മനുഷ്യന്റെ സകല വ്യവഹാരങ്ങൾക്കും അതിര് നിശ്ചയിക്കുകയും അതിനനുസൃതമായി ജീവിതത്തെ ക്രമീകരിക്കാൻ നിർദേശിക്കുകയും ചെയ്ത മതമാണ് ഇസ്‌ലാം. മനുഷ്യനു മേൽ നിയന്ത്രണങ്ങൾ പാടില്ലെന്നും സർവസ്വതന്ത്രമായി വിഹരിക്കാൻ അവസരമുണ്ടാകണമെന്നുമാണ് ലിബറലിസത്തിന്റെ അടിസ്ഥാന കാഴ്ചപ്പാട്.
അനിയന്ത്രിതമായ സ്വാതന്ത്ര്യം എന്നത് പ്രത്യക്ഷത്തിൽ ആകർഷകവും അനുഭൂതിദായകവുമായി അനുഭവപ്പെടുമെന്നതിനാൽ പൊതുവെ സ്വീകാര്യത കിട്ടുന്നുണ്ട്. പക്ഷേ, ആഴത്തിലുള്ള അന്വേഷണങ്ങളും, അനുഭവങ്ങളും ലിബറലിസത്തിന്റെ അപകടത്തെ വെളിപ്പെടുത്തുന്നുണ്ട്.
ധാർമികതയെ വികലമായി അവതരിപ്പിക്കുന്ന ലിബറലിസ്റ്റുകൾ വ്യക്തിസ്വാതന്ത്ര്യത്തിൽ മതമോ, ഭരണകൂടമോ ഇടപെടരുതെന്നാണ് ആവശ്യപ്പെടുന്നത്. അത് പരമമായ സ്വാതന്ത്ര്യത്തിന് വിഘാതം സൃഷ്ടിക്കുന്നുവെന്നാണ് വാദം. വ്യക്തികളിലധിഷ്ഠിതമായ ഉദാരതാവാദം മുന്നോട്ടു വെക്കുമ്പോൾ സംഭവിക്കുന്ന സാമൂഹിക പ്രശ്നങ്ങളെ ലിബറലിസ്റ്റുകൾ വകവെക്കുന്നില്ല. അതുകൊണ്ട് കുറ്റകരമായ സ്വാതന്ത്ര്യമാണ് ലിബറലുകൾ ആവശ്യപ്പെടുന്നതെന്ന് പറയേണ്ടിവരും.
പ്രായപൂർത്തിയായാൽ മാതാപിതാക്കളെന്നോ, മക്കളെന്നോ വ്യത്യാസമില്ലാതെ ആരുമായും ലൈംഗികബന്ധമാകാം എന്ന നയമായിരുന്നു ഫ്രാൻസിനുണ്ടായിരുന്നത്. അതിരുകളില്ലാത്ത വ്യക്തിസ്വാതന്ത്ര്യം അവകാശമാണ് എന്ന ലിബറൽ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് “ഇൻസെസ്റ്റ്’ ഫ്രാൻസ് നിയമവിധേയമാക്കിയത്. എന്നാൽ അവർ ഇപ്പോൾ തിരിഞ്ഞു നടക്കുകയാണ്. രാജ്യത്ത് സൃഷ്ടിക്കപ്പെട്ട വലിയ രീതിയിലുള്ള അരാജകത്വമാണ് ഫ്രാൻസിനെ മാറിചിന്തിപ്പിച്ചത്. ഫ്രഞ്ച് വിപ്ലവത്തിനുശേഷം രക്തബന്ധമുള്ള വരുമായുള്ള ലൈംഗികബന്ധവും സ്വവർഗലൈംഗികതയും ക്രിമിനൽ കുറ്റത്തിന്റെ പട്ടികയിൽ നിന്നൊഴിവാക്കിയ ഫ്രാൻസിലെ ഭരണകൂടം ഇപ്പോൾ പറയുന്നത് രാജ്യത്തെ പത്തിൽ ഒരാൾ “ഇൻസെസ്റ്റിന്റെ’ ഇരകളാണെന്നാണ്. ഇതിൽ 78 ശതമാനം പേരും സ്ത്രീകളാണത്രെ. നിയമ പരിരക്ഷയുടെ ചുവടുപിടിച്ച് രാജ്യത്ത് കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ പതിവാണെന്നും നിയമപരമായി മാത്രമല്ല സാമൂഹികമായും ഈ ആചാരം ഇല്ലാതാകേണ്ടതുണ്ടെന്നും ഫ്രഞ്ച് ചൈൽഡ് പ്രൊട്ടക്ഷൻ ചാരിറ്റി പറയുന്നു.
