വിശുദ്ധമായ ഖുര്‍ആൻ വചനങ്ങളെ വിശകലനം ചെയ്യുന്നതില്‍ പാരമ്പര്യ ഉലമാക്കള്‍ ചരിത്രപരമായി വലിയ പങ്കുവഹിച്ചിട്ടുണ്ട്. ആധികാരിക ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശവാദം ഉന്നയിക്കുന്ന ഇസ്‌ലാമിലെ വ്യത്യസ്തമായ അവാന്തര വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വിയോജിപ്പ് മനസ്സിലാക്കുവാന്‍ മുസ്‌ലിം ധൈഷണിക ചരിത്രത്തിലുടനീളം പാരമ്പര്യ ഉലമാക്കള്‍ വഹിച്ച പങ്ക് പഠിക്കേണ്ടതുണ്ട്. ആധുനികതയുടെ ആഗമനത്തിനു മുമ്പ് ഇന്നത്തെ നൂതനമായ സാങ്കേതിക വിദ്യകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഭൂമിശാസ്ത്രപരമായി പ്രവിശാലമായ പ്രദേശങ്ങളില്‍ മതത്തെ നിര്‍വചിക്കാനുളള ഒരു പ്രാപ്തിയും രാഷ്ട്രങ്ങള്‍ സ്വായത്തമാക്കിയിരുന്നില്ല. മതത്തെ നിര്‍വചിച്ചിരുന്നതും അതിനുവേണ്ടി നിരന്തരം ശബ്ദമുയർത്തിയിരുന്നതും ഉലമാക്കളായിരുന്നു. അതുകൊണ്ടുതന്നെ ചില രാഷ്ട്രങ്ങളും അല്‍പബുദ്ധിക്കാരായ നവീനവാദികളും ഉലമാഇന്റെ ദൗത്യത്തെ ചോദ്യം ചെയ്യുന്ന മറ്റൊരു ശബ്ദമായി ഉയര്‍ന്നുവന്നു. അബദ്ധജടിലമായ വാദങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഈ അല്‍പബുദ്ധികള്‍ ഇസ്‌ലാമിക രീതിശാസ്ത്രത്തില്‍ അത്ര പരിചയ സമ്പന്നരല്ലായിരുന്നു. പക്ഷേ അവരുടെ വാദങ്ങളില്‍ ഭൂരിഭാഗവും ആധുനികതയുടെ നവീന ചിന്താധാരയോട് പൊരുത്തപ്പെടുന്നതും ഋജുവായ ഇസ്‌ലാമിനോട് ഏറ്റുമുട്ടുന്നതുമായിരുന്നു.
ആധുനിക ലോകക്രമത്തില്‍ ഉണ്ടായിട്ടുള്ള രാഷ്ട്രീയവും മതപരവുമായ സംഘട്ടനങ്ങള്‍ പാരമ്പര്യ ഉലമാഇന്റെ ആധികാരികതയെ പ്രശ്‌നവല്‍ക്കരിക്കുവാന്‍ കാരണമായി. തല്‍ഫലമായി മുഖ്യധാരാ ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യേണ്ടത് ആരാവണം എന്നതിനെ ചൊല്ലിയുള്ള സംവാദങ്ങളും ഉടലെടുത്തു. പാരമ്പര്യ ഉലമാധാരയെ കണിശമായി വിമര്‍ശിക്കുകയും മുഖ്യധാരാ ഇസ്‌ലാമിന്റെ മേല്‍ സ്വയം അധീശത്വം സ്ഥാപിക്കുകയും ചെയ്യുന്ന മതകീയ പ്രസ്ഥാനങ്ങളുടെ ബാഹുല്യം കോളനീകരണത്തിന്റെയും ആധുനികവല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും പുതിയതരം ഉല്‍പന്നങ്ങളാണ്. മതപരമായ വിഷയത്തില്‍ മുസ്‌ലിം ലോകത്തുള്ള സാധാരണ ജനങ്ങള്‍ക്ക് നിലവില്‍ ലഭ്യമായി കൊണ്ടിരിക്കുന്ന വിവരങ്ങള്‍ വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും നിറഞ്ഞതാണ്. മുസ്‌ലിം ഫെമിനിസ്റ്റുകള്‍, പുരോഗമന ചിന്താഗതികള്‍ വെച്ചുപുലര്‍ത്തുന്ന യുക്തിവാദികള്‍, സലഫികള്‍ തുടങ്ങിയ മതത്തിനകത്ത് അന്നും ഇന്നുമുള്ള അവാന്തരവിഭാഗങ്ങള്‍ തീര്‍ത്തും മതവിരുദ്ധമായ സമീപനങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. യഥാര്‍ത്ഥ ഇസ്‌ലാമിനെ “നേരിട്ട്’ മനസ്സിലാക്കുന്നതിനെ തടയുന്ന പ്രതിബന്ധങ്ങളായിട്ടാണ് ഇത്തരം ഉത്പതിഷ്ണുക്കള്‍ ഉലമാഇനെ നോക്കിക്കാണുന്നത്. അവരുടെ വീക്ഷണപ്രകാരം ഉലമാക്കള്‍ മത പരിഷ്‌കാരികളാണ്. അതിനാല്‍ തന്നെ ഇസ്‌ലാമിന്റെ ജ്ഞാന സംരക്ഷകരെന്ന നിലയില്‍ ധൈഷണികമായ നിരവധി പ്രത്യാഘാതങ്ങള്‍ പാരമ്പര്യ ഉലമാക്കള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. സലഫികളും പരമ്പരാഗത ഉലമാക്കളും തമ്മിലുള്ള പ്രശ്‌നങ്ങളെ പ്രതിപാദിക്കുന്ന “സലഫിസം ആന്റ് ട്രഡീഷ്യണലിസം’ എന്ന എന്റെ ഗ്രന്ഥം അതിനെക്കുറിച്ച് വിശാലമായി ചര്‍ച്ച ചെയ്യുന്നുണ്ട്.
ആരാണ് ഉലമാക്കള്‍?
