”ലോകം മാറി. ദൃശ്യവിപ്ലവത്തിലേക്ക് ഇന്റര്‍നെറ്റ് പ്രവേശിച്ചു. വാര്‍ത്താചാനലുകളുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ കാലം പിറന്നു. റോയിട്ടേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ സ്റ്റഡി ഓഫ് ജേണലിസത്തിലെ റസ്മസ് ക്ലീസ് നീല്‍സണും കാര്‍ഡിഫ് സര്‍വകലാശാലയിലെ പ്രൊഫസര്‍ റിച്ചാര്‍ഡ് സംബ്രോക്കും 2016ല്‍ ഈ ദശാസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പരമ്പരാഗത ടെലിവിഷന്‍ കാണല്‍ പ്രക്രിയ സമ്പൂര്‍ണമായി അവസാനിച്ചു എന്ന് അവര്‍ പ്രഖ്യാപിച്ചു. What Happening to Television News? എന്ന പഠനം അമേരിക്കയിലെയും ബ്രിട്ടണിലെയും വാര്‍ത്ത കാണല്‍ നിരക്കില്‍ വന്ന ഗണ്യമായ കുറവിനെ ചൂണ്ടിക്കാട്ടി.
For half a century, traditional television news has been the most widely used, most important, and most shared source of news in most countries. That is not going to change overnight, and television remains an important part of people’s media use and an important source of news for many. But audiences – especially younger audiences – are increasingly moving away from traditional television and towards digital platforms.
Television news providers have yet to find their place in this changing environment. If they do not, they risk irrelevance. And losing touch with the audience will undermine the journalistic mission of television news, as well as the commercial business models and public service justifications for funding it.
എന്നായിരുന്നു അവരുടെ ചൂണ്ടിക്കാട്ടല്‍. അരനൂറ്റാണ്ടായി നിലനില്‍ക്കുന്ന ചാനല്‍ വാര്‍ത്ത എന്ന മാധ്യമ പ്രതിഭാസം ഒറ്റ രാത്രികൊണ്ട് അവസാനിക്കില്ല. പക്ഷേ, ചെറുപ്പക്കാര്‍ പുതിയ വഴികള്‍ തേടുകയാണ്. അവര്‍ വാര്‍ത്തക്ക് ചാനലുകളെ കൂടുതലായി ആശ്രയിക്കുന്നില്ല. മാറുന്ന പരിതസ്ഥിതിക്കനുസരിച്ച് വാര്‍ത്താ ചാനലുകളും മാറണം. പ്രേക്ഷകര്‍ ഇല്ലാതാവുന്നത് നിലനില്പിനെ എല്ലാ അര്‍ഥത്തിലും ബാധിക്കും. അതായിരുന്നു വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയ ആ മുന്നറിയിപ്പ്. കേരളത്തിലെ ചാനലുകളുടെ ജനിതകത്തെ നിര്‍ണയിച്ചതും ആ മുന്നറിയിപ്പാണ്. അല്ലെങ്കില്‍ ആ മുന്നറിയിപ്പിലേക്ക് നയിച്ച സാഹചര്യമാണ്.”
പതിനഞ്ച് മാസം മുന്‍പ് ഇതേ താളുകളില്‍ എഴുതിയ വരികള്‍ ഇപ്പോള്‍ ഓര്‍ക്കുകയാണ്. മാധ്യമം എന്ന മനുഷ്യനിര്‍മിതമായ പുരോഗമന ആശയത്തെ നമ്മുടെ വാര്‍ത്താചാനലുകള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന അന്വേഷണമായിരുന്നു അന്നത്തെ കുറിപ്പ്. ഇപ്പോള്‍ അതോര്‍ക്കാന്‍ ഒരു കാരണം ജനുവരി പതിനൊന്നിനും പന്ത്രണ്ടിനും ചാനലുകളില്‍ നിന്ന് ഇടിഞ്ഞുവീണ അഞ്ച് കെട്ടിടങ്ങളാണ്.
