“ഒരു ബന്ധവുമില്ലെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാവുന്ന ഒരു കാര്യം പറയട്ടെ? ഇപ്പോള്‍ കോതമംഗലത്ത് നടന്ന ആ കൊലപാതകമില്ലേ? തോക്ക് എല്ലാം വാങ്ങി, ഒരു മാസത്തോളം പിന്തുടര്ന്ന്, പ്ലാന്‍ ചെയ്ത് ഒരു പെണ്‍കുട്ടിയുടെ നേര്‍ക്ക് രണ്ട് തവണ വെടിവെച്ച് കൊന്ന സംഭവം? ചോര ഒക്കെ തെറിച്ച് കാണില്ലേ? ചോര ചീറ്റി ഒഴുകും. ആ പെണ്‍കുട്ടി അലറിവിളിച്ചിട്ടുണ്ടാവും. വെടികൊണ്ട് മരിച്ചാല്‍ പിടയാതിരിക്കുമോ? പിടഞ്ഞുകാണും. കൊല്ലല്ലേ എന്ന് ദയനീയമായി നോക്കിയിട്ടുണ്ടാവും. വെടിവെച്ച ആ പയ്യന് അത് നോക്കി നിന്നിട്ടുണ്ടാവും. എന്നിട്ട് കൈ ഒരു തരി പോലും വിറക്കാതെ അവന് സ്വന്തം തലയിലേക്ക് തോക്ക് വെച്ച് ഒരു പേടി പോലുമില്ലാതെ വെടി വെച്ചില്ലേ? നോക്കണം തൊട്ടുമുന്നിൽ പ്രാണന് പോണ വേദന അവന് കണ്ടതാണ്. എന്നിട്ടും സ്വന്തം തല ചിതറിക്കാന്‍ അവന്റെ കൈ വിറച്ചില്ല. ഇതിന് മുന്നേ അവന് ആരെയും കൊന്നതായോ ചോര കണ്ട് അറപ്പ് തീര്‍ന്നതായോ അറിയില്ല. സാധാരണക്കാരനായ ഒരു പയ്യന്. തോക്ക് കണ്ടാല്‍ തന്നെ പേടിക്കേണ്ട തരം ജീവിത സാഹചര്യമുള്ള പയ്യന്. പക്ഷേ, അവന് അത് ചെയ്തു. എന്തിനത് ചെയ്തു എന്നാണ് തോന്നുന്നത്? പ്രേമം നഷ്ടമായതിന്റെ ദേഷ്യമോ? ആ പയ്യന്റേത് പ്രേമമായിരുന്നില്ല. എന്തും സ്വന്തമാക്കാനുള്ള ആഗ്രഹം അല്ലല്ലോ ഈ പ്രേമം? അപ്പോ അവനുണ്ടായിരുന്നത് പ്രേമമൊന്നുമല്ല. തട്ടിപ്പറിക്കാനും സ്വന്തമാക്കാനുമുള്ള ആഗ്രഹം. ആഗ്രഹം എന്നല്ല, കൊതി എന്നാണ് പറയേണ്ടത്. കൊതി ഒരു ഹണ്ടിംഗ് ടെര്മിനോളജി ആണ്. ആ പയ്യന് ഹണ്ടിംഗ് ആണ് നടത്തിയത്. ഹണ്ടിംഗ്. ആ വാക്ക് സൂക്ഷിച്ച് കേള്‍ക്കണം. വേട്ട. അത് എങ്ങനത്തെ മനുഷ്യര്‍ ചെയ്തിരുന്ന പണിയാണ്? നമ്മുടെ ഈ കള്‍ച്ചര്‍ അല്ലെങ്കില്‍ സിവിലൈസേഷന് എല്ലാം ഇങ്ങനെ രൂപപ്പെടും മുമ്പുള്ള കാലത്തെ പണി. മനുഷ്യരുടെ ഇന്സ്റ്റിംഗ്റ്റ് അല്ലേ ചോദന എന്നൊക്കെ പറയുന്ന സംഗതികളില്‍ വേട്ട ഉണ്ട്. നമ്മള് സിവിലൈസേഷനിലൂടെ ഒക്കെ അത് മറികടക്കുകയാണ്. പിന്നെ അവന്റെ ആത്മഹത്യ. അത് സ്വയം എത്രവേണേലും തകര്‍ക്കാനുള്ള ഒരു മനസിന്റെ തയാറാവലാണ്. ഞാന്‍ മാത്രം എന്ന തോന്നല്‍. ഒരുതരം പൊങ്ങുതടി മാനസികാവസ്ഥ. സോഷ്യലൈസിംഗിന്റെ അഭാവം. മികച്ച സ്കൂളിംഗിന്റെ അഭാവം. അതുകൊണ്ടാണ് ഈ കൊലപാതകവും ആത്മഹത്യയും കുറച്ചുകൂടി സൂക്ഷ്മമായി നമ്മുടെ കുട്ടികളെ ശ്രദ്ധിക്കാന്‍ നമ്മളോട് ആവശ്യപ്പെടുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നത്. ഇനി ബന്ധമില്ല എന്ന് തോന്നാവുന്ന ഒരു കാര്യം പറയാം. ഈ കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ ക്ലാസുകളില്ലേ, അത് ഭാവിയിലുണ്ടാക്കാന്‍ പോകുന്ന വലിയ പ്രശ്നങ്ങളുണ്ട്. കോതമംഗലങ്ങള് ആവര്‍ത്തിക്കാന്‍ സാധ്യതയുള്ള തരം പ്രശ്നങ്ങള്‍.”
ഇതൊരു സംഭാഷണത്തിന്റെ ചുരുക്കമാണ്. കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ ക്ലാസുകളിലെ ചില പ്രശ്നങ്ങളെക്കുറിച്ചുള്ള ഒരു വസ്തുതാന്വേഷണത്തിനിടെ സംഭവിച്ചത്. വിശകലനം എന്ന പതിവ് രീതിയില്‍ നിന്ന് മാറി ഇത്തവണത്തെ ചൂണ്ടുവിരലില്‍ നേരിട്ടുള്ള റിപ്പോര്‍ട്ടിംഗ് നടത്താം എന്ന തീരുമാനത്തില്‍ നിന്നായിരുന്നു അന്വേഷണം. ഓണ്‍ലൈന്‍ ക്ലാസ്മുറികളും വാട്സാപ്പ് ഗ്രൂപ്പുകളും ഹാക്ക് ചെയ്ത് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതും ക്ലാസിന്റെ ഭാഗമായി അനിവാര്യമായിത്തീര്‍ന്ന ഫോണ്‍ ഉപയോഗവും എല്ലാം നമ്മുടെ കുട്ടികളുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതായിരുന്നു എന്റെ വിഷയം. കണ്ണൂര്‍, തിരുവനന്തപുരം, കാസര്‍കോട്, മലപ്പുറം, വയനാട്, എറണാകുളം ജില്ലകളിലെ മുന്‍പരിചയമുള്ള ചില അധ്യാപകരോടും അവരുടെ കൂടി സഹായത്തോടെ ഏതാനും രക്ഷിതാക്കളോടും സംസാരിച്ചു. അമ്പരപ്പിച്ച ഒരു കാര്യം സംസാരിച്ച ഭൂരിഭാഗവും ഓണ്‍ലൈന്‍ ക്ലാസുകളാണ് ഇനിയുള്ള വഴി എന്ന തീര്‍പ്പിലേക്ക് എത്തി എന്നതാണ്. കൊവിഡാനന്തര കാലം എന്ന ഒന്ന് ഇനിയില്ല എന്നും കൊവിഡിനൊപ്പം എല്ലാ ജീവിത വ്യവഹാരങ്ങളെയും പുതുക്കി നിര്‍ണയിക്കുക എന്നും ഉറപ്പിച്ച മട്ട്. പഠനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്കുന്ന സംവിധാനപരമായ സഹായങ്ങളിലെ വീഴ്ചകളും മറ്റും ചൂണ്ടിക്കാട്ടുന്ന സംഭാഷണങ്ങള്‍. മറ്റുചിലരാകട്ടെ കൊവിഡ് ഉയര്‍ത്തുന്ന ജീവിതപ്രതിസന്ധികളില്‍ കുട്ടികളുടെ വിദ്യഭ്യാസം എന്ന പ്രക്രിയക്ക് വലിയ പ്രധാന്യവും കല്പിച്ചുകണ്ടില്ല.
