ഗ്രീക്കു പുരാണത്തിലെ പറക്കും കുതിരയാണ് പെഗാസസ്. ആകാശത്തിന്റെ വടക്കുഭാഗത്ത് മഹാശ്വമെന്ന നക്ഷത്രസമൂഹമായി അതിനെ മാറ്റിയത് സിയൂസ് ദേവനാണത്രെ. ആധുനികകാലത്തെ ഭരണാധികാരികൾക്കുവേണ്ടി തങ്ങൾ സൃഷ്ടിച്ച പെഗാസസ് ഒരു ട്രോജൻ കുതിരയാണെന്നാണ് എൻ എസ് ഒ ഗ്രൂപ്പിന്റെ സ്ഥാപകരിലൊരാളായ ഷാലേവ് ഹ്യൂലിയോ പറയുന്നത്. ആകാശത്തിലൂടെ പറന്ന് മതിലുകൾ ഭേദിച്ച് രഹസ്യങ്ങൾ ചോർത്തുന്ന ചതിയൻ കുതിര. ശത്രുവായ നാട്ടുരാജ്യത്തെ കീഴ്പ്പെടുത്താനാണ് ഗ്രീക്കു സൈന്യം ട്രോജൻ കുതിരയെന്ന ചതി പ്രയോഗിച്ചത്. സമ്പൂർണമായ ഏകാധിപത്യത്തിന്റെ പെരുമ്പറ മുഴക്കുന്ന രാഷ്ട്രീയ സാഹചര്യത്തിൽ ഭരണാധികാരികളുടെ ശത്രുക്കൾ സ്വന്തം നാട്ടുകാർ തന്നെയായിരിക്കും. അപ്പോൾ ചതിപ്രയോഗങ്ങളും അവർക്കു നേരെയാവും.
എതിർശബ്ദങ്ങളും അപ്രിയസത്യങ്ങളും തുടച്ചുനീക്കുന്ന ഫാഷിസ്റ്റ് സ്വഭാവമുള്ള ഭരണാധികാരികൾ അധികാരഘടനയ്ക്ക് പോറലേൽക്കാതിരിക്കാൻ ഏതു പരിധിവരെയും പോകുമെന്ന ഭീഷണമായ യാഥാർത്ഥ്യമാണ് പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിലൂടെ വെളിപ്പെടുന്നത്. ജനാധിപത്യത്തെ താങ്ങിനിർത്തുന്ന തൂണുകൾ തങ്ങളുടെ നിതാന്ത നിരീക്ഷണത്തിലാണെന്ന് അധികാരികൾ ഉറപ്പുവരുത്തുന്നു. അതിനായി വിവര സാങ്കേതിവിദ്യയുടെ കാലത്ത് വിവരങ്ങൾ തന്നെ ആയുധമാക്കുന്നു. വിഖ്യാതമായ 1984 എന്ന നോവലിൽ ജോർജ് ഓർവൽ വരച്ചുകാട്ടിയ എല്ലാം കാണുന്ന വല്യേട്ടനായി ഭരണകൂടം മാറുന്നു.
പെഗാസസ് ചാര സോഫ്റ്റ്്വെയറിന്റെ ആക്രമണം നേരിട്ട 50,000 ഉപകരണങ്ങളുടെ പട്ടികയാണ് 17 മാധ്യമങ്ങൾ ഉൾപ്പെട്ട “പെഗാസസ് പ്രൊജക്ട്’ എന്ന അന്താരാഷ്ട്ര കൂട്ടായ്മ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. 300 ഇന്ത്യക്കാരുടെ ഫോൺ നമ്പറുകളും അക്കൂട്ടത്തിലുണ്ട്. ഈ മുന്നൂറുപേരിൽ 40 മാധ്യമപ്രവർത്തകരുണ്ട്. പ്രതിപക്ഷ പാർട്ടികളുടെ മൂന്നു നേതാക്കളുണ്ട്. കേന്ദ്രസർക്കാരിലെ രണ്ടു മന്ത്രിമാരുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെയും പ്രധാനമന്ത്രിയുടെ ഓഫീസിലെയും നീതി ആയോഗിലെയും ഉദ്യോഗസ്ഥരുണ്ട്. സുരക്ഷാ ഏജൻസികളുടെ നിലവിലെയും മുൻപത്തെയും തലവന്മാരും ഒട്ടേറെ വ്യവസായികളുമുണ്ട്. സിവിൽ സർവീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ളവരുണ്ട്. രാഷ്ട്രീയ നേതാക്കളുടെ കുടുംബാംഗങ്ങളും സ്ത്രീ സുഹൃത്തുക്കളുമുണ്ട്.
