എതിര് എന്ന ഒരു ആത്മകഥയുണ്ട്. എം കുഞ്ഞാമന്റെ ജീവിതമാണത്. ഉപശീര്‍ഷകവുമുണ്ട് ആ പുസ്തകത്തിന്; ചെറോണയുടെയും അയ്യപ്പന്റെയും ജീവിതസമരം. ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ ഒരു അക്കാദമീഷ്യന്റെ, സാമ്പത്തിക ശാസ്ത്രത്തില്‍ കേരളം സൃഷ്ടിച്ച ഏറ്റവും വലിയ ധിഷണാശാലികളില്‍ ഒരാളുടെ ആത്മകഥയ്ക്ക് എന്തുകൊണ്ടാണ് അത്തരത്തില്‍ ഒരു ഉപശീര്‍ഷകം ഉണ്ടായത്? ഉത്തരം ലളിതമാണ്. കുഞ്ഞാമന് പരിചിതനായ, പാലക്കാടുകാരന്‍ തന്നെയായ, നന്നായി മലയാളം സംസാരിക്കാന്‍ അറിയുമെങ്കിലും കേരളത്തിലെ പൊതുവേദികളില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന പ്രകാശ് കാരാട്ട് എഴുതുന്ന ആത്മകഥയ്ക്ക് അത്തരമൊരു ഉപശീര്‍ഷകം ഉണ്ടാകുമോ? അതിന്റെ ഉത്തരവും ലളിതമാണ്.
ഇങ്ങനെ അതിലളിതമായ വസ്തുതയാണ് ഇന്ത്യയില്‍ ജാതി. അതിനെക്കാള്‍ അതിലളിതമായ ഒന്നാണ് ജാതിയില്‍ ഉപരിവര്ഗമുണ്ടെന്നും ആ ഉപരിവര്‍ഗമാണ് അധീശര്‍ എന്നുമുള്ള വസ്തുത. മുന്‍പേ പരാമര്‍ശിച്ച എം കുഞ്ഞാമന്റെ ആത്മകഥയുടെ 74-ാം പേജില്‍ ഇങ്ങനെ വായിക്കാം: ‘മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ്ബ്യൂറോയില്‍ ഒരു ദളിതന് അംഗമാകാന്‍ കഴിഞ്ഞിട്ടില്ല, ആ പാര്‍ട്ടിക്ക് ജാതീയ സമീപനം ഉണ്ട് എന്നാണ് ഇതു കാണിക്കുന്നത്. അവര്‍ എന്തുതന്നെ സാങ്കേതിക ന്യായീകരണം പറഞ്ഞാലും അവരിലുള്ള ജാതീയമനോഭാവത്തെയാണ് ഇത് കാണിക്കുന്നത്. മാര്‍ക്സിസം അറിയുന്ന ദളിതര്‍ ഇല്ലാഞ്ഞിട്ടല്ല. അവരെ അകറ്റിനിര്‍ത്തുന്നു. അവരെ ഒപ്പംനിര്‍ത്തി, അവരുടെ പ്രതിനിധ്യം പാര്‍ട്ടിക്കുണ്ട് എന്നൊരു ധാരണ ഉണ്ടാക്കുക മാത്രമാണ് ലക്ഷ്യം. അതിനാണ് പാര്‍ട്ടി ദളിതരെ ഒപ്പം നിര്‍ത്തുന്നത്.”
