അന്യാധീനപ്പെടുകയോ കൈയേറ്റം ചെയ്യപ്പെടുകയോ ചെയ്ത വഖ്ഫ് സ്വത്തുകള്‍ തിരിച്ചെടുത്ത് വഖ്ഫ് ലക്ഷ്യങ്ങള്‍ക്കനുസൃതമായും സമുദായത്തിന് ഗുണകരമായും ഉപയോഗിക്കുക എന്നതിനാണോ, ഇതിനൊക്കെ ചുമതലപ്പെട്ട ബോര്‍ഡില്‍ വരും വര്‍ഷങ്ങളില്‍ വരാനിടയുള്ള നാലോ അഞ്ചോ തസ്തികയിലെ നിയമനം പി എസ് സിക്ക് വിട്ടതിനെ (രിസാലയുടെ പ്രത്യേക പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ ബോര്‍ഡ് സി ഇ ഒ തന്നെ വരാനിടയുള്ളത് നാലോ അഞ്ചോ തസ്തികകളാണെന്ന് പറയുന്നു) ചോദ്യംചെയ്യുന്നതിനാണോ പ്രാധാന്യമെന്നത് ഗൗരവമുള്ള രാഷ്ട്രീയ പ്രശ്‌നമാണ്. അതിനേക്കാള്‍ വലിയ പ്രശ്‌നമാണ്, വഖ്ഫ് ബോര്‍ഡിലേക്ക് ഒഴിവുവരുന്ന തസ്തികകളിലേക്ക് മുസ്‌ലിം വിഭാഗക്കാരായവരെ തെരഞ്ഞെടുക്കാന്‍ പി എസ് സിയെ ചുമതലപ്പെടുത്തുന്ന നിയമത്തിലൂടെ ബോര്‍ഡ് അവിശ്വാസികളുടെ താവളമായി മാറുമെന്ന് പ്രചരിപ്പിച്ച് വികാരമുണര്‍ത്താന്‍ ശ്രമിക്കുന്നത്. എന്തിനു വേണ്ടിയാണ് ഈ ശ്രമങ്ങളെന്നത് ആഴത്തില്‍ പരിശോധിക്കപ്പെടണം. കേരള രാഷ്ട്രീയത്തില്‍ സുപ്രധാന സ്ഥാനമുള്ള മുസ്‌ലിം ലീഗ്, അതില്‍ പ്രാതിനിധ്യമുള്ള മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ നിന്ന് മാറി, വൈകാരിക വിഷയങ്ങളിലേക്ക് ശ്രദ്ധയൂന്നുന്നതിന് കേരളത്തില്‍ ഇടതുപക്ഷം നേടിയ തുടര്‍ഭരണമുള്‍പ്പെടെ സവിശേഷമായ കാരണങ്ങളുണ്ട്. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യു ഡി എഫുണ്ടാക്കിയ സഖ്യത്തോടെ, ലീഗിന്റെ രാഷ്ട്രീയ നിലപാടുകളെ നിര്‍ണയിക്കുന്നതില്‍ ജമാഅതെ ഇസ്‌ലാമി പ്രത്യക്ഷമായും പരോക്ഷമായും പങ്കുവഹിക്കുന്നുണ്ട്. ലീഗിനെ പരമ്പരാഗതമായി പിന്തുണയ്ക്കുന്ന സുന്നി വിഭാഗത്തില്‍ അതുണ്ടാക്കിയ അതൃപ്തി പരിഹരിക്കാനുള്ള തന്ത്രമായി വഖ്ഫ് നിയമനപ്രശ്‌നത്തെ ഉപയോഗിക്കുക എന്നത് ജമാഅതെ ഇസ്‌ലാമിയുടെ തന്നെ തന്ത്രമായി കാണേണ്ടിവരും. ലീഗില്‍ നിന്ന് വിട്ടുപോകുന്നത് ദീനില്‍ നിന്ന് തന്നെയുള്ള വിട്ടുപോക്കാണെന്ന പ്രഖ്യാപനം നേതാക്കള്‍ ആവര്‍ത്തിക്കും വിധത്തിലേക്ക് പൊതു രാഷ്ട്രീയത്തില്‍ നിന്ന് ആ സംഘടനയെ ചുരുക്കിക്കൊണ്ടുവരാന്‍ പുതിയ കൂട്ടുകെട്ടിന് സാധിച്ചിട്ടുമുണ്ട്.
വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിട്ട തീരുമാനം ആദ്യം പരിശോധിക്കാം. ഇതിനായി ഓര്‍ഡിനന്‍സിറക്കിയത് ഒന്നാം പിണറായി സര്‍ക്കാറിന്റെ അവസാനകാലത്താണ്. അന്ന് പ്രത്യേകിച്ചെന്തെങ്കിലും അസ്‌ക്യത മുസ്‌ലിം ലീഗിനോ ഇപ്പോള്‍ ലീഗിന്റെ സമുദായ ഐക്യ സമിതിയില്‍ അംഗങ്ങളായ ജമാഅതെ ഇസ്‌ലാമി, മുജാഹിദ് വിഭാഗങ്ങള്‍ എന്നിവയ്‌ക്കോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പിന്നീട് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുകയും ചര്‍ച്ചചെയ്ത് പാസ്സാക്കുകയും ചെയ്തു. നിയമ നിര്‍മാണ പ്രക്രിയയുടെ ഭാഗമായി ലീഗിലേതുള്‍പ്പെടെ പ്രതിപക്ഷ അംഗങ്ങള്‍ ചില വിമര്‍ശനങ്ങളുന്നയിക്കുകയും മറ്റുമുണ്ടായെങ്കിലും ഇപ്പോഴുണ്ടായതുപോലുള്ള പ്രതിഷേധത്തിന്റെ സൂചന പോലുമുണ്ടായില്ല. വിശ്വാസികളല്ലാത്തവര്‍ നിയമിക്കപ്പെടുകയും വഖ്ഫ് ബോര്‍ഡ് അതിന്റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിപ്പിക്കപ്പെടുകയും ചെയ്യുമെന്ന ഭീതിയുണ്ടായിരുന്നുവെങ്കില്‍ നിയമസഭാ മാര്‍ച്ചുള്‍പ്പെടെ എന്തിനൊക്കെ അന്ന് നമ്മള്‍ സാക്ഷിയാകേണ്ടിവരുമായിരുന്നു. ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചപ്പോള്‍ പ്രശ്‌നമുണ്ടാക്കാത്തതിന് വേണമെങ്കില്‍ പറയാവുന്ന ന്യായം, അഞ്ചാണ്ട് കൂടുമ്പോള്‍ ഭരണം മാറുന്ന പതിവ് ആവര്‍ത്തിക്കുമെന്നും യു ഡി എഫ് അധികാരത്തില്‍ വന്നാൽ ഓര്‍ഡിനന്‍സ് പുതുക്കാതെ നിയമം ഇല്ലാതാക്കാന്‍ കഴിയുമെന്നും ലീഗ് പ്രതീക്ഷിച്ചിരുന്നുവെന്നതാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു ഡി എഫിനെ സഹായിച്ചതിന് പ്രത്യുപകാരമായി വെല്‍ഫെയര്‍ പാര്‍ട്ടിയെ യു ഡി എഫിലെടുക്കുമെന്നും അഞ്ച് സീറ്റ് ചോദിച്ചാല്‍ മൂന്നെണ്ണം കിട്ടുമെന്നും മൂന്നും ജയിച്ച്, ഒരു മന്ത്രിസ്ഥാനവും മേടിച്ച് ഭരിക്കുമ്പോള്‍ ഓര്‍ഡിനന്‍സ് പുതുക്കാതിരിക്കാമെന്ന് ജമാഅതെ ഇസ്‌ലാമിയും മനപ്പായസമുണ്ടിട്ടുണ്ടാകാം. ലീഗിന്റെ പ്രതീക്ഷ നടന്നില്ല, ജമാഅത്തെ ഇസ്‌ലാമിയുടെ മോഹവും.