പെഗാസസിന്റെ പട്ടികയിലുള്ള പേരുകളിലൊന്ന് സുപ്രീംകോടതി ചീഫ്ജസ്റ്റിസായിരുന്ന രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗിക പീഡനമാരോപിച്ച യുവതിയുടേതാണ്. അവരുടെ പരാതി സുപ്രീംകോടതി പരിഗണിക്കുമ്പോൾ അവരുടെ നീക്കങ്ങൾ ആരോ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നു വെളിപ്പെടുമ്പോൾ നീതിന്യായവ്യവസ്ഥയുടെ വിശ്വാസ്യതയാണ് ചോദ്യംചെയ്യപ്പെടുന്നത്. കർണാടകത്തിൽ ഭരണം പിടിക്കാൻ ഓപ്പറേഷൻ ലോട്ടസ് എന്ന പേരിൽ ബി ജെ പി നേതൃത്വം കുതിരക്കച്ചവടം നടത്തുമ്പോൾ അവിടത്തെ രാഷ്ട്രീയ നേതാക്കളുടെ ഫോണുകൾ ചോർത്തപ്പെടുന്നുണ്ടായിരുന്നെന്ന് പെഗാസസ് പട്ടികയിൽ നിന്നു വ്യക്തമാകുന്നു. തിരഞ്ഞെടുപ്പു ചട്ടലംഘന പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കുറ്റവിമുക്തനാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷനിൽ അതിനോട് വിയോജിച്ച ഒരു കമ്മീഷണറുടെ ഫോൺ നിരീക്ഷണത്തിലായിരുന്നു. മോഡി സർക്കാരിനെ മുൾമുനയിൽ നിർത്തിയ അന്വേഷണാത്മക റിപ്പോർട്ടുകളുടെ കർത്താക്കളാണ് ഫോൺ ചോർത്തലിന് വിധേയരായ മാധ്യമപ്രവർത്തകരെല്ലാം. സർക്കാരിന് തലവേദനയായ വിഷയങ്ങൾ ഉയർത്തിയ മനുഷ്യാവകാശ പ്രവർത്തകരും നിരീക്ഷണ വലയത്തിലുണ്ടായിരുന്നു. ഭീമ കൊറേഗാവ് കേസിൽ അറസ്റ്റു ചെയ്യപ്പെട്ടവരും അവരുടെ അഭിഭാഷകരും ബന്ധുക്കളും അക്കൂട്ടത്തിലുണ്ട്.
