വിദ്യാഭ്യാസത്തിന്റെ വിവിധ മാനങ്ങളെ അടയാളപ്പെടുത്തുന്ന മൂന്ന് പദങ്ങളുണ്ട് അറബി ഭാഷയിൽ. ഔപചാരികമായ അർഥത്തിൽ വിദ്യാഭ്യാസത്തിന് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നത് “ഇൽമ്’ (അറിവ്, പഠനം) എന്ന ധാതുവിൽ നിന്നുള്ള വാക്കുകളാണ്. പ്രബോധനത്തിലൂടെയും അധ്യാപനത്തിലൂടെയും അറിവ് നേടുന്നതിനോ നൽകുന്നതിനോ ആണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. രണ്ടാമത്തേത്, തർബിയ എന്ന മൂലത്തിൽനിന്നുള്ള വാക്കുകളാണ്. വളർത്തൽ, പരിപാലിക്കൽ എന്നൊക്കെ അർഥമുണ്ട്. ദൈവഹിതത്തിന് അനുസൃതമായി ജീവിക്കുന്നതിലൂടെ ആർജിക്കുന്ന ആത്മീയവും ധാർമികവുമായ പരിപോഷണത്തിനാണ് പ്രധാനമായും ഇതുപയോഗിക്കാറുള്ളത്. തഅ്ദീബ് എന്ന ധാതുവിൽനിന്ന് വരുന്ന വാക്കുകളാണ് മൂന്നാമത് വരുന്നത്. ഇത് സംസ്കരിക്കാനും പരിഷ്കരിക്കാനും നന്നായി പെരുമാറാനുമൊക്കെയുള്ള മാനസിക വികാസത്തെ സൂചിപ്പിക്കുന്നു.
യുക്തിപരവും ആത്മീയവും സാമൂഹികവുമായ മാനങ്ങൾ ഉൾപ്പടെ സമ്പൂർണ വ്യക്തിയെ ഉൾക്കൊള്ളുന്ന ഒരു പ്രക്രിയയാണ് ഇസ്‌ലാമിക വിദ്യാഭ്യാസം. ഇസ്‌ലാമിൽ അറിവ് നേടുന്നത് മാത്രമായി ഒരു ലക്ഷ്യമല്ല, മറിച്ച് വിശ്വാസത്തിലേക്കും നീതിയുക്തമായ ജീവിതത്തിലേക്കും നയിക്കുന്ന കൂടുതൽ ധാർമികവും ആത്മീയവുമായ ബോധം ഉണർത്തുന്നതിനുള്ള മാർഗമാണ് ഇസ്‌ലാമിക വിദ്യാഭ്യാസം.
ഓരോ മനുഷ്യനും വ്യത്യസ്തങ്ങളായ അറിവുകൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിൽ പല മേഖലകളിലേക്ക് അവൻ/ അവൾ എത്തിച്ചേരുന്നു. പക്ഷേ, മുഖ്യമായി കണക്കാക്കേണ്ട വിഷയങ്ങളെ അവൻ/ അവൾ മറന്നുപോകുന്നുണ്ടോ? സമകാലിക ചുറ്റുപാടുകൾ അത്തരത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസം ഒരു കച്ചവടച്ചരക്കായി മാറുകയാണെന്നത് സംശയമല്ല, വസ്തുതയാണ്. ഇക്കാലത്ത് മതവിദ്യാഭ്യാസം മനുഷ്യന് എത്രമേൽ ആവശ്യമാണെന്നും പ്രയോജനപ്രദമാണെന്നും ചിന്തിക്കാതിരിക്കാനാകില്ല. ആധുനിക ചിന്തകർ വളരെ പ്രാധാന്യത്തോടുതന്നെ അതിനെ കാണുന്നുമുണ്ട്. ദൗർഭാഗ്യകരമെന്നേ പറയേണ്ടൂ, വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും ആവശ്യകതയും ഇന്ന് തെറ്റിദ്ധരിക്കപ്പെട്ടിരിക്കയാണ്. പൂർവകാലങ്ങളിലുണ്ടായിരുന്ന വിദ്യാഭ്യാസ കാഴ്ചപ്പാടുകൾ മാറ്റിമറിക്കപ്പെട്ടു. കച്ചവടവത്കരണത്തിന്റെയും വിലപേശലിന്റെയും ലാഭമോഹത്തിന്റെയും പിടിയിലാണ് ഇന്ന് വിദ്യാഭ്യാസരംഗം.
