കൃത്യം ഒരു വര്‍ഷം മുമ്പ്, നമ്മളൊക്കെ വലിയ ജാഗ്രതയിലായിരുന്നു. ജനം കൂട്ടംകൂടുന്നത് തടയാന്‍ ഭരണകൂടം നടപടിയെടുത്തിരുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുന്നൊരുക്കമൊന്നുമില്ലാതെ പ്രഖ്യാപിച്ച ലോക്ഡൗണുള്‍പ്പെടെ. സാമൂഹികമായ ഇടപെടല്‍ സ്വയം നിയന്ത്രിക്കാന്‍ ജനവും സന്നദ്ധരായിരുന്നു. നിരന്തരം കൈകഴുകേണ്ടതിന്റെയോ സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടതിന്റെയോ ആവശ്യകതയെക്കുറിച്ച് ഓര്‍മിപ്പിക്കാന്‍ നിരന്തരം ശ്രമങ്ങളുണ്ടായിരുന്നു. എവിടെ ചെന്നാലും കൈകഴുകാതെ അകത്തുകയറാന്‍ സാധിക്കാത്ത വിധം കര്‍ശനമായിരുന്നു കാര്യങ്ങള്‍. കൊവിഡെന്ന മഹാമാരിയെ, അതിന്റെ പ്രഹരശേഷിയെ ജനങ്ങളും ഭരണകൂടവും വലിയ ആശങ്കയോടെ കണ്ടിരുന്നു. മറ്റ് ഗുരുതരമായ അസുഖങ്ങളുള്ളവരെ നോവല്‍ കൊറോണ വൈറസ്, അപകടത്തിലേക്ക് തള്ളിവിടാനിടയുണ്ടെന്ന തിരിച്ചറിവുണ്ടായിരുന്നു.
ഒരു വര്‍ഷത്തിനിപ്പുറം കാര്യങ്ങളാകെ മാറിയിരിക്കുന്നു. കൊവിഡിനൊപ്പം ജീവിക്കുക എന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ തയാറായ ജനതയും ഭരണകൂടവും ജാഗ്രതയും കരുതലും ഏതാണ്ട് അവസാനിപ്പിച്ചിരിക്കുന്നു. 2020 സെപ്തംബറിന് ശേഷം രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുക കൂടി ചെയ്തതോടെ ജാഗ്രതയുടെ ആവശ്യം ഇനിയില്ലെന്ന തോന്നലിലേക്ക് എത്തുകയും ചെയ്തു. കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതാണോ അതോ പരിശോധനയും കണക്കെടുപ്പും ഇല്ലാതായതാണോ എന്നതും സംശയിക്കണം. ഡല്‍ഹി ഒരു ഉദാഹരണമാണ്. രാജ്യതലസ്ഥാനം കൊവിഡ് കേസുകളുടെ തലസ്ഥാനം കൂടിയായിരുന്നു ഒരു സമയത്ത്. ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്ക് വേണ്ട ചികിത്സ ലഭ്യമാക്കാന്‍ പോലും സൗകര്യമില്ലാതിരുന്ന അവസ്ഥ. സ്വകാര്യആശുപത്രികള്‍ വലിയ തുക കെട്ടിവെക്കാന്‍ കൊവിഡ് രോഗികളോട് ആവശ്യപ്പെടുന്നതും കണ്ടു. അത്തരമൊരു സാഹചര്യത്തില്‍ നിന്ന് പൊടുന്നനെ ഡല്‍ഹി മാറി. പരിശോധനയോ പരിശോധനയില്‍ അസുഖബാധിതരായി കണ്ടെത്തുന്നവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതോ കുറഞ്ഞു. രോഗബാധിതരുടെ സമ്പര്‍ക്കം കണ്ടെത്താനുള്ള ശ്രമങ്ങളും ഏതാണ്ട് ഇല്ലാതായി. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്, ഉത്തര്‍പ്രദേശ് തുടങ്ങി കൊവിഡിന്റെ വ്യാപനം കണ്ട സംസ്ഥാനങ്ങളും ഇതേ അവസ്ഥയിലേക്ക് വൈകാതെ മാറി.
