ജീവിതാരംഭം മുതല്‍ സംഗീതം ഓരോ വ്യക്തിയിലും ചെറുതല്ലാത്ത രീതിയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. താളങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കാനുള്ള കഴിവുമായാണ് ഒരോ വ്യക്തിയും പൂര്‍ണാരോഗ്യം പ്രാപിക്കുന്നത്. ഗര്‍ഭസ്ഥശിശുവില്‍ ആദ്യം വികസിക്കുന്ന ഇന്ദ്രിയം കേള്‍വിയാണ്. ആദ്യത്തെ കേൾവി സംഗീത സാന്ദ്രമായ ബാങ്കും ഇഖാമതുമാണ്. പ്രൊഫസര്‍ കീത് മോറിന്റെ പഠനം മനുഷ്യശരീരത്തില്‍ ശബ്ദത്തിന്റെ പ്രാധാന്യത്തെ ഊന്നിപ്പറയുന്നുണ്ട്. അടങ്ങാതെ കരയുന്ന കുട്ടിക്ക് മാതാപിതാക്കളുടെ താരാട്ടുപാട്ടുകളും ശബ്ദങ്ങള്‍ പുറപ്പെടീക്കുന്ന കളിപ്പാട്ടങ്ങളും നല്‍കുന്ന രീതി ശ്രദ്ധിക്കുക. മെലഡികളും റോക്ക് മ്യൂസികും വ്യത്യസ്ത അനുഭവങ്ങളാണ് ഓരോരുത്തരിലും ജനിപ്പിക്കുന്നത്. അതിനാല്‍ വ്യത്യസ്ത പിച്ചുകളിലുള്ള മ്യൂസിക്കുകള്‍ക്ക് മനുഷ്യരില്‍ ഉണ്ടാകുന്ന ശാരീരിക പ്രയാസങ്ങളെയും (Abnormality) മാനസിക വൈകല്യങ്ങളെയും ശുശ്രൂഷിക്കാന്‍ കഴിയും.
ഗ്രീക്ക്, ഇന്ത്യന്‍, ചൈനീസ്, റോമന്‍, ഈജിപ്ഷ്യന്‍ നാഗരികതകളിലൊക്കെ മ്യൂസിക് ചികിത്സാരീതികള്‍ കാണാന്‍ കഴിയും. അസുഖ ബാധിതരായ മനുഷ്യരില്‍ നിന്നും പൈശാചിക ദുര്‍ബോധങ്ങളെ ഇറക്കാന്‍ വേണ്ടി മതാചാരത്തിന്റെ ഭാഗമായി ഷാമന്‍സുകളും(പ്രത്യേക വിശ്വാസങ്ങളുള്ള പൗരാണിക വിഭാഗം) മ്യൂസിക് ഉപയോഗിച്ചിരുന്നു. ഗ്രീക്ക് പൗരാണികശാസ്ത്രത്തിലും കേള്‍വിക്കാരെ സന്തോഷിപ്പിക്കാന്‍ വേണ്ടി അപ്പോളോ മ്യൂസിക് ഉപയോഗിച്ചതായി ചരിത്രഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും. മാത്രമല്ല ശസ്ത്രക്രിയക്ക് മുമ്പ് രോഗികള്‍ക്ക് മ്യൂസിക് കേള്‍പ്പിക്കുന്ന ഈജിപ്ഷ്യന്‍ പാരമ്പര്യം ഇന്നും നിലനില്‍ക്കുന്നുണ്ട്.
ഏകദേശം എട്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പാണ് ഇസ്‌ലാമിക ചരിത്രത്തില്‍ മ്യൂസിക് തെറാപ്പി വ്യവസ്ഥാപിതമാകുന്നത്. സല്‍ജൂക്കുകളും ഓട്ടോമന്‍ തുര്‍ക്കികളും സ്ഥാപിച്ചിരുന്ന ഹോസ്പിറ്റലുകളിലൂടെയാണ് ഇത് നിര്‍വഹിക്കപ്പെട്ടിരുന്നത്. ഇസ്‌ലാമിക സംസ്‌കാരത്തിലൂന്നിയുള്ള രചനയും ആലാപനവും രോഗിയില്‍ ശമനാനുഭൂതി പകര്‍ന്നുനല്‍കാന്‍ കാരണമായി. ഇത്തരം അനുഭവങ്ങള്‍, രോഗിയുടെ മനക്കരുത്തും ദൈവാര്‍പ്പണവും ആത്മവിശ്വാസവും രോഗ പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കും. സകരിയ റാസി (854-932), ഫാറാബി (870-950), ഇബ്‌നു സീന (980-1037) എന്നിവരെ പോലെ വൈദ്യശാസ്ത്രത്തിലും മ്യൂസികിലും ഒരുപോലെ പ്രാഗത്ഭ്യം തെളിയിച്ചിരുന്ന പണ്ഡിതര്‍ മ്യൂസിക് രോഗിയിലുണ്ടാക്കുന്ന ഗുണഫലത്തെക്കുറിച്ച് നടത്തിയ ഗവേഷണപഠനങ്ങള്‍ ഇസ്‌ലാമിക ലോകത്ത് പ്രസിദ്ധമാണ്.