ഒട്ടും പുതുതല്ല ജാതിയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും തമ്മിലെ വിനിമയം സംബന്ധിച്ച ഈ വിമര്‍ശനം. ജാതിയെ സംബോധന ചെയ്യുന്നതില്‍ വന്നുഭവിച്ച ഭീമാബദ്ധമാണ് വലിയൊരളവില്‍ ഇന്ത്യയില്‍ സി പി എമ്മിന് പ്രത്യേകിച്ചും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പൊതുവിലും തിരിച്ചടിയായത് എന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ബ്രാഹ്മണ മാര്‍ക്സിസം എന്ന ഒരു ശകാരപദം പോലും സജീവമായുണ്ട്. ഉത്പാദനബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും തമ്മിലെ വൈരുധ്യാത്മക ബന്ധം മനസ്സിലാക്കുന്നതില്‍ വന്ന പാളിച്ചയാണ് കാരണം. മാര്‍ക്സ് പരിശോധിച്ച, അഥവാ മാര്ക്സിന് പരിചിതമായിരുന്ന ഇടങ്ങളില്‍ നിന്ന് ഭിന്നമായി ഇന്ത്യയില്‍ സാമൂഹിക ബന്ധങ്ങളാണ് ഉത്പാദനബന്ധങ്ങളെ നിര്‍ണയിച്ചിരുന്നത്. അതായത് ജാതിയാണ് ജന്മിയെ സൃഷ്ടിച്ചത് എന്ന്. ജാതിയാണ് സ്വത്തുടമസ്ഥത ഉണ്ടാക്കിയത് എന്ന്. അതായത് ജാതിയാണ് അധികാരത്തെ സൃഷ്ടിച്ചത് എന്ന്. ജാതിയാണല്ലോ ഏറ്റവും വലിയ സാമൂഹികബന്ധം. പക്ഷേ, നിര്‍ഭാഗ്യവശാല്‍ സി പി എമ്മിന്റെ അക്കാല വ്യാഖ്യതാക്കള്‍ അഥവാ അക്കാല വിധാതാക്കള്‍ അതിനെ അങ്ങനെ മനസ്സിലാക്കിയില്ല. അങ്ങനെ മനസ്സിലാക്കാതിരുന്ന വലിയ കുറ്റം ചെയ്തവരുടെ പ്രതിപ്പട്ടികയിലെ പ്രധാന ആളുടെ പേര് ഇ എം എസ് എന്നാണ്. ഇനിയും തിരിയാത്തവര്‍ കെ രാധാകൃഷ്ണന് എന്ന മുതിര്‍ന്ന സി പി എം നേതാവ് നാളിതേവരെ ജനറല്‍ സീറ്റില്‍ മല്‍സരിച്ചിട്ടില്ല എന്നെങ്കിലും അറിയുക. ജനറല്‍ സീറ്റില്‍ കെ രാധാകൃഷ്ണന് എന്ന മുതിര്‍ന്ന നേതാവിന് മല്‍സരിക്കാന്‍ പറ്റാത്ത, അഥവാ സി പി എമ്മിന് ജനറല്‍ സീറ്റില്‍ അദ്ദേഹം ഒരു ചോയിസ് ആവാത്ത അവസ്ഥയ്ക്ക് ഒരു പേരുണ്ട്. ആ അവസ്ഥ ഒരു യാഥാര്‍ത്ഥ്യമാണ്. ആ അവസ്ഥ പരിഹരിക്കാനുള്ള ഒരു വഴിയാണ്, അഥവാ ഇപ്പോള്‍ ഇന്ത്യയിലുള്ള ഒരേ ഒരു വഴിയാണ് സംവരണം. അങ്ങനെ അല്ല എന്ന് അറുപതുകളിലും എഴുപതുകളിലും സി പി എം ധരിച്ചിരുന്നു. ആ ധാരണകളുടെ ചാലകങ്ങളില്‍ ഒന്ന് ഇ എം എസ് ആയിരുന്നു. ജന്മനാ അദ്ദേഹം ബ്രാഹ്മണനായിരുന്നു. പുലയരുടെ വീടുകളില്‍ ചാണകം മെഴുകിയ തറയില്‍ അവര്‍ക്കൊപ്പം ഇരുന്ന് ഊണുകഴിക്കാറുള്ള ഇ എം എസിനെക്കുറിച്ച് എഴുതപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ അഭിമാനത്തോടെ പൊതുവേദികളില്‍ അക്കാര്യം പറയാറുണ്ട്. അങ്ങനെ ഉണ്ണുന്നത് സ്വാഭാവികമായ ഒന്നായി കാണാന്‍ കഴിയാത്ത, അങ്ങനെ ഉണ്ണുന്നത് മഹത്തായ ഒരു അസ്വഭാവികത ആണെന്ന് മാര്‍ക്സിസ്റ്റുകളെ പോലും കരുതിപ്പിക്കുന്ന സാമൂഹിക മനോനിലക്ക് ഒരു പേരുണ്ട്. ആ മനോനിലക്കുള്ള പരിഹാരങ്ങളില്‍ ഒന്നാണ് സംവരണം. നിര്‍ഭാഗ്യവശാല്‍ സി പി എം ആരംഭം മുതല്‍ മനസ്സിലാക്കി പോരുന്നത് ഇ എം എസിന് ഊണ് വിളമ്പിയ പുലയന്റെ ചാളയിലേക്ക് അരിയും തുണിയുമെത്തിക്കുന്ന സാമൂഹികസേവനമാണ് സംവരണം എന്നാണ്. ഇ എം എസിന്റേത് മനയും പുലയന്റേത് ചാളയുമായിരിക്കുന്ന ഒരവസ്ഥയെ സാമൂഹികമായി മറികടക്കാനുള്ള നിര്‍മാണപ്രവൃത്തിയാണ് സംവരണം എന്ന് അവര്‍ മനസ്സിലാക്കിയില്ല. അറുപതുകളില്‍, വേണ്ട തൊണ്ണൂറുകളില്‍ അങ്ങനെ മനസ്സിലാക്കിയില്ലെങ്കിലും അതൊരു കുറ്റമല്ല. അതിനാല്‍ ഇ എം എസ് കുറ്റവാളിയല്ല. കാരണം ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ അത്രയൊന്നും അക്കാലം വരെ ദൃശ്യമായിരുന്നില്ല. എന്നാല്‍ ഇത് തുറുകണ്ണന്‍ ലോകമാണ്. ഹാഥ്റസിലെ വല്മീകി പെണ്‍കുട്ടിയുടെ ജഡം നിന്നുകത്തിയത് നമ്മുടെ കണ്ണുകള്‍ക്ക് മുന്നിലാണ്. അവളെ ജാത്യാധികാരം ബലാല്‍സംഗം ചെയ്തുകൊന്നിടത്തെ ചോരപ്പാടുകള്‍ നാം കണ്ടതാണ്. അങ്ങനെ ഒരു തുറുകണ്ണന്‍ ലോകത്ത്, സര്‍വകണക്കുകളും വിരല്‍ തുമ്പില്‍ ലഭിക്കുന്ന വിവരവിപ്ലവത്തിന്റെ കാലത്ത്, സി പി എം പക്ഷേ അത് മനസ്സിലാക്കിയില്ലെങ്കില്‍ കുറ്റമാണ്. അതിനിര്ഭാഗ്യവശാല് കേരളത്തിലെ പിണറായി വിജയന് മന്ത്രിസഭ മുന്നാക്ക സംവരണത്തിലൂടെ നടത്തിയത് കുറ്റകൃത്യമാണ്. സാമൂഹികാവസ്ഥകള്‍ ഇന്നേപോലെ സുവ്യക്തമല്ലാതിരുന്ന കാലത്ത് ഇം എം എസ് ഉള്‍പ്പടെയുള്ള, അല്ല, ഇ എം എസ് നേതൃത്വം നല്കിയ ഇന്ത്യന്‍ മാര്‍ക്സിസ്റ്റ് വിശകലനത്തിലെ കുറ്റകരമായ അബദ്ധത്തെ പുനരാനയിക്കുക വഴി ഇപ്പോഴത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ ആധുനിക കേരളത്തിന്റെ ആ മഹാശില്പിയെ മരണാനന്തരം കുറ്റവാളിയാക്കുകയാണ്. അതിലേക്ക് വരാം.
