മുസ്‌ലിമിന്റെ ഹൃദയത്തെയാണ് നിങ്ങള്‍ നെടുകെ പിളര്‍ത്തിയത്

മുസ്‌ലിമിന്റെ ഹൃദയത്തെയാണ് നിങ്ങള്‍ നെടുകെ പിളര്‍ത്തിയത്

അതീവ ഖേദത്തോടെയും ലോകമെമ്പാടുമുള്ള കോടിക്കണക്കായ വിശ്വാസി മുസ്ലിമിനോടുള്ള ക്ഷമാപണത്തോടെയുമാണ് ഈ കുറിപ്പ് ആരംഭിക്കുന്നത്. ക്ഷമാപണത്തിനുള്ള കാരണം തികച്ചും വ്യക്തിപരമായ ഒരനുഭവമാണ്. രാഷ്ട്രീയവും സാമൂഹിക സന്ദര്‍ഭങ്ങളും വിശകലനം ചെയ്തുപോരാറുള്ള ഈ പംക്തിയില്‍ വ്യക്ത്യാനുഭവങ്ങള്‍ തീരെ പരാമര്‍ശിക്കാറില്ല. വ്യക്തിപരമായതും രാഷ്ട്രീയമാണ് എന്ന ബോധ്യമുണ്ടായിരിക്കുമ്പോള്‍ തന്നെ വൈയക്തികവും ആവര്‍ത്തിക്കാത്ത വിധം ഒറ്റപ്പെട്ടതുമായ അനുഭവങ്ങളില്‍ നിന്ന് നിഗമനങ്ങള്‍ രൂപപ്പെടുത്തുന്നതിലെ അപകടത്തെ മുന്‍നിര്‍ത്തിയായിരുന്നു ആ കരുതല്‍. ആദ്യ വാക്ക് ആവര്‍ത്തിക്കട്ടെ, അതീവ ഖേദത്തോടെ ആ പതിവ് തെറ്റിക്കുകയാണ്.

ഇതെഴുതുന്നയാള്‍ വിശാലമായ അര്‍ഥത്തില്‍ വിശ്വാസിയല്ല. എല്ലാ വിശ്വാസികള്‍ക്കും എല്ലാ മതങ്ങള്‍ക്കും തുല്യാവകാശമുള്ള ഒരു സമൂഹത്തിനേ ജീവിതമെന്ന മഹാസൗന്ദര്യത്തെ ആവിഷ്‌കരിക്കാനാവൂ എന്ന് വിശ്വസിക്കുന്നയാളാണ്. ബഹുസ്വരതയുടെ മഴവില്‍ ലോകമേ വരൂ എന്ന് ക്ഷണിക്കുന്നയാളാണ്. വിശ്വാസിയുടെ സ്വാസ്ഥ്യങ്ങളെ ആദരിക്കുന്നയാളാണ്. അത്തരത്തിലുള്ള ഒരു ജീവിതനിലയിലേക്ക് ഈ ലേഖകന്‍ പുതുക്കപ്പെട്ട ഒരു സങ്കടകരമായ സന്ദര്‍ഭത്തെയാണ് ആമുഖമായി ഓര്‍ക്കുന്നത്.