ആത്മീയ അസ്ഥിരതയില്‍ നിന്നും മോചനം നേടാനും സമതുലിതാവസ്ഥ കൈവരിക്കാനുമായിരുന്നു സൂഫികള്‍ക്കിടയില്‍ നടപ്പിലുണ്ടായിരുന്ന മ്യൂസികിന്റെ ലക്ഷ്യം. ദൈവസ്മരണയില്‍ ഒരു കൈ ആകാശത്തേക്കും മറുകൈ ഭൂമിയിലേക്കും നീട്ടി വട്ടം കറങ്ങുന്ന മൗലവി സൂഫി ധാരയുടെ പ്രത്യേക രീതി ഇത്തരം ആത്മീയ മുറിവുകളെ സുഖപ്പെടുത്താന്‍ വേണ്ടിയാണ്. ഭൗതിക ലോകത്തേക്കും ശാരീരിക ഇച്ഛകളിലേക്കും വഴിതെറ്റിക്കുന്ന മ്യൂസികുകള്‍ക്ക് ഇസ്‌ലാം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഖുര്‍ആന്‍ മധുര സ്വരത്തിലും അച്ചടക്കത്തിലും പാരായണം ചെയ്യാന്‍ വേണ്ടിയുള്ള പ്രവാചക കല്‍പനയും അത് ആത്മീയ ഉത്തേജനത്തിന് വിനിയോഗിച്ചിട്ടുള്ള സൂഫി പാരമ്പര്യവും മ്യൂസിക് തെറാപ്പിയുയെ സാധൂകരിക്കുന്നുണ്ട്.
ഇസ്താംബൂളിലെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയില്‍ സുല്‍ത്താന്‍ ബായസീദ് രണ്ടാമന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ട ദാറുശ്ശിഫ ഓട്ടോമന്‍ സംസ്‌കാരത്തിലെ മ്യൂസിക് തെറാപ്പിയുടെ സ്മരണകള്‍ അയവിറക്കുന്ന ചുരുക്കം ചില ആശുപത്രികളാണ്. 1488-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ ആശുപത്രി അവിസെന്നയുടെയും ഫാറാബിയുടെയും വൈദ്യശാസ്ത്ര തത്വങ്ങളും മ്യൂസിക് ചികിത്സാ രീതികളും അടിസ്ഥാനമാക്കി നാനൂറ് വര്‍ഷക്കാലം പ്രവര്‍ത്തിച്ചു. മരുന്ന്, വെള്ളം, സുഗന്ധം എന്നിവയെക്കാള്‍ ശ്രദ്ധയോടെയും പ്രാധാന്യത്തോടെയുമായിരുന്നു ഓട്ടോമന്‍ വൈദ്യന്മാര്‍ മ്യൂസികിനെ ഉപയോഗിച്ചിരുന്നത്. അന്ന് നിലവിലുണ്ടായിരുന്ന ചികിത്സാരീതികളെ വെല്ലുന്ന രീതിയിലായിരുന്നു മാനസിക പ്രയാസം അനുഭവിക്കുന്നവര്‍ക്കും ശാരീരിക രോഗങ്ങള്‍ക്കും മ്യൂസികിലൂടെയുള്ള ചികില്‍സ ഫലപ്രാപ്തി നേടിയിരുന്നത്. ഒരു സമയം ഒരു രോഗിയെ ചികിത്സിക്കുന്ന ആധുനിക രീതിയില്‍നിന്നും മാറി ഒരു കൂട്ടം രോഗികളും ഒരു കൂട്ടം ഗായകരുമായിരുന്നു ഇതിന്റെ പ്രത്യേകത. അതായത് സംഗീത ചികിത്സ ഒരു കൂട്ടായ പ്രവര്‍ത്തനമായിരുന്നു.
