ആറു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ബിഹാറിലെ ഒരു ചെറുഗ്രാമത്തില്‍ നിന്ന് ഇരുപത്തിനാലു വയസ്സുള്ള മുന്ന കുമാര്‍ സിംഗും കുടുംബവും ഡല്‍ഹിയിലേക്ക് കുടിയേറിയത്. അവിടെ അയാള്‍ ഒരു ഡെനിം ഫാക്ടറിയില്‍ ഒമ്പതിനായിരം രൂപ മാസശമ്പളത്തിന് ജോലിയെടുത്തു. നാലു പേരുള്ള ആ കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമായിരുന്നു അയാള്‍. ബിഹാറിലെ വീട്ടിലുള്ളവര്‍ക്ക് ചെറിയ തുക അയക്കാനും അയാള്‍ ശ്രമിക്കാറുണ്ട്. കൊവിഡ് 19 പടര്‍ന്നതോടെ കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ അയാള്‍ക്ക് ജോലി നഷ്ടപ്പെട്ടു. രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തില്‍ അയാള്‍ നിരവധി പേരില്‍ നിന്ന് കൈവായ്പ്കള് വാങ്ങിച്ചു. അയാളിപ്പോള്‍ അമ്പതിനായിരം രൂപയിലധികം തിരിച്ചുകൊടുക്കാനുണ്ട്. സ്ഥിരമായ വരുമാനം ഇല്ല താനും.
ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുള്ള താഴ്ന്ന വരുമാനക്കാരുടെ അവസ്ഥ ഇതു തന്നെയാണ്. ഇന്ത്യയിലെ ഗാര്‍ഹിക കടം 2013 മുതല്‍ ഉയരുകയായിരുന്നെങ്കിലും, കഴിഞ്ഞ വര്‍ഷം പാതിയോടെ കൊവിഡു മൂലമുണ്ടായ സാമ്പത്തിക തകര്‍ച്ചയും വായ്പക്കോ വരുമാനത്താങ്ങിനോ ഉള്ള സംഘടനാസംവിധാനങ്ങളുടെ കുറവും അതിനെ വളരെ മോശം അവസ്ഥയിലെത്തിച്ചു. ആശങ്കകളും അനിശ്ചിതാവസ്ഥയും ആളുകളെ കരുതല്‍ധനമായി കടം വാങ്ങി വെക്കാനും പ്രേരിപ്പിച്ചു.
റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച് 2020 ന്റെ ആദ്യപാദത്തില്‍ ഗാര്‍ഹിക കടത്തിന് മൊത്ത ആഭ്യന്തര ഉല്പന്നവുമായുള്ള അനുപാതം 35.4 ല്‍ നിന്ന് 37.1 ലേക്ക് കുതിച്ചുചാടി. 2021 മാര്‍ച്ചില്‍ ഇന്ത്യയിലെ മൊത്തം ഗാര്‍ഹിക കടം 43.5 ട്രില്യണ്‍ ആയി കണക്കാക്കപ്പെട്ടു. സര്‍ക്കാരിന്റെയും കോര്‍പ്പറേറ്റുകളുടെയും കടവും വര്‍ധിച്ചു. ഇന്ത്യയുടെ ദേശീയ കടം 2010-21 ല്‍ മൊത്ത ആഭ്യന്തര ഉല്പന്നത്തിന്റെ 89.56 ശതമാനമായി മാറി. സര്‍ക്കാര്‍ കടത്തിന് മൊത്തം ആഭ്യന്തര ഉല്പന്നവുമായുള്ള അനുപാതം എഴുപതു ശതമാനമായി വര്‍ധിച്ചു; കോര്‍പ്പറേറ്റു കടം 47 ശതമാനവും.
ഡല്‍ഹി, ലക്നൗ, സൂറത്ത്, പൂനെ എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന കുടിയേറ്റത്തൊഴിലാളികളുടെ താമസപ്രദേശങ്ങളില്‍ ‘സെന്റര്‍ ഫോര്‍ ന്യൂ ഇക്കണോമിക്ക് സ്റ്റഡീസ് ‘ നടത്തിയ രണ്ടു പഠനങ്ങള്‍ കൊവിഡ് വ്യാപനത്തിനുശേഷം വീടുകള്‍ കടം വാങ്ങുന്ന രീതിയില്‍ സംഭവിച്ച ചില സൂക്ഷ്മപ്രവണതകള് വിശകലനം ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലെ ഏറ്റവും വലിയ കുടിയേറ്റത്തൊഴിലാളി താമസപ്രദേശങ്ങളിലൊന്നായ കാപസ്ഹേരയിലുള്ളവര് ഏറിയ പങ്കും കടം വാങ്ങുന്നത് ഭാവിയിലേക്കു സൂക്ഷിച്ചുവെക്കാനാണ്. അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനായി ചെലവഴിക്കാനല്ല അവര്ക്കാ പണം. 2020 -21ന്റെ ആദ്യപാദത്തില്‍ ഇങ്ങനെയുള്ള കരുതല്‍ ധനത്തിലുണ്ടായ വര്‍ധന 21 ശതമാനമാണ്.
സാമ്പത്തികമായ അസ്ഥിരതകള്ക്കുമേല് ഉപഭോഗനിരക്ക് ക്രമീകരിക്കപ്പെടുന്നതിനെ പെര്‍മനന്റ് ഇന്‍കം ഹൈപ്പോതിസീസില്‍ വിശകലനം ചെയ്യുന്നുണ്ട്. ഭാവിയെ കുറിച്ച് ശുഭപ്രതീക്ഷകളുണ്ടെങ്കില് വ്യക്തിഗത കുടുംബങ്ങള്‍ ഉപഭോഗനിരക്ക് താഴാതെ നിലനിര്‍ത്തും. വരുമാന നില കുറഞ്ഞാലും വീടുകള്‍ കടം വാങ്ങിയും ജീവിതനിലവാരം നിലനിര്‍ത്താന്‍ ശ്രമിക്കും. ഡല്‍ഹിയിലെയും പൂനെയിലെയും ചില താഴ്ന്ന/ ഇടത്തരം വരുമാനക്കാരിലെ കടം വാങ്ങുന്ന സ്വഭാവം ഇങ്ങനെ ഉപഭോഗ നിരക്ക് നിലനിര്‍ത്താനാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ഇതിനെ സാമാന്യവത്കരിക്കാനാകില്ല.
ദിവസേന ലഭിച്ചിരുന്ന കൂലിയുടെ നഷ്ടവും സാമ്പത്തികമായ അസ്ഥിരതകളും കുടുംബങ്ങളെ സ്വര്‍ണം വിറ്റും കടം വാങ്ങിയും ഭാവിയില്‍ ക്രയവിക്രയം ചെയ്യാവുന്ന പണം സൂക്ഷിച്ചു വെക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. പക്ഷേ മുന്നാ കുമാര്‍ സിംഗിന്റേതു പോലുള്ള നിരവധി കുടുംബങ്ങള്‍ക്ക് അത്യാവശ്യവസ്തുക്കള്‍ വാങ്ങാനുള്ള അവസാനത്തെ കച്ചിത്തുരുമ്പാണ് കടം വാങ്ങല്‍.
ഹോം ക്രെഡിറ്റ് ഇന്ത്യ എന്ന സംഘടന നടത്തിയ പഠനത്തില്‍, നാല്പത്തിയാറു ശതമാനം കുടുംബങ്ങളും വീട്ടുകാര്യങ്ങള്‍ മുമ്പോട്ടു കൊണ്ടുപോകാന്‍ തന്നെയാണു കടം വാങ്ങിയതെന്ന് വെളിപ്പെട്ടിട്ടുണ്ട്. 2019 ലും അതിനു മുമ്പും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ കടം വാങ്ങിയതിനു പിന്നില്‍ പ്രചോദന ഘടകങ്ങളുണ്ടായിരുന്നു. ഉപഭോഗവസ്തുക്കളും ഇരുചക്രവാഹനങ്ങളും വാങ്ങാനും ജീവിതനിലവാരമുയര്ത്താനുമായിരുന്നു ആ കടം വാങ്ങലുകള്‍. എന്നാല്‍ 2019 ല്‍ നിന്ന് 2020 ലെത്തിയപ്പോള്‍ ആ കടംവാങ്ങലുകള് ജീവിതശൈലി ഉയര്‍ത്തുന്നതില്‍ നിന്ന് അതിജീവനത്തിനുള്ള കച്ചിത്തുരുമ്പായത് ഇന്ത്യയിലെ താഴ്ന്ന വരുമാനക്കാര്‍ അനുഭവിക്കുന്ന പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തുന്നുണ്ട്.
ലക്നൗവില്‍ നിന്നും സൂറത്തില്‍ നിന്നും പൂനെയില്‍ നിന്നുമുള്ള ഇരുന്നൂറോളം ദിവസക്കൂലിക്കാര്ക്കിടയില് നടത്തിയ സര്‍വേയില്‍ വെളിപ്പെട്ടത് അധികംപേരും കടം വാങ്ങുന്നത് ചികിത്സാ ആവശ്യങ്ങള്‍ക്കാണെന്നാണ്. കൊവിഡ് വ്യാപനത്തിനു മുമ്പ് ചികിത്സക്കായുള്ള പ്രതിമാസച്ചെലവ് 1900 രൂപയായിരുന്നു. കൊവിഡിന്റെ വ്യാപനശേഷം അത് 4700 രൂപയായിട്ടുണ്ട്. ചികിത്സാചെലവിലുണ്ടായ ഈ അമിതവര്ധനയുടെ കാരണം സ്വകാര്യമേഖലയെ ആശ്രയിക്കേണ്ടിവരുന്നതാണെന്ന് പലരും അഭിപ്രായപ്പെട്ടു. കൊവിഡ് ഇതര ചികിത്സക്കും ഗര്ഭിണികളുള്പ്പെടുന്നവര്ക്കുള്ള പരിശോധനകള്‍ക്കും പൊതു ആരോഗ്യസംവിധാനത്തിലുള്ള വിടവുകള്‍ കുടുംബങ്ങളെ സ്വകാര്യമേഖലയിലേക്കും അമിതചെലവുകളിലേക്കും കടത്തിലേക്കും തള്ളിയിടുന്നു.