പ്രവാചക ജീവിതരീതിയാണ് ഇസ്‌ലാമിക വിജ്ഞാനത്തിന്റെ ഉറവിടം. പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണെന്ന് തിരുനബി(സ) അരുളിയിട്ടുണ്ട്. സുന്നി ഇസ്‌ലാമിനെ കുറിച്ച്, ഇതിന് ഔദ്യോഗികമായി ഒരു വ്യവസ്ഥാപിത രൂപമില്ലെന്ന കിംവദന്തികള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ പോലും പരിശുദ്ധമായ ഖുര്‍ആന്‍ സൂക്തങ്ങളെ വിശകലനം ചെയ്യുവാന്‍ പാരമ്പര്യ പണ്ഡിതര്‍ നടത്തിയ ഗവേഷണങ്ങളും ഗമനങ്ങളും വളരെ ശ്രദ്ധേയമാണ്. മതത്തില്‍ ഉലമാക്കള്‍ക്ക് ആധികാരികമായ സ്ഥാനങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത് അവരുടെ വ്യക്തിപ്രഭാവം കൊണ്ടോ കുലീനമഹിമ കൊണ്ടോ അല്ല, മറിച്ച് ദൈവികശാസ്ത്രത്തിലും മറ്റു ഇസ്‌ലാമിക നിയമ സംഹിതകളിലും അവര്‍ ആര്‍ജിച്ചെടുത്ത അവഗാഹത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. ഖുര്‍ആനിക സൂക്തങ്ങളെ അര്‍ഹമായ രീതിയില്‍ വിശകലനം ചെയ്യുകയും അതിനെ ആധാരമാക്കി ഫത് വകള്‍ നല്‍കുകയും ചെയ്ത ഉലമാക്കള്‍ പൂര്‍വാധുനിക കാലഘട്ടത്തില്‍(pre modern time) തന്നെ ഇസ്‌ലാമിക നിയമങ്ങളെ വളരെ ചിട്ടയോടെയും കൃത്യതയോടെയും ക്രമീകരിക്കുവാന്‍ ബദ്ധശ്രദ്ധ പുലര്‍ത്തിയിരുന്നു. ഉലമാക്കള്‍ കേവലം പള്ളിപരിപാലകരോ മത ഉദ്യോഗസ്ഥരോ മാത്രമാണ് എന്ന പൊതുബോധം ആധുനികതയുടെ നിര്‍മിതിയാണ്. ഉലമാക്കള്‍ ജഡ്ജിമാരും വാണിജ്യ മേലുദ്യോഗസ്ഥരും കിടയറ്റ എഴുത്തുകാരും പ്രാര്‍ഥനാ നേതൃത്വങ്ങളും പൊതുവിദ്യാഭ്യാസ പ്രവര്‍ത്തകരുമായി കര്‍മനിരതരായിട്ടുണ്ട് എന്നത് ഇസ്‌ലാമിക ചരിത്രത്തില്‍ നിന്നും നമുക്ക് വായിച്ചെടുക്കാനാവും. ഒരാള്‍ ഒരു പണ്ഡിതനാകുവാന്‍ ദീര്‍ഘകാലത്തെ പഠനപരിശീലനം നേടുകയും പിന്നീട് അധ്യാപനം നടത്തുവാന്‍ ഗുരുവിന്റെ അനുമതി (ഇജാസത്ത്) ലഭിക്കുകയും വേണം. ഖുര്‍ആനുമായും ഹദീസുമായും അഭേദ്യമായ ഒരു ബന്ധം അവര്‍ സൃഷ്ടിച്ചെടുത്തിരുന്നു. വര്‍ഷങ്ങള്‍ ചിലവഴിച്ച് ഖുര്‍ആനെയും ഹദീസ് വചനങ്ങളെയും ഹൃദിസ്ഥമാക്കുകയും അവയില്‍ പൂര്‍ണശ്രദ്ധ കേന്ദ്രീകരിക്കുകയും അതിന്റെ ആശയതലങ്ങളെ വിശദീകരിക്കുകയുമായിരുന്നു ഉലമാക്കള്‍ ചെയ്തിരുന്നത്. ഒരാള്‍ മതത്തെ എങ്ങനെ പഠിക്കുന്നുവെന്നും ആരുടെ കൂടെ പഠിക്കുന്നുവെന്നും അതിപ്രധാനമായ ഒന്നാണ്. ഒരു മതവിദ്യാര്‍ഥി സ്വന്തമായി ഗ്രന്ഥങ്ങള്‍ വായിച്ച് പഠിക്കുന്നതും അവിദഗ്ധരായവര്‍ക്കൊപ്പം പഠനം നടത്തുന്നതും കുറ്റകരമായിട്ടാണ് കരുതപ്പെട്ടിരുന്നത്. അതിനാല്‍ യോഗ്യരായ പണ്ഡിതരില്‍ നിന്ന് മാത്രമേ ജ്ഞാനം സ്വീകരിക്കപ്പെട്ടിരുന്നുള്ളൂ. പിഴവുകള്‍ ചൂണ്ടിക്കാണിക്കുവാനും തിരുത്തുവാനും കഴിവുള്ള പണ്ഡിതന്മാരുടെ സന്നിധിയില്‍ വെച്ച് തന്നെ ഹദീസുകള്‍ വായിച്ചു കേള്‍പ്പിക്കുകയും അത് പഠിക്കുകയും ചെയ്യുന്ന രീതി അനിവാര്യമാണെന്ന് അവര്‍ വിശ്വസിച്ചു. ശൈഖിന്റെ അനുമതി നേടാതെയുള്ള അധ്യാപനം നടത്തലിനെ അവര്‍ നിഷേധിച്ചു. മതത്തോടുള്ള പാപകര്‍മമായിട്ടാണ് അതിനെ ഗണിക്കപ്പെട്ടിരുന്നത്. അതിനാല്‍ ഒരു പഠിതാവിന് മതത്തില്‍ ആധികാരികത ലഭിക്കുവാന്‍ ഒരു പണ്ഡിതന്റെ സമക്ഷം പഠിക്കുകയും ഗുരുവിന്റെ സമ്മതം കൈപ്പറ്റുകയും ചെയ്യണമായിരുന്നു. മുഹമ്മദ് നബി(സ) സ്വീകരിച്ച ബോധനമാര്‍ഗങ്ങളെ അതേപ്രകാരം പിന്‍പറ്റുകയും സമൂഹത്തില്‍ സ്വയം മാതൃകയാവുകയുമാണ് ഉലമാക്കള്‍ ചെയ്തിരുന്നത്. പരിശുദ്ധ ഇസ്‌ലാമില്‍ വേദഗ്രന്ഥങ്ങളെ പ്രവാചകന്മാര്‍ക്കല്ലാതെ നല്‍കിയിട്ടില്ല. അവയില്‍ ഉള്‍ചേര്‍ന്ന ആശയങ്ങളെ വിശദീകരിക്കുവാനും വ്യാഖ്യാനിക്കുവാനും വേണ്ടിയാണത്. അതുപോലെതന്നെ ഹദീസ് വചനങ്ങളിലടങ്ങിയിട്ടുള്ള അതിന്റെ ഋജുവായ ഉദ്ദേശ്യങ്ങളെ വിശദീകരിക്കുന്നതിന് തികച്ചും യോഗ്യനായ ഒരു ഗുരുവിന്റെ സഹായം അനിവാര്യമാണ്. മത വിജ്ഞാനങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഗ്രന്ഥങ്ങള്‍ മര്‍മ പ്രധാനമായിരുന്നു. പരമ്പരാഗതമായ ജ്ഞാന മാര്‍ഗങ്ങളില്‍ വിജ്ഞാന ശേഖരണം ഒരു ഉദ്യോഗ കര്‍മമോ ഇസ്‌ലാമിക ശാസ്ത്രത്തിലെ പാഠ്യപദ്ധതികള്‍ മതനിരപേക്ഷമോ ആയിരുന്നില്ല. പ്രവാചക ദൗത്യങ്ങളുടെ പിന്‍തലമുറക്കാര്‍ എന്ന നിലയില്‍ നബിമാരുടെ സ്വഭാവസവിശേഷതകളും ജീവിതശൈലികളും സമഗ്രമായി ആവിഷ്‌കരിക്കുന്നവരായിട്ടാണ് ഉലമാക്കളെ മനസ്സിലാക്കപ്പെട്ടിരുന്നത്. പൂര്‍വകാല പണ്ഡിതന്മാരിലേക്ക് കണ്ണിചേരുന്ന മുസ്‌ലിം ഉലമാക്കളുടെ ജ്ഞാന സമാഹാരങ്ങളെല്ലാം പ്രവാചക പാരമ്പര്യത്തിന്റെ വ്യത്യസ്ത വകഭേദങ്ങളെ പിന്തുടരാനുള്ള ശ്രമങ്ങളായിരുന്നു. പ്രവാചകരില്‍ നിന്നുള്ള അറിവും അവബോധവും കൈമാറി ലഭിച്ച പ്രവാചകപ്രതിനിധികളായിട്ടാണ് ഉലമാക്കളെ കരുതപ്പെട്ടിരുന്നത്. അക്കാരണത്താല്‍ മുസ്‌ലിം ലോകം ഉലമാക്കള്‍ക്ക് അസാമാന്യ ആദരവ് കല്പിക്കുന്നു.
തിരു ജീവിതരീതിയെ മാതൃകയാക്കി ഉലമാക്കള്‍ അവരുടെ ജ്ഞാനാന്വേഷണ ശൈലികളില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഉലമാക്കള്‍ അവരോട് അടുത്ത ശിഷ്യര്‍ക്ക് നല്‍കിയിരുന്ന നാമങ്ങളില്‍ പോലും അതിന്റെ അനുരണനങ്ങള്‍ പ്രതിഫലിച്ചു. തിരുനബിക്കും(സ) തന്റെ അനുചരന്മാര്‍ക്കുമിടയില്‍ (അസ്ഹാബ്) ഉണ്ടായിരുന്ന ഗുരു ശിഷ്യ ബന്ധത്തിന്റെ മൂര്‍ത്ത ഭാവങ്ങള്‍ ഉലമാക്കൾക്കും അവരുടെ ശിഷ്യഗണങ്ങള്‍ക്കുമിടയില്‍ രൂപപ്പെടുകയുണ്ടായി. പ്രവാചകര്‍(സ) തന്റെ പ്രഭൃതികള്‍ക്ക് കാര്‍മികത്വം വഹിച്ചത് പോലെ വിവിധ മദ്ഹബുകളുടെ തലവന്മാരെ ഇമാം എന്നും അവരോട് കൂടുതല്‍ സാമീപ്യം പുലര്‍ത്തിയ ശിഷ്യന്മാരെ അസ്ഹാബ് എന്നും വിളിച്ചിരുന്നു. ഇസ്‌ലാമിക ശാസ്ത്രത്തിന്റെ മുഴുവന്‍ ശാഖകളിലും നിലനിന്നിരുന്ന പ്രവാചക പ്രഭൃതി/ഗുരു ശിഷ്യ ബന്ധങ്ങളെ ഉലമാക്കള്‍ അവരുടെ വ്യവഹാരങ്ങളിലും പകര്‍ത്തുവാന്‍ ശ്രമിച്ചിരുന്നു. കഴിഞ്ഞ സഹസ്രാബ്ധ കാലത്തോളമുള്ള ഇസ്‌ലാമിക ചരിത്രത്തില്‍ പ്രസ്തുത രീതിയാണ് പിന്തുടര്‍ന്ന് പോന്നിരുന്നത്. പക്ഷേ ആധുനികതയുടെ അനിയന്ത്രിതമായ വളര്‍ച്ചയും പ്രസരിപ്പുമെല്ലാം ഈ സമ്പ്രദായത്തില്‍ വലിയ മുരടിപ്പ് സംഭവിക്കാന്‍ നിമിത്തമായി.
ഉലമാക്കളെ നിഷ്പ്രഭമാക്കിയതെങ്ങനെ?
