ആഭ്യന്തരമന്ത്രി അമിത്ഷാ പാര്‍ലമെന്റില്‍ ദേശീയ അന്വേഷണ ഏജന്‍സി നിയമത്തില്‍ ചില ഭേദഗതികള്‍ അവതരിപ്പിച്ച അവസരത്തില്‍ അത് പാസ്സാക്കുന്നതിനായി പ്രതിപക്ഷത്തെ കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരുമായി യോജിച്ചുനിന്നു. പാര്‍ലമെന്റില്‍ അംഗത്വമുള്ള പ്രതിപക്ഷപാര്‍ട്ടികളില്‍ പലരും സര്‍ക്കാറിനെ ഈ വിഷയത്തില്‍ പിന്താങ്ങി. ഭേദഗതികളെ ലോക്‌സഭയില്‍ എതിര്‍ത്തു വോട്ടു ചെയ്തത് വെറും ആറു അംഗങ്ങള്‍ മാത്രമായിരുന്നു. സിപിഐ, സിപിഎം എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള നാലു പേരും പിന്നെ ഹൈദരാബാദില്‍ നിന്നുള്ള അഖിലേന്ത്യാ എംഐഎമ്മിന്റെ രണ്ടു പ്രതിനിധികളും. മുസ്‌ലിം ലീഗിന്റെ കേരളത്തില്‍ നിന്നുള്ള രണ്ടു അംഗങ്ങളും മറ്റു ചില പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി തടി രക്ഷപ്പെടുത്താനാണ് ശ്രമിച്ചത്.
എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ ഇത്രവലിയ യോജിപ്പ് ഭരണ- പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ഉണ്ടായത് എന്ന്? ഇതിന്റെ കുന്തമുന വീഴുന്നത് സ്വന്തം മുതുകത്തല്ല എന്ന് മുഖ്യധാരയിലെ മിക്ക കക്ഷികളും കരുതുന്നു. ദേശീയ അന്വേഷണ ഏജന്‍സി തീവ്രവാദപ്രസ്ഥാനങ്ങളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള ചുമതലയോടെ ബീജാവാപം ചെയ്യപ്പെട്ട ഏജന്‍സിയാണ്. മുംബൈയിലെ തീവ്രവാദി ആക്രമണം അടക്കം രാജ്യത്തെ നടുക്കിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ ഒരു പ്രത്യേക ഏജന്‍സിയുടെ അനിവാര്യത സര്‍ക്കാരിന് ബോധ്യമായത്. അതേത്തുടര്‍ന്നാണ് കഴിഞ്ഞ യുപിഎ സര്‍ക്കാറിന്റെ കാലത്ത് അങ്ങനെയൊരു ഏജന്‍സി രൂപീകൃതമായത്. രാജ്യത്തിനകത്തെ തീവ്രവാദ പ്രവണതകള്‍ കണ്ടെത്തി അതിനെ ചെറുക്കാനുള്ള ഉത്തരവാദിത്വമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ളത്.
എന്താണ് ദേശീയ ആന്വേഷണ ഏജന്‍സിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനപാരമ്പര്യവും ഫലങ്ങളും എന്ന വിഷയം ഗൗരവമായി രാജ്യം ചര്‍ച്ച ചെയ്യേണ്ടതാണ്. പലതരത്തിലുള്ള തീവ്രവാദ-ഭീകരവാദ ഭീഷണികള്‍ ഇന്ന് രാജ്യം നേരിടുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഭൂരിപക്ഷ, ന്യൂനപക്ഷ ഭേദമില്ലാതെ ഇത്തരം പ്രവണതകള്‍ നിലവിലുണ്ട്. തീവ്രവാദത്തിന് മതമില്ല എന്നതാണ് സത്യം. അതു മതത്തെ ദുരുപയോഗിക്കുന്നു എന്നതും സത്യം. ഇത് ഇന്ത്യയുടെ മാത്രം പ്രശ്‌നവുമല്ല. ലോകമെങ്ങും ഇന്ന് ഇത്തരം പ്രവണതകള്‍ നിലനില്‍ക്കുന്നുണ്ട്; സാധാരണ ജനങ്ങളാണ് എല്ലായിടത്തും അതിന്റെ ഇരകള്‍. നിരപരാധികളുടെ ഒരുപാടു രക്തം ഇതിന്റെ പേരില്‍ ചൊരിയപ്പെടുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ഏജന്‍സി വേണം എന്ന മുന്‍സര്‍ക്കാരിന്റെ നിലപാടില്‍ ന്യായമുണ്ട്.
