”ദയവായി നിങ്ങള്‍ ലക്ഷദ്വീപിനോടുള്ള ഈ മ്യൂസിയം കാരുണ്യം അവസാനിപ്പിക്കണം.” സഹപാഠിയുടെ വാക്കുകളാണ്. കൊച്ചിയിലെ പഠനകാലത്ത് കൂടെയുണ്ടായിരുന്ന ലക്ഷദ്വീപന്‍. ഞങ്ങള്‍ അക്കാലത്തെ ദ്വീപ് ചങ്ങാതിമാരെ സ്‌നേഹിച്ചു വിളിച്ചിരുന്നത് ദ്വീപന്‍ എന്നായിരുന്നു. ആ പേര് അന്വര്‍ഥമാകും വിധം പ്രകാശം പരത്തിയിരുന്ന സുഹൃത്തുക്കള്‍. കൊച്ചിക്കും കോഴിക്കോടിനും ഒട്ടും അപരിചിതരല്ല ലക്ഷദ്വീപുകാര്‍. നിത്യജീവിതത്തിന്റെ അതിസാധാരണ പങ്കാളിത്തങ്ങള്‍. എറണാകുളത്ത് നിന്ന് വൈപ്പിനിലേക്ക് പോകുന്നത്ര സാധാരണമായിരുന്നു അക്കാലത്ത് അവരുടെ ദ്വീപിലേക്കുള്ള യാത്രകള്‍. പലപ്പോഴും അതിഥികളായി കരക്കാരും കൂടെ പോകും. ലക്ഷദ്വീപ് കേരളത്തിന്റെ പതിനഞ്ചാമത്തെ ജില്ലയാണെന്ന് തോന്നുംമട്ടിലുള്ള ജീവിതകാലം. പതുങ്ങിയ മലയാളമൊഴിച്ചാല്‍ ബാക്കിയെല്ലാം കേരളം. ചങ്ങാതിയില്‍ നിന്നാണ് ദ്വീപിനെക്കുറിച്ചുള്ള കഥകളുടെ കേള്‍വി. കൊച്ചി വിട്ടതോടെ വല്ലപ്പോഴുമുള്ള വിളികളില്‍ മാത്രമായി ദ്വീപ്. അല്ലെങ്കിലും കേരളത്തിന്റെ മുന്‍ഗണനകളില്‍ ദ്വീപ് ഒരിക്കലും കടന്നുവരാറില്ലല്ലോ? ദ്വീപിന് അങ്ങനെ അല്ലെങ്കിലും.
ലക്ഷദ്വീപിന്റെ ദൈനംദിന ജീവിതത്തില്‍ നിറയെ കേരളമുണ്ട്. ഭാഷയായി, നിത്യോപയോഗ സാമഗ്രികളായി, അവയുമായി തീരം തൊടുന്ന യാനങ്ങളായി, യാത്രികരായി, ഉദ്യോഗസ്ഥരായി, ബന്ധുക്കളായി, പഠിക്കുവാന്‍ പോയ മക്കളായി, ചികിത്സക്ക് പോയ ഉറ്റവരായി… അങ്ങനെ പലതായി. ഏതാണ്ട് എണ്‍പതിനായിരത്തോളം വരുന്ന ദ്വീപ് ജനത അവരുടെ എല്ലാ ദിവസങ്ങളിലും പലതവണ കേരളത്തെ അനുഭവിക്കുന്നുണ്ട്. കേരളത്തിലെ എല്ലാം അവര്‍ക്ക് കേള്‍ക്കേണ്ട വാര്‍ത്തകളാണ്. അറിയേണ്ട അനുഭവങ്ങളാണ്. കര കൂടുതല്‍ സമൃദ്ധവും