ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് 1947-ൽ ഇന്ത്യ സ്വതന്ത്രമാകുന്നത് പലതരം മുറിവുകളിലേക്കാണ്. അതിലൊന്ന് വിഭജനത്തിന്റെ പാപഭാരം മുസ്‌ലിം സമുദായത്തിന്റെ മേൽ കെട്ടിവെക്കാൻ ശ്രമം നടന്നു എന്നതാണ്. പുതിയ രാജ്യത്തെ പ്രതിയുള്ള മുസ്‌ലിംലീഗ് നേതാക്കളുടെ പ്രസ്താവനകളും പ്രവർത്തനങ്ങളുമാണ് അങ്ങനെയൊരു കുറ്റം ചാർത്തപ്പെടാൻ മുസ്‌ലിം സമുദായം നിന്നുകൊടുക്കേണ്ടിവന്ന രാഷ്ട്രീയ സാഹചര്യം. ഇന്ത്യാവിഭജനത്തിന്റെ ഉത്തരവാദിത്വം അഖിലേന്ത്യാ ലീഗിന്റെയോ മുഹമ്മദലി ജിന്നയുടെയോ പിരടിയിൽ ചാർത്തുന്നതിൽ ചരിത്രപരമായി പിശകുണ്ട്. ചരിത്രത്തെ സത്യസന്ധമായി സമീപിച്ചാൽ വി ഡി സവർക്കറിൽ തുടങ്ങി ജവഹർലാൽ നെഹ്‌റുവിൽ അവസാനിപ്പിക്കേണ്ടിവരും വിഭജനവിചാരണ. സവർക്കറും നെഹ്‌റുവും ഐക്യപ്പെടുന്ന ഒരു രാഷ്ട്രീയ സന്ദർഭം പോലുമില്ല ചരിത്രത്തിൽ എന്ന തീർപ്പോട് കൂടിത്തന്നെയാണ് ഇത് പറയുന്നത്.
വിഭജനാനന്തര സ്വതന്ത്ര ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയവികാസ ചരിത്രത്തിൽ ഖാഇദെ മില്ലത്ത് ഇസ്മാഈൽ സാഹിബിന്റെ പങ്ക് സുവിദിതമാണ്. അഖിലേന്ത്യാ മുസ്‌ലിം ലീഗിൽ നിന്ന് വേറിട്ടൊരു അസ്തിത്വം സ്വതന്ത്ര ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയ സംഘാടനത്തിന് ഉണ്ടാകണമെന്ന അഭിലാഷത്തിന്റെ പൂർത്തീകരണമാണ് 1948 മാര്‍ച്ച് 10ന് മദിരാശിയിലെ രാജാജി ഹാളിൽ രൂപീകൃതമായ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്. 1947 ആഗസ്ത് 15 ന് ഇന്ത്യ സ്വതന്ത്രമാവുകയും പാകിസ്ഥാൻ എന്ന പേരിൽ പുതിയ രാജ്യം പിറക്കുകയും ചെയ്‌തുവെങ്കിലും അഖിലേന്ത്യാ മുസ്‌ലിം ലീഗിന്റെ അവസാന കൗൺസിൽ നടക്കുന്നത് ഡിസംബർ 13, 14 തീയതികളിലാണ്; കറാച്ചിയിൽ. ആ മീറ്റിംഗിൽ അന്ന് പാർട്ടിയുടെ ബാങ്ക് നിക്ഷേപമായി ഉണ്ടായിരുന്ന 40 ലക്ഷം രൂപയിൽ നിന്ന് ഇന്ത്യയിലെ മുസ്‌ലിം ലീഗിന് എത്ര വിഹിതം ആവശ്യമുണ്ടെന്ന് ചർച്ച ഉയരുമ്പോൾ ഒരു ചില്ലിക്കാശും ആവശ്യമില്ലെന്ന് നിലപാടെടുത്തു ഖാഇദെ മില്ലത്ത് ഇസ്മാഈൽ സാഹിബ്. “എന്തെങ്കിലും കഷ്ടനഷ്ടങ്ങൾ സംഭവിക്കുകയാണെങ്കിൽ അറിയിക്കാൻ മറക്കരുത്’ എന്ന, പാക് പ്രധാനമന്ത്രിയും അഖിലേന്ത്യാ ലീഗിന്റെ സമുന്നത നേതാവുമായിരുന്ന ലിയാഖത് അലിഖാന്റെ ഓഫർ നിരസിച്ചുകൊണ്ട് ഇസ്മാഈൽ സാഹിബ് പറയുന്ന മറുപടിയിതാണ്. “”നവാബ് സാഹിബ്; ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് എന്തു സംഭവിച്ചാലും അത് ഞങ്ങള്‍ കൈകാര്യം ചെയ്തുകൊള്ളും. നിങ്ങളുടെ സഹായം ആവശ്യമില്ല. ഞങ്ങളെ മറന്നേക്കുക. ഞങ്ങള്‍ വേറെ നിങ്ങള്‍ വേറെ”.
