വേതനം വാങ്ങുന്നതിലെ ശരി തെറ്റുകള്‍

വേതനം വാങ്ങുന്നതിലെ  ശരി തെറ്റുകള്‍

ആധുനിക സാമ്പത്തിക ശാസ്ത്രത്തിലെ സൈദ്ധാന്തിക ചര്‍ച്ചകളില്‍ മാറ്റിനിർത്താൻ പറ്റാത്ത ഒന്നായി ലേബര്‍ മാര്‍ക്കറ്റ് വിലയിരുത്തപ്പെട്ടിട്ടുണ്ട്. തൊഴിലും (Labour) മൂലധനവും (Capital) ഒരുമിക്കുമ്പോഴാണ് സമ്പത്തുണ്ടാകുന്നത് (Wealth). അതുകൊണ്ട് തന്നെ, മൂലധനത്തിന് നല്‍കുന്ന അതേ പ്രാധാന്യം തൊഴിലിനും വേതനത്തിനും (Wage) നല്‍കുന്നുണ്ട്.

തൊഴിലും വികസനവും പരസ്പരം ബന്ധിച്ചു നില്‍ക്കുന്നുവെന്നാണ് മാക്രോ എക്കണോമിക്‌സിന്റെ പിതാവായി അറിയപ്പെടുന്ന വില്യം ബോമോളിന്റെ (William Baumol) വിശദീകരണം. തൊഴിലുണ്ടാകുമ്പോഴാണ് ഒരു നാട്ടില്‍ ഉത്പന്നങ്ങളും സേവനങ്ങളും വര്‍ധിക്കുന്നത്. അവ വര്‍ധിക്കുമ്പോഴാണ് വികസനം സാധ്യമാകുന്നത്. ആയതിനാല്‍, ഒരു തൊഴിലാളിയാവുക എന്നത് രാഷ്ട്ര നിര്‍മിതിയുടെ ഭാഗമാകുന്നതിന് തുല്യമാണ്.

എല്ലാ തൊഴിലുകളെയും നാം ബഹുമാനിക്കണം. ഒരു നാട്ടില്‍ എല്ലാതരം തൊഴിലാളികളും ഉണ്ടാകുമ്പോഴാണ് ആ നാട് സുസ്ഥിരമായ ഒരു നാടായി മാറുന്നത്. ഇമാം ഗസ്സാലി (റ) പറയുന്നത് ഇങ്ങനെയാണ്: “ഭൗതിക ജീവിതത്തിന്റെ നിലനില്‍പ്പിന് ആവശ്യമായ വിദ്യകളെല്ലാം പഠിക്കല്‍ സാമൂഹ്യ ബാധ്യതയാണ്. ഗണിതശാസ്ത്രവും വൈദ്യശാസ്ത്രവും അതിനുദാഹരണങ്ങളാണ്. നാട്ടില്‍ നിന്ന് ഒരാള്‍ പഠിച്ചാല്‍ എല്ലാവരും കുറ്റത്തില്‍ നിന്ന് രക്ഷപ്പെടുകയും ആരും പഠിച്ചില്ലെങ്കില്‍ എല്ലാവരും കുറ്റക്കാരാവുകയും ചെയ്യും. കൃഷി, വസ്ത്ര നിര്‍മാണം, തയ്യല്‍ തുടങ്ങി അടിസ്ഥാനപരമായ എല്ലാ തൊഴിലുകളും ചെയ്യല്‍ സാമൂഹ്യ ബാധ്യത തന്നെയാണ്’ (ഇഹ്്യാ ഉലൂമുദ്ദീന്‍).

ദിനേന തൊഴില്‍ ചെയ്ത് കുടുംബത്തെ പരിപാലിക്കുന്നവരാണ് നമ്മുടെ നാട്ടിലെ ബഹുഭൂരിഭാഗം ജനങ്ങളും. അതില്‍ പ്രൊഫഷണല്‍ ജോലികള്‍ ചെയ്ത് സാലറി വാങ്ങുന്നവരും അനൗദ്യോഗിക ജോലികളില്‍ ഏര്‍പ്പെട്ട് ദിവസക്കൂലി വാങ്ങുന്നവരുമുണ്ട്. നമ്മുടെ ജോലി, ലഭിക്കുന്ന വേതനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട ചുരുക്കം ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നത്.

