അങ്ങാടിയിലൊരാള്ക്കൂട്ടം, ഒരുത്തന് ബോധമില്ലാതെ അസഭ്യം പറയുന്നു. പൊട്ടിച്ചിരികള്‍. ഫോണ്‍ തുറന്നാല്‍ ട്രോളുകള്‍. ഒരുമിച്ചിരുന്നാല്‍ അപരവിദ്വേഷം. ഞാനല്ലല്ലോ അവനല്ലേ കളിയാക്കുന്നത്. ആത്മരതികള്‍ക്കിടയില്‍ നമ്മള് സ്വയം ആശ്വാസംകൊള്ളും. ശുദ്ധരാവും. അല്ലെങ്കില്‍, അയാളെയൊന്നും പറഞ്ഞതല്ല, ആ നിലപാടിനെ തിരുത്താനുള്ള ശ്രമമാണെന്നു വ്യാഖ്യാനിക്കും.
എതിര്‍പ്പാര്‍ട്ടിക്കാരനെ കൊന്നതിനെ കുറിച്ച്, ഓഫീസ് കത്തിച്ചതിനെ കുറിച്ച്, ബസിന് കല്ലെറിഞ്ഞതിനെ കുറിച്ച്… അതൊന്നും ചെയ്തില്ലെങ്കിലും നല്ല ന്യായീകരണങ്ങള്‍ മെനയാന്‍ പലര്‍ക്കും അതിഗംഭീരമായ കഴിവുണ്ട്. വസ്തുതാപരമായി ഇത്തരം രംഗങ്ങളിലെ നേരെന്താണെന്ന് നമ്മളാലോചിച്ചിട്ടുണ്ടോ?
ഈ ആനന്ദങ്ങള്‍ മുഴുക്കെ തെറ്റിന് നമ്മള് നല്കുന്ന മാനസിക പിന്തുണയുടെ അടയാളങ്ങളാണ്.
‘നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍ മുന്‍കാലത്ത് നിങ്ങളെന്തിനാണ് പ്രവാചകന്മാരെ കൊലപ്പെടുത്തിയത്’, വിശുദ്ധ ഖുര്‍ആന്‍ ജൂതന്മാരെ ചോദ്യംചെയ്ത രംഗമാണിത്. തിരു നബിയുടെ(സ്വ) നിയോഗത്തിന് മുമ്പ് ജൂതന്മാര് പല പ്രവാചകന്മാരെയും കൊലപ്പെടുത്തിയിരുന്നു. ഈ പാതകത്തിന്റെ പേരില്‍ നബിയുടെ(സ്വ) സമകാലികരായ ജൂതന്മാരെയും ചോദ്യംചെയ്യുന്നു. അവരാരും പ്രവാചകന്മാരെ കൊന്നിട്ടില്ല എന്നിരിക്കെ ഈ ചോദ്യത്തിന്റെ പ്രസക്തിയെന്താവും. മുന്‍ഗാമികള്‍ ചെയ്ത പാതകത്തിന് ഇവര്‍ മനസാ പിന്തുണ നല്‍കിയെന്നതാണ് പ്രശ്നം. അതുവഴി അവര്‍ പാപത്തിന്റെ ഉത്തരവാദികളായി. വൈകാരിക സഹകരണത്തിലൂടെയുള്ള ഈ പങ്കുപറ്റലിനെയാണ് ചോദ്യംചെയ്യുന്നത്. അധര്മകാരികളോടുള്ള അനുഭാവത്തിന്റെയും താത്പര്യത്തിന്റെയും അടിസ്ഥാനത്തില്‍ അന്യരുടെ തെറ്റിന്റെ ചുമടുകൂടി വഹിക്കേണ്ടിവരുമെന്ന സന്ദേശം ഖുര്‍ആന്‍ പലയിടത്തും അവതരിപ്പിക്കുന്നുണ്ട്.