ഇടതുപക്ഷത്തോടൊപ്പം, അതിന്റെ സംഘാടനങ്ങള്‍ക്കൊപ്പം പലനിലകളില്‍ സജീവമായിരുന്ന കാലമായിരുന്നു അത്. മതാനുഭവരഹിതമായ ഒരു ജീവിത പരിസരത്ത് നിന്ന് വന്നയാള്‍ എന്ന നിലയില്‍ മതങ്ങളോടും അതിന്റെ അധ്യയനങ്ങളോടും ഇപ്പോള്‍ അനാവശ്യമായിരുന്നു എന്ന് ഉറപ്പുള്ള മുന്‍വിധികള്‍ ധാരാളമായി ഉണ്ടായിരുന്നു. അക്കാലത്ത് ഞങ്ങളുടെ സംവാദഭരിതമായ സായാഹ്നങ്ങളിലെ ചങ്ങാതിയായിരുന്നു സവാദ് റഹ്മാന്‍. ഇടതുപക്ഷത്തോടൊപ്പം സഞ്ചരിക്കുന്ന ഒരു വിശ്വാസി മുസ്ലിം. മതരാഷ്ട്രീയത്തെയും മൗദൂദിസത്തെയും അതുണ്ടാക്കുന്ന നാനാതരം സംഘര്‍ഷങ്ങളെയും സംബന്ധിച്ച ഒരു സംവാദത്തില്‍ സവാദ് പങ്കാളിയായി. ഗൗരവമുള്ള നിരീക്ഷണങ്ങള്‍ അയാള്‍ സൂക്ഷ്മമായി അവതരിപ്പിച്ചു. കടുത്ത യുക്തിവാദികളായിരുന്ന ചിലര്‍ സംഘത്തിലുണ്ടായിരുന്നു. സ്വാഭാവികമായും അവര്‍ സര്‍വ മതങ്ങളെയും വിമര്‍ശിക്കാന്‍ തുടങ്ങി. സവാദ് അപ്പോഴും വിശ്വാസം സംബന്ധിച്ച നിരീക്ഷണങ്ങള്‍ സമചിത്തമായി അവതരിപ്പിച്ചതോര്‍ക്കുന്നു. യുക്തിവാദികള്‍ക്ക് അക്കാലത്തും എക്കാലത്തും സഹജമായ മതപരിഹാസത്തിലേക്ക് ചര്‍ച്ച വഴിതെറ്റി. അവരിലൊരാള്‍ ഖുര്‍ആനെയും നബിയെയും സംബന്ധിച്ച് ചില പരാമര്‍ശങ്ങള്‍ നടത്തി. സവാദ് പെട്ടെന്ന് നിശ്ശബ്ദനായി. സംസാരിക്കാന്‍ ശ്രമിച്ച അയാളുടെ ശബ്ദമിടറുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഖുര്‍ആനെക്കുറിച്ച് മറുപടി പറയവേ അയാളിലുണ്ടായ ഒരാന്തല്‍ എന്നെ പൊള്ളിച്ചു. നമുക്ക് ഈ വിഷയം വിട്ടുകൂടേ എന്ന് ആരാഞ്ഞ് അയാള്‍ സംസാരം നിര്‍ത്തി.

മടക്കത്തില്‍ എന്തുപറ്റി എന്ന് ഞാന്‍ ചോദിച്ചു. ‘എന്നോട് ക്ഷമിക്കണം, ഞാന്‍ വിശദീകരിച്ചാലും മുസ്ലിം അല്ലാത്ത നിങ്ങള്‍ക്ക് അത് മനസിലാവണമെന്നില്ല.’ എന്നായിരുന്നു മറുപടി. കരച്ചിലോളം പോന്ന ഒരിടര്‍ച്ച ആദ്യമായി അയാളില്‍ കണ്ട അമ്പരപ്പിലായിരുന്നു ഞാന്‍. സാഹോദര്യത്തോടെ നിര്‍ബന്ധിച്ചപ്പോള്‍ അയാള്‍ തുടര്‍ന്നു: ‘മറ്റ് മതങ്ങളുടെ കാര്യം എനിക്ക് അത്ര വ്യക്തമായി പറയാനാവില്ല. പക്ഷേ, ഒരു മുസ്ലിമിനെ സംബന്ധിച്ച് ഖുര്‍ആനും പ്രവാചകനും അയാളില്‍ നിന്ന് വേറിട്ട ഒന്നല്ല. അത് സ്വാഭാവികമായി വന്നുചേരുന്ന അവസ്ഥയാണ്. നിങ്ങള്‍ ടെക്സ്റ്റ് എന്ന വാക്കുപയോഗിച്ച് പറയാന്‍ ശ്രമിച്ച ഖുര്‍ആന്‍ ഞങ്ങള്‍ക്ക് അങ്ങനെ ഞങ്ങളില്‍ നിന്ന് വേറെ നില്‍ക്കുന്ന ഒന്നല്ല. ഞങ്ങളുടെ സത്തപോലെ ഒന്നാണ്. ഞങ്ങളാണ്. ഒരു മുസ്ലിമിന് ഖുര്‍ആനോടുള്ളത് നിങ്ങള്‍ കരുതുന്നപോലെ സംവാദാത്മകമായ ബന്ധമല്ല. മുസ്ലിം സത്ത എന്നാല്‍ ഖുര്‍ആനാണ്, പ്രവാചകനാണ്. അതൊരു അണ്‍കണ്ടീഷണല്‍ എന്ന് പറയുന്ന, ഉപാധികള്‍ സങ്കല്‍പിക്കാനേ വയ്യാത്ത ഒന്നാണ്. അതുകൊണ്ടാണ് അസ്ഥാനത്ത് അനാദരവോടെ ഖുര്‍ആന്‍ എന്ന് ഉച്ചരിക്കപ്പെടുമ്പോള്‍ ഞങ്ങള്‍ക്ക് മുറിയുന്നത്. മുറിവ് എന്ന് പറയുമ്പോള്‍ ചെറുതായി കാണരുത്. ഞങ്ങള്‍ മുറിഞ്ഞു വീഴുകയാണെന്ന് മനസിലാക്കണം. ഞങ്ങള്‍ ഉള്ളില്‍ ആര്‍ത്തലച്ച് കരയുക പോലും ചെയ്യും. ഇത്രയുമേ എനിക്ക് നിങ്ങളോട് പറയാനാവൂ. ഞാന്‍ പറഞ്ഞതിനേക്കാള്‍ വലുതാണ്, വളരെ വലുതാണ് ഒരു മുസ്ലിമിന് ഖുര്‍ആന്‍. അത് അയാള്‍ തന്നെയാണ്. ‘ വിശ്വാസത്തെ സംബന്ധിച്ച് ഞാന്‍ പുലര്‍ത്തിയ ബോധ്യങ്ങള്‍ അടിയോടെ പൊട്ടിപ്പിളരുന്നത് ഉള്ളില്‍ അറിഞ്ഞു. മനുഷ്യര്‍ക്ക് എത്ര വലുതാണ് അവരുടെ വിശ്വാസജീവിതമെന്ന് അമ്പരന്നു. അക്ഷരാര്‍ഥത്തില്‍ വാക്കുമുട്ടി. അതിനാലാണ് കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ മാധ്യമങ്ങളിലും പൊതുസമൂഹത്തിന്റെ പലവിധ അടരുകളിലും തരിമ്പും ആദരവില്ലാതെ, പലപ്പോഴും അപമാനിക്കും വിധത്തില്‍ ഖുര്‍ആന്‍ എന്ന പദം ആവര്‍ത്തിക്കപ്പെട്ടതില്‍ ഒരു മലയാളി എന്ന നിലയിലും മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലും വിശ്വാസി മുസ്ലിമിനോട് ആരംഭത്തില്‍ മാപ്പ് ചോദിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സവാദ് എന്ന മുസ്ലിം ചെറുപ്പക്കാരനുമുന്നില്‍ വാക്കുമുട്ടി നിന്ന അതേ മനോനിലയിലാണ് ആ വരികള്‍ എഴുതിയതും.
ബാബരി അനന്തര മുസ്ലിം ജീവിതം ഇന്ത്യയില്‍ ഒരു പുതിയ പ്രമേയമല്ല. മുസ്ലിം അപരവത്കരണം ഒരു സംഘടിത പ്രവൃത്തിയാണെന്നും അതിന് പിന്നില്‍ അതികണിശമായ താല്‍പര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നാം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇസ്ലാമോഫോബിയ എന്ന് ഇക്കാലത്ത് സുവ്യക്തമായിക്കഴിഞ്ഞ ആ മനോനില വിജയിച്ച ഒരു രാഷ്ട്രീയ പ്രയോഗമാണ്. കൃത്യമായ ഇടവേളകളില്‍ പലരൂപത്തില്‍ ചമക്കപ്പെടുന്ന വാര്‍ത്തകളിലൂടെയാണ് അത് പ്രവര്‍ത്തന സജ്ജമാവുന്നത്. 2014-ലെ മോഡിയുടെ അധികാരാരോഹണം ആ രാഷ്ട്രീയ ആയുധത്തിന്റെ കൂടി സൃഷ്ടിയായിരുന്നു. ഉത്തരേന്ത്യയിലെമ്പാടും മുസ്ലിം വിരുദ്ധ ആഖ്യാനങ്ങള്‍ നിര്‍മിക്കപ്പെട്ടു; പ്രചരിക്കപ്പെട്ടു. എന്തായിരുന്നു ആ ആഖ്യാനങ്ങളുടെ വിജയാനന്തര ആഘാതം? ഒരു മതം എന്ന നിലയിലെ മുസ്ലിം സാന്നിധ്യത്തെ, ആ സാന്നിധ്യത്തിന്റെ അന്തസ്സാര്‍ന്ന