ബ്രിട്ടീഷ് ഭരണവും ഖിലാഫതും: വീക്ഷണഭേദങ്ങളുടെ ന്യായങ്ങൾ

ബ്രിട്ടീഷ് ഭരണവും ഖിലാഫതും: വീക്ഷണഭേദങ്ങളുടെ ന്യായങ്ങൾ

ബ്രിട്ടീഷുകാരുടേത് അക്രമ ഭരണകൂടമായിരുന്നോ അല്ലേ എന്നതാണ് മലബാര്‍ സമര സംബന്ധിയായി പണ്ഡിതന്മാര്‍ക്കിടയില്‍ അരങ്ങേറിയ മറ്റൊരു ചര്‍ച്ച. ഖിലാഫത് അനുകൂലികളുടെ വീക്ഷണ പ്രകാരം കൊളോണിയല്‍ വാഴ്ച ക്രൂരതകള്‍ നിറഞ്ഞതായിരുന്നു.

ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാരുടെ മുഹിമ്മാതുല്‍ മുഅ്മിനീന്‍ ഉള്‍പ്പെടെയുള്ള പല രചനകളിലും ബ്രിട്ടീഷ് അതിക്രമങ്ങളുടെ വിവരണങ്ങള്‍ കാണാം. അടിസ്ഥാന അവകാശങ്ങളെപ്പോലും ഹനിക്കുന്ന സമീപന രീതികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പാരതന്ത്ര്യത്തിന്റെ നീരാളിക്കരങ്ങളിലാണിപ്പോള്‍ രാജ്യം, സമരരംഗത്തിറങ്ങി ഈ ദയനീയ സാഹചര്യത്തിന് അറുതി വരുത്തേണ്ടത് അത്യാവശ്യമാണ് എന്നിങ്ങനെയുള്ള വീക്ഷണങ്ങള്‍ അവര്‍ പങ്കുവെച്ചു.
മല്‍ജഉല്‍ മുതവസ്സിലീന്‍ ബിസാദാതില്‍ ബദ്്രിയ്യീന്‍ എന്ന കാവ്യത്തിലൂടെ ഖിലാഫത് പക്ഷത്തു നിന്ന് ഈ വാദങ്ങള്‍ക്ക് അക്ഷരാവിഷ്‌കാരം നല്‍കിയ പണ്ഡിതനാണ് കോക്കൂര്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ (1872-1935). ഖിലാഫത് സമരത്തെ പിന്തുണച്ചത് കാരണം അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ തടവിലാക്കി. ജയില്‍വാസക്കാലത്താണ് അദ്ദേഹം ബദ്ർ യുദ്ധത്തില്‍ പങ്കെടുത്ത മഹാരഥന്മാരുടെ നാമങ്ങള്‍ ഉള്‍പ്പെടുത്തി മല്‍ജഉല്‍ മുതവസ്സിലീന്‍ രചിക്കുന്നത്. തത്ഫലമായി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ ജയില്‍ മോചിതനായി എന്നാണ് ചരിത്രം. ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിച്ച രചനകളില്‍ ഒന്നായിരുന്നു ഇത്.