പുരോഗമനപരമെന്ന് വാഴ്ത്തപ്പെടുന്ന എല്ലാ ആശയങ്ങളുടെയും പ്രയോക്താക്കളായ ഫ്രാൻസിന്റെ ഈ പിൻവാങ്ങലിൽ പല പാഠങ്ങളുമുണ്ട്. അനിയന്ത്രിതമായ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടാലുള്ള അപകടത്തിന്റെ ആധുനിക ഉദാഹരണമായി ഫ്രാൻസിനെ നമുക്കെടുക്കാം.
ഇസ്‌ലാം അതിരുകൾ നിർണയിച്ചത് യഥാർത്ഥത്തിൽ മനുഷ്യന്റെ അവകാശങ്ങളെ സംരക്ഷിക്കാനും സുരക്ഷിതത്വം ഉറപ്പാക്കാനും വേണ്ടിയാണ്, തടവറയിൽ തള്ളാനല്ല. അതിരുവിട്ട സ്വാതന്ത്ര്യം മറ്റുള്ളവരുടെ അവകാശങ്ങളുടെമേൽ കടന്നു കയറാനുള്ള അനുമതിയായി മാറുന്നുണ്ട്.
സ്വയം ശരിയാണെന്ന് തോന്നുന്നത് നന്മയായും മോശമാണെന്ന് കരുതുന്നത് തിന്മയായും തീരുമാനിക്കുന്നതാണ് ലിബറൽ മതം. അങ്ങനെ വരുമ്പോൾ പൊതു സമൂഹവും രാജ്യവുമൊക്കെ നിശ്ചയിക്കുന്ന നിയമങ്ങളിൽ പലതും ലിബറലിസത്തെ സംബന്ധിച്ച് തെറ്റായിരിക്കാം. ആ ബോധ്യത്തിൽ അവർ പ്രവർത്തിച്ചാൽ സമൂഹം അരാജകമാകുമെന്നതിൽ സംശയമില്ല. ഈ അരാജകാവസ്ഥ ഒഴിവാക്കാനാണ് മതം ധാർമിക മൂല്യങ്ങളാൽ മനുഷ്യനെ ബന്ധിക്കുന്നത്. ആത്യന്തികമായി മനുഷ്യ സമൂഹത്തിന് മതനിയമങ്ങൾ ഗുണകരമാകുന്നതും അതുകൊണ്ടാണ്.
ലിബറലിസം എല്ലാ സ്വാതന്ത്ര്യങ്ങളെയും വകവെച്ചു തരുന്നുവെന്നാണ് അവകാശപ്പെടുന്നത്. പ്രയോഗത്തിലേക്ക് വരുമ്പോൾ അതൊട്ടും കാണാനുമില്ല. ലിബറൽ ഫാഷിസത്തിന്റെ അനവധി ഉദാഹരണങ്ങൾ കാണാനാകും.
എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടാവണമെന്ന് പറയുകയും മതങ്ങളെ അവഹേളിക്കുകയും ചെയ്യുക, ഇതിനെതിരെ വിശ്വാസികൾ സംസാരിക്കുമ്പോൾ അസഹിഷ്ണുതയായി കാണുക, ലിബറൽ ആശയമായ എൽ ജി ബി ടി പൊളിറ്റിക്സിനെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുക, അങ്ങനെ ശ്രമിക്കുന്നവർക്കെതിരെ ട്രാൻസ്ഫോബിയ ആരോപിക്കുക തുടങ്ങിയവയെല്ലാം ലിബറൽ ഫാഷിസത്തിന്റെ ചെറുപതിപ്പുകളാണ്.