നിലയെ അത് അഴിച്ചുകളഞ്ഞു. വ്യക്തമാക്കാം. മുസ്ലിം വിരുദ്ധ നരേഷനുകള്‍ മുസ്ലിം ചിഹ്നങ്ങളെ അപമാനവീകരിച്ചു. മുസ്ലിം സാന്നിധ്യത്തെ അപമാനകരമായ ഒന്നായി അത് പഠിപ്പിച്ചു. മുസ്ലിം ആത്മസത്തയുടെ ഭാഗമായ വിശുദ്ധഗ്രന്ഥവും പ്രവാചകനും മുസ്ലിം ജീവിതക്രമവുമെല്ലാം ഇത്തരത്തില്‍ അക്രാമക ആഖ്യാനങ്ങള്‍ക്ക് വിധേയമായി. മുസ്ലിംകള്‍ക്ക് നേരെ നടന്ന കടുത്ത കയ്യേറ്റങ്ങള്‍ ന്യായീകരിക്കുന്ന മനോനിലയിലേക്ക് മുസ്ലിം ഇതര ജനതയെ എത്തിക്കാന്‍ ഇത്തരം നരേഷനുകള്‍ സഹായിച്ചു. മുസ്ലിം മതവിശ്വാസത്തോട് ബഹുമാനമില്ലാതാക്കുക എന്ന പ്രവൃത്തി സംഘടിതമായി നടന്നു. അതില്‍ സംഘപരിവാര്‍ വന്‍തോതില്‍ വിജയിച്ചു. മുസ്ലിം സമം ദേശവിരുദ്ധര്‍ എന്ന, പ്രചുരപ്രചാരം നേടിയ ആഖ്യാനം ഓര്‍ക്കുക. എന്തായിരുന്നു ആ ആഖ്യാനത്തിന്റെ പരിണതി? മുസ്ലിമിന്റേതല്ല ഈ ദേശം എന്ന മറ്റൊരു നരേഷന്റെ പിറവി. ഇത്തരത്തിലാണ് മുസ്ലിം അപരവത്കരണം ഇന്ത്യയില്‍ സംഘടിതമായി നടപ്പാക്കപ്പെട്ടത്.

കേരളത്തില്‍ പക്ഷേ, ഈ നീക്കം തുടക്കം മുതല്‍ പരാജയപ്പെട്ടു. അവതരിപ്പിക്കപ്പെട്ട ഭീകരതാ നരേഷനുകള്‍ സംഘടിതമായി എതിര്‍ക്കപ്പെട്ടു. മുസ്ലിം സമുദായത്തിനകത്ത് നിന്ന് ഉയര്‍ന്നുവന്ന വിധ്വംസകമായ പ്രവണതകളെ; ജമാ അത്തെ ഇസ്ലാമിയുടെ മുഖംമൂടികള്‍ ഉള്‍പ്പടെ മുഖ്യധാര മുസ്ലിം സംഘടനകള്‍ മുഖമടച്ച് തള്ളിക്കളഞ്ഞു. ഇതര മതാനുഭവങ്ങളോട് സാഹോദര്യപ്പെട്ട് ഇവിടത്തെ വിശ്വാസി ജീവിതം മുന്നോട്ടുതന്നെ പോയി. മുസ്ലിം ലീഗ് എന്ന പാര്‍ട്ടി, അതേ വിഭജനത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തുന്ന പേരിനെ നെറ്റിയില്‍ വഹിക്കുന്ന പാര്‍ട്ടി, പേരില്‍ മുസ്ലിമിനെ വഹിക്കുന്ന പാര്‍ട്ടി കേരളത്തിലെ ഏറ്റവും വലിയ മൂന്നാം കക്ഷി പോലുമാണെന്ന് ഓര്‍ക്കണം. ആ മുസ്ലിം ലീഗിനും അപരവത്കരണത്തിന്റെയോ ചാപ്പകുത്തലിന്റെയോ അനുഭവങ്ങളിലേക്ക് സഞ്ചരിക്കേണ്ടി വന്നില്ല. അതിനും കാരണം ഹിന്ദുത്വയുടെ അത്തരം നീക്കങ്ങളെ വേരോടെ ചെറുക്കുന്ന ഒരു സാമൂഹിക നില കേരളത്തില്‍ ഉണ്ടായിരുന്നു എന്നതാണ്. മറ്റൊന്ന് മലയാള മാധ്യമങ്ങളുടെ സമീപനവും. കേരളത്തിന്റെ പൊതുബോധത്തെ അത്യാഴത്തില്‍ നിര്‍ണയിക്കാന്‍ കെല്‍പുള്ള മലയാള മനോരമയും മാതൃഭൂമിയും പലതരം കാരണങ്ങളാല്‍, റോബിന്‍ ജെഫ്രി നിരീക്ഷിക്കുന്നതുപോലെ വിപണിപരമായ കാരണങ്ങളാല്‍ ഉള്‍പ്പടെ, കേരളത്തിന്റെ മതേതര നിലയെ അപകടപ്പെടുത്താന്‍ തുനിഞ്ഞിരുന്നില്ല. ദൃശ്യമാധ്യമങ്ങളും അതേ വഴി തുടര്‍ന്നു.

