ധാർമികമൂല്യനിഷേധവും ലിബറൽ വ്യക്തിവാദവും പോപ്പുലിസത്തെ വളർത്തുന്ന വിധം

ധാർമികമൂല്യനിഷേധവും  ലിബറൽ വ്യക്തിവാദവും  പോപ്പുലിസത്തെ  വളർത്തുന്ന വിധം

2021 ഫെബ്രുവരി 27ന് ജയ്പൂർ ലിറ്റററി ഫെസ്റ്റിവലിനോടനുബന്ധിച്ച് ഡോ. ശശി തരൂരും ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രഫസർ മിഖായേൽ സാൻഡലും തമ്മിൽ ഒരു മുഖാമുഖ സംഭാഷണം നടക്കുകയുണ്ടായി. മെറിറ്റു വിവാദത്തിന്റെ സ്വേച്ഛാധിപത്യം: പൊതു നന്മക്കെന്തു സംഭവിച്ചു(The Tyranny of Merit: What’s Become of the common Good) എന്ന സാൻഡലിന്റെ പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു ആ സംഭാഷണം. ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസം, അന്താരാഷ്ട്ര സിവിൽ സർവീസ് അനുഭവ സമ്പത്തിന്റെ ഇരുപത്തിരണ്ടിലധികം പുസ്തകങ്ങളിലൂടെ ഇന്ത്യക്കകത്തും പുറത്തും താൻ ആസ്വദിക്കുന്ന പ്രശസ്തി തുടങ്ങി പൊതുവിൽ ഇന്ത്യൻ മധ്യവർഗത്തിലെ ബഹുഭൂരിപക്ഷത്തിന്റെയും ആരാധനാ പാത്രമായ തരൂരും, സമകാലിക അക്കാദമിയിലും പുറത്തും ഏറെ പ്രശസ്തനായ അക്കാദമികും പ്രഭാഷകനുമായ സാൻഡലും തമ്മിൽ നടന്ന സംഭാഷണം ഉള്ളടക്കം കൊണ്ടും, അവർ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ- ബൗദ്ധിക ധാരയെപ്രതിയും ശ്രദ്ധയർഹിക്കുന്നുണ്ട് എന്ന് ഞാൻ കരുതുന്നു. ലിബറൽ ചിന്തകനും ലിബറൽ ആശയങ്ങളും നയങ്ങളും പ്രചരിപ്പിക്കുന്ന രാഷ്ട്രീയക്കാരനുമാണെന്ന് ശശി തരൂർ സ്വയം വിശേഷിപ്പിക്കുന്നു. എന്നാൽ ലിബറൽ രാഷ്ട്രീയ ചിന്തയുടെയും(Liberal Political thought) പടിഞ്ഞാറൻ ലിബറൽ/ റിപ്പബ്ലിക്കൻ രാഷ്ട്രീയത്തിന്റെയും വിമർശകനാണ് സാൻഡൽ. 1996ൽ അദ്ദേഹം എഴുതിയ Democracy’s Discontent (ജനാധിപത്യത്തിന്റെ അസംതൃപ്തികൾ) എന്ന പുസ്തകത്തിലൂടെ അമേരിക്കയിൽ ഒരു സ്വേച്ഛാധിപത്യ ജനകീയ വാദരാഷ്ട്രീയത്തിന്റെ (Authoritative Populist politics) കടന്നുവരവിനെ പ്രവചിച്ച ചിന്തകൻ കൂടിയാണ് മിഖായേൽ സാൻഡൽ. തന്റെ പുസ്തകത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി:

“ലിബറലിസം തകരുകയും അതിർത്തികൾ ഉയർത്തിക്കെട്ടുന്ന അവ്യക്തതകളെ ഇല്ലാതാക്കുന്ന, അകത്തുള്ളവരും പുറത്തുള്ളവരും തമ്മിലുള്ള(Insiders and outsiders) വ്യത്യാസങ്ങളെ കഠിനമാക്കിത്തീർക്കുന്ന, നമ്മുടെ രാജ്യത്തെയും സംസ്കാരത്തെയും തിരിച്ചുപിടിക്കുകയും ഒരു രാഷ്ട്രീയം വാഗ്ദാനം ചെയ്യുന്ന ആളുകൾക്ക് വഴിതെളിയുകയും ചെയ്യും.’

