അരോഗമാണോ നിങ്ങളുടെ മനസ്സ് ?

അരോഗമാണോ നിങ്ങളുടെ മനസ്സ് ?

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ എന്ന ചൊല്ല് മലയാളിക്ക് സുപരിചിതമാണ്. അതിനുതകുന്ന തരത്തിലാണ് ഇന്നോളം മലയാളി ജീവിച്ചു പോന്നതും. സമീപകാലത്ത് സംഭവിച്ച ചില ശ്രദ്ധേയമായ മാറ്റങ്ങള്‍ മലയാളിയുടെ മാനസികാരോഗ്യ നിലവാരത്തെക്കുറിച്ച് സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നു. 2020 -ലെ കണക്കുകള്‍ പ്രകാരം ശാരീരിക ആരോഗ്യ തോതില്‍ ഇന്ത്യയില്‍ ഒന്നാമത് നില്‍ക്കുന്ന കേരളം, മാനസികാരോഗ്യത്തിനും സമാന പ്രാധാന്യം നല്‍കുന്നുണ്ടോ എന്ന് സംശയമാണ്. ദിനംപ്രതി അധികരിക്കുന്ന ആത്മഹത്യ, ശിഥിലമാകുന്ന വൈവാഹിക ബന്ധങ്ങള്‍, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അമിതമായ ഉപഭോഗം, നികൃഷ്ടമായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തുടങ്ങി സമൂഹത്തില്‍ അരുതാത്തതായി ഗണിക്കപ്പെടുന്ന ഓരോ പ്രവൃത്തികളിലെയും കണക്കെടുത്താല്‍ തന്നെ മലയാളി അനുഭവിക്കുന്ന മാനസികാരോഗ്യത്തകര്‍ച്ചയുടെ ദയനീയ ചിത്രം മനസിലാക്കാവുന്നതാണ്. മാറുന്ന സാമൂഹിക ചുറ്റുപാടുകളുമായുള്ള നിരുപാധികമായ ഇണക്കം മലയാളിയുടെ മാനസികാവസ്ഥയെ ആഴത്തില്‍ ബാധിക്കുന്നുണ്ട്. വിഷാദരോഗങ്ങള്‍, ആത്മഹത്യ, പ്രേമനൈരാശ്യം മൂലമുണ്ടാകുന്ന കൊലപാതകങ്ങള്‍, സൈബര്‍ ഇടങ്ങളില്‍ നേരിട്ടുകൊണ്ടിരിക്കുന്ന അക്രമങ്ങള്‍ എന്നിവ പുതിയകാല കേരളത്തിലെ നിത്യാനുഭവങ്ങളാണ്. പ്രാഥമികവിദ്യാഭ്യാസത്തിലും ഉന്നത വിദ്യാഭ്യാസത്തിലും കോടികള്‍ ചെലവഴിച്ച് സാക്ഷരത കൈവരിക്കുമ്പോഴും സമചിത്തതയോടെ ഇത്തരം പ്രശ്‌നങ്ങളെ നേരിടാനുള്ള മുന്നൊരുക്കങ്ങളോ, ശാസ്ത്രീയമായ പരിഹാര നടപടികളോ സ്വീകരിക്കുന്നതില്‍ സംഭവിക്കുന്ന അലംഭാവം കൗമാരക്കാരില്‍ വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്.

അപരനോടും സ്വന്തത്തോടും തുല്യമായ അളവില്‍ സ്‌നേഹം പ്രകടിപ്പിക്കാന്‍ കഴിവുള്ളവരും ഒരുവേള അമിതമായ ശുഭാപ്തി വിശ്വാസം വച്ച് പുലര്‍ത്തുന്നവരുമാണ് പൊതുവേ മലയാളികള്‍. പക്ഷേ, ഈ കഴിവ് ചിലപ്പോഴെങ്കിലും വലിയ വിപത്തായി ഭവിക്കാറുമുണ്ട്. കേരളത്തില്‍ അധികരിച്ചുവരുന്ന ആത്മഹത്യകള്‍ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. ഒന്നോ രണ്ടോ തവണ മാത്രം കണ്ടുമുട്ടിയ കമിതാവിനോടൊപ്പം അവര്‍ വിളിക്കുന്നിടത്തേക്ക് പോകാനുള്ള ധൈര്യം പകര്‍ന്നുനല്‍കുന്നത് സ്‌നേഹത്തിനിടയിലെ സംശയങ്ങളെ മായ്ച്ചുകളയുന്ന ശുഭാപ്തി വിശ്വാസം തന്നെയാണ്. പുതുതലമുറക്ക് ജീവിതത്തെ ക്കുറിച്ച് നിലനില്‍ക്കുന്ന സങ്കുചിതമായ കാഴ്ചപ്പാട് സാരമായ കാരണങ്ങളൊന്നുമില്ലാതെ തന്നെ ജീവന്‍ അവസാനിപ്പിക്കാനുള്ള തീരുമാനത്തെ അംഗീകരിക്കാന്‍ പ്രേരിപ്പിക്കുന്നു.

അമിതമായി സ്‌നേഹിക്കുന്ന ഒരു വസ്തു പൊടുന്നനെ നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന അനിയന്ത്രിതമായ വിഷാദവും രോഷവും മൂലം സ്വന്തത്തോടുണ്ടാകുന്ന തീവ്രഅമര്‍ഷമാണ് ആത്മഹത്യയിലൂടെ പ്രകടമാകുന്നതെന്ന് സൈക്കോഅനലിസ്റ്റ് ആയ റോസന്‍ ഫെല്‍ഡ് തന്റെ സൈക്കോട്ടിക് സ്റ്റേറ്റ്‌സ് എന്ന പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. ഇതിനെ സാധൂകരിക്കുന്നതിനായി അദ്ദേഹം കൊണ്ടുവരുന്ന ഉദാഹരണങ്ങളില്‍ പലതും സമീപകാലത്തെ കേരളീയ സാമൂഹിക അവസ്ഥയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവയാണ്. കൂടാതെ പ്രശസ്ത മാനവ വിശ്ലേഷകന്‍ സിഗ്മണ്ട് ഫ്രോയ്ഡ് 1917- ല്‍ പൂര്‍ത്തിയാക്കിയ വിലാപവും വിഷാദ രോഗവും (MOURNING AND MELANCHOLIA) എന്ന പുസ്തകത്തില്‍ വെറുപ്പും സ്‌നേഹവും തമ്മിലുള്ള പരസ്പരബന്ധത്തിന്റെ പശ്ചാത്തലത്തില്‍ ആത്മഹത്യ ചെയ്യുന്നവരുടെ മനോവിചാരങ്ങളെ വിശകലനവിധേയമാക്കുന്നുണ്ട്. നിന്ദ, വിദ്വേഷം, ഭയം, ദേഷ്യം, കുറ്റബോധം തുടങ്ങി ഏഴു വികാരങ്ങളിലൂടെയാണ് ആത്മഹത്യക്കു മുമ്പായി ഒരു വ്യക്തി സഞ്ചരിക്കുന്നത്. സ്‌നേഹത്തിന്റെ മറുപുറം വിദ്വേഷമാണെന്നും ഒരേസമയം ഒരേ അളവില്‍ സ്‌നേഹവും വിദ്വേഷവും ഒരേ വസ്തുവിനോട് തോന്നാമെന്നുമുള്ള വസ്തുത മനുഷ്യരില്‍ കാണുന്ന വിഷാദത്തിന് ഒരു പരിധി വരെ കാരണമാകുന്നുണ്ട്.