അധികാരത്തില്‍ തിരിച്ചെത്തിയ ഇടത് മുന്നണി സര്‍ക്കാര്‍, ഓര്‍ഡിനന്‍സിന് പകരം ബില്ല് അവതരിപ്പിച്ചപ്പോള്‍ ലീഗ് പ്രതിനിധികളോ അവരുള്‍ക്കൊള്ളുന്ന പ്രതിപക്ഷമോ വേണ്ട ഗൗരവത്തോടെ പഠിച്ച് പ്രതികരിക്കാതിരുന്നതും മനസ്സിലാക്കാം. പാര്‍ലിമെന്റില്‍ ഇതിലും വലിയ പുകിലുണ്ടാക്കുന്ന നിയമ നിര്‍മാണങ്ങള്‍ക്ക് നരേന്ദ്ര മോഡി സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായം പറയാന്‍ പോലും എത്തണമെന്ന് തോന്നാത്ത നേതാക്കളുള്ള പാര്‍ട്ടിയുടെ പ്രതിനിധികളില്‍ നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കേണ്ടെന്ന് വെക്കാം. ഓടയുടെ മേല്‍മൂടി കാലപ്പഴക്കം മൂലം തകര്‍ന്നാല്‍ പോലും അതിലൊരു ഗൂഢാലോചന കാണണമെന്ന്, കാഴ്ചയുറക്കുന്ന കാലം മുതല്‍ പഠിപ്പിച്ചൊരുക്കുന്ന ജമാഅതെ ഇസ്‌ലാമി, എസ് ഐ ഒ, ഫ്രാറ്റേണിറ്റി, സോളിഡാരിറ്റി (അതിപ്പോഴങ്ങനെ കേള്‍ക്കുന്ന പേരല്ല) മുതല്‍പ്പേരായ സംഘടനയിലെ പ്രഭൃതികള്‍ക്ക് സഭ നിയമം പാസ്സാക്കുമ്പോള്‍ അതിലൊരു പ്രശ്‌നവുമുണ്ടായതായി അറിവില്ല. പിന്നീട് നടന്ന ഗൂഢാലോചന എന്തെന്നോ അതിന്റെ കാരണമെന്തെന്നോ നമുക്കറിവില്ല, ഊഹിക്കാനേ കഴിയൂ.
ഇടത് ഭരണത്തിന് തുടര്‍ച്ചയുണ്ടാകില്ലെന്ന പ്രതീക്ഷ ഫലം കണ്ടില്ലെന്ന് മാത്രമല്ല, തുടര്‍ഭരണത്തിലേക്ക് മുസ്‌ലിം സമുദായത്തില്‍ നിന്ന് ചെറുതല്ലാത്ത സംഭാവനയുണ്ടാകുകയും ചെയ്തു. യു ഡി എഫ് തോറ്റാലും ലീഗിന്റെ കണക്ക് ഇരുപതില്‍ താഴില്ലെന്ന് കരുതിയേടത്തു നിന്ന് കാര്യങ്ങള്‍ മാറി. കുത്തകയെന്ന് കരുതിയ ചിലതില്‍ തുടര്‍ പരാജയം, സിറ്റിംഗ് സീറ്റുകളിൽ മൂന്നെണ്ണത്തില്‍ വലിയ തോല്‍വി, തോറ്റവരിലൊരാള്‍ മുജാഹിദ് വിഭാഗത്തിന്റെ ആജ്ഞാനുവർത്തി, തോല്‍പ്പിച്ചേ അടങ്ങൂവെന്ന വാശിയില്‍ ഇറങ്ങിയിടത്ത് തോറ്റുമടങ്ങേണ്ടിവന്ന സ്ഥിതി – സമുദായാംഗങ്ങള്‍ എന്തുണ്ടായാലും പിന്തുണച്ചുകൊള്ളുമെന്ന ആത്മവിശ്വാസം തകര്‍ന്നു. പുതിയ കൂട്ടുകെട്ടില്‍ അതൃപ്തരായ ഇ കെ സുന്നി വിഭാഗത്തിലെ ഒരു വിഭാഗം നേതാക്കളെങ്കിലും സി പി എമ്മുമായും അതിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറുമായും തുടങ്ങിവെച്ച ആശയവിനിമയം കൂടുതല്‍ ശക്തമാക്കുന്നുണ്ടോ എന്ന ശങ്കയും. അപ്പോള്‍ പിന്നെ സമുദായം അപകടത്തിലാണെന്ന് വരുത്തി, കാലടിയിലെ മണ്ണ് ഇനിയും ഒലിക്കാതെ നോക്കുകയല്ലാതെ മറ്റെന്തു വഴി, ലീഗിന് മുന്നില്‍.
