മുറ്റത്തെ ഒട്ടുമാവില്‍ മനോഹരമായ തളിരിലകള്‍ വിടര്‍ന്നു വന്നിരിക്കുന്നു! ഞാനതിന്റെ തരളഭംഗിയും, അതിലടങ്ങിയ ഇലാഹീയമായ ബോട്ടണോ-എന്‍ജിനീയറിംഗും സൂക്ഷ്മാംശത്തില്‍ നിരീക്ഷിക്കുകയാണ്. അപ്പോഴാണ് അടുക്കളയില്‍ നിന്ന് വിളി വന്നത്.
‘ഏയ് ഒന്നിങ്ങ് വന്ന് നോക്ക്യേ, ഇതെന്ത് കളിയാണ് ഈ കളിക്കുന്നത്.’
ചെന്ന് നോക്കുമ്പോള്‍ കളി കാണേണ്ടതു തന്നെ! അവള്‍ ചപ്പാത്തി പരത്തിച്ചുടുന്നു. ഇളയമോന്‍ അതിനെ അനുകരിച്ച്, അല്‍പാല്‍പമായി കുഴമാവ് ഇസ്‌ക്കി, ഇംഗ്ലീഷ് ഗുളിക വലിപ്പത്തില്‍ സമാന്തര ചപ്പാത്തി നിര്‍മാണം പൊടിപൊടിക്കുന്നു. പോട്ടെ, ചെറുതല്ലേ എന്ന് കരുതി മൂന്ന് പ്രാവശ്യം മാവെടുത്തപ്പോള്‍ അവള്‍ ക്ഷമിച്ചുവത്രെ. നാലാമതും അവന്‍ മാവുരുള ആവശ്യപ്പെട്ടു. അല്ല, അതിനായി കലഹിച്ചപ്പോഴാണ് അവള്‍ കേസ് സുപ്രീം കോര്‍ട്ടിലേക്ക് വിട്ടത്.
മുഖത്ത് ഗൗരവത്തിന്റെ കറുപ്പുപടര്‍ത്തി, കണ്ണില്‍ ദേഷ്യത്തിന്റെ ചെങ്കനല്‍ ആളിച്ച് ‘എന്തെടാ നിനക്ക്, അടങ്ങി നിന്നൂടെ’ എന്നലറി, ചെവിക്കുറ്റി പിടിച്ച് ഞെരിക്കുകയാണ്, ഒരു പിതാവ് എന്ന നിലക്ക് സാമ്പ്രദായികമായ എന്റെ റോളെന്ന് എനിക്ക് നന്നായറിയാം. മാത്രവുമല്ല, അവനെതിരെ നിലനില്‍ക്കുന്നത് മൂന്ന് ചാര്‍ജ് ഷീറ്റുകള്‍. ഒന്ന്, വയസ്സിളമ ഒട്ടും പരിഗണിക്കാതെ ഇത്താത്തമാരെ വിരട്ടി വിടുക. രണ്ട്, വിളമ്പിയത് തീര്‍ത്തും തിന്ന് പാത്രം വടിച്ചു കാണിക്കുന്നവര്‍ക്ക് മാത്രം കിട്ടുന്ന ‘നല്ലമോന്‍/ നല്ലമോള്‍’ വിളി, ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാതെ തന്നെ കരഞ്ഞ് മേടിക്കുക. മൂന്ന്, ‘ഉപ്പ്യും ഉമ്മ്യും ഒറങ്ങിയാലേ ഞാനൊറങ്ങൂ’ എന്ന് പ്രസ്താവിച്ച് അന്തിപ്പാതിര വരെ കണ്ണില്‍ വാശിയൊഴിച്ച് കാത്തിരിക്കുക എന്നിവ കൂടി പരിഗണനയില്‍ വെച്ച് നല്ലൊരു ചാമ്പു ചാമ്പാനുള്ള സുവര്‍ണാവസരം കൂടിയാണ് കൈവന്നിരിക്കുന്നത്. പക്ഷേ, പിടിക്കപ്പെട്ട പുള്ളിയുടെ ദയനീയ നോട്ടവും പരത്തിക്കൂട്ടിയ മൈക്രോ ചപ്പാത്തികളിലെ നിഷ്‌കളങ്കകലയും മാറിമാറി നോക്കിയ എന്നില്‍ ചുട്ടുപഴുത്ത പാറയിടുക്കുകളില്‍ കന്‍മദം കിനിയുമ്പോലെ പുത്രസ്‌നേഹത്തിന്റെ ആര്‍ദ്രസ്രാവം പെട്ടെന്ന് പൊടിഞ്ഞൊഴുകി. ഞാനവനെ കോരിയെടുത്ത്, കാലുകള്‍ വിടര്‍ത്തി എന്റെ കഴുത്തിലിരുത്തി പുറത്തേക്ക് പോകുമ്പോള്‍ ‘ഇങ്ങനെ ആരമ്പിച്ചാല്‍ പിന്നെ മക്കള് ഇങ്ങനെയാവൂലേ.. എന്ന പ്രസക്തമായൊരു പ്രസ്താവന പിറകില്‍ നിന്ന് പിറുപിറുക്കപ്പെടുന്നത് കേള്‍ക്കാമായിരുന്നു.
