ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥക്ക് പൂര്‍ണ രൂപം കൈവന്നത് നബി (സ) യുടെ കാലത്ത് മദീനയില്‍ വെച്ചാണ്. എന്നാല്‍ ഇതിന് ആധുനികമായ ചട്ടക്കൂടും ബാങ്കിങ് രീതിയും നിലവില്‍ വന്നിട്ട് നാലു പതിറ്റാണ്ടു മാത്രമേ ആയിട്ടുള്ളൂ. അതിനു മുമ്പും ചെറിയ ചെറിയ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും പൂര്‍ണ വിജയമുണ്ടായിട്ടില്ല. ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇസ്‌ലാമിക് കണ്‍ട്രീസ് (ഒ ഐ സി ) യുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ഇസ്‌ലാമിക് ഡെവലെപ്‌മെന്റ് ബാങ്ക് 1975 ല്‍ ജിദ്ദയില്‍ നിലവില്‍ വന്നു. അതേവര്‍ഷം തന്നെ ദുബായ് ഇസ്‌ലാമിക് ബാങ്കും 1977ല്‍ ഫൈസല്‍ ഇസ്‌ലാമിക ബാങ്ക് ഈജിപ്തിലും, ബാങ്ക് ഇസ്‌ലാം മലേഷ്യ 1983ലും സ്ഥാപിതമായി. പിന്നീടുള്ള വളര്‍ച്ച ആശാവഹവും അത്ഭുതകരവുമായിരുന്നു. ഇന്ന് ഇസ്‌ലാമിക് ഫിനാന്‍സ് രംഗം കയ്യടക്കി വെച്ചിരിക്കുന്ന ആസ്തി രണ്ടു ട്രില്യണ്‍ ഡോളര്‍ (2,000,000,000,000 ഡോളര്‍) ആണ്. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് ഇത് നാലു ട്രില്യനാകുമെന്നാണ് നിഗമനം. മുന്നൂറിലധികം ഇസ്‌ലാമിക ബാങ്കുകളും ഇരുന്നൂറ്റി അന്‍പതിലധികം മ്യൂച്വല്‍ ഫണ്ടുകളും ലോകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആധുനിക ഫൈനാന്‍സിംഗ് രീതികളെ നാണിപ്പിക്കുന്ന വളര്‍ച്ചാനിരക്കാണ് ഇസ്‌ലാമിക ഫൈനാന്‍സിനുള്ളത്. ഇസ്‌ലാമിക് ഫിനാന്‍സ് 15 ശതമാനം മുതല്‍ ഇരുപത്തിരണ്ട് ശതമാനം വരെ വര്‍ഷം പ്രതി വളരുമ്പോള്‍ നമ്മുടെ ആധുനിക മുതലാളിത്ത രീതിയുടെ വളര്‍ച്ച ഒന്നും രണ്ടും ശതമാനത്തിലൊതുങ്ങുന്നു. ഇതിനകം 622 സ്ഥാപനങ്ങള്‍ ഇസ്‌ലാമിക് ഫിനാന്‍സ് കോഴ്‌സുകള്‍ പഠിപ്പിക്കാന്‍ ആഗോളരംഗത്ത് ഔദ്യോഗിക കണക്കനുസരിച്ച് നിലവില്‍ വന്നു. ഇതില്‍ 109 സ്ഥാപനങ്ങളും യൂറോപ്പിലാണ്.