ഇടതുപക്ഷം ദുര്‍ബലമാകുന്നതോടെ ദലിത് – പിന്നാക്ക വിഭാഗങ്ങള്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടിയല്ലാതെ മറ്റൊരഭയമില്ലാതെയാകും. ലീഗ് ദുര്‍ബലമാകുകയോ വെൽഫെയർ അജണ്ടകളിലേക്ക് ലീഗിനെ കൊണ്ടുവരികയോ ചെയ്താല്‍ പിന്നെ ആ അണികളൊക്കെ വൈകാതെ വെല്‍ഫെയറാകും. ഇത് രണ്ടും സംഭവിച്ചാല്‍ പിന്നെ കേരള രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തുറ്റപാര്‍ട്ടിയായി വെല്‍ഫെയര്‍ പാര്‍ട്ടി മാറുമെന്നൊക്കെയാണ് ജമാഅതെ ഇസ്‌ലാമിയുടെ ശൂറ വര്‍ഷങ്ങളായി ഗണിക്കുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമ്പേ തോറ്റ ഇടതുമുന്നണി, നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടി തോറ്റാല്‍, സി പി എമ്മിന്റെ സവര്‍ണഹിന്ദു വോട്ടുകള്‍ ബി ജെ പിയിലേക്ക് പോകും. ശബരിമലക്കാലത്ത് തുടങ്ങിയ മണ്ണൊലിപ്പ് പൂര്‍ത്തിയാകും. അതോടെ ക്ഷീണിക്കുന്ന പാര്‍ട്ടിക്കൊപ്പം പിന്നെ ഏറെക്കാലം പിന്നാക്ക – ദലിത് വിഭാഗങ്ങളുണ്ടാകില്ല. അവരാകെ വെല്‍ഫെയറായാല്‍ പിന്നെ കാര്യങ്ങള്‍ കൈപ്പിടിയിലാകാന്‍ അധികകാലം വേണ്ടെന്നുമായിരുന്നു കണക്ക്. ഇടത് മുന്നണിയുടെ തുടര്‍ഭരണവും അതില്‍ മുസ്‌ലിം സ്വാധീനമേഖലയുടെ സംഭാവനയും കണ്ടതോടെ അന്ധാളിപ്പായി. സമുദായാംഗങ്ങളെയെങ്കിലും ഇടത് ആഭിമുഖ്യത്തില്‍ നിന്ന് തിരിച്ചെടുത്തില്ലെങ്കില്‍ അപകടമെന്ന് നിനച്ചിരിക്കെയാണ് വഖ്ഫ് നിയമനത്തിലൊരു അവസരം കണ്ടത്. പ്രായോഗിക രാഷ്ട്രീയത്തിലെ ഈ അടവല്ലാതെ മറ്റൊന്നും വഖ്ഫ് ബോര്‍ഡിലെ, ഇല്ലാത്ത അവിശ്വാസി നിയമനം ചോദ്യംചെയ്ത് രംഗത്തെത്താന്‍ മറ്റൊന്നും ഇക്കൂട്ടര്‍ക്കില്ല.