ആ നില തകര്‍ക്കപ്പെട്ടിരിക്കുന്നു. മലയാളി മുസ്ലിമിനെ അപമാനകരമായ അപരവത്കരണത്തിലേക്ക് വലിച്ചെറിയാനുള്ള സംഘപരിവാര്‍ ഗൂഡാലോചന ഇതാദ്യമായി കേരളത്തില്‍ വിജയകരമായി പരീക്ഷിക്കപ്പെട്ടിരിക്കുന്നു. അധികാരക്കൊതി മാത്രം മുന്‍നിര്‍ത്തി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആ വലിച്ചെറിയലിന് കൂട്ടുനിന്നിരിക്കുന്നു. രാഷ്ട്രീയ പക എന്ന ഒറ്റക്കാരണത്തെ മുന്‍നിര്‍ത്തി മുസ്ലിം ലീഗ് എന്ന, മുസ്ലിമിനോട് രാഷ്ട്രീയ ബാധ്യത ഉള്ള സംഘടന സംഘപരിവാറിനേക്കാള്‍ വേഗത്തില്‍ മുസ്ലിം വിദ്വേഷത്തിന്റെ കൊടും വിത്തുകള്‍ പാകാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നു. ലാഭത്തെയും നിലനില്‍പിനെയും പ്രതി സംഘപരിവാര്‍ കൂടാരത്തില്‍ അഭയം കണ്ടെത്തിയ മാധ്യമങ്ങള്‍ അതിന് വേഗം കൂട്ടിയിരിക്കുന്നു. നോക്കൂ, എത്ര ലാഘവത്തോടെയാണ് മുസ്ലിമിന്റെ ആത്മസത്തയായ വിശുദ്ധഗ്രന്ഥം അന്തിച്ചര്‍ച്ചകളിലേക്കും പെട്ടിക്കോളം കാര്‍ട്ടൂണുകളിലേക്കും അവര്‍ വലിച്ചിഴക്കുന്നത്. എത്ര അലസമായാണ് അവര്‍ വിശുദ്ധഗ്രന്ഥത്തെക്കുറിച്ച് അലറി വിളിക്കുന്നത്. ഖുര്‍ആന്‍ എന്ന പദത്തോടൊപ്പം എത്ര വിലക്ഷണമായ ചിരിയാണ് അവതാരകരില്‍ നിന്ന് പൊട്ടിയൊഴുകുന്നത്. ഖുര്‍ആന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന, ഇതുവരെ തെളിവിന്റെ ലാഞ്ചന പോലുമില്ലാത്ത ആരോപണം എത്ര ലാഘവത്തോടെയാണ് അവര്‍ വിളിച്ചുകൂവുന്നത്. എത്ര ക്രൂരമായാണ് അവര്‍ ഖുര്‍ആനെ തെരുവിലേക്ക് തള്ളിയിട്ടത്. ഞാനിപ്പോള്‍ സവാദിനേയും അയാളുടെ ആന്തലിനെയും സാഹോദര്യത്തോടെ ഓര്‍ക്കുകയാണ്.