അതാ ഒരുത്തന്‍ പടികടന്ന് നടന്നു വരുന്നു. ആളെ മനസ്സിലായി, കുടുക്കു കേസാണ്. ഞാന്‍ പഠിപ്പിക്കാന്‍ തുടങ്ങിയ ആദ്യ വര്‍ഷം മുമ്പില്‍ കിട്ടിയ ഒരുത്തനാണ്. ലേശം വിചാരക്കാരനാണ്. പഠിക്കുന്നന്നേ, അധ്യാപകര്‍ക്ക് അവനെ പറ്റി മതിപ്പുകമ്മി ഉണ്ടായിട്ടുണ്ട്. ഒരു വിനയതുന്ദിലമായ (സാഹിത്യം?) സ്വീകരണ മനസ്സിനു പകരം ‘ആ നിങ്ങള് പറയ്, ഞാന്‍ നോക്കട്ടെ” എന്ന നിലക്കായിരുന്നു അവന്റെ ക്ലാസ്സിലിരിപ്പും എടുപ്പുനടപ്പുകളഖിലവും. പല സഹാധ്യാപകര്‍ക്കും വഴങ്ങിക്കിട്ടാത്ത അവനെ ഞാനാണ് സൂത്രേണ മെരുക്കിയെടുത്തത് എന്ന് പറയുമ്പോള്‍ നിങ്ങള്‍ ദയവ് ചെയ്ത് ഞാന്‍ എന്നെപ്പറ്റി പൊക്കിപ്പറയുകയാണെന്ന് ധരിക്കരുത്. എന്റെ നിവൃത്തികേടുകൊണ്ടാണത്; അവരാരും എഴുതുന്നവരല്ലായ്കയാല്‍ അക്കാര്യം മറ്റൊരിടത്തു നിന്ന് നിങ്ങള്‍ക്കറിയാന്‍ കഴിയില്ലെന്നോര്‍മിക്കണം.
വെരി സിമ്പിളായ ചില ചോദ്യങ്ങള്‍ പരസ്യമായി ചോദിച്ച് കൂട്ടുകാര്‍ക്കിടെ ഉത്തരം മുട്ടിച്ചുകൊണ്ടായിരുന്നു ഞാനവനിലെ അഹങ്കാരത്തിന്റെ കൊമ്പു ചെത്തിയത്. പിന്നീട് ഞാന്‍ സ്‌നേഹത്തിന്റേതായ വ്യക്തിവ്യവഹാരത്തിലേക്ക് സ്വിച്ചോവര്‍ ചെയ്തു, അവനെ വെണ്ണപോല്‍ മയപ്പെടുത്തി. പക്ഷേ, ഒരിരുമ്പ് പശുവിന്റെ പാലിലൂറുന്ന ലോഹവെണ്ണക്ക് എത്ര മയം കിട്ടും എന്ന് നിങ്ങള്‍ക്കൂഹിക്കാവുന്നതേയുള്ളൂ. പഠനം കഴിഞ്ഞ് ജോലി ചെയ്തിടത്തൊക്കെ പ്രശ്‌നങ്ങളുണ്ടാക്കി, ആശാന്‍. സഹപ്രവര്‍ത്തകരോടും നാട്ടുകാരോടും മാനേജ്‌മെന്റ് അംഗങ്ങളോടും എന്തിനധികം സ്വന്തം കുടുംബങ്ങളോടും തെറ്റി നടക്കുകയാണ്. പക്ഷേ, അതിലെല്ലാം അവന്റെ ഭാഗം ന്യായീകരിച്ച് കൊണ്ട് വിഷയമവതരിപ്പിക്കുകയാണവന്‍. കേട്ടു മടുത്തു. ക്ഷമ കെട്ടു.