കൂടുതല്‍ തിരക്കേറിയതുമായ ഒരിടമായതിനാലാവാം നമ്മുടെ പരിഗണനകളില്‍ ദ്വീപ് സാന്നിധ്യമില്ല. നമ്മുടെ മുഖ്യധാരാ പത്രങ്ങളില്‍ ദ്വീപില്‍ നിന്ന് വാര്‍ത്തകള്‍ ഉണ്ടാവാറില്ല. ധൃതിപ്പെട്ടുള്ള ഏതു യാത്രയും നാലഞ്ച് കിലോമീറ്ററിനപ്പുറം ജലത്തില്‍ തട്ടിനില്‍ക്കും എന്ന് പരമ്പരാഗതമായി അറിയാവുന്ന, ജലത്തിന്റെ അഗാധമായ സാന്നിധ്യത്താല്‍ ജീവിതത്തെ ചിട്ടപ്പെടുത്തിയിട്ടുള്ള ദ്വീപിന് നമ്മള്‍ വാര്‍ത്തയായി ഇപ്പോള്‍ കരുതുന്ന യാതൊന്നും ഉത്പാദിപ്പിക്കാനുമില്ല. അതിപരിചയം കുറ്റകൃത്യങ്ങളെ കുറക്കുമെന്ന് നാം സാമൂഹ്യശാസ്ത്രത്തില്‍ പഠിക്കുന്നുണ്ട്. കമ്യൂണുകളുടെ ജീവിതബോധമാണത്. അതല്ല നാം സംസാരിക്കാന്‍ ഒരുങ്ങുന്നത്.
വാര്‍ത്തകള്‍ ഇല്ലാതിരിക്കുക എന്നാല്‍ നിശ്ചലമായിരിക്കുക എന്നല്ല. പുതിയ കാലവും ലോകവും വാര്‍ത്തയായി പരിഗണിക്കുന്ന വ്യവഹാരങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക, അത്തരം വ്യവഹാരങ്ങള്‍ക്ക് വിധേയമാകാതിരിക്കുക എന്നാണ്. അത് രണ്ടും ഭാഗ്യവശാല്‍ ഇല്ലാതായതിനാലാണ് വാര്‍ത്തകളില്‍ നിന്ന് ലക്ഷദ്വീപ് നമ്മില്‍ നിന്ന് ഒഴിഞ്ഞുനിന്നത്. ആസൂത്രിതമെന്നോണം സൃഷ്ടിക്കപ്പെട്ട ഒന്ന് രണ്ട് വാര്‍ത്തകളെക്കുറിച്ച് പിന്നീട് പറയാം. അത് മുങ്ങിത്തപ്പിയിട്ടും അതില്‍ ദ്വീപും അവിടത്തെ ജനതയും തെളിഞ്ഞുവരാത്തതിനാല്‍ അതൊരു ദ്വീപ് വാര്‍ത്ത അല്ലെങ്കിലും.
ഇപ്പോള്‍ ഇതാ വാര്‍ത്തയാവുക എന്ന സാമൂഹിക അതിക്രമത്തിന് ലക്ഷദ്വീപ് വിധേയമായിരിക്കുന്നു. അല്‍പം ആശയക്കുഴപ്പമുള്ള വാചകമാണോ ഇത്? വിശദീകരിക്കാം. ഒരു സൂക്ഷ്മാണു ലോകത്തെയാകെ പുനര്‍നിര്‍വചിക്കുകയും മനുഷ്യര്‍ പ്രാണവായു കിട്ടാതെ പിടഞ്ഞുവീഴുകയും ചെയ്യുന്ന കാലമാണല്ലോ ഇത്. അക്കാലത്ത്, ഏറെക്കുറെ അതിന് മുന്‍പും നിങ്ങള്‍ വാര്‍ത്തകളായി പരിഗണിക്കുന്ന കാര്യങ്ങളെ ഓര്‍ക്കുക. ഒന്ന് അധികാരമാണ്. അധികാരത്തിന്റെ ഹിംസ, അല്ലെങ്കില്‍ അധികാരത്തിന്റെ കാരുണ്യം. ഇത് രണ്ടും വാര്‍ത്തയാണ്. ഇത് രണ്ടും ലക്ഷദ്വീപിന്റെ അനുഭവമല്ലായിരുന്നു 2020 ഡിസംബര്‍ വരെ. കാരണം അവിടെ അധികാരം ഒരു ഹിംസാത്മകതയോ കാരുണ്യമോ അല്ല. അധികാരം എന്നത് പ്രത്യക്ഷം പോലുമല്ല. ആരോട് എന്തിന് എന്ത് നേടാനാണ് അത് പ്രയോഗിക്കേണ്ടത് എന്നുണ്ടല്ലോ? അടുത്തത് ക്രൈം ആണ്. ക്രൈം വാര്‍ത്തയാണ്. വംശാനന്തര ചിരപരിചിതത്വവും കമ്യൂണുകളെ വിദൂരമായി ഓര്‍മിപ്പിക്കുന്ന ജീവിതരീതിയും പരസ്പരമുള്ള വിശാലബന്ധുതയും സ്വകാര്യസ്വത്ത് സംബന്ധിച്ച സങ്കല്‍പങ്ങള്‍ക്ക് ദ്വീപിലാണ് തങ്ങള്‍ എന്ന ബോധം നല്‍കുന്ന പക്വതയും എല്ലാം ചേര്‍ന്ന് ദ്വീപിനെ ഒരു കുറ്റകൃത്യരഹിത ഭൂപ്രദേശമാക്കി മാറ്റിയിട്ടുണ്ട്. ശ്രദ്ധിക്കണം; തികച്ചും ഭൂമിശാസ്ത്രപരവും അത് സൃഷ്ടിച്ച ജീവിതബോധ്യവുമാണ് ദ്വീപിന്റെ കുറ്റകൃത്യ രഹിത അസ്തിത്വത്തെ സൃഷ്ടിച്ചത്. സ്ഥപരതയും സാമൂഹികതയും സ്വത്ത് സംബന്ധിച്ച പ്രായോഗികതയും എല്ലാം കുറ്റകൃത്യം എന്ന സാമൂഹികപ്രയോഗത്തെ വലിയ തോതില്‍ നിര്‍ണയിക്കുന്നുണ്ട്.
അതിനാലാണ് വാര്‍ത്തയാവുക എന്ന സാമൂഹിക അതിക്രമത്തിന് ലക്ഷദ്വീപ് വീണ്ടും ഇരയായിരിക്കുന്നു എന്ന് പറഞ്ഞത്. അതാകട്ടെ അതിവിനാശകരമായ ഒരു പദ്ധതിയുടെ ഇരയാവുക വഴിയും. ആ പദ്ധതിയാകട്ടെ ചരിത്രത്തില്‍ എമ്പാടും ഫാഷിസവും കോര്‍പറേറ്റുകളും തദ്ദേശ ജീവിതത്തിനുമേല്‍ പ്രയോഗിച്ചിട്ടുള്ള ഒന്നുമാണ്. നിങ്ങള്‍ക്ക് ഈ സന്ദര്‍ഭത്തില്‍ റെഡ് ഇന്ത്യന്‍ മൂപ്പന്റെ ആ വിഖ്യാതമായ പ്രസംഗം ഓര്‍ക്കാം.
