പ്രസിദ്ധ ഇംഗ്ലീഷ് ഗ്രമേറിയന്‍ ഡേവിഡ് ഗ്രീന്റെContemporary English grammer; structures and compositionse Conjunction കളെക്കുറിച്ചുള്ള അധ്യായം വായിക്കാനെടുത്തു. ധാരാളം ഉദാഹരണങ്ങളും വ്യത്യസ്തമായ പേരുകളുമൊക്കെ സുലഭം. രാമും സോളമനും പങ്കജും സുശീലയുമൊക്കെ സമയത്തും അസമയത്തും കയറിവരുന്ന ഉദാഹരണങ്ങളില്‍ ആദ്യത്തെ കുറ്റവാളി കയറിവരുന്നത് ഞെട്ടലോടെ മാത്രമേ കാണാനാവൂ
The culprit was not Afzal but ahsan
ഒരു കുറ്റവാളി വരുന്പോള്‍ അവന് ഇന്പമാര്ന്ന മുസ്ലിം പേരുകള്‍ തന്നെ കൊടുത്തുകൊണ്ട് ഡേവിഡ് ഗ്രീന്‍ ബോധപൂര്‍വമോ/ അബോധപൂര്‍വ്വമോ നമ്മുടെ പൊതുബോധത്തെ ഊട്ടിയുറപ്പിക്കാന്‍ നോക്കുന്ന പോലെ തോന്നി. ഇതൊക്കെ ഇത്ര വിഷയമാക്കാനുണ്ടോ എന്നു തോന്നുന്നവര്‍ക്ക് തുടര്‍ന്നു വായിക്കാം.
Institute of Strategic diologue ഉം Vodafone കമ്പനിയും സംയുക്തമായി നടത്തിയ ഒരു ഗവേഷണ പഠനത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ മുഖ്യധാരാ മാധ്യമങ്ങള്‍ എങ്ങനെയൊക്കെയാണ് ഇസ്ലാമിനെയും മുസ്ലിംകളെയും അവതരിപ്പിക്കുന്നതെന്നു സൂക്ഷ്മമായി വിസ്തരിക്കുകയുണ്ടായി. Muslims In the European Mediascape എന്ന തലവാചകത്തില്‍ പുറത്തിറങ്ങിയ പഠനം ഫ്രാന്‍സ്, ജര്‍മനി, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ മൂന്ന് രാജ്യങ്ങളിലെ മാധ്യമ സംസ്കാരത്തിന്റെ ഉള്പിരിവുകളെയാണ് തുറന്നു കാണിച്ചത്. മൂന്ന് രാജ്യങ്ങളിലേയും മാധ്യമ സമൂഹം, പ്രേക്ഷകര്‍, വ്യത്യസ്ത മാധ്യമ വിഭാഗങ്ങളിലെ പ്രതിനിധികള്‍ എന്നിവരുമായി പഠനസംഘം സംസാരിച്ചു. സംഘത്തോട് സഹകരിച്ച എഴുപത്തിമൂന്ന് ശതമാനം പേരും യൂറോപ്യന്‍ മാധ്യമങ്ങളിലെ ഇസ്ലാം പ്രതിനിധാനം നെഗറ്റീവാണെന്ന് വിലയിരുത്തുന്നു.
ഈ മുന്‍വിധികളെ നേരത്തെ തിരിച്ചറിഞ്ഞതാണ് എഡ്വേര്‍ഡ് സൈദ്. അദ്ദേഹത്തിന്റെ കവറിംഗ് ഇസ്ലാമും ഓറിയന്റലിസവും ഈ കാര്യത്തില്‍ പ്രശസ്തമാണ്.