‘ഇതിനെല്ലാം കാരണം നിന്റെ കഴിവുകേട് മാത്രമാണ്’
അവന്റെ അണ്ണാക്കിക്കുത്തും വിധം ഒരു നേര്‍പ്രസ്താവന ഞാനങ്ങ് നടത്തി. അതില്‍ പിന്നെ അവനൊന്ന് കൂമ്പി.
‘അഥവാ, സമൂഹം വ്യത്യസ്ത വ്യക്തികളാല്‍ രൂപപ്പെടുന്നതാണ്. അവര്‍ക്കിടയില്‍ ചിലപൊതുഗുണങ്ങള്‍ പറയാമെങ്കിലും ഓരോരുത്തരും ഓരോ ടൈപ്പാണ്. അവരുടെ വൈവിധ്യവും വൈജാത്യവും ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയി എന്നതാണ് നിന്റെ ഏറ്റവും വലിയ അബദ്ധം.’
അടികിട്ടി പിടയുന്ന പാമ്പിന് ഒന്ന് രണ്ടടി കൂടി കൂടെക്കൂടെ കിട്ടിയാലില്ലേ ഒരു മരവിപ്പ്, അപ്രകാരം ഇവന്‍ ഇളകല്‍ നിര്‍ത്തി, ഒന്നടങ്ങി.
‘നീ നല്ലവന്‍ തന്നെ, ശുദ്ധന്‍. അരുതായ്മകളോട് രാജിയാകാത്ത ധീരന്‍. പക്ഷേ, എല്ലാവരും അങ്ങനെയാണ്/ അങ്ങനെയാകണമെന്ന ശാഠ്യമാണ് ശരിയല്ലാത്തത്.
നിന്റെ സ്വഭാവത്തില്‍ വേറെയും പ്രശ്‌നങ്ങളുണ്ട്. നീ നിന്നെപ്പറ്റി ഇപ്പോള്‍ പറഞ്ഞ മൂന്ന് പ്രസ്താവനകള്‍ നമുക്ക് പരിശോധിക്കാം. എന്റെ സ്വഭാവം അങ്ങനെയാണ്, ഞാന്‍ പെട്ടെന്ന് ഹീറ്റാകും. അരുതാത്തത് കണ്ടാല്‍ എനിക്ക് പിടിച്ചു നില്‍ക്കാനാകില്ല. ഞാന്‍ മുഖത്ത് നോക്കി പൊട്ടിത്തെറിക്കും, ഞാനൊരു കാര്യം ഉദ്ദേശിച്ചാല്‍ പിന്നെ ഞഞ്ഞാമിഞ്ഞ കളിയില്ല, ഉടന്‍ തീരുമാനമെടുക്കും. എന്താണീ പറഞ്ഞതിന്റെയൊക്കെ അര്‍ഥം. നമുക്കോരോന്നും ചര്‍ച്ചക്കെടുക്കാം. പെട്ടെന്ന് കോപിക്കുക എന്നതാണ് എന്റെ ശൈലി എന്ന് സ്വയം സ്ഥാപിക്കുകയാണ് നീ. ‘അതൊരു ദുഃസ്വഭാവമാണ്. എനിക്കങ്ങനയേ പറ്റുന്നുള്ളൂ, ഞാനെന്താ ചെയ്യാ?’ എന്നിങ്ങനെയുള്ള വിനയവും ക്ഷമാപണവും കലര്‍ന്ന ഒരു സാധുത്തരവും നിന്റെ വാക്കുകളില്ല. ഉറച്ച ഉരുളന്‍ കല്ലുകള്‍ പെറുക്കിയിടും പോലെയാണ് നീ അത് പറയുന്നത്. അഥവാ, എന്നെപ്പോലെയുള്ളവര്‍ക്ക് അങ്ങനെയൊക്കെയാകാമെന്നും, പെട്ടെന്ന് പൊട്ടിത്തെറി ഒരു ശ്രേഷ്ഠ സ്വഭാവമാണെന്നുമൊക്കെ ഗൗരവത്തില്‍ വരുത്തുകയാണ് നീ. വാസ്തവം എന്താണ്? കോപം വേണം, ആവശ്യത്തിന്. പക്ഷേ, അനിയന്ത്രിതമായ കോപസ്‌ഫോടനം മഹാ ആപത്തുവരുത്തും. ‘കോപം ഇത്രയ്ക്കുണ്ടോ എങ്കില്‍ കൊണ്ടേ പോകൂ’ എന്ന തലക്കെട്ടില്‍ ‘തളിരില’യില്‍ ഒരു ലക്കം മുന്നേ എഴുതിക്കഴിഞ്ഞിരിക്കയാല്‍ കോപസംബന്ധിയായ ഒരക്ഷരം ഇപ്പോള്‍ പറയില്ല.
നിഷിദ്ധ കാര്യങ്ങള്‍ കാണുമ്പോള്‍, ആളിനെ ഗുണദോഷിച്ച് നേരായ വഴിയിലെത്തിക്കുക എന്നത് വിശ്വാസിയുടെ ലക്ഷണമാണ്, അല്ല ബാധ്യതയാണ്. പക്ഷേ അരുതായ്മകളോടുള്ള ആ പ്രതികരണം, ആത്യന്തികമായി നന്മയില്‍ കലാശിക്കാന്‍ ഉദ്ദേശിച്ചുള്ളതാകണം. പറ്റാത്തതെന്തെങ്കിലും കാണുമ്പോഴേക്ക് പൊട്ടിത്തെറിച്ചാല്‍ ആള്‍ നന്നാവുകയല്ല, വാശിയേറുകയാണ് ചെയ്യുക. അത് മക്കളാണെങ്കിലും, വിദ്യാര്‍ഥികളാണെങ്കിലും, ഭാര്യയാണെങ്കിലും, ശ്രോതാക്കളാണെങ്കിലും, ആരാണെങ്കിലും. മക്കളെയും ശിഷ്യരെയും പരസ്യമായി അപമാനപ്പെടുത്തി, അവരെ ദുര്‍വാശിക്കാരും ദുര്‍വൃത്തരുമാക്കിത്തീര്‍ക്കുന്ന മാതാപിതാക്കളും മാഷുടീച്ചര്‍മാരും നമുക്കിടയിലുണ്ട്. ഏറ്റവും പുതിയ വിവരപ്രകാരം ഇത് വായിക്കുന്നവരിലുമുണ്ട്. ഒന്നും ഞാന്‍ അറിയുന്നില്ലെന്ന് വിചാരിക്കണ്ട!
