‘അബ് കി ബാര്‍ മോഡി സര്‍കാര്‍’ എന്നതായിരുന്നു 2014ലെ ബി ജെ പി മുദ്രാവാക്യം. ഇത്തവണ അത് ‘നമോ എഗൈനും’ ‘അബ് കി ബാര്‍ ചാര്‍ സൗ പാര്‍’ എന്നതുമൊക്കെയാണ്. എല്ലാ അര്‍ത്ഥത്തിലും ഏകാധിപത്യം സ്ഥാപിക്കുക എന്നതാണ് സംഘ്പരിവാറിന്റെ ലക്ഷ്യം. മോഡിസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ സഭയില്‍ കൊണ്ടുവന്ന കര്‍ഷക ഭൂമി ഏറ്റെടുക്കുന്ന ബില്ലിനെ തീരെ ദുര്‍ബലമാണെന്ന വിലയിരുത്തലില്‍ പ്രതിപക്ഷം തോല്‍പിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ലോകസഭ കടന്നാലും രാജ്യസഭയില്‍ വീഴുമെന്ന സ്ഥിതികൂടിയായപ്പോഴാണ് ഓര്‍ഡിനന്‍സുകളിറക്കി മാത്രം കാര്യം സാധിക്കുന്ന വഴി എന്‍ ഡി എ സര്‍ക്കാര്‍ ശീലിച്ചത്. ഈയവസ്ഥ മാറ്റാന്‍ സഭകളില്‍ എല്ലാ വിധേനയുമുള്ള അപ്രമാദിത്വം വേണം. ഭരണഘടന തിരുത്തുന്നതോ അല്ലെങ്കില്‍ പാടെ മാറ്റുന്നതുമായോ ബന്ധപ്പെട്ട സംഘപരിവാര്‍ സ്വപ്നങ്ങള്‍ നടപ്പിലാക്കാന്‍ ഇത് അത്രയേറെ അനിവാര്യമാണ്. അങ്ങനെയൊരു കക്ഷി നില പാര്‍ലമെന്റിനകത്ത് കൊണ്ടുവരാന്‍ കഴിഞ്ഞ തവണ ഉയര്‍ത്തിയതിനേക്കാള്‍ ഊക്കുള്ള വാഗ്ദാനങ്ങളോ കോണ്‍ഗ്രസ് വിരുദ്ധ ആരോപണങ്ങളോ വേണം. തന്നെ എതിര്‍ക്കുന്നവര്‍ക്ക് തീവ്രവാദികളുടെ ശബ്ദമാണെന്നത് തുടങ്ങി കരയിലും കടലിലും ആകാശത്തും ഇപ്പോഴിതാ ബഹിരാകാശത്തും താന്‍ കാവല്‍ക്കാരനാണെന്നതടക്കമുള്ള വീമ്പുപറച്ചിലുകളും ഉണ്ട്.
അധികാരത്തിലേക്കുള്ള വഴിയില്‍ ഭീമമായ വാഗ്ദാനങ്ങള്‍ നല്‍കിയത് തന്നെയാണ് എന്‍ ഡി എക്ക് വിനയാകുന്നതെങ്കില്‍, നടത്തിക്കൊടുക്കാനാകാത്ത ആ അച്ഛേ ദിന്‍ സ്വപ്‌നങ്ങളെ 2022ലേക്ക് നീട്ടിവെക്കാനും പാകിസ്ഥാനെന്ന ‘ലക്ഷണമൊത്ത ശത്രു’വിനെ കാണിച്ച് ഭയപ്പെടുത്താനുമുള്ള ബി ജെ പി നീക്കം എന്തും വിശ്വസിക്കാനും പ്രചരിപ്പിക്കാനും മാത്രം ബുദ്ധിഹീനമായ പ്രവര്‍ത്തകരുണ്ടെന്ന ആത്മവിശ്വാസത്തിലാണ്.