എന്നാല്‍ ഏജന്‍സിക്കു കൂടുതല്‍ അധികാരങ്ങളും അതിന്റെ കേസുകള്‍ കൈകാര്യം ചെയ്യാന്‍ സിബിഐയില്‍ എന്നപോലെ പ്രത്യേക കോടതികളും മറ്റും ശുപാര്‍ശ ചെയ്യുന്ന പുതിയ നിയമനിര്‍മാണം സത്യത്തില്‍ രാജ്യത്തിന് എന്തെങ്കിലും പ്രയോജനം ചെയ്യുമോ? അത്തരത്തിലുള്ള ഒരു പുതിയ നിയമനിര്‍മാണത്തിനു പ്രസക്തിയുണ്ടോ, അതോ അമിത്ഷായും സംഘവും നിരന്തരം ആവര്‍ത്തിച്ചുവരുന്ന ആരോപണങ്ങള്‍ക്കു പുതിയ ഒരു നിയമഭാഷ്യം എന്നത് മാത്രമാണോ ഈ നിയമനിര്‍മാണത്തിനു പിന്നിലെ യഥാര്‍ഥതാല്പര്യം ?
ഇത് ഗൗരവത്തോടെ പരിശോധിക്കപ്പെടേണ്ട വിഷയമാണ്. രാജ്യത്തെ ഇടതു കക്ഷികളും പല സുരക്ഷാവിദഗ്ധരും മാധ്യമപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും മുന്‍ പൊലീസ് ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ സ്വന്തം നിലപാടുകളും സംശയങ്ങളും ഉന്നയിച്ചിട്ടുണ്ട്. അതില്‍ പ്രധാനം ഈ ഏജന്‍സിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനറിക്കാര്‍ഡാണ്. അത് ഒട്ടും പ്രശംസനീയമല്ല എന്നാണ് പൊതുവിലയിരുത്തല്‍.
ഞാന്‍ ഇത് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ എന്റെ മുന്നില്‍ ദി ഹിന്ദു പത്രത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള ഒരു വാര്‍ത്തയുണ്ട്. ഡല്‍ഹിയിലും പരിസരത്തും ഭീകരാക്രമണം നടത്തി ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന പേരില്‍ കഴിഞ്ഞ വര്‍ഷം അവിടെ അറസ്റ്റ് ചെയ്യപ്പെട്ട നാലു മുസ്‌ലിം ചെറുപ്പക്കാരെ യാതൊരു തെളിവും ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്കു കഴിഞ്ഞില്ല എന്ന കാരണത്താല്‍ കോടതി വെറുതെവിട്ടു എന്നാണ് വാര്‍ത്ത. ഒരു വര്‍ഷത്തിലേറെ ജയിലില്‍ കഴിഞ്ഞ ശേഷമാണ് ഈ നാലു ചെറുപ്പക്കാരും ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. നാലുപേരെയും അറസ്റ്റ് ചെയ്ത ഏജന്‍സി എന്‍ഐഎ തന്നെ.
കേരളത്തില്‍ എന്‍ഐഎ നടത്തിയ അന്വേഷണങ്ങളും അവര്‍ ചുമത്തിയ കേസുകളും എവിടെയെത്തി എന്ന് ആലോചിക്കുന്നതും നല്ലതാണ്. അതില്‍ ഒന്ന് പ്രമാദമായ പാനായിക്കുളം തീവ്രവാദ ഗൂഡാലോചനാ കേസാണ്. പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ ഒരു സ്വാതന്ത്ര്യദിനത്തില്‍ ഒരുകൂട്ടം ചെറുപ്പക്കാരാണ് ആ യോഗം വിളിച്ചുചേര്‍ത്തത്. അതൊരു രഹസ്യയോഗമായിരുന്നില്ല. അതിനാല്‍ ഗൂഡാലോചനയുടെ പ്രശ്‌നവും ഉദിക്കുന്നില്ല. സ്വാതന്ത്ര്യം രാജ്യത്തെ സാധാരണക്കാര്‍ക്ക് എന്തുനല്‍കി എന്ന ചോദ്യം ഒരു സ്വതന്ത്രരാജ്യത്തെ പൗരന്മാര്‍ ഉന്നയിക്കാന്‍ പാടില്ല എന്ന് ഏതു ഏജന്‍സിക്കാണ് ശഠിക്കാന്‍ കഴിയുക? പക്ഷേ അതാണ് ഏജന്‍സി ചെയ്തത്. കുറേപ്പേര്‍ രാജ്യദ്രോഹകേസില്‍ കുടുങ്ങി വര്‍ഷങ്ങള്‍ തടവില്‍ കഴിഞ്ഞു; അവസാനം കേസില്‍ യാതൊരു പ്രസക്തിയുമില്ല എന്ന് കോടതി കണ്ടെത്തി പ്രതികളെ വെറുതെ വിട്ടു.