ലക്ഷദ്വീപില്‍ എന്താണ് സംഭവിക്കുന്നത് എന്നതിന്റെ വസ്തുതകള്‍ നിങ്ങള്‍ക്ക് മുന്നിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിശ്വസ്തനായ, മോഡിയുടെ ഗുജറാത്ത് വാഴ്ചക്കാലത്ത് അല്‍പകാലം ആഭ്യന്തരമന്ത്രിയുടെ ചുമതല വഹിച്ചിട്ടുള്ള, പ്രഫുല്‍ ഖോഡ പട്ടേല്‍ എന്ന വിദ്വാനെ ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റര്‍ ആയി വാഴിക്കലായിരുന്നു തുടക്കം. പട്ടേല്‍ പറന്നിറങ്ങി. കേവലം മോഡി വിശ്വസ്തനായ സംഘപരിവാറുകാരന്‍ മാത്രമല്ല പട്ടേല്‍. മറ്റൊരു ചരിത്രം പട്ടേലിനുണ്ട്. ഗുജറാത്ത് രാഷ്ട്രീയത്തില്‍ സംഘപരിവാറിനാല്‍ തന്നെ തോല്‍പിക്കപ്പെട്ട പട്ടേലിന് ആദ്യം ഭരിക്കാന്‍ കിട്ടിയ പ്രദേശമല്ല ലക്ഷദ്വീപ്. അത് ദാമന്‍ ആണ്. ദാമനില്‍ ഇയാള്‍ നടത്തിയ ചെയ്തികള്‍ രഞ്ജിത് ആന്റണി രേഖപ്പെടുത്തുന്നുണ്ട്.
”ദാമനും, ദിയുവും പോര്‍ച്ചുഗീസ് കോളനികളായിരുന്നു. പിന്നീട് ഇന്‍ഡ്യന്‍ യൂണിയന്‍ ടെറിറ്ററി പ്രദേശങ്ങളായി. മുഖ്യമന്ത്രിയോ, നിയമസഭയോ ഇല്ല. കേന്ദ്രം നിയമിക്കുന്ന ഒരു അഡ്മിനിസ്ട്രേറ്ററാണ് അവിടുത്തെ പ്രധാനി. ദാമനും, ദിയുവും, നാഗര്‍ ഹവേലിയുമൊക്കെ ചെറിയ ഡിസ്ട്രിക്റ്റുകളാണ്. അതിനാല്‍ അതിന്റെ ഒക്കെ അഡ്മിനിസ്ട്രേറ്റര്‍മാര്‍ ഐ എ എസ് ഉദ്യോഗസ്ഥരാണ്.
ആദ്യമായി ദാമനില്‍ അഡ്മിനിസ്ട്രേറ്റര്‍ പദവിയില്‍ എത്തുന്ന ഒരു പൊളിറ്റിക്കല്‍ അപ്പോയിന്റീ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കോഡ പട്ടേല്‍ എന്നൊരു വിദ്വാനായിരുന്നു. 2016 ലാണ് ആശാന്‍ ദാമനില്‍ കാലു കുത്തുന്നത്. വന്നിറങ്ങിയ ഉടന്‍ ഖോഡ പട്ടേല്‍ പണി തുടങ്ങി. ആദ്യം ചെയ്തത് ദാമന്റെ ഒരരുകില്‍ കടലിനഭിമുഖമായി കിടക്കുന്ന ഒരു കിലോമീറ്റര്‍ നീളമുള്ള പ്രകൃതി മനോഹരമായ വാട്ടര്‍ ഫ്രണ്ട് ഒഴുപ്പിച്ചെടുക്കുക എന്നതായിരുന്നു. ദാമനീസ് എന്ന ആദിവാസികളായ മുക്കുവരെ ആണ് 2019 നവംബറില്‍ ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ചത്. ആയിരത്തിലേറെ വര്‍ഷങ്ങള്‍ അവര്‍ ജീവിച്ചിരുന്ന ചുറ്റുപാടുകളില്‍ നിന്ന് അവര്‍ ആട്ടിയിറക്കപ്പെട്ടു. അന്താരാഷ്ട്ര ശ്രദ്ധയൊക്കെ നേടിയ ഒഴിപ്പിക്കലായിരുന്നു. ദാമനികളുടെ ഒരു വലിയ പോപ്പുലേഷന്‍ ഇംഗ്ലണ്ടിലോട്ട് കുടിയേറിയിട്ടുണ്ട്. ഏകദേശം 12,000 പേര്‍ ഇംഗ്ലണ്ടിലെ ലീസ്റ്ററില്‍ താമസിക്കുന്നുണ്ട്. അവരുടെ എം.പി കീത്ത് വാസ് ദാമനില്‍ പറന്നെത്തി പ്രഫുല്‍ ഖോഡ പട്ടേലിനെ കണ്ട് ഒഴിപ്പിക്കുന്ന പരിപാടികള്‍ നിര്‍ത്തണം എന്നൊക്കെ ആവശ്യപ്പെട്ടിരുന്നു. അങ്ങോരെ സ്ഥലമൊക്കെ കാണിച്ചു ചുറ്റി നടത്തി അടുത്ത പ്ലെയിനില്‍ കയറ്റി പറഞ്ഞുവിട്ടു. എന്നിട്ട് നേരെ വന്ന് ബുള്‍ഡോസര്‍ കൊണ്ട് വന്ന് കൊച്ച് പിച്ച് കുട്ടികളേം അമ്മമാരെയും വീട്ടീന്നിറക്കി വീട് നെരപ്പാക്കി കൊടുത്തു.