അരങ്ങു തകര്‍ക്കുന്ന ആത്മഹത്യകള്‍
ഒറ്റപ്പെട്ട കേവല കൃത്യങ്ങളില്‍ നിന്ന് മാറി ആത്മഹത്യ വലിയ സാമൂഹികവിപത്തായി രൂപാന്തരപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ പ്രതിബദ്ധതയോടെയും കാഴ്ചപ്പാടോടെയും ജീവിക്കേണ്ട യുവസമൂഹത്തില്‍ വ്യാപകമാകുന്ന ആത്മാഹുതികളോട് തെല്ലൊരു ആധിയോടെ മാത്രമേ സംവദിക്കാനാകൂ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ സംഭവിക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം ഒന്‍പതിനായിരത്തോളം ആത്മഹത്യാകേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കുടുംബ-ദാമ്പത്യ പ്രശ്‌നങ്ങളിലുണ്ടായ വര്‍ധന, സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍, തൊഴിലില്ലായ്മ, കടബാധ്യത, ദൃശ്യമാധ്യമങ്ങളിലെ ആത്മഹത്യകളുടെ പ്രദര്‍ശനം എന്നിവ ഈ പ്രവണതക്ക് ആക്കം കൂട്ടുന്നു. മലയാളികള്‍ക്കിടയിലെ 32% ആത്മഹത്യാകേസുകള്‍ക്കും നിദാനമാകുന്നത് കുടുംബ-ദാമ്പത്യ പ്രശ്‌നങ്ങളാണ്. സ്‌നേഹവും സഹനവും മറന്ന് അമ്പേ പരാജയമായി മാറുന്ന കുടുംബങ്ങള്‍ ഗുണവത്തായ സാമൂഹിക നിര്‍മിതിയെ തന്നെ ശിഥിലമാക്കുന്നുണ്ട്. പ്രണയ വിവാഹത്തിനുശേഷം പിരിയുന്നവരാണ് കണക്കില്‍ കൂടുതല്‍. കേവലം മാസങ്ങള്‍ മാത്രം ആയുസ്സുള്ള ദാമ്പത്യങ്ങളുടെ എണ്ണം കേരളത്തില്‍ കൂടി വരികയാണ്. അവസരം മുതലെടുത്ത് പ്രശ്‌ന പരിഹാരങ്ങള്‍ ചുട്ടെടുത്തു നല്‍കുന്ന വ്യാജ മാനസിക ആരോഗ്യകേന്ദ്രങ്ങളും സിദ്ധന്മാരും ആള്‍ദൈവങ്ങളും രംഗത്തുവരുന്നു.

NCRB പുതിയ കണക്കുകള്‍ പ്രകാരം കേരളത്തില്‍ നടക്കുന്ന ആത്മഹത്യകളില്‍ 17 ശതമാനവും സെക്കന്ററി വിദ്യാഭ്യാസമുള്ളവരാണ്. ഇതോടൊപ്പംതന്നെ ചേര്‍ത്തുവായിക്കേണ്ടതാണ് കേരളത്തിലെ കൗമാരക്കാരായ യുവതീ യുവാക്കളില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആത്മഹത്യാനിരക്ക് കൂടുതലാണെന്ന് കാണിച് ഡി ജി പി ശ്രീലേഖയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം 2020 ഒക്ടോബറില്‍ സമര്‍പ്പിച്ച പഠനറിപ്പോര്‍ട്ട്. അതില്‍ 85 ശതമാനം ആളുകളും മികച്ച വിദ്യാഭ്യാസ നിലവാരം പുലര്‍ത്തുന്നവരും ഭേദപ്പെട്ട കുടുംബപശ്ചാത്തലത്തില്‍ നിന്ന് കടന്നുവരുന്നവരുമാണ്. ഈ മരണങ്ങളില്‍ തന്നെ ഭൂരിഭാഗത്തിന്റെയും കാരണങ്ങള്‍ സ്വന്തം കുടുംബങ്ങള്‍ക്കുപോലും അറിയില്ല എന്ന ദയനീയനില രക്ഷിതാവിന്റെയും വിദ്യാര്‍ഥിയുടെയും ഇടയില്‍ നിലനിന്നുപോരുന്ന വിനിമയരീതി മാറ്റിയെഴുതപ്പെടേണ്ടതാണ് എന്ന് ഓര്‍മപ്പെടുത്തുന്നു. ലോക്്ഡൗണ്‍ ആരംഭിച്ചശേഷം മാത്രം കേരളത്തില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ എണ്ണം 148 ആണ്. വിവിധങ്ങളായ മാനസികപ്രശ്‌നങ്ങള്‍ക്ക് അടിമപ്പെട്ടാണ് ഈ ആത്മഹുതികള്‍ അത്രയും നടന്നത്. നിംഹാന്‍സിന്റെ 2015-2016 സര്‍വേ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ 12.6% ആത്മഹത്യ സാധ്യത നിലനില്‍ക്കുന്നുണ്ട്. ഭരണകൂടത്തിന്റെയും രക്ഷിതാക്കളുടെയും ഭാഗത്തു നിന്നുണ്ടാകുന്ന അശ്രദ്ധ ഈ കണക്കില്‍ വരുത്തുന്ന വര്‍ധനവ് വളരെ വലുതായിരിക്കും.