സോവിയറ്റ് യൂണിയന്റെ തകർച്ചയിലും ലിബറൽ രാഷ്ട്രീയ സാമ്പത്തിക സാമ്രാജ്യത്തിന്റെ വിജയത്തിലും മതിമറന്നിരുന്ന പടിഞ്ഞാറൻ ലോകത്ത് സാൻഡലിന്റെ വാക്കുകൾക്ക് ഏറെയൊന്നും ശ്രദ്ധയോ പ്രാധാന്യമോ കിട്ടിയില്ല. പക്ഷേ, അമേരിക്കൻ ഐക്യനാടുകളിൽ ഡൊണാൾഡ് ട്രംപ് എന്ന തീവ്ര വലതുപക്ഷ ജനകീയവാദി അധികാരത്തിൽ എത്തിയപ്പോൾ, അയാളുടെ രണ്ടു തിരഞ്ഞെടുപ്പ് ക്യാമ്പയിനുകളിലെ ആക്രോശങ്ങളും നാലു വർഷക്കാലത്തെ ഭരണകാലവും സാൻഡൽ 1996ൽ നൽകിയ മുന്നറിയിപ്പിനെ അക്ഷരം പ്രതി ശരിവെച്ചു. മെക്സിക്കൻ അതിർത്തിയിലെ വന്മതിലും മുസ്‌ലിംകൾക്ക് അമേരിക്കൻ വിസ നിഷേധിച്ചതും എണ്ണിയാലൊടുങ്ങാത്ത വംശീയ പുലഭ്യങ്ങളും എല്ലാത്തിനും മേമ്പൊടിയെന്നവണ്ണം Make America Great Again (അമേരിക്കയെ വീണ്ടും മഹത്തരമാക്കുക) എന്ന മുദ്രാവാക്യവും ട്രോളുകൾക്കപ്പുറം ഗൗരവതരമായ വിശകലനം തേടുന്നവയാണ്.
സാൻഡലും തരൂരും തമ്മിലുള്ള ചർച്ചയുടെ വിഷയം മുൻസൂചിപ്പിച്ചതുപോലെ തന്നെ സാൻഡലിന്റെ പുസ്തകമാണ്. Meritocracy ‘യോഗ്യതാവാദം’ എന്ന സമകാലിക സമൂഹത്തിലെ മൂല്യവിചാരത്തെയും സമൂഹത്തിലെ വരേണ്യ വർഗത്തിനും സാധാരണക്കാർക്കും ഇടയിൽ വലിയ വിടവ് സൃഷ്ടിക്കുക വഴി മെറിറ്റോക്രസി പോപ്പുലിസ്റ്റ് രാഷ്ട്രീയത്തിന് വിളനിലമൊരുക്കുന്നതിനെയും കുറിച്ചാണ് പുസ്തകത്തിലെ പ്രതിപാദനം. മെറിറ്റ് ഒരു ജനാധിപത്യ സമൂഹത്തിൽ തീർക്കുന്ന ധാർമികച്യുതിയും, സാധാരണ ജനങ്ങൾക്കിടയിൽ സൃഷ്ടിക്കുന്ന സാമൂഹികരോഷവും അമേരിക്കയിൽ ട്രംപിനെയും ബ്രസീലിൽ ബോൺ സെലാരോയെയും ഹംഗറിയിൽ വിക്ടർ ഒർബാനെയും അധികാരത്തിൽ എത്തിക്കുന്നതിൽ പ്രധാന കാരണമായെന്നും ജർമനിയിലെ തിരഞ്ഞെടുപ്പുകളിൽ എ എഫ് ഡി എന്ന തീവ്ര വലതുപക്ഷ വംശീയ രാഷ്ട്രീയ പാർട്ടിക്ക് പത്തു ശതമാനത്തിലധികം വോട്ടുകൾ നൽകി എന്നുമുള്ള സാൻഡലിന്റെ വാദം തന്നെ അമ്പരപ്പിച്ചു എന്നുപറഞ്ഞാണ് ശശി തരൂർ സംസാരം തുടങ്ങുന്നത്. വ്യക്തിയുടെ അധ്വാനം, ജീവിത വിജയം, നല്ലൊരു ജീവിതം കെട്ടിപ്പടുക്കുക എന്നിവയിൽ മെറിറ്റോക്രസി ഉത്തേജനപരമായ പങ്കുവഹിക്കുന്നു എന്നാണ് തന്റെ നിലപാട് എന്നും അദ്ദേഹം പറയുകയുണ്ടായി. പൊതുവിൽ ആളുകളെ ഉത്തേജിപ്പിക്കേണ്ട, പഠനത്തിലും തൊഴിലിലും ബിസിനസിലുമെല്ലാം ഉയരങ്ങൾ താണ്ടാനുള്ള ഉത്തേജനമുണ്ടാക്കുന്ന മെറിറ്റോക്രസി ഒരു വലിയ സാമൂഹിക അപചയമുണ്ടാക്കുമെന്നും പോപുലിസത്തിന്റെ വളർച്ച എന്ന അപകടകരമായ രാഷ്ട്രീയ സാഹചര്യവും സൃഷ്ടിക്കുമെന്നും മനസിലാക്കണമെങ്കിൽ കമ്പോള സമൂഹവും മെറിറ്റോക്രസിയും തമ്മിലുള്ള പരസ്പര ബന്ധവും ഇവയെ സാധ്യമാക്കുന്ന ലിബറലിസ്റ്റ് ആശയധാരയുടെ അടിസ്ഥാന പ്രമാണങ്ങളും വിശകലനം ചെയ്യേണ്ടതുണ്ട്.