അവിശ്വാസികളുടെ നിയമനത്തിലൂടെ വഖ്ഫ് സ്വത്തുകളുടെ കൈകാര്യമാകെ അവതാളത്തിലാകുമെന്ന് ഇപ്പോള്‍ വിലപിക്കുന്നവര്‍ക്ക്, 1961ല്‍ പട്ടികയിലാക്കിയ വഖ്ഫ് സ്വത്തുകള്‍ അന്യാധീനപ്പെടുകയോ കൈയേറ്റം ചെയ്യപ്പെടുകയോ ചെയ്തപ്പോള്‍ എന്തെങ്കിലും മനപ്രയാസമുണ്ടായിട്ടില്ല. സുന്നി വിഭാഗങ്ങളില്‍പ്പെട്ടവര്‍ വഖ്ഫ് ചെയ്യുകയോ, ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് വഖ്ഫ് ആക്കുകയോ ചെയ്ത സ്വത്തുകള്‍, പുരോഗമനനാട്യക്കാരായ തത്പരകക്ഷികള്‍ പിടിച്ചെടുക്കുമ്പോള്‍ കൈയടിക്കുകയോ പിടിച്ചെടുക്കാന്‍ ഒളിസേവ ചെയ്യുകയോ മാത്രമേ ഇക്കൂട്ടര്‍ ചെയ്തിട്ടുള്ളൂ. ആദായമെടുത്ത് ഖുര്‍ആന്‍ പഠിക്കാൻ ഉപയോഗിക്കണമെന്ന് വഖ്ഫ് ചെയ്ത ഭൂമി തട്ടിയെടുത്ത് ആശുപത്രി സ്ഥാപിച്ചവര്‍, പരാതി വന്നപ്പോള്‍ ഉന്നതന് കൈക്കൂലി നല്‍കി, ബോര്‍ഡിലെ വഖ്ഫ് രേഖ വാങ്ങിയെടുത്തത്, ആദര്‍ശനിഷ്ഠരായ നേതാക്കളുടെ കാര്‍മികത്വത്തിലായിരുന്നുവല്ലോ! അതിനൊക്കെ മടിക്കാത്തവര്‍ക്കെന്ത് വഖ്ഫ് സ്വത്ത് സംരക്ഷണം.
ഇപ്പോഴത്തെ കുഴമറിക്കലിന് അരു നില്‍ക്കുന്ന, എത്രതവണ പിളര്‍ന്നെന്ന കണക്ക് സ്വയമെടുക്കാന്‍ പോലും ത്രാണിയില്ലാത്ത മുജാഹിദ് വിഭാഗങ്ങള്‍ക്കുമുണ്ട് ലക്ഷ്യങ്ങള്‍. സുന്നി വിഭാഗങ്ങള്‍ക്ക് നിയന്ത്രണമുണ്ടായിരുന്ന വഖ്ഫ് സ്വത്തുകള്‍, രേഖകള്‍ തിരുത്തിയും നടത്തിപ്പിന് ചുമതലപ്പെടുത്തിയവരെ ചാക്കിലാക്കിയും സ്വന്തമാക്കിയിട്ടുണ്ട് അവര്‍. അത് നിലനിര്‍ത്തണം. ഒപ്പം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ആരംഭകാലം മുതല്‍ കൈയടക്കിയ അതിന്റെ നേതൃത്വത്തില്‍ തുടര്‍ന്നും വിലസാന്‍ അരങ്ങുണ്ടാകണം. പുരോഗമനചിന്താഗതിക്കാരെന്ന് സ്വയം അവകാശപ്പെട്ട്, ഭാഷയും വേഷവും കൊണ്ട് ഇതര വിഭാഗങ്ങളുമായി ഇടപഴകാന്‍ പറ്റിയത് തങ്ങളാണെന്ന പ്രതീതി ജനിപ്പിച്ച് (താടിയും തൊപ്പിയും ശുഭ്രവേഷവുമായി നടക്കുന്ന സുന്നികള്‍ ഇതരവിഭാഗങ്ങളുമായുള്ള ഇടപഴകലിന് തടസ്സമാകുമല്ലോ) സുന്നികളുടെ പിന്തുണ ഉറപ്പാക്കാന്‍ ബാഫഖി തങ്ങളെ പ്രസിഡന്റായി ഇരുത്തി, പാര്‍ട്ടിയുടെ ഭരണം നിയന്ത്രിച്ച് തുടങ്ങിയവര്‍ പിന്നീട് പാണക്കാട് തങ്ങന്‍മാരെ ആത്മീയനേതാവെന്ന ചട്ടക്കൂട്ടിലാക്കി ഭരണനിയന്ത്രണം തുടര്‍ന്നവര്‍ പുതിയകാലത്ത് സമുദായ ഏകീകരണം ഞങ്ങളുടെ കാര്‍മികത്വത്തിലാണെന്ന് സ്ഥാപിച്ചെടുത്ത് അധികാരം തുടരാന്‍ ശ്രമിക്കുകയാണ്. അതിനു വേണ്ടിയാണ് മുജാഹിദ് വിഭാഗങ്ങള്‍ ലീഗിനൊപ്പം അണിതെറ്റാതെ നിൽക്കുന്നത്.
