ലതാ മങ്കേഷ്‌കര്‍ മരിച്ചുപോയ ദിവസം. ആ മഹാഗായികക്ക് രാഷ്ട്രം അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു. മുംബൈയിലെ ശിവജി പാര്‍ക്കിലാണ് ലതയുടെ അന്ത്യവിശ്രമം. കൊവിഡ് പ്രോട്ടോകോള്‍ ശക്തമാണെങ്കിലും തങ്ങളുടെയെല്ലാം നിത്യജീവിതത്തിന്റെ പലതരം സന്ദര്‍ഭങ്ങളില്‍ തങ്ങളെ ആനന്ദിപ്പിച്ച ആ മഹാശബ്ദം പുറപ്പെട്ട ഭൗതികദേഹത്തിന് വിടനല്‍കാന്‍ ജനാവലി ശിവജി പാര്‍ക്കിലേക്കൊഴുകി. അന്നത്തെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ശിവജി പാര്‍ക്കില്‍ നിന്നുള്ള ഒരു മനോഹര ചിത്രവും വീഡിയോയും ഇടം പിടിച്ചു. ഉറ്റവര്‍ക്ക് വിടപറയുമ്പോള്‍ മറാത്തയില്‍ പതിവുള്ള തൂവെള്ള വസ്ത്രത്തില്‍ ഷാരൂഖ് ഖാന്‍. പതിറ്റാണ്ടുകളുടെ പാട്ടോര്‍മകള്‍ തിങ്ങുന്ന, വിഷാദഭരിതമായ മുഖം മാസ്‌കിനുള്ളില്‍. അയാള്‍ പ്രാര്‍ഥിക്കുകയാണ്. നിശ്ചയമായും ഷാരൂഖ് വിശ്വാസി മുസ്‌ലിമാണ്. അത് അദ്ദേഹം പല അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുമുണ്ട്. ഷാരൂഖിനോടൊപ്പം മാനേജര്‍ പൂജയുമുണ്ട്. അവരും തൂവെള്ള വസ്ത്രത്തിലാണ്. അവര്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ട ഒരാളാണ് വിട പറഞ്ഞിരിക്കുന്നത്. പൂജ അവരുടെ വിശ്വാസരീതിയില്‍ കൈകൂപ്പി പ്രാര്‍ഥിക്കുന്നു. ഷാരൂഖ് മുസ്‌ലിം രീതിയില്‍ കൈകള്‍ ഉയര്‍ത്തി, തന്റെ പ്രിയപ്പെട്ട ലതാദീദിയെ അദ്ദേഹത്തിന്റെ പ്രപഞ്ചനാഥനില്‍ അര്‍പ്പിക്കുന്നു. രണ്ട് സംസ്‌കാരങ്ങള്‍ ഒരേ ഫ്രെയിമില്‍. ആ മനോഹാരിതയാണ്, ആ ദിവസമാകെ നിറഞ്ഞു നിന്നത് ആ ചിത്രമാണ്. തൊട്ടുപിന്നാലെ ഷാരൂഖിനെതിരെ വംശീയാക്രമണം ഉണ്ടായി. സ്വാഭാവികമായും അത് സംഘപരിവാറില്‍ നിന്നായിരുന്നു. പ്രാര്‍ഥനക്കുശേഷം വടക്കേ ഇന്ത്യയില്‍ പൊതുവേ ചെയ്യാറുള്ള ഒരു പ്രക്രിയ, മാസ്‌ക് താഴ്ത്തി ശ്വാസം അര്‍പ്പിച്ച് ഷാരൂഖ് നിര്‍വഹിക്കുന്നു. ഒരു മുസ്‌ലിം അല്ലാത്ത ഈ ലേഖകന് അതിന്റെ കര്‍മശാസ്ത്രം അറിയില്ല. പക്ഷേ, അത് ഒരു മുസ്‌ലിം പ്രാക്ടീസാണ്. അപാരമായ ആദരവിന്റെയും ആത്മബന്ധത്തിന്റെയും മഹാപ്രകാശനം. പക്ഷേ, ഷാരൂഖ് ലതയുടെ ഭൗതിക ശരീരത്തില്‍ തുപ്പിയെന്ന കൊടുംനുണ സംഘകേന്ദ്രങ്ങള്‍ തുറന്നുവിട്ടു. ചെറിയ പ്രകമ്പനങ്ങള്‍ ഉണ്ടായി. അത്രമാത്രം. സംഘപരിവാറിനേക്കാള്‍ ഇന്ത്യന്‍ ജനതക്ക് പ്രിയന്‍ ഷാരൂഖ് ആവണം. ഇതെഴുതും വരെ ആ നുണക്ക് തീ പിടിച്ചിട്ടില്ല. മറ്റ് പലരെയും പോലെ ഈ ലേഖകനും ആ മനോഹര ഷാരൂഖ് ചിത്രം പ്രൊഫൈലാക്കിയിരുന്നു. ഇതാണിന്ത്യ എന്ന അടിക്കുറിപ്പും. ഷാരൂഖിന്റെ പ്രാര്‍ഥനമാത്രമായി ഒരു ഉപചിത്രവും നല്‍കി. അതിനും കൊടുത്തു അടിക്കുറിപ്പ്; മതേതര ഇന്ത്യ.
