വഖ്ഫ് സ്വത്തുകൾ പൊതുമുതലല്ല

വഖ്ഫ് സ്വത്തുകൾ പൊതുമുതലല്ല

ഒരിക്കല്‍ റസൂലിന്റെ സന്നിധിയില്‍ ഒരാള്‍ വന്ന് ഇപ്രകാരം ചോദിച്ചു: “ജനങ്ങള്‍ക്കിടയില്‍ നിന്നും അല്ലാഹുവിനു ഏറ്റവും ഇഷ്ടപ്പെട്ടവനാരാണ്? അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട പ്രവര്‍ത്തനം എന്താണ്?”

ഏതുവിശ്വാസിയും ആകാംക്ഷയോടെ കേൾക്കാനാഗ്രഹിക്കുന്ന ആ ഉത്തരം ഇങ്ങനെയായിരുന്നു: “ജനങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവന്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരം ചെയ്യുന്നവനാണ്. അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട സല്‍പ്രവര്‍ത്തിയാവട്ടെ, ഒരു വിശ്വാസിയുടെ ഹൃദയത്തെയും മനസിനെയും സന്തോഷിപ്പിക്കലുമാണ്. അല്ലെങ്കില്‍ മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളകറ്റലോ, കടം വീട്ടാന്‍ സഹായിക്കാലോ, വിശപ്പകറ്റാന്‍ ശ്രമിക്കലോ ആണ്. നിന്റെ സഹോദരന്റെ/ സഹമനുഷ്യന്റെ ഒരാവശ്യത്തിനുവേണ്ടി അവനോടൊപ്പം കൂടുന്നതും നടക്കുന്നതും എന്റെ ഈ പള്ളിയില്‍ ഒരു മാസം ഇഅ്തികാഫിരിക്കുന്നതിനെക്കാൾ‍- ഭജനമിരിക്കുന്നതിനെക്കാള്‍- എനിക്കിഷ്ടമാണ്” (ത്വബ്‌റാനി/ മുഅ്ജമുല്‍ കബീര്‍).
ഇസ്‌ലാമിന്റെ അടിസ്ഥാനസ്വഭാവമാണ് ഈ നബിവചനം ബോധ്യപ്പെടുത്തുന്നത്. എല്ലാ മതങ്ങളും ചില ആരാധനകള്‍ പഠിപ്പിച്ചിട്ടുണ്ട്. ഇസ്‌ലാമിനും തനതായ ചില ആരാധനാമുറകളുണ്ട്. അവ പ്രധാനമായും വ്യക്തിപരം, സാമൂഹികം എന്നിങ്ങനെ രണ്ടായിത്തിരിക്കാം. ഇതില്‍ സമൂഹത്തിനുവേണ്ടി ചെയ്യുന്നത് അഥവാ മറ്റുള്ളവര്‍ക്ക് വേണ്ടിചെയ്യുന്നത് ചെറുതാണെങ്കിലും വലുതാണെങ്കിലും മഹത്തായൊരു ആരാധനയായാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. തന്നെപ്പോലെയോ അല്ലെങ്കില്‍ അതിലുപരിയോ മറ്റുള്ളവനുവേണ്ടി ചെയ്യുകയെന്നത് ഒരു മുസ്‌ലിമിന്റെ വിശ്വാസത്തെയാണ് അടയാളപ്പെടുത്തുന്നത്. വഴിയിലുള്ള മുള്ള് നീക്കുന്നതുപോലും ഇസ്‌ലാമിലെ സുപ്രധാന ആരാധനയായി റസൂൽ(സ്വ) പരിചയപ്പെടുത്തിയത് ഈയർഥത്തിലാണ്. അന്യനു വിഷമം സൃഷ്ടിക്കാതിരിക്കുക എന്നത് പ്രധാനമായതുപോലെത്തന്നെ അന്യരുടെ വിഷമങ്ങളകറ്റുക എന്നതും ആരാധനയാണെന്ന് ചുരുക്കം. ഇതുകൊണ്ടാണ് ദാനധര്‍മങ്ങള്‍ ഇസ്‌ലാം വളരെയധികം പ്രോത്സാഹിപ്പിച്ചത്. മറ്റു മതങ്ങളില്‍നിന്നും വിഭിന്നമായി വിവിധയിനം ദാനധര്‍മങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ ഇസ്‌ലാം പരിചയപ്പെടുത്തി. ഇവയില്‍ ചിലത് നിര്‍ബന്ധവും മറ്റു ചിലത് വളരെ പുണ്യമുള്ളവയുമാണ്. സകാത്ത്, ഫിദ്്യ തുടങ്ങിയവയെല്ലാം നിര്‍ബന്ധമായതും വഖ്ഫ്, സുന്നത്തായ സ്വദഖകള്‍ എന്നിവ അതീവ പുണ്യമുള്ള ഗണത്തിലും പെട്ടതാണ്.