ഖാഇദേമില്ലത്തിന്റെ ആ ഇച്ഛാശക്തിയായിരുന്നു ഇന്ത്യൻ യുണിയൻ മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയമൂലധനം. പക്ഷേ ആ മൂലധനം ഉപയോഗിച്ചുമാത്രം പച്ചപിടിക്കാവുന്ന നില ആയിരുന്നില്ല ലീഗിനെ സംബന്ധിച്ചിടത്തോളം അക്കാലം. വെല്ലുവിളികൾ ഏറെയുണ്ടായിരുന്നു. കോൺഗ്രസ് പാർട്ടിയുടെയും നെഹ്‌റുവിനെപോലുള്ള അതികായരുടെയും എതിർപ്പിനെക്കൂടി മറികടന്നുകൊണ്ടാണ് ലീഗ് രാഷ്ട്രീയം ചുവടുറപ്പിക്കുന്നത്. മതേതരമായിരിക്കേ തന്നെ ആ പാർട്ടി മതാത്മകമാകുന്നുണ്ട്, രാഷ്ട്രീയം പറഞ്ഞുകൊണ്ടുതന്നെ ആത്മീയഭാവം പുൽകുന്നുണ്ട്. അടിത്തറ ഭദ്രമാക്കാനും വിശ്വാസി മുസ്‌ലിംകളെ കൂടെ നിർത്താനും മുസ്‌ലിം ലീഗിന് ഇങ്ങനെ മാറാതെ തരമില്ലായിരുന്നു. ഇസ്മാഈൽ സാഹിബിനെയും അബ്ദുറഹ്‍മാൻ ബാഫഖി തങ്ങളെയും പോലുള്ള നേതാക്കളുടെ വ്യക്തിവിശുദ്ധി ഉയർത്തിക്കാട്ടി മുസ്‌ലിം ലീഗിന്റെ മതാഭിമുഖ്യവും ആത്മീയനിലയും സമർഥിക്കപ്പെട്ടു അക്കാലത്തെ പാർട്ടിവേദികളിൽ.
***
1919-ൽ രൂപീകൃതമായ ദയൂബന്ദി പണ്ഡിതപ്രസ്ഥാനമാണ് ജംഇയത്തുൽ ഉലമായേ ഹിന്ദ്. പ്രമുഖ ഹദീസ് പണ്ഡിതൻ മൗലാനാ ഹുസൈന്‍ അഹ്മദ് മദനി (1879-1957) ആയിരുന്നു ആദ്യഅധ്യക്ഷൻ. ബ്രിട്ടീഷ്‌വിരുദ്ധ നിലപാടുകൾ ഉയർത്തിപ്പിടിച്ച സംഘം രാഷ്ട്രീയമായി ഇന്ത്യൻ നാഷണൽ കോൺഗ്രസിനോട് ചേർന്നുനിന്നു. ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം രാഷ്ട്രീയ സംഘാടനം അഖിലേന്ത്യ ലീഗ് ആയിരുന്നുവെങ്കിൽ ഉള്ളടക്കം കൊണ്ട് രണ്ടാം സ്ഥാനത്ത് ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് ആയിരുന്നു; രാഷ്ട്രീയപ്പാർട്ടി അല്ലാതിരിക്കേതന്നെ അവർ രാഷ്ട്രീയം പറയുകയും പ്രവർത്തിക്കുകയും ചെയ്തു എന്നതുകൊണ്ടാണ് ഈ വിശകലനം. കോൺഗ്രസിന് ദയൂബന്ദി പണ്ഡിതരുണ്ട്, തങ്ങളുടെ പണ്ഡിതപ്രതിനിധാനം ആര് എന്ന ചോദ്യം മുസ്‌ലിം ലീഗിന് അകത്തുനിന്നുതന്നെ ഉയരുന്നുണ്ട് ഒരു ഘട്ടത്തിൽ. ഉത്തരം തേടിയുള്ള സഞ്ചാരത്തിന്റെ ഒരവസരത്തിൽ അവർ ചെന്നുചേരുന്നത് അബുൽ അഅ്ലാ മൗദൂദിയിലാണ്. മൗദൂദി സാഹിബ് കോൺഗ്രസിനെതിരെ ശക്തമായ വിമർശം ഉന്നയിച്ചുതുടങ്ങിയ കാലമാണ്. കോൺഗ്രസ് മുസ്‌ലിംകളെ അവഗണിക്കുന്നു എന്ന വികാരം മൗദൂദിയും മുസ്‌ലിം ലീഗും ഒരേപോലെ പങ്കിട്ടിരുന്നത് ഇരുകൂട്ടർക്കും ഒത്തുനിൽക്കാനുള്ള അവസരമായിത്തീർന്നു. സയ്യിദ് മൗദൂദിയെ ഒപ്പം കിട്ടിയതിന്റെ സന്തോഷം ലീഗ് പ്രകടിപ്പിക്കുന്നത് പാർട്ടി സമ്മേളനങ്ങളിൽ അദ്ദേഹത്തിന്റെ” സിയാസി കശ്‌മകശ്’ വിതരണം ചെയ്തുകൊണ്ടാണ്. പക്ഷേ ജനാധിപത്യത്തോടും മതേതരത്വത്തോടുമുള്ള കടുത്ത വിരോധം മൂലം മുസ്‌ലിം ലീഗിന്റെ സഹയാത്രികനായി തുടരാൻ മൗദൂദി സാഹിബിനു കഴിഞ്ഞില്ല. മുഹമ്മദലി ജിന്ന ഉൾപ്പടെ മുസ്‌ലിം ലീഗ് നേതാക്കളുടെ ജനാധിപത്യബാന്ധവത്തിനെതിരെ അദ്ദേഹം രൂക്ഷമായിത്തന്നെ പ്രതികരിക്കുന്നതാണ് ശേഷഭാഗം. പിന്നീടാണ് അദ്ദേഹം ലാഹോറിൽ ജമാഅത്തെ ഇസ്‌ലാമി എന്ന സ്വന്തം പാർട്ടി പ്രഖ്യാപിക്കുന്നത്.