മരടിലാണ്. നിങ്ങള്‍ അറിഞ്ഞതാണ്. തീരദേശ നിയമം ലംഘിച്ചതായി കണ്ടെത്തിയ അഞ്ച് ഫ്ലാറ്റുകളാണ് പൊളിച്ചത്. തീരദേശ നിയമം എന്നാല്‍ ഇപ്പോഴുള്ള തീരദേശ നിയമം അല്ല. ഈ കെട്ടിടങ്ങള്‍ പണിയുമ്പോള്‍ ഉണ്ടായിരുന്ന നിയമം. ഇപ്പോഴത്തെ നിയമപ്രകാരം ആ ഫ്ലാറ്റുകള്‍ക്ക് നില്ക്കാം. കോടതി, അതും സുപ്രീം കോടതി തീര്‍പ്പാക്കിയതാണ്. ഒട്ടും പതിവില്ലാതെ രോഷാകുലമായാണ് വിധി വായിച്ച ജഡ്ജി വായിക്കുമ്പോഴും പിന്നീടും മരടിലെ കെട്ടിടങ്ങളോട് പ്രതികരിച്ചത്. മനുഷ്യര്‍ പാര്‍ക്കുന്ന, പാര്‍ത്ത് പോരുന്ന ഇടങ്ങളാണ്. ഒരു ആവാസ വ്യവസ്ഥയായി മാറിയ ഇടമാണ് തുടങ്ങിയ പരിഗണനയില്‍ സര്‍ക്കാരും വിധി മാറ്റിക്കിട്ടാന്‍ കോടതിയില്‍ ചെന്നു. പൂര്‍വനിശ്ചിതമായ ഒന്നായിരുന്നു പക്ഷേ, വിധി. നിയമവിരുദ്ധ നിര്‍മാണം പൊളിക്കാന്‍ തീരുമാനിച്ചു. പൊളിച്ചു.
വാര്‍ത്തയാണ്. രണ്ട് തലത്തില്‍ വായിക്കപ്പെടേണ്ട വാര്‍ത്തയാണ്. ഒന്ന് ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാകാവുന്ന പാരിസ്ഥിതിക വാര്‍ത്തയാണ്. എങ്ങനെ? ഒന്നാമതായി അത് അനധികൃത കയ്യേറ്റങ്ങള്‍ക്ക് ചെറുതായെങ്കിലും ഒരു താക്കീത് നല്കുന്നു. കയ്യേറിയ, നിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ എല്ലാം ശരിയാക്കിത്തരാം എന്ന വ്യാജവാഗ്ദാനത്തില്‍ വീണ് വാങ്ങിക്കുടുങ്ങാന് ആളുകള്‍ മടിക്കുമെന്ന നില സൃഷ്ടിക്കുന്നു. രണ്ടാമതായി വന്നിര്മിതികളുടെ തകര്‍ക്കല്‍ അന്തരീക്ഷത്തിലുണ്ടാക്കുന്ന ഘടനാമാറ്റം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍; അതിനുള്ള പ്രതിവിധികള്‍. നിശ്ചയമായും അത് ചര്‍ച്ച ചെയ്യപ്പെടണം. അത് സംബന്ധിച്ച വിവരങ്ങള്‍ വിദഗ്ധരില്‍ നിന്ന് ശേഖരിക്കണം. ജനങ്ങളില്‍ എത്തിക്കണം. അതിനാണല്ലോ മാധ്യമങ്ങള്‍.
രണ്ടാമത് ഒരു തലമുണ്ട്. അത് കേവല മാനുഷികതയുടേതാണ്. വീട് നഷ്ടമാവുക എന്നത്. ”തരുന്നു ഞാന്‍ വീട് പക്ഷേ, തരുന്നില്ല വീട്ടിനുള്ളം” എന്ന് സച്ചിദാനന്ദന്. വീട് അതില്‍ പാര്‍ക്കുന്നവര്‍ക്ക് ഒരു കെട്ടിടമല്ല. കേരളത്തില്‍ പ്രത്യേകിച്ചും. വീട് അവിചാരിതമായി, അഥവാ വഞ്ചിക്കപ്പെട്ട് ഒഴിഞ്ഞുപോവുക എന്നത് വാര്‍ത്തയാണ്. ആ വിഷമതകള്‍ വാര്‍ത്തയാണ്. മലയാള ടെലിവിഷനുകളും അവയ്ക്ക് പിന്നില്‍ ഓട്ടം തുടങ്ങിയ ദിനപത്രങ്ങളും അവയുടെ മിശ്രിതമായ ഓണ്‍ലൈനുകളും അതെല്ലാം ആവും പടി ചെയ്തു. ജനുവരി 11 വരെ.