അന്ന് പണി കഴിഞ്ഞ് പതിവുള്ള ചായമേശയില്‍ പതിവുപോലെ പ്രിയ സുഹൃത്തുമുണ്ടായിരുന്നു. ഞങ്ങള്‍ ലത മങ്കേഷ്‌കറുടെ പാട്ടുകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു. സ്വാഭാവികമായും അത് ഷാരൂഖ് ഖാനില്‍ എത്തി. ഞാന്‍ അയാളോട് ചോദിച്ചു:
“”എന്റെ പ്രൊഫൈല്‍ ചിത്രം കണ്ടിരുന്നോ?”
“”കണ്ടിരുന്നു.”
“”മനോഹരം അല്ലേ?”
“”അതെ. ഫോട്ടോഗ്രാഫിക്കലി അത് നല്ല ചിത്രമാണ്. ഒരു അന്തരീക്ഷം ആ ചിത്രത്തിലുണ്ട്.”
“”അതല്ല. അത് കമ്യൂണിക്കേറ്റ് ചെയ്യുന്ന സന്ദേശം. അതാണ് ഞാന്‍ ഉദ്ദേശിച്ചത്. മതേതര ഇന്ത്യയുടെ ഒരു പ്രതീകം. അല്ലേ? നോക്കൂ, ആ സന്ദര്‍ഭത്തെ പോലും സംഘപരിവാര്‍ നുണ ചീറ്റാനുള്ള അവസരമാക്കി. അതാണെന്നെ ഭയപ്പെടുത്തുന്നത്. ഷാരൂഖ് മുസ്‌ലിം ആയതാണ് അവരുടെ പ്രശ്‌നം.”
“”അത് തന്നെയല്ലേ നിങ്ങളുടേയും പ്രശ്‌നം?”
ഞാന്‍ നടുങ്ങി. എനിക്ക് ആ മറുപടി മനസിലായില്ല.
“”ആ ചിത്രത്തിനും ആ സന്ദര്‍ഭത്തിനും ഒരു മതേതരമൂല്യം, ഒരു പ്രതിരോധമൂല്യം ഇല്ലെന്നാണോ? പ്രത്യേകിച്ചും മുസ്‌ലിം മുന്‍വിധികള്‍ ഇങ്ങനെ രൂക്ഷമാകുന്ന കാലത്ത്. മുസ്‌ലിം തിരഞ്ഞെടുക്കുന്ന വസ്ത്രം, അതായത് അവരുടെ വളരെ മൗലികമായ ഒരു സ്വാതന്ത്ര്യം അക്രമിക്കപ്പെടുന്ന കാലമാണ്. അക്കാലത്താണ് ഒരു സെലിബ്രിറ്റിയുടെ ഈ ചിത്രം. അതിന് പ്രാധാന്യമുണ്ടെന്നാണ് എന്റെ ധാരണ. അതൊരു ആത്മവിശ്വാസം നല്‍കലല്ലേ?”
“”ആര്‍ക്ക്? മുസ്‌ലിമിന്. അല്ലേ? അപ്പോള്‍ ആത്മവിശ്വാസം എന്നത്, ജനാധിപത്യ മതേതര ഇന്ത്യയില്‍ നിങ്ങള്‍ നല്‍കേണ്ട ഒന്നാണോ മുസ്‌ലിമിന് ആത്മവിശ്വാസം?”
“”എനിക്ക് മനസിലാവുന്നില്ല. നമ്മള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ പോലും അബോധമായി ഞങ്ങള്‍, നിങ്ങള്‍ എന്നു വരുന്നത് എന്തുകൊണ്ടാണ് എന്നും മനസിലായില്ല.”
“”മനസിലാവില്ല. കാരണം ഞാനൊരു മുസ്‌ലിമാണ്.”
“”എനിക്കറിയാമല്ലോ?”