പരമ്പരാഗത ഉലമാക്കളുടെ ആധികാരികതയെ നിഷ്ഫലമാക്കിയ വസ്തുതകളെ പരിശോധിച്ചാല്‍ പ്രധാനമായും മൂന്നു കാരണങ്ങളിലേക്കാണ് നാം എത്തിച്ചേരുക. ആധുനികതയുടെ അതിപ്രസരണം, അച്ചടിയന്ത്രത്തിന്റെ ആവിര്‍ഭാവം, നവീന സര്‍വകലാശാല സമ്പ്രദായം എന്നിവയാണവ. മുസ്‌ലിം ലോകത്തേക്കുള്ള അച്ചടിയന്ത്രത്തിന്റെ കടന്നുകയറ്റം ഇസ്‌ലാമിക വിദ്യാഭ്യാസത്തെയും ഹദീസ് പ്രസരണത്തി വേണ്ടിയുള്ള പണ്ഡിത വ്യവഹാരങ്ങളെയും അസ്ഥാനത്താക്കി. അച്ചടിയന്ത്രത്തിന്റെ കടന്നുവരവിനു മുമ്പ് ഒരാള്‍ ഒരു ഗ്രന്ഥരചന നടത്തുവാന്‍ ഒരു പണ്ഡിതനെയോ പകര്‍പ്പെഴുത്തുകാരനെയോ സമീപിച്ച് അനുവാദം കൈപ്പറ്റണമായിരുന്നു. പൂര്‍വകാലങ്ങളില്‍ പകര്‍പ്പെഴുത്തുകാരില്‍ നിന്ന് നേരിട്ട് സ്വീകരിച്ചിരുന്ന കയ്യെഴുത്തുപ്രതികള്‍ സമകാലിക ലോകത്ത് വളരെ എളുപ്പത്തിലും ചെലവ് കുറഞ്ഞതുമായ രീതിയില്‍ അച്ചടിച്ച കോപ്പികളായി വിപണിയിലെത്തുന്നു. വിദ്യാസമ്പന്നരായ ഉലമാക്കളുടെ പിന്‍ബലമില്ലാതെ മതകീയ വിജ്ഞാനങ്ങളെ മുമ്പില്ലാത്ത വിധം നിസാരമായി സമീപിക്കുന്നതിന് ഇത് സാധാരണക്കാരായ മുസ്‌ലിംകളെ പ്രേരിപ്പിച്ചു. അതുകൊണ്ടായിരുന്നു അച്ചടിയന്ത്രത്തിന്റെ ആരംഭഘട്ടങ്ങളില്‍ ഇതര ഭാഷകളിലുള്ള ഗ്രന്ഥങ്ങളെ അച്ചടിക്കുന്നതിനോട് ഉലമാക്കള്‍ യോജിച്ച് നിന്നിട്ടുണ്ടെങ്കില്‍ പോലും അറബി ഗ്രന്ഥങ്ങള്‍ അച്ചടിക്കുന്നതിനെ നഖശിഖാന്തം എതിര്‍ത്തത്. അറബിയെ ഇസ്‌ലാമിന്റെ വൈജ്ഞാനിക ഭാഷയായിട്ടാണ് കണക്കാക്കിയിരുന്നത്. വിശ്രുത ഗ്രന്ഥങ്ങളില്‍ നവീനമായി കടന്നുവന്ന മാനുഷിക ഘടകങ്ങളെ നിരാകരിക്കുന്നതിലും സമൂഹത്തില്‍ നൈതികമായ സ്വീകാര്യതയെ ഉറപ്പു വരുത്തുന്നതിലും ഉലമാക്കള്‍ അതീവ ജാഗ്രത പാലിച്ചിരുന്നു. അതിനാല്‍ അച്ചടിച്ച അറബി ഗ്രന്ഥങ്ങളെ അച്ചടക്ക ലംഘനമായും അധാര്‍മികവുമായിട്ടാണ് അവര്‍ വിലയിരുത്തിയിരുന്നത്.
ഉലമ ആക്ടിവിസത്തെ നിഷ്പ്രഭമാക്കിയ മറ്റൊരു ഘടകമായിരുന്നു ആധുനികതയുടെ അതിപ്രസരണം. പടിഞ്ഞാറില്‍ ആരംഭം കുറിക്കുകയും പിന്നീട് ദേശാതിർത്തികൾ ഭേദിച്ച് സര്‍വ രാഷ്ട്രങ്ങളിലേക്കും വ്യാപരിച്ച രാഷ്ട്രീയ സാമൂഹിക സാമ്പത്തിക പരിണാമങ്ങളെയാണ് ആധുനികത കൊണ്ട് ഇവിടെ വിവക്ഷിക്കുന്നത്. മുസ്‌ലിം ലോകത്തുനിന്നല്ല ഇത്തരം പരിണാമങ്ങള്‍ ഉടലെടുത്തിട്ടുള്ളത്. പ്രത്യുത, കോളനിവല്‍ക്കരണം ബാക്കിവെച്ച പ്രത്യാഘാതങ്ങളാണ് ഇവയെല്ലാം. സാങ്കേതികവും സാമ്പത്തികവുമായി ബഹുദൂരം മുന്നിട്ടുനില്‍ക്കുന്ന പടിഞ്ഞാറിനെ എന്തുകൊണ്ട് തങ്ങള്‍ക്ക് മറികടക്കാന്‍ സാധിക്കുന്നില്ല എന്ന സ്വയം ചോദ്യംചെയ്യലിലേക്ക് ഇത്തരം മാരകമായ മാറ്റങ്ങള്‍ മുസ്‌ലിംകളെ കൊണ്ടെത്തിച്ചു.