ഒറ്റരാത്രികൊണ്ട് ആ മുക്കുവര്‍ തെരുവിലായി. അവര്‍ ഇന്ന് മോട്ടി ഡാമനിലെ ഒരു ചേരിയില്‍ കുടില്‍ കെട്ടി താമസിക്കുന്നു. 500 കൊല്ലം പോര്‍ച്ചുഗീസ് കൈവശം വെച്ച സ്ഥലമാണ്. ക്രൂരമായ അധിനിവേശങ്ങളുടെ മുറിവുകള്‍ ഇനിയും മാറിയിട്ടില്ല. ആ അധിനിവേശക്കാര്‍ക്ക് കഴിയാത്തതാണ് പ്രഫുല്‍ പട്ടേല്‍ സാധിച്ചെടുത്തത്.
കുറ്റം പറയരുത്. ആ സ്ഥലം ഇന്ന് ബിനോദ് ചൗധരി എന്ന നേപ്പാളീസ് കോടീശ്വരന്റെ CG Corp ഗ്ലോബലിന്റെ കയ്യിലാണ്. അവിടെ മുക്കുവ കുടിലുകള്‍ പോലെ കോട്ടേജുകള്‍ കെട്ടിയിട്ടുണ്ട്. ദിവസം $60 തൊട്ട് $80 ഡോളര്‍ കൊടുത്താല്‍ നിങ്ങക്ക് ആ കോട്ടേജില്‍ കിടന്ന് ടെന്റ് ടൂറിസം ആസ്വദിക്കാം. ഒരു രണ്ട് കിലോമീറ്റര്‍ അപ്പുറത്ത് ആ സ്ഥലത്തിന്റെ ഒറിജിനല്‍ അവകാശികള്‍ ടെന്റ് കെട്ടി വേറെ താമസിക്കുന്നുണ്ട്.
ഈ പ്രഫുല്‍ കോഡ പട്ടേലാണ് ലക്ഷദീപില്‍ ചെന്നിറങ്ങിയിരിക്കുന്നത്. ദാമനില്‍ ചെന്നത് ബിനോദ് ചൗധരിയുടെ കൊട്ടേഷനുമായാണ്. ഇവിടെ എത്തിയിരിക്കുന്നത് ആരുടെ കൊട്ടേഷനാണെന്ന് വഴിയെ നമ്മള്‍ അറിയും.”