വഖ്ഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി എസ് സിക്ക് വിടുന്നതിനെ ഇക്കൂട്ടരെല്ലാം എതിര്‍ക്കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. വഖ്ഫ് ബോര്‍ഡ് ഇങ്ങനെ തുടരണമെന്നും അതിന്റെ പ്രവര്‍ത്തനരീതിയില്‍ മാറ്റമൊന്നുമുണ്ടാകരുതെന്നുമുള്ള നിര്‍ബന്ധമാണത്. 1961ല്‍ സംസ്ഥാന വഖ്ഫ് ബോര്‍ഡ് രൂപീകൃതമായ കാലം മുതല്‍ അതിന്റെ ഭരണം മുസ്‌ലിം ലീഗിന്റെ കൈവശമാണ്, ഇടതുപക്ഷം ഭരിച്ചാലും. ബോര്‍ഡ് അംഗങ്ങളില്‍ സംസ്ഥാന നിയമസഭയിലെ മുസ്‌ലിം അംഗങ്ങളുടെയും പാര്‍ലിമെന്റിലെ മുസ്‌ലിം അംഗങ്ങളുടെയും പ്രതിനിധികള്‍ വേണം. പിന്നെ ബാര്‍ കൗണ്‍സില്‍ അംഗമായ മുസ്‌ലിം സമുദായാംഗം വേണം. വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലെ മുതവല്ലിമാരുടെ പ്രതിനിധികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് പേര്‍ എന്തായാലും ലീഗുകാരായിരിക്കും. ഇത്തരം മാനദണ്ഡങ്ങളൊക്കെ പാലിച്ച് ബോര്‍ഡിനെ നിശ്ചയിക്കുമ്പോള്‍ ഭൂരിപക്ഷം മിക്കപ്പോഴും ലീഗ് അംഗങ്ങള്‍ക്കോ ആ പാര്‍ട്ടി നിര്‍ദേശിക്കുന്നവര്‍ക്കോ ആകും. സംഗതി വഖ്ഫാണ്, അതിന്മേല്‍ കൂടുതല്‍ അറിവും അവകാശവും മലബാറില്‍ നിന്നുള്ള അംഗങ്ങള്‍ക്കാണ്, അതില്‍ തന്നെ ഭൂരിഭാഗവും മുസ്‌ലിം ലീഗിന്റെ പ്രതിനിധികളാണ്. അതുകൊണ്ട് വഖ്ഫ് ബോര്‍ഡിന്റെ കാര്യം അവര് നോക്കട്ടെ എന്ന് ഇടതുപക്ഷ സര്‍ക്കാറുകള്‍ പോലും വിചാരിച്ചു. ഇടക്കാലത്ത് സി പി എമ്മും മുസ്‌ലിം ലീഗും തമ്മിലുണ്ടായ അടവ് തന്ത്രങ്ങളും വഖ്ഫിലെ ലീഗ് ആധിപത്യം തുടരാന്‍ കാരണമായി.