സത്യത്തില്‍ സദസ്സിന് മുന്നാകെയുള്ള പൊട്ടിത്തെറി ആളുകള്‍ക്കിടയില്‍ നമ്മളെ ‘മഹാസംഭവമാ’ക്കുമെങ്കിലും അതിന്റെ ഫലം വെറും ഓട്ടപ്പൂജ്യമായിരിക്കും. ആളുകളുടെ ഗ്രാഹ്യ നിലവാരമനുസരിച്ചേ സംസാരിക്കാവൂ എന്ന് പഠിപ്പിച്ച മുത്തുനബിയുടെ ജീവിതത്തില്‍, തന്റെ സഹചരരെ സൗമ്യമായി ഗുണദോഷിച്ച അനവധി സംഭവങ്ങള്‍ കാണാവുന്നതാണ്. മുന്‍കഴിഞ്ഞ സ്വൂഫിവര്യന്‍മാരെല്ലാം അതേ ശീലമുള്ളവരായിരുന്നു. മൂന്നാമതായി നീ പറയുന്നത് നിന്റെ ഉടനടിയുള്ള തീരുമാനങ്ങളെക്കുറിച്ചാണ്. നിനക്കറിയാമോ, ധൃതി പൈശാചികമാണ്. അധികം ആലോചിക്കാതെയും കൂടെയുള്ളവരോട് കൂടിയാലോചിക്കാതെയും പെട്ടെന്ന് പൊട്ടത്തീരുമാനമെടുക്കുന്ന ആളാണ് ഞാനെന്ന് പറഞ്ഞ് ഞെളിയാന്‍ നാണമില്ലാതെയായിപ്പോയല്ലോ. നൂഡില്‍സ് പോലുള്ള നൂലാ നിനക്ക്? അശേഷം വിനയം തൊട്ടുതീണ്ടിയിട്ടില്ലാത്ത, അഹങ്കാരം നുരഞ്ഞ് പൊന്തുന്ന നിന്നെ ഒരൊറ്റയടിക്ക് ഞാനീ ചുമരില്‍ പാറ്റെയപോലെ പറ്റിക്കട്ടേ! ഓന്‍ വന്നിരിക്കുന്നു ഒരു വലിയ ഓറായിട്ട്!’
സൗമ്യമായി സംസാരിക്കണമെന്നും, പൊട്ടിത്തെറിക്കരുതെന്നും എഴുതിക്കൊണ്ടിരിക്കുന്ന നിങ്ങള്‍ തന്നെ ഇപ്പോള്‍ ആ ആഗതനോട് ദേഷ്യസ്‌ഫോടനം നടത്തിയില്ലേ എന്ന് ചോദിക്കാന്‍ നാക്ക് ഇമിരുന്നുണ്ടാവും, നിങ്ങളില്‍ ചിലര്‍ക്കിപ്പോള്‍, ഇല്ലേ? പക്ഷേ ചിലപ്പോള്‍ അങ്ങനെ വേണ്ടി വരും! ഈ വന്ന ചങ്ങാതിയുടെ സ്വഭാവം നിങ്ങളാരെക്കാളും എനിക്ക് ശരിക്കറിയാം. സഹപ്രവര്‍ത്തകര്‍ക്കാര്‍ക്കും പിടുത്തം കിട്ടാത്ത അവനെ ഞാനാണ് കൂട്ടില്‍ വീഴ്ത്തിയത് എന്ന് ഞാന്‍ വെറുതെ വീമ്പടിച്ചതല്ല. ഇവനോട് മാമ്പഴ ഭാഷയില്‍ പറഞ്ഞാല്‍ ഇവന്‍ തലയില്‍ കയറും. ഉള്ളില്‍ വിടര്‍ന്ന ഈഗോ ഫണത്തെ കൊത്തി നുറുക്കി വിട്ടാല്‍ കുറേ കാലത്തേക്കിനി ഇവന്‍ നല്ലവനാകും. നിങ്ങള്‍ നോക്കിക്കോ.
