അസീറിലെ പ്രകൃതിയും മനുഷ്യരും

അസീറിലെ പ്രകൃതിയും മനുഷ്യരും

ഖമീസില്‍ ഞങ്ങള്‍ താമസിച്ചത് ചെറിയൊരു ഹോട്ടലിലാണ്. അതൊക്കെ മാലിക് മക്ബൂല്‍ ഏര്‍പാട് ചെയ്തിരുന്നു. ഇത്രയും ദൂരം ഒറ്റക്ക് കാറോടിച്ചിട്ടും അരുവിയെ അത് ബാധിച്ചിട്ടില്ല. ഭക്ഷണം കഴിച്ച് എത്രയും വേഗം കിടന്നാല്‍ മതി എന്നായിരുന്നു എനിക്ക്. രാത്രി നല്ല തണുപ്പായിരുന്നതുകൊണ്ട് മൂടിപ്പുതച്ചുകിടക്കുന്നതിന്റെ സുഖത്തെപ്പറ്റിയാണ് ആഹാരം കഴിക്കുമ്പോഴും ഞാന്‍ ആലോചിച്ചത്. ആഹാരം കഴിച്ചുവന്നതും ഞാന്‍ കിടക്കയില്‍ വീണു.
പ്രഭാതത്തില്‍ എഴുന്നേറ്റപ്പോള്‍ കണ്ടത് അരുവി ഒരു ഭൂഭാഗ ചിത്രം പൂര്‍ത്തിയാക്കിവെച്ചതാണ്. ബ്രഷ് കഴുകി വൃത്തിയാക്കുകയായിരുന്നു അരുവി. കൈത്തഴക്കമുള്ള ഒരു കലാകാരന്റെ അടയാളം ഞാനാ ചിത്രത്തില്‍ കണ്ടു. ചിത്രകാരനെന്ന നിലയില്‍ അരുവി ഇനിയും ശ്രദ്ധ നേടാഞ്ഞത് എന്തുകൊണ്ടെന്ന് ഞാന്‍ അത്ഭുതപ്പെടുകയും ചെയ്തു. പ്രവാസലോകത്ത് ഇങ്ങനെ എത്രയോ പ്രതിഭകളുണ്ട്. ജീവിതപ്രയാസങ്ങള്‍ കൊണ്ട് വിശാലമായ ലോകത്തേക്ക് പ്രവേശിക്കാന്‍ കഴിയാതെ പ്രവാസലോകത്തുതന്നെ ഒതുങ്ങിപ്പോകുന്നവര്‍. നന്നേ പ്രഭാതത്തില്‍ എഴുന്നേറ്റ് ആ ഭൂഭാഗ ചിത്രം പൂര്‍ത്തിയാക്കിയതാണ് അരുവി. സഹീറാ നസീറിന്റെ വീട്ടില്‍ പോകുമ്പോള്‍ അവര്‍ക്ക് സമ്മാനിക്കാന്‍ വേണ്ടി കരുതിവെച്ചതാണ് ആ ചിത്രം. താന്‍ അങ്ങനെയൊരു ചിത്രം വരക്കുമെന്ന് യാത്രക്കിടയിലൊന്നും അരുവി സൂചിപ്പിച്ചിട്ടുമില്ല. അരുവിയുടെ ചിത്രം കാണാനുള്ള അവസരം കിട്ടിയതിലെ സന്തോഷമായിരുന്നു എനിക്ക്.
അസീര്‍ പ്രവിശ്യയുടെ ഭാഗമാണ് അബഹ. സാംസ്‌കാരിക വൈവിധ്യങ്ങള്‍കൊണ്ടും ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍കൊണ്ടും ശ്രദ്ധേയമാണ് അസീര്‍. അറേബ്യയിലെ മറ്റ് പ്രദേശങ്ങളില്‍നിന്ന് തീര്‍ത്തും വേറിട്ടുനില്‍ക്കുന്നു. ഇവിടുത്തെ ഗോത്രജീവിതത്തിനുമുണ്ട് സവിശേഷതകള്‍. ആദിമമായ പാരമ്പര്യമുണ്ട് ഇവിടുത്തെ ഗോത്രത്തിന്. കലയുടെ ഭൂപ്രദേശമാണ് അസീര്‍. ഗോത്രങ്ങളില്‍നിന്ന് ധാരാളം ചിത്രകാരികളുണ്ട്. അസീര്‍ പ്രവിശ്യയിലെ പ്രധാന പട്ടണങ്ങള്‍ അബഹയും ഖമീസ് മുഷയ്തുമാണ്. ഉയര്‍ന്ന പര്‍വതപ്രദേശമാണിത്. ഏറ്റവും ഉയര്‍ന്ന പര്‍വതം സൂദയാണ്. ചെങ്കടലിനോട് ചേര്‍ന്നാണ് അസീര്‍ പ്രവിശ്യ സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരത്തി ഇരുന്നൂറ് മീറ്റര്‍ ഉയരത്തിലായതിനാല്‍ വര്‍ഷം മുഴുവന്‍ നല്ല തണുപ്പ് അനുഭവപ്പെടും. ശിശിരകാലത്ത് തണുപ്പ് അസഹനീയമാവും. കൊടുമുടികളില്‍ മഞ്ഞ് ഉറയും. അസീര്‍ ദേശീയോദ്യാനത്തിലെ പ്രധാന വൃക്ഷങ്ങള്‍ സൂചിതലക്കാടുകള്‍ തന്നെ. അബഹയും ഖമീസ് മുഷയ്തും തമ്മിലുള്ള അകലം ഇരുപത്തേഴു കിലോമീറ്ററാണ്. സഹീറയും കുടുംബവും താമസിക്കുന്നത് ഖമീസിലാണ്. അവിടം തീര്‍ത്തും പര്‍വത മേഖലയാണ്. ഖമീസ് എന്ന വാക്കിനര്‍ത്ഥം വ്യാഴമെന്നാണ്. മുഷയ്ത് ഗോത്രത്തിന്റെ വ്യാഴാഴ്ച ചന്ത ഇവിടെയായിരുന്നു. അസീര്‍ മേഖലയോട് ചേര്‍ന്നുകിടക്കുന്നതിനാല്‍ തന്ത്രപരമായ പ്രദേശമാണ്. വ്യോമസേനയുടെ സുപ്രധാന കേന്ദ്രം ഖമീസിലുണ്ട്. കാര്‍ഷിക സമൃദ്ധമാണ് മലഞ്ചെരിവുകള്‍. ശീതകാല പച്ചക്കറികളും പഴങ്ങളും ഇവിടെ വിളയുന്നു. സമ്പദ്ഘടന കൃഷിയെ ആശ്രയിച്ചിരിക്കുന്നു. താഴ്‌വരകള്‍ക്കിടയിലെ പാതയിലൂടെ യാത്ര ചെയ്യുമ്പോള്‍ തട്ടുതട്ടായി കിടക്കുന്ന കൃഷിയിടങ്ങള്‍ കണ്ടു. കൃഷിക്കായി ഒരുക്കിയെടുക്കുന്നതേയുള്ളൂ. ഗോതമ്പ് നന്നായി വിളയും. നെല്ലും കൃഷി ചെയ്യും സീസണില്‍. മഴ കിട്ടുന്ന മേഖലയാണ് അസീര്‍. ഗോതമ്പുപാടങ്ങളും താഴ്‌വരയിലുണ്ട്. കാപ്പിയും ഓറഞ്ചും ഒക്കെ വിളയുന്നുണ്ടിവിടെ. മൈലാഞ്ചിയാണ് മറ്റൊരു പ്രധാന കൃഷി. അസീര്‍ മേഖലയിലെ മൈലാഞ്ചി ലോകപ്രശസ്തമാണ്. മാര്‍ക്കറ്റില്‍ സുലഭമാണ് മൈലാഞ്ചി.

