ഴിക്കോട് കല്ലായി റോഡിലെ അറഫാ ബില്‍ഡിങ്ങിലുള്ള അല്‍ ഇര്‍ഫാദ് മാസികയുടെ ഓഫീസിലാണ് പൂങ്കാവനത്തിന് വിത്ത് പാകിയത്. ടി.പി അബൂബക്കര്‍, പി.എം.കെ. ഫൈസി, ഉമര്‍ കല്ലൂര്‍, പി.കെ പാലത്തോള്‍ കെ.എ.കടങ്ങോട്, ഒ. എം തരുവണ പിന്നെ ഞാനും കൂടിയിരിക്കയാണ്. മുസ്ലിം സാഹിത്യ രംഗത്ത് ഉയരാന്‍ കൊതിക്കുന്ന ഏതാനും ചെറുപ്പക്കാരാണ് ഞങ്ങള്‍. അല്‍ ഇര്‍ഫാദ് മാസികക്ക് കിട്ടിയ അംഗീകരാരമാണ് ഒരു കുടുംബമാസികയെ ക്കുറിച്ച് ചിന്തിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. ഒരു കുടുംബ മാസികയെന്ന ആശയം പഠിക്കുന്ന കാലത്തേ എന്റെ മനസ്സിലുണ്ടായിരുന്നു. അക്കാര്യം ആരോടും പറയാന്‍ പറ്റാതെ മനസ്സ് വിങ്ങിയിരുന്നു. ലീഗ് ടൈംസ് പത്രത്തിലായിരുന്ന ഹുസൈന്‍ ഏലംകുളം, പോക്കര്‍ കടലുണ്ടി എന്നിവര്‍ അത് പ്രോത്സാഹിപ്പിച്ചു. പിന്നീട് തിരൂരിലെ അല്‍ മുബാറക് ഓഫീസില്‍ തരുവണയും ഹംസ മൂര്‍ക്കനാടും ഞാനും ഒത്തു കൂടുമ്പോള്‍ ഈ ആഗ്രഹം ചര്‍ച്ചക്കിടും. ഞാന്‍ അലിഗഡിലും തരുവണ ഫാറൂഖ് കോളജിലുമാണ്. അതുകൊണ്ട് ചര്‍ച്ചകള്‍ക്ക് സജീവതയൊന്നുമുണ്ടായിരുന്നില്ല. ഗള്‍ഫിലെ പ്രവര്‍ത്തകര്‍ കോഴിക്കോട് അല്‍ ഇര്‍ഫാദ് മാസിക തുടങ്ങാന്‍ വേണ്ടി ആരംഭം കുറിച്ചപ്പോഴാണ് ചര്‍ച്ച കോഴിക്കോട്ടെത്തിയത്. ഞങ്ങള്‍ ജ്യേഷ്ഠ സഹോദരനെപ്പോലെ ആദരിച്ചിരുന്ന ടി.പി അബൂക്കര്‍ സാഹിബിനോട് ഇക്കാര്യം അവതരിപ്പിക്കുകയായിരുന്നു. ടി.പി എനിക്ക് അബു സാഹിബായിരുന്നു. ഫാറൂഖ് കോളജില്‍ വച്ചാണ് ഞങ്ങള്‍ ബന്ധം തുടങ്ങിയത്. അദ്ദേഹമാണ് എസ്.എസ് എഫുമായി എന്നെ ബന്ധപ്പെടുത്തിയതും അലിഗഡിലേക്ക് കൊണ്ടു പോയതും.
എല്ലാ ശനിയാഴ്ചകളിലും ഞങ്ങള്‍ അല്‍ ഇര്‍ഫാദ് ഓഫീസില്‍ ഒത്തു കൂടും. ഇടക്കിടെ ഹരം പകരാന്‍ വഫാ സാഹിബും വരും. ഞാനും തരുവണയുമാണ് പ്രായം കുറഞ്ഞവര്‍. ഉമര്‍ കല്ലൂരും പാലത്തോളും വളരേ ചിന്തിച്ചിട്ടേ അഭിപ്രായം പറയൂ. ആദ്യമാദ്യം വനിതാ മാസികയെക്കുറിച്ചായി ചര്‍ച്ച. പിന്നെയവാമെന്ന് പറഞ്ഞ് പിരിയും. ആര്‍ക്കും ധ്യൈം കിട്ടുന്നില്ല. കൊല്ലം പിന്നേയും ഒന്ന് രണ്ട് കൊഴിഞ്ഞു. അപ്പോഴൊക്കെ ഞാന്‍ കൊല്ലം ടി.കെ.എം കോളജില്‍ പഠിപ്പിക്കുകയാണ്. ഓരോ ശനിയാഴ്ചയും കൊല്ലത്ത് നിന്ന് കോഴിക്കോട്ടെത്തും. ടി.പി ചെലവിലേക്ക് അമ്പത് രൂപയും തരും. ഞാന്‍ കൊല്ലം വിട്ട് മണ്ണാര്‍ക്കാട്ടെത്തി. ഞാനും ടി.പി മുഖേന അല്‍ ഇര്‍ഫാദ് കമ്മറ്റിക്കാരുമായി ബന്ധപ്പെട്ടെങ്കിലും ഇങ്ങനെയൊരു മാസിക നേരിട്ടിറക്കുന്നതില്‍ അവര്‍ക്ക് താല്പര്യമില്ലായിരുന്നു. പക്ഷേ, ആരിറക്കിയാലും എല്ലാ സഹായവും ചെയ്യാമെന്ന് അവര്‍ അറിയിച്ചു. അതിനുള്ള പദ്ധതികളൊക്കെ ടി.പി തന്നെ ഒരുക്കി.