രഞ്ജിത്ത് പറഞ്ഞ അവസാന വാചകം കേട്ടുവോ? കൊട്ടേഷന്‍. നാമിപ്പോഴും ഫാഷിസത്തെക്കുറിച്ച് പങ്കിടുന്ന ആശങ്കകളില്‍ നിന്ന് പുറത്താക്കപ്പെടുന്ന പദമാണത്. അതിനാല്‍ നമ്മുടെ ഫാഷിസ ചര്‍ച്ചകള്‍ മതങ്ങളില്‍ കെട്ടിനില്‍ക്കും. ഇന്ത്യന്‍ മുസല്‍മാനോടുള്ള ഇന്ത്യന്‍ തീവ്രഹിന്ദുത്വയുടെ വെറുപ്പിനെ മാത്രമാണ് നാമിപ്പോള്‍ ഫാഷിസം എന്ന് രേഖപ്പെടുത്തുക. എന്നിട്ട് ഫാഷിസത്തെ ഒരു മതപ്രശ്നമാക്കി, ഫാഷിസത്തിന്റെ കയ്യേറ്റങ്ങളെ ഒരു മുസ്ലിം പ്രശ്നം മാത്രമാക്കി മാറ്റും. വാസ്തവത്തില്‍ ഈ മതപ്രശ്നം എന്നത് ഫാഷിസത്തിന്റെ പലമുഖംമൂടികളില്‍ ഒന്ന് മാത്രമാണ്. കോര്‍പറേറ്റുവത്കരിക്കപ്പെട്ട രാഷ്ട്രീയമാണ് ഫാഷിസം. അതിനെ അങ്ങനെ തിരിച്ചറിയുമ്പോഴാണ് ഫാഷിസത്തെ പ്രതിരോധിക്കുകയെന്നാല്‍ ദേശത്തെ മുഴുവന്‍ സംരക്ഷിക്കുക എന്നാവുന്നത്.
ലക്ഷദ്വീപിലേക്ക് വരാം. ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശത്തോട് സംഘപരിവാരത്തിന് അതിസ്വാഭാവികമായി ഉള്ള പകയുടെ മാത്രം പ്രകാശനമല്ല അവിടെ നടക്കുന്നത്. അത് തദ്ദേശീയര്‍ക്ക് അമുല്‍ പാല്‍ നല്‍കുന്നതിന്റെയും പ്രശ്നമല്ല. അത് സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തില്‍ നിന്ന് മാംസം ഒഴിവാക്കുന്നതിന്റെ പ്രശ്നമല്ല. അത് തദ്ദേശീയ മനുഷ്യരെ സര്‍ക്കാര്‍ ജോലികളില്‍ നിന്ന് യോഗ്യതയുടെ പേരു പറഞ്ഞ് പിരിച്ചുവിടുന്ന പ്രശ്നമല്ല. അത് കടലോരത്തെ മല്‍സ്യ സംസ്‌കരണ ഷെഡുകള്‍ രാത്രിക്ക് രാത്രി പൊളിച്ചുകളയുന്നതിന്റെ പ്രശ്നമല്ല. അത് മദ്യനിരോധനം കാലങ്ങളായുള്ള ഒരിടത്ത് മദ്യം വിളമ്പുമെന്ന ഭീഷണിയുടെ പ്രശ്നമല്ല. അത് ബേപ്പൂരുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന വെല്ലുവിളിയുടെ പ്രശ്നവുമല്ല.