സ്മാർട്ട് ഫോണിനകത്ത് നുഴഞ്ഞുകയറി വിവരങ്ങൾ ചോർത്തി ഒരു തെളിവും അവശേഷിപ്പിക്കാതെ സ്വയം മരണം വരിക്കുന്ന ചാവേറാണ് പെഗാസസ്. നമ്മളറിയാതെ നമ്മുടെ ഫോണിലോ കമ്പ്യൂട്ടറിലോ കടന്നിരുന്ന് വിവരങ്ങൾ ചോർത്തുന്ന ഒരു സ്പൈവെയർ. ഇസ്രയേലി സോഫ്റ്റ്്വെയർ കമ്പനിയായ എൻ എസ് ഒ ആണ് ഇതിന്റെ സ്രഷ്ടാക്കൾ. ലിങ്ക് പോലും ക്ലിക്ക് ചെയ്യാതെ ഫോണിലേക്ക് നുഴഞ്ഞുകയറാനാവുമെന്നതാണ് ഇതിന്റെ പ്രത്യേകത. വാട്സ്ആപ്പിലേക്ക് ഒരു മിസ്ഡ് വീഡിയോ കോൾ വരുന്നതോടെ പെഗാസസ് ഇൻസ്റ്റാൾ ചെയ്യപ്പെടാം. ഐഫോൺ മുതൽ ആൻഡ്രോയിഡ് ഉപകരണങ്ങൾ വരെ ഏതു ഫോണിലും എവിടെയും എങ്ങനെയും അതിന് നുഴഞ്ഞുകയറാനാവും. ഫോൺ നിരീക്ഷണം നടത്തി സന്ദേശങ്ങൾ വായിക്കുന്നതിനും സംഭാഷണം കേൾക്കുന്നതിനും പാസ്്വേർഡ് ചോർത്തുന്നതിനും ഫോൺ കാമറ, മൈക്രോഫോൺ എന്നിവ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനും ഇതിനാവും. ഇര എവിടേക്കാണ് യാത്ര ചെയ്യുന്നതെന്ന് അറിയാൻ ജിപിഎസ് ട്രാക്കുചെയ്യാനും കഴിയും. നമ്മുടെ അനുമതിയില്ലാതെ മൈക്രോഫോണും ക്യാമറയും ഓണാക്കുക വഴി ഫോണിനെ ഒരു സജീവ നിരീക്ഷണ ഉപകരണമാക്കി മാറ്റാം. നമ്മുടെ മാത്രമല്ല, നാമറിയാതെ നമ്മളെത്തന്നെ ചാരപ്പണിക്ക് ഉപയോഗപ്പെടുത്തി നമ്മളുമായി ഇടപഴകുന്നവരുടെ ജീവിതവും അത് അപകടത്തിലാക്കുന്നു.
പെഗാസസിന്റെ ആദ്യ പതിപ്പ് 2016ലാണ് പുറത്തുവന്നത്. ആപ്പിളിന്റെ മൊബൈൽ ഓപറേറ്റിംഗ് സിസ്റ്റമായ ഐ ഒ എസ് അധിഷ്ഠിതമായ മൊബൈൽ ഫോണുകളിൽ നിന്ന് രഹസ്യമായി വിവരങ്ങൾ ചോർത്താനാണ് അന്നിത് ഉപയോഗിച്ചത്. പുതിയ പതിപ്പുകൾ വന്നതോടെ ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങൾ നൽകുന്ന പരിരക്ഷകളെ മറികടക്കാൻ അത് ശേഷിയാർജ്ജിച്ചു. നമ്മുടെ ഫോണിൽ പെഗാസസ് കടന്നുകയറയിട്ടുണ്ടോ എന്നു കണ്ടെത്തുന്നത് പ്രായോഗികമായി അസാധ്യമാണെന്ന് വിദഗ്ദ്ധർ പറയുന്നു. ഉത്തരവാദപ്പെട്ട സർക്കാർ ഏജൻസികൾക്ക് മാത്രമാണ് തങ്ങൾ ഈ സോഫ്റ്റ്്വെയർ നൽകുന്നത് എന്നാണ് നിർമാതാക്കൾ പറയുന്നത്. ഇന്ത്യക്കാർ പെഗാസസിന്റെ ആക്രമണത്തിന് വിധേയരായിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് അതുകൊണ്ടുതന്നെ കേന്ദ്രസർക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. കമ്പനിക്ക് 40 രാജ്യങ്ങളിലായി 60 ഉപഭോക്താക്കളുണ്ടെന്നാണ് വിവരം. ഇതിൽ 51 ശതമാനവും ചാരസംഘടനകളാണ്. 38 ശതമാനം സുരക്ഷാ ഏജൻസികളും 11 ശതമാനം സൈന്യവുമാണ് എന്നാണ് അറിയുന്നത്. പെഗാസസ് പ്രൊജക്ട് വഴി പുറത്തുവന്നുകൊണ്ടിരിക്കുന്ന ഡാറ്റാ ബേസിലുള്ള ഫോൺനമ്പറുകളിൽ ഭൂരിഭാഗവും പ്രധാനമായും 10 രാജ്യങ്ങളിൽ നിന്നുള്ളതാണ്. ഇന്ത്യ, അസർബൈജാൻ, ബഹ്റൈൻ, ഹംഗറി, കസാഖിസ്താൻ, മെക്സിക്കോ, മൊറോക്കോ, റുവാണ്ട, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയാണ് ഈ രാജ്യങ്ങൾ. വൻതുക നൽകിയാണ് ഈ രാജ്യങ്ങൾ പെഗാസസ് ചാര സോഫ്റ്റ്്വെയറിലൂടെ വിവരങ്ങൾ ചോർത്തിയെടുക്കുന്നത്. ഒരു ഫോണിൽനിന്ന് നിശ്ചിതകാലയളവിലേക്ക് വിവരം ചോർത്താൻ ശരാശരി അഞ്ചു കോടി രൂപ മുതൽ ആറു കോടി രൂപ വരെയാകുമെന്നാണ് റിപ്പോർട്ട്.