എന്താണ് സംഭവിച്ചത്? നിങ്ങള്‍ക്കും എനിക്കും ലീഗിനും കോണ്‍ഗ്രസിനും മാധ്യമങ്ങള്‍ക്കും സംഘപരിവാരത്തിനും സംഭവിച്ചത് എന്തെന്ന് നന്നായി അറിയാം. യു.എ.ഇ എന്ന ദേശവും കേരളവും തമ്മില്‍ നിലനില്‍ക്കുന്ന സാഹോദര്യവും കൊടുക്കല്‍ വാങ്ങലുകളുമറിയാം. കേരളം എന്ന ദേശത്തിന്റെ അതിജീവനത്തിനുള്ള താങ്ങുബലമായി ആ രാഷ്ട്രം നിലനില്‍ക്കുന്നതിന്റെ പൊരുള്‍ അറിയാം. ഇന്നാട്ടിലെ ഓരോ സ്പന്ദനത്തിലും ആ രാഷ്ട്രവും ആ രാഷ്ട്രത്തിലെ മലയാളികളും ചാര്‍ത്തിയ കയ്യൊപ്പുകള്‍ അറിയാം. അതങ്ങനെ തുടരരുത് എന്ന് ആഗ്രഹിക്കുന്നത് സംഘപരിവാര്‍ മാത്രമാണ് എന്നും അതിനുള്ള കാരണം അവരുടെ രാഷ്ട്രീയ പരസ്യ പദ്ധതിയായ മുസ്ലിം വിരുദ്ധതയാണെന്നുമറിയാം. പക്ഷേ, മറ്റുള്ളവര്‍? കേരളത്തില്‍ വിതരണം ചെയ്യാനുള്ള വിശുദ്ധഗ്രന്ഥം വന്നത് യഥാവിധിയാണെന്ന് ആര്‍ക്കാണ് അറിയാത്തത്? അതിലെ മേല്‍വിലാസക്കാരന്‍ കെ. ടി ജലീല്‍ അല്ല എന്നുമറിയാം. വഖഫ് മന്ത്രി എന്ന നിലയില്‍ ജലീല്‍ കൈപ്പറ്റിയ പാക്കറ്റുകള്‍ എവിടെയുണ്ടെന്നും അറിയാം. അറിയാത്തത് ഒന്നുമില്ല. കോണ്‍സുലേറ്റ് മറയാക്കി നടന്ന സ്വര്‍ണകള്ളക്കടത്തും യു.എ.ഇ യില്‍ നിന്ന് ഇടക്കെല്ലാം എത്തുന്ന ഇത്തരം സമ്മാനങ്ങളും തമ്മില്‍ ഒരു ബന്ധവുമില്ല എന്നും അറിയാം. പക്ഷേ, ഖുര്‍ആന്‍ കള്ളക്കടത്തിലേക്ക് വലിച്ചിഴക്കപ്പെട്ടു. ജലീലിനോട് പകവീട്ടാന്‍ ഇതുതന്നെ അവസരമെന്ന് ലീഗ് കരുതി. യു.ഡി.എഫില്‍ ഭാഗ്യം തിരയുന്ന, മതം എന്നാല്‍ രാഷ്ട്രീയമാണെന്ന് മാത്രം തിരിയുന്ന ജമാഅത്തെ ഇസ്ലാമിയും അവരുടെ കുഴലൂത്തുകാരും ഇറങ്ങിപ്പുറപ്പെട്ടു. ഖുര്‍ആന്‍ ഒരു കള്ളക്കടത്ത് വസ്തുവായി അവതരിപ്പിക്കപ്പെട്ടു. അപമാനിക്കപ്പെട്ടു. സ്വര്‍ണക്കള്ളക്കടത്തിനെ ഖുര്‍ആനുമായി കൂട്ടിക്കെട്ടാന്‍ ലോട്ടറിയെടുത്ത കേരളത്തിലെ ബി.ജെ.പിക്ക് ബംപര്‍ സമ്മാനം നല്‍കി സന്തോഷിപ്പിച്ചു ലീഗും കോണ്‍ഗ്രസും. ഫലമോ? കേരളത്തില്‍ അത്ര പലവട്ടം പരാജയപ്പെട്ട മുസ്ലിം അപരവത്കരണം എന്ന പദ്ധതി വിജയിക്കാന്‍ ഒരുങ്ങുന്നു. വിശ്വാസി മുസ്ലിമിന്റെ ഹൃദയത്തെ പിളര്‍ത്തിയ ഗൂഢാലോചന കേരളത്തില്‍ വിജയം കാണുന്നു എന്നുകൂടി അറിയുക.