വനിതകള്‍ക്ക് മാത്രമായി ഒരു മാസിക വേണ്ടായെന്ന അഭിപ്രായത്തിലാണ് അന്ന് പണ്ഡിതന്‍മാര്‍ പലരും. ആയിടക്കാണ് ജമാഅത്തുകാരുടെ വക ഒരു വനിതാ മാസിക തുടങ്ങിയത്. അതില്‍ സുന്നീ വിഭാഗത്തെ വല്ലാതെ പരിഹസിക്കുന്നതായി പലരും ആക്ഷേപങ്ങളുമായി വന്നു. അതോടെ സുന്നീ രംഗത്തുനിന്ന് മാസികക്കനുകൂലമായ മനോഭാവം വന്നു. പുതുമകളോടെ തന്നെ മാസിക വേണമെന്ന് ഞങ്ങളാഗ്രഹിച്ചു. അന്ന് എന്റെ നാട്ടില്‍ ദര്‍സ് നടത്തിയിരുന്ന പണ്ഡിത വര്യനായ ഓകെ ഉസ്താദിന്റെ മുമ്പില്‍ കാര്യമവതരിപ്പിച്ചു. എന്നോട് ഉദ്ദ്യേം ചോദിച്ചറിഞ്ഞു. ഞാന്‍ മറുപടിയും കൊടുത്തു. എങ്കില്‍ നിങ്ങളെല്ലാവരും കൂടി നടത്തിക്കോളൂ എന്ന സമ്മതം മനസ്സിനെ വല്ലാതെ കുളിര്‍പ്പിച്ചു. പന്നെപ്പോയത് എടപ്പാളിലുള്ള കൂറ്റനാട് കെ. വി മുഹമ്മദ് മുസ്ലിയാരുടെ വീട്ടിലേക്കാണ്. തരുവണയും കൂടെയുണ്ടായിരുന്നു. ഉസ്താദും സമ്മതം തന്നു. പിന്നെ ഞങ്ങളൊന്ന് ഉഷാറായി.
ഒരു കമ്മറ്റി വേണം. ചെയര്‍മാന്‍ വഫാ സാഹിബ് തന്നെ. സെക്രട്ടറി ഞാനും. ജോയന്‍റ് സെക്രട്ടറിയായി തരുവണയും. അയ്യായിരം രൂപക്ക് പലരേയും മെമ്പര്‍മാരാക്കുന്ന തകൃതി. മാസികയുടെ പേര് തെരഞ്ഞെുക്കുന്ന കാര്യത്തില്‍ വടം വലി. ചിലര്‍ക്ക് അറബിപ്പേര് വേണം. ഞങ്ങളുടെ മനസ്സിലുള്ള പേര് പൂങ്കാവനം എന്നായിരുന്നു. എല്ലാവരും സമ്മതിച്ചു. തരുവണയുടേയും ടി.പിയുടേയും നേതൃത്വത്തില്‍ മാസികയുടെ ഡിക്ളറേഷന്‍ ശരിയാക്കാനുള്ള ഓട്ടം. അല്‍ ഇര്‍ഫാദിന്റെ അടുത്തുതന്നെ അറഫാ ബില്‍ഡിങ്ങില്‍ ഓഫീസ് റെഡി. ആര്‍ട്ടിസ്റ്റായ കെ.എല്‍ ഖാന്‍ ലെറ്റര്‍ സ്റ്റൈല്‍ ശരിയാക്കി. കെ.വി.കെ അബ്ദുല്ലയെ കരുവാരക്കുണ്ടില്‍ നിന്ന് ചിത്രങ്ങള്‍ വരക്കാന്‍ വരുത്തി. തരുവണയുടെ കീഴില്‍ മാനേജ്മെന്‍റ് തകൃതിയായി. മാസികയുടെ പരസ്യം വരേണ്ട താമസം നാടും നഗരവും ഉണര്‍ന്നു. വരിക്കാരെ ചേര്‍ക്കാന്‍ രണ്ട് കൗണ്ടറുകള്‍ തുറന്നു. കോയക്കായിരുന്നു കൗണ്ടറിന്റെ ചുമതല. വരിക്കാര്‍ ഒരു ലക്ഷം കവിഞ്ഞപ്പോള്‍ പേടിച്ചു പോയി. ഈ സ്വകാര്യം സുഹൃത്തുകളായ പത്രക്കാരോട് പറഞ്ഞപ്പോള്‍ അവരും മൂക്കത്ത് വിരല്‍ വച്ചു. പത്രമടിക്കാന്‍ പറ്റിയ പ്രസ് കോഴിക്കോട്ടില്ല. ടി.