മറിച്ചോ, അത് ജനാധിപത്യത്തിന്റെ പ്രശ്നമാണ്. എത്ത്നിക് ജനതക്ക് നമ്മുടെ ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിതത്തിന്റെ പ്രശ്നമാണ്. അതൊരു മുസ്ലിം പ്രശ്നമല്ല. എത്ത്നിക് ജനത ഒരേ വിശ്വാസം പിന്തുടരുന്നത് ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ കാരണങ്ങളാല്‍ ആണ്. അതേ കാരണങ്ങളാലാണ് ലക്ഷദ്വീപ് ഒരു മുസ്ലിം ഭൂരിപക്ഷ കേന്ദ്രമായത്. മുസ്ലിം ആയി എന്നത് ഭരണഘടനാവകാശങ്ങള്‍ നിഷേധിക്കാനുള്ള കാരണമായി ഇന്ത്യയില്‍ ഇതുവരെ മാറിയിട്ടില്ല. ടൂറിസത്തിന്റെ കടന്നാക്രമണങ്ങളില്‍ നിന്ന് എത്ത്നിക് ജനത രക്ഷപ്പെട്ടു നില്‍ക്കുന്നത് ഈ സംരക്ഷണം കൊണ്ടാണ്. മദ്യം ഉണ്ടാക്കാനും മദ്യം വേണ്ടെന്ന് വെക്കാനും എത്ത്നിക് ജനതയുടെ സംസ്‌കാരത്തെയാണ് ഉപാധിയാക്കേണ്ടത്. ആ ജനാധിപത്യമാണ് ലക്ഷദ്വീപ് ആവശ്യപ്പെടുന്നത്. ആരുടെയെങ്കിലും കൊട്ടേഷനെടുത്ത് ഈ ദ്വീപിനെ കള്ളുപുരയും ലൈംഗിക തൊഴിലാലയവും ആക്കരുത് എന്ന് പറയാനുള്ള അവകാശം ഭരണഘടനാപരമാണ്.
അപ്പോള്‍ ലക്ഷദ്വീപില്‍ നല്ല ആതുരാലയങ്ങള്‍, നല്ല ഉല്ലാസ കേന്ദ്രങ്ങള്‍, നല്ല വിദ്യാലയങ്ങള്‍, നല്ല പാതകള്‍, കര അനുഭവിക്കുന്ന ആധുനിക സൗകര്യങ്ങള്‍ ഒന്നും വേണ്ട എന്നാണോ? അതിനുള്ള ഉത്തരം ദ്വീപ്വാസികള്‍ പറയട്ടെ.
ആ ഉത്തരത്തിന്റെ ആദ്യവാചകമാണ് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ വായിച്ചത്. പ്രഫുല്‍ ഖോഡ ദ്വീപ് ഉഴുതുമറിക്കുന്നതിന്റെ ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍ വന്നുതുടങ്ങിയ നാളുകള്‍. ദ്വീപില്‍ അധിനിവേശം നടത്താനൊരുങ്ങുന്ന വമ്പന്‍ മൂലധനങ്ങളെക്കുറിച്ചുള്ള സൂചനകള്‍ സജീവമായ കാലം. ഹിംസാത്മക അധിനിവേശത്തിന്റെ ലോകചരിത്രത്തില്‍ എമ്പാടും തദ്ദേശീയരെ ആസൂത്രിതമായി കുടുക്കി അപരവത്കരിച്ച് പുറത്താക്കി
ദേശത്തെ വിഴുങ്ങലാണ് പതിവ്. അതേ തന്ത്രം ദ്വീപിനു മേല്‍ പ്രയോഗിക്കപ്പെടുമോ എന്ന് ഭയന്ന കാലം. അന്നാണ് സഹപാഠിയായ അന്‍സാരിയെ വിളിക്കുന്നത്. കുശലങ്ങളില്ലാതെ തുടങ്ങിയ സംഭാഷണത്തില്‍ ലക്ഷദ്വീപിനുള്ള കേരളത്തിന്റെ വിശാലമായ പിന്തുണയെക്കുറിച്ചും പരാമര്‍ശിച്ചു. മലയാളത്തില്‍ ഒട്ടേറെ ആരാധകരുള്ള നടന്‍ പൃഥ്വിരാജ് ഉള്‍പ്പടെ ഉള്ളവരുടെ പിന്തുണക്കുറിപ്പുകളും അന്‍സാരിയുമായി പങ്കുവെച്ചു. കേരളം നല്‍കുന്ന മുഴുവന്‍ പിന്തുണകളോടുമുള്ള നന്ദി അന്‍സാരിയുടെ മറുപടി വാക്കുകളില്‍ അനുഭവിച്ചു. പൊടുന്നനെ ആയിരുന്നു ”ദയവായി നിങ്ങള്‍ ലക്ഷദ്വീപിനോടുള്ള ഈ മ്യൂസിയം കാരുണ്യം അവസാനിപ്പിക്കണം.”എന്ന സൗഹൃദ സ്വാതന്ത്ര്യത്താല്‍ ക്ഷുഭിതമായ ഈ വാക്കുകള്‍. അന്‍സാരി വിശദീകരിച്ചു:
”കേരളത്തില്‍ നിന്ന് ഉയരുന്ന പിന്തുണകള്‍ക്ക് നന്ദി ഒക്കെ ഉണ്ട്. പക്ഷേ, അത് കൃത്യമായി രണ്ട് സ്വഭാവത്തില്‍ ഉള്ളതാണ്. അതാണ് നിറഞ്ഞുനില്‍ക്കുന്നത്. ഒന്നാമത്തേത് നൊസ്റ്റാള്‍ജിയ ആണ്. പഞ്ചാര പവിഴ മണല്‍, നിഷ്‌കളങ്കരായ ആളുകള്‍, അചുംബിതമായ തീരം, തുറന്നിട്ട വീടുകള്‍, തിരക്കില്ലാത്ത മനുഷ്യര്‍, കുറ്റകൃത്യങ്ങളില്ല, പൂട്ടിപ്പോയ ജയില്‍ അങ്ങിനെ നീളുന്നു അത്. രണ്ടാമത്തേത് ഇതൊരു മുസ്ലിം പ്രശ്നമാക്കാനുള്ള ശ്രമങ്ങളാണ്. ദ്വീപ് വാസികള്‍ക്ക് ഒരു ബന്ധവുമില്ലാത്ത പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകളുണ്ട് ആ ശ്രമത്തിന്റെ മുന്‍നിരയില്‍. ഞാന്‍ മാധ്യമം ദിനപത്രത്തിലെ വാര്‍ത്തകള്‍ ശ്രദ്ധിച്ചിരുന്നു. ഈ രണ്ട് നിലപാടും ഞങ്ങള്‍ക്കൊരു ഗുണവും ചെയ്യില്ല. നിങ്ങള്‍ മെയിന്‍ ലാന്‍ഡുകാരുടെ നന്‍മ മ്യൂസിയമൊന്നുമല്ല ഈ ദ്വീപ്. ഞങ്ങള്‍ക്കു വേണ്ടത് ജനാധിപത്യത്തിന്റെ ആ ഓഹരിയാണ്. ഞങ്ങള്‍ക്കു വേണ്ടത് ഭരണഘടനാപരമായ അവകാശമാണ്. ഞങ്ങളുടെ ഭാഗധേയം, ഞങ്ങളുടെ വികസനം ഇവയില്‍ ഞങ്ങളെ കേള്‍ക്കുന്ന നയമാണ് വേണ്ടത്. ടൂറിസത്തിന് ഞങ്ങള്‍ എതിരല്ല. ഇപ്പോഴും ഇവിടെ അതുണ്ട്. പക്ഷേ, ഞങ്ങളുടെ ജീവിതത്തിന് അത് വില പറയരുത്. പ്രഫുല്‍ ഖോഡ ഇപ്പോള്‍ ചെയ്യുന്നത് അതാണ്. ഞങ്ങളെ പ്രകോപിപ്പിച്ച് അക്രമികളാക്കി മുദ്രകുത്തി, മയക്കുമരുന്ന് കച്ചവടക്കാരായി ചിത്രീകരിച്ച് അപമാനിച്ച് ഇല്ലാതാക്കാനാണ് ശ്രമം. ഇതിനെതിരായ ഞങ്ങളുടെ പ്രതിഷേധം വലിയ മനുഷ്യാവകാശ ജനാധിപത്യ പോരാട്ടമാണ്. ദയവായി ഇതിനെ നിങ്ങള്‍ അങ്ങനെ കാണൂ.”
അതല്ലേ ശരി?
കെ കെ ജോഷി
You must be logged in to post a comment Login