ബഹുമുഖ നേട്ടങ്ങളുടെ നോമ്പുകാലം

ബഹുമുഖ നേട്ടങ്ങളുടെ  നോമ്പുകാലം

വിശുദ്ധ റമളാന്‍ വരുന്നു. ആരാധനകളാല്‍ ധന്യമാക്കേണ്ട രാവുകളും പകലുകളും. നോമ്പ്, തറാവീഹ് നിസ്‌കാരം, ഇഅ്തികാഫ്, ഖുര്‍ആന്‍ പാരായണം, ഇലാഹീസ്മരണ തുടങ്ങിയ ആരാധനകള്‍ കൊണ്ട് വിശ്വാസിയുടെ ഹൃദയം തരളിതമാകുന്ന മാസം.
അനാദിയായ അല്ലാഹുവിന്റെ കലാമില്‍ തന്നെ റമളാന്‍ എന്നാണ് ആ മാസത്തെ വിളിക്കുന്നത്. വിശ്വാസി സമൂഹത്തിന് നോമ്പ് നിര്‍ബന്ധമാക്കുന്നതിന് മുമ്പു തന്നെ ആ മാസത്തെ പല സുപ്രധാന കര്‍മങ്ങള്‍ക്കു വേണ്ടി അവന്‍ പവിത്രമാക്കിയിരുന്നു.
റസൂലിന്റെ പ്രവാചകത്വ ലബ്ധിക്കു മുമ്പേ ജാഹിലിയ്യാ കാലത്ത് “റമളാന്‍’ മാസത്തിന്റെ പേരായി പ്രചാരത്തിലുണ്ടായിരുന്നു. അന്നത്തെ ജനങ്ങള്‍ ഓരോ ഋതുക്കളിലുണ്ടാകുന്ന പ്രത്യേകതകള്‍ക്കനുസരിച്ച് ആ മാസത്തിന് പേരിട്ടു. ദുല്‍ഹിജ്ജ എന്ന് പേരുവരാനുള്ള കാരണം അത് ഹജ്ജിന്റെ കാലം ആണ് എന്നതുകൊണ്ടാണ്. റബീഉല്‍ അവ്വല്‍ വസന്തത്തിന്റെ തുടക്കമാണ്.

റമളാന്‍ എന്ന പേരും വ്യത്യസ്തമല്ല. “റമിള’ എന്ന അറബിധാതുവില്‍ നിന്നാണ് അത് നിഷ്പന്നമായത്. തീവ്രമായി ചൂടുപിടിക്കുക എന്നാണര്‍ഥം. വ്രതമനുഷ്ടിക്കുന്ന വിശ്വാസിയുടെ അകം ദാഹം നിമിത്തം ശക്തമായി ചൂടുപിടിക്കുന്ന അവസ്ഥയത്രേ അത്. “റമിള സ്സ്വാഇമു’ എന്ന പ്രയോഗം തന്നെ അറബിയിലുണ്ട്. നോമ്പുകാരന്‍ ദാഹപരവശനായി എന്നു സാരം.

കരിച്ചു കളയുക എന്ന അര്‍ഥവും ഭാഷാ വിദഗ്ധര്‍ റമിളക്ക് നല്‍കുന്നുണ്ട്. റമളാന്‍ മാസം മനുഷ്യന്റെ പാപങ്ങള്‍ കരിച്ചുകളയുന്നു എന്നുദ്ദേശ്യം. അക്കാരണത്താലാണ് ആ പേര് ലഭിച്ചതെന്ന് ഇബ്‌നു മുര്‍ദവൈഹി, ഇസ്വ ്ബഹാനി(റ) എന്നിവര്‍ ഉദ്ധരിക്കുന്നുണ്ട്. ഇബ്‌നു ഉമറില്‍ നിന്ന് ഈ അര്‍ഥത്തില്‍ ഒരു ഹദീസ് ഇബ്‌നു അസാകിര്‍ ഉദ്ധരിച്ചതായി കാണാം.