ലക്ഷണങ്ങളോടെയും അല്ലാതെയും കൊവിഡ് കൂടുതല്‍ പേരില്‍ ബാധിക്കുകയും അവരിലൊക്കെ സ്വാഭാവികമായ പ്രതിരോധശേഷി ഉണ്ടാകുകയും ചെയ്യുന്നതോടെ കൊവിഡിനെ പ്രതിരോധിക്കാനുള്ള ശേഷി സമൂഹം സ്വാഭാവികമായി ആര്‍ജിക്കുക എന്ന (ഹേര്‍ഡ് ഇമ്മ്യൂണിറ്റി അഥവാ ആര്‍ജിത പ്രതിരോധശേഷി) അവസ്ഥയാണ് അഭികാമ്യമെന്നും അതിന് അവസരമുണ്ടാക്കുകയാണ് വേണ്ടതെന്നും സിദ്ധാന്തം അവതരിപ്പിച്ചവരുണ്ടായിരുന്നു. ഏതാണ്ട് അതിനെ അംഗീകരിച്ച മട്ടിലേക്ക് രാജ്യത്തെ ഭരണ സംവിധാനം മാറിയിരുന്നു. ആര്‍ജിത പ്രതിരോധശേഷി എന്ന സങ്കല്പത്തെ ആശ്രയിക്കരുതെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരണമെന്നും പൊതുജനാരോഗ്യ വിഗ്ധരില് ഒരു വിഭാഗം മുന്നറിയിപ്പ് നല്കി. അതൊന്നും കണക്കിലെടുക്കപ്പെട്ടില്ല. ഇനിയൊരു വ്യാപനമുണ്ടാകില്ലെന്ന ഉറച്ച വിശ്വാസത്തില്‍ ഭരണകൂടവും ഉദ്യോഗസ്ഥവൃന്ദവും മുന്നോട്ടുനീങ്ങി. ആര്‍ജിത പ്രതിരോധ ശേഷിയ്ക്കുവേണ്ടി കാത്തിരിക്കുമ്പോഴും രോഗം വ്യാപിക്കാതിരിക്കാനുള്ള കരുതലുകള്‍ സ്വീകരിക്കുക എന്ന പ്രാഥമിക ഉത്തരവാദിത്വം മറക്കുകയും ചെയ്തു.
അതിന്റെ ഫലം അനുഭവിക്കുകയാണ് രാജ്യം ഇപ്പോള്‍. കൊവിഡിന്റെ രണ്ടാം വ്യാപനം. ശരാശരി അറുപതിനായിരത്തോളം കേസുകളും മുന്നൂറോളം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. വൈറസിന്റെ ജനിതക ഘടനയിലുണ്ടായ മാറ്റം രോഗത്തിന്റെ വ്യാപനവേഗം കൂട്ടുകയും ചെയ്തു. ജനിതകമാറ്റം വന്ന വൈറസിന്റെ സാന്നിധ്യം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി വ്യാപനം തടയുന്നതിന് ശ്രദ്ധിച്ചില്ല ഭരണസംവിധാനങ്ങള്‍. ഇതുവരെ കണ്ടതിനെക്കാള്‍ വലിയ പ്രതിസന്ധി, രണ്ടാം വ്യാപനം സൃഷ്ടിച്ചേക്കാമെന്ന ആശങ്ക ശക്തമാണ്, അത് നേരിടാന്‍ പാകത്തില്‍ ആരോഗ്യ സംവിധാനം ശക്തമല്ലെന്നും. തീവ്ര പരിചരണ വിഭാഗങ്ങളും വെന്റിലേറ്ററുകളും കിട്ടാതെ രോഗികള്‍ ബുദ്ധിമുട്ടുകയോ അവരുടെ ജീവന് അപായമുണ്ടാകുകയോ ചെയ്യാമെന്നുമുള്ള മുന്നറിയിപ്പ് ഔദ്യോഗിക സംവിധാനങ്ങള്‍ തന്നെ നല്‍കിക്കഴിഞ്ഞു.