ഏതാനും പേര് അവരുടെ മക്കള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥികളില്‍ വ്യാപകമായിക്കഴിഞ്ഞ ഫോണ്‍ അഡിക്ഷനെക്കുറിച്ച് ആശങ്കപ്പെട്ടു. ഒരു നിയന്ത്രണവും നടത്താനാവാത്ത വിധം കുട്ടികളുടെ ജീവിതത്തില്‍ ഫോണും ഇന്റര്‍നെറ്റും നിറഞ്ഞുകഴിഞ്ഞു. ഈ മാറ്റം അതിവേഗത്തില്‍ സംഭവിച്ച ഒന്നാണ്. അതായത് രണ്ട് വര്‍ഷം മുന്‍പ് കടുത്ത നിയന്ത്രണങ്ങളോടെ, കൃത്യമായ രക്ഷാകര്‍തൃ നിരീക്ഷണത്തോടെ ഫോണ്‍ ഉപയോഗം നടത്തിയിരുന്ന കുട്ടികള്‍ പൊടുന്നനെ ഫോണിന്റെയും അതിവേഗ ഇന്റര്‍നെറ്റിന്റെയും ഉടമസ്ഥരായി. ഉടമസ്ഥത എന്ന വാക്ക് അവര്‍ സാധാരണമായി പറഞ്ഞ ഒന്നാണ്. നിങ്ങള്‍ പക്ഷേ, ആ വാക്ക് ശ്രദ്ധിച്ച് വായിക്കണം. ഉടമസ്ഥത എന്നത് ചെറിയ വാക്കല്ല. അതൊരു ഉപകരണത്തിന്റെ, നമുക്ക് നിയന്ത്രിക്കാന്‍ ഒരു വഴിയുമില്ലാത്ത വിധം സങ്കീര്‍ണമായ താല്പര്യങ്ങള് നിറഞ്ഞ ഒരു ഉപകരണത്തിന്റെ ഉടമസ്ഥതയാണ്. സങ്കീര്‍ണമായ താല്പര്യങ്ങള് എന്നാല്‍ വലിയ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ഒന്നാണ്. ഗെയിം ഇന്‍ഡസ്ട്രി അതില്‍ പ്രധാനമാണ്. പോണ് അഥവാ അശ്ലീല വ്യവസായം അതില്‍ പ്രധാനപ്പെട്ടതാണ്. നോക്കൂ, ഒരു വലിയ വിപണിയല്ലേ ഈ കുട്ടികള്‍? അവരുടെ ഭാവി താല്പര്യങ്ങളെ അവരുടെ ഭാവിയിലെ വാങ്ങല്‍ താല്പര്യങ്ങളെ, രാഷ്ട്രീയ താല്പര്യങ്ങളെ, അവരുടെ ബന്ധനിലകളുമായി ബന്ധപ്പെട്ട താല്പര്യങ്ങളെ എല്ലാം സ്വാധീനിക്കാനും നിയന്ത്രിക്കാനും രൂപപ്പെടുത്താനും ഇപ്പോഴേ കഴിയുക എന്നത് ആ ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് വളരെ വലിയ ഒന്നാണ്. മല്‍സ്യബന്ധനത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ചാകര (ഇന്റര്‍നെറ്റ് ഒരു വലിയ വലയാണല്ലോ? മനുഷ്യരുടെ കടലില്‍ വീശുന്ന വല. ആ വലയില്‍ ഇളംതുടിപ്പുകള് കുരുങ്ങുന്ന കാഴ്ചയാണ് പറഞ്ഞത്. കുഞ്ഞുമല്സ്യങ്ങളെ കോരിയെടുക്കുന്നത് കടലിനെന്നപോലെ കുട്ടികളെ വീശിപ്പിടിക്കുന്നത് മനുഷ്യരാശിക്കും ഗുണകരമല്ല.). ഉടമസ്ഥത ഉത്തരവാദിത്തവുമായി ചേര്‍ന്ന് നില്‍ക്കേണ്ട ഒരു വാക്കാണ്. ഒരു തോക്കാണ് ഏതെങ്കിലും സാഹചര്യത്തില്‍ നിങ്ങളുടെ ഉടമസ്ഥതയിലേക്ക് വരുന്നത് എന്ന് വിചാരിക്കുക. ഉത്തരവാദിത്തം എന്ന വാക്കിന്റെ അര്‍ഥം ഇപ്പോള്‍ മനസിലാവും. ഉത്തരവാദിത്വത്തിന്റെ അഭാവത്തില്‍ ഉണ്ടാകുന്ന ഉടമസ്ഥത ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. അതായത് ഫ്രീ ഫയര്‍ പോലെ അഡിക്ഷന് സാധ്യത 100 ശതമാനമായ ഒരു ഗെയിമിലൂടെ സഞ്ചരിക്കുന്ന ഒരു പതിനാലുകാരന് തോക്ക് എന്നത് ആരെയെങ്കിലും വെടിവെച്ചിടാനുള്ള ആയുധവും മുന്നില്‍ വരുന്ന മുഴുവന്‍ ആളുകളും വെടിയേറ്റ് മരിക്കേണ്ട ആളുകളുമായിരിക്കും. വ്യക്തി, സമൂഹം, വ്യക്തിയും സമൂഹവും തമ്മിലെ ഇഴപിരിക്കാനാവാത്ത അടരുകള്‍, സോദരത്വം തുടങ്ങിയ പ്രമേയങ്ങളില്‍ ആഴത്തിലുള്ള ഉറപ്പ് അവനില്‍ സൃഷ്ടിക്കപ്പെടണം എന്നില്ല. ഇടപെടുന്ന മുഴുവന്‍ മനുഷ്യരെയും നിയന്ത്രിക്കാന്‍ കഴിയുന്ന വിധത്തിലാണ് ആധുനിക ഉപകരണ നിര്‍മിതികള്‍ എന്ന് ഓര്‍ക്കണം. അതിശക്തമായ സാമൂഹികബോധവും സാമൂഹിക ഇടപഴകലുകളിലൂടെ സംജാതമാകുന്ന ജാഗ്രതയും കൊണ്ടാണ് നമ്മളില്‍ മഹാഭൂരിപക്ഷവും ആ ഉപകരണങ്ങള്‍ക്ക് അടിമപ്പെടാതെ നില്‍ക്കുന്നത് എന്നുമോര്‍ക്കണം. സാമൂഹിക ഇടപെടല്‍ സംജാതമാക്കുന്ന ജാഗ്രത എന്നത് വളരെ പ്രധാനപ്പെട്ടതാണ്. കൂട്ടമായി പ്രവര്‍ത്തിക്കുമ്പോള്‍ പരസ്പരം വിനിമയം ചെയ്യപ്പെടുന്ന ചില മൂല്യങ്ങള്‍, അല്ലെങ്കില്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരുന്ന ബലങ്ങള്‍ എല്ലാം ചേര്‍ന്നാണ് ഒരാളില്‍ സാമൂഹിക ജാഗ്രത സൃഷ്ടിക്കുന്നത്.