അസീര്‍ മേഖലക്കും ഇവിടുത്തെ ഗോത്രവര്‍ഗത്തിനും നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട്. അസീര്‍ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ പ്രയാസമേറിയ ഭൂപ്രദേശം എന്നാണ്. പര്‍വതങ്ങളും ആഴമേറിയ താഴ്‌വരകളുമാണ് അസീറിനെ പ്രയാസകരമായ ഭൂപ്രദേശമാക്കി മാറ്റിയത്. ആളുകള്‍ക്ക് സഞ്ചരിക്കാനുള്ള പ്രയാസം തന്നെയായിരുന്നു കാരണം. എന്നിട്ടും ഇവിടെ ഗോത്രവര്‍ഗങ്ങള്‍ ജീവിച്ചു. യമനുമായി അതിര്‍ത്തി പങ്കിടുന്നു അസീര്‍. യമനുമായുള്ള യുദ്ധത്തിന് ശേഷം അല്‍പം ഭീതിയിലാണ് ഇവിടുത്തെ ജനങ്ങള്‍ കഴിയുന്നത്. യുദ്ധഭീതി നിഴലുപോലെ പിന്തുടരുന്നു. ബഗ്ദാദ് കേന്ദ്രമായ അബ്ബാസിയ ഖിലാഫത്തിന്റെയും യമന്‍ കേന്ദ്രമായ സയ്യിദി ഭരണത്തിന്റെയും കീഴിലായിരുന്നു അസീര്‍. ഓട്ടോമന്‍ തുര്‍ക്കികളുടെ ആധിപത്യവും ഇവിടെ നിലനിന്നു. അതൊക്കെ ഇവിടുത്തെ സംസ്‌കാരത്തെ സ്വാധീനിച്ചു.
സഹീറയും ഭര്‍ത്താവ് നസീറും അവരുടെ സുഹൃത്തുക്കളുമൊക്കെ അസീറിലും പ്രാന്തപ്രദേശത്തുമുള്ള യാത്രയില്‍ ഞങ്ങള്‍ക്കൊപ്പം വരാമെന്നേറ്റു. ദമ്മാമില്‍നിന്ന് കഥാകാരി ടെസ്സി റോണി അബഹയില്‍ വന്നിരുന്നു. ദമ്മാമില്‍വെച്ച് ടെസ്സിയെ ഞാന്‍ പരിചയപ്പെട്ടിരുന്നു. അവരുടെ കഥാസമാഹാരത്തിന്റെ പ്രകാശനത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. ചുറ്റിനടക്കാന്‍ പോകുംമുമ്പ് സഹീറയുടെ വീട്ടില്‍ ഞങ്ങള്‍ ഒത്തുകൂടി. പ്രാതല്‍ കഴിച്ചു. അബഹയിലെ ജനത അറേബ്യയിലെ മറ്റ് പ്രദേശങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തരാണ്. ആദിമമായ ഒരു ഗോത്ര സൗന്ദര്യം അവരുടെ ജീവിതത്തെ ചുറ്റിനില്‍ക്കുന്നുണ്ട്. ജീവിതപരിസരങ്ങളില്‍ മുഴുവന്‍ നിറസാന്നിധ്യമുണ്ട്. കടുംവര്‍ണങ്ങളോട് വല്ലാത്ത പ്രിയമാണവര്‍ക്ക്.