രാജ്യം കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ വലിയ വിജയം നേടിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പലകുറി അവകാശപ്പെട്ടത്. ലോക്ഡൗണുള്‍പ്പെടെ നടപടികള്‍ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമായെന്നും. ലോക് ഡൗണ്‍ പ്രഖ്യാപിച്ചുവെന്നതിന് അപ്പുറത്ത് മഹാമാരിയെ നേരിടാന്‍ കാര്യമായൊന്നും കേന്ദ്രസര്‍ക്കാര്‍ ചെയ്തിട്ടില്ല എന്നതാണ് വസ്തുത. എല്ലാ ചുമതലകളും സംസ്ഥാന സര്‍ക്കാരുകളെയും തദ്ദേശഭരണ സ്ഥാപനങ്ങളെയും ഏല്‍പ്പിച്ച്, വേണ്ട സമയത്ത് സാമ്പത്തികസഹായം പോലും നല്‍കാതെ മാറിനില്‍ക്കുകയായിരുന്നു കേന്ദ്രം. സുരക്ഷാവസ്ത്രത്തിന്റെ (പേഴ്സണല്‍ പ്രൊട്ടക്ഷന്‍ എക്വിപ്മെന്റ് – പി പി ഇ) ക്ഷാമമുണ്ടായപ്പോള്‍ അത് അവസരമായി ഉപയോഗിക്കാന്‍ സ്വകാര്യസംരംഭകര്‍ തയാറായി. പി പി ഇ കിറ്റുകളുടെ നിര്‍മാണത്തിലേക്ക് പലരും തിരിഞ്ഞു. ഇത് ക്ഷാമം ഏതാണ്ട് തീര്‍ത്തുവെന്ന് മാത്രമല്ല, ഇതിന്റെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി സാധ്യമാക്കുകയും ചെയ്തു. ഇതൊക്കെ സര്‍ക്കാരിന്റെ നേട്ടമായി വ്യാഖ്യാനിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. പിന്നെ ലോക്ഡൗണ്‍ സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനെന്ന പേരില്‍ ചില സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുകയും.
പിന്നെയുണ്ടായത് കൊവിഡിന്റെ പ്രതിരോധ മരുന്ന് വികസിപ്പിക്കാനും മറ്റു രാജ്യങ്ങളില്‍ വികസിപ്പിക്കുന്ന വാക്സിനുകളുടെ ഉത്പാദനം രാജ്യത്ത് നടത്താന്‍ അവസരമുണ്ടാക്കാനും ശ്രമിച്ചതാണ്. അതും മരുന്ന് ഗവേഷണ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും മുന്‍കൈയിലാണ്. ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഷീല്‍ഡ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിനാണ് ആഭ്യന്തരമായി വികസിപ്പിച്ച പ്രതിരോധ മരുന്ന്. ഇവയുടെ ഉപയോഗം ആരംഭിച്ചുവെങ്കിലും ഇതുവരെ നാല് കോടിയോളം പേര് മാത്രമാണ് വാക്സിനെടുത്തത്. 