തൊഴിലാർജിക്കാനും സമ്പാദിക്കാനും മാത്രമായി ഇന്ന് അതിന്റെ ഉപയോഗം മാറിക്കഴിഞ്ഞു. മനുഷ്യന്റെ സ്വാർഥ താൽപര്യങ്ങൾക്ക് വിദ്യയെന്ന സമ്പത്തിനെ ഉപയോഗിക്കുകയും അതിന്റെ യഥാർത്ഥ മൂല്യത്തെ തിരിച്ചറിയുകയും ചെയ്യാത്ത സമൂഹമായിരിക്കുന്നു നമ്മൾ. മക്കൾക്ക് നന്മ പഠിപ്പിക്കുന്നതിനെ കുറിച്ച് ഇമാം ഗസാലി(റ) വിവരിക്കുന്നു: മക്കൾ മാതാപിതാക്കളുടെ സൂക്ഷിപ്പു സ്വത്താണ്. അവരുടെ ഹൃദയം വരയും രൂപവും വീഴാത്ത അമൂല്യമായ മുത്തുകളെപ്പോലെയാണ്. അതിൽ കൊത്തിവെക്കുന്നതെല്ലാം അവർ സ്വീകരിക്കുകയും താല്പര്യപ്പെടുത്തുന്നതിലേക്കെല്ലാം അവർ ചായുകയും ചെയ്യുന്നതാണ്. നന്മയാണ് പഠിപ്പിക്കുന്നതെങ്കിൽ അവർ ഇരുലോകത്തും വിജയിക്കുകയും അതിന്റെ പ്രതിഫലം അവരുടെ രക്ഷിതാവിനും ഉത്തരവാദിത്വമേൽപിക്കപ്പെട്ടവനും ലഭിക്കുന്നതുമാണ്. അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, നിങ്ങൾ സ്വശരീരത്തെയും നിങ്ങളുടെ കുടുംബത്തെയും നരകത്തിൽനിന്ന് സംരക്ഷിക്കുക. ദുനിയാവിലെ കത്തിയാളുന്ന തീയിൽനിന്ന് പലപ്പോഴും മകനെ/ മകളെ രക്ഷിക്കാൻ ശ്രമിക്കുന്ന പിതാവ് പരലോകത്തെ തീയിൽനിന്ന് അവരെ രക്ഷിക്കാനും ബാധ്യസ്ഥനാണ്. പരലോകരക്ഷക്കുള്ള നിരവധി മാർഗങ്ങളും ഇമാം തന്നെ നിർദേശിച്ചിട്ടുണ്ട്. അതിലൊന്ന് ഖുർആനും ഹദീസും മഹദ്്വ്യക്തികളുടെ ചരിത്രങ്ങളും പഠിക്കാൻ പറഞ്ഞയക്കുക എന്നതാണ്. സജ്ജനങ്ങളോടുള്ള സ്നേഹം വളരാൻ വേണ്ടിയാണിത്. സ്കൂൾ പാഠപുസ്തകം വായിക്കാനും പഠിക്കാനും ഹോം വർക്കുകൾ ചെയ്യാനും മക്കളെ നിർബന്ധിക്കുകയും കളിക്കാൻ വിടാതെ അവരുടെ പിറകെ കൂടുകയും ചെയ്യുന്ന മാതാപിതാക്കൾ എന്തുകൊണ്ടാണ് മദ്റസാ പാഠങ്ങൾ പഠിക്കാൻ അവരെ നിർബന്ധിക്കാത്തത്? സ്കൂൾ പരീക്ഷയിൽ ഉന്നത ഗ്രേഡുകൾ നേടുമ്പോൾ പ്രോത്സാഹിപ്പിക്കുന്നവർ എന്തുകൊണ്ടാണ് മദ്റസയിൽ പഠിപ്പിച്ച പാഠങ്ങൾ കൃത്യമായി മക്കൾ പഠിക്കുന്നുണ്ടോ, കർമങ്ങളെല്ലാം കൃത്യമായി നിർവഹിക്കുന്നുണ്ടോ, പഠിപ്പിക്കുന്നവർ കൃത്യമായി അറിവ് നൽകുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കാത്തത്? നിസ്കാരം, ഓത്ത് ഇത് രണ്ടും മാത്രം മതി എന്നുള്ള മട്ടിലാണ് വലിയൊരു പക്ഷം രക്ഷിതാക്കൾ. ഇതിനെല്ലാം മാറ്റമുണ്ടായില്ലെങ്കിൽ ഭാവിയിൽ നാം വലിയ വില നൽകേണ്ടി വരും. മദ്റസാ പാഠങ്ങൾ പഠിപ്പിക്കേണ്ടത് പരീക്ഷയിൽ ഉന്നത മാർക്ക് വാങ്ങാൻ വേണ്ടി മാത്രമാവരുത്. ശാശ്വതമായ പരലോകത്തേക്കുള്ള പഠനമാണിതെന്ന ബോധത്തോടെയാവണം അതിനെ പ്രോത്സാഹിപ്പിക്കേണ്ടത്. ഭൗതിക പഠനത്തിന്റെ അധിക സാധ്യതകളും പ്രയോജനങ്ങളും മരണത്തോടെ അവസാനിക്കുന്നതാണ്. മരണമോ, എപ്പോഴും സംഭവിക്കാവുന്ന യാഥാർത്ഥ്യവും. എന്നാൽ പരലോകം എന്നെന്നേക്കുമായുള്ള ജീവിതമാണ്. ഭൗതിക വിജ്ഞാനത്തിന് ഈ ജീവിതകാലം മാത്രമാണ് ആയുസ്സുള്ളത്. അത് മരണത്തോടെ അസ്തമിക്കും. നാം സമ്പാദിച്ച സർട്ടിഫിക്കറ്റുകളും അംഗീകാരങ്ങളും മരണത്തോടെ അവസാനിക്കും. മാത്രമല്ല, ധാർമികതയും മൂല്യങ്ങളും പകർന്നുനൽകാൻ ഭൗതിക വിജ്ഞാനത്തിന് പലപ്പോഴും സാധിക്കാറില്ല.
ഭൗതികവിദ്യ പ്രോത്സാഹിപ്പിക്കപ്പെടണം. ദീനീ വിജ്ഞാനത്തിന് പ്രാമുഖ്യം നൽകുകയും വേണം. മതപഠനത്തെ നിസ്സാരമായി കാണരുത്. റസൂൽ(സ്വ) പറയുന്നു: ഉറപ്പാണ്, വിജ്ഞാനം തേടിക്കൊണ്ടിരിക്കുന്നവർക്ക് മലക്കുകൾ അവരുടെ ചിറക് വിരിച്ചുകൊടുക്കും.
മക്കൾക്ക് മതപഠനം നൽകിയാൽ കിട്ടുന്ന പ്രതിഫലം റസൂൽ(സ്വ) പറയുന്നു: ഒരാൾ സന്താനങ്ങൾക്ക് ഖുർആൻ പഠിപ്പിച്ചാൽ മുൻഗാമികളും പിൻഗാമികളും അത്ഭുതപ്പെടുംവിധത്തിലുള്ള പ്രകാശമാല അയാളെ അണിയിക്കുന്നതാണ്. വീണ്ടും പറയുന്നു: ഒരാൾ ഖുർആൻ ഓതുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്താൽ ദുനിയാവിലെ സൂര്യനെക്കാൾ പ്രകാശമുള്ള കിരീടം അയാളുടെ മാതാപിതാക്കൾക്ക് നൽകുന്നതാണ്.
