍ സംസ്കാരം രാഷ്ട്രീയത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
പ്രസിദ്ധീകരിക്കപ്പെട്ട വര്‍ഷം തന്നെ ഓറിയന്‍റലിസം അന്താരാഷ്ട്ര അക്കാദമിക ലോകത്തിന്‍റെ സജീവശ്രദ്ധയില്‍ വന്നു. ബെര്‍ണാര്‍ഡ്ലെവിസ്, ആല്‍ബര്‍ട്ട് ഹൊറാനി തുടങ്ങിയ ഓറിയന്‍റലിസ്റ്റുകള്‍ സെയ്ദിന്‍റെ പരികല്പനകളെ എതിര്‍ക്കാനെത്തിയെങ്കിലും, ചരിത്രപരവും വസ്തുതാപരവും, അക്കാദമികവുമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന സെയ്ദിന്‍റെ നിഗമനങ്ങളെ പ്രതിരോധിക്കാന്‍ അവര്‍ക്കായില്ല. ജൂത ബുദ്ധിജീവികളെ ഈ കൃതി അരിശംകൊള്ളിച്ചു. സെയ്ദിനെ നവ നാസിസ്റ്റ് എന്നവര്‍ വിശേഷിപ്പിച്ചു. കൊളംബിയ യൂണിവേഴ്സിറ്റിയിലെ അദ്ദേഹത്തിന്‍റെ ഓഫീസിന് തീവെച്ചു. ഓറിയന്‍റലിസം എഴുതിയതിന്‍റെ പേരില്‍ സെയ്ദിന്‍റെ കുടുംബം നിരവധി തവണ വധഭീഷണി നേരിട്ടിട്ടുണ്ട്. സെയ്ദിന്‍റെ ഈ ഗ്രന്ഥം, അദ്ദേഹം ജീവിച്ചിരിക്കുന്പോള്‍ തന്നെ മലയാളമുള്‍പ്പെടെ ഇരുപത്തിയഞ്ച് ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഓറിയന്‍റലിസത്തിനു തുടര്‍ച്ചയായി എഴുതപ്പെട്ട കൃതിയാണ് സംസ്കാരവും സാമ്രാജ്യത്വവും (Culture and Imperialism). ഇംഗ്ലീഷ്, ഫ്രഞ്ച് നോവലുകളില്‍ ബോധപൂര്‍വ്വമായോ, അജ്ഞാതമായോ ഉള്‍ച്ചേര്‍ത്ത സാമ്രാജ്യത്വ സ്വാധീനത്തെ സൈദ് വിമര്‍ശിക്കുന്നു. രണ്ടാം ലോക മഹായുദ്ധാനന്തരം മിക്ക കോളനികളും പ്രത്യക്ഷത്തില്‍ സ്വാതന്ത്ര്യം നേടിയെങ്കിലും സാമ്രാജ്യത്വത്തിന്‍റെ നിഗൂഢമായ സ്വാധീനവും താല്‍പര്യങ്ങളും അവിടങ്ങളിലെല്ലാം നിലനില്‍ക്കുന്നു. സാംസ്കാരികമായ അധിനിവേശത്തിന്‍റെ വകഭേദങ്ങള്‍ പുതിയ കാലത്ത് മൂന്നാംലോക രാജ്യങ്ങളെ പിടിമുറുക്കുന്നതിന്‍റെ രാഷ്ട്രീയ കാരണങ്ങള്‍ സെയ്ദ് അന്വേഷിക്കുന്നു.