കഴിവുള്ളവന്റെ അധികാരവ്യവസ്ഥയും ആത്മാനുരാഗ അഹങ്കാരവും
കുലീനാധിപത്യ അധികാര വ്യവസ്ഥക്ക് (Aristocraticy) എതിരിൽ ഉയർന്നുവന്ന ഒരു സാമൂഹിക- രാഷ്ട്രീയ വ്യവസ്ഥയാണ് കഴിവനുസരിച്ച് അണികൾ തിരഞ്ഞെടുക്കുന്ന ഒരു അധികാര സംവിധാനം. ഭരണ വ്യവസ്ഥയും സാമൂഹിക സാഹചര്യവും വ്യക്തികളുടെ കഴിവിന് അനുസരിച്ച് തിരഞ്ഞെടുക്കപ്പെടുന്നവരാലാണ് സംവിധാനിക്കപ്പെടേണ്ടത് എന്നതാണ് മെറിറ്റോക്രസിയുടെ അടിസ്ഥാന തത്വം. ആളുകളുടെ ജീവിതവിജയം അവരുടെ ജനനം കൊണ്ട് മാത്രം സിദ്ധിക്കുന്ന കുലീനത അല്ല എന്ന പുരോഗമന ആശയമാണ് ഈ തത്വത്തിന്റെ കേന്ദ്രബിന്ദു. പഠനം, ജോലി, സാമൂഹികപദവി എന്നിവയിലെല്ലാം മുൻപന്തിയിൽ എത്തുന്നതും സമൂഹത്തിൽ വ്യക്തികൾക്ക് ലഭിക്കേണ്ട ആദരവും സാമൂഹിക പദവിയും കഴിവിനെ (Merit) അടിസ്ഥാനപ്പെടുത്തി മാത്രമാവണം എന്നതാണ് മെറിറ്റോക്രസിയെ അരിസ്റ്റോക്രസിയിൽനിന്ന് വ്യത്യസ്തമാക്കുന്നത്.

സമൂഹം തുല്യരായ വ്യക്തികളുടെ കൂട്ടമാണെന്നും, വ്യക്തികൾക്ക് സകലമാന കാര്യങ്ങളിലും സ്വതന്ത്രമായ തിരഞ്ഞെടുപ്പ് അവകാശം ഉണ്ടെന്നും, അവരുടെ ജീവിതരീതിയെ നിയന്ത്രിക്കേണ്ടത് വ്യക്തിസ്വാതന്ത്ര്യത്തിലൂന്നിയ തീരുമാനങ്ങൾ മാത്രമാണെന്നുമുള്ള ലിബറൽ തത്വചിന്തയുടെയും രാഷ്ട്രീയ വീക്ഷണത്തിന്റെയും ഭൂമികയിൽനിന്നാണ് മെറിറ്റോക്രസിയുടെ ഉദ്ഭവം. വ്യക്തി സ്വാതന്ത്ര്യത്തിനുമേൽ ഒരു മൂല്യവ്യവസ്ഥക്കും സ്ഥാനമില്ല എന്ന് ലിബറൽ വ്യക്തിവാദം വിശ്വസിക്കുന്നു.
ധാർമിക സാമൂഹിക മൂല്യങ്ങൾക്കും മുകളിൽ വ്യക്തിയെയും വ്യക്ത്യാധിഷ്ഠിത മൂല്യങ്ങളെയും പ്രതിഷ്ഠിക്കുന്ന ലിബറലിസവും മെറിറ്റോക്രാറ്റിക് വ്യവസ്ഥയും ഒത്തുചേർന്നാൽ അത് സാമൂഹിക, രാഷ്ട്രീയ അപചയത്തിന് വഴിവെക്കുകയും അത് അപകടകരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് കാരണമാവുകയും ചെയ്യും.