പിയുടെ നേതൃത്വത്തില്‍ എറണാകുളത്തേക്ക്. അവിടെ എസ്.ടി റ്യൊര്‍ പ്രസ്സുമായി കരാറാക്കി. വരിക്കാരെ ച്ചേര്‍ക്കുന്നത് നിറുത്തുന്ന കാര്യം ആലോചിച്ചു. അണിയറയില്‍ ഉസ്മാന്‍ മുസ്ലിയാര്‍, അബ്ദുല്‍ മജീദ് ഫൈസി, വഫാ സാഹിബ്, കെ.സി അബ്ദുല്‍ ഖാദിര്‍ തുടങ്ങിയവര്‍ ഇടക്കിടെ സമ്മേളിക്കുന്നുണ്ട്. നയ പരമായ ചര്‍ച്ചകളാണ് മുഖ്യം. മതപരമായ അതിര്‍വരമ്പുകള്‍ നിര്‍ണയിക്കാന്‍ പെട്ട പാട്. പല പണ്ഡിതന്‍മാരേയും സ്വകാര്യത്തിലും അല്ലാതെയും ചെന്ന് കാണുന്നുണ്ട്. ഓഫീസില്‍ തരുവണയും, പി.കെ പാലത്തോളും, ടിപിയും ഞാനുമെക്കെ മാസികയുടെ നിര്‍മിതിയിലാണ്. ഉള്ളടക്കവും ചിത്രങ്ങളും കാര്‍ട്ടൂണുകളും കെങ്കേമായി. അതിര്‍ വരമ്പുകളൊക്കെ എടുത്തും മാറ്റിയും വച്ച് ഒരു വിധം മാസികയുടെ ലേ ഔട്ട് പൂര്‍ത്തിയായി. എന്തായിരുന്നു മാസികയുടെ നയം. അക്കാര്യം ആദ്യത്തെ എഡിറ്റോറിയലില്‍ തന്നെ മാലോകരെ അറിയിച്ചിരുന്നു.
ആദ്യ ലക്കം അണിയറയിലൊരുങ്ങി. ചിത്രപ്പണിയില്‍ അബ്ദുല്ല രാപ്പകല്‍ പണിയെടുത്തു. ഓരോ വരയും സൂക്ഷിച്ച് കൈകാര്യം ചെയ്തു. ആദ്യ പതിപ്പിന് മാറ്റ് കൂട്ടി കൂറ്റനാട് കെ.വി.ഉസ്താദുമായി അഭിമുഖം. ചിത്രങ്ങളോടെയുള്ള ലേഖനം, ഫീച്ചര്‍. തിരക്കായതിനാല്‍ ഉദ്ഘാടനം അത്ര കേമമല്ലാതെ നടത്താനായിരുന്നു തീരുമാനം. കല്പക ടൂറിസ്റ്റ് ഹോമിലെ മിനി ഹാളിലായിരുന്ന പരിപാടി. ഉദ്ഘാടകന്‍ അന്നത്തെ പോലീസ് മോധാവിയായിരുന്നു മുഹമ്മദ് സാഹിബ്. ഏറ്റു വാങ്ങുന്നത് അദ്ദേഹത്തിന്റെ ബന്ധുകൂടിയായ കെ. പി കുഞ്ഞിമ്മൂസ. പ്രകാശന വിവരം എങ്ങനെയൊക്കെയോ പാട്ടായതോടെ ആളുകള്‍ കൂട്ടമായി വന്നു. സ്ഥലം നിറഞ്ഞു കവിഞ്ഞൂ. സ്വാഗതം പറയുമ്പോള്‍ തെല്ലൊരഭിമാനം തോന്നി. ആദ്യ ലക്കം തന്നെ ലക്ഷത്തിലധികം കോപ്പികള്‍ അടിച്ചു. ചൂടപ്പം പോലെ ചെലവായി. കോപ്പികള്‍ ഒന്നേകാല്‍ ലക്ഷം വരേ എത്തി. സമുദായം ആര്‍ത്തിയോടെ മാസികക്കായി കാത്തു നിന്നു. വലിയ സാഹിത്യകാരന്മാര്‍ മുസ്ലിംകളുടെ വായനാ വാഞ്ഛയെ സാകൂതം നോക്കി നിന്നു. എല്ലാവരും നിര്‍ലോഭം സഹായിച്ചു. എതിര്‍പ്പുകളുമുണ്ടായി. പലരും വിമര്‍ശനവുമായി വന്നു. കെ.