ഇന്ത്യ വിഭജിക്കപ്പെടുന്നതോടെ സയ്യിദ് മൗദൂദി പാകിസ്ഥാനിലേക്ക് മാറുന്നു. ഇന്ത്യയിൽ ജമാഅത്തെ ഇസ്‌ലാമി പുനഃസംഘടിപ്പിക്കപ്പെടുന്നു. മൗദൂദി സാഹിബിനെ തള്ളാതെയും അദ്ദേഹത്തിന്റെ നിലപാടുകളിൽ നിന്ന് വ്യതിചലിക്കാതെയുമാണ് ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമി പിറക്കുന്നത്. ജനാധിപത്യവുമായി എങ്ങനെ എൻഗേജ് ചെയ്യണം എന്ന കാര്യത്തിൽ ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമി അഭിമുഖീകരിച്ച പ്രതിസന്ധി രാഷ്ട്രീയമായി മാത്രം വിലയിരുത്തപ്പെടേണ്ടതല്ല. നിശ്ചയമായും അത് “ഇസ്‌ലാമികം’ തന്നെയായിരുന്നു. ജനാധിപത്യത്തെ ഇസ്‌ലാമികവിരുദ്ധമായ ആശയമായാണ് മൗദൂദി സാഹിബ് അവതരിപ്പിക്കുന്നത്. അതിനെ എങ്ങനെ ഇസ്‌ലാമികമാക്കി പരിഷ്കരിക്കാമെന്നതായിരുന്നു ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമി അനുഭവിച്ച ശരിയായ പ്രതിസന്ധി. ആ പ്രതിസന്ധി ഏറ്റവും ആഴത്തിൽ പ്രതിഫലിച്ചത് കേരളത്തിലായിരുന്നു.
രണ്ടു കാരണങ്ങളാൽ കേരളത്തിന്റെ രാഷ്ട്രീയമണ്ഡലം സവിശേഷമാണ്. ഒന്നാമതായി, ഇടതുരാഷ്ട്രീയത്തിന് ഇന്ത്യയിൽ മറ്റെവിടെയുമില്ലാത്ത മേൽക്കൈ 1957 ൽ തന്നെ കൈവന്ന സംസ്ഥാനമാണ് കേരളം. ആ മേൽക്കൈ ഇപ്പോഴും തുടരുന്നു. രണ്ടാമതായി, മുസ്‌ലിം രാഷ്ട്രീയത്തിന് ആഴത്തിൽ വേരുകളുണ്ടിവിടെ. വേറെയും സംസ്ഥാനങ്ങളിൽ മുസ്‌ലിം ലീഗിന് രാഷ്ട്രീയസ്വാധീനം ഉണ്ടായിരുന്നുവെങ്കിലും അത് നിലനിർത്താനായില്ല. 1970 കളുടെ തുടക്കത്തിൽ പശ്ചിമ ബംഗാളിൽ ഏഴു എം എൽ എമാരുണ്ടായിരുന്ന പാർട്ടിയാണ് മുസ്‌ലിം ലീഗ്. ഇപ്പോൾ ആ പാർട്ടി കേരളത്തിൽ മാത്രമാണ് സ്വാധീനശക്തി എന്നുപറയാവുന്നത്. കേരളത്തിൽ ഒറ്റയ്ക്ക് നിന്ന് മത്സരിച്ചാലും ജയിക്കാൻ കഴിയുന്ന ആൾബലം മുസ്‌ലിം ലീഗിനുണ്ട്. ആ ജനാടിത്തറ പതിയെ ദുർബലപ്പെടുന്നു എന്ന പരാമർഥവും കാണാതിരുന്നുകൂടാ.