അധികാരവുമായി ബന്ധപ്പെട്ടാണ് ഇന്ത്യയില്‍ സംവരണം എന്ന പ്രയോഗത്തിന്റെ പിറവി. അംബേദ്കറാണ് ശില്പി. അധികാരത്തിലെ പിന്നാക്ക പ്രാതിനിധ്യം നാമമാത്രമായിരുന്നു. ജനസംഖ്യയിലെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക ജനത അധികാരത്തില്‍ നിന്ന് പുറത്തായിരുന്നു. കാരണം അധികാരം എന്നത് ഇന്ന് നാം കൂടുതലായി മനസ്സിലാക്കിയിട്ടുള്ളതുപോലെ സാമൂഹികാവസ്ഥകളുടെ സൃഷ്ടിയാണ്. അതില്‍ നിശ്ചയമായും സ്വത്തുടമസ്ഥതയുണ്ട്, ജ്ഞാനാധികാരമുണ്ട്. സ്വത്തുടമസ്ഥത ഇന്ത്യയില്‍ ഉത്പാദനബന്ധത്തിലൂടെ തന്നെയാണ് ഉണ്ടായത്. അക്കാര്യത്തില്‍ മാര്‍ക്സിസം ശരിയാണ്. ഉത്പാദനത്തിന്റെ ഉപകരണങ്ങളുടെ ഉടമസ്ഥത. പക്ഷേ, ലോകത്തെ മറ്റിടങ്ങളില്‍ എന്നപോലെ ആ ഉടമസ്ഥതയില്‍ നിന്നല്ല ഇവിടെ സാമൂഹികബന്ധങ്ങള്‍ രൂപപ്പെട്ടത്. സാമൂഹികബന്ധങ്ങള്‍ എന്നാല്‍ സമൂഹത്തിലെ പദവി എന്ന് അതിലളിതമായി മനസ്സിലാക്കാം. അത് ഇന്ത്യയില്‍ ജാതിയാണ്. അതിനാലാണ് ബ്രാഹ്മണ മതം പല തലത്തില്‍ പിന്നാക്കമാക്കിക്കളഞ്ഞ അവര്‍ണര്‍ സാമൂഹികനിലയില്‍ കീഴ്ത്തട്ടില്‍ ആയത്. കീഴ്ത്തട്ടില്‍ ആയ അവര്‍ സ്വാഭാവികമായും അധികാരത്തില്‍ നിന്ന് പുറത്തായി. അധികാരത്തിന്റെ ഒരു തലത്തിലും അവരില്ലാതായി. അങ്ങനെ ഇല്ലാതായ അവരെ അധികാരത്തിലേക്ക് തിരിച്ച് കൊണ്ടുവരുക എന്നത് വലിയ സാമൂഹികദൗത്യമായിരുന്നു. അംബേദ്കര്‍ ചിന്തിച്ചതും കലഹിച്ചതും അതിനുവേണ്ടിയാണ്. ബ്രിട്ടന്റെ സാമ്രാജ്യത്വത്തേക്കാള്‍ ഭീഷണം ദളിതന്റെ കീഴ്നിലയാണെന്ന് അംബേദ്കര്‍ കരുതി. അങ്ങനെയാണ് ദളിത് എന്ന് ഇപ്പോള്‍ വിശാലമായി മനസ്സിലാക്കാവുന്ന വിഭാഗങ്ങള്‍ക്ക് അധികാര പ്രാതിനിധ്യത്തിന് വേണ്ടി പ്രത്യേക നിയോജക മണ്ഡലങ്ങള്‍ എന്ന ആശയം വരുന്നത്. ആ ആശയം പ്രയോഗക്ഷമമായി. ബ്രാഹ്മണ മതത്തിന്, സവര്‍ണതക്ക് സഹിക്കാന്‍ ആവാത്തതായിരുന്നു അത്. ഹിന്ദുത്വക്ക് എക്കാലത്തെയും ഭീഷണി ദളിതര്‍ ഈ നിലയില്‍ അധികാരത്തിലേക്ക് വരുന്നതായിരുന്നു. കാരണം ദളിതം എന്ന അവസ്ഥക്ക് ഹിന്ദുത്വയോട് ചാര്ച്ചയുണ്ടാവില്ല. സ്വാഭാവികമായും അംബേദ്കറുടെ ഈ നീക്കം ജാതിഹിന്ദുക്കളാല്‍ എതിര്‍ക്കപ്പെട്ടു. അങ്ങനെയാണ് ദളിത് നിയോജക മണ്ഡലം എന്ന പ്രയോഗത്തിന് പകരം സംവരണം വരുന്നത്. അതായത് അധികാരവുമായി ബന്ധപ്പെട്ടാണ്, അധികാരത്തിനായാണ് സംവരണം സംഭവിക്കുന്നത്. അധികാരത്തിന്റെ ഒരു ഘടകം ഉദ്യോഗവും മറ്റൊരു ഘടകം വിദ്യാഭ്യാസവുമാണല്ലോ? അതിനാല്‍ ഇത് രണ്ടിലും സംവരണം അനിവാര്യമായി. അല്ലാതെ സാമ്പത്തികമായ ഒരു അവശതാ നിര്‍മാണ യജ്ഞമായിരുന്നില്ല സംവരണം. സംവരണത്തിന് സാമ്പത്തിക നിലയുമായി ഒരു ബന്ധവുമില്ല. വിശാലമായി പറഞ്ഞാല്‍ സാമ്പത്തിക നില മാത്രമായി അധികാരത്തിലെ പങ്കാളിത്തത്തെയോ സാമൂഹിക പദവിയെയോ സൃഷ്ടിക്കുന്നില്ല. ശതകോടീശ്വരനായ എം.എ യൂസഫലിയുടെ വീട്ടില്‍ എത്രയോ വെണ്ടക്കകള്‍ ഉണ്ടാകുന്നുണ്ടാകാം, പക്ഷേ, തിരുവിതാംകൂറിലെ മുന്‍രാജകുടുംബത്തിലെ ഇപ്പോഴത്തെ അവകാശികളുടെ വെണ്ടക്കയോളം വരുമോ അത്? ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്.