വി ഉസ്താദിന്റെ ഉപദേശങ്ങളാണ് സമാധാനം തന്നത്. ഒപ്പം സുന്നീ രംഗത്തെ യുവ നിരയും എസ്.എസ്.എഫ് പ്രവര്‍ത്തകരും. ആരും പൂങ്കാവനം ടീമിനെ അറിയാത്തവരായിരുന്നില്ല. ചിലര്‍ പൂങ്കാവനത്തിനെതിരെ ഹിജാബ് എന്ന പേരില്‍ പുതിയൊരു മാസികയുടെ പരസ്യവുമായി വന്നു. ചിലര്‍ സ്ഥാപനങ്ങളില്‍ പൂങ്കാവനത്തിന് ഭ്രഷ്ട് കല്പിച്ചു. ആരോടും പരിഭവം കാണിക്കാതെ നമ്മള്‍ മുന്നോട്ട്. ഹിജാബ് തല്‍കാലം ഹിജാബില്‍ തന്നെ ഇരുന്നു. ചിലര്‍ ചിത്രങ്ങള്‍ക്കെതിരെയും കാര്‍ട്ടൂണുകള്‍ക്കെതിരേയും വിമര്‍ശനവുമായി വന്നു. അവരുടെ ആത്മാര്‍ഥതയും സൂക്ഷ്മതയും ഞങ്ങള്‍ക്കറിയാമായിരുന്നു. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി. മതപരമായ ഉപദേശങ്ങള്‍ തരാന്‍ കമ്മറിയില്‍ തന്നെ അബ്ദുല്‍ മജീദ് ഫൈസിയെ ഉള്‍പ്പെടുത്തി. പുറമേ, പി.എം.കെ യും മുസ്തഫാ ഫൈസിയും ആവേശം നല്‍കിയിരുന്നു. പ്രഥമ കോപ്പി കൊണ്ടുപോയി പാണക്കാട് ശിഹാബ് തങ്ങള്‍ക്ക് സമര്‍പ്പിച്ചതും ഓര്‍ക്കുന്നു.
പൂങ്കാവനം മുസ്ലിം പ്രാമുഖ്യമുള്ള ഒരു പൊതു കുടുംബ മസികയായിട്ടാണ് വളര്‍ത്തിക്കൊണ്ടു വന്നത്. സമൂഹത്തിന്റെ പൊതുവായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഒരു വിമുഖതയും കാണിച്ചില്ല. അതാണ് ചിലര്‍ക്കെങ്കിലും പൂങ്കാവനത്തോട് അസ്വാരസ്യമുണ്ടായത്. ചിലര്‍ക്ക് തെറ്റിദ്ധാരണകളുമുണ്ടായി. പൂങ്കാവനത്തിന്റെ പ്രവര്‍ത്തകരെ സ്സംബന്ധിച്ചടത്തോളം ആശയങ്ങള്‍ തുറന്ന പുസ്തകമായി തന്നെ അവതരിപ്പിക്കാന്‍ ശ്രമിച്ചു. വിമര്‍ശകര്‍ക്കും ദുരുദ്ദ്യേങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് വേണം മനസ്സിലാക്കാന്‍. എല്ലാവരും പൂങ്കാവനത്തെ കൈനീട്ടി സ്വീകരിച്ചു. കഴിഞ്ഞ ഇരുപത്താറ് വര്‍ഷത്തിനിടയില്‍ ഇന്നേ വരെ ഒരു ലക്കവും മുടങ്ങാതെ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞത് മഹാ നേട്ടമാണ്. ഓരോ ലക്കത്തിലേയും വൈവിധ്യങ്ങളും സാമൂഹിക പ്രധാന്യമുള്ള വിഭവങ്ങളും നിമിത്തം ആര്‍ക്കും മടുപ്പുണ്ടാവാത്ത വിധം മാസിക മുന്നോട്ടു പോയി.