സംഘ്പരിവാറെന്ന ഫാഷിസ്റ്റ് ധാരക്ക് നുണ പടയ്ക്കലും പരത്തലും മുഖ്യ വേലയാണെന്നതു തീര്‍പ്പുള്ള കാര്യം. ഒരു പ്രധാനമന്ത്രി അതത്ര ആവേശത്തോടെ മുന്നില്‍ നിന്ന് നടപ്പിലാക്കുന്നതിലെ അത്യന്തം അപകടകരവും അപഹാസ്യവുമായ അവസ്ഥയെ പറ്റി ചിന്തിച്ചു നോക്കണം. തിരഞ്ഞെടുപ്പ് റാലികളിലെ മോഡിയുടെ പ്രകടനം വസ്തുതക്ക് നിരക്കാത്ത നുണകള്‍ പറയുന്നതിലാണ്. അതെല്ലാം അതേപടി വിശ്വസിക്കുന്നവര്‍ നമ്മുടെ രാജ്യത്ത് എമ്പാടുമുണ്ടെന്ന് അറിയുന്നതുകൊണ്ടാവുമല്ലോ കള്ളങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രധാനമന്ത്രി പദത്തിലിരിക്കുമ്പോഴും മോഡിക്ക് കഴിയുന്നത്.
എനിക്കുണ്ടായ ഒന്ന് രണ്ട് അനുഭവങ്ങള്‍ പറയാം: ഒരു ദിവസം, ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകാനായി ഒരു ഓട്ടോയില്‍ കയറി. അല്പം കഴിഞ്ഞപ്പോള്‍ ഓട്ടോക്കാരന്‍ ചോദിച്ചു: ‘ഈ തിരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്നാണ് നിങ്ങള്‍ കരുതുന്നത്?’ ഞങ്ങള്‍ പറഞ്ഞു: ‘മോഡി എന്തായാലും വരില്ല.’ അന്നേരം ആ ഓട്ടോറിക്ഷക്കാരന്‍ വലിയ ആത്മവിശ്വാസത്തില്‍ സംഭാഷണം തുടര്‍ന്നു. ‘എന്റെ വണ്ടിയില്‍ ദിവസവും ഒരു പത്തുമുപ്പത്തിയഞ്ച് ആള്‍ക്കാര്‍ കയറും. ഞാനിത് ഈ നഗരത്തിന്റെ പല ഭാഗങ്ങളിലായാണ് ഓടിക്കുന്നത്. നിങ്ങളോട് ചോദിച്ച ചോദ്യം ഞാനെല്ലാവരോടും ചോദിക്കുന്നുണ്ട്. അതില്‍ ഒരു മുപ്പത്തിയഞ്ച് പേരും പറയുന്നത് മോഡിജി വരുമെന്നാണ്. പിന്നെ അഞ്ചോ ആറോ ആള്‍ക്കാര്‍ രാഹുല്‍ ഗാന്ധി വരുമെന്ന് പറയും.’ ഞങ്ങള്‍ക്ക് അയാളുടെ ആത്മവിശ്വാസത്തില്‍ ചെറിയ ആശ്ചര്യം തോന്നാതിരുന്നില്ല. ‘ഈ നോട്ടു നിരോധനമൊക്കെ ആള്‍ക്കാര്‍ മറന്ന് മോഡിയെ വീണ്ടും ജയിപ്പിക്കുമെന്നോ?’ അന്നേരമാണ് ഞങ്ങളെ ഏറ്റവും അത്ഭുതപ്പെടുത്തിയ ആ കാര്യം അയാള്‍ പറയുന്നത്. ‘അതിന് നോട്ടു നിരോധനം കൊണ്ട് ആര്‍ക്കാണ് പ്രശ്‌നം ഉണ്ടായത്? എനിക്കുണ്ടായില്ല? നോട്ടുനിരോധനം കള്ളപ്പണക്കാര്‍ക്കല്ലേ ബുദ്ധിമുട്ടായത്. അതങ്ങനെ തന്നെയല്ലേ വേണ്ടതും.’ അതൊക്കെ വെറുതെ പറയുന്നതാണെന്നും, നിരോധിച്ച നോട്ടിന്റെ 99%ഉം തിരിച്ചെത്തിയെന്നും റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച് നമുക്ക് വലിയ ബാധ്യതയായിരുന്നു ഈ തീരുമാനമെന്നും ഞങ്ങള്‍ പറഞ്ഞു. ഒരൊറ്റ കള്ളപ്പണക്കാരനും ഇതുകൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടായതായി അറിയില്ല. എന്നാല്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജോലിയും വരുമാന മാര്‍ഗങ്ങളും നഷ്ടമാവുകയും ചെയ്തു. ഞങ്ങള്‍ വിശദമായി പറഞ്ഞു. അയാള്‍ക്ക് ദേഷ്യം വരുന്നതുകണ്ടു. ഈ കാര്യങ്ങളൊക്കെ മോഡിയെ അപമാനിക്കാനുള്ള കള്ളക്കണക്കുകളാണെന്നും ദേശസ്‌നേഹമുള്ള ആര്‍ക്കും ഇതൊന്നും വിശ്വസിക്കാന്‍ പറ്റില്ലെന്നും അയാള്‍ ഒച്ചകൂട്ടി. ദിവസവും ഒരുപാട് ആളുകളെ കാണുന്ന ഒരു മനുഷ്യന്റെ വിചാരമാണ് ഈ രൂപത്തില്‍ പരുവപ്പെട്ടിരിക്കുന്നത്. അയാള്‍ ദിനേന ഒരു ദേശഭക്തിയോടെ ചെയ്യുന്ന കാര്യാമാണിതെന്ന് ഓര്‍ക്കണം.