“”നന്ദി. നോക്കൂ. മുസ്‌ലിമില്‍ പ്രാക്ടീസിംഗ് മുസ്‌ലിം അല്ലാത്ത മുസ്‌ലിം എന്ന ഒന്നില്ല. മുസ്‌ലിം മാത്രമേ ഉള്ളൂ. ഞങ്ങള്‍ വളരെ സ്വാഭാവികമായി ഒരു മരണച്ചടങ്ങില്‍ ചെയ്യാറുള്ള ദുആ ഇരക്കലാണത്. അതാണ് ഷാരൂഖ് ചെയ്തത്. വളരെ സ്വാഭാവികമായ ഒന്ന്. ഞങ്ങള്‍ ശ്വാസം വലിക്കുന്നതുപോലെ, ഭക്ഷണം കഴിക്കുന്നതുപോലെ, നമ്മള്‍ ഇപ്പോള്‍ ഈ ചായ കുടിക്കുന്നതുപോലെ ഒന്ന്. പക്ഷേ, ഒരു മുസ്‌ലിം പ്രാക്ടീസ് പൊതുവിടത്തില്‍ കാണുമ്പോള്‍ നിങ്ങള്‍ അതിശയിക്കുന്നു. ഒരു സെലിബ്രിറ്റി അത് ചെയ്യുമ്പോള്‍ മതേതര ഇന്ത്യ എന്നെല്ലാം അടിക്കുറിപ്പുണ്ടാകുന്നു. അത് ഒരു അത്ഭുതത്തില്‍ നിന്ന് അതിശയത്തില്‍ നിന്ന് വരുന്നതാണ്. മുസ്‌ലിമിനത് സ്വാഭാവികമായ ഒരു പ്രവൃത്തിയാണ്. പക്ഷേ, നിങ്ങള്‍ അതിശയിക്കുന്നു. ആ അതിശയത്തില്‍ മതേതരത്വം അല്ല പുലരുന്നത്. അപരത്വമാണ്. മനഃപൂര്‍വമല്ല. പക്ഷേ, അതങ്ങനെയാണ്. ആ ചിത്രം ആഘോഷിക്കപ്പെട്ടതും ഷാരൂഖിനെതിരെ വിദ്വേഷം വന്നതുമെല്ലാം എനിക്ക് വ്യത്യസ്തമായ ഒന്നല്ല.”
എനിക്ക് വാക്കുകള്‍ മുട്ടി.
“”എനിക്ക് എന്റെ മതം ആചരിക്കാനും നിങ്ങള്‍ക്ക് നിങ്ങളുടെ മതം ആചരിക്കാനും മതമില്ലാത്തവര്‍ക്ക് അക്കാര്യങ്ങള്‍ ചെയ്യാനും കഴിയുന്ന, രാജ്യത്തിന് മതമില്ലാത്ത അവസ്ഥ എന്നാണ് ഇന്ത്യന്‍ മതേതരത്വത്തെ ഞാന്‍ മനസിലാക്കുന്നത്. പക്ഷേ, ഒരു മുസ്‌ലിം അവരുടെ വിശ്വാസ ജീവിതത്തെ പൊതുവിടത്തില്‍ കൊണ്ടുവരുമ്പോള്‍ നിങ്ങള്‍ക്ക് അബോധമായി അസ്വസ്ഥത ഉണ്ടാകുന്നുണ്ട്. ലെഫ്റ്റ് ലിബറലുകള്‍ ഈ അസ്വസ്ഥതയെ പിന്തുണയും അഭിവാദ്യവുമായി മാറ്റുന്നു. അതൊരു സാമര്‍ഥ്യമാണ്. അതൊന്നുമല്ല വേണ്ടത്. എല്ലാം സ്വാഭാവികം എന്ന ഒരു മനോനില ഉണ്ടാകലാണ്. അതാണ് മതേതരത്വം എന്ന് ഞാന്‍ കരുതുന്നു. എന്റെ വാദങ്ങള്‍ ശരിയാണ്.”
ആ സംഭാഷണം പിന്നീട് തുടര്‍ന്നില്ല. ആ വാക്കുകള്‍ എന്നെ ഇപ്പോഴും പിന്തുടരുന്നുണ്ട് എങ്കിലും.