എഡ്വേര്‍ഡ് സൈദ് 1980ലെഴുതിയ Islam Through Western Eyes എന്ന ലേഖനത്തില്‍ അദ്ദേഹം ഇക്കാര്യം ഒന്നുകൂടി ഊന്നിപ്പറയുന്നുണ്ട്. ഓയില്‍ സപ്ലെയര്‍ അല്ലെങ്കില്‍ തീവ്രവാദി എന്നതിലപ്പുറം അറബികള്‍ക്ക് മറ്റൊരു ഇമേജ് അമേരിക്കയിലില്ലെന്ന് മൂന്ന് പതിറ്റാണ്ട് മുന്‍പാണ് സെയ്ദ് നിരീക്ഷിക്കുന്നത്. ദൃശ്യ മാധ്യമങ്ങളുടെ ചരിത്രത്തിലിടം നേടിയ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനങ്ങളില്‍ തന്നെ ഈ മുസ്ലിംവിരുദ്ധ പ്രതിഛായകള്‍ സ്ക്രീനുകളില്‍ കണ്ടു തുടങ്ങി. ഫിലിം ഇന്‍ഡസ്ട്രി ഇക്കാര്യത്തില്‍ ഒരു പടികൂടികടന്നു പോവുന്നുണ്ട്.
ഹോളിവുഡ് സിനിമകളിലെ മുസ്ലിം/ അറബ് ഇമേജുകളെക്കുറിച്ച് ആഴത്തില്‍ ഗവേഷണം നടത്തിയ അമേരിക്കന്‍ നിരീക്ഷകനാണ് ജാക്ക്ഷഹീന്. അദ്ദേഹത്തിന്റെ പുരസ്കാരാര്‍ഹമായ രണ്ടു കൃതികളും (Reel Bad Arabs : How Hollywood vilifies a people, Guilty: Hollywood’s Verdict on Arabs After 9/11) ഫിലിം ഇന്‍ഡസ്ട്രിയെ ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കണക്കുപ്രകാരം തൊള്ളായിരം ഹോളിവുഡ് ഫിലിമുകളിലെങ്കിലും മുസ്ലിം അറബ് ഇമേജുകള്‍ കറുത്ത ചായം കൊടുത്തുവന്നിട്ടുണ്ട്. 1905ല്‍ ജോര്ജ്മെലീസ് സംവിധാനം ചെയ്ത The Place of Arabian Nights ല്‍ നിന്നു രണ്ടായിരത്തില്‍ റിഡ്ലി സ്കോട്ട് പുറത്തിറക്കിയ Gladiator ലെത്തിയപ്പോഴും ചലച്ചിത്രരംഗത്തെ മുസ്ലിം പ്രതിഛായക്ക് കാടന്‍ പശ്ചാത്തലത്തില്‍ നിന്ന് പുറത്തു കടക്കാനായിട്ടില്ല.
ഇത്തരം അപകീര്‍ത്തികള്‍ ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ എന്ന് ഇനിയും ആശയക്കുഴപ്പത്തിലാവുന്നതില് അര്‍ത്ഥമില്ല. ജാക്ക് ഷഹീന് ചൂണ്ടിക്കാട്ടുന്നതുപോലെ രണ്ടു ധാരകളിലായാണ് ഈ വിവേചന സംസ്കാരം പാശ്ചാത്യസമൂഹത്തില്‍ ഇടപെട്ടത് ഒന്ന് രാഷ്ട്രാടിസ്ഥാനത്തിലുള്ള വര്‍ഗീയതയായി വികസിച്ചപ്പോള്‍ മറ്റൊന്ന് സാംസ്കാരിക വര്ഗീയതയായിട്ടാണ് വളര്‍ച്ച പ്രാപിച്ചത്. ഈ രണ്ടു ധാരകളിലൂടെയും അന്യവല്കരിക്കപ്പെട്ട മുസ്ലിംകളെയും കറുത്ത വര്‍ഗക്കാരെയും പാശ്ചാത്യ മുഖ്യധാരാ മാധ്യമങ്ങള്‍ കടന്നാക്രമിച്ചു. അമേരിക്കയിലേക്കും മറ്റു പാശ്ചാത്യ രാഷ്ട്രങ്ങളിലേക്കും കുടിയേറിയ അറബികള്‍ക്കും കറുത്തവര്‍ഗക്കാര്‍ക്കും നേരെ സംശയത്തിന്റെ കണ്ണുകള്‍ പായാന്‍ ഇത്തരം നിര്‍മ്മിതികള്‍ പാശ്ചാത്യന്‍ സമൂഹത്തെ നിര്‍ബന്ധിതരാക്കി.