സ്വാലിഹ് നബിയുടെ(അ) ഒട്ടകത്തെ കുറിച്ചുള്ള വിവരണം ശ്രദ്ധിക്കേണ്ടതാണ്. ദിവ്യത്വത്തിലൂടെ പിറവിയെടുത്ത ഒട്ടകത്തെ തൊട്ടുപോകരുതെന്നായിരുന്നു സമൂദ് ഗോത്രത്തോടുള്ള കല്‍പ്പന. പക്ഷേ അവരിലൊരുവന് കല്‍പ്പന ലംഘിച്ചു; ഒട്ടകത്തെ കൊന്നു. ഒരുത്തന് ചെയ്ത തെറ്റിനെ കുറിച്ച് ഖുര്‍ആന്‍ വിമര്‍ശിച്ചത് (11/65) അവരതിനെ വധിച്ചുകളഞ്ഞുവെന്നാണ്. കാരണം, കൃത്യം ചെയ്തത് ഒരു വ്യക്തിയാണെങ്കിലും മറ്റുള്ളവരുടെ മാനസിക പിന്തുണയാണ് അതിന് പ്രേരിതമായ ഘടകം. മറ്റുള്ളവരെല്ലാം അതംഗീകരിച്ചതുകൊണ്ടാണ് എല്ലാവരിലും അതാരോപിച്ചത് (ഖുര്‍തുബി 9/24).
ഓരോരുത്തരും സ്വന്തമായി ചെയ്ത പാപങ്ങള്‍ തന്നെ നിരവധിയാവും. അതോടൊപ്പം ചെയ്യാത്ത കുറ്റത്തിന്റെയും ഭാരമേല്ക്കേണ്ടിവരുന്നതിന്റെ ഗതികേട് എത്ര വലിയ പരാജയമാണ്! കൊലപാതകം, വ്യഭിചാരം, ദുര്‍വ്യാഖ്യാനം, പലിശ തുടങ്ങി ഏതു പാപംചെയ്യുന്നവരെയും പിന്തുണക്കുന്നതും സ്വീകരിക്കുന്നതും നമ്മളാ പാപംചെയ്തതിനു സമാനമാണ്. ഇത്തരം പ്രവൃത്തികളെ ഖുര്‍ആന്‍ അപലപിച്ചതുമാണ്.
‘സത്യവിശ്വാസികളെ നിങ്ങള്‍ എന്റെയും നിങ്ങളുടെയും ശത്രുക്കളെ സ്നേഹം പുലര്‍ത്തി ആത്മമിത്രങ്ങളാക്കരുത്’. കൂടാതെ തിന്മയുടെ പ്രചാരകരോടും സഹകാരികളോടും കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്ന മാതൃകയാണ് പ്രവാചകരില്‍ നിന്നും പകര്‍ത്താനുള്ളത്. ഇത്തരം നിലപാടുകാര്‍ക്കെതിരെ മൂസാ നബി നടത്തിയ പ്രാര്‍ഥന ചരിത്രമടയാളപ്പെടുത്തിയതാണ് (5/25). വൈകാരികമായും ആദര്‍ശപരമായും ഇത്തരക്കാരോട് നിസ്സഹകരണവും അകല്‍ച്ചയും പുലര്‍ത്തല്‍ വിശ്വാസിയുടെ ബാധ്യതയാണ്. സ്നേഹക്കൈമാറ്റങ്ങളുടെ അടയാളമായ സലാമിനെ മതവൈകൃതവാദികളോട് (ബിദ്അത്തുകാര്‍) പങ്കുവെക്കരുതെന്ന പണ്ഡിതപക്ഷം അത്തരത്തിലൊന്നാണ്.
‘നിങ്ങള്‍ അധര്‍മകാരികളോട് അനുഭാവം കാണിക്കരുത്. അങ്ങനെ ചെയ്യുന്ന പക്ഷം നരകാഗ്നി നിങ്ങളെ ബാധിക്കും. അല്ലാഹുവല്ലാതെ സഹായികള്‍ നിങ്ങള്ക്കുണ്ടായിരിക്കുകയോ നിങ്ങള്‍ക്ക് സഹായം ലഭിക്കുകയോ ഇല്ല’ എന്നതാണ് ഖുര്‍ആനികോപദേശം.