മധ്യ കിഴക്കനേഷ്യന്‍ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ ഇസ്‌ലാമിക് ഫിനാന്‍സ് രീതികളുടെ വളര്‍ച്ചയിലുപരി പാശ്ചാത്യ നാടുകളില്‍ ഈ സംവിധാനം നേടിയെടുത്ത വിജയമാണ് ഇതിന്റെ മേന്മ പ്രകടമാക്കുന്നത്. 2014ല്‍ ബ്രിട്ടന്‍ ഗവണ്‍മെന്റ് തന്നെ ഔദ്യോഗികമായി 200 മില്യണ്‍ ഡോളറിന്റെ ഇസ്‌ലാമിക് ബോണ്ടുകള്‍ മാര്‍ക്കറ്റിലിറക്കി. ഹോങ്കോങ്ങും ലക്‌സംബര്‍ഗും ഇതേ പാത പിന്നീട് പിന്തുടര്‍ന്നു. റീട്ടെയ്ല്‍ രംഗത്തും അല്ലാതെയും ധാരാളം ഇസ്‌ലാമിക് ബാങ്കുകള്‍ ബ്രിട്ടനില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിനു ഫണ്ട് നല്‍കിയത് ഇസ്‌ലാമിക സംവിധാനമായിരുന്നു. 2004 ല്‍ സ്ഥാപിതമായ ഇസ്‌ലാമിക് ബാങ്ക് ഓഫ് ബ്രിട്ടണില്‍ പകുതിയിലധികം കസ്റ്റമേഴ്‌സും അമുസ്‌ലിംകളാണ് എന്നത് ഇതിന്റെ സ്വീകാര്യതയാണ് വെളിപ്പെടുത്തുന്നത്. 2008 ല്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ശരീഅഃ സുകുകുകള്‍(ടൗസൗസ) നിലവില്‍ വന്നതും ശ്രദ്ധേയമാണ്. യു കെ യില്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ്, എച് എസ് ബി സി, റൊസേറ്റ മര്‍ച്ചന്റ് ബാങ്ക്, ബാര്‍ക്ലെയ്‌സ് ക്യാപിറ്റല്‍ തുടങ്ങിയ പത്തിലധികം ബാങ്കുകളില്‍ പൂര്‍ണമായും ഇസ്‌ലാമിക ബാങ്കിംഗ് രീതിയോ അല്ലെങ്കില്‍ ഇസ്‌ലാമിക ബാങ്കിംഗ് വിന്‍ഡോയോ പ്രവര്‍ത്തിക്കുന്നുണ്ട്. ഇരുപത്തിയഞ്ചിലധികം ഇസ്‌ലാമിക ഫിനാന്‍സ് സ്ഥാപനങ്ങള്‍ അമേരിക്കയിലും പ്രവര്‍ത്തിക്കുന്നുവെന്നാണ് കണക്ക്. അമേരിക്കന്‍ ഇസ്‌ലാമിക ഫിനാന്‍സ് ഹൗസ്, യൂണിവേഴ്‌സിറ്റി ബാങ്ക്, ഹാര്‍വാര്‍ഡ് ഇസ്‌ലാമിക ഫിനാന്‍സ് ഹൌസ് തുടങ്ങിയവയാണ് അതില്‍ പ്രധാനം. കൂടാതെ അമേരിക്കന്‍ ബാങ്കുകളായ പല സ്ഥാപങ്ങളും ലോകത്തിന്റെ വ്യത്യസ്ത ദിക്കുകളില്‍ ഇസ്‌ലാമിക ഫിനാന്‍സ് സേവനങ്ങള്‍ നല്‍കി വരുന്നുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് അതില്‍ പ്രധാനിയാണ്. കൂടാതെ അമേരിക്കന്‍ സ്റ്റോക്ക് മാര്‍ക്കറ്റിലും ഇസ്‌ലാമിക ഫിനാന്‍സ് പ്രോഡക്റ്റുകള്‍ക്ക് വന്‍ സ്വീകാര്യത ലഭിച്ചിരിക്കുന്നു. ഫ്രാന്‍സ്, ജര്‍മ്മനി, സ്‌പെയിന്‍, സിങ്കപ്പൂര്‍ തുടങ്ങിയ രാഷ്ട്രങ്ങളിലും ഇസ്‌ലാമിക് ഫൈനാന്‍സ് ചെറുതല്ലാത്ത രൂപത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇസ്‌ലാമിക് ഫിനാന്‍സിനു വാതില്‍ തുറക്കാനായി ഫ്രാന്‍സ് വ്യത്യസ്ത നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. പല ഇസ്‌ലാമിക ബാങ്കുകളും തങ്ങളുടെ വിന്‍ഡോ തുറന്നു പ്രവര്‍ത്തിക്കുന്നതോടു കൂടിയാണിത്. നാഷണല്‍ ബാങ്ക് ഓഫ് കുവൈറ്റ്, തിജാറത്തു ബാങ്ക്, ഖത്തര്‍ നാഷണല്‍ ബാങ്ക് തുടങ്ങിയവ അതില്‍പെടുന്നു. ജര്‍മനിയും ധാരാളം നിയമനിര്‍മാണങ്ങള്‍ ഈ വഴിക്ക് നടത്തിയിട്ടുണ്ട്. ഇറാന്‍ ബാങ്കുകളായ സെപഹ്, കുവെയ്റ്റര്‍ക് തുടങ്ങിയവ പ്രത്യേകം