ചലന ദൃശ്യമെന്ന നിലയിലുള്ള വാര്‍ത്തകളുടെ പരിചരണം മാധ്യമ പഠനങ്ങളുടെ ഭാഗമാണ്. ദൃശ്യങ്ങള്‍, വാര്‍ത്താന്വേഷണ വേളയില്‍ കൈവരുന്ന ദൃശ്യങ്ങളെ എങ്ങനെ പരിചരിക്കണം എന്ന ആശയമാണത്. വയലന്‍സ് എന്ന വലിയ ആശയവുമായി ചേര്‍ത്ത് നിര്‍ത്തി വ്യവഹരിക്കപ്പെടുന്ന ഒന്നാണത്. അമേരിക്കയിലെ ട്വിന്‍ ടവര്‍ പതനാനന്തരം നടന്ന സംവാദങ്ങളില്‍ ആകെട്ടിടത്തിന്റെ വീഴ്ചയുടെ വിഷ്വലുകള്‍ ലോകവ്യാപകമായി ഉണ്ടാക്കിയ ഇംപാക്ടുകള്‍ ദീര്‍ഘമായി പഠിക്കപ്പെട്ടിട്ടുണ്ട്. പതിയുന്ന ദൃശ്യങ്ങളെല്ലാം സംപ്രേഷണം ചെയ്യണോ എന്ന ചോദ്യമായിരുന്നു അന്ന് ഉയര്‍ന്ന പ്രധാനപ്പെട്ട ഒന്ന്. പതിഞ്ഞതില്‍ ആഘാതം കുറഞ്ഞവ ആരവങ്ങളില്ലാതെ സംപ്രേഷണം ചെയ്യുക എന്ന നിലപാടിന്റെ ആവശ്യകത അന്ന് ചര്‍ച്ചയില്‍ വന്നു. കാഴ്ചയിലെ ഹിംസ എന്ന പ്രമേയമാണ് ആ ചര്‍ച്ചകളുടെ അടിത്തറ ആയത്. കാഴ്ചയിലേക്കുള്ള വയലന്‍സിന്റെ ഇടിച്ചുകയറല്‍ സംബന്ധിച്ച പര്യാലോചനകള്‍ നടന്നു. 2001-ലാണ്. പരിഷ്കൃത ലോകത്തിന്റെ മാധ്യമസംവാദങ്ങളില്‍ ഇപ്പോഴും ദൃശ്യവും ആഘാതവും ധാരാളമായുണ്ട്. നോക്കൂ, ലോകത്തിന്റെ ശാക്തിക ബലാബലത്തെ അടിമുടി മാറ്റിമറിച്ച, ലോകത്തിന്റെ ക്രമത്തെ രണ്ടായി പിളര്‍ത്തിയ സെപ്തംബര്‍ 11 നെക്കുറിച്ചാണ് ആ ചര്‍ച്ചകള്‍.
19 വര്‍ഷത്തിനിപ്പുറത്തെ കേരളത്തെ കാണാം. പാരിസ്ഥിതികത, മാനുഷികത എന്നീ രണ്ട് നിലകളില്‍ വാര്‍ത്താപ്രാധാന്യമുള്ള ഒരു കെട്ടിടം പൊളിക്കല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. കേരളത്തിന്റെ ദൃശ്യമാധ്യമ രംഗത്തെ കൂട്ടദുരന്തമാണ് അരങ്ങേറിയത്. മാതൃഭൂമി ചാനലിന്റെ മുതിര്‍ന്ന റിപ്പോര്‍ട്ടര്‍ ബിജു പങ്കജ് റിപ്പോര്‍ട്ടിംഗ് റെക്കോഡിട്ടു. എങ്ങനെയെന്നല്ലേ? നിയമപരമായി, സര്‍വസുരക്ഷയും ഒരുക്കി, പകല്‍ വെളിച്ചത്തില്‍, ജനങ്ങളുടെ മുന്നില്‍, മാധ്യമങ്ങളുടെ മുന്നില്‍, മുന്‍കൂട്ടി സമയം പ്രഖ്യാപിച്ച് നടത്തിയ പൊളിക്കല്‍ പരിപാടിയുടെ ഏറ്റവും സമഗ്രമായ ദൃശ്യം സംഘടിപ്പിച്ചതിന്. എങ്ങനെയെന്നല്ലേ, സുരക്ഷ ഒരുക്കാന്‍, മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ച കെട്ടിടത്തില്‍ അതിക്രമിച്ച് കയറി കക്കൂസില്‍ ഒളിച്ചിരുന്ന്. യുദ്ധഭൂമിയല്ല, ഒരു ക്രൈം നടക്കുന്നില്ല, കയ്യേറ്റം നടക്കുന്നില്ല, മാധ്യമ വിലക്കുകള്‍ ഇല്ല എന്നിട്ടും നടത്തിയ ആ അതിക്രമിക്കലില് ഒരു ദുരന്ത സൂചനയുണ്ട്. മലയാള ദൃശ്യമാധ്യമ രംഗം വീണുകിടക്കുന്ന അഗാധവും മലീമസവുമായ ഗര്‍ത്തത്തിന്റെ.