കുന്ദാപുരയിലെ ആ കോളജിലേക്ക് ഒറ്റയ്ക്ക് സ്‌കൂട്ടറോടിച്ചുവരുന്ന ആ പെണ്‍കുട്ടിയെ കാണുന്നു. അവര്‍ പര്‍ദ ധരിച്ചിട്ടുണ്ട്. സ്‌കൂട്ടര്‍ നിര്‍ത്തി ഇറങ്ങുന്ന അവളുടെ ശരീരഭാഷയില്‍ കലുഷതയുണ്ട്. അവളില്‍ എന്തോ പ്രതിഷേധം ഇരമ്പുന്നുണ്ട്. അധികാരം നിസ്സഹായരാക്കുന്ന അവകാശബോധമുള്ളവരില്‍ മാത്രം കാണുന്ന ഒരുതരം അസ്വസ്ഥത. ലോകത്തെ എല്ലാ വിപ്ലവങ്ങളും അധികാരത്തിന്റെ അടിച്ചമര്‍ത്തലിനോട് അവകാശബോധമുള്ളവര്‍ നടത്തിയ ചെറുത്തുനില്പുകളാണ്. പൊടുന്നനെ ഒരുകൂട്ടം ആണ്‍കുട്ടികള്‍, കഴുത്തില്‍ കാവിഷാള്‍ പുതച്ചവര്‍ പാഞ്ഞടുക്കുന്നു. അവര്‍ ജയ് ശ്രീറാം വിളിക്കുന്നു. അതൊരു കാമ്പസാണ്. അവര്‍ പാഞ്ഞടുക്കുമ്പോള്‍ കൂസലില്ലാതെ ആ പെണ്‍കുട്ടി ഒറ്റയ്ക്ക് നടക്കുകയാണ്. വേഗമുണ്ട് അവളുടെ ചലനത്തില്‍. ഭയം തെല്ലുമില്ല. അവളുടെ സഹപാഠികളാവുമല്ലോ ആ പാഞ്ഞടുക്കുന്നത്. പെട്ടെന്ന് അവള്‍ തിരിഞ്ഞു നില്‍ക്കുന്നു. അല്ലാഹു അക്ബര്‍ മുഴക്കുന്നു. മുസ്‌ലിംകള്‍ അവരുടെ അന്തിമ അഭയസ്ഥാനത്തെ വിളിക്കുന്ന വാചകമാണ്. അവരുടെ അഭയാരണ്യം. ലോകമാകെ അവര്‍ ജീവിതത്തെ കെട്ടിപ്പടുക്കുന്ന നാദം. ആ കുട്ടി അത് വിളിക്കുന്നു. അതിസ്വാഭാവികമായ ഒന്ന്. നിങ്ങള്‍ നിങ്ങളുടെ ദൈവത്തിന്റെ പേര് അക്രമാസക്തമായി മുഴക്കി എന്നിലേക്ക് പാഞ്ഞു വരികയാണ്. ഞാനിതാ എന്റെ ദൈവത്തിന്റെ, എന്റെ വിശ്വാസ ജീവിതത്തിന്റെ അടിത്തറയായ വാചകത്താല്‍ അതിനെ പ്രതിരോധിക്കുന്നു. നിങ്ങള്‍ക്കുള്ള അതേ അവകാശം എന്റെ രാജ്യത്ത് എനിക്കുണ്ട്. അതില്ല എന്ന് നിങ്ങള്‍ ചിന്തിക്കുന്ന നിമിഷം നിങ്ങള്‍ തോറ്റുപോകും എന്ന ഉറപ്പ് ആ പെണ്‍കുട്ടിയുടെ ചലനങ്ങളില്‍ ഞാന്‍ കണ്ടു. ലോകം അതിജീവിച്ചത്, അതിക്രമങ്ങള്‍ ചെറുക്കപ്പെട്ടത് ഇങ്ങനെ ഒറ്റയ്ക്കുള്ള വിസ്‌ഫോടനങ്ങളാലാണ്.
തെക്കേ ഇന്ത്യയില്‍ സംഘപരിവാറിന്റെ വാതിലാണ് കര്‍ണാടക. അവിടെ നിന്നാണ് ഈ ദൃശ്യങ്ങള്‍. പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിക്കാനുള്ള അനുമതി നിഷേധിച്ചതാണ് പ്രശ്‌നം. “പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിക്കാനുള്ള അനുമതി നിഷേധിച്ചതാണ് പ്രശ്‌നം’ എന്ന ഈ വാചകം എഴുതി വിരാമ ചിഹ്‌നമിട്ട തൊട്ടടുത്ത നിമിഷത്തില്‍ ഒരു വിറയല്‍ എന്നെ പിടികൂടി. പാതിയില്‍ മുറിഞ്ഞ ആ സംഭാഷണം ഞാനോര്‍ത്തു. ആ വാചകം ഇങ്ങനെ മാറ്റിയെഴുതാതെ ഒരു വരി എഴുതാനാവില്ല എന്ന് തിരിച്ചറിഞ്ഞു. ഒരു പൗരന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിനുമേല്‍ നിയമം പിടിമുറുക്കിയതാണ് പ്രശ്‌നം എന്ന് ഇതാ മാറ്റിയെഴുതുന്നു. എന്റെ പഴകിയുറച്ച ബോധ്യങ്ങളിലേക്ക്, ലെഫ്റ്റ് ലിബറല്‍ എന്ന നാട്യങ്ങളിലേക്ക് തിരിച്ചറിവിന്റെ വെളിച്ചം കീറിയൊഴിച്ച സുഹൃത്തിന് നന്ദി.
ഗവേഷകനും അംബേദ്കറൈറ്റുമായ കെ ദിനു എഴുതുന്നു: “”നർമദാ തീരത്ത് 597 അടി വലിപ്പത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ നിർമിച്ച അതേ ബിജെപി സര്‍ക്കാര്‍ തന്നെയാണ് എഴുപത്തഞ്ചു വര്‍ഷം മുന്‍പ് പട്ടേല്‍ നല്‍കിയ ഉറപ്പിനെ തള്ളിക്കളഞ്ഞത്.