നിര്‍ബന്ധമായ ദാനധർമങ്ങൾക്കും സുന്നത്തായവയ്ക്കും പ്രതിഫലം ലഭിക്കുന്നതിനും സാധുവാകുന്നതിനും ചില പ്രത്യേക നിബന്ധനകള്‍ പാലിക്കേണ്ടതും നിയമവൃത്തത്തിനകത്തുമായിരിക്കണം. ഈ നിബന്ധനകളും നിയമങ്ങളും ഓരോ ദാനധര്‍മത്തിന്റെയും സ്വഭാവത്തിലും മാറ്റങ്ങള്‍ വരുത്തുന്നു. സകാത് ഒരു വ്യക്തിക്ക് നല്കപ്പെട്ടാല്‍, ലഭിച്ച വ്യക്തിക്ക് അതില്‍ ഏതുവിധേനയും ക്രയവിക്രയം ആകാവുന്നതാണ്. ഇതുപോലെയാണ് മറ്റു സ്വദഖകളും. ഇതെല്ലാം മനുഷ്യജീവിതത്തിന് ആവശ്യവുമാണ്. എന്നാല്‍ ഇവയൊന്നും ഒരുപക്ഷേ ലഭിച്ച വ്യക്തിക്ക് സ്ഥിരവരുമാനം പ്രദാനം ചെയ്യുന്നതായിരിക്കില്ല. പണവും ഭക്ഷണസാധനങ്ങളുമെല്ലാം സകാതിന്റെ ഇനങ്ങളില്‍ പെടുന്നു. ഇവ കാലങ്ങളോളം ഉപയോഗിക്കാൻ പറ്റുന്നതോ സ്ഥായിയായ വരുമാനം പ്രദാനം ചെയ്യുന്നതോ അല്ലല്ലോ. ഈ ആവശ്യങ്ങളെ അഡ്രസ് ചെയ്യാന്‍ സംവിധാനം ആവശ്യമാണെന്ന വസ്തുതതയില്‍ നിന്നുമാണ് വഖ്ഫ് സമ്പ്രദായത്തിന്റെ പ്രസക്തി വ്യക്തമാകുന്നത്.
വഖ്ഫ് ഒരു സ്ഥിരവരുമാന രീതിയാണ്. ലോകത്തുള്ള കോടിക്കണക്കിനു ദരിദ്രര്‍, ആയിരക്കണക്കിന് സാമൂഹ്യ-സന്നദ്ധ സംഘടനകള്‍, മതപരവും മാനുഷികവുമായ സംവിധാനങ്ങള്‍ എന്നിവയ്ക്കെല്ലാം എക്കാലത്തേക്കും വരുമാനമായി നിലനിര്‍ത്തിപ്പോരാന്‍ ഇസ്‌ലാം ആവിഷ്‌കരിച്ച രീതിയാണ് വഖ്ഫ്. ഇസ്‌ലാമില്‍ മാത്രമുള്ള ഈ രീതിയാണ് കഴിഞ്ഞ ഒന്നര സഹസ്രാബ്ദം മുസ്‌ലിംലോകത്തിനകത്തും പുറത്തും കോടാനുകോടി മനുഷ്യര്‍ക്ക് അത്താണിയായി പ്രവര്‍ത്തിച്ചതും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും. സുസ്ഥിര വികസനം അഥവാ sustainable development എന്നൊരാശയം ഇസ്‌ലാം വളരെ നിര്‍ബന്ധപൂര്‍വം മുന്നോട്ടുവെച്ചതിന്റെ അനന്തരഫലംകൂടിയാണ് വഖ്ഫ് എന്ന് ഇക്കാരണം കൊണ്ടുതന്നെ വായിച്ചെടുക്കാനാകും. മനുഷ്യന്റെ ആവശ്യങ്ങള്‍ ഒറ്റയടിക്ക് തീരുന്നതല്ലെന്നും അവ ആവര്‍ത്തന സ്വഭാവമുള്ളതാണെന്നും എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടുതന്നെ നിത്യേന സഹായം ലഭിക്കേണ്ടവരെ മുഖ്യധാരയിലേക്കുയര്‍ത്താന്‍ ഒറ്റയടിക്ക് നല്‍കുന്ന സംഭാവനകളും സ്വദഖകളും മാത്രം പര്യാപ്തമല്ലെന്ന് ഇസ്‌ലാം നിരീക്ഷിച്ചു. അതേസമയം പെട്ടെന്നുള്ള ആവശ്യങ്ങള്‍ നികത്താനും തദ്വാരാ സാമ്പത്തികാഭിവൃദ്ധി കരസ്ഥമാക്കാനും ഇവ ആവശ്യമാണു താനും. എന്നാല്‍, വഖ്ഫ് മുഖേന അതാതു മനുഷ്യര്‍ക്ക് സ്ഥിരമായി വരുമാനം ലഭിക്കുകയും ആത്യന്തികമായി സമൂഹത്തിന്റെ സുസ്ഥിര വികസനം സാധ്യമാവുകയും ചെയ്യുന്നു.