വിന്‍ഡോകള്‍ ജര്‍മനിയില്‍ സ്ഥാപിച്ചിരിക്കുന്നു. ഐറിഷ് ഗവണ്‍മെന്റും ഇവ്വിഷയത്തില്‍ ബഹുദൂരം മുന്നോട്ടുപോയിട്ടുണ്ട്. ഇസ്‌ലാമിക് ഫൈനാന്‍സ് രാജ്യത്ത് കൂടുതല്‍ പ്രോത്സാഹിപ്പിക്കാനായി ആ രാഷ്ട്രം 2010 ല്‍ തങ്ങളുടെ നികുതി ചട്ടങ്ങളില്‍ വന്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയുണ്ടായി. ഇതിനോടനുബന്ധിച്ച് 2011 ല്‍ രണ്ടു ബില്യണ്‍ ഡോളര്‍ സുകുകുകള്‍ ഐറിഷ് സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യുകയും ചെയ്തു.സ്വിറ്റ്‌സര്‍ലന്‍ഡ് 2006ല്‍ തന്നെ ഇസ്‌ലാമിക് ബാങ്കിനു ലൈസന്‍സ് കൊടുത്ത രാഷ്ട്രമാണ്. നമ്മുടെ അയല്‍ രാഷ്ട്രമായ ശ്രീലങ്കയും നമ്മെക്കാളും ബഹുദൂരം മുന്നിലാണ് ഇവ്വിഷയത്തില്‍. സിങ്കപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഇസ്‌ലാമിക ഫൈനാന്‍സ് രംഗത്ത് ആഗോള ശക്തികളായി നിലനില്‍ക്കുന്നു.
നിലവിലുള്ള നിയമങ്ങള്‍ മൂലം ഇസ്‌ലാമിക് ബാങ്കിംഗ് ഇന്ത്യയില്‍ തുടങ്ങാനാവില്ലെങ്കിലും മറ്റുപല രീതിയിലും ഇസ്‌ലാമിക് ഫൈനാന്‍സ് സംരംഭങ്ങള്‍ ഇന്ത്യയിലുണ്ട്. ബോംബെ, ഡല്‍ഹി സ്റ്റോക് എക്‌സ്‌ചേഞ്ചുകളില്‍ ഇസ്‌ലാമിക് ഇന്‍ഡക്‌സുകള്‍, ഇസ്‌ലാമിക് മ്യൂച്വല്‍ ഫണ്ടുകള്‍, നോണ്‍ ബാങ്കിംഗ് ഫൈനാന്‍ഷ്യല്‍ കമ്പനികള്‍ തുടങ്ങിയവ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. റ്റാറ്റാ എത്തിക്കല്‍ ഫണ്ട്, ടോറസ് എത്തിക്കല്‍ ഫണ്ട് എന്നിവയാണ് പ്രധാന മ്യൂച്വല്‍ ഫണ്ടുകള്‍. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചേരമാന്‍ ട്രസ്റ്റ് അടക്കം പല നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളും ഇന്ത്യയിലുണ്ട്. ഇതിനെല്ലാം പുറമെ നൂറുകണക്കിന് ഇസ്‌ലാമിക് മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളും ഇന്ത്യയിലുണ്ട്. ഈയടുത്ത് സി പി ഐ എം ന്റെ കീഴില്‍ കണ്ണൂര്‍ ആസ്ഥാനമായി തുടങ്ങിയ സ്ഥാപനങ്ങള്‍ ഈ പട്ടികയില്‍ അവസാനത്തേതാണ്. ഇസ്‌ലാമിക് ഫൈനാന്‍സ് പഠിക്കാനായി ഏതാനും ചില സ്ഥാപനങ്ങളും ഇന്ത്യയില്‍ ലഭ്യമാണ്. അലിഗഡ് യൂണിവേഴ്‌സിറ്റിക്കു പുറമെ മലപ്പുറം മഅദിന്‍ അക്കാഡമിയും ഈ മേഖലയില്‍ പ്രശസ്തമാണ്. ലോകത്തെ ഏറ്റവും വലിയ ഇസ്‌ലാമിക കലാലയങ്ങളിലൊന്നായ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് മലേഷ്യ യുടെ അംഗീകാരമുള്ള എംബിഎ ഇന്‍ ഇസ്‌ലാമിക് ഫൈനാന്‍സ് കോഴ്‌സ് മലപ്പുറം മഅദിന്‍ അക്കാഡമിയില്‍ നല്‍കുന്നുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇസ്‌ലാമിക് ബാങ്കിങ് സംവിധാനങ്ങളോട് ഇന്ത്യാ രാജ്യം കാണിക്കുന്ന വിമുഖത ഞെട്ടിപ്പിക്കുന്നതാണ്. ലോകത്ത് മുസ്‌ലിം ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിലെ ഒട്ടുമിക്ക മുസ്‌ലിംകളും ബാങ്കിങ് സംവിധാനങ്ങളില്‍നിന്നും മാറി നില്‍ക്കാനുള്ള കാരണം