ഒരു ചാനല്‍ മാത്രമെന്ന് കരുതിയോ? അല്ല. മൂന്ന് സൈറണുകള്‍ക്കിടയില്‍ ചാനലുകള്‍ വിതറിയ വാക്കുകളിലെ അത്യാവേശം ഓര്‍മിക്കുന്നുവോ? മനോഹരമായ കാഴ്ച എന്ന് ആവര്‍ത്തിച്ചു ചിലര്‍. പദാവലികളില്‍ ദീക്ഷിക്കേണ്ട സൂക്ഷ്മതകള്‍ സംബന്ധിച്ച് മാധ്യമ മനഃശാസ്ത്ര പഠനങ്ങള്‍ ബഹുകാതം മുന്നോട്ട് പോയ ഒരു ലോകത്തെ ദൃശ്യമാധ്യമങ്ങളാണ് വ്യവസ്ഥയുടെ വീഴ്ചയാല്‍ നിലം പൊത്തുന്ന മനുഷ്യനിര്‍മിതികളുടെ മുന്നിലേക്ക് ക്യാമറ വെച്ച് മനോഹരം, മനോഹരം എന്ന് അലറിയത്. ഹിംസയോടുള്ള ഭ്രാന്തോളം പോന്ന ഐക്യപ്പെടലിന്റെ ചരിത്ര മുഹൂര്‍ത്തങ്ങളായിരുന്നു മലയാളം ചാനലുകളിലെ ആ മണിക്കൂറുകള്‍. ചാനലുകള്‍ ഒന്നടങ്കം അണിനിരന്ന ആ ആര്‍പ്പുവിളികള്‍ വയലന്‍സിന്റെ ഉല്സവാഘോഷമായി മാറി.
കാഴ്ചയും വയലന്‍സും തമ്മിലുള്ള പാരസ്പര്യം അഥവാ വയലന്‍സിന്റെ കാഴ്ചാഭംഗിയോടുള്ള അഭിരാമം സംബന്ധിച്ച സംവാദങ്ങള്‍ ബോധപൂര്‍വം ആവര്‍ത്തിക്കുന്ന ഒരു പ്രമേയം ഫാസിസം എന്നാണ്. ഹിംസയില്‍ അറിഞ്ഞോ അറിയാതെയോ ദര്‍ശിക്കുന്ന സൗന്ദര്യത്തിന് രാഷ്ട്രീയത്തില്‍ ചാര്‍ച്ചയുള്ളത് ഫാഷിസത്തോടാണ്.