130 കോടിയിലേറെ ജനങ്ങളുള്ള രാജ്യത്ത് എത്രകാലം കൊണ്ട് വാക്സിന് വിതരണം പൂര്‍ത്തിയാക്കാനാകുമെന്ന ചോദ്യം ശേഷിക്കുന്നു. വാക്സിനിലൂടെ സൃഷ്ടിക്കപ്പെടുന്ന പ്രതിരോധശേഷി എത്ര കാലത്തേക്കുണ്ടാകുമെന്നത് വ്യക്തമല്ല. നാല് മുതല്‍ ആറ് മാസം വരെ പ്രതിരോധശേഷിയുണ്ടാകുമെന്നാണ് വാക്സിന്റെ ഗവേഷകരും ഉത്പാദകരും ആരോഗ്യവിദഗ്ധരുംകണക്കാക്കുന്നത്. അതായത് ആറ് മാസത്തിനുള്ളില്‍ ജനതയാകെ പ്രതിരോധ മരുന്ന് സ്വീകരിക്കുകയും അതിനുള്ളില്‍ കൊവിഡിനെ നിര്മാര്ജനംചെയ്യുകയും വേണമെന്നര്‍ഥം. അത് സാധ്യമാക്കുക എന്നത് ഇന്ത്യയെപ്പോലൊരു രാജ്യത്തെ സംബന്ധിച്ച് അത്രയെളുപ്പമല്ല. അതിനിടയിലാണ് രോഗത്തിന്റെ രണ്ടാം തരംഗം സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ജനതകമാറ്റം വന്ന വൈറസുകളെ പ്രതിരോധിക്കാന്‍ ഈ വാക്സിനുകള്‍ക്ക് സാധിക്കുമോ എന്നത് വ്യക്തമല്ല. കഴിഞ്ഞ ഡിസംബറില്‍ വൈറസിന്റെ ജനിതക ഘടന സംബന്ധിച്ച പരിശോധന ഇന്ത്യയില്‍ നടത്തിയിരുന്നു. 10,787 സാമ്പിളുകളാണ് പരിശോധിച്ചത്. അതില്‍ 771 എണ്ണം ജനിതകമാറ്റം വന്ന വൈറസുകളുടെ സാന്നിധ്യമുള്ളതാണെന്ന് കണ്ടെത്തി. നേരത്തെ ബ്രിട്ടനില്‍ തിരിച്ചറിഞ്ഞ വൈറസിന്റെ സാന്നിധ്യമാണ് 736 സാമ്പിളുകളില്‍ കണ്ടത്. 34 സാമ്പിളുകളില്‍ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഇനമായിരുന്നു. വളരെ വേഗത്തില്‍ പകരാന്‍ ശേഷിയുള്ള വൈറസ് ഇനങ്ങളാണ് ഇവ രണ്ടും. ഡിസംബറില്‍ തന്നെ ഇവയുടെ സാന്നിധ്യം രാജ്യത്ത് വ്യാപകമാണെന്ന് കണ്ടെത്തിയിട്ടും പ്രത്യേകിച്ചെന്തെങ്കിലും നമ്മുടെ ഭരണകൂടം ചെയ്തില്ല. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനോ ജനങ്ങളെ കൂടുതല്‍ ജാഗ്രതയിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കാനോ തയാറായില്ല. അതിന്റെ ആഘാതം കൂടിയാണ് ഫെബ്രുവരി പകുതിയോടെ രാജ്യത്ത് കാണാന്‍ തുടങ്ങിയത്. പ്രതിദിന കേസുകളുടെ എണ്ണത്തില്‍ 250 ശതമാനത്തിലധികം വര്‍ധന രേഖപ്പെടുത്തുന്ന സ്ഥിതിയായി.
മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളൊക്കെ വൈറസ് സൈ്വരസഞ്ചാരം ചെയ്യുന്ന ഇടങ്ങളായി മാറി. പിറകെ ഡല്‍ഹിയും പഞ്ചാബും കര്ണാടകയുമെത്തുന്നു. തമിഴ്നാട്, കേരളം, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഒരു നിയന്ത്രണവും ഇവിടുത്തെ പ്രചാരണരംഗത്ത് കാണാനില്ല. കേരളത്തിലെ കാര്യമെടുക്കുക. മുഖ്യമന്ത്രി പിണറായി വിജയനെപ്പോലെ അപൂര്‍വം നേതാക്കള്‍ മാത്രമേ പ്രസംഗിക്കാനെത്തുമ്പോള്‍ മാസ്ക് ധരിക്കുന്നുള്ളൂ. അവരുടെ യോഗങ്ങളില്‍പോലും മറ്റ് നിയന്ത്രണങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. നാല് മാസം മുമ്പ് നടന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കുറച്ചൊക്കെ പാലിക്കപ്പെട്ടിരുന്നു. ഇപ്പോഴും പ്രഖ്യാപിക്കപ്പെട്ട നിയന്ത്രണങ്ങളുണ്ടെങ്കിലും അത് പാലിക്കാന്‍ ജനമോ രാഷ്ട്രീയപാര്‍ട്ടികളോ അതിന്റെ നേതാക്കളോ തയാറല്ല. നിലവില്‍ കേരളത്തില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ കുറവാണ്. പക്ഷേ, അത് ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞതുകൊണ്ടാണെന്ന് കരുതണം. തിരഞ്ഞെടുപ്പിന് ശേഷം കേരളമുള്‍പ്പെടെ സംസ്ഥാനങ്ങളില്‍ വലിയ വ്യാപനം സംഭവിച്ചാല്‍ അത്ഭുതപ്പെടാനില്ല.
നിലവില്‍ തന്നെ ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തെ നിയന്ത്രണമൊന്നുമില്ലാത്ത തിരഞ്ഞെടുപ്പ് രംഗം കൂടുതല്‍ വഷളാക്കുമെന്ന് ചുരുക്കം. നമ്മുടെ ആരോഗ്യസംവിധാനങ്ങളൊക്കെ ഏതാണ്ട് ഒരുവര്‍ഷമായി കൊവിഡിനെ പ്രതിരോധിക്കാനുള്ള നിരന്തര ശ്രമത്തിലായിരുന്നു. അവിടെ പ്രവര്‍ത്തിക്കുന്നവരുടെ ഊര്‍ജം വലിയതോതില്‍ ഇതിന് ഉപയോഗിച്ചു. ഇനിയൊരു തീവ്രവ്യാപനമുണ്ടായാല്‍ അതിനെ നേരിടാന്‍ വേണ്ട ഊര്‍ജം സമാഹരിക്കുക എന്നത് എളുപ്പമാകില്ലെന്ന് ചുരുക്കം.
കൊവിഡിന്റെ പല തരംഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത നേരത്തെ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ അത് കാണുകയും ചെയ്തു. ഇന്ത്യയില്‍ വ്യാപനമുണ്ടാകുമ്പോഴേക്കും ഗുരാതരാവസ്ഥയിലായ ഇറ്റലിയില്‍ പിന്നീട് രോഗികളുടെ എണ്ണം കുറഞ്ഞു. അവിടെ പിന്നീടൊരു തരംഗം സംഭവിച്ചു. ഫ്രാന്‍സിലും ജര്‍മനിയിലുമൊക്കെ അതുണ്ടായി. വാക്സിനേഷന്റെ നിരക്ക് ഇന്ത്യയെ അപേക്ഷിച്ച് പലമടങ്ങായ അമേരിക്കയിലും ബ്രിട്ടനിലും ഇപ്പോഴും പ്രതിദിന രോഗികളുടെ എണ്ണം ഏറെ വലുതാണ്. ജനസംഖ്യയുടെ കാര്യത്തില്‍ ഇവയേക്കാളൊക്കെ മുന്നിലുള്ള ഇന്ത്യയില്‍ മഹാമാരി വീണ്ടും ആഞ്ഞടിക്കാനുള്ള സാധ്യത എപ്പോഴും നിലനിന്നിരുന്നു. എന്നിട്ടും അത് മനസ്സിലാക്കി പ്രതിരോധിക്കുക എന്നതില്‍ നമ്മള് തത്പരരായില്ല. ലോക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുകയും ഏതാണ്ടെല്ലായിടത്തും ആളുകള്‍ കൊവിഡിന് മുമ്പുള്ള കാലത്തെപ്പോലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തത് വ്യാപന സാധ്യത കൂട്ടിയിട്ടുണ്ട്. അന്താരാഷ്ട്ര യാത്രകള്‍ പുനരാരംഭിക്കുക കൂടി ചെയ്തതോടെ ജനിതകമാറ്റം വന്ന വൈറസുകള്‍ ഇറക്കുമതി ചെയ്യപ്പെടാനുള്ള വഴിയും തുറന്നു.