ധാർമിക മൂല്യങ്ങൾക്കു മേൽ വ്യക്തിയെ പ്രതിഷ്ഠിക്കുകയും ജീവിത വിജയത്തിനും സാമൂഹിക പദവിക്കും നിദാനം മെറിറ്റ് മാത്രമാണെന്ന് വാദിക്കുകയും ചെയ്യുമ്പോൾ അവിടെ ആത്മാനുരാഗ അഹങ്കാരം ഉടലെടുക്കുകയും അതൊരു വ്യാപകമായ പ്രവണതയാവുകയും ചെയ്യുന്നു. ഒരാളുടെ വിദ്യാഭ്യാസപരമായ നേട്ടങ്ങൾ, കലാ കായിക രംഗങ്ങളിലെ വിജയം, ബിസിനസ് രംഗത്തെ വളർച്ച എന്നിവയെല്ലാം തന്നെ തന്റെ മാത്രം കഠിന പ്രയത്നത്തിന്റെ ഫലമാണെന്നും എനിക്കിത് പ്രാപ്യമാണെങ്കിൽ ഏതൊരാൾക്കും ഇത് സാധിക്കുമെന്നും ജീവിത വിജയം നേടി എന്ന് സമകാലിക ലോകം വിലയിരുത്തുന്ന ആളുകൾ വിശ്വസിക്കുന്നു. ധാർമിക മൂല്യങ്ങൾക്ക് വിലകല്പിക്കപ്പെടാത്ത ലിബറൽ പ്രപഞ്ചത്തിൽ ഇത്തരം ആളുകൾ ആത്മരതിയിൽ അഭിരമിക്കുന്നത് തികച്ചും സ്വാഭാവികമാണ്. കാരണം, ലിബറൽ ലോകവീക്ഷണത്തിൽ അവനവന്റെ ജീവിത വിജയത്തിന്റെ ഒരേ ഒരു കാരണക്കാരനും അവകാശിയും അയാൾ മാത്രമായിരിക്കും. ഈ കാഴ്ചപ്പാടിന്റെ ഇരുണ്ട വശം: പണം, ഉന്നത കലാലയ ബിരുദം, സാമൂഹിക പ്രശസ്തി എന്നിവയൊന്നും നേടാനാവാത്ത സാധാരണക്കാരന്റെ ജീവിതം പരാജയപ്പെട്ട ഒന്നായി സമൂഹം വിലയിരുത്തും എന്നതാണ്. അതോടൊപ്പം തന്നെ അത്തരം പരാജയത്തിന്റെ ഉത്തരവാദിത്വം പരാജിതന്റെ മാത്രം വ്യക്തിപരമായ ഒന്നായി മാത്രമേ ഒരു മെറിറ്റോക്രാറ്റിക് ലിബറൽ വീക്ഷണത്തിൽ വിലയിരുത്തപ്പെടൂ. എന്നാൽ നമ്മുടെ സമൂഹത്തിലെ അംഗീകാരം നേടിയ, സാമ്പത്തിക വിജയം നേടിയ ആളുകളോ അവരോടൊപ്പമോ തന്നെ കഠിന പ്രയത്നം നടത്തിയ പലരും പരാജിതരായി തുടരുന്നു എന്ന സത്യം കാണാതിരുന്നുകൂടാ. ഒരു ഹെഡ്ജ് ഫണ്ട് ബിസിനസ് കോർപറേറ്റ് മുതലാളിയും സാധാരണ തൊഴിലാളിയും നടത്തുന്ന അധ്വാനവും അവർക്ക് ലഭിക്കുന്ന പ്രതിഫലവും താരതമ്യപ്പെടുത്താൻ പോലും സാധിക്കാത്ത വിധം വ്യത്യസ്തമാണ്. ഇതിൽ ഒരാൾ സമൂഹത്തിൽ വിജയിയും ആദരിക്കപ്പെടുന്നവനുമാവുമ്പോൾ രണ്ടാമത്തെയാൾ കേവലം സാധാരണക്കാരൻ എന്ന പരാജിതൻ മാത്രമായും വിധിക്കപ്പെടുന്നു. ഇതുപ്രകാരം സമൂഹത്തിൽ വിജയിച്ചു എന്നു വിലയിരുത്തപ്പെടുന്നവർ തുലോം തുച്ഛവും അല്ലാത്തവർ എണ്ണിയാലൊടുങ്ങാത്തത്രയുമാണ്. ഈ രണ്ടുവിഭാഗത്തിനുമിടയിലെ അന്തരം ദിനംപ്രതി വർധിച്ചുവരുന്നതായി നമുക്ക് കാണാം. അവർക്ക് ലഭിക്കുന്ന ആദരവ്, അംഗീകാരം, എന്നിവയിലെല്ലാം അതിഭയങ്കരമായ വ്യത്യാസമുണ്ടുതാനും.