പ്രസ്തുത ചോദ്യത്തെ നേരിടാന്‍ വേണ്ടി ഉലമാക്കളെ നിരാകരിക്കുകയും അവരുടെ ബോധനരീതികളെ തള്ളിപ്പറയുകയും ചെയ്ത മുഹമ്മദ് അബ്ദുവിനെപോലുള്ള(മ.1905) നവീന വാദികളെ പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. യൂറോപ്പ് സ്ഥാപിതമായതിനു ശേഷം രൂപംകൊണ്ട ആധുനിക സര്‍വകലാശാല മാതൃകകള്‍ ധാരാളമായി കൊണ്ടുവരണമെന്ന വാദം ഉയര്‍ത്തിപ്പിടിച്ച് മുസ്‌ലിം ലോകത്ത് നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ മാറ്റിസ്ഥാപിക്കാനാണ് ഇത്തരം പരിഷ്‌കാര വാദികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
പണ്ഡിത പ്രതാപത്തെ നിഷ്പ്രഭമാക്കിയ മറ്റൊരു ഘടകമാണ് ഉലമ ആക്ടിവിസത്തിന്റെ നൈരന്തര്യത്തില്‍ നിന്നുള്ള പിന്മാറ്റം. 1800 കളുടെ തുടക്കകാലം മുതല്‍ തന്നെ രാഷ്ട്രത്തലവന്മാരില്‍ നിന്നുള്ള നിരവധി വെല്ലുവിളികളെ മുസ്‌ലിംലോകം അഭിമുഖീകരിക്കേണ്ടി വന്നു. പൂര്‍വ കാലങ്ങളില്‍ കോടതികളിലെത്തുന്ന പ്രശ്‌നങ്ങളെ ഒത്തുതീര്‍പ്പാക്കാന്‍ മുസ്‌ലിം പണ്ഡിതന്മാരെ നിയോഗിച്ചിരുന്നു. ഇന്ന് ഇസ്‌ലാമിക നിയമങ്ങള്‍ മതേതരമായ നിരവധി നിയമങ്ങളുമായി സാമ്യത പുലര്‍ത്തുന്നതിനാല്‍ തന്നെ വ്യത്യസ്ത വീക്ഷണങ്ങളുള്ള ന്യായാധിപന്മാരെയാണ് കോടതികളില്‍ നിയമിക്കുന്നത്. അനേകം രാഷ്ട്രങ്ങള്‍ മതനിരപേക്ഷമായ കോടതികളെയും ന്യായാധിപ സംവിധാനങ്ങളെയും വികസിപ്പിച്ചെടുക്കുകയുണ്ടായി. മുസ്‌ലിം ഭൂരിപക്ഷരാഷ്ട്രങ്ങളില്‍ പോലും ഉലമാ വ്യവഹാരങ്ങളെ കുടുംബ കോടതികളിലേക്ക് മാത്രമായി പരിമിതപ്പെടുത്തി. തല്‍ഫലമായി പണ്ഡിതന്മാരുടെ വിശാല വീക്ഷണങ്ങളില്‍ കുറവ് അനുഭവപ്പെടുകയുമുണ്ടായി. മാത്രവുമല്ല, ബുദ്ധിയും തന്റേടവുമുള്ള ധാരാളം വിദ്യാര്‍ഥികള്‍ തെറ്റായ ജ്ഞാനാന്വേഷണ പാതകളെ പിന്തുടര്‍ന്നു. ഇസ്‌ലാമിക മതപഠനമേഖലകള്‍ ബുദ്ധി കുറഞ്ഞ വിദ്യാര്‍ഥികള്‍ക്കുള്ള ഇടമാണെന്ന തെറ്റായ ബോധം സമൂഹത്തില്‍ വളര്‍ന്നു വരാന്‍ തുടങ്ങി. എന്‍ജിനീയറിങിലും മെഡിക്കല്‍ രംഗങ്ങളിലും പരാജയപ്പെട്ടവര്‍ ശരീഅത്ത് പഠനത്തെ തിരഞ്ഞെടുക്കുന്നു. ഇത് ഇസ്‌ലാമിക നിയമങ്ങളിലുള്ള മത പരിജ്ഞാനത്തെ അഗാധമായ ഗര്‍ത്തത്തിലേക്ക് കൊണ്ടെത്തിക്കുന്നതാണ്. ആധുനിക സര്‍വകലാശാലകളിലുള്ള ഇസ്‌ലാമിക ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിലനിന്നിരുന്ന മതനിയമ പഠനങ്ങള്‍ ദൈനംദിനം ശോഷിച്ചുകൊണ്ടിരിക്കുന്നു. സമകാലിക ലോകത്ത് ഒട്ടുമിക്ക വിദ്യാര്‍ഥികളും മതപരിജ്ഞാനം നേടുന്നതിന് ഔദ്യോഗികമായ ഉറവിടങ്ങള്‍ക്കു പകരം അനൗദ്യോഗികമായ ഉറവിടങ്ങളെയാണ് അവലംബിക്കുന്നത്. ഇത്തരം മതവിദ്യാഭ്യാസ രീതികള്‍ അറിവും അവബോധവും നേടിയിട്ടില്ലാത്ത ഒരുപാട് മുസ്‌ലിം പണ്ഡിതന്മാരെ നിര്‍മിക്കുകയും അവര്‍ മതവിഷയങ്ങളെ കുറിച്ച് നിരന്തരം വാചാലരാവുകയും ചെയ്യും. ഇത് യഥാര്‍ത്ഥ മുസ്‌ലിം പണ്ഡിത പ്രതാപത്തെ അലങ്കോലപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് ഒരുവേള പൊതുജന പ്രശസ്തി കൈപറ്റുകയും പിന്നീട് മത നിയമസംഹിതകളെ പൂര്‍ണമായി നിരാകരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും. മുന്‍കാലങ്ങളിലെല്ലാം സമൂഹം ഉലമാക്കള്‍ക്ക് അര്‍ഹമായ ആദരവ് കല്‍പ്പിച്ചിരുന്നു. എന്നാല്‍ മതപരമായ ആഖ്യാനങ്ങള്‍ക്ക് സന്ദര്‍ഭോചിതമല്ലാത്ത വിവരണങ്ങള്‍ നല്‍കുകയും സ്വന്തമായ അഭിപ്രായങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നതിനാല്‍ പുതിയകാല “കൃത്രിമ’ പണ്ഡിതന്മാരെ മുസ്‌ലിംലോകം അവഹേളിക്കാന്‍ തുടങ്ങിയിരിക്കുന്നു. മതത്തില്‍ ഇത്തരം കലുഷമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പുരോഗമന ചിന്താഗതികള്‍ വെച്ചുപുലര്‍ത്തുന്ന മതകീയ പ്രസ്ഥാനങ്ങളുടെ കടന്നുവരവ് കാരണമായിട്ടുണ്ട്. സ്രഷ്ടാവിനും വിശ്വാസികള്‍ക്കും ഇടയില്‍ തടസ്സം നില്‍ക്കുന്ന ഒരു പ്രതിബന്ധമായിട്ടാണ് ഈ പ്രസ്ഥാനങ്ങള്‍ ഉലമാക്കളെ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. മുസ്‌ലിം പാമര ജനങ്ങളെ അവരിലേക്ക് അടുപ്പിക്കുവാന്‍ വേണ്ടി ഖുര്‍ആന്റെ വെളിച്ചത്തില്‍ നേരിട്ട് മതത്തെ സമീപിക്കുകയും പണ്ഡിതാഭിപ്രായങ്ങളെ പൂര്‍ണമായി തിരസ്‌ക്കരിക്കുകയുമാണ് ഇസ്‌ലാമിന്റെ രീതി എന്ന പുത്തന്‍വാദത്തെ അവര്‍ കൊട്ടിഘോഷിച്ചു. വിവിധങ്ങളായ മതകീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാമിന്റെ നെറ്റിപ്പട്ടമണിഞ്ഞ് രംഗപ്രവേശനം ചെയ്തിട്ടുണ്ടെങ്കില്‍ പോലും പാരമ്പര്യ ഉലമാക്കള്‍ക്ക് ഏറ്റവും വലിയ ഭീഷണിയായി ഉയര്‍ന്നുവന്നിട്ടുള്ളത് സലഫിസമാണ്.