ഇടതുപക്ഷവും മുസ്‌ലിം ലീഗും വേരുകളിറക്കിയ ഒരു സംസ്ഥാനത്ത് പിറവിയിലേ രാഷ്ട്രീയസ്വഭാവമുള്ള ജമാഅത്തെ ഇസ്‌ലാമിക്ക് “പെഴച്ചുപോകൽ’ അത്ര എളുപ്പമായിരുന്നില്ല. സാമുദായികമായി അതിനു മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. കേരളത്തിലെ മുസ്‌ലിംകളിൽ മഹാഭൂരിപക്ഷം സുന്നിവിശ്വാസികളാണ്. അവർ പണ്ഡിതനേതൃത്വത്തിനു കീഴിൽ സംഘടിതരുമാണ്. മുസ്‌ലിം ലീഗുമായും അവരുൾപ്പെട്ട മുന്നണിയുമായും, എന്തിനധികം ഇടതുപക്ഷവുമായിട്ട് തന്നെയും തിരഞ്ഞെടുപ്പ് കാലങ്ങളിൽ നേരിട്ടും അല്ലാതെയും ജമാഅത്തുകാർ കൈകൊടുത്ത് ചങ്ങാത്തം കൂടുന്ന കാലത്തും സയ്യിദ് മൗദൂദിക്കും അദ്ദേഹത്തിന്റെ ആശയങ്ങൾക്കുമെതിരെ കലർപ്പില്ലാത്ത കാർക്കശ്യം പുലർത്തിയിരുന്നു സുന്നി ഉലമ. പത്രവും പരിവാരവുമായി സാംസ്‌കാരിക ഇടത്തിൽ ജമാഅത്ത് ചുവടുറപ്പിച്ചപ്പോഴും സാമുദായിക സമവാക്യങ്ങളെ ചെറുതായെങ്കിലും മാറ്റിമറിക്കാൻ അവർക്ക് കഴിയാതെപോയത് ആ കാർക്കശ്യത്തിന്റെ ഫലശ്രുതി ആണ്.
സാമുദായികമായി എത്തിപ്പിടിക്കാൻ കഴിയാതെ പോയ വളർച്ച രാഷ്ട്രീയമായി സാധ്യമോ എന്ന പരീക്ഷണമാണ് ജമാഅത്തെ ഇസ്‌ലാമി പിന്നീട് നടത്തിയത്. സമുദായ രാഷ്ട്രീയത്തിലും മതസംഘാടനങ്ങളിലും ഇടപെടുകയായിരുന്നു അവർ കണ്ട പോംവഴി. മുസ്‌ലിംലീഗ് നിലപാടുകളുടെ സംരക്ഷകരായും വിമർശകരായും ജമാഅത്തെ ഇസ്‌ലാമി വേഷപ്പെട്ട സന്ദർഭങ്ങളുണ്ട്. ഇടതുപക്ഷത്തിന് വോട്ടു കൊടുത്ത കാലത്തടക്കം ലീഗിനെ ഉപദേശിച്ചും ഗുണദോഷിച്ചും ചിലപ്പോഴൊക്കെ ശകാരിച്ചും “വഴിനടത്താൻ’ ജമാഅത്തെ ഇസ്‌ലാമി എത്രയോ സമയവും മഷിയും വ്യയം ചെയ്തിട്ടുണ്ട്. ഇബ്രാഹീം സുലൈമാൻ സേട്ടിന്റെ മുസ്‌ലിം ലീഗുമായുള്ള ബാബരിയാനന്തര ബന്ധവിച്ഛേദനത്തിനു ശേഷം ഐ എൻ എല്ലിന്റെയും സേട്ട് സാഹിബിന്റെയും പ്രൊമോഷൻ വർക്ക് ഏറെക്കാലം നടത്തിയത് ജമാഅത്തെ ഇസ്‌ലാമിയും മാധ്യമം പത്രവുമായിരുന്നു. സമുദായരാഷ്ട്രീയത്തിലെ ഏതു വഴിത്തിരിവുകളിലും സൃഗാലദൃഷ്ടിയുമായി പതിയിരിപ്പുണ്ടാകും ജമാഅത്തെ ഇസ്‌ലാമി. ഇപ്പോൾ ഐ എൻ എല്ലിൽ ഉണ്ടായ പിളർപ്പിൽ ജമാഅത്തെ ഇസ്‌ലാമിയുടെ ഭാഗധേയത്വം വെളിപ്പെടാനിരിക്കുന്നു!
