എന്നെ സ്വാധീനിച്ച ‘ഗവേഷണ വിദ്യാര്‍ത്ഥി’

എന്നെ സ്വാധീനിച്ച ‘ഗവേഷണ വിദ്യാര്‍ത്ഥി’

മതം മനുഷ്യജീവിതത്തെ ഭദ്രമായ ഒരസ്ഥിവാരത്തില്‍ രൂപപ്പെടുത്തുന്ന ശക്തമായ ഒരു ജീവിത രീതിയാണെന്ന് ഞാന്‍ പഠിച്ചത് മതപ്രസംഗങ്ങളിലൂടെയും വായനയിലൂടെയുമായിരുന്നു. ആത്മീയതയാണ് അതിന്റെ അടിത്തറയെന്ന് പൂര്‍വികര്‍ തെളിയിക്കുകയും ചെയ്തു. മതവിരുദ്ധ പ്രത്യയ ശാസ്ത്രവാദികളുടെ കണ്ണ് തുറപ്പിക്കാന്‍ മതത്തെ പിന്നീട് രാഷ്ട്രീയവുമായി കലര്‍ത്തേണ്ടിവന്നതും കൗമാര കാലത്ത് കൗതുകമുണ്ടാക്കി. പ്രധാനമായും മതാത്മക സ്വഭാവമായിരുന്നു മലബാര്‍ രാഷ്ട്രീയത്തിന് ഉണ്ടായിരുന്നത്.
പൊതുജീവിതത്തെ ശുദ്ധീകരിക്കാന്‍ യഥാര്‍ത്ഥ മതത്തിന്റെ സാന്നിധ്യത്തിന് മാത്രമേ കഴിയുകയുള്ളൂവെന്ന് തെളിയിച്ചവരാണ് മുസ്ലിംലീഗ് പ്രസ്ഥാനത്തിന്റെ തലപ്പത്തുണ്ടായിരുന്നത്. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബും സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളും പാണക്കാട് പൂക്കോയ തങ്ങളും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ഇസ്ലാമിന്റെ യഥാര്‍ത്ഥവും സുന്ദരവുമായ മാര്‍ഗത്തില്‍ നിന്ന് മുസ്ലിം ലീഗുകാര്‍ വ്യതിചലിച്ചു പോവരുതെന്ന് ശഠിച്ചു.
രാഷ്ട്രീയാധികാരം ഒരു ഇസ്ലാമിക ശക്തിയുടെ കീഴില്‍ വരാനുള്ള സാധ്യത ഇവിടെ ഇല്ലെന്ന് മനസ്സിലാക്കിയ ഇവര്‍ അധികാരത്തില്‍ കിട്ടാവുന്ന പങ്ക് പറ്റി സാമൂഹ്യ സേവനത്തിന് ആ പങ്കിനെ ഉപയോഗിക്കുക എന്ന പ്രായോഗിക മാര്‍ഗമാണ് സ്വീകരിച്ചത്.
പത്രപ്രവര്‍ത്തനത്തിനും പൊതു പ്രവര്‍ത്തനത്തിനും രാഷ്ട്രീയ പ്രവര്‍ത്തനത്തിനും പരക്കെ പുഴുക്കുത്ത് വീഴാത്ത കാലഘട്ടത്തിലായിരുന്നു പത്രപ്രവര്‍ത്തനകനായും വിദ്യാര്‍ത്ഥി സംഘടനാ നേതാവായും കോഴിക്കോട്ട് ഞാന്‍ ചേക്കേറുന്നത്. പത്രപ്രവര്‍ത്തന രംഗത്ത് വളരെ അപൂര്‍വം മുസ്ലിം ബിരുദദാരികള്‍ മാത്രമുള്ള ഒരു കാലഘട്ടമായിരുന്നു അത്. വിദ്യാര്‍ത്ഥി നേതൃസ്ഥാനത്തും മാടിവിളിച്ച സന്ദര്‍ഭം. മുസ്ലിം സമുദായത്തിന്റെ പുരോഗതിയുടെ സമസ്ത മേഖലകളിലും ബാഫഖി തങ്ങളുടെ കൈകള്‍ ചെന്നെത്തിയ ആ കാലത്ത് ആ മഹാരഥന്റെ തണല്‍ പറ്റാന്‍ സൗഭാഗ്യമുണ്ടായി.