സലഫിസവും പാരമ്പര്യ ഉലമാക്കളും
പാരമ്പര്യ ഉലമാക്കളിലും അവരുടെ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയെടുത്ത മുസ്‌ലിം ജീവിതരീതിയിലും സാരമായി സ്വാധീനിച്ച ഘടകങ്ങളാണ് ആധുനികതയും അച്ചടിയന്ത്രവും വിദ്യാഭ്യാസരീതിയിലെ മാറ്റങ്ങളും. ഉലമാക്കളുടെ ആധികാരികതക്കും പരമ്പരാഗതമായ വിശകലന രീതിശാസ്ത്രത്തിനും വെല്ലുവിളിയായി നിരവധി മതപ്രസ്ഥാനങ്ങള്‍ ഇസ്‌ലാമിലേക്ക് ചേക്കേറിയിട്ടുണ്ട്. എന്നാല്‍ ഇവയില്‍ ഏറ്റവും ഗുരുതരവും ഭീഷണിയുമായിട്ടുള്ളത് സലഫി പ്രസ്ഥാനമാണ്. മുഹമ്മദ് നാസിറുദ്ദീൻ അല്‍ബാനി (മ.1999) ഇരുപതാം നൂറ്റാണ്ടിനെ സ്വാധീനിച്ചിട്ടുള്ള ഒരു സലഫി പണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ സര്‍ഗവൈഭവത്തെ ആയുധമാക്കി സലഫി ചിന്താധാരകളെ പിന്തുടരുന്ന അനേകം ആളുകളെ അദ്ദേഹം വളര്‍ത്തിയെടുക്കുകയുണ്ടായി. അതിനായി അദ്ദേഹം ഇസ്്ലാമിക ലോകത്തിന് അപരിചിതമായ നവീന രചനാരീതി ആവിഷ്കരിച്ചു. അദ്ദേഹം സ്വീകരിച്ചു. സലഫിസത്തെ സമഗ്രമായി വിശകലനം ചെയ്യുന്നില്ലെങ്കില്‍ പോലും അതിന്റെ അബദ്ധജടിലമായ ആശയങ്ങളെ ജനപ്രിയമായ രീതിയില്‍ ആവിഷ്‌കരിക്കുകയായിരുന്നു അല്‍ബാനി. ഇസ്‌ലാമിക നിയമനടപടികളെ തന്റെ ഇംഗിതങ്ങള്‍ക്ക് അനുസരിച്ച് വളച്ചൊടിക്കാനും അതിനെ നടപ്പില്‍ വരുത്താനും ജീവിതം നീക്കിവെച്ച സലഫി പണ്ഡിതനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പാണ്ഡിത്യം മുഴുവന്‍ സ്വന്തമായുള്ള ഗ്രന്ഥവായനകളിലൂടെ മാത്രമാണ്. ചുരുക്കത്തില്‍ ഉലമാക്കള്‍ വഴിപിഴച്ചവരാണെന്ന് അല്‍ബാനി വാദിച്ചു. Taqrib-al-Sunna Bayna yaday-al-umma (നബി ചര്യകളെ സമൂഹത്തിലേക്കടുപ്പിക്കുക) എന്ന നാമധേയത്തില്‍ അദ്ദേഹം പുതിയ പദ്ധതി ആവിഷ്‌കരിച്ചു. പദ്ധതിയുടെ പേര് സൂചിപ്പിക്കുന്നതു പോലെ സലഫീ വീക്ഷണപ്രകാരമുള്ള ദുർബല ഹദീസുകളെ നിരാകരിക്കുക മാത്രമല്ല ഇത് ചെയ്യുന്നത്, മറിച്ച് പ്രബലമായ ഹദീസുകളെ മാത്രം തിരഞ്ഞെടുത്ത് സമൂഹത്തിലേക്ക് സലഫീ വീക്ഷണാനുസൃതമായി എന്ന ചിന്താപദ്ധതി കൂടിയാണിത്.