ആരാണ് ഈ കേസിലൊക്കെ പ്രതികള്‍ എന്ന് വിശേഷിച്ചു ചോദിക്കേണ്ട കാര്യമില്ല. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്നാണല്ലോ പ്രമാണം. കേസ് രാജ്യദ്രോഹമാണെങ്കില്‍ പ്രതികള്‍ മുസ്‌ലിംകള്‍ ആയിരിക്കണം എന്ന് ഇന്ത്യന്‍ റിപ്പബ്ലിക്കില്‍ നിയമമുള്ള പോലെയാണ് ചില അന്വേഷണ ഏജന്‍സികള്‍ പെരുമാറുന്നത്. അതില്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത് എന്‍ഐഎ തന്നെ. നേരത്തെ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) നടത്തിയ മുസ്‌ലിം പീഡനത്തിന്റെ ഒരു തുടര്‍ച്ച മാത്രമാണ് പലപ്പോഴും ഈ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളില്‍ കാണാന്‍ സാധിച്ചിട്ടുള്ളത്.
അതുകൊണ്ടു ഈ ഏജന്‍സിക്കു കൂടുതല്‍ അധികാരങ്ങളും സൗകര്യങ്ങളും നല്‍കുന്ന നിയമനിര്‍മാണം അംഗീകരിച്ചുകൊടുക്കേണ്ടതുണ്ടോ എന്ന ചോദ്യം സ്വാഭാവികം. ഇത്തരം ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി വിലയിരുത്താനുള്ള ചുമതല രാജ്യത്തെ ഭരണാധികാരികള്‍ക്കും പാര്‍ലമെന്ററിയന്മാര്‍ക്കും ഉണ്ട് എന്ന കാര്യത്തിലും സംശയമില്ല.
അതുതന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഉവൈസി അടക്കമുള്ള ചില ലോക്‌സഭാ അംഗങ്ങളും ചെയ്തത്. രാജ്യത്തെ മാധ്യമങ്ങളും നാട്ടിലെ പ്രമാണിവര്‍ഗവും തങ്ങളെപ്പറ്റി എന്ത് പറയും എന്ന ഉത്കണ്ഠയല്ല, മറിച്ചു സമൂഹത്തോടുള്ള പ്രതിബദ്ധതയാണ് അവരെ നയിച്ചത്.
എന്നാല്‍ എന്താണ് ഇക്കാര്യത്തില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ പാര്‍ലമെന്റില്‍ എടുത്ത നയം? അവര്‍ നിയമഭേദഗതിയെ എതിര്‍ത്തു വോട്ടുചെയ്യുന്നത് സൗകര്യപൂര്‍വം ഒഴിവാക്കി സഭയില്‍നിന്ന് ഇറങ്ങിപ്പോയി. എന്തുകൊണ്ടാണ് അവര്‍ ഭേദഗതിയെ എതിര്‍ക്കുന്നത് ഒഴിവാക്കിയത്? അവിടെയാണ് പ്രശ്‌നം. എന്‍ഐഎ ഇന്ന് പഴയ ഐബി പോലെയും മുന്‍കാലത്തു ഉത്തര്‍പ്രദേശിലും മറ്റും പ്രവര്‍ത്തിച്ചിരുന്ന പി എ സി (പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി) പോലെയും മുസ്‌ലിംവിരുദ്ധ നിലപാടുകളുമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് എന്ന് അവര്‍ക്കു അഭിപായമുണ്ടെങ്കില്‍ എന്തുകൊണ്ട് അതിന്റെ അധികാരവും പ്രവര്‍ത്തന സൗകര്യങ്ങളും വര്‍ധിപ്പിക്കുന്ന ഒരു നിയമഭേദഗതിക്കു അവര്‍ പിന്തുണ നല്‍കണം? എന്തുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും എംഐഎമ്മും അടക്കമുള്ള കക്ഷികള്‍ അതിനെ തുറന്നുഎതിര്‍ക്കാന്‍ തയാറായപ്പോള്‍ സര്‍ക്കാരുമായി നേരിട്ടുള്ള ഒരു ഏറ്റുമുട്ടലില്‍ നിന്ന് ലീഗ് ഒഴിഞ്ഞുമാറി?