തൊഴിലിന്റെ മഹത്വവും വ്യക്തിക്ക് ലഭിക്കുന്ന ആദരവും അവർ സമ്പാദിക്കുന്ന പണത്തിന്റെ അളവിനനുസരിച്ച് വ്യത്യാസപ്പെടുന്നു എന്നതുമാത്രമല്ല മെറിറ്റോക്രാറ്റിക് വ്യവസ്ഥയുടെ പ്രശ്നം. മറിച്ച് അത്തരം അസമത്വങ്ങളോടൊപ്പം തന്നെ പണക്കാരനും രാഷ്ട്രീയ- സാംസ്കാരിക പ്രമാണിമാരും അവരവരുടെ പ്രയത്നം കൊണ്ട് മാത്രമാണ് ജീവിതവിജയം നേടിയതെന്നും അതിനാൽ അവർ അനുഭവിക്കുന്ന സാമ്പത്തികവും അല്ലാത്തതുമായ സകല സൗഭാഗ്യങ്ങളും അവർ അർഹിക്കുന്നു എന്നും വിലയിരുത്തപ്പെടുന്നിടത്താണ് പ്രശ്നം. ഈ വാദത്തിന്റെ മറുപുറം എന്തായിരിക്കും? സ്വയം പ്രയത്നം നടത്തിയിട്ടും ഉന്നതവിജയം നേടാനാവാത്തവർ ആദരവും പരിഗണനയും അർഹിക്കുന്നില്ല എന്ന തീർത്തും അധാർമികമായൊരു വീക്ഷണം ഉടലെടുക്കുന്നു. തുലോം തുച്ഛമായൊരു വരേണ്യ വിഭാഗവും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരനും തമ്മിലുള്ള അന്തരത്തിന് ഒരു സാംസ്കാരിക മാനം കൈവരുന്നതായി നമുക്ക് കാണാം.

വ്യക്ത്യാധിഷ്ഠിത മൂല്യവാദത്തിന് വിപരീതമായി ധാർമിക മൂല്യ വ്യവസ്ഥയിൽ വിശ്വസിക്കുന്ന സാമുദായിക (Communitarian) വ്യവസ്ഥയിൽ വിജയിയും പരാജിതനും തമ്മിൽ അന്തരം തുലോം തുച്ഛമാണ്. ഒരാൾ വിജയിക്കുന്നതിന് കേവലം സ്വയംപ്രയത്നം മാത്രമല്ല കാരണം എന്ന് ധാർമിക മൂല്യവ്യവസ്ഥകൾ പഠിപ്പിക്കുന്നുണ്ട്. ഒരാൾ വിജയിക്കുന്നതിനു പിന്നിൽ സമൂഹത്തിന്റെ സംഭാവനകൾക്ക് പങ്കുണ്ട് എന്നും വിജയം അഹങ്കാരത്തിന് വഴിതെളിക്കാൻ പാടില്ല എന്നും ധാർമിക ചിന്ത മനുഷ്യനെ ഉണർത്തുന്നുണ്ട്. ഇതിനെല്ലാം പുറമെ ഒരാളുടെ വിധി നിർണയിക്കുന്നതിൽ “ഭാഗ്യം’ എത്രമാത്രം പ്രധാനമാണെന്നും വ്യക്തിഗത ലിബറൽ മെറിറ്റോക്രസിക്ക് മനസിലാവില്ല. വിജയത്തിൽ ഭാഗ്യത്തിന്റെ പങ്ക് ഒരു ബാലിശവാദമാണെന്ന് പ്രത്യക്ഷത്തിൽ തോന്നിയേക്കാം. പക്ഷേ, ഒരു ഉദാഹരണം മുഖേന ഭാഗ്യം ഒരാളുടെ ജീവിതവിജയത്തിൽ എത്രമാത്രം പ്രധാനമാണെന്ന് വിശദീകരിക്കാൻ ശ്രമിക്കാം.