എഴുത്തുകാരും അനുവാചകരുമായി ഒരു പാട് പേര്‍ ഈ വിജയത്തിന് പിന്നിലുണ്ട്. എന്നും ഞങ്ങളോടൊപ്പം പത്ര പ്രവര്‍ത്തനരംഗത്തെ വഴി കാട്ടിയായി കെ.പി.കുഞ്ഞിമൂസാ സാഹിബുണ്ടായിരുന്നു. ആശീര്‍വാദം തന്നിരുന്ന പ്രധാന വ്യക്തി വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ. തരുവണയും ഞാനും അനുഗ്രഹം തേടി പലപ്പോഴും സുല്‍ത്താന്റെ വീട്ടിലെത്തുമായിരുന്നു. പണ്ഡിതന്‍മാരായി കെ.വി ഉസ്താദും, എം.എ ഉസ്താദും. കോഴിക്കോട് തിക്കോടിയന്റെ വീട്ടിലും ഞങ്ങളുണ്ടാവും. ചന്ദ്രികയിലായിരുന്ന പി.കെ പാലത്തോളും ഒപ്പം പി.എം.കെ ഫൈസിയും സജീവമായിരുന്നു. അണിയറയില്‍ തരുവണ, കെ.വി.കെ അബ്ദുല്ല, കോയ, അജ്മല്‍; അങ്ങനെ പലരും. ഞങ്ങളെല്ലാവരും കഷ്ടപ്പെട്ട് വളര്‍ത്തിയതാണ് കുഞ്ഞാപ്പുവിനെ. പിന്നീട് അവനെ കോഴിക്കോട്ടെ ഫൈസല്‍ ഏറ്റെടുത്തു. അബൂ ഇരിങ്ങാട്ടിരി, റസാഖ് ഇരിങ്ങാട്ടിരി, ഉമര്‍ മൂഴിക്കല്‍, പോക്കര്‍ കടലുണ്ടി, ഉസ്മാന്‍ മൂത്തേടം, ടി.എന്‍ പുരം അങ്ങനെ പലരും പലപ്പോഴായി അണിയറ സജീവമാക്കി. ശിഹാബൂദ്ദീന്‍ പൊയ്തും കടവിന്റെ വരവോടെ ഒന്നു കൂടി സജീവമായി. മാറ്റങ്ങള്‍ പൂങ്കാവനത്തെ കൂടുതല്‍ പുഷ്ക്കലമാക്കി. തരുവണ, മുസ്തഫ മമ്പാട്, തജ്മല്‍, അബ്ദുറഹ്മാന്‍, നൗഫല്‍, സുല്‍ഫി, അഷ്റഫ്, റസാഖ് ചെറൂപ്പ, അശ്റഫ് ചേളന്നൂര്‍, തജ്മല്‍ ഹുസൈന്‍, ബച്ചു ചെറുവാടി, ഉമര്‍ പാലത്തോള്‍, ഷാഹുല്‍ പി. കോഴിക്കോട്, ഇഖ്ബാല്‍ റീമസ്, ഉസ്മാന്‍ ചെറൂപ്പ തുടങ്ങിയവര്‍. ഡി.ടിപിയില്‍ ഷഫീഖുമാര്‍, അബ്ദുറഹ്മാന്‍, അബ്ദുല്ലമാര്‍, സൈദ്, അയ്യൂബ്, ഇല്യാസ് തുടങ്ങിയവര്‍ ഓഫീസ് കൈകാര്യം ചെയ്തവരാണ്. കല്ലായി റോഡില്‍ നിന്ന് ഓഫീസ് സ്റ്റേഡിയം പള്ളിക്ക് സമീപമുള്ള കെട്ടിടത്തിലേക്ക് മാറ്റി. ഒരു ക്ഷീണവുമറിയാതെ പൂങ്കാവനം കൗമാരത്തിലേക്ക് കടന്നു.