1918ല്‍ തിയേറ്ററിലെത്തിയ Trazen of Apes ലാണ് മുസ്ലിം/ അറബ് വിരുദ്ധത ആദ്യമായി മറനീക്കി പുറത്തുവന്നത്. ക്രൂരനായ അറബ് യജമാനന്റെ കിരാത വൃത്തികള്‍ക്ക് ഇരയായ ആഫ്രിക്കന്‍ അടിമകളാണ് ഇതിലെ ഇതിവൃത്തം. ഇംഗ്ലീഷുകാരനെ തട്ടിക്കൊണ്ടുപോയി പത്തുവര്‍ഷത്തോളം ഭീകരമായി പീഡിപ്പിക്കുന്ന സിനിമയിലെ അറബിവംശജന്‍ അമേരിക്കന്‍ പ്രേക്ഷകരെ ഞെട്ടിച്ചു.
1921ലെ റുഡോള്‍ഫ് വാലന്റിനോയുടെ ബോക്സ് ഓഫീസ് ഹിറ്റായ The Sheikh അമേരിക്കന്‍ പ്രേക്ഷകര്‍ക്കിടയില്‍ അറബികളെക്കുറിച്ചുള്ള ഈ മുന്‍ധാരണകള്‍ക്ക് ശക്തിപകര്‍ന്നു. ഷെയ്ഖിന്റെ പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ട തലവാചകം തന്നെ ഇതായിരുന്നു When an Arab Sees a woman he wants, He takes her. എഴുപതുകളിലെത്തുന്പോഴേക്ക് അറബ് രാഷ്ട്രങ്ങളിലെ ഓയില്സമൃദ്ധി അമേരിക്കന്‍ ബോധമണ്ഡലത്തെ ഒന്നുകൂടി ഉറക്കം കെടുത്തി. അറബികള്‍ ലോകം കയ്യടക്കുമെന്ന ഭീതി ഒട്ടേറെ ചലച്ചിത്രങ്ങളുടെ ഗതിവേഗം കൂട്ടി.
ബദുക്കള്‍, ശൈഖ്, കോമാളി, വാള് ഊരിപ്പിടിച്ച ഭീകരവാദി എന്നീ രൂപങ്ങളില്‍ അറബ് പുരുഷന് വാര്ത്തെടുക്കപ്പെട്ടപ്പോള് വിധേയ, അടിമ, ബെല്ലി നര്‍ത്തകി, നിരക്ഷര, പര്‍ദ്ദക്കുള്ളില്‍ തളച്ചിടപ്പെട്ടവള്‍ തുടങ്ങിയ രൂപങ്ങളിലാണ് അറബ്സ്ത്രീകള്‍ ചിത്രീകരിക്കപ്പെട്ടത്. പച്ചക്കരളുള്ള ഒരു സാധാരണ അറബിയെ ഫ്രെയിം ചെയ്യാന്‍ എന്നാണ് പാശ്ചാത്യന്‍ മീഡിയക്ക് കഴിയുക എന്ന് ജാക്ഷഹീന് നിരന്തരം ചോദിക്കുന്നുണ്ട്.