29 ഏപ്രില്‍ 1947 ന് ഇന്ത്യയുടെ ഭരണഘടനാ നിർമാണ സഭയുടെ മീറ്റിങ്ങ് നടന്നുകൊണ്ടിരിക്കുന്നു.മൗലികാവകാശങ്ങളെ കുറിച്ചാണ് ചര്‍ച്ച. ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിച്ച മനുഷ്യര്‍ക്ക് ബ്രിട്ടീഷ് അധീനതയിലുള്ള റെസ്റ്റോറന്റുകളിലേയ്ക്ക് പ്രവേശനമില്ലാതിരുന്ന അവസ്ഥ നിലനിന്നിരുന്നു. വിവേചനങ്ങള്‍ക്കെതിരായ മൗലികാവകാശത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയില്‍ കോണ്‍ഗ്രസ്സ് പ്രതിനിധിയായ ശ്രീജുത് രോഹിണി കുമാര്‍ ചൗധരി ഉയര്‍ത്തിയ ആവശ്യം There shall be no discrimination based on എന്നതില്‍ “Sex’ എന്ന വാക്കിനു ശേഷം Dress എന്ന് ചേര്‍ക്കണമെന്നായിരുന്നു.
രോഹിണി കുമാര്‍ ചൗധരി: സര്‍, ഞാന്‍ അപേക്ഷിക്കുന്നു:
“അത് ക്ലോസ് 4 ലെ ഉപവകുപ്പ് (2) ല്‍, “സെക്‌സ്’ എന്ന വാക്കിന് ശേഷം, ഇനിപ്പറയുന്ന വാക്കുകള്‍ ചേര്‍ക്കണം: “അല്ലെങ്കില്‍ ഏതെങ്കിലും ദേശീയത ധരിക്കുന്ന വസ്ത്രം’.
അവര്‍ തുടര്‍ന്നു: “ഇത് ഏതാണ്ട് ചിരിപ്പിക്കുന്ന കാര്യമാണെന്ന് തോന്നും. എന്നാല്‍ ഇന്നും നമ്മള്‍ സ്വാതന്ത്ര്യത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ ശൈലിയിലുള്ള വസ്ത്രം ധരിച്ചവരെ സ്വീകരിക്കാത്ത ഹോട്ടലുകളുണ്ട്. എന്റെ പ്രവിശ്യയിലെ നാല് ഇന്ത്യന്‍ മാന്യന്മാര്‍ ഇന്ത്യന്‍ വസ്ത്രം ധരിച്ചതിന്റെ പേരില്‍ ഒരു ഹോട്ടലില്‍ താമസിക്കാന്‍ അനുവദിക്കാത്ത ഒരു സംഭവം അടുത്തിടെ നടന്നതായി എനിക്കറിയാം. ഭാവിയില്‍ ഇതേ നിയന്ത്രണം ഏതെങ്കിലും ഹോട്ടല്‍ ഉടമകള്‍ പാലിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നില്ല. ഇന്ന് നിര്‍ഭാഗ്യവശാല്‍ യൂറോപ്യന്‍ ഉടമസ്ഥതയിലുള്ളതോ യൂറോപ്യന്‍ മാനേജ്‌മെന്റോ ഉള്ള ചില ഹോട്ടലുകളുണ്ട്, അത് ഇന്ത്യന്‍ വസ്ത്രത്തില്‍ ഇന്ത്യക്കാരെ സ്വീകരിക്കുകയോ ആ വസ്ത്രം ധരിച്ച് അവരുടെ ഡൈനിംഗ് റൂമിലേക്ക് വരാന്‍ പാടില്ല എന്ന നിബന്ധന വയ്ക്കുകയോ ചെയ്യുന്നു. ഞാന്‍ ഭാവിയെ ഭയപ്പെടുന്നില്ല, കാരണം ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ അത്തരം നിയന്ത്രണങ്ങള്‍ ഇല്ലാതാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ ഞാന്‍ ഭയപ്പെടുന്നത് അത്തരം യൂറോപ്യന്‍ ചിന്താഗതിക്കാരോട് ഉണ്ടാകാനിടയുള്ള പ്രതികാരമാണ്. യൂറോപ്യന്‍ വേഷം ധരിച്ച ആളുകളെ ഹോട്ടലുകളില്‍ കയറാന്‍ അനുവദിക്കില്ല. ഇക്കാരണത്താല്‍, ഈ ഭേദഗതി ഈ സഭ അംഗീകരിക്കണമെന്ന് അഭ്യർഥിക്കുന്നു’.
ഇന്ത്യന്‍ ജനത തങ്ങളോട് അധിനിവേശം നടത്തിയ മനുഷ്യരോട് വെറുപ്പ് കാണിക്കുമോ എന്ന ഭയത്താലാണ് വസ്ത്രത്തിന്റെ പേരിലുള്ള വിവേചനമെന്ന് ചേര്‍ക്കാന്‍ അവര്‍ ആവശ്യപ്പെട്ടത്.