നമ്മുടെ നിത്യജീവിതത്തിലെ ഭൗതിക- ആത്മീയ കാര്യങ്ങളിൽ വ്യാപൃതരാവുമ്പോൾ അവയെ ഇസ്‌ലാമികമായി എങ്ങനെ സമീപിക്കണമെന്ന ധാരണ നമുക്ക് വേണം. ഉദാഹരണമായി ഗ്രഹണനിസ്കാരം പോലെ പ്രത്യേകമായി നാം ചെയ്യുന്ന നിസ്കാരങ്ങൾ, മയ്യിത്ത് പരിപാലനവും നിസ്കാരവും തുടങ്ങിയ വിഷയങ്ങളൊക്കെ മദ്റസയിൽനിന്നും പഠിച്ചത് പരീക്ഷയുടെ ഉത്തരക്കടലാസിൽ മാത്രമായി ഒതുങ്ങിയോ എന്ന് മുസ്‌ലിംകൾ ആത്മ പരിശോധ നടത്തണം. എന്റെ കൂട്ടുകാരിൽ പലർക്കും നിസ്കാരം, ഓത്ത് അല്ലാത്ത അതിൽകൂടുതൽ ആയി ഒരു കാര്യം ചെയ്യാൻ അറിയില്ല. മദ്റസയിൽ പഠിക്കുന്ന സമയം നല്ല മാർക്കു വാങ്ങി പാസായവർ ആണ്. പക്ഷേ പ്രായോഗികമായി ഒന്നും ചെയ്യാൻ അറിയില്ല. മാതാപിതാക്കൾ കുട്ടികൾ പഠിക്കുന്ന വിഷയം പ്രാക്ടിക്കൽ ആയി ചെയ്യുന്നുണ്ടോ, അതിന് കഴിയുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. വീട്ടിൽ ഒരു മരണം നടന്നാൽ മയ്യിത്ത് പരിപാലനം, നിസ്കാരം ഇതൊക്കെ കൈകാര്യം ചെയ്യേണ്ടത് മക്കൾ തന്നെയാണ്. ഓരോ സന്ദർഭത്തിലും അതിനൊക്കെ നേതൃത്വം നൽകാൻ യോഗ്യരായവർക്ക് ആ ഭാഗം വിട്ടുകൊടുക്കേണ്ടതും മക്കൾ തന്നെയാണ്. പഠിപ്പിച്ചതെല്ലാം എത്രത്തോളം കുട്ടികൾ മനസ്സിലാക്കിയിട്ടുണ്ട് എന്ന് വിലയിരുത്താം. അതിനുശേഷം മാത്രം അടുത്ത ക്ലാസിലേക്ക് പ്രവേശനം നൽകുന്നതാവും നല്ലത്. മതപഠന ക്ലാസിൽ തോൽക്കുന്നതിലൂടെ കൂടുതൽ അറിവ് നേടാനുള്ള അവസരമാണ് കരഗതമാകുന്നത് എന്ന് രക്ഷിതാക്കളെയും കുട്ടികളെയും എളുപ്പം ബോധ്യപ്പെടുത്താവുന്നതേയുള്ളൂ. എത്രയധികം മതം പഠിക്കുന്നുവോ അത്രയധികം ഗുണമുണ്ടാകും എന്ന് ഏത് വിശ്വാസിക്കും ഉൾക്കൊള്ളാവുന്നതേയുള്ളൂ.
മദ്റസകളിൽനിന്ന് അടിസ്ഥാന മതവിദ്യാഭ്യാസം നേടുന്ന മുസ്‌ലിമിന് തന്റെ ജീവിതത്തിൽ പകർത്തേണ്ടുന്ന അല്ലെങ്കിൽ നിറവേറ്റേണ്ടുന്ന കാര്യങ്ങളെ കുറിച്ചുള്ള ധാർമികമായ അറിവ് ലഭിക്കണം. അത് ജീവിതത്തിൽ പിന്തുടരുകയും വേണം. അല്ലാഹുവിലേക്ക് അടുക്കുക എന്ന ലക്ഷ്യമാണ് മദ്റസകൾ വഴി നമ്മുടെ മത നേതൃത്വം ഉദ്ദേശിച്ചത്. മുസ്‌ലിം എന്ന നിലയിൽ അതിനോട് എത്രമാത്രം കൂറ് പുലർത്തുന്നു എന്നത് ഓരോരുത്തരും വിലയിരുത്തണം.
ഡോ. ഫാദില
You must be logged in to post a comment Login