ഇരവ് പകലാവുമ്പോൾ

ഇരവ് പകലാവുമ്പോൾ

“കാലമിനിയുമുരുളും..
വിഷുവരും വർഷം വരും
തിരുവോണം വരും
പിന്നെയൊരോതളിരിനും
പൂ വരും കായ്‌വരും
അപ്പോളാരെന്നും
എന്തെന്നും ആർക്കറിയാം..’
(സഫലമീ യാത്ര: എൻ എൻ കക്കാട്)
നിമിഷങ്ങൾ നേരങ്ങളാകുന്നു.
പകലിരവാകുന്നു.
ഇരവു പകലാകുന്നു.
ദിനരാത്രങ്ങൾ മാസങ്ങളാവുന്നു.
മാസങ്ങൾ വർഷങ്ങളാകുന്നു.
വർഷങ്ങൾ കാലങ്ങളാകുന്നു.
കാലത്തിന്റെ ക്രമബദ്ധമായ ചാക്രിക ചലനം!
പ്രപഞ്ച വിധാതാവിന്റെ മഹത്തായ ചര്യ!
നോക്കൂ… ഈ ചലനമത്രയും / ഈ ദൈവിക ചര്യകളത്രയും വെറുതെയാണോ? ഒരിക്കലുമല്ല, നിമിഷവും നേരവും ദിനരാത്രങ്ങളും മാസവർഷങ്ങളും കാലങ്ങളുമെല്ലാം പ്രപഞ്ചനാഥന്റെ പരിപാലന ചര്യയിലുൾച്ചേർന്ന വ്യക്തവും മഹത്തരവുമായ പൊരുളുകളുടെ (ഹിക്മത്ത് ) ഭാഗമാണ്. എങ്കിൽ, കാലത്തിന്റെയും പകലിരവുകളുടെയും ഈ ചാക്രിക ചലനവും ഋതുപ്പകർച്ചകളും
വർഷാരംഭാവസാനങ്ങളും എന്തുകൊണ്ടും പ്രസക്തമാണ്. വിശുദ്ധ വേദത്തിലെ രണ്ട് വചനങ്ങൾ ശ്രദ്ധിക്കൂ….

“രാപകലുകളെ മറിച്ചുകൊണ്ടിരിക്കുന്നത് അവനാകുന്നു. നിശ്ചയം, കണ്ണുള്ളവര്‍ക്ക് ഇതിൽ പാഠമുണ്ട്'(ഖുർആൻ 24:44).

“രാപകലുകളിലോരോന്നിനെയും മറ്റേതിന്റെ പിൻഗാമിയാക്കിയത് അവന്‍തന്നെ – ഉദ്ബുദ്ധനാകാനോ നന്ദിയുള്ളവനാകാനോ ആഗ്രഹിക്കുന്നവർക്കു വേണ്ടി’ (ഖുർആൻ 25: 62 ).

മേൽ സൂക്തങ്ങളിൽ നിന്നും രാപകലുകൾ മാറിമറിയുന്നതും കാലമിനിയുമുരുളുന്നതും മാനവനു പ്രസക്തമാവുന്നതെങ്ങനെയെന്ന് സംഗ്രഹിക്കാം:
ഒന്ന്: മാനവരിൽ ഉൾക്കാഴ്ചയുള്ളവർക്ക് പാഠമുൾക്കൊള്ളാൻ
രണ്ട്: നന്ദി പ്രകാശിപ്പിക്കാൻ.