മാധ്യമങ്ങളിലെ മുസ്ലിം പ്രതിനിധാനങ്ങള്‍
1981ല്‍ പുറത്തിറങ്ങിയ Covering of Islam സെയ്ദിന്‍റെ മാധ്യമ വിമര്‍ശനമാണ്. 1979ലെ ഇറാനിയന്‍ പ്രതിസന്ധിയെ അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിലെ പക്ഷപാതിത്വ സ്വഭാവം മുന്‍നിര്‍ത്തി പടിഞ്ഞാറന്‍ മീഡിയയുടെ സത്യസന്ധതയില്ലായ്മയെ സെയ്ദ് വിമര്‍ശിക്കുന്നു. ഇസ്ലാം അക്രമാസക്തവും അപ്രായോഗികവും മതഭ്രാന്തന്മാരെ സൃഷ്ടിക്കുന്നതുമായ മതമാണെന്ന തെറ്റിദ്ധാരണയാണ് ഓറിയന്‍റലിസ്റ്റ് ദര്‍ശനങ്ങള്‍ പിന്തുടരുന്ന പടിഞ്ഞാറന്‍ മീഡിയ അവതരിപ്പിക്കുന്നത്. അതേ സമയം പടിഞ്ഞാറന്‍ രാജ്യങ്ങളുടെ വിദേശ നയത്തില്‍ ഉള്‍ച്ചേര്‍ന്ന പ്രകടമായ മനുഷ്യത്വവിരുദ്ധമായ സാമ്രാജ്യത്വ താല്‍പര്യങ്ങളെ മറച്ചു പിടിക്കുന്ന പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ നൈതികതയില്‍ നിന്ന് ഏറെ അകലെയാണ് സഞ്ചരിക്കുന്നതെന്ന് സെയ്ദ് പറയുന്നു. 1997ല്‍ പുറത്തിറങ്ങിയ കവറിംഗ് ഓഫ് ഇസ്ലാമിന്‍റെ പുതിയ പതിപ്പില്‍ അമേരിക്കന്‍ അധിനിവേശ തന്ത്രങ്ങള്‍ക്ക് പടിഞ്ഞാറ് ജനസമ്മതി നല്‍കുന്നത് മാധ്യമങ്ങളുടെ അസത്യപ്രചാരണങ്ങളാണെന്ന് സെയ്ദ് എഴുതുന്നുണ്ട്.
അമേരിക്കന്‍ വിദേശ നയത്തിന്‍റെ നിശിത വിമര്‍ശകനായിരുന്നു അദ്ദേഹം. 1998ലെ യുഎസിന്‍റെ ഇറാഖ് ലിബറേഷന്‍ ആക്ടാണ് 2003ലെ ഇറാഖ് അധിനിവേശത്തിന് ലൈസന്‍സ് നല്‍കിയതെന്നും പശ്ചിമേഷ്യയെ പതിയെ പതിയെ അസ്ഥിരപ്പെടുത്താനുള്ള യുഎസിന്‍റെ ശ്രമങ്ങളുടെ ഭാഗമാണ് ഇറാഖ് അധിനിവേശം എന്ന് സെയ്ദ് തുറന്നടിച്ചിട്ടുണ്ട്.
സെയ്ദിന്‍റെ മതപക്ഷം
അറബ് ഇസ്ലാമിക് സംസ്കൃതിയുമായുള്ള സെയ്ദിന്‍റെ അടുപ്പം ഏറെ തീവ്രമായിരുന്നു. അതിനാല്‍ താനൊരു കള്‍ച്ചറല്‍ മുസ്ലിമാണെന്ന് സെയ്ദ് ഒരിക്കല്‍ വിശദീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര രംഗത്ത് മുസ്ലിംകള്‍ക്കെതിരെ ഭീകരതയുടെ പ്രതിഛായ പടര്‍ത്തിയ പ്രധാന സംഭവമായിരുന്നുവല്ലോ 2001 സെപ്തര്‍ബര്‍ 11ലെ അക്രമണം. എന്നാല്‍ അതിന് ശേഷവും മുസ്ലിംകള്‍ക്കെതിരെയുള്ള മാധ്യമങ്ങളിലൂടെയുള്ള അക്രമണത്തെ സെയ്ദ് പ്രതിരോധിച്ചു. ജോസഫ് മസ്സാദ് എഴുതിയ ഒരു ലേഖനത്തില്‍ ഇപ്രകാരം കാണാം: സെയ്ദിന്‍റെ പ്രധാന വീക്ഷണങ്ങളില്‍, സപ്തംബര്‍ 11ന് ശേഷവും ഒരുമാറ്റവും വന്നില്ല. ഇസ്ലാമിനെ ഒരു മതവും സംസ്കാരവുമായി പരിചയപ്പെടുത്തി സെയ്ദ് പ്രതിരോധിച്ചു.
സൈനബ് ഇസ്തര്‍ബാദി തയ്യാറാക്കിയ In Memory of Edward Said എന്ന ലേഖനത്തില്‍ അറബ്നാഗരികതയുമായുള്ള സെയ്ദിന്‍റെ ബന്ധത്തെ ഇങ്ങനെ വിശദീകരിക്കുന്നു. ഒരു ക്രിസ്ത്യന്‍ കുടുംബത്തിലാണ് ജനിച്ചതെങ്കിലും, സെയ്ദിന് അറബി ഇസ്ലാമിക നാഗരികതയുടെ ഭാഗമായിരുന്നു താനെന്ന ബോധ്യം വലിയൊരളവോളം ഉണ്ടായിരുന്നു. മാധ്യമങ്ങളിലും സിനിമയിലും മുസ്ലിം നിഷേധാത്മകമായി ചിത്രീകരിക്കപ്പെട്ടപ്പോഴൊക്കെ അദ്ദേഹം ഇടപെട്ടിരുന്നു.