ഈ ആവശ്യം തള്ളിക്കൊണ്ട് സര്‍ദാര്‍ വല്ലഭായ് പട്ടേലാണ് സഭയില്‍ മറുപടി നല്‍കുന്നത്:
“നോക്കൂ വിദേശികളെല്ലാം പോകുന്നു. നിങ്ങള്‍ പേടിക്കേണ്ടതില്ല. വസ്ത്രധാരണം പോലുള്ള കാര്യങ്ങള്‍ മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. നമ്മുടെ മൗലികാവകാശങ്ങളിൽ ഇത്തരം വ്യവസ്ഥകള്‍ വെച്ചാല്‍, അത് ലോകം മുഴുവനും വായിക്കുകയാണെങ്കില്‍, നമ്മുടെ പൗരന്മാരോട് എങ്ങനെ പെരുമാറണമെന്നും സഹജീവികളോട് എങ്ങനെ പെരുമാറണമെന്നുപോലും നമുക്ക് അറിയില്ലെന്ന് അവര്‍ സ്വാഭാവികമായും നിഗമനം ചെയ്യും. വസ്ത്രധാരണത്തിന്റെ പേരില്‍ ഇപ്പോള്‍ ഒരു വിവേചനവുമില്ലെന്ന് ഞാന്‍ എന്റെ സുഹൃത്തിന് ഉറപ്പു നല്‍കുന്നു.’
കൃത്യം 75 വര്‍ഷം മുന്‍പാണ് ഈ ചര്‍ച്ച നടക്കുന്നത്. വിവേചനങ്ങള്‍ പാടില്ല എന്നതിനൊപ്പം വസ്ത്രത്തിന്റെ പേരിലുള്ള വിവേചനം പാടില്ല എന്ന് എഴുതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട രോഹിണി കുമാര്‍ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല സ്വന്തം രാജ്യത്തെ ഭരണകൂടം തന്നെ സ്വന്തം പൗരരെ വേർതിരിക്കുമെന്ന്. മുസ്‌ലിം വിദ്യാര്‍ഥിനികളുടെ മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുമെന്ന്.
ബ്രിട്ടീഷുകാര്‍ നമ്മെ വിട്ടു പോയിട്ടും ഹിന്ദുത്വ രാഷ്ട്രീയം ഈ രാജ്യത്തെ ഭരിക്കുമെന്ന്, അന്ന് അവിടെ വൈവിധ്യങ്ങളും പൗര സ്വാതന്ത്ര്യവും അറുത്തു മാറ്റപ്പെടുമെന്ന്.
മറുപടി നല്‍കിയ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഭാവനയില്‍ പോലും കരുതിയിട്ടുണ്ടാവില്ല. ജയ് ശ്രീറാം വിളിച്ചുകൊണ്ട്, കഴുത്തില്‍ കാവി ഷാള്‍ അണിഞ്ഞുകൊണ്ട് മുസ്‌ലിം സഹപാഠിയ്ക്ക് നേരെ ആക്രോശിക്കുന്ന ഹിന്ദുത്വ തീവ്രവാദത്തില്‍ വിശ്വസിക്കുന്ന വിദ്യാർഥികളുള്ള സ്‌കൂളുകളും കലാലയങ്ങളുമുണ്ടാകുമെന്ന്.
പട്ടേലിന്റെ വാക്കുകള്‍ തന്നെ ആവര്‍ത്തിക്കുന്നു.
“ലോകം മുഴുവനും വായിക്കുകയാണെങ്കില്‍, നമ്മുടെ പൗരന്മാരോട് എങ്ങനെ പെരുമാറണമെന്നും സഹജീവികളോട് എങ്ങനെ പെരുമാറണമെന്നു പോലും നമുക്ക് അറിയില്ലെന്ന് അവര്‍ സ്വാഭാവികമായും നിഗമനം ചെയ്യും.’
ഇന്ത്യന്‍ ഭരണഘടന ഇക്കാര്യത്തില്‍ നടത്തിയ ആലോചന ദിനുവിന്റെ കുറിപ്പിലുണ്ട്.
മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സുനില്‍ കുമാറിനെ വായിക്കാം: “”ഹിജാബിനാണ് വിലക്കെങ്കില്‍ ഹിജാബ് ധരിച്ച് തന്നെ പ്രതിഷേധിക്കണം. അധികാരം നിലനിര്‍ത്താനുള്ള ഹിന്ദുത്വ രാഷ്ട്രീയ കളികളുടെ ഭാഗമാണ് കര്‍ണാടകത്തിലെ ഹിജാബ് നിരോധനം. അതിന്റെ തുടര്‍ച്ചയാണ് കാവി പതാക ഉയര്‍ത്തിയും തലപ്പാവണിഞ്ഞും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘര്‍ഷമുണ്ടാക്കുന്നത്.