ജനങ്ങള്‍ക്ക് കൗതുകമുള്ള, അവര്‍ കാണുമെന്നുറപ്പുള്ള, പലനിലകളില്‍ വാര്‍ത്താപ്രാധാന്യമുള്ള ഒരു സംഭവം ആവേശപൂര്‍വം മല്‍സരബുദ്ധിയോടെ റിപ്പോര്‍ട്ട് ചെയ്തു എന്ന ഒറ്റക്കാര്യത്തെ മുന്‍നിര്‍ത്തി നടത്തുന്ന അതിവാദങ്ങളായി തോന്നുന്നുണ്ടോ? അങ്ങനെ തോന്നാവുന്നതാണ്. അങ്ങനെ തോന്നി, ആവശ്യമുണ്ടായിരുന്നില്ലാത്ത ഔചിത്യത്തോടെ നാം പിന്‍വലിച്ച വാദങ്ങളുടെ തണലിലാണ് നമുക്ക് ചുറ്റുമുള്ള ഓരോ പ്രകാശവും കെട്ടുപോയത്. പ്രാതിനിധ്യം എന്ന ഒറ്റക്കാരണത്തെ മുന്‍നിര്‍ത്തി ചാനലുകള്‍ വാര്‍ത്താമുറിയിലേക്ക് ആനയിച്ച അവിവേകികളെ കുറിച്ച് നാം പുലര്‍ത്തിയ നിശബ്ദതയില്‍ നിന്നാണ് ഇന്ന് മുറിച്ച് മാറ്റാനാവാത്ത അര്‍ബുദമായി അവരില്‍ ചിലര്‍ പടര്‍ന്നത്. അവരുടെ ആക്രോശങ്ങളെ താല്‍ക്കാലിക ഹരത്തിനായി പ്രോത്സാഹിപ്പിച്ച അവതാരകര്‍ക്ക് നാം നല്കിയ കയ്യടികളാണ് കുറ്റ്യാടിയില്‍ ഗുജറാത്ത് ഓര്‍മയുണ്ടോ എന്ന് അട്ടഹസിച്ച് ജാഥനടത്താനുള്ള ആത്മവീര്യമായത്. ഗുജറാത്ത് വംശഹത്യക്ക് തൊട്ടുമുന്‍പുള്ള മാസങ്ങളില്‍ ഗുജറാത്ത് മാധ്യമങ്ങളില്‍ പലതും നടത്തിയ റിപ്പോര്‍ട്ടിംഗുകള്‍ മുസ്ലിംകളെ അന്യവല്കരിച്ച്, ശത്രുപക്ഷത്ത് നിര്‍ത്തുന്നതായിരുന്നു എന്ന് ഇന്ന് മനസിലാക്കുന്നുണ്ടല്ലോ?. സമാനമാണ് ഹിംസയെ ആനന്ദമാക്കുന്ന കാഴ്ചകളോട് നാം നിസംഗരായിരുന്നാല്‍ സംഭവിക്കുക.
ആഘോഷത്തെയും ഹിംസയെയും ദുരന്തത്തെയും ആനന്ദാനുഭവമാക്കി വിപണനം ചെയ്യുന്നത് വിനോദവിപണിയില്‍ പുതുമയല്ല. ഡിസാസ്റ്റര്‍ ടൂറിസം, സ്ലം ടൂറിസം എന്നെല്ലാം നമ്മള് ഇന്ന് തിരിച്ചറിയുന്ന, ഇപ്പോള്‍ വ്യാപകമായ പ്രക്രിയകള്‍ ഈ വിപണിയിലെ ഘടകങ്ങളാണ്. മനുഷ്യര്‍ മണ്ണിന്നടിയില്‍ പുതഞ്ഞ കവളപ്പാറയിലേക്ക് പ്രളയനാളുകളില്‍ ഒഴുകിയ ടൂറിസ്റ്റുകളുടെ സാമൂഹ്യ നില ശ്രദ്ധിച്ചിരുന്നോ? അവരില്‍ മഹാഭൂരിപക്ഷവും വന്നത് വാടകജീപ്പുകളിലും വിലകുറഞ്ഞ കാറുകളിലും സൈക്കിളുകളിലും കാല്‍നടയായും ആയിരുന്നുവല്ലോ? അതായത് അടിസ്ഥാന-മധ്യവര്‍ഗങ്ങള്‍. ഇനി ഇത് കേള്‍ക്കൂ. ന്യൂസ് ചാനലുകളിലെ ദുരന്താഘോഷങ്ങളുടെ മുഴു സമയ പ്രേക്ഷകരില്‍ ഏറിയ പങ്കും ആരാണ്? ആരെല്ലാമാണ് മരട് പൊളിക്കല്‍ നേരില്‍ കാണാന്‍ പുലര്‍കാലം നോക്കി നഗരത്തിലെത്തിയത്? സാമാന്യവല്കരണമാണ് എന്ന ആക്ഷേപം അംഗീകരിക്കുന്നു. എന്നാല്‍ ചില സാമാന്യവല്കരണങ്ങള്ക്ക് ചില സത്യത്തിലേക്കുള്ള താക്കോല്‍ ദ്വാരം കാട്ടിത്തരാനാവും.