ദിനേന പത്ത് മണിക്കൂര്‍ ജോലി ചെയ്ത്, സ്നേഹവായ്പുകളോടെ ഭാര്യയോടും കുടുംബത്തോടും സഹവസിക്കുന്ന, തന്റെ കുട്ടികളുമൊത്ത് കളിക്കുന്ന മനുഷ്യനായ അറബി ഹോളിവുഡ് ഫിലിം സ്ക്രീനുകളില്‍ മരുന്നിന് പോലുമില്ല എന്നാണദ്ദേഹം നിരീക്ഷിക്കുന്നത്. 1200 ഫിലിമുകള്‍, നൂറോളം ടെലിവിഷന്‍ പ്രോഗ്രാമുകള്‍, നാടകങ്ങള്‍, ന്യൂസ് ഡോക്യുമെന്ററികള്‍, ചില്‍ഡ്രന്‍സ് കാര്ട്ടൂണുകള് എന്നിവ സൂക്ഷ്മമായി പഠിച്ച ശേഷമാണ് അദ്ദേഹത്തിന്റെ ഈ കണ്ടെത്തല്‍.
എഴുപതുകളിലെ അറബ്ഭീതിയുടെ തീപാറുന്ന ഇതിവൃത്തവുമായി വന്ന ചലച്ചിത്രങ്ങളിലൊന്നായിരുന്നു 1977ല്‍ മോര്‍ലി സഫെര് സംവിധാനം ചെയ്ത അറുപത് മിനുട്ട് ഡോക്യുമെന്ററി ഫിലിം ഠവല അൃമയ െമൃല രീാശിഴ! അതങ്ങനെ ഭീകരമായി തളംകെട്ടി നില്‍ക്കുന്പോഴാണ് 9/11 സംഭവിക്കുന്നത്. എരിതീയില്‍ എണ്ണവീണു. 24, The unit, the Agency, NCIS, Sleeper cell, Threat Matrix, Sue Thomas തുടങ്ങി എഫ്ബിഐ ചമയിച്ചെടുത്ത ചിത്രങ്ങളില്‍ ലോസ് അഞ്ചല്‍സിലെ സ്ലീപ്പര്‍ സെല്ലുകളില്‍ നിന്നും വാഷിംഗ്ടണിലെ പള്ളികളില്‍ നിന്നും സ്വന്തം ജനതക്കെതിരെ ഗൂഢ പദ്ധതികളൊരുക്കുന്ന അമേരിക്കന്‍ മുസ്ലിംകളുടെ ചിത്രം തന്നെ ലോകത്തിന് നല്കി. ഈ പരദൂഷണത്തിന് നിര്‍ലോഭമായി ഒഴുകിയെത്തിയ രാഷട്രീയ/ സാന്പത്തിക പിന്തുണ കൂടുതല്‍ കൊഴുപ്പേകി.
ഇസ്റയേലിന്റെ സകല തെമ്മാടിത്തങ്ങളെയും പിന്തുണക്കുന്ന ക്ലാരിയന്‍ ഫണ്ട് ഓര്ഗനൈസേഷന് ഇത്തരം വര്ഗവിദ്വേഷ പ്രചാരണങ്ങളില്‍ ഒരുപടി മുന്നിലാണ്. 2005ല്‍ ഓര്ഗനൈസേഷന് സംവിധാനം ചെയ്ത റാഡിക്കല്‍ ഇസ്ലാം വാര് എഗൈന്‍സ്റ്റ് ദി വെസ്റ്റ് എടുത്തു പറയേണ്ടതാണ്.
ഫിലിമിന്റെ ഇരുപത്തിയെട്ട് മില്യണ്‍ ഡിവിഡി കോപ്പികള്‍ ദിനപത്രങ്ങളിലൂടെ വിതരണം ചെയ്തുവെന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. എഴുപതോളം അമേരിക്കന്‍ ദിനപത്രങ്ങള്‍ ഈ വൃത്തികേടിന് കൂട്ടുനിന്നു. സെന്റ്ലൂയിസ് പോസ്റ്റ് ഡിസ്പാച്ചും അല്പം ചില പത്രങ്ങളും മാത്രമാണ് ഈ നെറികേടില്‍ നിന്ന് വിട്ടു നിന്നത്. ഇതിനെതിരെ നീതിയുടെ പക്ഷത്തു നിന്നു കൊണ്ടുള്ള അര്‍ത്ഥവത്തായ ചില അഭിമുഖീകരണങ്ങള്‍ അടുത്ത കാലത്ത് പടിഞ്ഞാറന്‍ ലോകത്തുണ്ടായിട്ടുണ്ട്.