ഈ സാമൂഹികതയുടെ ആദ്യപാഠമാണ് സ്കൂളിംഗ്. ഒരുപക്ഷേ, സ്കൂളില്‍ പഠിക്കുമ്പോള്‍ നമ്മളോ, അല്ലെങ്കില്‍ നമ്മെ പഠിപ്പിച്ച അധ്യാപകരോ, പഠിക്കാനയച്ച രക്ഷിതാക്കളോ ഇക്കാര്യം നേരിട്ട് മനസിലാക്കിയിട്ടുണ്ടാവില്ല. സ്കൂളില്‍ പോയി പഠിക്കുക മാത്രം ചെയ്യുന്ന വിദ്യാര്‍ഥിയില്‍ പോലും അവനോ അവളോ അറിയാതെ ഒരു ജാഗ്രതാനിര്മിതി അല്ലെങ്കില്‍ സാമൂഹികതാനിര്മിതി സംഭവിക്കുന്നുണ്ട്. എല്ലാവരിലും എന്നല്ല, ഭൂരിപക്ഷത്തില്‍. നന്നേ ചെറുപ്പത്തിലേ ഏതെങ്കിലും സംഘടനകളിലൂടെ വളരുന്ന കുട്ടികളില്‍ അവര്‍ ആ സംഘടനാജീവിതം അവസാനിപ്പിച്ചതിനുശേഷവും ഉണ്ടാകുന്ന ഒരു തിളക്കം ശ്രദ്ധിച്ചിട്ടുണ്ടോ? അത് ഈ ജാഗ്രതാനിര്മിതി അവരില്‍ സംഭവിച്ചതുകൊണ്ട് ഉണ്ടായതാണ്.
കൊവിഡ് നമ്മുടെ നാടിന് സൃഷ്ടിച്ച പലതരം പ്രതിസന്ധികള്‍ ഇന്ന് ചര്‍ച്ചാ വിഷയമാണ്. നിയമസഭയില്‍ അത് സംബന്ധിച്ച ചര്‍ച്ചകളും വാദപ്രതിവാദങ്ങളും ഗ്വാഗ്വ വിളികളും നടക്കുന്നു. അമ്പരപ്പിച്ച ഒരു കാര്യം കൊവിഡ് ഉണ്ടാക്കിയ ഏറ്റവും വലിയ സ്കൂളിംഗ് നഷ്ടം അതിന്റെ സാമൂഹികതാ മെറിറ്റില്‍ തരിമ്പും ചര്‍ച്ചയായില്ല എന്നതാണ്. സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സംഭവിച്ച നഷ്ടം ദീര്ഘകാലക്ഷ്യത്തോടെയുള്ള ഇടപെടല്‍ കൊണ്ട് പരിഹരിക്കാവുന്നതാണ്. പക്ഷേ, അപരിഹാര്യമായ നഷ്ടമാണ് വരും തലമുറക്ക് മുന്നില്‍ ഈ സ്കൂളിംഗ് നഷ്ടം സൃഷ്ടിച്ചിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ അത് ചര്‍ച്ചയാവുന്നില്ല. കൂടുതല്‍ ഓണ്ലൈന്വത്രണത്തിന്റെ സാധ്യതകളാവട്ടെ നിരന്തരം തിരയുകയും ചെയ്യുന്നു. കോജ് തലത്തില്‍ ഓണ്‍ലൈന്‍ പഠനത്തെ വ്യവസ്ഥാവത്കരിക്കാനുള്ള പദ്ധതി തുടങ്ങിക്കഴിഞ്ഞു. ഫലം സാമൂഹികതാനിര്മിതി ഇല്ലാതാവും.
ഇതിനിടെയാണ് ഓൺലൈന്‍ ക്ലാസുകളിലും അധ്യാപകരും വിദ്യാര്‍ഥികളുമുള്ള വാട്സാപ്പ് ഗ്രൂപ്പുകളിലും നടന്ന നുഴഞ്ഞുകയറ്റങ്ങള്‍ സൃഷ്ടിച്ച പ്രശ്നങ്ങള്‍. പെണ്‍കുട്ടികളും ആണ്‍കുട്ടികളും അധ്യാപകരുമുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങളുടെയും വീഡിയോകളുടെയും പ്രവാഹമുണ്ടായി. ഒരാള്‍ രഹസ്യമായി, ഒറ്റയ്ക്ക് അയാളുടെ ഫോണില്‍ പോണ് കാണുന്നതും അശ്ലീല സന്ദേശങ്ങള്‍ വായിക്കുന്നതും അത്ര അസാധാരണമല്ല. അത് മിക്കവാറും ആ ഒരാളുടെ മനോനിലയെ മാത്രം കാര്യമായി ബാധിക്കുന്ന ഒന്നാണ്. അയാള്‍ ഭാവിയില്‍ ഇടപെടുന്ന ആളുകള്‍ക്കും അത് പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. എന്നാല്‍ ഒരു ക്ലാസ്മുറിയിലേക്ക്, എല്ലാ വിദ്യാര്‍ഥികളുമുള്ള ഒരിടത്തേക്ക് നടക്കുന്ന ഈ നുഴഞ്ഞുകയറ്റം അതിഭീകരമായ ട്രോമയിലേക്ക് കുട്ടികളെ വലിച്ചെറിയും. വാസ്തവത്തില്‍ കേരളം നടുക്കത്തോടെ പ്രതികരിക്കേണ്ടതും ചര്‍ച്ച ചെയ്യേണ്ടതും നടപടികള്‍ സ്വീകരിക്കേണ്ടതുമായ ഒരു കുറ്റകൃത്യമായിരുന്നു അത്. പക്ഷേ, കൊവിഡ് തിരക്കില്‍ നാം കുട്ടികളെ പൂര്‍ണമായും മറന്നുപോയിരിക്കുന്നു.