ഒളിസൗഹൃദങ്ങളാണ് ജമാഅത്തെ ഇസ്‌ലാമി കേരളത്തിൽ കാലുറപ്പിച്ചുനിൽക്കാൻ കണ്ടെത്തിയ മറ്റൊരുപായം. രാഷ്ട്രീയത്തിൽ മാത്രമായിരുന്നു മുമ്പ് അങ്ങനെ സംഭവിച്ചിരുന്നത്. ഇപ്പോഴത് മതകൂട്ടായ്മകളിലേക്കും വികാസപ്പെട്ടിരിക്കുന്നു. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഏറ്റവും ശക്തമായ നിലയെടുത്ത സുന്നിമുസ്‌ലിംകളിൽ ചിലർ തന്നെ അവരെ കൂട്ടിനു വിളിക്കുന്നിടത്തേക്ക് ആ ബന്ധം ദൃഢപ്പെട്ടിരിക്കുന്നു. മലപ്പുറം ജില്ലയിലെ ചെമ്മാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസസ്ഥാപനത്തിൽ നിന്ന് പുറത്തിറങ്ങുന്ന മാസിക മുസ്‌ലിം സാമുദായിക രാഷ്ട്രീയത്തെ പ്രമേയമാക്കിയ വിശേഷാൽ പതിപ്പിലെ എഴുത്തുകാരെ ശ്രദ്ധിച്ചാൽ ഇക്കാര്യം ബോധ്യമാകും. പൊളിറ്റിക്കൽ ഇസ്‌ലാമിന് ന്യായം ചമയ്ക്കുന്നവരും ജമാഅത്തെ ഇസ്‌ലാമിയുടെ “മാധ്യമ’ മുഖവുമൊക്കെ സുന്നി പ്രസിദ്ധീകരണത്തിന്റെ ആലോചനക്കാരും ആവേശവുമായി മാറുന്നതെങ്ങനെ എന്ന് ആത്മപരിശോധന നടത്താൻ മേൽപ്രസിദ്ധീകരണത്തിന്റെയും സ്ഥാപനത്തിന്റെയും അധികൃതർക്ക് സാധിക്കേണ്ടതാണ്.
സത്യത്തോട് ഐക്യപ്പെടാത്ത ആഖ്യാനങ്ങൾ ജമാഅത്ത് കേന്ദ്രങ്ങളിൽ നിന്ന് പുറപ്പെടുന്നതിൽ പുതുമയൊന്നുമില്ല. പക്ഷേ അതിന് ഒരു സുന്നി പ്രസിദ്ധീകരണത്തിന്റെ താളുകൾ വിട്ടുകൊടുക്കുന്നു എന്നത് പുതിയ സൗഹൃദത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടിയുള്ള മനഃപൂർവമായ വിട്ടുവീഴ്ചയാണ് എന്നുതന്നെ പറയേണ്ടിവരും. കേരളത്തിലെ ഇടതുപക്ഷരാഷ്ട്രീയവുമായി സംവാദാത്മകമായ ബന്ധം രൂപപ്പെടുത്തി എന്ന കാരണത്താൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെയും വിദ്യാർഥി സംഘടനയായ എസ് എസ് എഫിനെയും സമുദായത്തിലെ കമ്മ്യൂണിസ്റ്റുവത്കരണത്തിനുള്ള കാരണക്കാരായി ചിത്രീകരിക്കുമ്പോൾ പ്രസിദ്ധീകരണം പുറത്തിറക്കുന്ന പ്രസ്ഥാനത്തിന്റെ കയ്യടി കിട്ടുമായിരിക്കും. അതുകൊണ്ടെന്താണ്? നുണ സത്യമാകില്ലല്ലോ. മുസ്‌ലിംസംഘടനകൾ ഒന്നാകെ മുസ്‌ലിം ലീഗിന്റെ വിറകുവെട്ടാൻ പോകണമെന്നാണോ ഉദ്ദേശിക്കുന്നത്? അല്ലെങ്കിൽ മുസ്‌ലിം ലീഗിന്റെ എതിർചേരിയിൽ നിൽക്കുന്ന രാഷ്ട്രീയകക്ഷികളോട് മുസ്്ലിം സംഘടനകൾ മിണ്ടിക്കൂടാ എന്നാണോ? ജമാഅത്ത് ജിഹ്വകളും നേതാക്കളും സിപിഎമ്മിന് വേണ്ടി വോട്ട് ചോദിച്ച/ എഴുതിയ/ പ്രസംഗിച്ച ഭൂതകാലം അതിവിദൂരമല്ലല്ലോ. അന്നൊന്നുമില്ലാത്ത എന്ത് കമ്മ്യൂണിസ്റ്റു വത്കരണമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്? ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‌ലാമി പിന്തുണച്ച മുസ്‌ലിം ലീഗ് മുന്നണിക്ക് അധികാരത്തിലേറാൻ കഴിയാത്തതിന്റെ ചൊരുക്ക് എഴുതിത്തീർക്കുകയാണ് ചിലർ. അധികാരത്തുടർച്ചയ്ക്ക് ഇടതുപക്ഷത്തിന് സഹായകമായ നിലപാട് എടുത്തു എന്നതിന്റെ പേരിൽ സുന്നിപ്രസ്ഥാനത്തെ ഭർത്സിക്കേണ്ടത് മുസ്‌ലിം ലീഗിനെ സന്തോഷിപ്പിക്കാൻ ചിലർക്കെങ്കിലും ആവശ്യമായിരിക്കാം, അതവരുടെ രാഷ്ട്രീയദുരവസ്ഥയാണ്. അധികാരത്തിന്റെ പലതരം ആസ്വാദ്യതകളിൽ നിന്ന് അകറ്റിനിർത്തപ്പെട്ട തുല്യദുഃഖിതരുടെ കണ്ണീരാണ് ഡൽഹിയിൽ നിന്ന് വെള്ളിമാടുകുന്നിലൂടെ ചെമ്മാട്ടേക്ക് ഒഴുകിപ്പരക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ എല്ലാം മറന്നുകൊണ്ടൊന്നാലിംഗനം ചെയ്യാനുള്ള സ്വാതന്ത്ര്യം അവർക്ക് വകവെച്ചു കൊടുക്കേണ്ടതാണ്. പക്ഷേ, തണുപ്പ് മാറ്റാനെന്ന വ്യാജേന കൂടാരത്തിലേക്ക് വിരുന്നെത്തുന്ന ഒട്ടകങ്ങളുടെ ഉള്ളിലിരുപ്പ് ഇനിയും മനസിലായിട്ടില്ലാത്ത ചിലർ സുന്നിമുസ്‌ലിംകളിലുണ്ട് എന്നത് വലിയ സമസ്യ തന്നെയാണ്.
കഠിനമായി കുടഞ്ഞെറിഞ്ഞാലും തെറിച്ചുപോകാത്തവിധം മുസ്‌ലിം രാഷ്ട്രീയ ശരീരത്തിൽ ജമാഅത്തെ ഇസ്‌ലാമി അള്ളിപ്പിടിച്ചുകഴിഞ്ഞു. പുറമെ തള്ളിപ്പറയുമ്പോഴും അകമേ ജമാഅത്ത് താല്പര്യങ്ങളെ വരിക്കേണ്ടിവരുന്ന നിസ്സഹായതയുടെ നടുക്കടലിലാണ് മുസ്‌ലിം ലീഗ്. പാർട്ടി നേതാക്കളുടെ പ്രസ്താവനകളിൽ, പ്രവർത്തനങ്ങളിൽ അത് പ്രകടമാണ്. ജമാഅത്തിനെതിരെ കടുത്ത വിമർശങ്ങൾ പങ്കിട്ടിരുന്ന കെ എം ഷാജി പോലും ഇപ്പോൾ എത്ര മൃദുവായാണ് വാക്കുകൾ ഉപയോഗിക്കുന്നത്! ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ മുസ്‌ലിം ലീഗ് മുൻകയ്യെടുത്ത് സ്ഥാപിച്ച സച്ചാർ സംരക്ഷണ സമിതിയിൽ ജമാഅത്തിനെ കസേരയിട്ട് സാമുദായിക മുഖ്യധാരയിലേക്ക് കൈപിടിക്കുമ്പോൾ പാർട്ടിയിൽ നിന്ന് മറുത്തൊരു ശബ്ദം പോലുമുണ്ടാകുന്നില്ല, “മായം കലരാത്ത പരിശുദ്ധ നെയ്യി’ന്റെ പോരിശകൾ പറഞ്ഞിട്ടും പറഞ്ഞിട്ടും മതിവരാത്ത മനോനിലയിലേക്ക് ലീഗ് നേതാക്കളെ പാകപ്പെടുത്തിയെടുക്കാൻ ജമാഅത്തിനു സാധിച്ചു. പത്രത്തിന്റെയും ചാനലിന്റെയും കൈകാര്യകർതൃത്വത്തിലൂടെ ജമാഅത്തിനു കൈവന്ന മേൽക്കോയ്മയുടെ മുമ്പിൽ ലീഗ് നേതാക്കൾ മുഖം കുത്തിവീണു എന്നതാണ് യാഥാർത്ഥ്യം.