ഇനി മറ്റൊന്ന് ശ്രദ്ധിച്ചുവോ? ശബരിമല വിധിക്കെതിരെ തെരുവില്‍ ഇറങ്ങിയതും തലതല്ലിപ്പൊളിച്ചതും ചാനലിനു മുമ്പില്‍ തെറിയാട്ട് നടത്തിയതും ആരാണ്? എന്താണ് അവരുടെ വര്‍ഗനില?
മരടിലെ ദുരന്താഘോഷവും കക്കൂസ് റിപ്പോര്‍ട്ടിംഗും ഉത്പാദിപ്പിക്കുന്ന ആനന്ദാനുഭവം ഒരു രാഷ്ട്രീയ പ്രയോഗത്തിലേക്ക് മാറിയാല്‍ അവരുടെ തിരഞ്ഞെടുപ്പ് വിധ്വംസക വര്‍ഗീയതയായിരിക്കും. കാരണം വിധ്വംസക വര്‍ഗീയതയോളം വിദ്വേഷത്തിന് അതിവേഗം വളരാനും സാഡിസത്തിന് പടരാനും കഴിയുന്ന മറ്റൊരിടമില്ല.
അടിച്ചുപൊളിക്കാം എന്ന വാക്ക് നിങ്ങള്‍ ഓര്‍ക്കൂ. എന്തായിരുന്നു പോയകാലങ്ങളില്‍ ആ വാക്കിന്റെ അര്‍ഥം? ആ വാക്ക് എങ്ങനെയാണ് ആഘോഷിക്കുക എന്ന ആനന്ദപ്രവൃത്തിയുടെ പര്യായമായി മാറിയത്? എങ്ങനെയാണ് വാക്കുകള്‍ വിപരീതാര്ഥത്തിലേക്ക് രൂപം മാറുന്നത്. എന്താണ് അര്‍ഥത്തിന്റെ ഈ വിപരിണാമത്തിന് പിന്നിലെ രാഷ്ട്രീയം?
വാക്കുകള്‍ അര്‍ഥം മാറുന്നത് ഒരു ലളിത പ്രക്രിയ അല്ല. ആ പ്രക്രിയക്ക് പിന്നില്‍ സാമൂഹ്യ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയം ഇടപെടുന്നുണ്ട്. ഹിംസയെ, വിധ്വംസകതയെ ആനന്ദാനുഭവമാക്കുന്ന ഒരു പരിസരത്താണ് വാക്കുകള്‍ അര്‍ഥം മാറുന്നത്. ഒന്നും ലളിതമല്ല എന്ന് ഓര്‍മിക്കാം.
പതിനഞ്ച് മാസം മുന്‍പ് നമ്മള് ഇതേ വിഷയം സംസാരിക്കുമ്പോള്‍ ചാനല്‍ അവതരണങ്ങള്‍ നമ്മുടെ ജനാധിപത്യ ബോധത്തെ എങ്ങനെ തകര്‍ക്കുന്നു എന്നായിരുന്നു നാം ആശങ്കപ്പെട്ടത്. പൗരത്വ നിയമ പ്രക്ഷോഭത്തില്‍ ചാനലുകള്‍ തുറന്നുവിട്ട ഭരണകൂട സംരക്ഷകരുടെ വാക്കുകള്‍, ആ വാക്കുകള്‍ പ്രസരിപ്പിക്കുന്ന അതിഹിംസാത്മകമായ അസഹിഷ്ണുത എല്ലാം നിങ്ങള്‍ കാണുന്നുണ്ട്. വീണ്ടും നാം അതേ ചാനലുകളെക്കുറിച്ച് പറയുമ്പോള്‍ ആശങ്കയെക്കാള്‍ പൊതിയുന്നത് ഭയമാണ്. ഹിംസ ആനന്ദമാകുന്ന ഒരു കാലം ശൂലത്തില്‍ കുത്തിയെടുത്ത ഭ്രൂണത്തെ എങ്ങനെയാണ് ആഘോഷിക്കുക?
ബിനോജ് സുകുമാരന്‍
You must be logged in to post a comment Login