പ്രധാനമന്ത്രി പാര്‍ലമെന്റില്‍ മുഖം കാണിക്കാന്‍ മടിയുള്ള ആളാണെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിനിടയ്ക്കാണ് മോഡിയുടെ സഭയിലെ പ്രസംഗങ്ങളിലെ അവകാശവാദങ്ങള്‍ പലതും വസ്തുതക്ക് നിരക്കാത്തതാണെന്നു ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കണ്ടെത്തിയതും പ്രതിപക്ഷം അതേറ്റെടുത്തതും. പൊതുവെ മോഡിയുടെ പ്രസംഗങ്ങളില്‍ ഇത് സാധാരാണയാണെന്നിരിക്കെ സഭയ്ക്കകത്തെ മോഡിയുടെ അബദ്ധങ്ങള്‍ പക്ഷേ, മോഡി വിരുദ്ധരായ ആളുകളിലേക്ക് മാത്രമേ എത്തുന്നുള്ളൂ എന്നതാണ് വസ്തുത. ഇത് മോഡിക്കുമറിയാം. സാധാരണക്കാരായ ജനങ്ങളെ പതിനഞ്ച് ലക്ഷത്തിന്റെ കാര്യം പറഞ്ഞു പറ്റിച്ചതിനേക്കാള്‍ എളുപ്പമാണിതെന്ന് ബി ജെ പിക്ക് ആത്മവിശാസമുണ്ട്. നഗരങ്ങളിലെ ജനസംഖ്യയുടെ സിംഹഭാഗവും വരുന്ന മധ്യവര്‍ഗം ഇപ്പോഴും മോഡിയുടെ അച്ചേ ദിന്‍ പ്രതീക്ഷിച്ചു നില്‍ക്കുന്നവരാണ്. രാജ്യത്തെ ഏറ്റവും വൃത്തികെട്ട രാഷ്ട്രീയ ബോധത്തിനുടമകള്‍ അവരാണ്. ഒടുവിലത്തെ ബഡ്ജറ്റില്‍ ആദായ നികുതിയുടെ പരിധി ഉയര്‍ത്തി വെച്ചതിന്റെ സന്തോഷം ഉള്ളവരാണ് ഇവര്‍. മോഡിക്ക് ഗ്രാമങ്ങളില്‍ പിഴച്ചുതുടങ്ങുമ്പോഴും കോണ്‍ഗ്രസിന് ഇളക്കാനാവാത്ത മോഡി വോട്ടുകളാണ് ഇവര്‍.