മുസ്‌ലിം ലീഗിനോട് ചേർന്നുനിൽക്കുന്ന സുന്നി സംഘടനയെ കാന്തപുരം വിരോധമെന്ന വാരിക്കുഴി ഒരുക്കിയാണ് ജമാഅത്തെ ഇസ്‌ലാമി വീഴ്ത്തിയിരിക്കുന്നത്. തിരുകേശ വിവാദകാലം ഓർക്കുക. ഇരുവിഭാഗം സുന്നികൾക്കിടയിൽ കാലങ്ങളായി നിലനിൽക്കുന്ന, അതേസമയം കാലുഷ്യങ്ങളിൽ വലിയ അയവുവന്ന ഒരുകാലത്ത് തിരുകേശം പ്രശ്നവത്കരിച്ച് ആദ്യം രംഗത്തെത്തുന്നത് “മാധ്യമം’ കാലത്തിനുശേഷവും ജമാഅത് സഹയാത്രികനായി തുടരുന്ന ഒ അബ്ദുള്ള ആയിരുന്നു. അതിനുവേണ്ടി തിരഞ്ഞെടുത്തത് പോപുലർഫ്രണ്ടിന്റെ പത്രത്തെയും. പിറകെ ജമാഅത്ത് കേന്ദ്രങ്ങൾ വിവാദം ഊതിക്കത്തിച്ചു. സിനിമയും ഫുട്ബോളുമായി കാലംകഴിച്ചിരുന്ന ജമാഅത്തിന്റെ യുവജനവിഭാഗം തന്നെ “കാന്തപുരത്തിന്റെ ആത്മീയകച്ചവട’ത്തിനെതിരെ രംഗത്തുവന്നു. ജമാഅത് വാദികൾ കാന്തപുരം ഉസ്താദിനെ ചിത്രവധം നടത്താൻ കിട്ടിയ അവസരം “നന്നായി’ ഉപയോഗിച്ചു. മാധ്യമവും പ്രബോധനവും കുളം കലക്കി. ആ കലക്കുവെള്ളത്തിൽ നിന്ന് മീൻ കിട്ടിയേക്കും എന്ന മിഥ്യാധാരണയിൽ കുളത്തിലിറങ്ങിയതാണ് ലീഗിനോട് ചേർന്നുനിൽക്കുന്ന സുന്നിവിഭാഗം. ജമാഅത്തെ ഇസ്‌ലാമി അവരെ മോഹിപ്പിച്ച് കുളത്തിലിറക്കി എന്നും പറയാവുന്നതാണ്. ഇത്തരം സന്ദർഭങ്ങളിൽ ജമാഅത്തിന് നഷ്ടപ്പെടാൻ ഒന്നുമില്ല. ലഭിക്കുന്നതോ ചില “മുന്തിയ’ സൗഹൃദങ്ങൾ. അന്നിറങ്ങിയ കുളത്തിൽ നിന്ന് ഇന്നും കരകയറിയിട്ടില്ല, കരകയറാൻ കഴിയുന്നില്ല ആ സുന്നിവിഭാഗത്തിലെ ചിലർക്കെങ്കിലും. ജിഫ്‌രി തങ്ങളോ കുഞ്ഞാലിക്കുട്ടിയോ എന്നൊരു തിരഞ്ഞെടുപ്പ് വേണ്ടിവന്നാൽ നിശ്ചയമായും രണ്ടാമത്തെ ഉത്തരത്തിലേ എത്തിച്ചേരൂ ഇക്കൂട്ടർ. ആ രാഷ്ട്രീയാനുരാഗമാണ് ജമാഅത്തിലേക്കുള്ള സഞ്ചാരപാതയായി മാറിയത് എന്നുതന്നെ അനുമാനിക്കണം.
നടേ പരാമർശിച്ച വിശേഷാൽ പതിപ്പ് തന്നെയും ചില ജമാഅത്ത് വിമർശങ്ങൾ ഉയർത്തുന്നുണ്ട് എന്ന വസ്തുത മറന്നുകൊണ്ടല്ല ഇത്രയുമെഴുതിയത്. മൗദൂദിയൻ ആശയധാരക്കൊപ്പം സഞ്ചരിക്കുന്നവർക്ക് സുന്നിഇടങ്ങളിലേക്ക് കയറിനിൽക്കാനുള്ള അവസരം നൽകുന്നത് ഏത് സവിശേഷമായ ആലോചനകളുടെയും ആകുലതകളുടെയും പേരിലാണെങ്കിലും അത് സമുദായഗാത്രത്തിൽ ജമാഅത്തിനു സ്വീകാര്യത ഉണ്ടാക്കിക്കൊടുക്കുന്ന അവിവേകമാണ് എന്ന് പറയാതെവയ്യ.
സമുദായ ഐക്യത്തിന്റെ പേരിൽ ജമാഅത്തെ ഇസ്‌ലാമിയെ വെളുപ്പിച്ചെടുക്കാനുള്ള ശ്രമങ്ങൾ കുറച്ചുകാലമായി സമൂഹമാധ്യമങ്ങളിലും മറ്റും നടക്കുന്നുണ്ട്. ജമാഅത്തെ ഇസ്‌ലാമി കേരളത്തിൽ അതിക്രമങ്ങളൊന്നും നടത്തിയിട്ടില്ലല്ലോ എന്ന ന്യായമാണ് മുഖ്യമായും ഉന്നയിക്കപ്പെടുന്നത്. എന്തുകൊണ്ട് അക്രമങ്ങളിലേക്ക് അവർ മുന്നിട്ടില്ല എന്നറിയണമെങ്കിൽ പ്രബോധനം വാരികയുടെ പഴയ ലക്കങ്ങൾ തപ്പിയാൽ മതി. ഒരു ഉദാഹരണം ചൂണ്ടിക്കാട്ടാം.