“”എല്ലാവരും കൂടിയിരിക്കുന്ന എന്നും കണ്ടുകൊണ്ടിരിക്കുന്ന നാളുകളില്‍ ആണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെങ്കില്‍, അതുണ്ടാക്കാവുന്ന ട്രോമ അപ്പോള്‍ തന്നെ പരിഹരിക്കപ്പെടും. ഇതങ്ങനെ അല്ലല്ലോ? കുട്ടികള്‍ പരസ്പരം കാണുന്നില്ല. അകന്നിരിക്കുകയാണ്. അവര്‍ക്ക് മുന്നില്‍ കൂടെ പഠിക്കുന്നവര്‍ ഓണ്‍ലൈനില്‍ ഉള്ളവരാണ്. അത് വലിയ പ്രശ്നമാണ്?”
കണ്ണൂരിലെ അധ്യാപിക പറഞ്ഞ ഈ വാക്കുകളില്‍ മറ്റൊന്നുണ്ട്. ഓൺലൈന്‍ ഓഫ്ലൈന് വിഭജനരേഖ അപ്രത്യക്ഷമാകുന്നതിന്റെ അപകടം. അത് ചില്ലറ അപകടമല്ല. വ്യാജന്മാര്, ക്രിമിനലുകള്‍, ബാലപീഡകര്‍ അരങ്ങുവാഴുന്ന ഇരുള്നിലങ്ങളുണ്ട് ഓണ്‍ലൈനില്‍. ആരാണ് നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കുക? സഹപാഠിത്വം എന്ന ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ബന്ധനില, ഓണ്‍ലൈനിലെ ഒരു ബന്ധനിലയായി മാറുന്നു. അപകടം മനസിലാവുന്നില്ലേ? തനിച്ചാവുക എന്നത്, കൂട്ടമായിരിക്കുന്നതില് നിന്നുള്ള താല്ക്കാലികമായ ഒരവസ്ഥ മാത്രമായിരിക്കണം. തനിച്ചിരിക്കുക എന്നതാണ് മിക്ക സമയത്തെയും അവസ്ഥ എങ്കില്‍ അത്തരം അവസ്ഥ കുഴപ്പം പിടിച്ച മാനസികനിലകളെ ഉത്പാദിപ്പിക്കും. തനിച്ചിരിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു ചിന്ത സാമൂഹികമായി ഉരച്ചു നോക്കിയാണ് സാധാരണ നാം പ്രയോഗിക്കുക. വലിയ ഒരു ഉരകല്ലാണ് അത്. ഉരച്ചുനോക്കാനുള്ള ആ ഇടം നമ്മുടെ കുട്ടികള്‍ക്ക് ഇപ്പോള്‍ നഷ്ടമായിരിക്കുന്നു. ഒരു വ്യാപാരിയുടെ ഒന്നോ രണ്ടോ വര്‍ഷം പോലെയല്ല, ഒരു കുട്ടിയുടെ ഒരു വിദ്യാര്‍ഥിയുടെ രണ്ട് സ്കൂള്‍ വര്‍ഷം. ആദ്യത്തേത് പാക്കേജുകള്‍ കൊണ്ട് പരിഹരിക്കാം. രണ്ടാമത്തേത് അപരിഹാര്യമാണ്. സാമൂഹ്യമായ നമ്മുടെ നില്പാണ് നമ്മെ സംസ്കരിക്കുക. വേട്ടയാടാനുള്ള അടിസ്ഥാന ചോദനയില്‍ നിന്ന് നമ്മെ മോചിപ്പിക്കുകയും കൂട്ടുകൂടാന്‍ പ്രേരിപ്പിക്കുയും ചെയ്യുക എന്നത് സാംസ്കാരികമായി വളര്‍ത്തുക എന്ന പ്രക്രിയ ആണ്. നമ്മെ സ്വയം സംസ്കരിക്കുന്ന ഒന്ന്. സ്കൂളിംഗില്‍ നടക്കുന്ന ഒന്നാണത്. അതാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്. എന്തുകൊണ്ടാണ് ആരും ഇത് ശ്രദ്ധിക്കാത്തത്?