ഈ ചോദ്യം കുറേ ദിവസങ്ങളായി കേരളത്തിലെ പൊതുസമൂഹത്തില്‍ വ്യാപകമായി ഉന്നയിക്കപ്പെടുകയുണ്ടായി. അതിനു മറുപടിയായി ചിലര്‍ പറഞ്ഞുകേള്‍ക്കാന്‍ കഴിഞ്ഞ ഒരു കാര്യം മുസ്‌ലിംലീഗ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന കക്ഷിയായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ്. അപ്പോള്‍ കഴിഞ്ഞ നിരവധി വര്‍ഷങ്ങളില്‍ ഭരണകൂടപീഡനത്തിന്റെ ഇരയായി ജീവിതത്തിന്റെ വലിയ ഭാഗം ജയിലറകളില്‍ കഴിഞ്ഞുകൂടേണ്ടിവന്ന മനുഷ്യരോട് ഈ പാര്‍ട്ടിക്കുള്ള സമീപനമെന്താണ്? അവരില്‍ മഹാഭൂരിപക്ഷവും മുസ്‌ലിം സമുദായക്കാരാണ്. പികെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും ജയിച്ചു വന്ന മണ്ഡലങ്ങളില്‍ പോലും അത്തരം പീഡനങ്ങള്‍ക്കു വിധേയരാവേണ്ടിവന്ന നിരവധി യുവാക്കളുണ്ട്. അക്കൂട്ടത്തില്‍പ്പെട്ട പരപ്പനങ്ങാടിയിലെ സകരിയ അടക്കമുള്ള യുവാക്കളോട് ഈ പാര്‍ട്ടിക്ക് എന്താണ് പറയാനുള്ളത്? 2009 ഫെബ്രുവരിയില്‍ കര്‍ണാടക പോലീസ് പിടിച്ചുകൊണ്ടുപോയ ഈ യുവാവ് ഒരു പതിറ്റാണ്ടായി വിചാരണത്തടവുകാരനാണ്. അയാള്‍ക്കെതിരെ ഗൗരവമുള്ള ഒരു തെളിവും സത്യത്തില്‍ കര്‍ണാടക പൊലീസിന്റെ കൈവശമില്ല. പക്ഷേ മഅ്ദനി കേസിലെ ഇരകളായി മാറിയ നിരവധി പേരില്‍ ഒരാളായി ഈ യുവാവും ജയിലറയില്‍ കഴിയുന്നു. അയാള്‍ക്ക് വേണ്ടി സ്വന്തം ഗ്രാമത്തിലെ കുറേ യുവാക്കള്‍ മാത്രമാണ് ശബ്ദമുയര്‍ത്തിയത്. പണവും ശക്തിയും സ്വാധീനവുമുള്ള ലീഗിനെപ്പോലുള്ള കക്ഷികളൊന്നും അയാള്‍ക്ക് വേണ്ടി രംഗത്തുവന്നില്ല.
കേരളത്തില്‍ ഇക്കാര്യത്തിലൊക്കെ ഉറക്കംതൂങ്ങി സമീപനം സ്വീകരിച്ച ലീഗ് നേതൃത്വം ദേശീയതലത്തില്‍ മാധ്യമശ്രദ്ധ നേടിയ വിഷയങ്ങളില്‍ ഇടപെടാന്‍ അത്യുത്സാഹവും കാണിച്ചു. ഹൈദരാബാദില്‍ നിന്നു രോഹിത് വെമുലയുടെ കുടുംബവും ഗുജറാത്തില്‍ നിന്നു സഞ്ജീവ് ഭട്ട് ഐപിഎസിന്റെ സഹധര്‍മ്മിണിയുമൊക്കെ അവരുടെ വേദികള്‍ പങ്കിടാനായി കേരളത്തില്‍ എത്തി. എന്നാല്‍ കേരളത്തിലെ സ്വന്തം സഹോദരന്മാരുടെ കാര്യം വരുമ്പോള്‍ അവര്‍ കണ്ണടക്കുകയും ചെയ്തു.