കര്‍മശാസ്ത്രത്തിലും (ഫിഖ്ഹ്) വിശ്വാസ ശാസ്ത്രത്തിലും (അഖീദ) അധ്യാത്മിക വിജ്ഞാനീയത്തിലുമുള്ള(തസവ്വുഫ്) പവിത്ര ഗ്രന്ഥങ്ങളില്‍ നിന്നും ദുര്‍ബലമായ ഹദീസുകളെ അല്‍ബാനിയുടെ ഈ ഹദീസ് സംസ്‌കരണ പദ്ധതി എടുത്തുകളയുകയുണ്ടായി. കര്‍മശാസ്ത്ര സരണിയും (മദ്ഹബ്) സൂഫിസവും ദുര്‍ബലമായ ഹദീസുകളെയും കൃത്രിമമായ ഹദീസുകളെയും ധാരാളമായി ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം വിമര്‍ശിച്ചു. അങ്ങനെ മദ്ഹബ് പിന്തുടരാതെ(തഖ്‌ലീദ്) തന്നെ മതനിയമങ്ങളെ പുനഃപരിശോധിക്കാന്‍ അല്‍ബാനി മുതിർന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പ്രവാചകാധ്യാപനങ്ങളെ വഹിക്കാനുള്ള പ്രാപ്തിയൊന്നും മദ്ഹബുകള്‍ക്കില്ല, പകരം ഹദീസ് സമാഹരണത്തിലൂടെ മാത്രമേ അവയെ സംരക്ഷിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം നിരീക്ഷിച്ചു. പ്രവാചകന്‍ (സ) നിര്‍ദേശിച്ചതും അനുയായികള്‍ അനുവര്‍ത്തിക്കേണ്ടതുമായ കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് മനസിലാക്കുവാന്‍, ഉലമാഇന്റെ ഉദ്ധരണികളുടെ യാതൊരുവിധ സഹായവുമില്ലാതെ ഹദീസ് വചനങ്ങളെ മാത്രമാണ് അവലംബിക്കേണ്ടതെന്നും അദ്ദേഹം വിലയിരുത്തി. മദ്ഹബുകള്‍ക്കിടയില്‍ വ്യാപകമായി പ്രചരിച്ചിട്ടുള്ള ഒട്ടനവധി പണ്ഡിത അഭിപ്രായങ്ങള്‍ പ്രവാചക സരണിയില്‍ നിന്നും വഴിതെറ്റി സഞ്ചരിക്കുന്നുവെന്ന് അല്‍ബാനി ആക്ഷേപിക്കുന്നുണ്ട്. മദ്ഹബിന്റെ പിന്‍ബലത്തില്‍ നിന്നുകൊണ്ട് ആധികാരികമായ ഹദീസുകളെ വിശകലനം ചെയ്യുന്ന രീതി അവിവേകമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇതിനൊരു ബദലെന്നോണം മത സമീപനത്തിന്റെ മറ്റു മാര്‍ഗങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിക്കുകയും ചെയ്തു. തന്റെ വീക്ഷണപ്രകാരം ശരിയാണെന്ന് തോന്നുന്ന തെളിവുകളെ മാത്രമാണ് “ആധികാരികത’യുടെ ഇനത്തില്‍ പരിഗണിച്ചിരുന്നത്. ഉദാഹരണത്തിന് തന്റെ ഗ്രന്ഥങ്ങളില്‍ വെച്ച് പ്രചുര പ്രചാരം നേടിയ ഗ്രന്ഥമാണ് “സ്വിഫാത്തു സ്വലാത്തുന്നബി’. നിഷ്‌കപടമായ സ്രോതസ്സുകളില്‍ നിന്നു മാത്രം ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ ഗ്രന്ഥരചന നടത്തിയത് എന്ന ഗ്രന്ഥകാരന്റെ ഉറപ്പുനല്‍കല്‍ ഇതിനോടുള്ള വായനക്കാരന്റെ വിശ്വാസത്തെയും താത്പര്യത്തെയും ജനിപ്പിക്കുന്നതാണ്. ഇവ്വിഷയകമായി മദ്ഹബുകള്‍ക്കകത്ത് നടക്കുന്ന രചനാരീതികളെ അദ്ദേഹം അംഗീകരിക്കുന്നുണ്ടെങ്കില്‍ പോലും ആധികാരികമല്ലാത്ത ആശയങ്ങളെയാണ് അവയില്‍ ആവിഷ്‌കരിക്കുന്നത് എന്ന് അദ്ദേഹം വിമര്‍ശിക്കുന്നു. അല്‍ബാനിയുടെ ഗ്രന്ഥങ്ങള്‍,
പണ്ഡിതസ്വാധീനമേൽക്കാതെ ഇസ്‌ലാമിനെ സമീപിക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരു സാധാരണ മുസ്‌ലിമിനെയും ഹഠാദാകര്‍ഷിക്കുന്നു എന്നതിനാല്‍ അവയ്ക്ക് ലോകവ്യാപകമായി വലിയ ജനപ്രീതി ലഭിച്ചു. 1980-ല്‍ ഹനഫീ മദ്ഹബ് പ്രകാരം പടിഞ്ഞാറില്‍ സ്ത്രീകള്‍ അവരിൽ ചിലരുടെയെങ്കിലും ആരാധനകള്‍ നിര്‍വഹിച്ചിരുന്നു, പക്ഷേ, അല്‍ബാനിയുടെ ഗ്രന്ഥങ്ങള്‍ ലഭ്യമായി തുടങ്ങിയപ്പോള്‍ “ആധികാരിക സുന്ന’ യനുസരിച്ച് 1990-ല്‍ അവരുടെ ആരാധനാ ശൈലികളില്‍ മാറ്റങ്ങള്‍ വന്നു എന്നത് അതിനൊരു ഉദാഹരണം മാത്രമാണ്.