സതേണ്‍ കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പബ്ലിക്ക് അഫേയ്സ് കൗണ്‍സില്‍ അറബ് മുസ്ലിം സംസ്കാരത്തെ ശരിയായ കോണില്‍ അവതരിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ടതാണ്. ഇതോടെ നേര്‍ത്ത ചില മാറ്റങ്ങള്‍ കാണാനാവുന്നുണ്ട്.
2006ല്‍ പുറത്തിറങ്ങിയ ബാബേല്‍, 2007ല്‍ സംവിധാനം ചെയ്ത The Kingdom, Rendition തുടങ്ങിയ ഫിലിമുകള്‍ ഏറെക്കുറെ നല്ല അറബ് പ്രതിഛായകള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. 2005ല്‍ പുറത്തിറങ്ങിയ The Kingdom of Heaven എന്ന ചിത്രത്തില്‍ വീരപുരുഷന് സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ ഒരു രംഗമുണ്ട്. ജറുസലേം കീഴടക്കുന്നതിനിടയില്‍ ക്രിസ്ത്യന്‍ ചര്‍ച്ചിനകത്തു കടന്ന് അദ്ദേഹം അല്ത്താരയില് നിന്നു കുരിശ് എടുത്തുയര്‍ത്തി അതേ സ്ഥലത്തു തന്നെ പ്രതിഷ്ഠിക്കുന്ന രംഗം സ്ക്രീനില്‍ തെളിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ എഴുന്നേറ്റു നിന്ന് കയ്യടിച്ചത് കൗതുകത്തോടെ ഷഹീന് വിവരിക്കുന്നുണ്ട് ധീരനും നീതിമാനുമായ ഒരു സ്വലാഹുദ്ദീന്‍ അയ്യൂബി അതിനുമുന്‍പ് എവിടെയും പ്രത്യക്ഷപ്പെട്ടിരുന്നില്ല എന്നതായിരിക്കും കാഴ്ചക്കാരെ ഇത്തരമൊരു കൃത്യത്തിന് പ്രേരിപ്പിച്ചത്. വര്‍ണ/ വര്ഗങ്ങള്ക്കപ്പുറത്ത് മനുഷ്യനെ ഒന്നായി കാണാന്‍ ഇത്രയൊക്കെ പുരോഗതി പ്രാപിച്ചിട്ടും പടിഞ്ഞാറന്‍ നാഗരികതക്ക് കഴിയാതെ പോയതിന്റെ നേര്‍ചിത്രങ്ങളാണ് നാം കണ്ടത്. ഒരു നൂറ്റാണ്ടുകാലം മാധ്യമ സംസ്കാരത്തെ ആഴത്തില്‍ സ്വാധീനിച്ച ഇസ്ലാമോഫോബിയക്ക് മറുമരുന്ന് തേടുകയാണ് ഷഹീന് തന്റെ പുസ്തകത്തിന്റെ അവസാന ഭാഗത്ത്. മറ്റു സംസ്കാരങ്ങളെ ഉള്‍കൊള്ളുവാനുള്ള വിശാലത ഒരു ഭാഗത്ത് എണ്ണത്തിരിപോലെ കത്തുന്പോഴും ഇതര രാജ്യങ്ങളുടെ അതിര്‍ത്തിക്കുള്ളിലേക്ക് ഡ്രോണ്‍ വിമാനങ്ങള്‍ പറത്താനുള്ള ബീഭത്സത ഇരുട്ടു പരത്തുവാന്‍ നോക്കുക തന്നെയാണിപ്പോഴും എന്നത് മനുഷ്യരാശിയെ കൂടുതല്‍ ക്രിയാത്മകമാവാന്‍ പ്രചോദിപ്പിക്കട്ടെ.
ടി കെ ശരീഫ് നുസ്രി
You must be logged in to post a comment Login