എന്താണ് സംഭവിക്കാനിരിക്കുന്നത്? ഈ രാഷ്ട്രീയ വിവാദങ്ങള്‍ എല്ലാം മണ്‍മറയും. സ്വര്‍ണക്കള്ളക്കടത്ത് കേസിന്റെ അന്വേഷണം കാമ്പില്‍ സ്പര്‍ശിക്കാതെ കാടും പടലും തല്ലും. തിരഞ്ഞെടുപ്പിന്റെ മണവും പണവുമേറ്റ മാധ്യമങ്ങള്‍ അത് കൊഴുപ്പിക്കും. കെ.ടി ജലീല്‍ മറ്റേതെങ്കിലും വിഷയത്തില്‍ ആരോപിതനാവും. ലീഗും മാധ്യമങ്ങളും ആ വഴി മണ്ടും. വിശ്വാസിയായ ഒരു ഇടതുപക്ഷ മുസ്ലിം മന്ത്രി ദീര്‍ഘകാലപ്രാബല്യമുള്ള നിക്ഷേപമാണെന്ന് നന്നായി അറിയാവുന്ന ബി.ജെ.പി മുന്നിലോടും. അതെല്ലാം തുടരും. പക്ഷേ, ഇപ്പോള്‍ നടന്ന ഈ അനീതി മുസ്ലിം ഇതര പൊതുസമൂഹത്തില്‍ ഉയര്‍ത്തിയ മുസ്ലിം വിരുദ്ധത പലരൂപങ്ങളില്‍ പടരും. സംഘപരിവാര്‍ പ്രാദേശികതലം മുതല്‍ അത് പടര്‍ത്തും. മുസ്ലിം സമം കള്ളക്കടത്ത് എന്ന സമീകരണത്തിലേക്ക് അവരതിനെ എത്തിക്കും. ഖുര്‍ആന്‍ എന്ന പദത്തിന്റെ ശക്തിയാണത്. കേരളത്തിലെ മുസ്ലിം മത സംഘാടനങ്ങളെ മുഴുവന്‍ അത് സംശയത്തിന്റെ നിഴലില്‍ നിര്‍ത്തും. അറബ് ദേശങ്ങളുമായി ആ സംഘടനകള്‍ നടത്തുന്ന മുഴുവന്‍ സൗഹാര്‍ദങ്ങളെയും അത് പ്രതിസന്ധിയിലാക്കും. യു.എ.ഇ യിലെ പ്രളയഫണ്ടും തീവ്രവാദവും എന്ന നരേഷനില്‍ ജന്മഭൂമി നല്‍കിയ വാര്‍ത്ത കുത്തും കോമയും വിടാതെ ജമാ അത്തെ ഇസ്ലാമിയുടെ മാധ്യമം അച്ചടിച്ചത് ശ്രദ്ധിച്ചുവോ? സംഘപരിവാര്‍ നരേഷനുകള്‍ മുസ്ലിം സംഘടനകള്‍ വിഴുങ്ങേണ്ടി വരുന്ന ഗതികേടാണത്. ആ ഗതികേടിലേക്കാണ് കെ.ടി ജലീലിനെ മറയാക്കി ഖുര്‍ആനെ അപമാനിച്ചതിലൂടെ മുസ്ലിം ജനതയെ മുസ്ലിം ലീഗും കോണ്‍ഗ്രസും മാധ്യമങ്ങളും തള്ളിയിട്ടത്.

ഇപ്പറഞ്ഞതെല്ലാം രാഷ്ട്രീയമാണ്. അവസാനിപ്പിക്കുമ്പോഴും പക്ഷേ, എന്റെ മനസില്‍ ആ ചെറുപ്പക്കാരനാണ്- സവാദ്. അയാള്‍ ഈ വാര്‍ത്തകള്‍, കെ. സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ളവരുടെ ആക്രോശങ്ങള്‍, വാര്‍ത്ത അവതാരകരുടെ മുന വെച്ച ചിരികള്‍, ലീഗ് നേതാക്കളുടെ വാഗ്‌ധോരണികള്‍ എല്ലാം കേള്‍ക്കുമ്പോള്‍, ഒട്ടും ആദരവില്ലാതെ ഖുറാന്‍, ഖുറാന്‍ എന്ന കലമ്പലുകള്‍ കേള്‍ക്കുമ്പോള്‍ എത്രവട്ടം കരഞ്ഞിട്ടുണ്ടാകും?.

കെ കെ ജോഷി

You must be logged in to post a comment Login