പ്രവാസത്തിന്‍റെ മുറിവുകള്‍
സെയ്ദിന്‍റെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരം Out of Place പേര് സൂചിപ്പിക്കും പോലെ തന്നെ പ്രവാസകാലത്തിന്‍റെ സ്മൃതികളാണ്. പിറവിക്കും കൗമാരത്തിനുമിടയിലുള്ള ഇരുപത് വര്‍ഷങ്ങള്‍ നാല് രാഷ്ട്രങ്ങളില്‍ ചെലവഴിക്കേണ്ടിവന്ന സെയ്ദിന്‍റെ വിക്ഷുബ്ധമായ ബാല്യത്തിന്‍റെ സ്മരണകളാണ് ഈ കൃതി. രക്താര്‍ബുദം ബാധിച്ച് വിശ്രമിച്ച നാളുകളിലാണ് ഓര്‍മകളിലേക്ക് ഇറങ്ങി സെയ്ദ് ഈ കൃതി എഴുതിയത്.
ഇസ്രയേല്‍ അധിനിവേശത്തിനിടയില്‍ നഷ്ടപ്പെട്ട ജനിച്ച വീടിന്‍റെ, സൗഹൃദങ്ങളുടെ, കുടുംബങ്ങളുടെ ഗൃഹാതുരമായ ഓര്‍മകള്‍ ഒരനുഭവക്കുറിപ്പിലൂടെ പുസ്തകത്തിന്‍റെ ആമുഖത്തില്‍ തന്നെ സെയ്ദ് എഴുതുന്നുണ്ട്. 1998ല്‍ ഞാന്‍ ഇസ്രയേല്‍ സന്ദര്‍ശിച്ച സമയം. എങ്ങും ഇസ്രയേല്‍ പട്ടാളം റോന്തു ചുറ്റുന്നു. എന്‍റെ യുഎസ് പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്, ഞാന്‍ ജറുസലേമിലാണ് ജനിച്ചതെന്ന്. അതുകൊണ്ടു തന്നെ, പാസ്പോര്‍ട്ട് പരിശോധിച്ച ഇസ്രയേല്‍ പട്ടാളക്കാരില്‍ പലരും ചോദിച്ചു: എന്നാണ് നിങ്ങള്‍ ഇസ്രയേലില്‍ നിന്നു വിട പറഞ്ഞത്? 1947ലാണ് ഫലസ്തീനില്‍ നിന്നും ഞങ്ങള്‍ പോയത്. (ഫലസ്തീന്‍ എന്ന പേരിലെ അക്ഷരങ്ങള്‍ക്ക്, ഉച്ചരിക്കുന്പോള്‍ കൂടുതല്‍ വ്യക്തത നല്‍കാന്‍ ഞാന്‍ ശ്രദ്ധിച്ചു.) നിങ്ങള്‍ക്കിവിടെ ബന്ധുക്കള്‍ ഉണ്ടോ? പട്ടാളക്കാരുടെ അടുത്ത ചോദ്യം.
ഇല്ല ഒരാളുമില്ല. ഈ നോ വണ്‍ പറയുന്പോള്‍ ഞാനനുഭവിച്ച സങ്കടവും നഷ്ടവ്യഥകളും വൈകാരികതയും വല്ലാതെ തീവ്രമായിരുന്നു. 1948ല്‍ എന്‍റെ മുഴുവന്‍ കുടുംബങ്ങളും ജറുസലേമില്‍ നിന്ന് തുടച്ചുമാറ്റപ്പെട്ടിരുന്നു. മൂന്ന് നാടുകളിലായി കുട്ടിക്കാലം ചെലവഴിക്കേണ്ടി വന്നതിലെ പ്രശ്നങ്ങള്‍ ഓര്‍മക്കുറിപ്പുകളില്‍ കാണാം. ജറുസലേമില്‍ ജനിച്ച സെയ്ദിന്‍റെ സ്കൂള്‍ പഠനം 1951 വരെ കൈറോയിലായിരുന്നു. എല്ലാ വേനല്‍കാലത്തും സെയ്ദിന്‍റെ കുടുംബം ലബനാനിലായിരുന്നു ചെലവഴിച്ചിരുന്നത്. കുട്ടിക്കാലത്ത് തുടര്‍ച്ചയായുണ്ടായ ഈ വാസമാറ്റങ്ങള്‍ സെയ്ദിന് ഒട്ടും ഉള്‍ക്കൊള്ളാനായിരുന്നില്ല.