ചൂടു ചപ്പാത്തിയും മുളകിട്ടതും വരട്ടിയതുമായ മൂരിയിറച്ചിയും മൂക്കറ്റം തീറ്റിച്ച് വണ്ടിക്കുള്ള കാശ് കൊടുത്ത് തിരിച്ചയക്കുമ്പോള്‍ ഞാന്‍ സൗമ്യമായി ചിലത് പറഞ്ഞു. ഞാനവന് എന്റെ മകന്‍ പരത്തിയ ചപ്പാത്തിയുടെ നാനോ എഡിഷനുകള്‍ കാണിച്ചു കൊടുത്തു. കുഴമാവ് കൊണ്ട് വലുതും ചെറുതുമായ ചപ്പാത്തികള്‍ ചുടാം. ഇനി വേണമെങ്കില്‍, എന്നുവെച്ചാല്‍ നിങ്ങളില്‍ ഒരു കലാകാരന്‍ ഉണ്ടെങ്കില്‍ ആര്‍ദ്രമായ ആട്ടമാവില്‍ വിരല്‍ പായിച്ച് തക്കാളിയുടെ/ആപ്പിളിന്റെ/പനിനീര്‍ പൂവിന്റെ/ആട്ടങ്ങയുടെ/ഒതളങ്ങയുടെ.. രൂപങ്ങള്‍ ഉണ്ടാക്കാം. പക്ഷേ, മനുഷ്യന്‍മാര്‍ അങ്ങനെയല്ലല്ലോ. അവരെ അവരായി ജെ പി ജെ ഇമേജ് രൂപത്തില്‍ ഉള്‍കൊള്ളുകയാണ് വേണ്ടത്. ശേഷം, ചെറിയ ചെറിയ എഡിറ്റിംഗുകള്‍ വരുത്താന്‍ പറ്റുമോ എന്ന് പരീക്ഷിക്കാം. നീ നിന്റെ കൂടെയുള്ളവരെല്ലാം കുഴമാവായി കരുതി നീ നിനക്കുമ്പോലെ വളച്ച് കോട്ടി പുണ്യാളന്മാരാക്കാന്‍ വിചാരിച്ചാല്‍ അതുണ്ടോ നടക്കാന്‍ പോവുന്നു. ഹേ!
നീ വേണ്ടതെന്താണെന്നു പറഞ്ഞാല്‍, മറ്റുള്ളവരുടെ അടുത്ത് കുറ്റമോ കുറവോ കാണുന്ന സാഹചര്യം വരികയും നീ അധികാരസ്ഥാനത്തിലിരിക്കുന്നവനാകുകയും ചെയ്യുന്ന വേളകളില്‍, അങ്ങേയറ്റം സൗമ്യവും മൃദുലഹൃദയനുമായിരിക്കുമെന്ന് മനസ്സാ പ്രതിജ്ഞയെടുക്കുകയാണ്. അത് നിന്റെയൊരു ആന്തരാവയവം പോെല നിന്നുള്ളില്‍ മുരടുറച്ച ആറ്റിറ്റിയൂഡായി വരണം. അങ്ങനെ വരുമ്പോള്‍ നമ്മള്‍ നമുക്കവകാശപ്പെട്ട കാര്യങ്ങള്‍ ചോദിക്കുന്നത് പോലും വിനയാര്‍ദ്രമായ ഭാഷയിലും ഭാവത്തിലുമായിരിക്കും. ഇതു എളുപ്പം മനസ്സിലാകാന്‍ ഞാന്‍ നിനക്കൊരു അനുഭവം പറഞ്ഞു തരാം, ഫ്രഷാണ്.
ഇക്കഴിഞ്ഞയാഴ്ച സാഹിത്യോത്സവ് കഴിഞ്ഞ് ഞാന്‍ കൊല്ലത്ത് നിന്ന് മടങ്ങുകയാണ്. കൂടെ താത്തൂരുമുണ്ട്. ഞങ്ങള്‍ ഇരിക്കുന്ന സീറ്റിന്റെ അഭിമുഖമുള്ള ബെര്‍ത്തില്‍ ഒരാള്‍ കിടക്കുന്നുണ്ട്. അടുത്ത സ്‌റ്റേഷനില്‍ നിന്ന് മറ്റൊരാള്‍ കയറി. പാന്റും സൂട്ടും കോട്ടും കൂടെ ഉരുളുള്ള ബേഗും. ഒരു അക്രമണസ്വഭാവമാണ് മുഖത്ത് സ്ഫുരിക്കുന്നത്. ഇദ്ദേഹത്തിന് റിസര്‍വേഷന്‍ സീറ്റ് കൊടുക്കാമെന്നും ഇത്രാം സീറ്റില്‍ ചെന്ന് തല്‍ക്കാലമിരിക്കെന്നും ടിടി പറഞ്ഞുകാണണം. കിടക്കുന്ന പാവത്തിന്റെത് സ്ലീപ്പര്‍ ടിക്കറ്റാണ് താനും. ആഗതന്‍ ചീറ്റി, കുരച്ച് ഒരുവിധം കിടപ്പനെ എഴുന്നേല്‍പ്പിച്ച് തുരത്തി. ഇറക്കി വിട്ട ആ അഭയാര്‍ഥിയെ നല്ലവരായ ഞങ്ങള്‍ പറ്റിയിരുന്ന് സ്ഥലമുണ്ടാക്കി സ്വീകരിച്ചു.