വേതനം വാങ്ങുന്നതിലെ ശരി തെറ്റുകള്‍
വേതനവുമായി ബന്ധപ്പെട്ട് അനേകം തിയറികള്‍ ആധുനിക സാമ്പത്തിക ശാസ്ത്രത്തിലുണ്ട്. Subsistence Theory, Wages Fund Theroy, Residual Claimant Theory, Marginal Productivity Theory എന്നിവ ചില ഉദാഹരണങ്ങളാണ്. തൊഴിലാളിയും തൊഴില്‍ ദാതാവും പരസ്പരം പറഞ്ഞുവെക്കുന്നതാണ് വേതനമായി നല്‍കേണ്ടത് എന്നാണ് ഇസ്‌ലാം പറയുന്നത്. അത് രണ്ടു പേരും തൃപ്തിപ്പെടുന്ന വേതനമാവണം. അത് മുമ്പേ പറഞ്ഞുറപ്പിക്കുകയും വേണം. മുമ്പേ പറഞ്ഞുറപ്പിക്കാത്ത തൊഴിലുകള്‍ സ്വീകാര്യമല്ല. അങ്ങനെ വല്ല തൊഴിലും ചെയ്തു കഴിഞ്ഞെങ്കില്‍, ആ തൊഴിലിന് അര്‍ഹമായ ഒരു ന്യായവേതനം തൊഴിലാളിക്ക് വേറെത്തന്നെ നല്‍കുകയും വേണം (തുഹ്ഫതുല്‍ മുഹ്താജ്). ജോലി കഴിഞ്ഞതിനു ശേഷം കൂലി പറയുന്ന രീതി ശരിയല്ല. ജോലി ചെയ്യുന്നതിന് മുമ്പ് തന്നെ എന്താണ് ജോലിയെന്നും എത്രയാണ് വേതനമെന്നും ഇരുകൂട്ടരും അറിഞ്ഞിരിക്കേണ്ടതുണ്ട് എന്ന് ചുരുക്കം.

വേതനം നിര്‍ണിതമല്ലാത്ത തൊഴിലുകളില്‍ പോയി തലവെക്കുന്നത് ശ്രദ്ധിക്കണം. ഇന്ന് വ്യാപിച്ചു വരുന്ന മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് ശൃംഖലകളില്‍ ഇത്തരം പറഞ്ഞുറപ്പിക്കാത്ത വേതനം സ്വീകരിക്കുന്നത് കാണാറുണ്ട്. നമ്മുടെ കീഴിലായി ചേര്‍ക്കപ്പെട്ട രണ്ടു ഭാഗങ്ങളിലെ ബിസിനസ് വാല്യൂ തുല്യമാകുന്ന സമയത്ത് നമുക്ക് ലഭിക്കുന്ന വേതനത്തിന് ഒരു ജോലിയുടെ പിന്‍ബലമില്ല. മാത്രവുമല്ല, കിട്ടുന്ന വേതനം എത്രയാകുമെന്നത് നിര്‍ണിതവുമല്ല. ഇത്തരം ഇടപാടുകളില്‍ നിന്ന് കുടുംബ ധനകാര്യ സ്രോതസ്സിനെ സംരക്ഷിക്കാന്‍ പ്രത്യേക ശ്രദ്ധയുണ്ടാകണം.

നാം ചെയ്യുന്ന ജോലി ഇസ്‌ലാം അനുവദിക്കുന്ന ജോലിയാവണം. മദ്യ വില്‍പനയുമായി ബന്ധപ്പെട്ട മുഴുവന്‍ ജോലികളും നിഷിദ്ധമാണ്. പലിശയുമായി ബന്ധപ്പെട്ട ജോലികളെ തിരുനബി(സ്വ) ശക്തമായ ഭാഷയില്‍ വിലക്കിയിട്ടുള്ളതാണ്. ഇമാം ഇബ്നു ഹജര്‍(റ) പറയുന്നു: “പലിശ വാങ്ങുന്നവരും അതിനുവേണ്ടി ജോലി ചെയ്യുന്നവരും കപടന്മാരാണ്. പലിശയുമായി ബന്ധമുള്ള ഏതുകാര്യവും വന്‍ദോഷങ്ങളില്‍ പെട്ടതാണെന്ന് തിരുനബി (സ്വ) യുടെ വചനങ്ങളില്‍ നിന്നും വ്യക്തമാണ്’ (സവാജിര്‍). ഇതുപോലെ മതം വിലക്കിയ ചൂതാട്ടം, ലോട്ടറി തുടങ്ങിയ സേവനങ്ങളെ നിരുപാധികം സഹായിക്കുന്ന ജോലികളില്‍ നിന്നും വിട്ടുനില്‍ക്കണം.