കര്‍ഷകരുടെ ലോങ്ങ് മാര്‍ച്ച് ഡല്‍ഹിയില്‍ നടക്കവെ അത് പകര്‍ത്താന്‍ പോയ ഞങ്ങള്‍ നിരീക്ഷിച്ച ഒരു കാര്യം, രാജ്യത്തെ അന്നോല്‍പാദകരുടെ ബഹുലമായ, അതേസമയം വളരെ വൈകാരികമായ ഒരു പ്രവാഹം കണ്മുന്നിലുണ്ടാകുമ്പോഴും ഏറെ നിര്‍വികാരത്തോടെ നോക്കി നില്‍ക്കുകയാണ് നഗരത്തിലെ ഈ മധ്യവര്‍ഗം. ഞങ്ങള്‍ സ്ഥിരമായി ചായ കുടിക്കാന്‍ പോകുന്ന ഒരു പോയന്റില്‍ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് സംബന്ധിച്ച ഒരു ചര്‍ച്ചയുണ്ടായി. ചായക്കടക്കാരനടക്കമുള്ള ഈ പറയപ്പെട്ട മധ്യവര്‍ഗ പ്രതിനിധികള്‍ മോഡി ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയാണെന്നും അയാളുടെ പരിഷ്‌കാരങ്ങള്‍ നമുക്ക് ഉള്‍ക്കൊള്ളാനാകാത്തതാണെന്നും, ഒരു അഞ്ചു വര്‍ഷം കൂടി കഴിഞ്ഞാല്‍ ഇതൊക്കെ സന്തോഷത്തോടെ മനസ്സിലാകുമെന്നും കരുതുന്നവരാണ്! അച്ചേ ദിന്‍ വരുന്നുണ്ട് എന്നാണു അവര്‍ ഉറപ്പിക്കുന്നത്. രാമക്ഷേത്രമൊന്നും ഉണ്ടാക്കാതെ മോഡിയും കൂട്ടരും ഭൂരിപക്ഷ വോട്ടര്‍മാരെ വഞ്ചിച്ചില്ലേ എന്ന് ചോദിച്ചപ്പോള്‍ അതിനവിടെ മന്ദിര്‍ പണിയുന്നത് എന്തിനാണ്? അതൊക്കെ ഇനിയും കുറെ പ്രശ്‌നങ്ങളുണ്ടാക്കുകയേ ഉള്ളൂ; അവിടെ വല്ല ആശുപത്രിയും പണിതാല്‍ പോരേ എന്ന ‘നിഷ്‌കളങ്കമായ’ മറുപടിയാണുണ്ടായത്.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം സംഘപരിവാര്‍ ഉണ്ടാക്കാന്‍ ശ്രമിച്ച യുദ്ധ ഭീതി അവരുടെ ഏറ്റവും വിജയകരമായ നുണയുടെ ഫലമാണ്. ബാലെകോട്ട് വ്യോമാക്രമണം തന്നെ അങ്ങനെ അനേകം നുണകളുടേതായി. ആ ആക്രമണത്തില്‍ ഇരുനൂറ് മുതല്‍ മുന്നൂറ് വരെ ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബിജെപി നേതാക്കള്‍ പ്രചരിപ്പിച്ചു. രാജ്യാന്തര മാധ്യമ ഏജന്‍സികളെല്ലാം ഈ വാദം തള്ളിക്കളഞ്ഞപ്പോഴും യുദ്ധക്കൊതി മൂത്ത ഇന്ത്യന്‍ മാധ്യമങ്ങള്‍ സംഘപരിവാറിന് കൂട്ടായി. തുടരാക്രമണത്തില്‍ പാകിസ്ഥാന്‍ പട്ടാളത്തിന്റെ പിടിയിലായ അഭിനന്ദനെ സമാധാന സൂചകമായി തിരികെ നല്‍കുകയാണ് എന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞപ്പോഴും പ്രധാനമന്ത്രി കണ്ണുരുട്ടിക്കാണിച്ചാണ് അഭിനന്ദനെ മോചിപ്പിച്ചതെന്ന് സംഘ്പരിവാറുകാര്‍ പറഞ്ഞു. മതിയായ നയതന്ത്ര ശ്രമങ്ങളൊന്നും നടത്താതെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് റാലികളില്‍ സജീവമായി നടക്കുകയായിരുന്നു മോഡിയെന്ന് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ജനങ്ങള്‍ ഓര്‍ക്കില്ലെന്നും പകരം പാകിസ്ഥാനെ വിറപ്പിച്ച ധീരനായ മോഡി വാഴ്ത്തപ്പെടുമെന്നും അവര്‍ക്കറിയാം.