കോതമംഗലത്തെ കൊലപാതകത്തെക്കുറിച്ച് തുടക്കത്തില്‍ നിങ്ങള്‍ വായിച്ചത് കണ്ണൂരിലെ ഒരധ്യാപികയുടെ വാക്കുകള്‍ ആണ്. സാമൂഹികതയുടെ അഭാവം പ്രകടമായ ഒരു വ്യക്തി ആയിരുന്നിരിക്കണം ആ ചെറുപ്പക്കാരന്. തന്റെ ലോകം മാത്രമുള്ള ഒരാള്‍. ഒറ്റക്ക് ഏഴിഞ്ച് നീല വെളിച്ചത്തിലേക്ക് കണ്ണുനട്ട് വളര്‍ന്നുവന്ന ഒരാള്‍. അപരന് അഥവാ അപര എന്നുള്ളത് അയാള്‍ക്ക് വേണ്ട, അയാള്‍ക്ക് സ്വന്തമാക്കേണ്ടത് ഒരു പോയന്റ് മാത്രമായിരുന്നിരിക്കാം. ഗെയിമുകളില്‍ അങ്ങനെയാണല്ലോ? അപരം എന്നത് തന്റെ കൂടി ബാധ്യതയാണെന്നും ആ അപരവും ചേര്‍ന്നതാണ്, അവര്‍ കൂടി ജീവിച്ചിരിക്കേണ്ട ഒരിടമാണ് ഇത് എന്നുമുള്ള തോന്നല്‍ സാമൂഹികതയില്‍ നിന്ന് മാത്രം ഉരുവാകുന്നതാണ്. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് യൗവ്വനം താണ്ടിയവരെ നോക്കിയാല്‍ ഏകദേശം ഉത്തരം കിട്ടും.
അതിനാല്‍ നാമിപ്പോള്‍ പുറപ്പെടുവിക്കുന്ന, നാമിപ്പോള്‍ ആശങ്കപ്പെടുന്ന ആകുലതകള്‍ അല്ല കൊവിഡ് കാലത്തെ യഥാർത്ഥ ആകുലതകള്‍. എന്ന് കടതുറക്കുമെന്നല്ല, എന്ന് സ്കൂള്‍ തുറക്കുമെന്നാണ് നാമിപ്പോള്‍ ആശങ്കപ്പെടേണ്ടത്. ഒറ്റയ്ക്കിരിക്കുന്ന, ഒറ്റയ്ക്ക് വളരുന്ന, ഇന്റര്‍നെറ്റിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്ന, കൂട്ടുകാരെ കാണാത്ത, നാടറിയാത്ത കുഞ്ഞുങ്ങള്‍ കൊവിഡിനേക്കാള്‍ പതിന്മടങ്ങ് ഭീഷണമായ ആരോഗ്യപ്രശ്നമാണ്. കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്ന കുഞ്ഞുങ്ങളായി അവര്‍ വളരരുത്.
കെ കെ ജോഷി
You must be logged in to post a comment Login