മൂന്ന്: ഉൽബുദ്ധരാവാൻ

ഉൾക്കൊള്ളാനുള്ള പാഠമുദ്രയും നന്ദി പ്രകാശിപ്പിക്കാനുള്ള അനുഗ്രഹവും സമൂഹത്തെ ചിന്തിപ്പിക്കുന്ന പ്രതിഭാസവുമായാണ് വിശ്വാസിക്ക് കാലവും രാപകലുകളും കടന്നു പോകുന്നത്.നിമിഷങ്ങളും കാലങ്ങളും കഴിയും തോറും ഈ മൂന്ന് വിശേഷണങ്ങളെ കൂടുതലായി മനസിലാക്കുകയും മനസാ വരിക്കുകയും ചെയ്യുകയാണ്.
അനുഗ്രഹം, പാഠമുദ്ര, ചിന്തോദ്ദീപകം തുടങ്ങിയവയുടെ പ്രതീകമാണ് ആയുസ്സിന്റെ ഏകകങ്ങൾ; എങ്കിൽ, ഒരു നിമിഷവും അടുത്ത നിമിഷമാവുന്നതോടെ അവസാനിക്കുന്നില്ല. ഒരു ദിവസവും അസ്തമയത്തോടെയും തീരുന്നില്ല. ലോകാവസാനം വരെ പ്രസക്തമാണ് എന്നു ചുരുക്കം. വർഷങ്ങൾ മാറുമ്പോഴും ദിനങ്ങൾ, മാസങ്ങൾ എന്നിവ കൃത്യമായ ഇടവേളകളോടെ ആവർത്തിക്കുന്നേയുള്ളൂ. അവയ്ക്ക് മാറ്റമൊന്നുമില്ലതാനും. ഓരോ ദിവസവും ഇന്നലെകളെ ഉള്ളിലൊളിപ്പിച്ചതു പോലെ തന്നെ നാളെയുമായും ബന്ധം പുലർത്തുന്നു. ഒരു നിമിഷം അതിന്റെ തൊട്ടുമുമ്പത്തെ നിമിഷത്തോടും തൊട്ടുശേഷമുള്ള നിമിഷത്തോടും ബന്ധപ്പെട്ടിരിക്കുന്നു. അതായത്, സമയത്തിന്റെ / കാലത്തിന്റെ അളവുകോലുകൾ, അല്ല കാലങ്ങൾ തന്നെയും അതിന്റെ മുമ്പുള്ളതിനോടും ശേഷമുള്ളതിനോടും ബന്ധം പുലർത്തുന്നു. അങ്ങനെ, കാലം എന്നത് ഒരു ചരടിൽ കോർത്ത മുത്തുമണികൾ പോലെ പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്നു. ആ ഇന്നലെകളുടെ ഓർമകളിൽ നിന്നും പാഠങ്ങളെ, അനുഗ്രഹങ്ങളെ, ചിന്തനീയമായ കാര്യങ്ങളെ, കണ്ടെടുത്ത് ഉൾക്കൊള്ളാനും നന്ദിചെയ്യാനും ഉദ്ബുദ്ധരാവാനും നാളെത്തേക്ക് മെച്ചപ്പെടുത്താനും ശ്രമിക്കുമ്പോഴാണ് നമ്മുടെ കടപ്പാട് പൂർണമാകുന്നത്. നിമിഷങ്ങളുടെയും മാസങ്ങളുടെയും ആവർത്തനത്തിന്റെ പൊരുളും പ്രസക്തിയും ഇതു തന്നെയാണ്. അല്ലാത്തപക്ഷം ഈ ആവർത്തനങ്ങൾക്ക് പകരം അല്ലാഹുവിന് മറ്റൊരു രീതിയൊരുക്കാമായിരുന്നല്ലോ. മാസങ്ങളുടെ/ രാവുകളുടെ / നിമിഷങ്ങളുടെ ആവർത്തനത്തിൽ അവയുടെ വിശുദ്ധി കൂടെ ആവർത്തിക്കപ്പെടുന്നുണ്ട്. ഒരു വിശുദ്ധമാസത്തിൽ അരങ്ങേറിയ ദൈവിക ചര്യകളുടെ വിശുദ്ധി ആ മാസവും ദിവസവും നിമിഷവും മാത്രമല്ല ഉൾവഹിക്കുന്നത്. പിന്നീട് ആവർത്തിക്കുന്ന സമയങ്ങളിലെല്ലാം അവയുടെ വിശുദ്ധി നിലനിൽക്കുന്നു. ആ പവിത്രത നിലക്കുന്നില്ല. കാലക്കറക്കത്തിലും അത് അനുസ്യൂതം തുടർന്നു കൊണ്ടേയിരിക്കുന്നു. വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ:

“ഇതിനെ(ഖുര്‍ആനി) നാം വിധിനിര്‍ണയ രാവില്‍ ഇറക്കിയിരിക്കുന്നു. വിധിനിര്‍ണയ രാവിനെകുറിച്ച് നിങ്ങൾക്കെന്തറിയാം? അത് ആയിരം മാസത്തിലേറെ ശ്രേഷ്ഠമാകുന്നു. അന്ന് മലക്കുകളും ജിബ്്രീലും അവരുടെ നാഥന്റെ അനുമതിയോടെ സമസ്ത സംഗതികളുമായി ഇറങ്ങിവരുന്നു.ആ രാവ് പ്രഭാതം വരെ തികഞ്ഞ സമാധാനമാകുന്നു.