വലിയ ചർച്ചയാകുന്നത് ഇപ്പോഴാണെങ്കിലും യഥാർത്ഥത്തിൽ ഇന്ത്യയിലിത് പെഗാസസിന്റെ രണ്ടാം വരവാണ്. 2019ലാണ് അവരുടെ സാന്നിധ്യം ഇന്ത്യയിൽ ആദ്യമായി സ്ഥിരീകരിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയിലെ ഡിജിറ്റൽ സർവൈലൻസ് റിസർച്ച് ഓർഗനൈസേഷനായ സിറ്റിസൺ ലാബാണ് അന്ന് ഇന്ത്യയിലെ ചിലരെ വിളിച്ച് തങ്ങളുടെ ഫോണിൽ ചാര സോഫ്റ്റ്്വെയർ ഉള്ള കാര്യം അറിയിക്കുന്നത്. തങ്ങളുടെ കോളിങ് സംവിധാനത്തിൽ എന്തോ കുഴപ്പമുണ്ടെന്ന് മനസിലായതിനെത്തുടർന്ന് വാട്സാപ്പ് നടത്തിയ അന്വേഷണത്തിലും പെഗാസസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു. പെഗാസസ് ബാധിച്ചു എന്നു കരുതുന്ന അക്കൗണ്ടുകൾക്ക് വാട്സാപ്പ് മുന്നറിയിപ്പു സന്ദേശം അയച്ചു. ഇന്ത്യയിൽ രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരുമുൾപ്പെടെ നൂറിലേറെപ്പേർ തങ്ങളുടെ ഫോണിൽ പെഗാസസ് ബാധിച്ചെന്ന് പരാതിപ്പെട്ടു. അന്വേഷിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. പെഗാസസ് നിർമിക്കുന്ന എൻ എസ് ഒക്കെതിരെ വാട്സാപ്പ് അമേരിക്കൻ കോടതിയിൽ എത്തി. ലോകമെമ്പാടുമുള്ള ഉന്നത സർക്കാർ ഉദ്യോഗസ്ഥരടക്കം 1,400ഓളം പേർ 2019ലെ പെഗാസസ് ആക്രമണത്തിനിരയായിരുന്നുവെന്ന് വാട്സാപ്പ് സി ഇ ഒ വിൽ കാത്ത്കാർട്ട് വെളിപ്പെടുത്തിയിരുന്നു. ഇതുമായി ചേർന്നുനിൽക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ.