പ്രസിദ്ധീകരണ രംഗത്ത് പിന്നിലായിരുന്ന സമൂഹത്തിന് വായനക്ക് പുസ്തകങ്ങള്‍ ആവശ്യമായി തോന്നി. അങ്ങനെ പുസ്തക പ്രസാധനരംഗത്തേക്ക് കടന്നു. കൊടുവള്ളി അബ്ദുല്‍ ഖാദിര്‍ എഴുതിയ ചുവന്ന തിരമാലകള്‍ റിക്കാഡ് വില്പന കടന്നപ്പോള്‍ ജനറല്‍ പുസ്തകങ്ങളുമായി രംഗത്ത് വന്നു. പതിപ്പുകള്‍ ഒന്നിന് പിറകെ ഒന്നായി ഒഴുകി. പിന്നെ പുസ്തകക്കിറ്റുകളായി. വലിയ പുസ്തകങ്ങളെക്കുറിച്ച് ചിന്തിച്ചു. അങ്ങനെ റിയാളുസ്സാലിഹീന്‍ വന്നു. പിന്നെ സ്വാതന്ത്ര്യം വിഭജനത്തില്‍, ഫത്ഹുല്‍ മുഈന്‍ വ്യാഖ്യാനം. അതിനിടെയാണ് ബാല മാസികയുടെ അഭാവം മുന്നില്‍ കണ്ടത്. താലോലം ബാല മാസിക വരവായി. കുഞ്ഞാപ്പുവിനെ രംഗത്തിറക്കി വലിയ പരസ്യങ്ങള്‍ വന്നു. മദ്രസകളെ സമീപിച്ച് ചിലവാക്കാനുള്ള വലിയ പദ്ധതികളാവിഷ്കരിച്ചെങ്കിലും ആരുടെയൊക്കെയോ പ്രേരണ കാരണം ചിലര്‍ താലോലത്തിനെതിരെയും തിരിഞ്ഞു. സമുദായത്തിന് വേണ്ടാ എങ്കില്‍ ഞങ്ങള്‍ക്കും വേണ്ട എന്ന മട്ടില്‍ താലോലം തല്‍കാലം പെട്ടിയിലാക്കി. അപ്പോഴാണ് ആവേശപൂര്‍വം ഒരു വിജ്ഞാന കോശത്തെക്കുറിച്ച് ചിന്തിച്ചത്. പതിമൂന്ന് വാള്യത്തില്‍ ഒരു വിജ്ഞാന കോശം. അതിന്റെ ഭാഗമായി വയനാട്ടിലെ മമ്മുട്ടി മുസ്ല്യാര്‍, അബൂബക്കര്‍ പത്തം കുളം എന്നിവരോടൊപ്പം ഇന്ത്യയൊട്ടുക്ക് സഞ്ചരിച്ചു. ലൈബ്രറികള്‍ പരതി. കനപ്പെട്ട വിജ്ഞാനീയങ്ങള്‍ ശേഖരിച്ചു. പണത്തിന് വേണ്ടി ഗള്‍ഫിലേക്ക് കയറി. ഒരു വാള്യം ഇറക്കിയപ്പോഴേക്കും നടുവൊടിഞ്ഞു. പലരോടും സഹായമഭ്യര്‍ഥിച്ചു. സഊദി അറ്യേയിലെ ഒരു സമുദായ സംഘടന പണം തരാമെന്ന് പറഞ്ഞു. പക്ഷേ അവര്‍ പാലം വലിച്ചു. വേണ്ടെങ്കില്‍ വേണ്ട. എല്ലാ നഷ്ടവും സഹിച്ച് ഞങ്ങളും വലിഞ്ഞു. സമുദായത്തിന് വേണമെന്നുണ്ടെങ്കില്‍ ഇപ്പോഴും ഞങ്ങള്‍ റെഡി.
മാസിക ഒരു ക്ഷീണവുമില്ലാതെ മുന്നോട്ടു പോയി. കഷ്ടപ്പാടുകളൊന്നും വായനക്കാര്‍ അിറഞ്ഞില്ല.. പൂങ്കാവനത്തിന് സാമ്പത്തിക പദ്ധതികള്‍ വരട്ടെ എന്ന ലക്ഷ്യത്തോടെയാണ് എസ്റ്റേറ്റ് സംരംഭം തുടങ്ങിയത്. വേണ്ടത്ര ചിന്തിക്കാത്തത് മൂലം ഏതോ കേസുള്ള ഭൂമിയാണ് വാങ്ങിയത്. വിലക്കുറവ് കണ്ടപ്പോള്‍ ചാടി വീണു. അപ്പേരില്‍ പണം പിരിക്കലും റബ്ബര്‍ നടലും ബഹു ജോര്‍. സ്വപ്നങ്ങള്‍ കണ്ടു മതി മറന്നത് മിച്ചം. അവസാനം ഒരിടത്തുമെത്താതെ അതും പൊളിഞ്ഞു. ഇപ്പേരില്‍ പലരില്‍ നിന്നും ചീത്ത കേള്‍ക്കേണ്ടി വന്നതും മിച്ചം. ഇനി കൈയില്‍ സൂര്യനെ വച്ചു തന്നാല്‍ പോലും അപ്പണിക്കില്ല എന്ന് തീരുമാനിച്ചു. പ്രശ്നങ്ങള്‍ അങ്ങനെയൊക്കെ ഇളകി മറിഞ്ഞെങ്കിലും പൂങ്കാവനം ശുജാഇയായി തന്നെ പുറത്ത് വന്നു കൊണ്ടിരുന്നു.