15-ാം നൂറ്റാണ്ടു മുതല്‍ പത്തൊമ്പതാം നൂറ്റാണ്ട് വരെ ബദല്‍ ചികിത്സാ രീതികള്‍ക്ക് പ്രസിദ്ധമായിരുന്ന ഈ ആശുപത്രിയുടെ ഖ്യാതിയും ചികിത്സാ സംവിധാനവും ലോകശ്രദ്ധ നേടുകയും പലയിടങ്ങളിലും പ്രയോഗിക്കപ്പടുകയും ചെയ്തിട്ടുണ്ട്. ഓട്ടോമന്‍ ചരിത്രകാരന്‍ ഐവ്‌ലിയ സെലബിയുടെ (1611-1682) “ബുക്ക് ഓഫ് ട്രാവല്‍സില്‍’ ഈ ആശുപത്രിയെ കുറിച്ച് ധാരാളം വിവരണങ്ങള്‍ കാണാം. ഈ രീതി ആധുനിക വൈദ്യശാസ്ത്രത്തില്‍ നിന്ന് വ്യത്യസ്തമാണെങ്കിലും അവ അക്കാലത്തെ ഏറ്റവും മികച്ച ചികിത്സാ രീതിയിരുന്നു. 1993-ല്‍ ഹെല്‍ത്ത് മ്യൂസിയമായി പരിവര്‍ത്തനം ചെയ്യപ്പെട്ട ഈ ആശുപത്രിയില്‍ വര്‍ഷത്തിലെ പ്രത്യേക ദിവസങ്ങളില്‍ മാത്രം സംഗീതം പ്രക്ഷേപണം ചെയ്യപ്പെടാറുണ്ട്.
മ്യൂസികിന് ഭൗതികശാസ്ത്രവും ജ്യോതിശാസ്ത്രവുമായുള്ള ബന്ധത്തെക്കുറിച്ച് ഫാറാബി തന്റെ “മ്യൂസീഖുല്‍ കബീര്‍’ എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയാണ് ടര്‍ക്കിഷ് മ്യൂസികിനെ 24 തരം മഖാമുകളാക്കി തരം തിരിച്ചിട്ടുള്ളത്. ഇസ്‌ലാമിക തത്വചിന്തകനായ ഇബ്‌നു സീനയും (980-1037) ഫാറാബിയുടെ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണ് മ്യൂസികിലും വൈദ്യശാസ്ത്രത്തിലുമുള്ള ഗവേഷണങ്ങള്‍ നടത്തിയിട്ടുള്ളത്. ഒരു രോഗിയെ ശ്രുശ്രൂഷിക്കാനുള്ള ഏറ്റവും ഫലവത്തായ മാര്‍ഗം അദ്ദേഹത്തെ മാനസികവും ആത്മീയവുമായി ശക്തിപ്പെടുത്തലും രോഗത്തിനെതിരെ പോരാടാന്‍ ധൈര്യം പകരലും സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കലുമാണെന്ന് ഇബ്‌നു സീന വിവരിക്കുന്നുണ്ട്. ഇതിന്ന് നല്ല സംഗീതം പ്രാപ്തമാണ്.
ഇബ്‌നുസീനയുടെ കാഴ്ചപ്പാടില്‍ “സൗണ്ട്’ നമ്മുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. ഒരു പ്രത്യേക സംഗീത ക്രമത്തില്‍ ക്രമീകരിച്ച ശബ്ദങ്ങള്‍ ആത്മാവില്‍ ആഴത്തിലുള്ള സ്വാധീനം ഉണ്ടാക്കും. മാത്രമല്ല പിച്ചിലുള്ള മാറ്റങ്ങള്‍ ഒരു വ്യക്തിയുടെ മാനസികാവസ്ഥയെ മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഇക്കാരണത്താല്‍ സമന്വയിപ്പിച്ച താളങ്ങളും ക്രമീകരിച്ച ഈണങ്ങളും ശ്രോതാക്കളെ വേഗത്തില്‍ ആകര്‍ഷിക്കും. ചുരുക്കത്തില്‍ ഇസ്‌ലാമിക നാഗരികതയുടെ കാലഘട്ടത്തില്‍ ടെര്‍ക്കിഷ് മുസ്‌ലിം വൈദ്യന്മാരായ റാസി, ഫാറാബി, ഇബ്‌നു സീന എന്നിവര്‍ മാനസിക ശാരീരിക വൈകല്യങ്ങളുടെ ചികിത്സയില്‍ സംഗീതവും ഉപയോഗിച്ചിരുന്നു. പിന്നീട് ഈ രീതി തന്നെയാണ് ഓട്ടോമന്‍, സല്‍ജൂക് പണ്ഡിതര്‍ പ്രയോഗിച്ചതും.