മുതവല്ലിമാരുടെ പ്രതിനിധികളായി ലീഗ് നേതാക്കള്‍ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാക്കും വിധത്തില്‍ മാത്രമേ, വഖ്ഫ് ബോര്‍ഡില്‍ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാറുണ്ടായിരുന്നുള്ളൂ. വോട്ടെടുപ്പില്‍ ചില്ലറ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ലീഗ് നേതാക്കള്‍ ജയിക്കുന്നതായിരുന്നു പതിവ്. രണ്ട് ദശകമായി മുതവല്ലിമാരുടെ വോട്ടെടുപ്പിലൂടെ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ലീഗ് നേതാക്കളായ എം സി മായിന്‍ ഹാജിയും അഡ്വ. സൈനുദ്ദീനുമാണെന്നത് മാത്രം മതി തെളിവിന്. വഖ്ഫ് ബോർഡിൽ ലീഗിന് ഹിതകരമല്ലാത്ത അപേക്ഷകള്‍ വന്നാല്‍, അതിന്മേല്‍ നടപടി വൈകിപ്പിക്കും, ബോര്‍ഡിന്റെ പരിശോധനകള്‍ നീളും, പരിശോധനകള്‍ക്ക് ശേഷം വേണമെങ്കില്‍ ഫയലില്‍ ക്വറിയിടും – ഇതൊക്കെയാണ് പതിവ്. അതിന് പാകത്തിലുള്ളവരെ മാത്രം ബോര്‍ഡില്‍ ഉദ്യോഗസ്ഥരായി നിയമിക്കാറുള്ളൂ. വഖ്ഫ് സ്വത്തുകള്‍ കൈമാറിയെന്നത് സംബന്ധിച്ച് പരാതിയുണ്ടായാല്‍, അതിന്‍മേല്‍ തത്പരകക്ഷികള്‍ക്കു ഉപകാരപ്രദമാകും വിധത്തില്‍ തീരുമാനമെടുക്കണമെങ്കിലും ഇത്തരം ഉദ്യോഗസ്ഥര്‍ വേണം. വഖ്ഫ് ബോര്‍ഡ് തീരുമാനം ചോദ്യംചെയ്ത് ആരെങ്കിലും ട്രൈബ്യൂണലില്‍ പോയാല്‍, അവിടെ രേഖകള്‍ ഹാജരാക്കാതിരിക്കുകയോ, ഹാജരാക്കിയാല്‍ തന്നെ നീതി നടപ്പാകാതിരിക്കാന്‍ പാകത്തില്‍ അനുബന്ധ രേഖകള്‍ ചമയ്ക്കുകയോ വേണം. നിവൃത്തിയില്ലാത്ത ഘട്ടത്തില്‍ വഖ്ഫ് സ്വത്തുകളുടെ തിരിച്ചെടുപ്പിന് ബോര്‍ഡ് ഉത്തരവിട്ടാല്‍, ട്രൈബ്യൂണലിലോ പിന്നീട് കോടതിയിലോ ചോദ്യംചെയ്യുമ്പോള്‍ നിലനില്‍ക്കാത്ത വിധത്തില്‍ ആ ഉത്തരവ് രേഖപ്പെടുത്തണം – ഇതിനൊക്കെ പാകത്തിലുള്ള ഉദ്യോഗസ്ഥരുണ്ടാകണമെങ്കില്‍ അത് പി എസ് സി തിരഞ്ഞെടുത്താല്‍ പറ്റില്ല തന്നെ. മഹല്ലു തെരഞ്ഞെടുപ്പുകള്‍ ലീഗ് ഹിതത്തിന് അനുസരിച്ചോ മുജാഹിദ് അടക്കമുള്ള വിഭാഗങ്ങളുടെ താത്പര്യങ്ങള്‍ക്ക് ഹിതകരമാകും വിധത്തിലോ അട്ടിമറിക്കണമെങ്കിലും ഉദ്യോഗസ്ഥര്‍ അതിന് പാകത്തിലുള്ളവരാകണം. അതും പി എസ് സി തിരഞ്ഞെടുത്താല്‍ പറ്റില്ല.
സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന വഖ്ഫ് സംരക്ഷണ സമിതി, വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയനുസരിച്ച് ഏതാണ്ട് രണ്ടു ലക്ഷം കോടി രൂപ മൂല്യം വരുന്ന സ്വത്താണ് അന്യാധീനപ്പെടുകയോ കൈയേറ്റം ചെയ്യപ്പെടുകയോ ചെയ്തിരിക്കുന്നത്. ഇത് ഏതാണ്ട് ശരിവെക്കും വിധത്തിലാണ് കോടതി മുമ്പാകെ വിലിജന്‍സ് സമര്‍പ്പിച്ച ദ്രുത പരിശോധനാ റിപ്പോര്‍ട്ട്. ഇത്രയും മൂല്യം വരുന്ന സ്വത്ത് അനധികൃതമായി കൈവശം വെക്കാന്‍ അവസരമുണ്ടാകുന്നതിന് വിവിധ കക്ഷികള്‍, പലകാലങ്ങളിലായി കൈമാറിയ കോഴപ്പണം എത്രയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഈ ചക്കരക്കുടം അങ്ങനെയങ്ങ് തകര്‍ന്നുപോകരുതെന്ന് ബോര്‍ഡിനെ കാലങ്ങളായി നിയന്ത്രിച്ചുവരുന്ന മുസ്‌ലിം ലീഗ് നേതാക്കളും ആ പാര്‍ട്ടി തന്നെയും വിചാരിക്കുന്നതില്‍ അത്ഭുതമില്ല. അതിലൊരു വിഹിതം തങ്ങളുടെ ഭാഗമായ നേതാക്കളിലേക്കാണല്ലോ എത്തുന്നത് എന്ന ആഹ്ലാദത്തിനൊപ്പം ഇതിനകം കൈയേറിയവയുടെ ഉടമാവകാശം ചോദ്യംചെയ്യപ്പെടാതെ തുടരുമെന്ന ആശ്വാസം കൂടിയുണ്ടാകും സമുദായവികാരം ഉണര്‍ത്താന്‍ കാഹളം മുഴക്കുന്ന സംഘടനകളില്‍ ഭൂരിപക്ഷത്തിനും.
നഷ്ടപ്പെട്ടത് സുന്നികളുടെ സ്വത്താണെന്ന് തിരിച്ചറിയുന്നവരുണ്ട്. അതിന്റെ മൂല്യവും വഖ്ഫ് ലക്ഷ്യം പൂര്‍ത്തീകരിക്കുക എന്നത് ദൈവത്തോടുള്ള കടമയാണെന്ന് മനസ്സിലാക്കുന്നവരുമുണ്ട്. അതുകൊണ്ടാണ് ഐക്യവേദിയെന്ന പേരില്‍ പോരിനിറങ്ങാനൊരുങ്ങുമ്പോള്‍ വിലക്കാന്‍ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ തയാറായത്. നഷ്ടപ്പെട്ടതില്‍ കുറച്ചെങ്കിലും തിരിച്ചെടുത്ത് സമുദായത്തിന് ഗുണകരമായ വിധത്തില്‍ ഉപയോഗിക്കണമെന്ന ചിന്തയാണ്, സുന്നി സ്വത്വത്തെക്കുറിച്ചും അവരുള്‍ക്കൊള്ളുന്ന സംഘടനയുടെ വ്യക്തിത്വത്തെക്കുറിച്ചും ഓര്‍മിപ്പിക്കാന്‍ അദ്ദേഹത്തെപ്പോലുള്ളവരെ പ്രേരിപ്പിക്കുന്നത്.
മുജാഹിദുകളുടെ നേതൃത്വത്തില്‍, ജമാഅതെ ഇസ്‌ലാമിയുടെ രാഷ്ട്രീയം സ്വാംശീകരിച്ച് സമുദായത്തിന്റെ പിന്തുണ ഉറപ്പിച്ച് നിര്‍ത്താനും ദൈവത്തിന് സമര്‍പ്പിച്ച സ്വത്തുകളില്‍ ഇത്രയും കാലം നടത്തിയ തിരിമറി മറച്ചുവെക്കാനുമുള്ള ശ്രമമാണ് ഇപ്പോള്‍ മുസ്‌ലിം ലീഗ് നടത്തുന്നത്. അതിനൊരു മറയാണ് വഖ്ഫ് ബോര്‍ഡിലെ പി എസ് സി നിയമനം.
വി എം ഷൈജു
You must be logged in to post a comment Login