ഇതു കുറേക്കാലമായി തുടരുന്ന ഒരു ആത്മവഞ്ചനയുടെ ഭാഗമാണ്. എന്താണ് ഇക്കാര്യത്തിലൊക്കെ ലീഗിന്റെ കൃത്യമായ നിലപാട് എന്നുപോലും വ്യക്തതയില്ല. കേരളത്തില്‍ കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തു നിരവധി യുവാക്കള്‍ യു എ പി എ നിയമപ്രകാരം കേസില്‍ പെട്ടിരുന്നു. ഏതു പെറ്റിക്കേസിലും ഈ കരിനിയമം പ്രയോഗിക്കാന്‍ സര്‍ക്കാര്‍ മടിച്ചില്ല. മുന്നണിയിലെ മുഖ്യപങ്കാളിയായ ലീഗിന് ഒരു പരാതിയും ഉണ്ടായില്ല. പിന്നീട് പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ ആദ്യത്തെ ഉത്തരവുകളില്‍ ഒന്ന് ഈ കേസുകള്‍ പുനഃപരിശോധിച്ചു നിരപരാധികളെ വിട്ടയക്കുക എന്നായിരുന്നു. ഡസന്‍ കണക്കിന് കേസുകളാണ് അന്നു പിന്‍വലിച്ചത്.
ഇത്തരം ഇരട്ടത്താപ്പ് നയമാണ് ലീഗിന്റെ മുഖമുദ്ര. പാര്‍ലമെന്റിലും പുറത്തും ഇതു സകലര്‍ക്കും കാണാവുന്നവിധം പരസ്യവുമാണ്. ബിജെപിയുമായി തങ്ങള്‍ക്ക് കടുത്ത വിയോജിപ്പാണെന്നു പാര്‍ട്ടി പറയുന്നു. അതേസമയം നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ബിജെപിയെ എതിര്‍ക്കുന്നത് ഒഴിവാക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യുന്നു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വെങ്കയ്യ നായിഡുവിന്റെ കാര്യത്തില്‍ എടുത്ത നിലപാട് നോക്കുക. അന്ന് കുഞ്ഞാലിക്കുട്ടിയും പി വി അബ്ദുല്‍ വഹാബും മലപ്പുറത്തു വിവാഹത്തിന് പോയി. തിരിച്ചു ഡല്‍ഹിയില്‍ സമയത്തിനു എത്താന്‍ വിമാനം വൈകിയതിനാല്‍ സാധ്യമായില്ല എന്നു ന്യായീകരണം. നേരത്തെ പുറപ്പെടാന്‍ മാത്രം അതൊരു ഗൗരവമുള്ള കാര്യമായി രണ്ടുപേരും കണ്ടില്ല. പിന്നീട് മുത്തലാഖ് വിഷയത്തിലും ഇതുതന്നെ അവസ്ഥ. ഇപ്പോള്‍ എന്‍ഐഎ കാര്യത്തിലും ഇതേ അഴകൊഴമ്പന്‍ നില തന്നെ.
ചേര്‍ത്തു പരിശോധിക്കേണ്ട കാര്യമാണ് പാര്‍ലമെന്റില്‍ ഇവരില്‍ പലരുടെയും ഹാജര്‍ നിലയും ചര്‍ച്ചകളിലും ചോദ്യോത്തരം അടക്കമുള്ള മറ്റു നടപടിക്രമങ്ങളിലുമുള്ള പങ്കാളിത്തത്തിന്റെ കാര്യവും. ഏറ്റവും മോശം ഹാജര്‍ നിലയുള്ള പാര്‍ലമെന്റ് അംഗങ്ങളില്‍ ചിലര്‍ ലീഗുകാരാണ് എന്നത് എത്രമാത്രം അഭിമാനകരമാണ് എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് അവരുടെ നേതൃത്വം തന്നെയാണ്.