പ്രാരംഭ മുറകള്‍ക്ക് ശേഷം, ബദര്‍ യുദ്ധത്തില്‍ പങ്കെടുത്ത പുണ്യ പുരുഷന്മാരെ മധ്യവര്‍ത്തികളാക്കി ജയില്‍ മോചനത്തിന് വേണ്ടി പ്രാർഥന നിര്‍വഹിച്ചാണ് കവിതയുടെ തുടക്കം. ശേഷം വൈദേശിക ഭരണകൂടത്തിന്റെ അക്രമപ്രവര്‍ത്തനങ്ങള്‍ വിദശീകരിക്കുന്നു. “ക്രൂരരായ ഭരണാധികാരികള്‍ ഞങ്ങളെ ആക്രമിച്ചിരിക്കുന്നു. അവര്‍ പള്ളികള്‍ പൊളിച്ചു. മുസ്ഹഫുകളും വിശുദ്ധഗ്രന്ഥങ്ങളും അഗ്‌നിക്കിരയാക്കി. ഞങ്ങളെ അവര്‍ അറസ്റ്റ് ചെയ്തിരിക്കുകയാണ്. അവര്‍ ഞങ്ങളുടെ അഭിമാനം പിച്ചിച്ചീന്തിയിരിക്കുന്നു, മതത്തെ അപമാനിച്ചിരിക്കുന്നു, ബന്ധുക്കളെയും വേണ്ടപ്പെട്ടവരെയും ആക്രമിച്ചിരിക്കുന്നു, ജനങ്ങള്‍ മരണാസന്നരായി എപ്പോഴാണ് അല്ലാഹുവിന്റെ സഹായം എന്ന് ചോദിച്ചു കൊണ്ടിരിക്കുകയാണ്” തുടങ്ങിയ കാര്യങ്ങള്‍ അവതരിപ്പിച്ച് അക്രമികളുടെ ബന്ധനങ്ങളില്‍ നിന്ന് രക്ഷ ലഭിക്കാനും ശത്രുസൈന്യത്തെ നിഷ്പ്രഭമാക്കാനും പ്രാർഥിക്കുന്നു. ഉല്‍കൃഷ്ടരുടെ കരങ്ങളില്‍ ഞങ്ങളുടെ അധികാരം ഏല്‍പ്പിക്കണമെന്നും തുര്‍ക്കി സൈന്യത്തെയും ഖലീഫയെയും അഫ്ഗാന്‍ അമീറിനെയും സഹായിക്കണമെന്നും കവി അഭ്യർഥിക്കുന്നുണ്ട്.
എന്നാല്‍ “ബ്രിട്ടീഷ് ഗവര്‍മെണ്ട് ഇന്ത്യാ ഭരണകര്‍ത്താവായിട്ട് രണ്ട് നൂറ്റാണ്ടുകാലം ഞമ്മളെ ശആഇറുല്‍ ഇസ്‌ലാമായ ദീനില്‍ വന്‍കാര്യങ്ങളായ ഒന്നിനെയും തടസ്തം ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നാണ്’ മഹ്ഖുല്‍ കിലാഫയില്‍ മമ്മദ്കുട്ടി മുസ്‌ലിയാര്‍ സമർഥിക്കുന്നത്. “മാത്രമല്ല, ഞമ്മളെ ദീനില്‍ പുതുതായി ഏത് കാഫിറും വന്നുചേരുന്നതിന് ഗവര്‍മെണ്ട് തടസ്തം ചെയ്യുന്നില്ലെന്ന് മാത്രമല്ല വേറെ വല്ല കാഫിറും തടസ്തം ചെയ്താല്‍ കൂടി ഞായമായ സഹായം ഞമ്മള്‍ക്ക് കിട്ടല്‍ പതിവാണ്’ എന്നും മമ്മദ്കുട്ടി മുസ്‌ലിയാര്‍ തുടര്‍ന്ന് വിശദീകരിക്കുന്നുണ്ട്.