അപ്പോള്‍ അധികാരവുമായി ബന്ധപ്പെട്ട്, അധികാരത്തിലെ പങ്കാളിത്തത്തിന്റെ നീതിപൂര്‍വ വിതരണവുമായി ബന്ധപ്പെട്ട് മാത്രം നിലവില്‍ വന്ന, അതായി മാത്രം മനസ്സിലാക്കേണ്ട ഒന്നാണ് സംവരണം. അധികാരനിലയില്‍ നിന്ന് പുറത്തുള്ളവരെ അകത്താക്കാന്‍ വേണ്ടി മാത്രമുള്ളതാണ് സംവരണം. സംവരണം അനന്തകാലത്തേക്കുള്ള ഒരു പരിഹാരക്രിയ അല്ല. പക്ഷേ, ഉദ്ദേശിച്ച ഫലം ലഭിക്കും വരെ അത് തുടരേണ്ടതുണ്ട്. ഉദ്ദേശിച്ച ഫലം അധികാരത്തിന്റെ നീതിപൂര്‍വമായ വിതരണമാണ്. അതങ്ങനെ സംഭവിക്കാതിരിക്കാന്‍ അധികാരം രുചിച്ച് ശീലമായ വിഭാഗം ശ്രമിക്കും. ആ വിഭാഗത്തിന്റെ ഒരു ദര്‍ശനം ഹിന്ദുത്വയാണ്. അവരാണ് വന്‍ഭൂരിപക്ഷത്തോടെ രാജ്യം ഭരിക്കുന്നത്. ആ വിഭാഗത്തിന് ഇടതുപക്ഷം ചൂട്ടുപിടിക്കുക എന്നാല്‍ പാര്‍ശ്വവല്‍കൃതരെ വഞ്ചിക്കുക എന്നാണ് അര്‍ഥം. കെ. രാധാകൃഷ്ണനെ ഒരിക്കലും ജനറലാക്കില്ല എന്നാണ് അര്‍ഥം.