ഇത് ലീഗിന്റെ തന്നെ മുന്‍കാല പാര്‍ലമെന്ററി പാരമ്പര്യങ്ങളുമായും പ്രവര്‍ത്തനങ്ങളുമായും തട്ടിച്ചുനോക്കുന്നത് നല്ലതാണ്. ദേശീയനേതാക്കളെ പാര്‍ലമെന്റില്‍ എത്തിക്കാനാണ് ആദ്യകാലത്ത് തങ്ങളുടെ ലോക്‌സഭാ-രാജ്യസഭാ സീറ്റുകള്‍ അവര്‍ ഉപയോഗിച്ചത്. പിന്നീട് ഇബ്രാഹീം സുലൈമാന്‍ സേട്ടുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; ബനാത്‌വാലയ്ക്കു സീറ്റു നിഷേധിച്ചു. അന്ന് ഇ അഹമ്മദാണ് പകരം സഭയില്‍ എത്തിയത്. സൂക്ഷ്മദൃക്കായ അഹമ്മദ് ഡല്‍ഹിയില്‍ ഉയര്‍ന്നുവരുന്ന ന്യൂനപക്ഷ-ദളിത് -പിന്നാക്ക സഖ്യത്തിന്റെ കൂടെ നില്ക്കാന്‍ ശ്രദ്ധ ചെലുത്തി. മുലായം സിംഗ് അടക്കം പലരെയും കേരളത്തില്‍ കൊണ്ടുവന്നത് അഹമ്മദ് സാഹിബിന്റെ ശ്രമഫലമായിരുന്നു. അത് ദേശീയരാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനവും പ്രാധാന്യവും ഉറപ്പിച്ചുനിര്‍ത്തി. പക്ഷെ അങ്ങനെയൊരു ദേശീയ പ്രതിച്ഛായ നേടിയെടുക്കാന്‍ അദ്ദേഹത്തിന് സഹായകമായത് ദീര്‍ഘകാല ഡല്‍ഹിവാസവും വിപുലമായ സമ്പര്‍ക്കങ്ങളും തന്നെയാണ്. ഇന്ന് അത്തരത്തിലുള്ള ഒരു ദേശീയനേതൃത്വം ലീഗിനില്ല. പകരം ഉവൈസിയെപ്പോലുള്ള നേതാക്കളാണ് പാര്‍ലമെന്റിലും പുറത്തും നിറഞ്ഞുനില്‍ക്കുന്നത്. സഭയില്‍ അമിത് ഷായുടെ അനുയായികളുടെ ജയ്ശ്രീറാം വിളികള്‍ക്കു ഉരുളയ്ക്ക് ഉപ്പേരി പോലെ ഉവൈസി മറുപടി കൊടുത്തത് ചില്ലറക്കാര്യമല്ല. അത് ന്യൂനപക്ഷ സമുദായത്തിലെ സാധാരണ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കുന്ന പ്രതികരണവും അത്ര നിസ്സാരമായിരിക്കില്ല.