ഇന്ത്യയിൽ ഏറ്റവും സ്നേഹവും ആദരവും പണവും ലഭിക്കുന്നവരാണ് ദേശീയ ക്രിക്കറ്റ് താരങ്ങൾ. ഓരോ കളിക്കാരനും അവനവന്റെ വിജയത്തിനു പിന്നിലെ ദീർഘനാളത്തെ കഠിന പ്രയത്നത്തിന്റെ കഥ പറയാനുണ്ടാവും. എന്നാൽ സ്വയം പ്രയത്നം ഒന്നുകൊണ്ട് മാത്രമാണോ അവർ ഇന്നനുഭവിക്കുന്ന സകലമാന സൗഭാഗ്യങ്ങൾക്കും അർഹരായത്? അവരെപ്പോലെയോ അവരെക്കാളോ കൂടുതൽ കഴിവുള്ള, എന്നാൽ തങ്ങളുടേതല്ലാത്ത ഒട്ടനവധി കാരണങ്ങളാൽ ദേശീയ തലത്തിലെത്താൻ കഴിയാതെ പോയ ആളുകളെ തൽക്കാലം മാറ്റിനിർത്താം. താഴെത്തട്ടുമുതൽ തന്നെ എല്ലാവിധ സെലക്ഷൻ പ്രക്രിയകളും തികച്ചും നിഷ്പക്ഷവും സുതാര്യവുമാണെന്നും ഇന്നത്തെ ദേശീയ താരങ്ങളെല്ലാം അവരുടെ കഴിവുകൊണ്ട് മാത്രം തിരഞ്ഞെടുക്കപ്പെട്ടവരാണെന്നും കരുതുക. എങ്കിൽ പോലും അവർ ഇന്നനുഭവിക്കുന്ന എല്ലാ സൗകര്യങ്ങൾക്കും അവർ തീർത്തും അർഹരാണെന്നും അടിസ്ഥാനപരമായി അവർക്ക് ആദരവ്, കാണികളുടെ സ്നേഹം, സമ്പത്ത് എന്നിവയ്ക്കെല്ലാം അവകാശമുണ്ടെന്നും പറയാൻ കഴിയുമോ? വിരാട് കോഹ്്ലിയോ സ്മൃതി മന്ദാനയോ ക്രിക്കറ്റിന് യാതൊരു വിധ പ്രചാരവുമില്ലാത്ത പടിഞ്ഞാറൻ യൂറോപ്പിലോ, ലാറ്റിനമേരിക്കൻ നാടുകളിലോ മറ്റോ ആയിരുന്നു ജനിച്ചതെങ്കിൽ അവരുടെ ഇന്നത്തെ വർണപ്പകിട്ടാർന്ന ഒരു കരിയർ സാധ്യമാകുമായിരുന്നോ? ക്രിക്കറ്റ് എന്ന കായിക വിനോദത്തെ അത്യധികം സ്നേഹിക്കുന്ന, ക്രിക്കറ്റ് താരങ്ങൾക്ക് വീരപരിവേഷം നൽകുന്ന ഒരു സമൂഹം നിലനിൽക്കുന്ന ഒരു നാട്ടിൽ, ക്രിക്കറ്റിന് പ്രചാരമുള്ള ഒരു കാലത്ത്, നിരുപാധികം സാമ്പത്തിക ശേഷിയുള്ള ഒരു ക്രിക്കറ്റ് ഭരണ സമിതി നിലനിൽക്കുന്ന സാഹചര്യത്തിൽ ആ ഗെയിം കളിക്കാനും തിളങ്ങാനും ജന്മനാ സിദ്ധി ലഭിച്ചതും അതു പരിപോഷിപ്പിക്കാനുള്ള സാഹചര്യങ്ങൾ ഒത്തുവന്നതും തങ്ങളുടെ അധ്വാനത്തോടൊപ്പം ചേരുമ്പോഴാണ് സച്ചിൻ ടെണ്ടുൽക്കറിനോ എം എസ് ധോണിക്കോ വിരാട് കോഹ്്ലിക്കോ അവർ ഇന്നനുഭവിക്കുന്ന എല്ലാ സൗഭാഗ്യങ്ങളും കരഗതമാകുന്നത്.