റാഫേല്‍ വിവാദം കൊടുമ്പിരി കൊള്ളവെ പോര്‍വിമാനങ്ങളുടെ വിലവിവരങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങളായതു കൊണ്ട് പുറത്തുവിടുന്നത് സാധ്യമല്ലെന്നുവരെ പ്രതിരോധ മന്ത്രിയടക്കമുള്ളവര്‍ പറഞ്ഞിരുന്നല്ലോ. അതുവെച്ച്, രാഹുല്‍ മോഡിയെയും രാജ്യരക്ഷാമന്ത്രിയെയും വിമര്‍ശിച്ചപ്പോള്‍ രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ശത്രുക്കള്‍ക്ക് ലഭ്യമാക്കാനുള്ള ശ്രമമാണ് രാഹുല്‍ നടത്തുന്നതെന്നൊെക്ക ഭരണപക്ഷം ആരോപണങ്ങളുന്നയിച്ചത്. ഇതേ സര്‍ക്കാരാണ് അതീവ രഹസ്യമാക്കി മാത്രം സൂക്ഷിക്കേണ്ട സര്‍ജിക്കല്‍ സ്‌ട്രൈക് വിവരങ്ങള്‍ കൊട്ടിഘോഷിച്ചത്. ഒരു സര്‍ജിക്കല്‍ സ്‌ട്രൈക് പരസ്യമാക്കുക എന്നാല്‍ ദിവസങ്ങളോളം അതി സൂക്ഷ്മമായി, കണിശമായി പഠിച്ച് പദ്ധതി തയാറാക്കി സൈന്യം നടത്തിയ ഒരു നീക്കത്തെ ആ ഒറ്റത്തവണ കൊണ്ട് നിഷ്ഫലമാക്കുക എന്നതാണ്. അതായത്,സൈന്യത്തിന്റെ ഒരു നീക്കം ഒരുതവണ വെളിപ്പെടുത്തപ്പെട്ടാല്‍ ആ തന്ത്രങ്ങള്‍ പിന്നീട് ഉപയോഗപ്പെടുകയില്ല എന്നതാണ് വസ്തുത. ഇതൊക്കെ ഇത്ര ലാഘവത്തോടെ ചെയ്യാന്‍ കഴിയുക ലോകത്ത് തന്നെ ഈ സര്‍ക്കാരിന് മാത്രമാകും. മോഡിയുടെ നുണകളില്‍ പച്ച പിടിക്കാതെ പോയ ഒരു പ്രധാന കാര്യവും റാഫേല്‍ അഴിമതി മൂടിവെക്കാനുള്ള ശ്രമങ്ങളായിരിക്കും. അതിപ്പോഴും പ്രതിരോധിക്കാനാവാത്തതിനാലാണ് മറ്റുപല കാര്യങ്ങളും പറഞ്ഞും കാണിച്ചും ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നത്.
ഒടുവില്‍ ഉപഗ്രഹവേധ മിസൈലിന്റെ പരീക്ഷണം വിജയകരമായെന്ന പ്രഖ്യാപനം തന്നെ മോഡിയുടെ ആത്മവിശ്വാസമാണെന്ന വിലയിരുത്തലുകള്‍ ഒട്ടും അസ്ഥാനത്തല്ല. ദാരിദ്ര്യ നിര്‍മാര്‍ജ്ജനം വിഷയമാക്കി, ജനങ്ങളുടെ പ്രശ്‌നങ്ങളെ നേരിട്ട് അഭിമുഖീകരിക്കുന്ന രാഹുലിന്റെ ന്യായ് പദ്ധതി കളം നിറഞ്ഞുനിന്നപ്പോള്‍ അത് മറികടക്കാന്‍ ബഹിരാകാശത്തേക്ക് വിട്ട ഒരു മിസൈല്‍ കഥ മതിയാകുമെന്ന ആത്മവിശ്വാസം. മാധ്യമങ്ങളൊക്കെ ആ മിസൈലിന് പുറകില്‍ പൊയ്‌ക്കോളുമെന്ന ഉറപ്പ്.
ഇന്ത്യക്കുള്ള പോരായ്മകള്‍ക്കൊക്കെ കാരണം നെഹ്റു മുതലുള്ള മുന്‍പ്രധാനമന്ത്രിമാരാണെന്നുള്ള മോഡിയുടെ സ്ഥിരം ആരോപണങ്ങള്‍ മിക്കപ്പോഴും ചരിത്രപരമായി ഹിമാലയന്‍ ബ്ലണ്ടറുകളായി മാറുക പതിവാണ്. കോണ്‍ഗ്രസിന്റെ അമ്പത്തിയഞ്ചു വര്‍ഷവും തന്റെ അമ്പത്തിയഞ്ചു മാസവും എന്നതാണ് മോഡിയുടെ പ്രധാന താരതമ്യം. ഏറ്റവും ഒടുവിലത്തെ പാര്‍ലമെന്റ് പ്രസംഗത്തിലും സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തിലും കള്ളക്കണക്കുകളുടെ ഘോഷയാത്രയാണ് പ്രധാനമന്ത്രി നടത്തിയത്. എന്‍ ഡി എ സര്‍ക്കാരിന്റെ മികവ് എടുത്തുപറയാനായി ഉദ്ധരിച്ച എല്ലാ കണക്കുകളും പെരുംനുണകളായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഭവന പദ്ധതിയെ പറ്റി പറയുമ്പോള്‍ 2014നു മുന്‍പ് വെറും 25 ലക്ഷം വീടുകളേ കോണ്‍ഗ്രസ് പണിതു നല്‍കിയുള്ളൂ, എന്‍ ഡി എ സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ഒരു കോടി മുപ്പതു ലക്ഷം വീട് വെച്ച് നല്‍കിയെന്നാണ് മോഡിയുടെ അവകാശവാദം. എന്നാല്‍ 2010 മുതല്‍ 2014 വരെ മാത്രമുള്ള കാലയളവില്‍ തന്നെ യു പി എ സര്‍ക്കാര്‍ എണ്‍പത്തിയൊമ്പത് ലക്ഷത്തി അറുപത്തി അയ്യായിരം ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയെന്നതാണ് സത്യം.