സത്യത്തില്‍, ലീഗ് ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തങ്ങളുടെ സുപ്രധാനമായ ചുമതലകള്‍ തിരിച്ചറിയുന്നതിലും അതിനൊത്തു ഉയരുന്നതിലും പരാജയമാണ് എന്നു തന്നെ പറയണം. ഇതു അധികം വൈകാതെ അവരുടെ രാഷ്ട്രീയ അടിത്തറയില്‍ വിള്ളല്‍ വീഴ്ത്തും എന്നു തീര്‍ച്ചയാണ്. ഇത്തവണ അവര്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് സിപിഎം ഭരണത്തോട് നാട്ടിലെ ജനങ്ങള്‍ക്കുള്ള കടുത്ത പ്രതിഷേധത്തിന്റെ അന്തരീക്ഷത്തിലാണ്. അത് അങ്ങനെതന്നെ നിലനില്‍ക്കും എന്നു അവര്‍ പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ്. ഇക്കാര്യത്തില്‍ കേരളത്തിലെ യുഡിഎഫ് യാഥാര്‍ഥ്യബോധത്തോടു കൂടിയ സമീപനമാണ് സ്വീകരിക്കുന്നത് എന്ന് പറയാനാവില്ല. സിപിഎം അണികളില്‍ ഹിന്ദുസമുദായത്തിലെ ഒരു വിഭാഗം ഇത്തവണ അവരില്‍ നിന്ന് അകലുകയുണ്ടായി. അതിനു ഒരു കാരണം ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് അണികളെ ബോധ്യപ്പെടുത്തുന്നതില്‍ അവര്‍ക്കു പരാജയം സംഭവിച്ചതാണ്. അതിന്റെ നേട്ടങ്ങള്‍ യുഡിഎഫിനാണ് ലഭിച്ചത്. പലേടത്തും ബിജെപി വോട്ടുകള്‍ പോലും ഇത്തവണ യുഡിഎഫിന് അനുകൂലമായി വീണിട്ടുണ്ട്. അതു പക്ഷേ ഇത്തവണത്തെ അസാധാരണ സാഹചര്യം ഒന്നുകൊണ്ടു മാത്രം ഉണ്ടായതാണ്. അടുത്തതവണ ഇതേ തെറ്റുകള്‍ സിപിഎം ആവര്‍ത്തിക്കും എന്ന് കരുതുന്നതില്‍ പ്രസക്തിയില്ലല്ലോ. എല്‍ഡിഎഫ് ഭരണം കഴിഞ്ഞാല്‍ യുഡിഎഫ് എന്ന പാരമ്പര്യം മാത്രമാണ് ലീഗടക്കം യുഡിഎഫ് കക്ഷികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകം.
സ്വന്തം അണികളെ കൂടെനിര്‍ത്തുന്നതില്‍ ലീഗിന് ഇനിയങ്ങോട്ട് വിജയിക്കാന്‍ സാധിക്കുമോ എന്നതാണ് ചോദ്യം. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ശക്തമായ ഫാഷിസ്റ്റ്‌വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ അവര്‍ തയാറാവേണ്ടി വരും. അതിനര്‍ഥം കേന്ദ്രത്തില്‍ ഭരണത്തിലുള്ള ബിജെപി എന്ന കക്ഷിയെയും അതിന്റെ നേതാക്കളെയും തങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങളുടെ പേരില്‍ സുഖിപ്പിച്ചുനിര്‍ത്താനുള്ള വിദ്യകള്‍ ഇനിയങ്ങോട്ട് അധികം പ്രയോഗിക്കാന്‍ സാധ്യമല്ലെന്നു തന്നെയാണ്. രാഷ്ട്രീയം – പ്രത്യേകിച്ച് ന്യൂനപക്ഷ, ദളിത് രാഷ്ട്രീയം – ഇന്ന് വലിയ മാറ്റങ്ങള്‍ക്കു വിധേയമാകുകയാണ്. നിലപാടുകളിലെ കൃത്യതയും ആത്മാര്‍ഥതയും വീണ്ടും വീണ്ടും പരിശോധനാവിധേയമാകും. കച്ചവട താല്പര്യങ്ങള്‍ക്കു ജനതാല്‍പര്യത്തെക്കാള്‍ മുന്‍ഗണന കൊടുക്കുന്നത് ഇനിയങ്ങോട്ട് ദുഷ്‌കരമാവും. അതിനാല്‍ പുതിയ നയങ്ങളും രീതികളും ആഭ്യന്തര ജനാധിപത്യവും പാര്‍ട്ടിയില്‍ അനുവര്‍ത്തിക്കാന്‍ ലീഗ് നേതൃത്വം നിര്‍ബന്ധിക്കപ്പെടും. അണികള്‍ക്കു മാത്രമല്ല, നേതാക്കള്‍ക്കും അച്ചടക്കവും പ്രതിബദ്ധതയും അനിവാര്യമായി വരും. അല്ലെങ്കില്‍ ഇത്തവണ കിട്ടിയ വോട്ടുകള്‍ അടുത്തതവണ വേലിയിറക്കത്തില്‍ ജലം പോലെ ഒഴുകിയകന്നു പോകുന്നത് അവര്‍ നോക്കിനില്‍ക്കേണ്ടി വരും. പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ തണലില്‍ മാത്രം ഇവര്‍ക്ക് അണികളെ കൂടെനിര്‍ത്താന്‍ ലീഗിന്ന് കഴിയാതെ വരും.
എന്‍ പി ചെക്കുട്ടി
You must be logged in to post a comment Login