നബിയുടെ(സ്വ) കാലം മുതല്‍ തന്നെ ഇസ്‌ലാമികലോകത്ത് വഖ്ഫ് വളരെ സുപരിചിതമാണ്. സമ്പന്നരായ സ്വഹാബികള്‍ തങ്ങളുടെ സ്വത്തുളില്‍ നല്ലൊരു ഭാഗം വഖ്ഫ് ചെയ്യാന്‍ മത്സരിച്ചു. ഖൈബറില്‍ ഉമറിനു(റ) ലഭിച്ച വളരെ അമൂല്യമായ ഭൂമി എന്തുചെയ്യണമെന്ന് റസൂലിനോട് ചോദിച്ചപ്പോള്‍ ഒരിക്കലും അണഞ്ഞുപോകാത്ത രൂപത്തില്‍ എക്കാലത്തും വരുമാനം ലഭിക്കുന്ന വിധം സ്വദഖഃ ചെയ്യാനായിരുന്നു നബിയുടെ (സ്വ) ആഹ്വാനം. ഉമര്‍ (റ) ഇതനുസരിക്കുകയും അങ്ങനെ ഇസ്‌ലാമിലെ ആദ്യ വഖ്ഫ് പ്രായോഗികമായി ആവിഷ്‌കരിക്കുകയും ചെയ്തു. മദീനയിലെ ജലക്ഷാമം നേരിടാന്‍വേണ്ടി ഉസ്മാന്‍ (റ) ബിഅ്ര്‍ റോമ വന്‍തുക നല്‍കി സ്വന്തമാക്കുകയും ശേഷം വഖ്ഫ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന്, ലോകത്ത് മുസ്‌ലിംകള്‍ താമസിക്കുന്ന സ്ഥലങ്ങളിലൊക്കെയും, തങ്ങളുടെ ആരാധനാലയങ്ങള്‍ക്കു വേണ്ടി, മതപരവും ഭൗതികവുമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി, ആരോഗ്യ-ആശുപത്രി സംവിധാങ്ങള്‍ക്കുവേണ്ടി, പാവങ്ങള്‍ക്കും വിധവകള്‍ക്കും അനാഥകള്‍ക്കും വേണ്ടി, മറ്റനേകം ആവശ്യങ്ങള്‍ക്കുവേണ്ടി വഖ്ഫുകള്‍ ചെയ്തുപോന്നു; അവ പ്രസ്തുത ആവശ്യങ്ങള്‍ക്കുവേണ്ടി സംരക്ഷിക്കപ്പെടുകയും മഹത്തായൊരു സാമൂഹ്യസേവനത്തിന്റെ ഏറ്റവും വലിയ ഭാഗമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
വഖ്ഫ് എന്ന അറബി പദത്തിനർഥം പിടിച്ചുവെക്കുക, തടഞ്ഞുവെക്കുക എന്നെല്ലാമാണ്. ഒരു പ്രത്യേക വസ്തുവിനെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മാത്രം പിടിച്ചുവെക്കുന്നതുകൊണ്ടും മറ്റുള്ള കൈകടത്തലുകളില്‍നിന്നും തടഞ്ഞുവെക്കുന്നതുകൊണ്ടുമാണ് ഈ പേര് നല്‍കപ്പെട്ടത്. വസ്തു നിലനിര്‍ത്തിക്കൊണ്ടുതന്നെ അതിന്റെ പ്രയോജനം അഥവാ ഉപകാരം ഇസ്‌ലാം പ്രകാരം അനുവദനീയമായ മാര്‍ഗത്തിലേക്ക് നീക്കിവെക്കുക