എക്കാലത്തേക്കും അടച്ചിടുക എന്നതോ, യാത്രകളൊക്കെ ഇനിയും നിര്‍ത്തിവെക്കുക എന്നതോ പ്രായോഗികമല്ല. പക്ഷേ, കരുതലെടുക്കാന് ഭരണകൂടത്തിന് സാധിക്കണം, ജാഗ്രത തുടരാന്‍ ജനത്തിന് കഴിയണം. നേരത്തെ വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെ വിമാനത്താവളത്തില്‍ തന്നെ പരിശോധിക്കുകയും അങ്ങനെ വരുന്നവര്‍ ക്വാറന്റീനിലിരിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നു. അതൊക്കെ ഇപ്പോള്‍ എത്ര സംസ്ഥാനങ്ങളിലുണ്ട്? അല്ലെങ്കില്‍ ഏതെങ്കിലും സംസ്ഥാനത്തുണ്ടോ? രണ്ടാം വ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കലൊക്കെ പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരിക്കല്‍ അഴഞ്ഞുപോയ സംവിധാനങ്ങളെ വീണ്ടും മുറുക്കിയൊരുക്കുക എന്നത് അത്രയെളുപ്പമല്ല തന്നെ.
വൈറസിന്റെ ജനിതകമാറ്റം കണ്ടെത്തുന്നതിനുള്ള പരിശോധന കേന്ദ്രസര്‍ക്കാര്‍ ഏതാണ്ട് അവസാനിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോഴത്തെ വ്യാപനം ജനങ്ങളുടെ ജാഗ്രതയിലുണ്ടാകുന്ന കുറവ് മൂലം മാത്രം സംഭവിക്കുന്ന ഒന്നായി ആരോഗ്യവിദഗ്ധര്‍ കരുതുന്നില്ല. വൈറസിന്റെ ജനിതകഘടനയിലുണ്ടായ മാറ്റം കൊണ്ടുകൂടിയാണ് ഇത്രയും വലിയ വ്യാപനമെന്ന് അവര്‍ കരുതുന്നു. അതു കണ്ടെത്താനുള്ള ശ്രമമൊന്നും നടക്കാതിരിക്കുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടിയാണ് അട്ടിമറിക്കപ്പെടുക. നിലവിലുപയോഗിക്കുന്ന വാക്സിനുകള്‍ കൊണ്ട് ചെറുക്കാവുന്ന മാറ്റമാണോ വൈറസിന്റെ ഘടനയിലുണ്ടായിരിക്കുന്നത് എന്ന അന്വേഷണവും ഇല്ലാതാകും. ചുരുക്കത്തില്‍ അതീവ ഗുരുതരമായ ഒരു കൊവിഡ് ഘട്ടത്തിലേക്കാണ് രാജ്യം കടക്കുന്നത്. നേരിടാനുള്ള മുന്നൊരുക്കങ്ങളൊന്നുമില്ലാതിരിക്കേ പ്രത്യേകിച്ചും.
(ദി പ്രിന്റ്, ദി ക്വിന്റ്, ഇന്ത്യാ സ്പെന്‍ഡ് എന്നീ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളെ ആധാരമാക്കി തയാറാക്കിയ ഫീച്ചര്‍)
വി എസ് ദീപ
You must be logged in to post a comment Login