പൂങ്കാവനത്തിന്റെ ആസ്തി വായനക്കാരും അഭ്യുദയ കാംക്ഷികളുമാണ്. പലരും കരുതുന്ന പോലെ ഇത് ലാഭക്കച്ചവടമല്ല. ഏതാനും പേര്‍ ചേര്‍ന്ന് നടത്തുന്ന ഒരു സംരംഭം. ഒരു ധര്‍മസ്ഥാപനമാണിത്. ഇതിന്റെ ലാഭവും ചേതവുമെല്ലാം സമൂഹത്തിനുള്ളതാണ്. കുടുംബ ഫണ്ടിലൂടെയും സകാത്ത് വിഹിതം കൊണ്ടും പലരേയും സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ ചേതമില്ലാതെ കഷ്ടിച്ച് മുന്നോട്ട് പോവുന്നു. സേവനം ജീവിതമായി കാണുന്ന ഏതാനും പേരാണ് അത് പൊലിയാതെ നില നിറുത്തുന്നത്. പാവപ്പെട്ടവരുടേയും ദുരിതമനുഭവിക്കുന്നവരുടേയും കാര്യമാണ് പൂങ്കാവനം ഇത്ര കാലം ചര്‍ച്ച ചെയ്തത്.
ധൂര്‍ത്ത്, ദുര്‍വ്യയം, അന്ധ വിശ്വാസങ്ങള്‍, മാമൂലുകള്‍, ഗള്‍ഫുകാരുടെ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങള്‍ തുടങ്ങി എല്ലാ കാര്യങ്ങളിലും സമുദായത്തെ ബോധവാന്മാരാക്കാന്‍ പൂങ്കാവനത്തിന് കഴിഞ്ഞു. ഏറ്റവുമധികം പൂങ്കാവനത്തിന് വിഷയീഭവിച്ചത് അബ്ദുല്ല ചേറൂരിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സ്ത്രീധത്തിനെതിരേയുള്ള സമരമാണ്. പാവം സ്ത്രീകളെ കണ്ണീരു കുടിപ്പിക്കുന്ന സ്ത്രീധന വിപത്തിനെ കുറേയൊക്കെ പ്രതിരോധിക്കാനും കഴിഞ്ഞു.
പൂങ്കാവനത്തിന്റെ താളുകളെ ധന്യമാക്കുന്നതില്‍ നിരവധി പേര്‍ എന്നും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍, കുഞ്ഞിമൂസ, പി. സുരേന്ദ്രന്‍, പി.കെ. ഗോപി, പി.ആര്‍ നാഥന്‍, പി. വത്സല, യു.െക കുമാരന്‍, സുകുമാര്‍ കക്കാട്, ശശികുമാര്‍ ചേളന്നൂര്‍, മുരളീധരന്‍ മുല്ലമറ്റം, ഡോ. റിയാസ്, ഡോ. നജീബാ റിയാസ്, ഡോ. ഉസ്മാന്‍ വയനാട്, ഡോ. പി.എ നാസര്‍, ഡോ. ശ്രീ കൃഷ്ണന്‍, പ്രൊഫ. മുഹമ്മദ് ഹസ്സന്‍, ഡോ. ശാന്തകുമാര്‍, ഡോ.സി.കെ രാമചന്ദ്രന്‍, പോക്കര്‍ കടലുണ്ടി, അബ്ദുസ്സമദ് സമദാനി, ബാല കൃഷ്ണന്‍ വള്ളിക്കുന്ന്, എ.എം ഖദീജ, അശ്റഫ് കാവില്‍, അബ്ദറസാഖ് ദാരിമി, എ.കെ അബ്ദുല്‍ മജീദ്, കുഞ്ഞി മുഹമ്മദ് പാണ്ടിക ശാല, ഉസ്മാന്‍ മൂത്തേടം. എല്ലാവരേയും ഓര്‍മിച്ചെടുക്കാന്‍ പറ്റുന്നില്ല.
മത പണ്ഡിതന്‍മാരായി കെ. വി മുഹമ്മദ് മുസ്ലിയാര്‍, എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, നെല്ലിക്കുത്ത് ഇസ്മായില്‍ മുസ്ലിയാര്‍, പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍, മുസ്തഫല്‍ ഫൈസി, വി.പി.എം ഫൈസി ആനക്കര, ഖലീല്‍ തങ്ങള്‍, കോടമ്പുഴ ബാവ മൗലവി തുടങ്ങിയവരും പ്രചോദനമായി.