ഈ അധ്യായത്തിൽ “മലക്കുകളും ജിബ്്രീലും അവരുടെ നാഥന്റെ അനുമതിയോടെ ഇറങ്ങിവരുന്നു’ എന്ന സൂക്തത്തിൽ പ്രയോഗിച്ചത് (തനസ്സലു) ഭാവികാലക്രിയയാണ് (മുളാരിഅ്). അത് മലക്കുകളുടെ ഇറങ്ങി വരവിന്റെ അനുസ്യൂതമായ തുടർച്ചയെയാണ് (തജദ്ദുദ്-ഹുദൂസ് ) കുറിക്കുന്നത്. മാലാഖമാരുടെ ഇറങ്ങി വരവ് ഖുർആൻ ഇറങ്ങിയ ആ ഇരവോടെ നിലക്കുമായിരുന്നെങ്കിൽ ഇറങ്ങി വന്നു (തനസ്സല) എന്ന് പ്രയോഗിച്ചാൽ മതിയായിരുന്നല്ലോ? “തനസ്സലു’ എന്ന ഭാവികാല ക്രിയ പ്രസ്തുത കാര്യത്തിന്റെ തുടർച്ചയെ / ആവർത്തനത്തെയാണ് കുറിക്കുന്നത്. ഓരോ വർഷത്തിലും ആ രാവ് ആവർത്തിക്കപ്പെടുന്നു. ആ രാവിൽ മലക്കുകൾ അല്ലാഹുവിന്റെ അനുവാദത്തോടെ ഇറങ്ങി വരികയും ചെയ്യുന്നു എന്ന് സംഗ്രഹം.
ഖുർആന്റെ വെളിച്ചത്തിൽ വായിക്കുമ്പോൾ, വർഷങ്ങളും കാലങ്ങളും എത്ര മാറിയാലും ചരിത്രാനുഭവത്തിന്റെ ചില അർദ്ധവിരാമങ്ങളിലും പൂർണ വിരാമത്തിലും അരങ്ങേറിയ ദൈവ നടപടികൾക്ക് സാക്ഷിയായ ദിവസങ്ങൾ, മാസങ്ങൾ എന്നിവ പ്രസക്തവും പവിത്രവും തന്നെയാണ്. ആ നിമിഷങ്ങൾക്ക് ഗുണ വർദ്ധനയും(ബറകത്ത്) വിശുദ്ധിയുമുണ്ട്. മേൽ പറഞ്ഞ വസ്തുതകളെ മുൻനിറുത്തി മുഹർറത്തെ വായിച്ചു നോക്കാം.

മുഹർറം! (വിശുദ്ധം)
പേരിൽ തന്നെ വിശുദ്ധി കുടി കൊള്ളുന്നുണ്ട്. വിശ്വാസി ജനതയുടെ വർഷാരംഭമാണിത്. ഈ വിശുദ്ധ മാസത്തിലാണ് അല്ലാഹുവിന്റെ സുപ്രധാന നടപടികൾ നടന്നത്: ഫറോവയുടേയും മാരണക്കാരുടേയും കെണിവലകളില്‍ നിന്ന് മൂസാ നബിക്ക്(അ) അല്ലാഹു വിജയം നല്‍കി.

മഹാ ജലപ്രളയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി കപ്പല്‍ കയറിയ നൂഹ് നബിയും(അ) വിശ്വാസികളും കപ്പലിറങ്ങി. തിരുനബിയുടെ(സ്വ) പൗത്രനും അലിയുടെ(റ) പുത്രനുമായ ഹുസൈന്‍(റ) കര്‍ബലയില്‍ രക്ത സാക്ഷിയായി.

കൂടാതെ സ്വര്‍ഗം, നരകം, ഖലം, അര്‍ശ്, ലൗഹുല്‍ മഹ്ഫൂള് തുടങ്ങിയവയെല്ലാം സൃഷ്ടിക്കെപ്പട്ടു, ആദം നബിയുടെ(അ) തൗബ അല്ലാഹു സ്വീകരിച്ചതും ഇബ്രാഹീം നബിയെ(അ) നംറൂദിന്റെ തീയില്‍ നിന്നു രക്ഷ പ്പെടുത്തിയതും മൂസ നബിക്ക്(അ) തൗറാത്ത് അവതീര്‍ണമായതും യൂസുഫ് നബി(അ) ജയില്‍ മോചിതനായതും യഅ്ഖൂബ് നബിയുടെ(അ) കാഴ്ച തിരിച്ചു ലഭിച്ചതും അയ്യൂബ് നബിക്ക്(അ) ആരോഗ്യം തിരിച്ചുകിട്ടിയതും സുലൈമാന്‍ നബി(അ) ലോകത്തിന്റെ ചക്രവര്‍ത്തിയായതും യൂനുസ് നബി(അ) മത്സ്യത്തിന്റെ ഉദരത്തില്‍ നിന്ന് രക്ഷപ്പെട്ടതും ആദ്യമായി മഴ വര്‍ഷിച്ചതുമെല്ലാം മുഹർറം’ മാസത്തിലാണ്.