വാട്സാപ്പിലെ പെഗാസസിന്റെ കടന്നുകയറ്റം സ്വകാര്യതയിലേക്കുള്ള ഭരണകൂടത്തിന്റെ കടന്നാക്രമണം എന്ന നിലയ്ക്കല്ല ചർച്ച ചെയ്യപ്പെട്ടത്. വാട്സാപ്പിന്റെ സുരക്ഷയുടെ പ്രശ്നമായാണ് അതു വ്യാഖ്യാനിക്കപ്പെട്ടത്. വാട്സാപ്പും എൻ എസ് ഒയും തമ്മിലുള്ള തർക്കമായി കേന്ദ്രസർക്കാർ അതിനെ ചിത്രീകരിച്ചതോടെ അതു കെട്ടടങ്ങുകയും ചെയ്തു. ഭീമ കൊറോഗാവ് കേസിൽ കുറ്റാരോപിതരായ മനുഷ്യാവകാശ പ്രവർത്തകരായിരുന്നു ഇന്ത്യയിൽ അന്നത്തെ ഫോൺ ചോർത്തലിന്റെ പ്രധാന ഇരകൾ. ഈ കേസിൽ സൈബർ തെളിവുകൾ എന്ന പേരിൽ ഹാജരാക്കപ്പെട്ട രേഖകൾ ഇതേ കേസിൽ അറസ്റ്റു ചെയ്യപ്പെട്ട റോണ വിൽസന്റെ ലാപ്ടോപ് ഹാക്ക് ചെയ്ത്, സൈബർ ചാരന്മാർ അദ്ദേഹം അറിയാതെ സ്ഥാപിച്ചതാണെന്ന് അമേരിക്കയിലെ ഡിജിറ്റൽ ഫോറൻസിക് സ്ഥാപനമായ ആഴ്സണൽ കൺസൾട്ടിങ് കണ്ടെത്തിയിട്ടും ഇവിടെ വലിയ ഒച്ചപ്പാടൊന്നുമുണ്ടായില്ല. ഫോണിലും കമ്പ്യൂട്ടറിലും എന്തു വിവരങ്ങളും ഫയലുകളും നിക്ഷേപിക്കുവാനും പെഗാസസ് ചാര സോഫ്റ്റ്്വെയർ ഉപയോഗപ്പെടുത്താമെന്ന കാര്യവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഒരാളെ ദേശദ്രോഹിയാക്കുന്ന വിധത്തിലുള്ള കാര്യങ്ങൾ കടത്തിവിട്ട് ആരെ വേണമെങ്കിലും ഭീകരപ്രവർത്തകരായി മുദ്രകുത്തി തുറുങ്കിൽ അടയ്ക്കുവാനും അതുവഴി കഴിയുമെന്നതിന് ഭീമ കൊറേഗാവ് കേസുതന്നെ ഉദാഹരണം.
പെഗാസസിന്റെ രണ്ടാം വരവിലെ വെളിപ്പെടുത്തലിന് ആധികാരികതയും കൃത്യതയും കൂടുതലാണ് എന്നതുകൊണ്ടും ആക്രമണത്തിന്റെ വ്യാപ്തി വളരെ വലുതാണെന്നതുകൊണ്ടും അതുണ്ടാക്കുന്ന പ്രത്യാഘാതം ദൂരവ്യാപകമാണെന്നതുകൊണ്ടും അത് സജീവ ചർച്ചയായിക്കഴിഞ്ഞു. പാരിസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മാധ്യമ കൂട്ടായ്മയായ “ഫോർബിഡൺ സ്റ്റോറീസും’ ആംനസ്റ്റി ഇന്റർനാഷണലുമാണ് ചോർത്തപ്പെട്ട ഫോണുകളുടെ നമ്പറുകളടങ്ങിയ എൻ എസ് ഒ ഡാറ്റബേസ് പുറത്തുവിടുന്നത്. ഇന്ത്യയിലെ “ദ വയർ’ ഉൾപ്പെടയുള്ള മാധ്യമങ്ങളുമായി അവർ ഈ വിവരങ്ങൾ പങ്കുവെച്ചു. ഈ മാധ്യമസ്ഥാപനങ്ങളെല്ലാം ചേർന്നാണ് പെഗാസസ് പ്രൊജക്ട് എന്ന പേരിൽ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം നടത്തുന്നത്. 2017 മുതൽ 2019 പകുതി വരെ വിവരങ്ങൾ ചോർത്തിയ ഫോൺ നമ്പറുകളാണ് ഡാറ്റാ ബേസിലുള്ളത്. ഈ നമ്പറുകൾ ആരുടേതാണെന്ന് കണ്ടെത്തി, ഡാറ്റാബേസിൽ പറയുന്ന വർഷങ്ങളിൽ നമ്പറുകൾ ഉപയോഗത്തിലുണ്ടായിരുന്ന ഫോണുകൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കുകയാണ് പെഗാസസ് പ്രോജക്ടിന്റെ ഭാഗമായി ചെയ്യുന്നത്. ഇന്ത്യയിലെ 300 നമ്പറുകളിൽ പത്തെണ്ണത്തിലാണ് ഇങ്ങനെ ഫോറൻസിക് പരിശോധന നടന്നത്. അവയിലെല്ലാം സൈബർ ആക്രമണം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. പെഗാസസ് പ്രൊജക്ടിൽ കണ്ടെത്തിയ വിവരങ്ങളോടുള്ള പ്രതികരണം ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വിശദമായ ചോദ്യക്കുറിപ്പ് മാധ്യമങ്ങൾ അയച്ചിരുന്നു. ഇതിനു മറുപടിയായി, “ഇന്ത്യ ശക്തമായ ജനാധ്യപത്യ വ്യവസ്ഥയുള്ള രാജ്യമാണ്. രാജ്യത്തെ പൗരന്മാരുടെ മൗലീകവകാശമായ സ്വകാര്യതക്കുള്ള അവകാശം സംരക്ഷിക്കാൻ ഇന്ത്യൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്’ എന്നും “ചില പ്രത്യേക വ്യക്തികൾക്ക് മേൽ സർക്കാർ നിരീക്ഷണം നടത്തി എന്നതിന് വ്യക്തമായ തെളിവുകളില്ല,’ എന്നുമാണ് ഇലക്ട്രോണിക്സ് ആന്റ് ഇൻഫോർമേഷൻ ടെക്നോളജി വകുപ്പ് നൽകിയ പ്രതികരണത്തിൽ പറയുന്നത്. സർക്കാർ പെഗാസസ് ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമായി പറയുന്നില്ല എന്നതുതന്നെ കുറ്റസമ്മതമായി വേണം കാണാൻ.
ഇന്ത്യൻ ഐ ടി ആക്ട് പ്രകാരം ഏതെങ്കിലും വ്യക്തി ഔദ്യോഗികമായോ സ്വകാര്യമായോ സർവൈലൻസ് നടത്താൻ വേണ്ടി ഹാക്കിംഗിലൂടെ ചാര സോഫ്റ്റ്്വെയർ സ്ഥാപിക്കാൻ ശ്രമിക്കുന്നത് കുറ്റകൃത്യമാണ്. ടെലഗ്രാഫ്, ഐ ടി നിയമങ്ങൾ പ്രകാരം ഡാറ്റ ചോർത്തൽ ഇന്ത്യയിൽ ശിക്ഷാർഹമായ കുറ്റമാണ്. എൻ എസ് ഒയുടെ ഡാറ്റാ ബേസ് എങ്ങനെയാണ് ചോർന്നുകിട്ടിയത് എന്നു വ്യക്തമല്ലെങ്കിലും എല്ലാ ഫോണുകളിലും ഫോറൻസിക് പരിശോധന നടത്തിയിട്ടില്ലെങ്കിലും രാജ്യാന്തര പ്രശസ്തരായ അന്താരാഷ്ട്ര മാധ്യമങ്ങളുടെ കണ്ടെത്തൽ എന്ന നിലയിൽ ഇപ്പോഴത്തെ വെളിപ്പെടുത്തലിന് ആധികാരികത വേണ്ടുവോളമുണ്ട്. ആരുടെ തീരുമാനപ്രകാരമാണ് പെഗാസസ് വാങ്ങിയത് എന്നു മനസിലാക്കാനുള്ള ഔപചാരിക അന്വേഷണവും അതിനുള്ള ചർച്ചകളും രാഷ്ട്രീയതീരുമാനവുമാണ് ഇനി വേണ്ടത്. പക്ഷേ, ഒരു അന്വേഷണം പ്രഖ്യാപിക്കാൻപോലും കേന്ദ്ര സർക്കാർ ഇനിയും തയാറായിട്ടില്ല. കേന്ദ്രത്തെ വെല്ലുവിളിച്ചുകൊണ്ട് പശ്ചിമബംഗാൾ സർക്കാർ സ്വന്തമായി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ബി ജെ പി സർക്കാരിന്റെ അവസാന നാളുകളിൽ ചില ഉന്നതോദ്യോഗസ്ഥർ മതിയായ നടപടിക്രമങ്ങൾ പാലിക്കാതെ ഇസ്രയേൽ സന്ദർശിച്ചതിനെപ്പറ്റി മഹാരാഷ്ട്ര സർക്കാരും അന്വേഷിക്കുന്നുണ്ട്. പക്ഷേ, ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് പരിമിതികളുണ്ട്. സംയുക്ത പാർലമെന്ററി സമിതിയുടെയോ സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള സമിതിയുടെയോ അന്വേഷണംകൊണ്ടേ എന്തെങ്കിലും പ്രയോജനമുണ്ടാവൂ എന്നാണ് പ്രതിപക്ഷ നേതാക്കൾ പറയുന്നത്.