പ്രവാസത്തിന്‍റെ പ്രതിഫലനങ്ങള്‍ എന്ന പ്രബന്ധത്തില്‍ സെയ്ദ് എഴുതുന്നു : പ്രവാസം ചിന്തിക്കാന്‍ എളുപ്പമാണ്. പക്ഷേ, അനുഭവിക്കുക ഭയാനകമാണ്. സെയ്ദിന്‍റെ വീക്ഷണത്തിലുള്ള പ്രവാസം, സ്വന്തം വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും സൗഹൃദങ്ങളില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം അകറ്റപ്പെടുന്ന അവസ്ഥയാണ്. ഫലസ്തീനികള്‍ 1948 മുതല്‍ അതാണല്ലോ അനുഭവിക്കുന്നത്.
രോഗവും വിടയും
1991ല്‍ ആണ് സെയ്ദിന്‍റെ ശരീരത്തില്‍ രക്താര്‍ബുദം ബാധിച്ചിട്ടുണ്ടെന്ന് വ്യൈശാസ്ത്രം കണ്ടെത്തുന്നത്. പിന്നീട് മരണം വരെ, നിരന്തരമായ ചികിത്സയായിരുന്നു. ഫിസിയോതെറാപ്പി നടത്തി ആ ശരീരം നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ അവധാനതയോടെ പരിശ്രമിക്കുന്ന നാളുകളിലാണ് സെയ്ദിന്‍റെ മനോഹരമായ ഓര്‍മക്കുറിപ്പുകളുടെ രചന നടന്നത്. അസുഖത്തില്‍ അല്‍പസ്വല്‍പം ആശ്വാസം തോന്നിയപ്പോഴൊക്കെ അദ്ദേഹത്തിന്‍റെ ചിന്തയും പ്രവര്‍ത്തനവും സക്രിയമായിരുന്നു. തൊണ്ണൂറുകളിലെ സോവിയറ്റ് തകര്‍ച്ചക്ക് ശേഷം അമേരിക്ക നടത്തിയ പ്രത്യക്ഷമായ സാമ്രാജ്യത്വ ഇടപെടലുകളെയെല്ലാം സെയ്ദ് നിശിതമായി വിമര്‍ശിച്ചു.
പന്ത്രണ്ട് വര്‍ഷത്തെ നിരന്തരമായ ചികിത്സക്ക് ശേഷം 67ാം വയസ്സില്‍ 2003 സപ്തംബര്‍ 25ന് ന്യൂയോര്‍ക്കില്‍ സെയ്ദ് അന്തരിച്ചു. ഫലസ്തീനികളും, അവരെ സ്നേഹിക്കുന്നവരും അഗാധമായി വേദനിച്ച ദിനമായിരുന്നു അന്ന്. കൊളംബിയ യൂണിവേഴ്സിറ്റിയുടെ പെരുമ ആകാശത്തോളം ഉയര്‍ത്തിയ മഹാനായ ആ ചിന്തകന്‍ അന്തരിച്ചപ്പോള്‍ യൂണിവേഴ്സിറ്റി ഔദ്യോഗിക പ്രസ്താവനയില്‍ ഇങ്ങനെ എഴുതി: ധീരനായ പോരാളിയും, മനോഹരമായ ഹൃദയവും ആഴമേറിയ ധിഷണയുമുള്ള വലിയൊരു പ്രതിഭയായിരുന്നു, ഞങ്ങളുടെ പ്രിയങ്കരനും ആദരണീയനുമായ പ്രൊഫ. ഡോ. എഡ്വേര്‍ഡ് സെയ്ദ്.
ലുഖ്മാന്‍ കരുവാരക്കുണ്ട്
റഫറന്‍സ്
1. Out of Place: A Memoir by Edward W. Said
2 . Edward Said and he space of exile by John D. Barbour
3.Remembering Edward Said by Tariq Ali
4. On Edward Said, Scholar and Public Intellectual
5.My Father on EDWARD SAID NAJLA SAID
6. en.wikipedia.org/wiki/Edward_Said
7. Edward Said: A Legacy of Emancipation and Representations (2010), edited by Adel Iskandar and Hakem Rustom
lukukvk@gmail.com
www.luqmankaruvarakundu.wordpress.com
You must be logged in to post a comment Login