ഞങ്ങള്‍ ഒന്നിച്ചാണ് പുറത്തിറങ്ങിയത്. സഹീറയുടെ കുടുംബം, ടെസ്സി, മാലിക്, അരുവി… രസകരമായിരുന്നു ആ ചുറ്റിനടത്തം. ചെങ്കുത്തായ താഴ്‌വരയില്‍ ഒരു പാര്‍ക്ക്. ഏറെ പഴക്കമേറിയ പൈന്‍മരങ്ങള്‍ എല്ലായിടത്തുമുണ്ട്. പാര്‍ക്കിലേക്കിറങ്ങാന്‍ മരപ്പടവുകള്‍ കെട്ടിയിട്ടുണ്ട്. വിശാലമായ കാഴ്ചയാണ് ചുറ്റുപാടില്‍. പര്‍വത മുടികള്‍ എല്ലായിടത്തും കാണാം. പ്രകൃതിയുടെ സ്വാഭാവികത നിലനിര്‍ത്തിയ പാര്‍ക്കാണത്. പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നിറയെ പൂച്ചെടികള്‍. പര്‍വത പ്രദേശങ്ങളില്‍ പൂക്കള്‍ക്ക് ഭംഗിയേറും. പര്‍വത പ്രദേശങ്ങള്‍ക്കിടയിലെ അഗാധമായ താഴ്‌വരയാണ് ഞങ്ങളുടെ മുമ്പിലുള്ളത്. ആഴത്തില്‍ ഗ്രാമീണഭവനങ്ങളുമുണ്ട്. കാട്ടുവഴിയിലൂടെ ഗ്രാമീണര്‍ മുകളിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യും. ആ വഴി കാണുമ്പോള്‍ നമുക്ക് പേടി തോന്നുമെങ്കിലും ഗ്രാമീണര്‍ അനായാസമായി കയറുകയും ഇറങ്ങുകയും ചെയ്യും.

താഴ്‌വരയില്‍ ഇത്തരം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ധാരാളമുണ്ട്. അസീര്‍ മേഖല മൊത്തത്തില്‍ തന്നെ ലോക വിനോദസഞ്ചാര ഭൂപടത്തില്‍ ഇടം നേടിയ പ്രദേശമാണ്. പട്ടണത്തിലൂടെ നടക്കുമ്പോള്‍ പാതകള്‍ വഴിപിരിയുന്നിടത്തെ സര്‍ക്കിളുകളില്‍ കണ്ട സ്തൂപങ്ങള്‍ പോലും അലങ്കാര സമൃദ്ധം. തനിമയുറ്റ അസീറിയന്‍ ഡിസൈനുകള്‍ നിറഞ്ഞതാണ് അത്തരം സ്തൂപങ്ങള്‍. യമനുമായുള്ള യുദ്ധം നടക്കുന്നതിനാല്‍ തന്ത്രപ്രധാനമായ അബഹയിലും പ്രാന്തപ്രദേശത്തും ഫോട്ടോകള്‍ എടുക്കാന്‍ വിലക്കുണ്ട്.

സ്ത്രീകള്‍ മാത്രം കച്ചവടക്കാരായ ചെറിയൊരു മാര്‍ക്കറ്റുണ്ട് ഖമീസ് മുഷയ്തില്‍. പൗരാണികമായ ഗോത്രകാലത്തേക്ക് മടങ്ങിപ്പോയ പ്രതീതിയാണ് ആ മാര്‍ക്കറ്റ് സമ്മാനിച്ചത്. ധാരാളം കരകൗശല വസ്തുക്കളുടെ കേന്ദ്രം കൂടിയാണ്. സ്ത്രീകള്‍ക്കുള്ള മാലകളും വളകളും അലങ്കാര വസ്തുക്കളും വില്‍പനക്കുണ്ട്. ചാക്കുകളില്‍ മൈലാഞ്ചിപ്പൊടിയുണ്ട്. കാവയെന്ന വിശിഷ്ടപാനീയത്തിന്റെ കൂട്ടുകള്‍. അത് പാകം ചെയ്യാനും വിളമ്പാനുമുള്ള പാത്രങ്ങള്‍, പലതരം കുന്തിരിക്കം, ഊദ് അടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ പുകക്കാനുള്ള പാത്രങ്ങള്‍. എല്ലാം അത്യന്തം കലാത്മകമാണ്. എല്ലാ വീട്ടുപകരണങ്ങളും കലാസൃഷ്ടികളായി മാറുകയാണ് അസീറില്‍. കാഴ്ചയുടെയും സുഗന്ധങ്ങളുടെയും സമൃദ്ധിയാണ് ആ മാര്‍ക്കറ്റില്‍.

പി സുരേന്ദ്രന്‍

You must be logged in to post a comment Login