റമളാന്‍ എന്ന പേരിനു കാരണമെന്തെന്ന് റസൂലിനോട് ആഇശ ബീവി(റ) ചോദിക്കുന്നുണ്ട്. അല്ലാഹു ആ മാസത്തില്‍ സത്യവിശ്വാസികളുടെ പാപങ്ങള്‍ കരിച്ചുകളഞ്ഞ് ശുദ്ധിയാക്കുമെന്നായിരുന്നു റസൂലിന്റെ മറുപടി.
“റംളാഅ്’ എന്നതില്‍ നിന്നാണ് റമളാന്‍ വരുന്നതെന്നാണ് ഇമാം ഖലീലിനെ ഉദ്ധരിച്ച് ഇമാം റാസി വിശദീകരിക്കുന്നത്. ശരത്കാലാഗമനത്തിനു മുമ്പ് വര്‍ഷിക്കുന്ന മഴക്കാണ് റംളാഅ് എന്നു പറയുന്നത്. ഈ മഴ നിലം വൃത്തിയാക്കുന്നു. ഇപ്രകാരം ഈ മാസം വിശ്വാസിയെ വെടിപ്പാക്കുന്നു.

വേറെയും പലകാരണങ്ങള്‍ ഗ്രന്ഥങ്ങളില്‍ കാണാം.
1. മാസങ്ങളുടെ പേരുകള്‍ കണക്കാക്കിയ സമയത്ത് റമളാന്റെ സമയം ശക്തമായ ചൂടുള്ള കാലമായിരുന്നു.
2. ആ മാസത്തില്‍ ദാസന്മാര്‍ നാഥനെ ഭയപ്പെടുന്നു. ചിന്തയുടെയും സദുപദേശത്തിന്റെയും ചൂട് പിടിച്ചെടുക്കുന്നു. സൂര്യന്റെ ചൂടില്‍ നിന്ന് മണലും കല്ലും വാരുന്ന പോലെ.
3. റമീള് എന്ന പദത്തില്‍ നിന്നാണ് റമളാന്റെ ഉദ്ഭവം. റമീള് എന്നാല്‍ ഗ്രീഷ്മകാലാവസാനത്തിലും ശരത്കാലാരംഭത്തിലും വര്‍ഷിക്കുന്ന മഴ, മേഘം എന്നൊക്കെയാണര്‍ഥം. ഇത് സൂര്യന്റെ ചൂടില്‍ നിന്നും ഭൂമിയെ കഴുകി വൃത്തിയാക്കുന്നു. റമളാന്‍ വിശ്വാസിയുടെ ശരീരത്തെ ദുഷ്‌ചെയ്തികളില്‍ നിന്ന് കഴുകി വൃത്തിയാക്കുന്നു.

4. അറബികള്‍ ശവ്വാല്‍ മാസത്തിലെ യുദ്ധത്തിനു വേണ്ടി ആയുധങ്ങള്‍ ഒരുക്കിത്തയാറാക്കുന്നത് റമളാന്‍ മാസത്തിലാണ്. ഒരുമിച്ച് കൂട്ടുക, തയാറാക്കിവെക്കുക എന്നെല്ലാം റമിളയുടെ അര്‍ഥങ്ങളാണ്.
5. റമളാന്‍ അല്ലാഹുവിന്റെ നാമമാണെന്ന അഭിപ്രായമുണ്ട്(ഇമാം മുജാഹിദ്). അല്ലാഹുവിന്റെ റഹ്മതുകള്‍ ഏറെ പ്രത്യക്ഷപ്പെടുന്ന മാസം എന്നര്‍ഥത്തിലാണ് അല്ലാഹുവിന്റെ മാസം എന്നു പ്രയോഗിക്കുന്നത്.

വ്രതാനുഷ്ഠാനം
വിശുദ്ധ റമളാനിലെ പ്രധാന ആരാധന നോമ്പ് അഥവാ വ്രതാനുഷ്ഠാനം തന്നെയാണ്. മറ്റു ആരാധന രീതികളില്‍ നിന്ന് വലിയ വ്യത്യാസങ്ങളും പ്രത്യേകതകളുമുണ്ട് വ്രതത്തിന്. നോമ്പ് പിടിച്ചത് ആര്‍ക്കും കാണാന്‍ കഴിയില്ല എന്നതുതന്നെയാണ് അതിന്റെ ഏറ്റവും വലിയ സവിശേഷത. അത് നോമ്പുകാരന് മാത്രമേ അനുഭവിക്കാന്‍ കഴിയൂ. ആളെ കാണിക്കാനോ, ജാഡയ്ക്ക് വേണ്ടിയോ ചെയ്യാന്‍ കഴിയുന്ന ആരാധനയല്ല നോമ്പ്. നോമ്പുകാരും ജഗനിയന്താവായ റബ്ബും മാത്രമറിയുന്ന അതീവ രഹസ്യം.