സംവരണത്തിന്റെ മാനദണ്ഡങ്ങള്‍ ഒരിക്കലും മാറ്റരുത് എന്നല്ല വാദം. മാറ്റണം. പക്ഷേ, കണക്കുകള്‍ വെക്കണം. പറയൂ, അധികാരത്തിലെ സാമൂഹിക വീതംവെപ്പുകളുടെ നിലയെന്താണ്? 23 ശതമാനമുണ്ട് ഈഴവര്‍. കേരളത്തിന്റെ അധികാരനിലയില്‍ അത്രയും ശതമാനം ഈഴവ പ്രാതിനിധ്യമുണ്ടോ?അഞ്ചേകാല്‍ ലക്ഷം വരും കേരളത്തിലെ ഉദ്യോഗങ്ങള്‍. കണക്കുകള്‍ കഥ പറയട്ടേ. 27 ശതമാനമുണ്ട് മുസ്ലിംകള്. എത്രയാണ് പ്രാതിനിധ്യം. എത്ര ശതമാനമുണ്ട് ഗസറ്റഡ് തസ്തികയില്‍ ഇപ്പറഞ്ഞവര്‍. തീരുമാനമെടുക്കാന്‍ അധികാരമുള്ള സെക്രട്ടേറിയല്‍ തസ്തികകളുടെ ജാതി സമുദായമനുസരിച്ച കണക്കുകള്‍ എത്രയാണ്? ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കേരള പഠനം അനുസരിച്ച് 40 ശതമാനം അധിക പ്രാതിനിധ്യമുണ്ട് കേരളത്തിലെ മുന്നാക്ക വിഭാഗങ്ങള്‍ക്ക്. അതിനര്‍ഥം പിന്നാക്ക വിഭാഗങ്ങള്‍ക്ക് അത്ര ശതമാനം പ്രതിനിധ്യക്കുറവ് ഉണ്ട് എന്നാണ്. മറ്റൊന്ന് മുന്നാക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം പട്ടിണി മാറ്റല്‍ യജ്ഞമായി നല്കുമ്പോള് ജനറല്‍ എന്നാല്‍ മുന്നാക്കക്കാര്‍ എന്ന വായനയല്ലേ സി.പി.എം സര്‍ക്കാര്‍ നടത്തിയത്? അതല്ലല്ലോ വസ്തുത. ജനറല്‍ എന്നാല്‍ പൊതുആണ്. മെറിറ്റിന്റെ ആദ്യമാനദണ്ഡത്തിന്റെ അകത്ത് എത്തിയ എല്ലാവരും ചേര്‍ന്നതാണല്ലോ ജനറല്‍ വിഭാഗം? അതില്‍ മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം എന്ന ആശയം നടപ്പാക്കുക എന്നാല്‍ ജനറലിനെ മുന്നാക്കം എന്ന് വായിക്കുക എന്നാണ് അര്‍ഥം. കെ. രാധാകൃഷ്ണനെ എന്തുകൊണ്ട് ജനറല്‍ സീറ്റില്‍ മല്‍സരിപ്പിക്കില്ല എന്ന് മനസ്സിലായില്ലേ?
നിഷ്കളങ്കം എന്ന് തോന്നാവുന്ന നിലയിലാണ് പിണറായി വിജയന് സര്‍ക്കാര്‍ ഈ സാമുദായിക കുറ്റകൃത്യം നടത്തിയത്. ഒരുവിധ സംവരണവുമില്ലാത്ത മുന്നാക്ക വിഭാഗങ്ങളിലെ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം എന്നായിരുന്നു വാചകം. ചക്കയെ തേങ്ങയായി കണ്ടു എന്ന അക്ഷന്തവ്യമായ അപരാധം അവിടെ നില്ക്കട്ടെ (സംവരണത്തിന് സാമ്പത്തിക നിലയുമായി ബന്ധമില്ല). എവിടെ നിന്നാണ് ഈ പത്ത് ശതമാനം? സംവരണമില്ലാത്ത 50 ശതമാനത്തില്‍ നിന്ന് എന്നാണ് ലഭിക്കുന്ന ഉത്തരം. അപ്പോള്‍ ആ 50 ശതമാനത്തില്‍ ഉള്‍പ്പെട്ട പിന്നാക്കക്കാര്‍ക്ക് അവസരം പോവില്ലേ? അവരില്‍ നിന്ന് സാധ്യതകളെ മോഷ്ടിക്കുകയല്ലേ ഫലത്തില്‍ സര്‍ക്കാര്‍ ചെയ്യുന്നത്? അതായത് ആകെ നൂറ് ഒഴിവുണ്ട് എന്ന് വിചാരിക്കുക. 50 സീറ്റ് സംവരണം. ബാക്കി അമ്പത് പൊതു. അതായത് ആ പൊതുവില്‍ നിന്ന് 5 സീറ്റ് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മേല്ജാതികള്ക്ക് പോകും. ബാക്കി 45 ലാണ് പിന്നാക്കക്കാര്‍ ഉള്‍പ്പടെയുള്ള പൊതു വിഭാഗത്തിന്റെ സാധ്യത. എന്തൊരു മോഷണമാണത്. മാത്രവുമല്ല നിലവില്‍ 40 ശതമാനം അധിക പ്രാതിന്യമുള്ള മുന്നാക്ക വിഭാഗത്തിനാണ് പത്ത് ശതമാനം കൂടി പ്രാതിനിധ്യം ഉറപ്പാക്കുന്നത്. (സംവരണവും സാമ്പത്തികനിലയും തമ്മില്‍ ബന്ധമില്ല എന്ന് പറയുമ്പോള്‍ ക്രീമിലെയര്‍ എന്ന് പറയരുത്. രണ്ടും രണ്ടാണ്. അത് സംവരണത്തിനകത്തുള്ള ഒരു റൊട്ടേഷന്‍ ക്രമീകരണം മാത്രമാണ്.)