മാനസികാരോഗ്യത്തെ തകര്‍ക്കുന്ന സൈബര്‍ മേഖല
ഒരു വിദ്യാര്‍ഥി പഠനത്തില്‍ വളരെ മികച്ചു നിന്ന ശേഷം സൈബര്‍ ഇടങ്ങളിലെ അനിയന്ത്രിതമായ ഇടപെടല്‍ മൂലം പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത മാനസിക വിഭ്രാന്തിക്ക് അടിമപ്പെട്ട് പോകുന്ന ദുരവസ്ഥ സാധാരണമാവുകയാണ്. കൊവിഡ് കാലം വിദ്യാര്‍ഥികള്‍ അടക്കമുള്ളവരുടെ സൈബര്‍ ഇടപെടലുകള്‍ സാധ്യത എന്നതിനപ്പുറം അനിവാര്യതയിലേക്കു മാറ്റിയത് വേണ്ടവിധത്തിലുള്ള സൈബര്‍ സാക്ഷരത ലഭിക്കാത്ത സമൂഹത്തിന് വലിയ അപകടം സൃഷ്ടിക്കുന്നു. “ഒത്തുചേരലുകള്‍’ വിര്‍ച്വല്‍ മേഖലയിലേക്ക് ചുരുങ്ങുന്നതോടെ സൈബര്‍ വലയത്തിന്റെ അപകടങ്ങളും പെരുകുന്നു. സൈബര്‍ ഉപയോഗാര്‍ഥികളെ വീഴ്ത്താനായി വല വിരിച്ചു കാത്തിരിക്കുന്ന വലിയൊരു ശൃംഖല തന്നെ കേരളത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. സൈബര്‍ സാക്ഷരത വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുകയാണ് പരിഹാരം.
കേരളത്തിന്റെ ആത്മഹത്യാകാരണങ്ങളില്‍ മൂന്നാമത് പ്രണയമാണ്. അതില്‍ തന്നെ 75 ശതമാനവും സംഭവിക്കുന്നത് സോഷ്യല്‍മീഡിയ വഴി ജനിക്കുന്ന പ്രണയങ്ങളുടെ ബാക്കിപത്രമായിട്ടാണ്. പ്രണയനൈരാശ്യത്തിന് അടിമപ്പെടുന്നവര്‍ ഒന്നുകില്‍ ആത്മഹത്യയിലേക്കോ അല്ലെങ്കില്‍ ജീവിതംതന്നെ തകര്‍ത്തുകളയുന്ന മാനസിക വിഭ്രാന്തിയിലേക്കോ എത്തിച്ചേരുന്നു. ഇതിനെ അഡ്രസ് ചെയ്യാനായി techidemic (ടെക്‌നോളജി + എപിഡെമിക്) എന്ന പുതിയ പദം തന്നെ കാലികരാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. 80 ശതമാനം വിദ്യാര്‍ഥികളും മെയില്‍ കണക്റ്റഡ് ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിക്കുന്ന നമ്മുടെ രാജ്യത്ത് 47 ശതമാനം വരുന്ന യുവതീ യുവാക്കളും 60 ശതമാനം വിദ്യാര്‍ഥികളും സൈബര്‍ ബുള്ളിയിങ്ങിന്റെയും സൈബര്‍ സ്റ്റോക്കിങ്ങിന്റെയും ഇരകളായി മാറിക്കഴിഞ്ഞു. വിശാലമായ സാധ്യതകള്‍ തങ്ങളുടെ സ്വകാര്യ ഇടങ്ങളില്‍ തന്നെ തുറന്നുകിട്ടുന്നത് പോണ്‍ സൈറ്റുകളിലേക്കും ഓണ്‍ലൈന്‍ ഗെയിമിങ്ങിലേക്കും വിദ്യാര്‍ഥിയെ നയിക്കുകയും കാലക്രമേണ അതിന് പൂര്‍ണമായും അഡിക്ട് ആക്കി മാറ്റുകയും മാനസികപ്രയാസത്തിലേക്ക് വഴിതെളിക്കുകയും ചെയ്യുന്നു. Canadian association of mental health ന്റെ കണക്കുകള്‍ പ്രകാരം 7-12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന മാനസിക വിഭ്രാന്തിയും വിഷാദരോഗവും ഉണ്ടാകുന്നുണ്ട്.