മുന്‍കാല പണ്ഡിതരുടെയും മദ്ഹബുകളുടെയും അഭിപ്രായങ്ങള്‍, ശൈലികള്‍ തുടങ്ങിയവയെ പിന്‍പറ്റുന്നതിനെ “അന്ധമായ അനുകരമാണെ’ന്ന് വിശേഷിപ്പിക്കുകയും അതിനുപകരം ഖുര്‍ആന്റെ ഉപരിപ്ലവമായ ആശയങ്ങളെ മാത്രം അവലംബിച്ച് ഇസ്‌ലാമിനെ നേരിട്ട് സമീപിക്കുന്ന നൂതനമായ രീതിയെ അദ്ദേഹം സാധാരണ മുസ്‌ലിംകള്‍ക്കായി അവതരിപ്പിക്കുകയും ചെയ്തു. ഇസ്‌ലാമിലെ പണ്ഡിത വ്യവഹാരങ്ങളുടെ മാര്‍ഗങ്ങളാണ് അല്‍ബാനിക്ക് വലിയ വെല്ലുവിളികളായി മാറിയത്. പാരമ്പര്യ ഉലമാക്കളില്‍ നിന്ന് തീര്‍ത്തും വ്യതിരിക്തമായ രീതിയാണ് അല്‍ബാനിയുടെ ഗ്രന്ഥങ്ങളിലുള്ളത്. അതിലുള്ള ഓരോ ഹദീസ് വചനങ്ങളെയും തീവ്രമായ ആധികാരികവത്കരണത്തിന് വിധേയമാക്കുന്നുവെന്ന് അദ്ദേഹം വായനക്കാര്‍ക്ക് മുന്നില്‍ പങ്കുവെക്കുന്നുണ്ട്. ഇങ്ങനെ “ആധികാരിക’വത്കരിച്ച ഹദീസുകളിലേക്കാണ് പിന്നീട് ഇസ്‌ലാമിക കര്‍മശാസ്ത്ര നിയമങ്ങള്‍ അന്വേഷിക്കുന്ന നിരവധി മുസ്‌ലിം വിദ്യാര്‍ഥികള്‍ എത്തിപ്പെടുന്നത്. ഹദീസ് ശേഖരണ പദ്ധതിയെ മുന്നോട്ടുവെച്ചാണ് ഉലമാക്കളെയും അവരുടെ ഗവേഷണ മാര്‍ഗങ്ങളെയും അദ്ദേഹം നിഷേധിക്കുന്നത്. ഖുര്‍ആൻ വചനങ്ങള്‍ക്ക് ബഹുമുഖ തലങ്ങളും ആശയ വിശാലതയുമുണ്ട്. അക്കാരണത്താല്‍ തന്നെ അടിസ്ഥാനമൊത്ത അഭിപ്രായ വ്യത്യാസങ്ങളിലേക്ക് ഇത് വഴിയൊരുക്കുമെന്ന് ഉലമാക്കള്‍ സമര്‍ഥിക്കുമ്പോള്‍ ബാഹ്യമായ അര്‍ഥതലങ്ങള്‍ മാത്രമാണ് ഖുര്‍ആനിനുള്ളത് എന്ന് അല്‍ബാനി വിശ്വസിക്കുന്നു.
ഇസ്‌ലാമില്‍ ഖുര്‍ആനെ എങ്ങനെ വ്യാഖ്യാനിക്കണം? അതാര് കൈകാര്യം ചെയ്യണം? എന്നിവയെ സംബന്ധിച്ചുള്ള വ്യത്യസ്തതകളും വൈരുധ്യങ്ങളും നിറഞ്ഞ നിരവധി ആശയക്കുഴപ്പങ്ങളെ അല്‍ബാനിയുടെ രചനകളും ആഖ്യാനങ്ങളും പടച്ചുവിടുന്നുണ്ട്. ഇവ തീര്‍ത്തും മദ്ഹബ് വിരുദ്ധമാണ്. മാത്രമല്ല ആശയ സംവാദങ്ങളില്‍ നന്നായി സ്വാധീനമുള്ളതുമാണ്. ഉലമാക്കളുടെ ധൈഷണിക വ്യവഹാരങ്ങള്‍ക്ക് അല്‍ബാനിയുടെ പരിഷ്‌കാരങ്ങള്‍ വലിയ പ്രതിസന്ധികളായി രൂപം പ്രാപിച്ചു. കാരണം ധിഷണരായ പണ്ഡിതന്മാര്‍ക്കും പാമരജനങ്ങള്‍ക്കുമിടയിലുള്ള വേര്‍തിരിവിനെ എടുത്തുകളയുന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയങ്ങള്‍. എല്ലാവരും ഒരുപോലെ ഖുര്‍ആനെയും ഹദീസുകളെയും നേരിട്ട് സമീപിക്കുന്നവരാവുകയാണെങ്കില്‍ ഇസ്‌ലാമിക വിജ്ഞാനത്തിന്റെ ആധികാരിക സംരക്ഷണ മാര്‍ഗമായ ഉലമാഇന്റെ ഇടപെടലുകളെ എടുത്തെറിയപ്പെടേണ്ടിവരുമെന്ന് ചുരുക്കം. അക്കാരണത്താലാണ് സിറിയ, ജോര്‍ദാന്‍, സൗദി അറേബ്യ, യമന്‍, പാകിസ്ഥാന്‍, ഇന്ത്യ തുടങ്ങിയ രാഷ്ട്രങ്ങളിലുള്ള പാരമ്പര്യത്തെ പിന്തുടരുന്ന പണ്ഡിതന്മാര്‍ അൽബാനിയെ നിഷേധിക്കുന്നത്.
സലഫിസം, പരമ്പരാഗത ഉലമ ആക്ടിവിസം എന്നീ ദ്വന്ദങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശയ സംവാദങ്ങള്‍ പണ്ഡിത വ്യവഹാരങ്ങള്‍ക്കപ്പുറത്തേക്ക് വ്യാപരിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ മതനിയമങ്ങളെ നിര്‍ധാരണം ചെയ്യല്‍, അവയെ സംരക്ഷിക്കല്‍, അതിന് കാര്‍മികത്വം വഹിക്കല്‍ തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് മുസ്‌ലിം ലോകത്തെ പള്ളികളിലും മറ്റു ഇതര മേഖലകളിലും ധാരാളമായി അഭിപ്രായഭിന്നതകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പാരമ്പര്യ ഉലമാക്കളുടെയും സലഫിസത്തിന്റെയും പരസ്പരവിരുദ്ധമായ രണ്ട് ആശയധാരകള്‍ മുസ്‌ലിം ബോധമണ്ഡലത്തെ സങ്കീര്‍ണമായി സ്വാധീനിച്ചു. ഒരു മുസ്‌ലിം ഇവയില്‍ ഏതു മാതൃകയാണോ സ്വീകരിക്കുന്നത് അതിന്റെ അനുരണനങ്ങള്‍ കര്‍മശാസ്ത്രത്തിനോടും ഹദീസ് വചനങ്ങളോടുമുള്ള അവരുടെ സമീപനങ്ങളിലെല്ലാം പ്രകടമായി കൊണ്ടിരിക്കും. സമകാലിക ലോകത്ത് ഇത്തരം അവാന്തര വിഭാഗങ്ങള്‍ ഉണ്ടാക്കിയ പ്രതിസന്ധി മുസ്‌ലിം ഉമ്മത്തിന് വരുത്തി വെച്ച നഷ്ടങ്ങള്‍ ചെറുതൊന്നുമല്ല.
ഇമാദ് ഹംദ
പരിഭാഷ : അബ്ദുല്‍ ഖാദിര്‍ അലവി
You must be logged in to post a comment Login