2019-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ, അതും മൂന്നേ മൂന്ന് വിയോജനങ്ങളോടെ പാസാക്കിയ നിയമമാണ് ഇപ്പോള്‍ കേരളം നടപ്പാക്കുന്നത്. കടുത്ത മുസ്ലിം വിരുദ്ധത, കടുത്ത ദളിത് വിരുദ്ധത എന്നെല്ലാം ആക്ഷേപിക്കപ്പെട്ട നിയമമാണ്. മുസ്ലിം വിരുദ്ധമാണ് എന്ന ഒറ്റക്കാരണത്താല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നിലപാടെടുത്ത സംസ്ഥാന സര്‍ക്കാരാണ് പിണറായി വിജയന് സര്‍ക്കാര്‍ എന്നത് ആരും മറന്നിട്ടില്ല. അന്ന് പാര്‍ലമെന്റില്‍ സംവരണ ഭേദഗതിയെ എതിര്‍ത്ത സാക്ഷാല്‍ മുസ്ലിംലീഗ് ഇപ്പോള്‍ നാണംകെട്ട ത്രിശങ്കുവിലാണ്. കാരണം നിയമം നടപ്പാക്കണമെന്ന് വാദിക്കുന്ന കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിയിലാണ് അവരുള്ളത്. വലിയ വായില്‍ പ്രതിഷേധമുയര്‍ത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെ നിലയും അതേവിധം ദയനീയമാണ്. അതിനാല്‍ പാര്‍ലമെന്റില്‍ എന്നതുപോലെ കേരളത്തിലും നിയമം എതിര്‍പ്പുകള്‍ ഇല്ലാതെ നടപ്പാക്കപ്പെടും.
പക്ഷേ, ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്, പല നിലകളില്‍ നിങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച വലിയ വിഭാഗത്തിന് സങ്കടവും പ്രതിഷേധവുമുണ്ട്. അവരില്‍ ന്യൂനപക്ഷങ്ങളും ദളിതുകളുമുണ്ട്. എല്ലാ നഗരങ്ങളും ചാമ്പലായത് അവസരം നിഷേധിക്കപ്പെട്ടവരുടെ, അവസരങ്ങള്‍ അപഹരിക്കപ്പെട്ടവരുടെ പ്രതിഷേധത്തിന് മുന്നിലാണ്. നിങ്ങള്‍ സ്വയം തകര്‍ക്കരുത്. സൗകര്യങ്ങളുടെ, കാഴ്ചകളുടെ, കണക്കുകളുടെ അഭാവമാണ് ഇ എം എസിനെ തെറ്റായ സംവരണവായനയിലേക്ക് തള്ളിയിട്ടത്. അതേ തെറ്റ് ഇക്കാലത്ത് ആവര്‍ത്തിക്കുന്നതിലൂടെ നിങ്ങള്‍ ആ മഹാമനീഷിയെ കുറ്റവാളിയാക്കുകയാണ്. വിചാരണകളിലേക്ക് വലിച്ചിഴക്കുകയാണ്. തിരുത്താന്‍ വൈകിയിട്ടില്ല. തിരുത്തിയാണ് മുന്നേറേണ്ടത് എന്നും, പിന്നിട്ടവഴികളിലേക്ക് തിരിച്ചുചെന്ന് തെറ്റുകള്‍ തിരുത്തി അതേ വഴി മുന്നോട്ടുപോകണമെന്നും എഴുതിവെച്ച ആളുടെ ചിത്രം എ കെ ജി സെന്ററിലുണ്ട്. കാള്‍ മാര്‍ക്സ് എന്നാണ് പേര്.
കെ കെ ജോഷി
You must be logged in to post a comment Login