നമുക്കോരോരുത്തരുടെയും ശാരീരിക പ്രവൃത്തിപോലെ മാനസികമായ പ്രവൃത്തിയും ഉണ്ട്. കര്‍മം ചെയ്യുന്നതിനു മുമ്പുള്ള ആലോചനകള്‍ അതാണ്. ഈ ആലോചന നാലു രീതിയിലുണ്ടാവുന്നു. പ്രത്യേകിച്ചൊരു കാരണവുമില്ലാതെയുള്ള ആലോചനയായും അവിചാരിതമായ വികാരമായും ശക്തമായ ചിന്തയായും സുദൃഢമായ താല്പര്യമായും (ഖാത്വിര്‍, മയ് ല്‍, ഇഅ്തിഖാദ്, ഹമ്മ്) അത് വകഭേദങ്ങളാവും. ഇതില്‍ ഒന്നും രണ്ടും ശിക്ഷാര്‍ഹമല്ല. മനഃപൂര്‍വമല്ല എന്നതാണ് കാരണം.
നബി(സ്വ) പറഞ്ഞു: ‘എന്റെ സമുദായത്തിന് മനഃപൂര്‍വമല്ലാതെയുള്ള ദുരാലോചനകള്‍ മാപ്പാക്കപ്പെട്ടിരിക്കുന്നു.’
ചെയ്യണമെന്ന ഉദ്ദേശ്യമോ ഉറപ്പോ ഇല്ലാതെ ഉടലെടുക്കുന്നവയാണത്. ദോഷം ചെയ്യാനുള്ള ശക്തമായ ചിന്തയും സുദൃഢ താല്പര്യവും കുറ്റകരവും ശിക്ഷാര്‍ഹവുമാകുന്നു. ചെയ്തിരിക്കുമെന്ന മനസ്സുറപ്പാണ് ആ ചിന്ത. ഇത് മനഃപൂര്‍വമല്ലാതെയും സംഭവിക്കാം. മനഃപൂര്വമാണെങ്കിലാണ് ശിക്ഷാര്‍ഹമാകുന്നത്. നിര്‍ബന്ധിതമാണെങ്കില്‍ ശിക്ഷാര്‍ഹമല്ല.
ചെയ്യണമെന്ന സുദൃഢ താല്പര്യമാണ് ഹമ്മ്. ഇതും കുറ്റകരമാകുന്നു. പക്ഷേ, അല്ലാഹുവിനെ പേടിച്ച് ഖേദത്തോടെ ഒഴിവാക്കിയാല്‍ ഇതിന് പ്രതിഫലം ലഭിക്കും. ദുഷ്കര്‍മം വെടിഞ്ഞത് അല്ലാഹുവിനെ പേടിച്ചിട്ടല്ലെങ്കില്‍ ഒരു തിന്മ രേഖപ്പെടുത്തുന്നതുമാണ്. പ്രതിബന്ധങ്ങള്‍ കാരണം വെടിഞ്ഞാലും തിന്മയായി രേഖപ്പെടും. പ്രവൃത്തിയോടുള്ള താല്പര്യം മാനസികമായൊരു കര്‍മമാണല്ലോ എന്നതാണിതിനു കാരണം.
നബി(സ്വ) പറഞ്ഞു: ‘രണ്ടു മുസ്ലിംകള് വാളെടുത്ത് പരസ്പരം പോരാടി, ഒരാള്‍ കൊല്ലപ്പെട്ടു. എങ്കില്‍ കൊന്നവനും കൊല്ലപ്പെട്ടവനും നരകാവകാശി തന്നെ. ഇതുകേട്ട സ്വഹാബത്തിന് ആശങ്ക, കൊല്ലപ്പെട്ടവനെങ്ങനെ…?’ ‘അതേ, അവന് എതിരാളിയെ കൊല്ലണമെന്നുദ്ദേശിച്ചിരുന്നു. സാധിക്കാതെ പോയതാണ്’ നബിയുടെ(സ്വ) മറുപടി.