കൂടാതെ, സര്‍വേയില്‍ പങ്കെടുത്ത മിക്കവരും കടം വാങ്ങേണ്ടി വരുന്നത് വട്ടിപ്പലിശക്കാരില്‍ നിന്നാണെന്ന കാര്യത്തില്‍ ആശങ്കാകുലരാണ്. സര്‍ക്കാരില്‍ നിന്ന് ഇക്കാര്യത്തില്‍ സംവിധാന പിന്തുണയില്ലാത്തത് നിര്‍ഭാഗ്യകരമാണ്. നമ്മുടെ സാമ്പത്തികനയമനുസരിച്ച് ബാങ്കുകള്‍ അവയുടെ ആകെ വായ്പാസൗകര്യത്തിന്റെ 10 ശതമാനം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നല്‍കേണ്ടതാണ്. എന്നാല്‍ സ്വകാര്യബാങ്കുകളില്‍ 52.4 ശതമാനവും ഈ ലക്ഷ്യത്തില്‍ പരാജയപ്പെട്ടിട്ടുണ്ട്. സാമ്പത്തികമായ ഉള്‍ച്ചേര്‍ക്കലില്‍ മുന്നേറ്റങ്ങളുണ്ടെങ്കിലും ഔദ്യോഗികമായ വായ്പാസംവിധാനങ്ങള്‍ ഇപ്പോഴും അപര്യാപ്തമാണ്.
ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളവര്‍ക്കു പോലും ബാങ്കില്‍ നിന്ന് വായ്പകള്‍ കിട്ടാന്‍ പ്രയാസമാണ്. ഡല്‍ഹിയിലെ കാപസ്ഹേരയിലും ഇരുപത്തിനാലു ശതമാനത്തിലധികം പേര് ബന്ധുക്കളില്‍ നിന്നും 35 – 40 ശതമാനം പേര് അനൗപചാരിക സ്രോതസ്സുകളില്‍ നിന്നും കടം വാങ്ങിയവരാണ്. തങ്ങളുടെ മാതാപിതാക്കളും സഹോദരന്മാരുമാണ് കൊവിഡ് വ്യാപനകാലത്ത് കടം തന്നു സഹായിച്ചതെന്ന് മുന്നാ കുമാര്‍ സിംഗിന്റെ ഭാര്യ പറഞ്ഞു. ”വായ്പ തരാന്‍ ഞങ്ങളുടെ ബാങ്ക് വിസമ്മതിച്ചു.”
ഔദ്യോഗിക വായ്പാ സംവിധാനങ്ങളിലേക്കു മാറുന്നതിന് വലിയ നേട്ടങ്ങളുണ്ടെന്ന് ഈയ്യടുത്തു ഹൗസ്ഹോള്‍ഡ് ഫിനാന്‍സ് കമ്മിറ്റി നടത്തിയ പഠനം പറയുന്നു. വാര്‍ഷിക വരുമാനത്തിന്റെ 1.9 മുതല്‍ 4.2 ശതമാനം വരെ ഇങ്ങനെ ലാഭിക്കാം. ഇന്ത്യയുടെ നിലവിലെ സാമ്പത്തിക വിതരണത്തില്‍ ഇത് വലിയ മാറ്റങ്ങളുണ്ടാക്കും.
ഇന്ത്യയുടെ ഗാര്‍ഹിക മേഖലയില്‍ വര്‍ധിക്കുന്ന കടം സമീപ ഭാവിയിലെ വലിയ പ്രതിസന്ധിയെയാണ് പ്രവചിക്കുന്നത്. മികച്ച വായ്പാസംവിധാനങ്ങള്‍ ഒരുക്കിയും മൊബൈല്‍ അധിഷ്ഠിത സാമ്പത്തിക സഹായ രീതികള്‍ തയാറാക്കിയും താഴ്ന്ന വരുമാനക്കാര്‍ക്ക് (പ്രത്യേകിച്ചും കൂലിപ്പണിക്കാര്‍ക്ക്) വരുമാനത്തില്‍ സഹായങ്ങള്‍ നല്‍കിയും വരാനിരിക്കുന്ന പ്രതിസന്ധിയുടെ മുനയൊടിക്കേണ്ടതുണ്ട്.
ദീപാംശു മോഹന്‍- സാമ്പത്തിക ശാസ്ത്രത്തില്‍ അസോഷിയേറ്റ് പ്രൊഫസര്‍, ഒ പി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്സിറ്റിയില്‍ സെന്റര്‍ ഫോര്‍ ന്യൂ ഇക്കണോമിക്സ് സ്റ്റഡീസിന്റെ ഡയറക്ടര്‍.
അദ്വൈത സിംഗ് – സെന്റര്‍ ഫോര്‍ ന്യൂ ഇക്കണോമിക്സ് സ്റ്റഡീസിലെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ്.
ദീപാംശു മോഹന്‍, അദ്വൈത സിംഗ്
You must be logged in to post a comment Login