വൈദ്യുതീകരണ പദ്ധതിയുടെ കാര്യത്തില്‍ മോഡി തള്ളിക്കത്തിച്ചത് 100% വൈദ്യുതീകരണം നടപ്പിലാക്കിയെന്നാണ്. എന്നാല്‍ മുപ്പത്തിയൊന്ന് ദശലക്ഷം വീടുകളില്‍ ഇപ്പോഴും വൈദ്യുതിയില്ലെന്നതാണ് വസ്തുത. മാത്രവുമല്ല ഇന്ത്യയിലെ വൈദ്യുതീകരിക്കപ്പെട്ട മൊത്തം ഗ്രാമങ്ങളില്‍ 97% ഗ്രാമങ്ങളും കോണ്‍ഗ്രസ് ഭരണകാലത്ത് വൈദ്യുതീകരിക്കപ്പെട്ടതാണ്. മുദ്ര ലോണുകളുടെ കണക്കുകളിലും ഉജ്ജ്വല്‍ യോജനയുടെ കണക്കുകളിലുമുണ്ട് ഇത്തരം ക്രമക്കേടുകള്‍. റാഫേല്‍ വിഷയത്തില്‍ സി എ ജി കേന്ദ്ര സര്‍ക്കാര്‍ അനുകൂല റിപ്പോര്‍ട് നല്‍കി എന്ന് കൃത്രിമത്വം കാണിച്ചു സുപ്രീം കോടതിയെ കബളിപ്പിക്കാനും ഒരു പ്രധാനമന്ത്രി ശ്രമിച്ചത് എന്ത് മാത്രം ഗുരുതരമാണ്.
പ്രതിപക്ഷം ശക്തി പ്രാപിച്ചിരിക്കെ, കോണ്‍ഗ്രസ് തിരിച്ചു വരവിന്റെ പാതയിലായിരിക്കെ, രാഹുല്‍ ഗാന്ധി മിടുക്കനായ നേതാവായി മാറിയിരിക്കെ സാമ്പത്തിക രംഗത്തും മറ്റുമുണ്ടായ ഭീമമായ തകര്‍ച്ചയെ മറച്ചു പിടിക്കാന്‍ വികസനത്തേക്കാള്‍ പൊതുജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന തന്ത്രങ്ങള്‍ വേണമെന്ന കണക്കുകൂട്ടലാണ് ബി ജെ പിക്ക്. അതിനവര്‍ കണ്ടെത്തുന്ന മാര്‍ഗങ്ങളും അവയ്ക്കുള്ള തുറന്ന, അതുപോലെ ഏറെക്കുറെ അപ്രതിരോധ്യമായ സാധ്യതകളുമാണ് മോഡിയെ ഇനിയും അധികാരത്തില്‍ കൊണ്ടുവന്നേക്കാവുന്ന ഘടകം. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായാലും മോഡിക്ക് അവസരം ഒരുങ്ങിക്കൊള്ളണമെന്നില്ല. പാര്‍ട്ടിക്കകത്തെ ഗഡ്കരി ബെഞ്ച് മോഡിയുടെ കിതപ്പുയരുന്നത് കാത്തിരിക്കുകയാണ്. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പിക്കുക എന്നതാണ് നിലവില്‍ പാര്‍ട്ടിയിലെ അമിത്-മോഡി ടീമിന്റെ ആവശ്യം. വര്‍ഗീയത, അപരവത്കരണം, പാകിസ്ഥാന്‍ വിരോധം, യുദ്ധ സന്നാഹങ്ങള്‍, അതിര്‍ത്തിയില്‍ നിലയ്ക്കാത്ത പ്രശ്‌നങ്ങള്‍, അക്രമണോത്സുക ദേശീയത എന്നിങ്ങനെ തുടങ്ങി ലക്ഷണമൊത്ത ഫാഷിസ്റ്റ് സമീപനങ്ങളാണ് ഇത്തവണ ബി ജെ പി പുറത്തെടുക്കുന്നത്. അതായത് ഏറ്റവും ശക്തമായ തിരഞ്ഞെടുപ്പ് മത്സരമാണ് ബി