എന്ന് വഖ്ഫിനെ ഒറ്റവാക്കില്‍ നിര്‍വചിക്കാം. ഉദാഹരണത്തിന്, ഒരാള്‍ തന്റെ ഉടമസ്ഥതയിലുള്ള ഭൂമി നാട്ടിലെ അനാഥകള്‍ക്ക് വഖ്ഫ് ചെയ്യുന്നുവെന്ന് പറഞ്ഞാല്‍ അതിനർഥം പ്രസ്തുത ഭൂമിയുടെ ഉപകാരം അല്ലെങ്കില്‍ പ്രയോജനം അനാഥകള്‍ക്ക് നല്‍കണമെന്നാണ്. ആ ഭൂമിയില്‍നിന്നും കിട്ടുന്ന എല്ലാ വരുമാനവും ഉപകാരത്തിന്റെ പരിധിയില്‍ വരുമെങ്കിലും ഭൂമി വില്‍ക്കാനോ, അനന്തരമായി നല്‍കാനോ, മറ്റുവഴികളിലൂടെ ഭൂമിയെ നശിപ്പിക്കുന്ന പ്രവണതയിലേര്‍പ്പെടാനോ പാടില്ല. അനാഥകള്‍ക്കല്ലാതെ മറ്റാര്‍ക്കും ഇതിന്റെ ഉപകാരവും പ്രയോജനവും നല്കുകയുമരുത്. ഇങ്ങനെ വഖ്ഫ് ചെയ്യുന്ന വ്യക്തിക്ക് ഇസ്‌ലാമിക കർമശാസ്ത്രപ്രകാരം വാഖിഫ് എന്നാണ് പറയുക. വഖ്ഫ് ചെയ്യപ്പെട്ട ഭൂമിയുടെ നിയന്ത്രണമേറ്റെടുക്കുന്ന/ ഏല്‍പ്പിക്കുന്നയാള്‍ക്ക് നാളിര്‍ അല്ലെങ്കിൽ മുതവല്ലി എന്നു പറയും. ആരെയും ഏല്പിക്കുന്നില്ലെങ്കിലോ, അല്ലെങ്കില്‍ ഏല്‍പ്പിക്കപ്പെട്ട വ്യക്തി അവ്യക്തമായാലോ നിയന്ത്രണാധികാരം നാട്ടിലെ ഖാളിയില്‍ നിക്ഷിപ്തമായിരിക്കുകയും ചെയ്യും.

നേരത്തെ പറഞ്ഞതുപോലെ, വഖ്ഫിന്റെ സാധുതക്ക് ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. ഇതില്‍ പ്രധാനമായത് വഖ്ഫ് ചെയ്യപ്പെടുന്ന വസ്തുവിന്റെ സ്വഭാവം തന്നെയാണ്. ഉപകാരം അഥവാ പ്രയോജനം എടുക്കുന്നതുമുഖേന പ്രസ്തുത വസ്തു നശിക്കുന്നുവെങ്കില്‍ അവയൊരിക്കലും വഖ്ഫിനു പറ്റില്ല. മെഴുകുതിരിയും ഭക്ഷണങ്ങളുമെല്ലാം വഖ്ഫിനു പറ്റാത്തത് ഇക്കാരണം കൊണ്ടാണ്. അവയുടെ യഥാര്‍ത്ഥ ഉപയോഗം ആ വസ്തുവിന്റെ നാശത്തിലേക്കാണ് ചെന്നെത്തിക്കുന്നത്. ഈ നിബന്ധനക്ക് പുറമെ വഖ്ഫിന്റെ വസ്തു ഹലാലായിരക്കണമെന്നും ഇസ്‌ലാം നിഷ്കര്‍ഷിച്ചു. പിടിച്ചുപറിച്ച സ്വത്തോ, മോഷണം നടത്തിയതോ, തന്റെ ഉടമസ്ഥതയിലില്ലാത്തതോ ഒരിക്കലും വഖ്ഫിനു പറ്റില്ല. മയക്കുമരുന്നുപോലെയുള്ള