എന്തിന് നോമ്പനുഷ്ഠിക്കുന്നു എന്നതിന് ഖുര്‍ആന്‍ തന്നെ മറുപടി പറയുന്നുണ്ട്. സൂറതുല്‍ ബഖറയില്‍ (183) അല്ലാഹു പറയുന്നു: നിങ്ങള്‍ ദൈവഭക്തിയുള്ളവരാകാനാണ്(തഖ്‌വ) നോമ്പ് നിര്‍ബന്ധമാക്കിയത്. അഥവാ, നോമ്പനുഷ്ഠിക്കുന്നതിന്റെ പ്രധാന ലക്ഷ്യം ദൈവഭക്തിയുള്ള ജീവിതമാണ്. സംസ്‌കരണത്തിന്റെ പരിശീലനമാണ് റമളാന്‍.

ആത്മനിയന്ത്രണവും ക്ഷമയുമാണ് പ്രധാനമായും വ്രതാനുഷ്ഠാനം. സൂര്യോദയം മുതല്‍ അസ്തമയം വരെ ഭക്ഷണ പാനീയങ്ങള്‍ വര്‍ജിക്കുന്നു; മാത്രമല്ല അനാവശ്യമായ, ചെയ്യാന്‍/പറയാന്‍ പാടില്ലാത്ത കാര്യങ്ങളില്‍ നിന്നും, ചിന്തകളില്‍ നിന്നും വിട്ടുനില്‍ക്കലാണ് നോമ്പിന്റെ പൂര്‍ണത. അവയവങ്ങളും മനസും പൂര്‍ണമായും ഇലാഹീ സ്മരണയിലായി വേണം സമയം ചെലവഴിക്കാന്‍. നോമ്പ് തിന്മകളെ പ്രതിരോധിക്കാനുള്ള പരിചയാണെന്ന് റസൂലിന്റെ വചനമുണ്ട്. നോമ്പുകാരെ മറ്റൊരാള്‍ ചീത്തപറയുകയോ ശകാരിക്കുകയോ ചെയ്താല്‍ “എനിക്ക് നോമ്പുണ്ടെ’ന്ന് മാത്രമേ അവര്‍ പ്രതികരിക്കാവൂ എന്ന് റസൂല്‍(സ്വ) പറഞ്ഞിട്ടുണ്ട്. ഇത് ബുഖാരിയിലും മുസ്‌ലിമിലും കാണാം. കളവും പരദൂഷണവും ചീത്തവിളിയും ഒഴിവാക്കാതെ പകല്‍ മുഴുവന്‍ പട്ടിണി കിടക്കുന്നതില്‍ അല്ലാഹുവിന് ഒരു താല്പര്യവുമില്ലെന്നും ഹദീസില്‍ കാണാം.

നോമ്പും വിശപ്പും
നോമ്പിന്റെ പ്രധാന കര്‍മം ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കല്‍ തന്നെയാണ്. അഥവാ, വിശന്നിരിക്കലാണ്. വിശന്നിരിക്കുന്നത് ഏറെ മഹത്വമുള്ളതാണ്. മനുഷ്യന്റെ സദ്ഗുണങ്ങളെയെല്ലാം കാര്‍ന്നു തിന്നുന്നത് വയറിന്റെ ആസക്തിയാണെന്ന് ഇഹ്‌യാ ഉലൂമിദ്ദീനില്‍ ഇമാം ഗസാലി(റ) പറയുന്നുണ്ട്. മനുഷ്യപിതാവ് ആദം നബിയെയും(അ) ഭാര്യ ഹവ്വയെയും(റ) ശാശ്വത സ്വര്‍ഗത്തില്‍ നിന്ന് നശ്വരമായ ഭൂമിയിലേക്ക് എത്തിച്ചത് വയറിന്റെ ആവശ്യമായിരുന്നെന്ന് കാണാം.