പൂങ്കാവനം ഗള്‍ഫിലും ഗള്‍ഫിലൂടെ നാട്ടിലും പ്രചരിപ്പിക്കുന്നതില്‍ നരവധി പേരുടെ സേവനം വിലപ്പെട്ടതാണ്. ഗള്‍ഫില്‍ ഉമര്‍ കല്ലൂര്‍ ആയിരുന്നു പൂങ്കാവനത്തിന്റെ ജീവ നാഡി. പിന്നെ സിദ്ദീഖ് ആദൃശ്ശേരി, കെ.എ.കടങ്ങോട്, പി.എ.കെ മുഴപ്പാല, ഉമര്‍ ഹാജി, ഒ.എം.എ ഹമീദ് ഹാജി, എം.ടി കിനാലൂര്‍, ഷാഹുല്‍ ഹമീദ്, മൊയ്തീന്‍ കുട്ടി ഹാജി, അബൂ നജീബ, കെ.പി.എം കുട്ടി, കെ.സി മൊയിതീന്‍ കുട്ടി, എ.കെ അബൂബക്കര്‍ മൗലവി, എം.കെ കൊടോളി, എ.വി.എം മാണൂര്‍, അബൂ ഹസീന, പി. എ മുഹമ്മദ്, പി.എം.ഹംസ, പി. എം. ബുഖൈര്‍, അഹ്മദ് കുട്ടി മാവൂര്‍, എം.ടി മുഹമ്മദലി, ഉമര്‍ സഖാഫി, ഉമര്‍ പന്നിയൂര്‍ തുടങ്ങിയവര്‍. പലര്‍ക്കും പൂങ്കാവനം ഒരാവേശമായിരുന്നു.
എജന്റുമാര്‍ പലരും ലാഭേച്ഛ കൂടാതെ മാസിക വീടുകളിലെത്തിച്ചു. പിന്നെ മദ്രസാധ്യാപകര്‍, ദര്‍സ് വിദ്യാര്‍ഥികള്‍, സംഘടനാ പ്രവര്‍ത്തകര്‍; എല്ലാവരും അകമഴിഞ്ഞ് സഹായിച്ചു. അവര്‍ക്കെല്ലാവര്‍ക്കും വേണ്ടി ഞങ്ങള്‍ നെഞ്ചത്ത് കൈ വച്ച് തന്നെ പ്രാര്‍ഥിക്കുന്നു. സമുദായത്തിനും സമൂഹത്തിനും വേണ്ടിയാണ് എല്ലാവരും പൂങ്കാവനത്തെ സഹായിച്ചത്. അത് അനവരതം തുടരണം. പുതിയ പദ്ധതികള്‍ പലതും മുന്നിലുണ്ട്. പ്രസിദ്ധീകരണ രംഗത്ത് പുത്തന്‍ പ്രവണതകള്‍ സ്വീകരിക്കച്ഛുന്നതില്‍ പൂങ്കാവനം ഇപ്പോഴും പിന്നിലാണ്. മാസികയും പുസ്തകങ്ങളും ആവശ്യപ്പെടുന്ന മുറക്ക് ജനങ്ങളിലെത്തിക്കണം. അതിന്. ഇലക്ട്രോണിക് സംവിധാനങ്ങള്‍ നന്നായി ഉപയോഗപ്പെടുത്തണം.
വായനക്കാരുടെ അഭിരുചിയും ആവശ്യങ്ങളും പൂങ്കാവനം കണ്ടറിയുന്നുണ്ട്. സഹോദരിമാരുടെ കണ്ണീരിനോടൊപ്പം പൂങ്കാവനവും സഞ്ചരിച്ചിട്ടുണ്ട്. ആരോടും ഒരു വിരോധവും ഞങ്ങള്‍ക്കുണ്ടായിട്ടില്ല.
പൂങ്കാവനത്തെ നിങ്ങള്‍ മനസ്സിലാക്കിയിരിക്കും എന്ന് തന്നെ ഞങ്ങള്‍ കരുതട്ടെ. റബ്ബേ, നിന്റെ കൃപാ കടാക്ഷം എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണേ, ഞങ്ങളുടെ വായനക്കാര്‍ക്കും പ്രവര്‍ത്തകര്‍ക്കും നിന്റെ കരുണ്യം പ്രദാനം ചെയ്യണേ.
ഡോ. ഹുസൈന്‍ രണ്ടത്താണി
You must be logged in to post a comment Login