മുസ്‌ലിം വിരുദ്ധത അഴിച്ചുവിട്ട് കര്‍ണാടകയില്‍ മാത്രമല്ല ദക്ഷിണേന്ത്യയിലാകെ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് അവരുടെ ഗൂഢശ്രമം. അതിന് രാഷ്ട്രീയ കാരണങ്ങളുണ്ട്. തമിഴ്‌നാടും കേരളവും ആന്ധ്രയും തെലങ്കാനയും അവരുടെ ലക്ഷ്യമാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ കാരണമാണ്.
ഈ വിഭജന രാഷ്ട്രീയത്തെ പരാജയപ്പെടുത്തിയേ തീരൂ. ഹിജാബ് വിലക്കുമ്പോള്‍ ഹിജാബ് ധരിക്കാനുള്ള അവകാശത്തോടൊപ്പമാണ് ജനാധിപത്യവാദികള്‍ നില്‍ക്കേണ്ടത്.”
രണ്ട് കുറിപ്പുകള്‍ ചൂണ്ടിക്കാട്ടിയത് ബോധപൂര്‍വമാണ്. കര്‍ണാടകയിലും മധ്യപ്രദേശിലുമെല്ലാം പലയിടങ്ങളിലും വസ്ത്രത്തിന്റെ പേരില്‍ നടക്കുന്ന ഈ ചര്‍ച്ചകള്‍ പൗരത്വ ബില്ലിന്റെ തുടര്‍ച്ചയാണ്. പ്രതീക്ഷിച്ച ധ്രുവീകരണം പൗരത്വ ബില്‍ കൊണ്ടുവന്നില്ല. കാരണം പൗരത്വം എന്നത് ദൃശ്യമായ ഒന്നല്ല. പൗരത്വ പ്രതിസന്ധി ഒരു ദൃശ്യാനുഭവവുമല്ല. വസ്ത്രം പക്ഷേ, ദൃശ്യമാണ്. നമ്മുടെ പലതരം മാധ്യമങ്ങളും സെക്യുലര്‍ എന്ന് ആണയിടുന്ന ലിബറലുകളും ചേര്‍ന്ന് മുസ്‌ലിം സ്ത്രീകള്‍ അവരുടെ തിരഞ്ഞെടുപ്പായി കണ്ട് ധരിക്കുന്ന വസ്ത്രങ്ങളെ അപരവത്കരിക്കാന്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. “സ്ത്രീയെ പര്‍ദയില്‍ തളച്ചിടുന്നു’ എന്ന ഒരു “പുരോഗമന വാചകം’ എഴുതുമ്പോള്‍ അത് ധരിച്ച സ്ത്രീയുടെ, ധരിക്കാന്‍ ആ വസ്ത്രം തിരഞ്ഞെടുത്ത സ്ത്രീയുടെ ഏജന്‍സിക്കുമേല്‍ എത്ര ക്രൂരമായ കൈയേറ്റമാണ് അവര്‍ നടത്തുന്നത്. എത്ര വലിയ കുറ്റകൃത്യമാണത്.
അമ്പരപ്പിച്ചത് ഇടതുപക്ഷത്തു നിന്ന് വന്ന ചില വാചകങ്ങളാണ്. കലാലയങ്ങളില്‍ മതചിഹ്‌നങ്ങള്‍ പേറുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നത് എന്തിന് എന്നതാണ് അവയുടെ പൊതുധ്വനി. പൊതു വസ്ത്രങ്ങളാണ് വേണ്ടത് എന്ന നിര്‍ദേശവുമുണ്ട്. മതവസ്ത്രങ്ങള്‍ ധരിക്കുന്നതാണ് സംഘപരിവാറിന് ഇമ്മാതിരി കയ്യേറ്റം നടത്താന്‍ പ്രേരണയാകുന്നത് എന്ന കൂട്ടിച്ചേര്‍ക്കലുമുണ്ട്.
എങ്ങനെയാണ് നിങ്ങള്‍ക്ക് ഒരു വസ്ത്രത്തെ മതവസ്ത്രമായി തോന്നുന്നത്? എന്തുകൊണ്ടാണ് സിഖുകാരുടെ തലപ്പാവ് ഒരു സ്വാഭാവികതയായി മാറുന്നത്? എങ്ങനെയാണ് സിന്ദൂരം സ്വാഭാവികതയായി മാറുന്നത്? അതെല്ലാം പോട്ടെ മതനിരാസത്തെ ആണോ നിങ്ങള്‍ മതേതരത്വം എന്ന് മനസിലാക്കുന്നത്? അങ്ങനെ ആണ് എങ്കില്‍ പ്രിയപ്പെട്ട ഇടതുപക്ഷമേ, നിങ്ങള്‍ ഇന്ത്യന്‍ മതേതരത്വത്തെ തരിമ്പും മനസിലാക്കിയിട്ടില്ല. ജീവിതത്തിന്റെ അതിസ്വാഭാവികമായ ഒരു തുടര്‍ച്ചയാണ് വിദ്യാഭ്യാസം. എന്തുകൊണ്ടാണ് നിങ്ങള്‍ അങ്ങനെ മനസിലാക്കാത്തത്. ലതാ മങ്കേഷ്‌കറുടെ ഭൗതിക ദേഹത്തിന് മുന്നില്‍ ഷാരൂഖ് ഖാന്‍ നടത്തിയ പ്രാര്‍ഥന അയാളുടെ ജീവിതത്തിന്റെ അതിസ്വാഭാവിക തുടര്‍ച്ചയായി മനസിലാക്കാന്‍ കഴിയാത്തതുപോലെ ആണ് അതും.