ഇതര മതങ്ങൾക്ക് മതരാജ്യങ്ങളിൽ ചില സ്വാതന്ത്ര്യങ്ങൾ ഇല്ല എന്ന് വിലപിക്കുകയും തങ്ങളുടെ രാജ്യങ്ങളിൽ എല്ലാ മതങ്ങളുടെയും അനേകം സ്വാതന്ത്ര്യങ്ങളെ വിലക്കുകയും ചെയ്യുന്ന വൈരുധ്യവും
അടിച്ചേൽപ്പിക്കാൻ പാടില്ല എന്ന് പറയുമ്പോഴും ഇതരരിലേക്ക് തങ്ങളുടെ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്ന പ്രവണതയും ലിബറലിസ്റ്റുകളിൽ സാധാരണ കാണുന്നുണ്ട്.
ഇസ്‌ലാം മനുഷ്യന്റെ വ്യക്തി- സ്വകാര്യ- സാമൂഹിക ജീവിതത്തിലിടപെടുന്നത് അവന്റെ തന്നെ വിജയത്തിനു വേണ്ടിയാണ്. സാമൂഹികസുരക്ഷയുടെ സ്ഥാപനത്തിനാണ്. അതിനൊരു ധാർമിക ചട്ടക്കൂട് അനിവാര്യമാണ്. അതാണ് മതം മുന്നോട്ടുവയ്ക്കുന്നത്. മനുഷ്യരുടെ ധാർമിക വളർച്ചക്ക് വേണ്ടി അല്ലാഹു നിശ്ചയിച്ച അതിരുകളെ ലിബറലിസം തെറ്റായി വ്യാഖ്യാനിക്കുകയും ഇസ്‌ലാം വിലക്കുകളുടെ മതമായി മാത്രം അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പലപ്പോഴും മുസ്‌ലിംനാമധാരികൾ തന്നെ ആ വാദത്തെ പിന്തുണക്കാൻ തയാറാകുന്നുമുണ്ട്. ലിബറൽ മുസ്‌ലിം എന്ന പുതിയൊരു വിഭാഗം തന്നെ ഉടലെടുത്തിട്ടുണ്ട്. യഥാർത്ഥത്തിൽ ഇസ്‌ലാം നിശ്ചയിച്ച വിധിവിലക്കുകളുടെ ഗുണഭോക്താക്കളാണ് നമ്മൾ. ലിബറലിസം ആധിപത്യം സ്ഥാപിച്ചിടത്ത് കുടുംബ ബന്ധങ്ങൾ തകരുകയും, ലഹരി പോലുള്ളവ ഒരു തലമുറയെ തന്നെ നശിപ്പിക്കുകയും, സ്ത്രീ പീഡനങ്ങൾ വർധിക്കുകയും ചെയ്തിട്ടുണ്ട്. സമീപകാലത്ത് വാർത്തയിലിടം പിടിച്ച കപ്പിൾ സ്വാപ്പിംഗും, മെഡിക്കൽ കോളജ് വിദ്യാർഥികളുടെ ലഹരി ഉപയോഗവും, പുരോഗമന മുഖം മൂടിയണിഞ്ഞ ഇരപിടിയൻമാരുടെ പീഡന കഥകളുമെല്ലാം ലിബറലിസം ആഘോഷമാക്കിയതിന്റെ ഉദാഹരണങ്ങളായിരുന്നു.
ലിബറലിസത്തിന്റെ ആകാശത്ത് കഴുകന്മാരുടെ ഇരകളാകാൻ മാത്രം പറന്നു കൊണ്ടിരിക്കുന്നവർ ചില കാലങ്ങളിൽ സ്വാതന്ത്ര്യവും ഒരു തടവറയാണെന്ന് ഓർക്കുക.
(സി എന്‍ ജഅ്ഫര്‍: എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി)
You must be logged in to post a comment Login