വികാരങ്ങളുടെയും രോഗങ്ങളുടെയും ഉറവിടമാണ് വയറ്. മനുഷ്യന്‍ നിറക്കുന്നതില്‍ ഏറ്റവും മോശപ്പെട്ട പാത്രമെന്നാണ് വയറിനെ റസൂല്‍(സ) വിശേഷിപ്പിച്ചത്. വയറ് നിറഞ്ഞാല്‍ തിന്മകള്‍ക്ക് പ്രേരണ കൂടുകയും നന്മകള്‍ക്ക് താല്പര്യം കുറയുകയും ചെയ്യും. ലൈംഗികാസക്തിയുണ്ടാകും. സ്ഥാന-അധികാര-ധന മോഹങ്ങളുണ്ടാകും. അതോടെ പെരുമാറ്റം ദുഷിക്കും. അസൂയ കീഴടക്കും. അഹങ്കാരവും ഉള്‍നാട്യവും പ്രകടനപരതയും വര്‍ധിക്കും. ചുരുക്കത്തില്‍ മനുഷ്യന്‍ ചീത്തയുടെ ഉറവിടമാകും.
വിശന്നിരിക്കാന്‍ സന്നദ്ധനായാല്‍, വയറിന്റെ മോഹങ്ങളെ ചെറുത്തു നിന്നാല്‍ പൈശാചിക താല്പര്യങ്ങളോട് ഏറ്റുമുട്ടാം. അല്ലാഹുവിന് നിരന്തരമായി വഴിപ്പെടാന്‍ തല്പരരാകും.

അബൂ ഹുറയ്‌റ നിവേദനം ചെയ്യുന്ന ഹദീസിലുണ്ട്: “നിങ്ങള്‍ പരുക്കന്‍ വസ്ത്രം ധരിക്കുക. വയറിന്റെ അല്പം മാത്രം ഭക്ഷണം കഴിക്കുക. എങ്കില്‍ തലയെടുപ്പോടെ നിങ്ങള്‍ക്ക് ദൈവസന്നിധിയില്‍ ഹാജരാകാനാവും.’

ലുഖ്മാന്റെ(റ) മകനോടുള്ള ഉപദേശങ്ങളില്‍ ഇങ്ങനെ കാണാം: “മോനെ, നീ വയറ് നിറച്ചാല്‍ ചിന്തകള്‍ ഉറങ്ങും. അറിവ് മൂകമാകും. ആരാധനക്ക് ശരീരം വഴങ്ങാതാകും.’
വിശപ്പു സഹിക്കുന്നതുകൊണ്ട് മനുഷ്യനുണ്ടാകുന്ന പത്ത് മാഹാത്മ്യങ്ങള്‍ ഇമാം ഗസാലി ഇഹ്‌യാ ഉലൂമിദ്ദീനില്‍ വിവരിക്കുന്നുണ്ട്.