അപരിചിതര്‍ അപകടകാരികളായേക്കാം എന്ന മുന്നറിയിപ്പ് വിദ്യാര്‍ഥികള്‍ അവഗണിക്കരുത്. അപരിചിതമായ സന്ദേശങ്ങള്‍ക്കും സംസാരങ്ങള്‍ക്കും വഴങ്ങികൊടുക്കുന്നതിന് മുന്‍പേ വിവേക പൂര്‍ണമായ ചെറിയ ആലോചനയെങ്കിലും അനിവാര്യമാണ്. തന്റെ രൂപം അനവരതമായി പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ നാര്‍സിസം എന്ന നിരന്തര ബാഹ്യപ്രകടനത്തിന് വിദ്യാര്‍ഥി അടിമപ്പെടുന്നു. ഏറ്റവും പുതിയ ചിത്രം തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാനും അതിലൂടെ ആളുകളെ ആകര്‍ഷിക്കാനും ആഗ്രഹിക്കുന്ന തലത്തിലേക്ക് വിദ്യാര്‍ഥിയുടെ ചിന്താഗതി രൂപപ്പെടുന്നതിലാണ് ഇതിന്റെ ഭയാനകത പ്രകടമാകുന്നത്. ലാപ്‌ടോപ്, മൊബൈല്‍ പോലോത്ത ഉപകരണങ്ങളുടെ അമിതമായ ഉപയോഗം കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രം എന്ന രോഗത്തിന് വിദ്യാർഥിയെ അടിമപ്പെടുത്തുന്നു. രക്ഷിതാക്കള്‍ സ്വയം നവീകരിക്കുകയാണ് വിദ്യാര്‍ഥികളെ രക്ഷിക്കാനുള്ള പോംവഴി. അവര്‍ കടന്നുപോകുന്ന ഇടങ്ങളെയും ബന്ധപ്പെടുന്ന ആളുകളെയും അവരെതന്നെ രക്ഷിതാക്കള്‍ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കണം. ഇന്റര്‍നെറ്റ് ഉപയോഗത്തെ സ്വകാര്യസ്ഥലങ്ങളില്‍ നിന്നും മാറ്റി എല്ലാവരുടെയും ശ്രദ്ധയെത്തുന്ന പൊതുസ്ഥലത്തേക്ക് പുനഃസ്ഥാപിക്കുന്നത് അനാവശ്യമായ കാഴ്ചകളില്‍ നിന്നും വിദ്യാര്‍ഥിയെ രക്ഷിച്ചേക്കാം. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും തദ്ദേശീയ സംവിധാനങ്ങളിലൂടെയും സൈബര്‍ സാക്ഷരതഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ ഭരണകൂടവും സ്വീകരിക്കേണ്ടതുണ്ട്.
കേരള ഹെല്‍ത്ത് അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം കേരളത്തിലെ 20% വരുന്ന ജനങ്ങളും ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. ഒരുപക്ഷേ രാജ്യത്തെതന്നെ ഏറ്റവും ഉയര്‍ന്ന കണക്കുകളില്‍ ഒന്നായി ഇതു മാറിയേക്കാം. ഇതിനെ പ്രതിരോധിക്കേണ്ടതിന്റെ അനിവാര്യതയെ കേരളം ഭരിക്കുന്നവരോ നിലനില്‍ക്കുന്ന വിദ്യഭ്യാസ സംവിധാനങ്ങളോ അടിയന്തിര പ്രാധാന്യത്തോടെ ഉള്‍ക്കൊണ്ടിട്ടില്ല. വിദ്യാഭ്യാസത്തില്‍ മുന്നിട്ടുനില്‍ക്കുന്ന സ്വീഡന്‍ പോലോത്ത സ്‌കാന്‍ഡിനേവിയന്‍ രാഷ്ട്രങ്ങളില്‍ മാനസിക ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ പഠനങ്ങളും ലൈംഗിക വിദ്യാഭ്യാസവുമെല്ലാം സിലബസിന്റെ ഭാഗമാണ്. എന്നാല്‍ കേരളത്തില്‍ ഇത്തരത്തിലുള്ള ഒരു ആലോചന തന്നെ കടന്നു വരുന്നതിന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മധ്യകാലം വരെ കാത്തിരിക്കേണ്ടിവന്നു എന്ന വസ്തുത നമ്മള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ ആക്കംകൂട്ടുന്നു. ജീവിതത്തിന്റെ ഉത്സുകത നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മലയാളിസമൂഹത്തെ ആസന്നമായ ആപത്തുകളില്‍ നിന്നും സംരക്ഷിക്കണമെങ്കില്‍ ഉയര്‍ന്ന മാനവികബോധവും പൗരജാഗ്രതയും ആവശ്യമാണ്.

ആസില്‍ കുരുവട്ടൂര്‍

You must be logged in to post a comment Login