ഉപയോഗം ഹറാമായ ഒരു സാധനവും വഖ്ഫ് ചെയ്യാന്‍ പറ്റില്ല; അത്തരം വഖ്ഫുകള്‍ സാധുവാകുകയുമില്ല. ഇസ്‌ലാം വിരോധിച്ച വിനോദങ്ങള്‍, ഇസ്‌ലാമിനെ കുറ്റപ്പെടുത്തുകയും അവിശ്വസിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം ഈ ഗണത്തിലാണ് ഉള്‍പ്പെടുക. ഇതേപ്രകാരം നിര്‍ണിതമായ വസ്തുവിനെ മാത്രമേ വഖ്ഫിനു പറ്റൂ. എന്റെ വീടുകളില്‍ ഒരു വീട് വഖ്ഫാക്കി എന്നുപറയുന്നതുകൊണ്ട് വഖ്ഫ് സാധുവാകില്ല. കാരണം വസ്തുവിനെ നിജപ്പെടുത്തിയിട്ടില്ലല്ലോ. ആര്‍ക്കാണോ വഖ്ഫ് ചെയ്യപ്പെടുന്നത്, പ്രസ്തുത വ്യക്തിയെ, വിഭാഗത്തെ, സമൂഹത്തെ വ്യക്തമാക്കണമെന്നതും വഖ്ഫിന്റെ നിബന്ധനകളിലൊന്നാണ്. രണ്ടാലൊരു പള്ളിക്ക്, അല്ലെങ്കില്‍ രണ്ടാലൊരു വിഭാഗത്തിന് എന്നുപറഞ്ഞ് വഖ്ഫ് ചെയ്യാന്‍ പാടില്ല.

ആര്‍ക്കും എപ്പോഴും വഖ്ഫ് ചെയ്യാമെന്ന നിലപാടും ഇസ്‌ലാമിനില്ല. വഖ്ഫ് ഒരു ഇടപാടും ആരാധനയുമാണ്. അതുകൊണ്ടുതന്നെ രണ്ടിന്റെയും ഉപാധികള്‍ പാലിക്കേണ്ടിവരും. ഇടപാടുകളുടെ പൊതുസ്വഭാവം ഇടപാട് നടത്തുന്ന വ്യക്തികള്‍ക്ക് പ്രായപൂര്‍ത്തിയുണ്ടാവണമെന്നതാണ്. കൂടാതെ ബുദ്ധിയും വേണം. മാനസിക ക്രമക്കേടുള്ള വ്യക്തികള്‍ക്കും കുട്ടികള്‍ക്കും വഖ്ഫ് ചെയ്യാന്‍ പറ്റാതിരിക്കുന്നത് ഇക്കാരണം കൊണ്ടുമാത്രമാണ്. എന്നാല്‍ ഇവരുടെയൊക്കെ പേരില്‍ വഖ്ഫ് ചെയ്യപ്പെടാവുന്നതാണ്. പ്രസ്തുത വഖ്ഫില്‍നിന്നും കിട്ടുന്ന വരുമാനം ഇത്തരമാളുകള്‍ക്ക് നല്‍കുകയും വേണം. എന്താവശ്യത്തിനുവേണ്ടിയാണോ വഖ്ഫ് ചെയ്യുന്നത് പ്രസ്തുത ആവശ്യം നിലവിലുണ്ടായിരിക്കുകയും വേണം. നിര്‍മിക്കാനിരിക്കുന്ന പള്ളിക്കുവേണ്ടി അല്ലെങ്കില്‍ അടുത്ത പ്രളയത്തില്‍ വീടുനഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി എന്നെല്ലാം കരുതി വഖ്ഫ് ചെയ്താല്‍ സാധുവാകില്ല എന്നു പറയുന്നത് ഇക്കാരണത്താലാണ്.