നമുക്ക് ലഭിക്കുന്ന വേതനം ഇസ്‌ലാം നിഷിദ്ധമാക്കിയ വരുമാന മാര്‍ഗങ്ങളിലൂടെ കൈമാറി വന്ന ധനമാകാതിരിക്കാനും ശ്രദ്ധിക്കണം. പൂര്‍ണമായും തെറ്റായ ഇടപാടുകള്‍ നടത്തുന്ന ഒരു വ്യക്തിയുടെ കീഴില്‍ ജോലി ചെയ്യുന്നത് ശരിയല്ലെന്നു സാരം. കാരണം, അയാള്‍ നമുക്ക് നല്‍കുന്ന വേതനം അനുവദനീയമായ മാര്‍ഗങ്ങളിലൂടെ സമ്പാദിച്ചതല്ലെന്നുറപ്പാണ്. ഒരാളുടെ മിക്ക വരുമാനവും ഇസ്‌ലാം നിഷിദ്ധമാക്കിയ വരുമാന മാര്‍ഗങ്ങളിലൂടെയാണെങ്കില്‍ അവിടെ നിന്നും വിട്ടു നില്‍ക്കല്‍ നല്ലതാണ്. അത്തരം ആളുകളുടെ കീഴില്‍ ജോലി ചെയ്യുന്നത് ഏറ്റവും ചുരുങ്ങിയത് കറാഹത്തെങ്കിലുമാണ്.

പൊതുവെ ജോലിയെന്ന് പറയാന്‍ സാധിക്കുന്ന തൊഴിലുകള്‍ക്ക് മാത്രമേ വേതനം അവകാശപ്പെടാന്‍ സാധിക്കുകയുള്ളൂ. സാധാരണ ഗതിയില്‍ പ്രയാസമൊന്നുമില്ലാത്ത എന്തെങ്കിലും ഒരു വാക്ക് പറയാനൊക്കെ ഒരാളെ ജോലിക്ക് വിളിക്കുന്നത് അനുവദനീയമല്ല (തുഹ്ഫതുല്‍ മുഹ്താജ്). കേവലം ലിങ്ക് അയക്കുന്നതും മെസ്സേജ് ഫോര്‍വേഡ് ചെയ്യുന്നതും ജോലിയായി കാണുകയും അതിന് കൂലി വാങ്ങുകയും ചെയ്യുന്ന പ്രവണത നമ്മുടെ കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്നത് ശ്രദ്ധയോടെ കാണണം. തൊഴിലിന്റെ മര്‍മം അധ്വാനവും അധ്വാനത്തിലൂടെ ഉപഭോക്താവിന് ലഭിക്കുന്ന ഉപകാരവുമാണ്. ഇവ രണ്ടും ഉണ്ടാകുമ്പോള്‍ മാത്രമേ തൊഴിലിലൂടെ സമ്പാദിക്കുന്നവരുടെ കൂട്ടത്തില്‍ നാം ഉള്‍പ്പെടുകയുള്ളൂ.

ഇന്ന് നമ്മുടെ നാട്ടില്‍ ബ്രോക്കര്‍ ജോലികള്‍ സജീവമാണ്. ഭൂമി, കെട്ടിടം, വാഹനം തുടങ്ങിയ കാര്യം ബ്രോക്കര്‍ മുഖേനയാണ് വില്‍ക്കപ്പെടുന്നത്. സെയിൽസ്മാൻ ജോലിയും ഈ ഗണത്തില്‍ ഉള്‍പ്പെടുത്താം. ഇവിടെ കൃത്യമായ ജോലിയുണ്ടെങ്കില്‍ വേതനം വാങ്ങാന്‍ അര്‍ഹതയുണ്ട്. ഇല്ലെങ്കിലില്ല. നോക്കുകൂലി പോലെ ഒരു ജോലിയുമില്ലാതെ വേതനം കൈപ്പറ്റുന്നത് ഒരിക്കലും ശരിയല്ല.

എന്നാല്‍, വില്‍പനക്കാരന്റെ ഇടപെടലനുസരിച്ച് വിലയില്‍ മാറ്റമുണ്ടാകുന്ന ഉത്പന്നമാണെങ്കില്‍, അവിടെ വേതനം കൃത്യമായി നിര്‍ണയിച്ചിരിക്കണം. “ഈ ഉത്പന്നം ഇന്ന വിലക്ക് വില്‍ക്കാന്‍ വേണ്ടി 5000 രൂപ വേതനം നിശ്ചയിച്ചു’ തുടങ്ങിയ രൂപങ്ങള്‍ അനുവദനീയമാണ്. എന്നാല്‍, വേതനം നിര്‍ണയിക്കാതെ, ലാഭത്തിന്റെയോ വിലയുടെയോ നിശ്ചിത ശതമാനം എന്ന രൂപത്തില്‍ വേതനം നിര്‍ണയിക്കുന്നത് അനുവദനീയമല്ല.