ഇത്രയേ ഉള്ളൂ. കര്‍ണാടകയിലും മധ്യപ്രദേശിലും നാളെ രാജ്യവ്യാപകമായും സംഘപരിവാര്‍ നടത്താന്‍ പോകുന്ന വസ്ത്ര വംശീയതയുടെ തുടക്കമാണിത്. നിര്‍ഭാഗ്യവശാല്‍ ലിബറലുകള്‍ക്കും ഇടതുപക്ഷത്തിനും സ്വീകാര്യമായ വാദങ്ങളാവും അവര്‍ മുന്നോട്ടു വെക്കുക. എന്തിന് മതവസ്ത്രം, കുട്ടികള്‍ പഠിക്കട്ടെ എന്ന് അവര്‍ പറയും. വ്യാപകമായി ആ വാദം പിന്തുണക്കപ്പെട്ടേക്കാം. പൊടുന്നനെ ഒരു മുസ്‌ലിം സ്ത്രീയുടെ, പെണ്‍കുട്ടിയുടെ വസ്ത്രം എന്ന അവകാശത്തിന് മേല്‍, അത് തിരഞ്ഞെടുക്കാനുള്ള അവളുടെ സ്വാതന്ത്ര്യത്തിനു മേല്‍ നിങ്ങള്‍ നിങ്ങളുടെ യുക്തിയുടെ വിലങ്ങുകള്‍ അണിയിക്കുകയാണ്. മതത്തിലേക്ക് അതിനെ ബന്ധിച്ച് വേരുറച്ചുപോയ മുന്‍വിധികളുടെ താഴുകളാല്‍ ബന്ധിക്കുകയാണ്. പ്രകോപിപ്പിക്കുകയാണ്.
അതിനാല്‍ ഇത് വസ്ത്രത്തിന്റെ പ്രശ്‌നമല്ല. സംഘടിതമായ ഒരു അജണ്ടയുടെ ക്രൂരമായ നടപ്പാക്കലാണ്. കര്‍ണാടക ഒരു പരീക്ഷണമാണ്. എളുപ്പത്തില്‍ കത്തിക്കാം വസ്ത്രത്തെ. അതാണവരുടെ ലക്ഷ്യം. കുന്ദാപുരയിലെ ആ പെണ്‍കുട്ടി ഒറ്റയ്ക്ക് തിരിഞ്ഞു നില്‍ക്കണോ എന്നതാണ് ചോദ്യം. അവള്‍ക്ക് വസ്ത്രം മാറ്റിക്കൂടെ, അവളെന്തിന് അല്ലാഹു അക്ബര്‍ മുഴക്കി പ്രകോപനം സൃഷ്ടിച്ചു എന്നാണോ നിങ്ങളുടെ ഉള്ളില്‍ ഇപ്പോള്‍ ഉയരുന്ന ചോദ്യം? ആണെങ്കില്‍ നിങ്ങള്‍ രൂപാന്തരപ്പെടുകയാണ്. നിങ്ങളെ രൂപാന്തരപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ ഫാഷിസം വിജയിച്ചിരിക്കുന്നു എന്നാണ്.
മറിച്ച് വസ്ത്രം എന്നത് പൗരാവകാശവും മൗലികാവകാശവുമാണെന്ന തിരിച്ചറിവ് നിങ്ങള്‍ക്കുണ്ടെങ്കില്‍, ജീവിക്കാനുള്ള അവകാശമാണ് പരമമായ അവകാശമെന്ന ബോധ്യം നിങ്ങള്‍ക്കുണ്ടെങ്കില്‍ നമുക്കൊരുമിച്ച് തിരിഞ്ഞു നില്‍ക്കാം. ജീവിതം നമ്മളില്‍ രൂപപ്പെടുത്തിയ പ്രതിരോധത്തിന്റെ ഏതു മുദ്രാവാക്യവും ഒരുമിച്ച് മുഴക്കാം. ജനാധിപത്യത്തിന്റെ ഫുള്‍ബെഞ്ചുകള്‍ കോടതിക്ക് വെളിയിലാണ്. അവിടെ നീതി നിഷേധിക്കപ്പെടില്ല.
ബിനോജ് സുകുമാരന്‍
You must be logged in to post a comment Login