വഖ്ഫിന്റെ സ്വഭാവങ്ങളില്‍ ഏറ്റവും പ്രധാനമായത് അവ അന്ത്യനാള്‍ വരെ വ്യക്തികളുടെ ഉടമസ്ഥതയിലേക്ക് മാറില്ല എന്നതാണ്. അതുകൊണ്ടുതന്നെ പത്തുകൊല്ലത്തേക്ക് വഖ്ഫാക്കി എന്ന പ്രയോഗം ശരിയല്ല. സമയപരിധിയോ കാലപരിധിയോ നിശ്ചയിക്കുന്ന വഖ്ഫ് സാധുവാകുകയുമില്ല. ഇതുപോലെത്തന്നെയാണ് അടുത്ത വര്‍ഷം മുതല്‍ എന്റെ ഭൂമി വഖ്ഫാക്കി എന്നുപറയലും. അതേസമയം മരണാനന്തരം വഖ്ഫാക്കി എന്നൊരാള്‍ പറഞ്ഞാല്‍ അത് സാധുവാകുകയും അനന്തരാവകാശികളുടെ സമ്മതത്തോടെ മുഴുവന്‍ സ്വത്തും വഖ്ഫാകുകയും ചെയ്യും. അനന്തരാവകാശികള്‍ക്ക് സമ്മതമില്ലെങ്കില്‍ മൂന്നിലൊന്നു സമ്പത്തില്‍ മാത്രമേ വഖ്ഫ് ബാധകമാകൂ.

ഒരു വസ്തു വഖ്ഫാക്കുന്നതു നിമിത്തം അതിന്റെ ഉടമസ്ഥാവകാശം പൂര്‍ണമായും അല്ലാഹുവിലേക്ക് നീങ്ങുന്നതുകൊണ്ടുതന്നെ വാഖിഫ് ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ക്കുവേണ്ടി വഖ്ഫ് സ്വത്തിനെ വകമാറ്റി ചെലവഴിക്കാന്‍ പാടില്ല. ജനങ്ങള്‍ ഇന്ന് തീരെ ബോധവാന്മാരല്ലാത്ത അടിസ്ഥാന നിയമമാണിത്. മറ്റു ആവശ്യങ്ങള്‍ക്കുവേണ്ടി വഖ്ഫ് ചെയ്തതില്‍ നിന്നും സ്‌കോളര്‍ഷിപ്പുകള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം നടത്തുന്ന പ്രവണത ഇന്നുണ്ട്. പലപ്പോഴും വഖ്ഫ് ബോര്‍ഡ് പോലും ഇത്തരം കെണിവലകളില്‍ കുടുങ്ങാറുണ്ടെന്നും പറയപ്പെടുന്നു. ഇത് വാഖിഫിന്റെ അടിസ്ഥാന താല്പര്യത്തോട് എതിരാകുന്നതിനാല്‍ ഒരിക്കലും സമ്മതിക്കാനാവില്ല. വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് വ്യത്യസ്ത വഖ്ഫ് സ്വത്തുകള്‍ കണ്ടെത്തുകയും വഖ്ഫ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് വേണ്ടത്. അതല്ലാതെ, വഖ്ഫ് ചെയ്തയാളെ ധിക്കരിച്ച് വകമാറ്റി ചെലവഴിക്കുകയല്ല. ഖബ്‌റിനരികിൽ ഖുര്‍ആന്‍ ഓതാന്‍ പറഞ്ഞ് വഖ്ഫ് ചെയ്ത വസ്തുവിന്റെ വരുമാനം അതിനുവേണ്ടി തന്നെ വിനിയോഗിക്കണം. റബീഉല്‍ അവ്വലിലോ മറ്റോ മൗലിദ് പാരായണം ചെയ്യാന്‍ വഖ്ഫ് ചെയ്തതും അതേ ആവശ്യത്തിനുവേണ്ടിത്തന്നെ ഉപയോഗിക്കണം. ഇത്തരം ആവശ്യങ്ങളെയെല്ലാം തിരസ്‌കരിച്ച് സ്വകാര്യ മുതലാളിമാരുടെ കീശ വീര്‍പ്പിക്കാന്‍ വ്യത്യസ്ത പദ്ധതികള്‍ക്ക് വഖ്ഫ് ഭൂമി വിട്ടുകൊടുക്കുന്ന പ്രവണത അനിസ്‌ലാമികവും കുറ്റകരവുമാണ്. ഇപ്പറഞ്ഞതില്‍ നിന്നും ഒരു കാര്യം വ്യക്തമാണല്ലോ; വഖ്ഫ് സ്വത്ത് പൊതുമുതലല്ല. എല്ലാ പൊതുആവശ്യങ്ങള്‍ക്കും എല്ലാ വഖ്ഫും ഉപയോഗിക്കാനും പാടില്ല.
ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ട ഉത്തരവാദിത്വം മുതവല്ലിക്ക് അഥവാ നാളിറിനാണ്. ഇദ്ദേഹത്തെ വഖ്ഫ് ചെയ്യുന്നയാളാണ് നിയമിക്കേണ്ടത്. വാഖിഫിന് സ്വന്തം തന്നെയും അതിനുശേഷം തന്റെ മക്കളെയും നാളിറായി നിയമിക്കാവുന്നതാണ്. ഇങ്ങനെ നിയമിക്കപ്പെടുന്നയാള്‍ക്ക് ഉത്തരവാദിത്വം നിര്‍വഹിക്കാനുള്ള പ്രാപ്തിയുണ്ടാവണം. അതുകൊണ്ടുതന്നെ കുട്ടികള്‍, ഭ്രാന്തന്മാര്‍, വേണ്ടതുപോലെ കാര്യപ്രാപ്തിയില്ലാത്തവര്‍ തുടങ്ങിയവരെയൊന്നും മുതവല്ലിയാക്കാന്‍ പറ്റില്ല. വഖ്ഫ് സ്വത്ത് അന്യാധീനപ്പെട്ട് പോകുന്നില്ലെന്നും അവകാശികള്‍ക്ക് കിട്ടുന്നുണ്ടെന്നുമെല്ലാം മുതവല്ലി ഉറപ്പുവരുത്തണം. വഖ്ഫ് സ്വത്ത് നശിച്ചുപോകാതെ പരമാവധി സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും ഇദ്ദേഹത്തിനാണ്. ഉദാഹരണത്തിന് കെട്ടിടം വഖ്ഫ് ചെയ്താല്‍ അറ്റകുറ്റപ്പണികളെല്ലാം നിര്‍വഹിക്കണം. വഖ്ഫിനെ സംബന്ധിച്ചുള്ള ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ അറിയുന്ന വ്യക്തിയായിരിക്കണം ഇദ്ദേഹം. എന്നാല്‍ മാത്രമാണല്ലോ അദ്ദേഹത്തിന് വഖ്ഫ് സ്വത്ത് വേണ്ടതുപോലെ സംരക്ഷിക്കാനാകുന്നത്. വാഖിഫ് നിയമിച്ച മുതവല്ലിക്കുശേഷം പിന്നീട് ആരാണ് പ്രസ്തുത അധികാരത്തില്‍ വരികയെന്നതും വഖ്ഫിന്റെ സമയത്ത് നിര്‍ണയിക്കണം. അത്തരമാളുകളിലേക്ക് വഖ്ഫ് വന്നാല്‍ സൂക്ഷ്മത കൈവെടിയാതെ ശ്രദ്ധിക്കുകയും വേണം. ധാരാളം മുതവല്ലിമാരുള്ള നമ്മുടെ നാട്ടില്‍ ഇവ്വിഷയത്തില്‍ കൂടുതല്‍ അവബോധം ആവശ്യമാണ്. മുതവല്ലിമാരുടെ അശ്രദ്ധയും നിക്ഷിപ്തതാല്പര്യങ്ങളുമാണ് വഖ്ഫ് സ്വത്തുകള്‍ ഇന്ന് നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളിലൊന്ന്. ഇത് തരണം ചെയ്ത് ഓരോ വഖ്ഫ് ഭൂമിയും വസ്തുവും സമ്പത്തും അതിന്റെ മുറക്ക് വേണ്ടതുപോലെ ഉപയോഗിച്ചാല്‍ തീര്‍ച്ചയായും വഖ്ഫ് വലിയൊരു വിപ്ലവം തന്നെ സൃഷ്ടിക്കും. ഇന്ന് വിവാദങ്ങളില്‍ മാത്രം പരിചിതമായ ഈ പദം നമ്മുടെ നിത്യജീവിതത്തിന്റെ, രാഷ്ട്രനിര്‍മാണത്തിന്റെ, സാധുസംരക്ഷണത്തിന്റെ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ, ആരോഗ്യ- സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമാകും. അതിനു കൂട്ടായ ശ്രമങ്ങള്‍ ആവശ്യമാണ്.

ഡോ. ഉമറുൽഫാറൂഖ് സഖാഫി കോട്ടുമല

You must be logged in to post a comment Login