ജോലിയുടെ വ്യാപ്തി എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കല്‍ നിര്‍ബന്ധമില്ല. അതറിയാതെയും ജോലി ചെയ്യാം. “എന്റെ നഷ്ടപ്പെട്ട ഉത്പന്നം കണ്ടു പിടിക്കുന്നവര്‍ക്ക് നിശ്ചിത തുക വേതനമായി നല്‍കും’ എന്ന് പറയുന്നത് പോലെ. അവിടെ നഷ്ടപ്പെട്ട ഉത്പന്നം കണ്ടെത്താനുള്ള അധ്വാനം നിര്‍ണിതമല്ലെങ്കിലും അതനുവദനീയമാണ്. കര്‍മശാസ്ത്രത്തില്‍ ഇതിന് ജുആലത് എന്നാണ് പറയുന്നത്. കള്ളനെ പിടിക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിക്കുന്നതൊക്കെ ഈ ഇനത്തിലാണ് ഉള്‍പ്പെടുക. ഇവിടെ ആരാണോ ജോലി ചെയ്യുന്നത്, അവര്‍ക്ക് വേതനം ലഭിക്കും. ജോലി ആദ്യമേ ഏറ്റെടുക്കണം എന്നില്ല.

ന്യായമായ വേതനം
ന്യായമായ വേതനം നല്‍കാന്‍ തൊഴില്‍ ദാതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ടാണല്ലോ ഇടപാട് അസാധുവാകുന്ന സമയത്തും തൊഴിലാളിക്ക് ജോലി ചെയ്തതിനുള്ള ന്യായവേതനം നല്‍കണമെന്ന് കര്‍മശാസ്ത്ര പണ്ഡിതര്‍ പറയുന്നത്. അവര്‍ക്ക് ന്യായവേതനം ലഭിക്കുമ്പോഴാണ് അവരുടെ Purchasing Power വര്‍ധിക്കുന്നത്. അപ്പോഴാണ് സമ്പദ്്വ്യവസ്ഥയില്‍ ചോദനം വര്‍ധിക്കുന്നതും വികസനമുണ്ടാകുന്നതും. തന്റെ തൊഴിലാളിയോട് മോശമായി പെരുമാറിയ അബൂ ദറുല്‍ ഗഫാരിയോട്(റ) “അല്ലാഹു നമ്മുടെ നിയന്ത്രണത്തിലാക്കിയ നമ്മുടെ സഹോദരങ്ങള്‍ തന്നെയാണവര്‍’ എന്ന് നബി തങ്ങള്‍ പറഞ്ഞുവെച്ചത് തൊഴിലാളികളോട് കാണിക്കേണ്ട ആദരവും മാന്യതയും നമ്മെ പഠിപ്പിക്കുന്നുണ്ട്.

നമ്മുടെ തൊഴിലും അതിന്റെ പരിസരവും നന്നാവേണ്ടത് കുടുംബ ജീവിതത്തില്‍ പ്രധാനമാണ്. കുടുംബ ജീവിതത്തിന്റെ ആണിക്കല്ലായ സമ്പത്തിനെ അല്ലാഹു അനുവദിച്ച വഴിയിലൂടെ മാത്രമേ സമ്പാദിക്കാന്‍ പാടുള്ളൂ. അത്തരം ജീവിതം നയിക്കുമ്പോള്‍ മാത്രമേ അവന്റെ അനുഗ്രഹങ്ങള്‍ നമുക്കുണ്ടാവുകയുള്ളൂ. ഈ ലോകത്തെ നിസാരമായ അന്‍പതോ നൂറോ വര്‍ഷങ്ങള്‍ക്കു വേണ്ടി ഒരിക്കലുമവസാനിക്കാത്ത കോടാനുകോടി വര്‍ഷങ്ങളെ നഷ്ടപ്പെടുത്തുന്നത് എന്തൊരു നഷ്ടക്കച്ചവടമാണ്!

സി എം ശഫീഖ് നൂറാനി അസ്സഖാഫി

You must be logged in to post a comment Login