തുര്‍ക്കി ഖലീഫയാണ് തങ്ങളുടെ യഥാര്‍ത്ഥ ഖലീഫയെന്നാണ് മലബാര്‍ സമര അനുകൂലികളായ ചില പണ്ഡിതന്മാര്‍ വാദിച്ചിരുന്നത്. 1921ല്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ രൂപപ്പെടുന്നതില്‍ ഈ നിലപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആലി മുസ്‌ലിയാര്‍ , ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാര്‍, പുതിയാപ്ല അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പാങ്ങില്‍ എ പി അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയ പണ്ഡിതരായിരുന്നു സമരങ്ങള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്. തട്ടാങ്ങര കുട്ട്യാമു മുസ്‌ലിയാര്‍, മഖ്ദൂം കുഞ്ഞന്‍ ബാവ മുസ്‌ലിയാര്‍, കൗടിയമ്മാന്റകത്ത് അബ്ദുല്ല കുട്ടി മുസ്‌ലിയാര്‍, യൂസുഫുല്‍ ഫള്ഫരി, കരിമ്പനക്കല്‍ പോക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പോരാട്ട വിരുദ്ധ സമീപനങ്ങള്‍ സ്വീകരിച്ചവരായിരുന്നു. തുര്‍ക്കി ഖലീഫ ലോക മുസ്‌ലിംകളുടെ മുഴുവന്‍ പ്രതിനിധി അല്ല, ആ രാജ്യത്തിന്റെ മാത്രം ഖലീഫയാണ്, എല്ലാവര്‍ക്കും അവരുടെ നിയമങ്ങള്‍ ബാധകമല്ല എന്നായിരുന്നു ഈ പണ്ഡിതന്മാരുടെ നിലപാട് .
ഇരുപതാം നൂറ്റാണ്ടിലെ ആഗോള രാഷ്ട്രീയത്തെ സൂക്ഷ്മമായി ഗവേഷണ വിധേയമാക്കിയാല്‍ മാത്രമേ നമുക്ക് ഈ നിലപാടുകളിലെ ശരിതെറ്റുകള്‍ വേര്‍തിരിച്ചറിയാന്‍ സാധിക്കൂ. ഖിലാഫത് പ്രസ്ഥാന രൂപീകരണത്തിന്റെ പാര്‍ശ്വത്തില്‍ മാത്രം വികാസം പ്രാപിച്ചവയല്ല ഖിലാഫത്, ബ്രിട്ടീഷ് വിഷയങ്ങളിലുള്ള കേരളീയ ഉലമാക്കള്‍ക്കിടയിലെ അഭിപ്രായ അന്തരങ്ങള്‍. ഉസ്മാനിയ്യ ഭരണകൂടം അനുവര്‍ത്തിച്ച രാഷ്ട്രീയ നയങ്ങളോട് അവര്‍ വര്‍ഷങ്ങൾക്കു മുമ്പേ പ്രതികരിക്കുന്നുണ്ട്.

ഒന്നാം ലോകമഹായുദ്ധത്തിന്റെ ആരംഭഘട്ടത്തില്‍ തിരൂരില്‍ നടന്ന സമ്മേളനത്തിന്റെ റിപ്പോര്‍ട്ട് അതിന് തെളിവാണ്. പൊന്നാനി വലിയ ജാറത്തിങ്കല്‍ ആറ്റക്കോയ തങ്ങളായിരുന്നു ഈ സമ്മേളനത്തിന് നേതൃത്വം നല്‍കിയത്. ശേഷം മലബാര്‍ ജില്ലാ കലക്ടര്‍ക്ക് അദ്ദേഹം ഇപ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു:
“We the moplas of Tirur, a muslim centre of Malabar, assembled in mass meeting today in Tirur moplah school premises expressed unswerving loyalty and devotion to British throne, conducted special prayers in procession led through bazar for success of British arms and protested against Turkey’s attitude and action whole bazar closed and partook in the meeting, procession and prayers, Valiya Jarathingal Attakkoya Thangal of Ponnani, Charirman

(മലബാറില്‍ മുസല്‍മാന്‍മാരെ പ്രധാനമായി ഉള്ളതായ തിരൂരിലെ മാപ്പിളമാരായ ഞമ്മള്‍ ഇന്ന് (നവംബർ 6ന്) തിരൂര്‍ മാപ്പിള സ്‌കൂളില്‍ കൂടി ഞങ്ങള്‍ക്ക് ബ്രിട്ടീഷ് കോയ്മയോടുള്ള രാജഭക്തിയും വാത്സല്യവും കാണിക്കുകയും ബ്രിട്ടീഷിന്റെ ജയത്തിനുവേണ്ടി പ്രത്യേക പ്രാർഥനകളോടു കൂടി എഴുന്നള്ളത്തായി അങ്ങാടികളില്‍ കൂടി പോവുകയും തുര്‍ക്കിയുടെ വിലയെയും പ്രവര്‍ത്തികളെയും പറ്റി ഞങ്ങള്‍ക്കുള്ള ആക്ഷേപത്തെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അങ്ങാടിയിലുള്ള പീടികകള്‍ എല്ലാം പൂട്ടി കച്ചവടക്കാരും മറ്റും പ്രാർഥന മുതലായതിന്ന് ചേര്‍ന്നു.
പൊന്നാനി വലിയ ജാറത്തിങ്കല്‍ ആറ്റക്കോയ തങ്ങള്‍, ചെയര്‍മാന്‍,ഒപ്പ്(മിതവാദി, നവമ്പര്‍ 11, 1914, P. 2)

(തുടരും)

ഉമൈർ ബുഖാരി ചെറുമുറ്റം

You must be logged in to post a comment Login