അക്രമമേറ്റ് മരിച്ചിട്ടുപോലും സ്ഥിതി ഇതാണെങ്കില്‍ മനസ്സറിഞ്ഞുള്ള തീരുമാനങ്ങളും താല്പര്യങ്ങളും ശിക്ഷാര്ഹമാണെന്നതുറപ്പാണ്. ഒരുപ്രവൃത്തി ഇഷ്ടപ്പെടുകയെന്നത് അതില്‍ പങ്കുചേരുന്നതിന് തുല്യമാണ് (ഇഹ്യ 2/147).
ഇനി ഈ രണ്ടു സംഭവങ്ങള്‍ ശ്രദ്ധിക്കൂ. 1) ബഹുമാനപ്പെട്ട അബ്ദുല്ലാഹിബ്നു മുബാറക്കിനോട് ഒരു ടൈലര്‍ പരിഭവപ്പെട്ടു: ‘ഭരണാധികാരികള്‍ക്കുള്ള വസ്ത്രങ്ങള്‍ ഞാനാണ് തുന്നിക്കൊടുക്കുന്നത്. അതു വഴി ഞാന്‍ അക്രമികളുടെ സഹായി ആയിത്തീരുമോ?’
അബ്ദുല്ലാഹിബ്നു മുബാറക് പറഞ്ഞു: ‘ഇല്ല, നിനക്ക് സൂചിയും നൂലും നല്കുന്നവനാണ് അക്രമികളുടെ സഹായി. നീ അക്രമി തന്നെയാണ്'(ഇഹ്യ 2/13).
2) മുഅ്തസില പ്രസ്ഥാനത്തിന്റെ വക്താവായിരുന്ന ഹഫ്സുനില് ഫര്‍ദ് ഇമാം ശാഫിഈയെ(റ) രോഗ സമയത്ത് സന്ദര്‍ശിച്ചു. ‘തെറ്റായ വാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കും വരെ അല്ലാഹുവിന്റെ സംരക്ഷണം നിങ്ങള്‍ക്ക് ലഭിക്കാതിരിക്കട്ടെ’ എന്ന് നീരസത്തോടെ ഇമാം അയാളോട് പറഞ്ഞു (ഇഹ്യ 1/100).
അക്രമികളോടും പരിഷ്കൃതമതവൈകൃതവാദികളോടും ഇത്തരം സമീപനമാണ് വേണ്ടതെന്നതാണ് പണ്ഡിതന്മാരുടെ ഏകോപനം.
തിരുനബി(സ്വ) അവിടുത്തെ സംസാരത്തിനിടെ ബനൂ ഇസ്റാഈലിന്റെ അപചയത്തെ കുറിച്ച് പറഞ്ഞത് ശ്രദ്ധേയമാണ്. ‘അവരിലൊരാള്‍ മറ്റൊരാളെ കണ്ടാല്‍ അല്ലാഹുവിനെ സൂക്ഷിക്കാനും തിന്മകളില് നിന്ന് പിന്മാറാനും ഉപദേശിക്കും. പിറ്റേന്ന് നന്നാവാന്‍ ശ്രമിക്കാത്ത അയാള്‍ക്കൊപ്പം തന്നെ സൗഹൃദം പങ്കിടാനും ഭക്ഷിക്കാനും മുതിര്ന്നിരുന്നുവെന്നതാണവരുടെ ന്യൂനത. ഈ നില തുടര്‍ന്നപ്പോള്‍ അല്ലാഹു അവരുടെ മനസില്‍ സംഘര്‍ഷം സൃഷ്ടിക്കുകയാണുണ്ടായത് (അബൂദാവൂദ്). തെറ്റിനെ ഗൗരവത്തോടെ സമീപിക്കുകയും മനസ്സ് കൊണ്ട് വെറുക്കുകയും അകറ്റുകയും ചെയ്യുമ്പോഴാണ് വിശ്വാസി ശുദ്ധമനസിന്റെ ഉടമയാവുന്നുള്ളൂ.
മാധ്യമ പ്രചാരങ്ങളടക്കമുള്ള എല്ലാ സംഗതികളോടും ഇതേ നിലപാടാണ് പുലര്‍ത്തേണ്ടത്.
ഫള്ലുറഹ്മാന് സുറൈജ് സഖാഫി തിരുവോട്
You must be logged in to post a comment Login