‘എന്തിനാണിങ്ങനെ കടിച്ചു കീറുന്നത്. മാന്യമര്യാദക്ക് പറഞ്ഞൂടേ. എല്ലാം മനിശന്‍മാരല്ലേ..’ ഞാന്‍ ചോദിച്ചു. വിഷയമതല്ല. കുറച്ച് കഴിഞ്ഞ് ടി ടി ആര്‍ വന്നു. നോക്കുമ്പോള്‍ ടിക്കറ്റില്‍ എന്തോ പ്രശ്‌നം. സാദാ ടിക്കറ്റ് റിസര്‍വേഷനാക്കി മാറ്റാനിരുന്നതാണ്. പക്ഷേ, അയാളെടുത്തത് ലോക്കല്‍ ടിക്കറ്റാണ്. വണ്ടിയാണെങ്കില്‍ സൂപ്പര്‍ ഫാസ്റ്റും. വമ്പന്‍ തുക ഫൈന്‍ ചാര്‍ത്തി എന്ന് മാത്രമല്ല അദ്ദേഹത്തെ അവിടെ നിന്ന് ഇറക്കി വിടുകയും ചെയ്തു.
കണ്ടില്ലേ,? നിങ്ങള്‍ ഒരു കണ്‍ഫേമ്ഡ് ടിക്കറ്റുമായി വണ്ടി കയറുമ്പോള്‍ ആളൊഴിഞ്ഞൊരു ബെര്‍ത്താണ് നിങ്ങള്‍ പ്രതീക്ഷിക്കുക, തെറ്റില്ല. പക്ഷേ ഒരാളെ അവിടെ കാണുമ്പോള്‍ നിങ്ങള്‍ ഹാലിളകി വിറക്കേണ്ടതില്ല. സൗമ്യമായി മൃദുലമായി പറയാവുന്നതാണ്. അതാ ഞാന്‍ പറഞ്ഞത് നീ വേണ്ടതെന്തെന്നാല്‍ ഇത്തരം അധികാര/ അവകാശ സന്ദര്‍ഭങ്ങള്‍ കൈവരുമ്പോള്‍ ഞാന്‍ വെണ്ണമയത്തിലേ സംസാരിക്കൂവെന്ന് നീ നിന്റെ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു വെക്കണമെന്ന്. അകത്തുനിന്ന് അപ്പോള്‍ ഒരൊച്ച! ചിളിഗിളിചിളിം!!!
എന്റെ ഒരഹ്‌സനി സുഹൃത്ത് സമ്മാനമായി നല്‍കിയ വെള്ളം കുടിക്കുന്ന പളുങ്കുജാര്‍ കൊച്ചുചപ്പാത്തിക്കാരന്റെ കൈയില്‍ നിന്ന് വീണ് പൊട്ടിച്ചിതറി! എന്റെ വലതു കൈപ്പത്തി ഷോക്കേറ്റ പോലെ അടിയാര്‍ത്തിയാല്‍ പിടച്ചു. പക്ഷേ അത്തരമൊരടി, പറഞ്ഞു വരുന്ന വേദാന്തത്തിന്റെ ഒഴുക്കിനൊക്കാത്തതാവുകയാല്‍ ക്ഷമയുടെ മയക്കുവെടി വെച്ച് അതിനെ അരക്ക് താങ്ങാക്കി ഞാന്‍ ഒടിച്ചുവെച്ചു. പെട്ടെന്ന് ഞാന്‍ പ്ലേറ്റ് മാറ്റി.