സൽജൂക്ക് തുര്‍ക്കികള്‍ ഡമസ്‌കസില്‍ സ്ഥാപിച്ച ഹോസ്പിറ്റലിലാണ് ഇബ്‌നു സീന മ്യൂസിക് കൊണ്ട് സുഖപ്പെടുത്തുന്ന ചികിത്സയില്‍ ഏര്‍പ്പെട്ടിരുന്നത്. അന്ന് മ്യൂസിക് തെറാപ്പി നിര്‍വഹിക്കപ്പെട്ടിരുന്ന രോഗങ്ങള്‍ വളരെ കുറവായിരുന്നു. പിന്നീട് ഓട്ടോമന്‍ കൊട്ടാര വൈദ്യന്‍ മൂസ ഹാമാന്‍ പല്ലിന്റെ രോഗങ്ങളും കുട്ടികളിലെ മാനസിക വൈകല്യങ്ങളും ചികിത്സിക്കാന്‍ സംഗീതം ഉപയോഗിച്ചുതുടങ്ങി.
ഇബ്‌നു സീനയുടെ “അല്‍-ഖാനൂനു ഫീ-ത്വിബ്ബ്’ വിവര്‍ത്തനം ചെയ്ത മുസ്തഫ അഫന്തിയുടെ (18-ാം നൂറ്റാണ്ട്) പ്രധാന ശിഷ്യന്‍ ഹസന്‍ അഫന്തി ഏതൊക്കെ രോഗങ്ങള്‍ക്ക് ഏതുതരം സംഗീതധാരകളാണ് ഫലപ്രദമാവുക എന്ന വിഷയത്തില്‍ രചിച്ച ഗ്രന്ഥം മ്യൂസിക് തെറാപ്പി നടത്തുന്നവര്‍ക്ക് വലിയ ആശ്രയമാണ്. ഓരോ രോഗത്തിനും ഓരോ മരുന്ന് എന്ന പോലെ എല്ലാ രോഗങ്ങള്‍ക്കും പ്രത്യേക തലത്തിലുള്ള സംഗീതങ്ങൾ നിശ്ചയിക്കപ്പെട്ടിരുന്നു. ഒരോ ദിവസങ്ങളിലും ഏതൊക്കെ സമയങ്ങളിലാണ് അത് പ്രയോഗിക്കേണ്ടതെന്ന് അദ്ദേഹം തന്റെ പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. 24 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ദിവസത്തെ നാലായി വിഭജിച്ചിട്ടുള്ള ശൈലിയാണ് പ്രയോഗത്തിലുള്ളതെങ്കിലും ഓരോ പ്രദേശത്തിനനുസരിച്ച് ഇതിന്റെ സമയവും ഘടനയും വ്യത്യസ്തമാണ് എന്നത് ശ്രദ്ധേയമാണ്.
കേരളീയ ഇസ്‌ലാമിക പാരമ്പര്യത്തിലും അത്തരത്തിലുള്ള മ്യൂസിക് തെറാപ്പികള്‍ കാണാന്‍ സാധിക്കും. രോഗ ശമനത്തിനും ആത്മ രക്ഷക്കും വേണ്ടി മുസ്‌ലിം വീടുകളില്‍ രാത്രി സമയങ്ങളില്‍ മൗലിദുകളും (മന്‍ഖൂസ്, ശറഫുല്‍ അനാം, രിഫാഈ, അജ്മീര്‍, ബദര്‍ മൗലിദുകള്‍) മാലകളും (മുഹ്‌യിദ്ദീന്‍ മാല, ബുര്‍ദ, അശ്റഖ ബൈത്) ചൊല്ലിപ്പാടുന്ന രീതി ഇന്നും കേരളത്തില്‍ ഏറെ വ്യാപകമാണ്. കേരളത്തിന്റെ അകത്ത് നിന്നും പുറത്ത് നിന്നും എഴുതപ്പെട്ടവ ഇവയിലുണ്ടെങ്കിലും ഇന്ത്യയില്‍ വ്യാപകമായ ദ്രവീഡിയന്‍ ശൈലിയിലാണ് അവയെല്ലാം ആലപിക്കപ്പെടുന്നത്. ഈ ദ്രവീഡിയന്‍ ശൈലി സ്വീകരിക്കുന്നത് കൊണ്ടുതന്നെയാവണം കേരളീയ ഖുര്‍ആന്‍ പാരായണം അറേബ്യന്‍, ആഫ്രിക്കന്‍ ശൈലികളെ പലപ്പോഴും അതിവർത്തിക്കാതെ പോകുന്നത്. എങ്കിലും പാരമ്പര്യ “ചൊല്ലിപ്പാടല്‍’ രീതി രോഗിയിലും ശ്രോതാക്കളിലും ചെറുതല്ലാത്ത സ്വാധീനം ഉണ്ടാക്കുന്നുണ്ട്.
സാലിഹ് നാട്ടുകല്‍
You must be logged in to post a comment Login