പലിശാധിഷ്ഠിതമാണെന്നുള്ളതുകൊണ്ടാണെന്നു സുവിദിതമായിരിക്കെ, ഇത്രയും വലിയൊരു ജന സഞ്ചയത്തിനു ആവശ്യമായ സംവിധാനം സര്‍ക്കാര്‍ നടപ്പിലാക്കാത്തതില്‍ അത്ഭുതമുണ്ട്. മുസ്‌ലിം ജനസംഖ്യ നാമമാത്രമായ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ കാണിക്കുന്ന ഉത്സാഹം പോലും ഇന്ത്യക്കില്ല. വിദേശ ഫണ്ടുകള്‍ ധാരാളം ഇന്ത്യയിലേക്കൊഴുകണമെന്ന് കരുതുന്ന ഇന്ത്യ ഇസ്‌ലാമിക ഫൈനാന്‍സിനു വാതില്‍ തുറന്നു നല്‍കുകയാണ് വേണ്ടത്. സമ്പന്ന മുസ്‌ലിം രാഷ്ട്രങ്ങളില്‍നിന്നും കൂടുതല്‍ പണമൊഴുകാന്‍ ഇതു നിമിത്തമാകുമെന്നു തീര്‍ച്ചയാണ്. ഇന്ത്യയും അറബ്‌നാടുകളും തമ്മിലുള്ള ബന്ധത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പലിശരഹിതമായ സംവിധാനങ്ങള്‍ മാത്രം അന്വേഷിച്ചു നടക്കുന്ന അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ ഒട്ടുമിക്ക നിക്ഷേപകര്‍ക്കും പണമിറക്കാന്‍ ഇന്ത്യന്‍മാര്‍ക്കറ്റിനാകുന്നത് ഇവിടെയും അത്തരം പലിശ രഹിത സംവിധാനം നിലവില്‍ വരുമ്പോള്‍ മാത്രമാണ്.
തല തിരിഞ്ഞ നടപടികളാല്‍ താളം തെറ്റി കൂപ്പുകുത്തിയ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്കു ഊര്‍ജം നല്കാന്‍ ഇസ്‌ലാമിക ഫൈനാന്‍സ് ഇന്ത്യയില്‍ നടപ്പാക്കുന്നതു മൂലമാകും. ധാരാളം തൊഴില്‍ സൃഷ്ടിക്കാനും പലിശയെപ്പേടിച്ച് ബാങ്കുമായുള്ള ബന്ധം വിച്‌ഛേദിച്ച് നടക്കുന്ന വിശ്വാസികളെ ബാങ്കിലേക്കടുപ്പിക്കാനും ഇത് കാരണമാകുന്നു. ചെറുകിട കര്‍ഷകര്‍ക്കും സംരഭകര്‍ക്കുമായിരിക്കും കൂടുതല്‍ പ്രയോജനകരം. 2006 ല്‍ സമര്‍പ്പിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആറാം അധ്യായം മുസ്‌ലിംകളുടെ ബാങ്കുമായും മറ്റു സാമ്പത്തിക സംവിധാനങ്ങളുമായുള്ള ബന്ധം വിശദീകരിക്കുന്നു. മറ്റു മേഖലകള്‍ പോലെ തന്നെ ഞെട്ടിക്കുന്ന വിവരങ്ങളാണ് സച്ചാര്‍ കമ്മിറ്റി ഈ അധ്യായത്തിലും നല്‍കുന്നത്. ഇന്ത്യയിലെ ഭൂരിഭാഗം മുസ്‌ലിംകളും സ്വയം തൊഴില്‍ കണ്ടെത്തുന്നവരാണെന്നും ഔദ്യോഗിക സാമ്പത്തിക രംഗത്ത് പ്രാതിനിധ്യമില്ലാത്തവരുമാണെന്നും കണ്ടെത്തിയ കമ്മിറ്റി അധ്യായം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: മുസ്‌ലിംകളുടെ മറ്റെല്ലാ മേഖലകളിലെ വികസനത്തിനും വളരെ അനിവാര്യമായത് സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുക തന്നെയാണ്. അതില്ലാത്ത പക്ഷം ഇനിയും സമഗ്ര പുരോഗതി അപ്രാപ്യമായിരിക്കും. (പേജ് 136). ഇവിടെ കൂട്ടിവായിക്കേണ്ട മറ്റൊരു വസ്തുതയാണ് മുസ്‌ലിംകളുടെ പേരില്‍ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന പലിശ. ഒന്നര ട്രില്ല്യന്‍ ഡോളര്‍ അഥവാ 6557000 കോടി രൂപ. ഇത്രയും വലിയ തുക വിശ്വാസത്തിന്റെ പേരില്‍ മാത്രമാണ് മുസ്‌ലിംകള്‍ വാങ്ങാതെ നിര്‍ത്തുന്നത് എന്നത് പലിശയോട് മുസ്‌ലിം സമൂഹം കാണിക്കുന്ന വിരോധം വ്യക്തമാക്കുന്നു.