ജെ പി നടത്താന്‍ പോകുന്നത്. വികസനം, അഴിമതി വിരുദ്ധത എന്നിങ്ങനെയുള്ള വിഷയങ്ങളെ മുന്‍നിര്‍ത്തി വര്‍ഗീയത ഒളിച്ചുകടത്തുകയൊന്നുമല്ല എന്ന് സാരം. താന്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാണ്. തനിക്കു മാത്രമേ തീവ്രവാദികളില്‍ നിന്ന് ഭാരതത്തെ രക്ഷിക്കാനൊക്കൂ എന്നാണ് മോഡിയുടെ വയ്പ്. മോഡിയെ ചോദ്യം ചെയ്യുന്നത് രാജ്യദ്രോഹമാണെന്ന സാമൂഹികസങ്കല്പം പോലും രൂഢമായി തന്നെ അവര്‍ സ്ഥാപിച്ചിട്ടുണ്ട്.
മോഡിയുടെയും കൂട്ടരുടെയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ചെലവഴിക്കുന്നതിന്റെ പത്തിലൊന്നു പോലും ചെലവഴിക്കാനുള്ള സമ്പത്തോ വിവര സാങ്കേതിക ആള്‍ബലമോ കോണ്‍ഗ്രസിനിപ്പോള്‍ ഇല്ല. എങ്കിലും സാമൂഹിക മാധ്യമങ്ങളുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഒരുപാട് മുന്നിലേക്ക് വന്നിട്ടുണ്ട്. എന്നിട്ടും ബി ജെ പിയുടെ സൈബര്‍ സങ്കേതങ്ങളില്‍ നിന്നും ഒഴുകുന്ന വ്യാജ വാര്‍ത്തകളും വിവരങ്ങളും നുണകളും വേരോട്ടം നോക്കി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന്/ പ്രതിപക്ഷത്തിന് ഇപ്പോഴും കെല്‍പായിട്ടില്ല. സംഘപരിവാറിന്റെ നുണകള്‍ പൊളിച്ചു കാണിക്കാന്‍ പ്രതിപക്ഷം എത്ര കണ്ട് പരാജയപ്പെടുന്നോ അത്രകണ്ട് ബി ജെ പിയുടെ വോട്ടും കൂടും. മോഡിക്ക് രണ്ടാമതൊരു അവസരം ഉണ്ടാകാന്‍ ഉള്ള കാരണവും ഇത് തന്നെയാകും. നേരത്തേ മോഡി വിരുദ്ധരായ, കൃത്യമായ ഫാഷിസ്റ്റുവിരുദ്ധ രാഷ്ട്രീയം പുലര്‍ത്തിപ്പോരുന്നവരിലേക്കേ ഇപ്പോഴും കോണ്‍ഗ്രസ് അടക്കമുള്ളവരുടെ സൈബര്‍ സ്വാധീനം എത്തുന്നുള്ളൂ. അല്ലാത്ത, ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ ഉള്ള, ഉന്നത പഠനങ്ങള്‍ നടത്തുന്ന നല്ലൊരു വിഭാഗം യുവജനങ്ങളടക്കം വലിയൊരു ശതമാനം ആളുകളും ഇപ്പോള്‍ ബി ജെ പിയുടെ നുണക്കൊട്ടാരത്തില്‍ ശയിക്കുന്നവരാണെന്നു അത്തരം സൈബര്‍ ഇടങ്ങളില്‍ ഒന്ന് കയറിയിറങ്ങിയാല്‍ ഞെട്ടലോടെ മനസിലാക്കാം.
എന്‍ എസ് അബ്ദുല്‍ ഹമീദ്
You must be logged in to post a comment Login