വ്യക്തിയുടെ തീരുമാനം, പ്രയത്നം എന്നിവയ്ക്ക് പുറമെ ഭാഗ്യം, സമൂഹത്തിന്റെ അഭിരുചി- താല്പര്യം എന്നിവയും ചേർന്നാണ് ഒരാൾക്ക് സാമൂഹികപദവികൾ ലഭിക്കുന്നത് എന്നും ജീവിത വിജയത്തിൽ തന്റേതല്ലാത്ത പല ഘടകങ്ങൾക്കും പങ്കുണ്ടെന്നും മനുഷ്യനെ ബോധ്യപ്പെടുത്തുന്നത് ധാർമികമൂല്യങ്ങളാണ്. ഈ മൂല്യങ്ങൾ മതപരവും അല്ലാത്തതുമുണ്ട്. വ്യക്തി ഒരു സമൂഹത്തിൽ, അതിന്റെ മൂല്യവ്യവസ്ഥിതിയിലും ഊട്ടിയുറപ്പിക്കപ്പെട്ടവനാണ്/ളാണ് എന്ന ബോധ്യം ഉണ്ടാവുന്നിടത്ത് ജീവിതവിജയം അഹങ്കാരത്തിനോ ആത്മരതിക്കോ വഴിതെളിക്കില്ല. മറിച്ച് ധാർമിക മൂല്യചിന്തകൾ ഒരാളെ വിജയത്തിന്റെ ഘട്ടത്തിൽ വിനയാന്വിതനാക്കുകയും തന്റെ വിജയത്തിലും ആ വിജയത്തെ അംഗീകരിക്കുന്നതിലും സമൂഹം അനിവാര്യമാണെന്നു ചിന്തിപ്പിക്കുകയും ചെയ്യും.
വിജയ നിമിഷത്തിലെ വിനയം ഒരു ലിബറൽ മെറിറ്റോക്രാറ്റിക് മൂല്യരഹിത ചിന്താധാരക്ക് വിഡ്ഢിത്തമായി തോന്നുക സ്വാഭാവികമാണ്. കാരണം, വിനയം എന്നത് ലിബറലിസം പ്രോത്സാഹിപ്പിക്കുന്ന ഒന്നല്ല. നിയോലിബറൽ ലോജിക്കിൽ അതിന് ഒട്ടും പ്രസക്തിയും ഇല്ല. മറിച്ച് ധാർമികമൂല്യത്തിൽ അധിഷ്ഠിതമായ വാദങ്ങൾ ജീവിതത്തിൽ ഗുണപരമായ മാറ്റം കൊണ്ടുവരില്ല എന്നും അത് കേവലം വിവാദങ്ങളും തർക്കങ്ങളും മാത്രമാണ് സൃഷ്ടിക്കുക എന്നും ലിബറൽ രാഷ്ട്രീയം ചിന്തിക്കുന്നു എന്ന് മിഖായേൽ സാൻഡൽ വാദിക്കുന്നുണ്ട്. സമകാലിക ലിബറൽ രാഷ്ട്രീയ വ്യവസ്ഥകൾ അതിനാൽ തന്നെ മനുഷ്യന്റെ ഗുണപരമായ ജീവിതത്തിൽ മൂല്യങ്ങളല്ല മറിച്ച് സാമ്പത്തിക- കമ്പോള പ്രക്രിയകളാണ് പ്രധാനം എന്നും വിശ്വസിക്കുന്നു. തല്ഫലമായി ധാർമിക മൂല്യങ്ങളെക്കുറിച്ചുള്ള നിഷ്പക്ഷമായ ചർച്ചകൾക്കു പോലും ലിബറൽ രാഷ്ട്രീയത്തിന് സമയം ലഭിക്കുന്നില്ല. ക്യാപിറ്റലിസം മനുഷ്യനെ/ തൊഴിലാളിയെ ചൂഷണാത്മകമായി അന്യവത്കരിക്കുന്നു എന്ന് വിശദമായി എഴുതിയ കാൾ മാർക്സിന്റെ ആശയങ്ങളാൽ സ്വാധീനിക്കപ്പെടുന്ന ഇടതുപക്ഷ രാഷ്ട്രീയം പോലും വിജയികളും പരാജിതരും തമ്മിലുള്ള അന്തരത്തെയോ അന്യവത്കരണത്തിന്റെ സാംസ്കാരിക പരിസരത്തെയോ അഭിമുഖീകരിക്കാൻ തയാറാവുന്നില്ല.

മൂല്യങ്ങളുടെ ശോഷണവും കമ്പോള സമൂഹത്തിലെ മനുഷ്യൻ അഭിമുഖീകരിക്കുന്ന അന്യവത്കരണവും രാഷ്ട്രീയ ധാരകൾ ഈ പ്രശ്നത്തെ അഭിമുഖീകരിക്കുന്നതിൽ വരുത്തുന്ന വീഴ്ചയും സമൂഹത്തിലും രാഷ്ട്രീയ മണ്ഡലത്തിലും ഒരു വലിയ ശൂന്യത സൃഷ്ടിക്കുന്നുണ്ട്. വരേണ്യവർഗവും സാധാരണക്കാരനും തമ്മിലുള്ള യഥാർത്ഥ വിടവുകളും വൈരുധ്യങ്ങളും ജനങ്ങളിൽ നീരസം ഉളവാക്കുന്നു. സാമൂഹിക വ്യാപനം നേടുന്ന ഈ നീരസം ഒരു വരേണ്യ വിരുദ്ധ വികാരം രൂപപ്പെടുത്തിയെടുക്കുന്നു എന്ന് സമകാലിക അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ജീവിത നിലവാരത്തിലും അടിസ്ഥാന സൗകര്യവികസനത്തിലും മുന്നിലുള്ള പടിഞ്ഞാറൻ ലിബറൽ രാഷ്ട്രീയ ആവാസ വ്യവസ്ഥകളിലും നമുക്കിത് കാണാം. ഇത്തരം ഒരു വരേണ്യ വിരുദ്ധ വികാര പരിസരത്താണ് അപകടകരമായ വലതുപക്ഷ പോപുലിസ്റ്റ് രാഷ്ട്രീയ നേതാക്കൾ ഉയർന്നുവരുന്നതും അക്രമണോത്സുകമായ സാംസ്കാരിക ദേശീയ വാദം ശക്തി പ്രാപിക്കുന്നത് എന്നും മിഖായേൽ സാൻഡൽ പറയുന്നു.

പോപുലിസ്റ്റുകൾ സാധാരണക്കാരന്റെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാത്തപ്പോൾ പോലും അവർക്ക് ലഭിക്കുന്ന ജനപിന്തുണയുടെ കാരണം പോപുലിസ്റ്റുകൾ സാധാരണക്കാരന്റെ വരേണ്യ വിരുദ്ധതയെ തെറ്റായ രീതിയിലാണെങ്കിലും അഭിമുഖീകരിക്കുന്നു എന്നതാണ്. പോപുലിസ്റ്റുകളെ പിന്തുണക്കുന്നത് പരിതാപകരമായൊരു ജനക്കൂട്ടമാണ് (Deplorable basket of people) എന്ന ഹിലാരി ക്ലിന്റണിന്റെ ഇഛാഭംഗം തുളുമ്പുന്ന വരേണ്യ വർഗ ജല്പനം നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് പകരം പോപുലിസ്റ്റ് ക്യാമ്പിനെ വികാരം കൊള്ളിക്കുക മാത്രമേ ചെയ്യൂ. മറിച്ച് ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ടത് അന്യവത്കരണം അനുഭവിക്കുന്ന സാധാരണക്കാരന്റെ ന്യായമായ നീരസങ്ങളെ പരിഹരിക്കുകവഴിയാണ്.

എങ്ങനെയാണ് നാം സാധാരണക്കാരന്റെ നീരസത്തെ പരിഹരിക്കുകയും ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുക? അതിന് തൊഴിലിന്റെ മഹത്വം ഉദ്ഘോഷിക്കപ്പെടണം. ജീവിത വിജയം നേടിയ വരേണ്യ വർഗത്തിന്റെ ആത്മരതി നിറഞ്ഞ അഹങ്കാരം ഇല്ലാതാകണം. വിജയം വിജയിയുടെ മാത്രം കർമഫലമല്ല എന്നും ഇന്നു കാണുന്ന ജീവിത വിജയം എന്നത് മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമേയല്ല എന്നും സമൂഹത്തെ ബോധ്യപ്പെടുത്തണം. വിവിധ ശ്രേണിയിലുള്ള സാംസ്കാരിക പരിസരങ്ങളിൽ ഉള്ളവർക്ക് പരസ്പര കൈമാറ്റങ്ങൾക്ക് പൊതുജീവിതത്തിൽ എല്ലാവരെയും ചേർത്തുനിർത്തുന്നതിന് കൂടുതൽ അവസരങ്ങൾ ഉണ്ടാവണം. വ്യത്യസ്തങ്ങളായ ധാർമിക മൂല്യങ്ങൾ തമ്മിൽ ആരോഗ്യകരമായ ആശയവിനിമയത്തിൽ പൊതു രാഷ്ട്രീയ മണ്ഡലത്തിൽ അത്തരം ധാർമിക മൂല്യങ്ങളെക്കുറിച്ച് സധൈര്യം ചർച്ചകൾ നടക്കണം.

(മുഹമ്മദലി പുത്തൂര്‍: ഫ്രയെ യൂണിവേഴ്‌സിറ്റി, ബെര്‍ലിൻ)

You must be logged in to post a comment Login