കഴിഞ്ഞ ഗവണ്‍മെന്റ് ഇന്ത്യയില്‍ സാമ്പത്തിക രംഗത്ത് വരുത്തേണ്ട പരിഷ്‌കരണങ്ങള്‍ പഠിക്കാനായി പന്ത്രണ്ടംഗ കമ്മിറ്റിയെ നിയമിച്ചിരുന്നു. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറും ഇന്ത്യയിലെ അറിയപ്പെട്ട സാമ്പത്തിക വിദഗ്ധനുമായ ഡോ: രഘുറാം രാജന്‍ അധ്യക്ഷനായ കമ്മിറ്റി, എ ഹണ്‍ഡ്രഡ് സ്മാള്‍ സ്‌റ്റെപ്‌സ് എന്ന പേരില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ മൂന്നാം അധ്യായത്തിലെ ചില വരികള്‍ ഇങ്ങനെയാണ്: ഔദ്യോഗിക സാമ്പത്തിക മേഖലയില്‍ ഇനിയും ആളുകളെ കൊണ്ടുവരാന്‍ പലിശ രഹിത സംവിധാനം നടപ്പാക്കുകയാണ് വേണ്ടത്. ചില മതങ്ങള്‍ പലിശയും അത് നല്കുന്നതുമെല്ലാം നിരോധിച്ചിരിക്കുന്നു. വിശ്വാസം കാരണമായി, പലിശരഹിത സംവിധാനം ഇല്ലാത്തതിനാല്‍ ബാങ്കിംഗ് രംഗത്ത് ഇടപെടാന്‍ പ്രത്യേകിച്ചും ചില താഴ്ന്ന ജീവിത നിലവാരമുള്ളവര്‍ക്ക് സാധിക്കുന്നില്ല. ചില ശ്രമങ്ങള്‍ ഉണ്ടെങ്കിലും വ്യാപകമായി ഈ സംവിധാനം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ അനിവാര്യമാണ്.(പേജ് 35 ) ആനന്ദ് സിന്‍ഹ കമ്മിറ്റി 2006 ജൂലൈയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇന്ത്യയില്‍ ഇസ്‌ലാമിക് ഫിനാന്‍സ് നടപ്പാക്കണമെന്ന് പറയുന്നുണ്ടെങ്കിലും ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ മൂടിവെക്കുകയാണ് ചെയ്തത്.
വിവരാവകാശനിയമം അനുസരിച്ച് ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് പുറം ലോകത്തിനു അത് ലഭ്യമായത്. ധിഷണാ ശക്തിയും ആര്‍ജ്ജവവുമുള്ള ഒരു സര്‍ക്കാരാണ് ഇതിനു വേണ്ടത്. ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിന്റെ 5, 6, 8, 9,17, 24 ക്ലോസുകളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്റ്റിന്റെ നാല്പത്തിരണ്ടാം ക്ലോസും മാറേണ്ടിയിരിക്കുന്നു. നല്ലൊരുഭാവിക്ക് നമുക്ക് കാത്തിരിക്കാം
ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി
You must be logged in to post a comment Login