ഈ ചരിത്ര സംഭവങ്ങളെ മുൻനിറുത്തി മുഹർറം മാസത്തിന്റെ / ആശുറാ നാളിന്റെ ഔന്നത്യം മഹത്തരമാണ്. വിശ്വാസിയുടെ വിജയവും അവിശ്വാസിയുടെ പരാജയവും അടയാളപ്പെട്ട ദിനം. വിശ്വാസിയുടെ അവസാനം വിജയവും അവിശ്വാസിയുടേത് പരാജയവുമാണെന്ന പാഠത്തിന് വേണ്ടി ഒരു ദിവസത്തെ നിർണയിച്ചു. ഇങ്ങനെയുള്ള ചരിത്രവിജയ/ സ്മരണീയ ദിവസങ്ങളോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത്?
അല്ലാഹുവിന്റെ നടപടി ക്രമങ്ങൾ നടന്ന ദിവസം ഓർക്കാൻ ഖുർആൻ കൽപ്പിക്കുന്നുണ്ട്. സ്മരണ തന്നെയാണ് വലിയ ഒരു പ്രതികരണം. അതിനു പുറമേ, മുഹർറം ഒൻപതിനും പത്തിനും നോമ്പെടുക്കാൻ പ്രവാചകർ (സ്വ)പ്രത്യേകം നിർദേശിച്ചിരുന്നു. മാസം മുഴുവൻ നോമ്പനുഷ്ഠിക്കാനും നിർദേശിച്ചതായി തിരുവചനങ്ങളിൽ കാണാം.

അല്ലാഹു നടപ്പാക്കിയ ജയ പരാജയങ്ങളുടെ നിയമം എല്ലാവർക്കും തുല്യമാണ്. നിയമ സമീപനങ്ങൾ പലതായിരുന്നുവെങ്കിൽ അതിൽ പാഠമുണ്ടാകുമായിരുന്നില്ല. അല്ലാഹുവിന്റെ നടപടികൾക്ക് ഒരു മാറ്റവുമില്ല. നല്ലതിനെ വളർത്തും, നല്ലതല്ലാത്തതിനെ ഒഴിവാക്കും, വിശ്വാസികൾക്ക് വിജയം, അവിശ്വാസികൾക്ക് പരാജയം, അക്രമിക്ക് ശിക്ഷ തുടങ്ങി സാർവത്രികമായ നിയമം. എല്ലാവരും ആ നിയമത്തിന് വിധേയപ്പെടണം. അല്ലാഹുവിന്റെ ചര്യയിൽ ഒരു മാറ്റവുമുണ്ടാകില്ല എന്ന പാഠമാണ് ഈ ദിവസങ്ങൾ ഉണർത്തുന്നത്. ഇതാണ് നാം ഉൾക്കൊള്ളേണ്ടതും. ആവർത്തിച്ചു വരുന്ന പവിത്ര ദിനങ്ങളുടെ ലക്ഷ്യം സഫലമാവുന്നത്, അല്ലാഹു നടപ്പാക്കിയ സുപ്രധാന സംഭവങ്ങളിൽ നിന്നും പാഠമുൾക്കൊള്ളുകയും അവയെ കുറിച്ച് ഉദ്ബുദ്ധമാവുകയും അവയിലൂടെ നാഥൻ കനിഞ്ഞരുളിയ അനുഗ്രഹവർഷങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കുമ്പോഴുമാണ്. മാനവചരിത്രത്തിലെ സുപ്രധാന സംഭവങ്ങളുടെ/ സമയങ്ങളുടെ പവിത്രത നിലയ്ക്കുന്നില്ല… രാപകലുകളുടെയും മാസ- വർഷങ്ങളുടെയും ആവർത്തനത്തിൽ ആ വിശുദ്ധിയും വഴിഞ്ഞൊഴുകുന്നു.

മുഖ്താർ റാസി

അവലംബങ്ങൾ 
• തഫ്സീറു റാസി
• ഉസ്താദ് ഇ എം എ ആരിഫ് ബുഖാരിയുടെ
ക്ലാസ് നോട്ട്സ്

You must be logged in to post a comment Login