ഇപ്പോള്‍ നീ കണ്ടില്ലേ! ഇവന്‍ ചെറുതാണ്. ആകയാലാണ് അവന്റെ കൈയില്‍ നിന്ന് അത് വീണുടഞ്ഞത്. ഒരു കുട്ടി വളരാന്‍ കുറേ ഗ്ലാസുകള്‍, പ്ലെയ്റ്റുകള്‍, മൊബൈലുകള്‍/ടാബുകള്‍… ഒക്കെ പൊളിയേണ്ടതുണ്ട്. പറഞ്ഞ് ഇവിടെയെത്തിയപ്പോള്‍ കര്‍ട്ടനു പിന്നില്‍ അവളുടെ ആള്‍പെരുമാറ്റം ശ്രദ്ധയില്‍ പെടുകയാല്‍ ഞാനിങ്ങനെ ഏപ്പിന് കൊള്ളിച്ചു. ‘കുട്ടികള്‍ കുട്ടികളാണ്. അവര്‍ നമ്മുടെ യുക്തിക്ക് യോജിക്കാത്ത പലതും ചെയ്യും. അതാണ് അവരുടെ വര്‍ത്തമാന യുക്തി. അവര്‍ക്കൊപ്പിച്ച് നിന്നുകൊടുത്തു കൊണ്ട് നാമവരെ മാറ്റുകയാണ് വേണ്ടത്. ചപ്പാത്തി ചുട്ട് കളിക്കാനായി ഞാനവന് ആശീര്‍വാദിന്റെ രണ്ട് പേക്കറ്റ് ആട്ടപ്പൊടികള്‍ അധികം വാങ്ങാറുണ്ട് എന്ന് അവളെ ശുണ്ഠി പിടിപ്പിക്കാനായി വെറുതെ അങ്ങ് തട്ടി.
ഇപ്പോള്‍ നീ കേട്ട ഒച്ചയില്ലേ, അത് ഒരു ശില്‍പം ഉടഞ്ഞതിന്റെ കരച്ചിലല്ല, മറിച്ച് ശൈശവം പൂക്കുന്നതിന്റെ സംഗീതമാണ്! ഈ കാണുന്ന നൂറുകൂട്ടം ചില്ലുകളില്ലേ, ഇത് കാലില്‍ ചോരവരുത്തുന്ന കുപ്പിക്കണ്ടങ്ങളല്ല, പകരം കുട്ടിത്തം രൂപപ്പെടുത്തിയ നൂറായിരം ശില്‍പങ്ങളാണ്. ഇത്രയൊക്കെ പറഞ്ഞപ്പോള്‍ തൊള്ളായിരത്തി ഇരുപത്തഞ്ചുരൂപയുടെ സാമാനം പോയതിന്റെ സങ്കടം പാതി പോയി. ഇയാള്‍ പോട്ടെ, നിനക്ക് ഞാന്‍ കാണിച്ചു തരാം എന്ന അര്‍ഥത്തില്‍ ഞാന്‍ മോനെ ഇടങ്കണ്ണിട്ട് ഭീഷണിപ്പെടുത്തി. അവന്‍ പടിയിറങ്ങിയതും ഞാനവനെ ഒരു കൊച്ചു നുള്ളു നുള്ളി. അപ്പോള്‍ അവന്റെ ഉമ്മ അവനെ കോരിയെടുത്ത് അകത്തേക്ക് പോയി. ‘ഉം ഇങ്ങനെ ആരമ്പിച്ചാല്‍ ജാറ് മാത്രമല്ല സകല ചട്ടീം കലോം എന്താവൂന്ന് നമ്മക്ക് കാണാലോ’ എന്ന് അപ്പോള്‍ ആരോ പുറത്ത് പിറുപിറുത്തു.
ഫൈസല്‍ അഹ്‌സനി ഉളിയില്‍
You must be logged in to post a comment Login