1. ഹൃദയം തെളിച്ചമുള്ളതാകും. ഉള്‍കാഴ്ചയുണ്ടാക്കാനും അലസത അകറ്റാനും വിശപ്പ് സഹായിക്കും. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: വയറ് നിറച്ച് ഉറങ്ങുന്നവന്റെ ഹൃദയം കറുത്തുപോകും.
2. ഹൃദയം നൈര്‍മല്യമുള്ളതാകും. ഹൃദയം നൈര്‍മല്യമുള്ളതാകുമ്പോഴാണ് പ്രവര്‍ത്തനങ്ങളില്‍ ഉത്സാഹമുണ്ടാകുന്നത്. ജുനൈദ്(റ) പറയുന്നു: വിശപ്പ് സഹിക്കുക. എങ്കില്‍ അല്ലാഹുവുമായി സംവദിക്കുമ്പോള്‍ മാധുര്യം അനുഭവിക്കാനാകും.
3. അഹങ്കാരം ഇല്ലാതെയാകും. ശരീരത്തിന്റെ ശക്തി കുറയുകയും പോരായ്മകള്‍ തിരിച്ചറിയുകയും ചെയ്യുമ്പോള്‍ അഹങ്കാരം ഇല്ലാതെയാകും. അപ്പോഴാണ് സ്രഷ്ടാവിന്റെ ഔന്നത്യവും പ്രതാപവും തിരിച്ചറിയാനാവുക.
4. അല്ലാഹുവിന്റെ പരീക്ഷണവും ശിക്ഷയും ബോധ്യമാകും. വയറ് നിറക്കുന്നയാള്‍ വിശക്കുന്നവരെ ഓര്‍ക്കില്ല. പക്ഷേ, വിശന്നിരിക്കുന്നവര്‍ക്ക് ദാഹമനുഭവപ്പെടുമ്പോള്‍ അവര്‍ അന്ത്യനാളിലെ ദാഹത്തെ കുറിച്ചോര്‍ക്കും. വിശക്കുമ്പോള്‍ നരകക്കാരുടെ വിശപ്പിനെ കുറിച്ചോര്‍ക്കും.
5. ശരീരേഛകളെ അകറ്റിനിര്‍ത്തും. അവയവങ്ങള്‍ മൂലമുണ്ടാകുന്ന എല്ലാ ദോഷത്തിനും കാരണം അമിതഭോജനം മൂലം ശരീരത്തിന് ലഭിക്കുന്ന ശക്തിയാണെന്ന് ദുന്നൂനില്‍ മിസ്‌രി(റ) പറയുന്നുണ്ട്.
6. ഉറക്കം നിയന്ത്രിക്കാനാകും. അതുവഴി കൂടുതല്‍ ആരാധന ചെയ്യാനാവും. അമിതമായ ഉറക്കം ആയുസ് നശിപ്പിക്കലാണ്. ഉറക്കം കൂടിയാല്‍ ആരാധനയുടെ തിളക്കവും മാധുര്യവും നഷ്ടപ്പെടും.
7. സമയം ലാഭിക്കാം. കുറഞ്ഞ ഭക്ഷണം ശീലിച്ചവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനും പാകംചെയ്യാനും കഴിക്കാനും കുറഞ്ഞസമയമേ ആവശ്യമായി വരുന്നുള്ളൂ. ബാക്കിയുള്ള സമയങ്ങള്‍ ആരാധനക്കായി ചെലവഴിക്കാനാകും.
8. ശരീരത്തിന്റെ ആരോഗ്യം വര്‍ധിക്കും. രോഗങ്ങള്‍ കുറയും. ആമാശയം രോഗങ്ങളുടെ കേന്ദ്രമാണ്. നോമ്പനുഷ്ഠിക്കൂ നിങ്ങള്‍ ആരോഗ്യവാന്മാരാവും എന്ന് റസൂലിന്റെ പ്രചോദനമുണ്ട്.
9. ചെലവ് ചുരുങ്ങും. ഒരു ദിവസം ഭക്ഷിക്കുന്നത് പകുതിയാക്കിയാല്‍ ഒരു വര്‍ഷത്തേക്ക് കുറയുന്നത് വലിയ ചെലവായിരിക്കും.
10. ബാക്കിവരുന്നത് ധര്‍മം ചെയ്യാനാവും. അതുവഴി ധര്‍മം ചെയ്യുന്നതിന്റെ പ്രതിഫലം ലഭിക്കാനും വിശപ്പ് കാരണമാകുന്നു.
നോമ്പനുഷ്ഠിക്കുന്നതിലൂടെ ശരീരത്തിന്റെ കുറ്റകരമായ താത്പര്യങ്ങളില്‍ നിന്ന് മുക്തരാകുകയും സദ്കര്‍മങ്ങള്‍ പതിവാക്കാന്‍ പ്രാപ്തരാകുകയും ശരീരവും ആരോഗ്യവും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നുവെങ്കില്‍ അതു തന്നെയല്ലേ ഏറ്റവും വലിയ സംസ്‌കരണം.

എം കെ അൻവർ ബുഖാരി

You must be logged in to post a comment Login