ബാഫഖി തങ്ങള്‍ മാനേജിംഗ് ഡയറക്ടറായ പത്രത്തില്‍ സഹ പത്രാധിപരായി. ബാഫഖി തങ്ങള്‍ പ്രസിഡണ്ടായ മാതൃസംഘടനയുടെ പോഷക സംഘടനയില്‍ സംസ്ഥാന പ്രസിഡണ്ടായി. പൂക്കോയ തങ്ങളുടെ കീഴിലും ഈ നില തുടരാനായി. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മാനേജിംഗ് ഡയറക്ടരായ മുസ്ലിം പ്രിന്‍റിംഗ് ആന്‍റ് പബ്ലിഷിംഗ് കമ്പനിയുടെ കീഴിലും അതേ പത്രത്തില്‍ ഞാന്‍ ജോലി തുടര്‍ന്നു. വിദ്യാര്‍ത്ഥി സംഘടനയുടെയും യുവജന സംഘടനകളുടെയും നേതൃത്വം ഏറ്റെടുക്കാന്‍ അപ്പോഴേക്കും പ്രഭാഷകരും ബിരുദദാരികളും ധാരാളമുണ്ടായിരുന്നു. പ്രവാസ സംഘടനകളുടെ കോഓര്‍ഡിനേറ്റര്‍ സ്ഥാനത്ത് തുടര്‍ന്ന കാലവും കൂടിയായിരുന്നു അത്.
കേവലം ഒരു എം.ഡി.യുടെ ദൗത്യമല്ല ശിഹാബ് തങ്ങള്‍ വഹിച്ചത്. ഏതു കാര്യവും വിശദമായി അറിയാനുള്ള ജിജ്ഞാസയാണ് എന്നുമദ്ദേഹം പ്രകടിപ്പിച്ചത്. ശാന്തമായ ഏറനാടന്‍ ഗ്രാമങ്ങളിലും ചരിത്ര പ്രൗഢമായ കണ്ണൂര്‍ ജില്ലയിലും കടത്തനാടിന്റെ മുക്ക് മൂലകളിലും പലതവണ ഞങ്ങള്‍ വേദി പങ്കിട്ടുണ്ട്. അദ്ദേഹത്തിന്റെ നിഷ്കളങ്കതയും നിസ്വാര്‍ത്ഥതയും ഓരോ ചലനത്തിലും ഞാന്‍ കണ്ടെത്തിയിരുന്നു.
രണ്ടും മൂന്നും കൈവഴികളായി ഒഴുകിയ പ്രസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി പലപ്പോഴും എനിക്ക് തോന്നി. യോജിക്കാവുന്ന മേഖലകളില്‍ എല്ലാ സംഘടനകളും യോജിച്ചു നില്‍ക്കണമെന്ന് ആത്മാര്‍ത്ഥമായി അദ്ദേഹം ആഗ്രഹിച്ചിരുന്നു. കക്ഷികള്‍ക്കതീതമായ സ്നേഹബന്ധവും സുഹൃദ് ബന്ധവും എല്ലാ സംഘടനാ നേതാക്കളുമായും ശിഹാബ് തങ്ങള്‍ക്കുണ്ടായിരുന്നു. കര്‍മനിരതമായ സജീവ സാന്നിധ്യമായി നിറഞ്ഞുനിന്ന ശിഹാബ് തങ്ങളോടൊപ്പമുള്ള യാത്ര സുഗന്ധപൂരിതമായ ഒരു സുഭഗ സ്മരണയായി നിലനില്‍ക്കുന്നു. അഹങ്കാരമോ തലക്കനമോ അദ്ദേഹത്തിന്റെ അടുത്തുപോലും എത്തിനോക്കിയില്ല. ഗര്‍വോ അഹന്തയോ അദ്ദേഹത്തെ തീണ്ടിയതുമില്ല. എന്നെ വല്ലാതെ സ്വാധീനിച്ചത് ജാടകളില്ലാത്ത പൊങ്ങച്ചം കാണിക്കാത്ത ശിഹാബ് തങ്ങളാണ്. ജീവിതം മുഴുവന്‍ വിജ്ഞാനാന്വേഷണത്തിന് ഉഴിഞ്ഞുവെച്ച ഗവേഷണ വിദ്യാര്‍ത്ഥി!

കെ.പി. കുഞ്ഞിമ്മൂസ

You must be logged in to post a comment Login