ചോദ്യം: “ഈജിപ്തിൽ അൻസാറുസ്സുന്നത്തിൽ മുഹമ്മദിയ്യ എന്ന ഒരു സംഘടന നിലവിലുണ്ടോ? ആ സംഘടന കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ അതേ പകർപ്പാണെന്ന് ചിലർ പറയുന്നത് ശരിയാണോ? അവിടെയും കെട്ടിപ്പൊക്കിയ ഖബറുകൾ തച്ചുടച്ച ശേഷം ഇസ്‌ലാമിക ഭരണം മതി എന്നാണോ അവർ വാദിക്കുന്നത്?’
ഉത്തരം: “ശിർക്ക് – ബിദ്അത്തുകളെ എതിർക്കുകയും സുന്നത്തിനെ പ്രചരിപ്പിക്കുകയും ചെയ്യുന്ന സലഫീ സംഘടനകൾ ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. അതിലൊന്നാണ് ഈജിപ്തിലെ അൻസാറുസ്സുന്നത്തിൽ മുഹമ്മദിയ്യ. അന്ധവിശ്വാസങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നതോടൊപ്പം ഈജിപ്തിൽ യഥാർത്ഥ ഇസ്‌ലാമിക ഭരണം സ്ഥാപിതമാവണമെന്നത് കൂടി ആ സംഘടനയുടെ ആവശ്യമാണെന്ന് അതിന്റെ മുഖപത്രമായ അത്തൗഹീദിലെ ലേഖനങ്ങൾ വ്യക്തമാക്കുന്നു. കെട്ടിപ്പൊക്കിയ ഖബ്റുകൾ നിരപ്പാക്കാനും വേണമല്ലോ അധികാരശക്തി. അതില്ലാതെ നിരപ്പാക്കാൻ ചെന്നാൽ സ്വയം ഖബറിനുള്ളിൽ പോവേണ്ട ഗതികേടുണ്ടാവും’.
ചോദ്യവും ഉത്തരവും പ്രബോധനത്തിൽ നിന്നാണ് – ലക്കം 1983 ഫിബ്രവരി 19.
എന്തുകൊണ്ട് ഇന്ത്യൻ ജമാഅത് ബലപ്രയോഗത്തിന് മുതിർന്നില്ല എന്ന ചോദ്യത്തിനുള്ള മറുപടിയാണ് മുകളിൽ വായിച്ചത്. അധികാരം കയ്യിലില്ല. അതില്ലാതെ തകർക്കാനിറങ്ങിയാൽ സ്വയം ഖബറിനുള്ളിൽ പോവേണ്ട ഗതികേട് ഉണ്ടാകും. അത് ജമാഅത്തുകാർ ആഗ്രഹിക്കുന്നില്ല. അധികാരം കിട്ടിയാൽ അവർ എന്തൊക്കെ ചെയ്യും എന്ന് മനസിലാക്കാനും മേലുദ്ധരിച്ച ഉത്തരം മതിയാകും. കെട്ടിപ്പൊക്കിയ ഖബറുകൾ ഇടിച്ചുനിരപ്പാക്കുന്നത് ശിർക്ക്-ബിദ്‌അത്തുകളെ എതിർക്കുന്നതിന്റെ ഭാഗമാണ് എന്ന സലഫിവിശ്വാസം തന്നെയാണ് ജമാഅത്തെ ഇസ്‌ലാമി പങ്കിടുന്നത്. “യഥാർത്ഥ ഇസ്‌ലാമിക ഭരണം’ സ്ഥാപിതമാവുന്നതിന്റെ മുന്നുപാധികളിലൊന്നായി ഇവരെല്ലാം കാണുന്നത് സ്വന്തം വിശ്വാസത്തിന്റെ ഭാഗമായി സുന്നി മുസ്‌ലിംകൾ കെട്ടിപ്പൊക്കിയ സൂഫികൾ ഉൾപ്പടെയുള്ള ആധ്യാത്മിക പ്രമുഖരുടെ ഖബറുകൾ മണ്ണോട് മണ്ണ് ചേർക്കലാണ്. അങ്ങനെയൊരു വിചാരധാരയോട് ഐക്യപ്പെടുന്ന ഏത് സന്ദർഭവും നിസ്സന്ദേഹം നിരസിക്കപ്പെടണം എന്നത് സുന്നിസമൂഹത്തിന്റെ ഭാഗമായി നിൽക്കുന്നവരെ പിന്നെയും പിന്നെയും ഓർമിപ്പിക്കേണ്ടിവരുന്നത് വല്ലാത്ത സങ്കടം തന്നെയാണ്!
തൻവീർ ഇജാസ്
You must be logged in to post a comment Login