പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കേരളജനതക്ക് മറക്കാനാകില്ല. മൃദു മിതഭാഷിയായിരുന്നു തങ്ങള്‍. പൈതൃകപരമായ മഹത്വത്തിന്റെ ഭാഗമായുള്ള കുലീന പെരുമാറ്റവും കുടുംബാന്തരീക്ഷത്തില്‍ നിന്നു പകര്‍ന്നു കിട്ടിയ പാഠങ്ങളും ശീലങ്ങളും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് മാറ്റുകൂട്ടിയിരുന്നു. സംഘാടനത്തില്‍ തങ്ങളുടെ ആദ്യ പാഠശാല എസ് എസ് എഫ് ആയിരുന്നു. അതിലൂടെ ലഭിച്ച നേതൃഗുണങ്ങള്‍ സവിശേഷമായിരുന്നു. ഞങ്ങള്‍ സംഘടനയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. വേറിട്ടൊരു വ്യക്തിത്വമായിരുന്നു തങ്ങളുടേത്. 1973ലാണ് എസ് എസ് എഫ് പ്രഥമ പ്രസിഡന്റായി തങ്ങള്‍ ചുമതലയേല്‍ക്കുന്നത്. 1979 വരെ തല്‍സ്ഥാനത്ത് തുടര്‍ന്ന ആറുവര്‍ഷവും സംഘടനയെ മികച്ച രീതിയില്‍ നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 1979ലെ പ്രത്യേക സാഹചര്യത്തില്‍ എസ് എസ് എഫ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയായിരുന്നു തങ്ങള്‍ ചെയ്തത്. അന്ന് 32 വയസായിരുന്നു പ്രായം. ഇനിയും പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ നേതൃത്വം നിര്‍ബന്ധിക്കുമെന്ന് തങ്ങള്‍ക്കറിയാമായിരുന്നു. ഇത് തിരിച്ചറിഞ്ഞ് നിലവിലെ സാഹചര്യം രാജിവെക്കാനായി തിരഞ്ഞെടുക്കുകയായിരുന്നു എന്നുവേണം മനസിലാക്കാന്‍. അത് സംഘടനാപരമായ എതിര്‍പ്പിന്റെ ഭാഗമായിരുന്നില്ലെന്ന് പിന്നീട് വ്യക്തമാകുകയും ചെയ്തിട്ടുണ്ട്. എസ് എസ് എഫിനോടുള്ള എതിര്‍പ്പാണ് രാജിക്ക് കാരണമെങ്കില്‍ അത് പ്രകടിപ്പിക്കാനുള്ള അവസരം ധാരാളമായി അദ്ദേഹത്തിനുണ്ടായിരുന്നു. മുസ്‌ലിംലീഗ് എന്ന പാര്‍ട്ടിയും ചന്ദ്രിക പത്രവും എക്കാലത്തും അദ്ദേഹത്തോടൊപ്പമായിരുന്നല്ലോ. ചോദ്യം ചെയ്യപ്പെടാത്ത സ്വാധീനവും തങ്ങൾക്കുണ്ടായിരുന്നു. ഇങ്ങനെയൊക്കെയായിട്ടും രാജിവെച്ചതിനു ശേഷം എസ് എസ് എഫിനെതിരെ അദ്ദേഹം ഒന്നും പറഞ്ഞില്ല. സമസ്തയിലെ പുനസംഘടനാ സന്ദര്‍ഭം ഉപയോഗപ്പെടുത്തി വേണമെങ്കില്‍ വിമര്‍ശിക്കാമായിരുന്നു. അതും ചെയ്തില്ല. ഇതായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. സംഘടനക്ക് അകത്തെ ഇരയായിരുന്നില്ല അദ്ദേഹം. പ്രസ്ഥാനത്തോടൊപ്പം അദ്ദേഹത്തെ പിടിച്ചു നിര്‍ത്താന്‍ വലിയ ശ്രമം ഞങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ രാജിയില്‍ ഉറച്ചു നില്‍ക്കുകയാണ് തങ്ങള്‍ ചെയ്തത്. അക്കാലത്ത് ലീഗ് വേദികളിലെ തങ്ങളുടെ ചില പരാമര്‍ശങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ എസ് എസ് എഫ് ജില്ലാ, താലൂക്ക് നേതാക്കളില്‍ ചിലരെ ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കുകയായിരുന്നു എസ് എസ് എഫ് ചെയ്തത്. അതുവഴി തങ്ങള്‍ക്ക് പ്രസിഡന്റ് പദവിയില്‍ തുടരാന്‍ സംഘടന അവസരം നല്‍കുകയായിരുന്നു. തങ്ങളെ ചോദ്യം ചെയ്തുവെന്നതായിരുന്നു ഈ നടപടിക്ക് കാരണം. തങ്ങളുടെ കൂടെയായിരുന്നു സംഘടനയുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ തങ്ങള്‍ ഒരു ഇരയല്ല, ഇരപരിവേഷവും തങ്ങള്‍ക്കില്ല, തങ്ങള്‍ അതാഗ്രഹിച്ചിട്ടുമില്ലായിരുന്നു. ഇക്കാരണത്താല്‍ തന്നെ ആരുടെയും ഉപകരണമായി മാറേണ്ട കാര്യവും അദ്ദേഹത്തിനില്ല. ശാന്തനായി മാറി നില്‍ക്കുകയാണ് ചെയ്തത്. ഗ്രൂപ്പ് വഴക്കിന്റെ പേരില്‍ മാറി നില്‍ക്കലായിരുന്നു അതെങ്കില്‍ മറുഭാഗത്തു നിന്ന് എസ് എസ് എഫിനെ എതിര്‍ക്കേണ്ടതായിരുന്നു. അങ്ങനെയൊന്ന് അദ്ദേഹം ആഗ്രഹിച്ചിരിന്നുമില്ല. അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ യോഗം നടക്കുന്നതിനിടെ രാജിക്കത്ത് മേശപ്പുറത്തുവെച്ച് ഇറങ്ങിപ്പോകുകയാണ് ചെയ്തത്. തങ്ങള്‍ പോയെങ്കിലും യോഗം നിര്‍ത്തിവെക്കുകയുണ്ടായില്ല. യോഗം തുടരണമെന്ന് ഞാന്‍ അഭിപ്രായപ്പെടുകയും മറ്റുള്ളവര്‍ പിന്തുണക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ അദ്ദേഹത്തോട് ഞങ്ങള്‍ക്കാര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. അദ്ദേഹത്തിനു ഞങ്ങളോടും. പിന്നീടും നിരവധി തവണ അദ്ദേഹത്തെ കാണുകയും സൗഹൃദം പുലര്‍ത്തുകയും ചെയ്തു. മുസ്‌ലിം സംഘടനകളുടെ പലവേദികളിലും തങ്ങളുടെ ആവശ്യപ്രകാരം പങ്കെടുത്തിരുന്നു. പൊതുസമൂഹ മനസില്‍ സ്ഥിരപ്രതിഷ്ഠ നേടിയ മുസ്‌ലിം ഉമ്മത്തിന്റെ നേതൃത്വമായിരുന്നു തങ്ങള്‍. ഒരു ഭേദവും കൂടാതെ തന്നെ സമീപിക്കുന്ന ഏതൊരാളുടെയും ആവലാതികള്‍ക്ക് തങ്ങള്‍ പരിഹാരം കണ്ടിരുന്നു. പാണ്ഡിത്യവും പകത്വയും സമംചേര്‍ന്ന അനിതരഗുണങ്ങളുടെ വിളനിലമായിരുന്നു തങ്ങള്‍. അല്ലാഹു തങ്ങളുടെ പരലോക പദവികള്‍ ഉയര്‍ത്തട്ടെ. തങ്ങളോടൊപ്പം നമുക്കെല്ലാവര്‍ക്കും സ്വര്‍ഗസ്ഥരാവാന്‍ അവസരമുണ്ടായിരിക്കട്ടെ.
എൻ അലി അബ്ദുല്ല
(എസ് എസ് എഫിന്റെ പ്രഥമ സെക്രട്ടറിമാരിൽ ഒരാളായിരുന്ന ലേഖകൻ ഇപ്പോൾ കേരള മുസ്്ലിം ജമാഅത്ത് സെക്രട്ടറിയാണ്).
You must be logged in to post a comment Login