പെഗാസസിന്റെ ഒന്നാം വരവിനും രണ്ടാം വരവിനും ഇടയിൽ ഇന്ത്യയിൽ വേറെയും നിർണായക സംഭവങ്ങൾ നടന്നിരുന്നു. കശ്മീർ ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പല സമയങ്ങളിലായി ഏറെ നാളത്തേക്ക് ഇന്റർനെറ്റ് വിഛേദിക്കപ്പെട്ടു. സർക്കാരിനെ വിമർശിക്കുന്ന പലരും യു എ പി എ പോലുള്ള കരിനിയമങ്ങൾ ചുമത്തി ജയിലിലായി. പാർലമെന്ററി നടപടിക്രമങ്ങൾ പാലിക്കാതെ സുപ്രധാന നിയമങ്ങൾ പാസാക്കപ്പെട്ടു. പല സംസ്ഥാനങ്ങളിലും ജനവിധി അട്ടിമറിച്ച് ബി ജെ പി മന്ത്രിസഭകൾ വന്നു. ഏതു കമ്പ്യൂട്ടർ സംവിധാനത്തിലും സൂക്ഷിച്ചുവെച്ചിട്ടുള്ള വിവരങ്ങൾ പരിശോധിക്കാനും പിടിച്ചെടുക്കാനും പത്ത് സർക്കാർ ഏജൻസികൾക്ക് അധികാരം നൽകിക്കൊണ്ട് 2018 ഡിസംബറിൽ കേന്ദ്രസർക്കാർ ഉത്തരവിട്ടു. ഡിജിറ്റൽ മാധ്യമങ്ങൾക്കുമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ഈ ഡിസംബറിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഒറ്റനോട്ടത്തിൽ ബന്ധമില്ലെന്നു തോന്നുമെങ്കിലും ഭരണകൂടത്തിന്റെ ഏതോ ബൃഹദ് കാര്യപരിപാടിയുടെ തുടർച്ചയായി ഇവയെ കാണാവുന്നതാണ്. ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനൊപ്പം സ്വകാര്യതയ്ക്കുള്ള അവകാശംകൂടി മൗലികാവകാശമാണെന്ന് അടുത്തിടെ സുപ്രീം കോടതി വിധിച്ചിരുന്നു. സ്വകാര്യത എന്നു പറയുന്നത് എന്തെങ്കിലും മറച്ചുവെയ്ക്കാനുള്ള അവകാശമല്ല. മറ്റാരുടെയും ഉപകരണമാകാതെ, മറ്റാരുടെയും നിതാന്ത നിരീക്ഷണത്തിലാണെന്ന ഭയാശങ്കകൾ കൂടാതെ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശമാണത്. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളെ ഭരണകൂടം തന്നെ ലംഘിക്കുമ്പോൾ ജനാധിപത്യ സംവിധാനം തന്നെയാണ് അട്ടിമറിക്കപ്പെടുന്നത്.
എസ് കുമാർ
You must be logged in to post a comment Login