“എല്ലാ കാര്യങ്ങള്‍ക്കും വിശദീകരണവും മാർഗദർശനവും കാരുണ്യവും കീഴ്‌പെട്ടു ജീവിക്കുന്നവർക്ക് സന്തോഷവാർത്തയുമായിക്കൊണ്ടാണ് താങ്കള്‍ക്ക് നാം ഈ ഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്” (അന്നഹ്്ല്/89) എന്നാണ് ഖുർആന്‍ സ്വയം പരിചയപ്പെടുത്തുന്നത്. മറ്റൊരു സ്ഥലത്ത് ഖുർആന്‍ വ്യക്തമാക്കുന്നത് ഇങ്ങനെ: “”ഈ ഗ്രന്ഥത്തില്‍ നാം ഒന്നും തന്നെ വീഴ്ചവരുത്തിയിട്ടില്ല” (അന്‍ആം/35). അഥവാ വ്യക്തമായോ വ്യഞ്ജമായോ പൂർണമായോ ഭാഗികമായോ പരാമർശിക്കാതെ ഉപേക്ഷ വരുത്തിയിട്ടില്ല.
എന്തുകൊണ്ട് ഖുർആന്‍ എന്ന ചോദ്യത്തിന്റെ ധാരാളം ഉത്തരങ്ങളില്‍ ഒന്നാണ് ഈ വചനങ്ങള്‍. ഖുർആനുമായി ബന്ധമുള്ള എല്ലാം വിശുദ്ധമാണ്-ഖുർആന്‍ വിശുദ്ധമായതുപോലെത്തന്നെ. റമളാന്‍ തന്നെയും വിശുദ്ധിയുടെ മാസമാകുന്നത് ഖുർആന്‍ ഭൂമിലോകത്തേക്ക് അവതരിക്കപ്പെട്ട മാസം എന്ന നിലയില്‍കൂടിയാണ്. എന്തുകൊണ്ടായിരിക്കും ഇത്രയും പരിശുദ്ധിയും ശ്രേഷ്ഠതയും. ഇതിനുള്ള ഉത്തരം കൂടി ഉപരിസൂചിത വചനങ്ങള്‍ നല്‍കുന്നുണ്ട്.
ഖുർആന്‍ സമ്പൂർണമായും ദൈവികമാണ്. അഥവാ അല്ലാഹുവിന്റെ വചനങ്ങള്‍ അല്ലെങ്കില്‍ കലാമാണ്. ഖുർആനിലെ അക്ഷരങ്ങള്‍ മാത്രമല്ല ദൈവികമായത്; അതിന്റെ ക്രമം, അധ്യായങ്ങളുടെ സ്ഥാനങ്ങള്‍, പേരുകള്‍, പാരായണം ചെയ്യേണ്ട രീതി-തുടങ്ങി ഒട്ടെല്ലാ കാര്യങ്ങളും ദൈവപ്രോക്തമാണ്. മനുഷ്യർക്കോ മറ്റു സൃഷ്ടികള്‍ക്കോ അതിലൊരു കൈകടത്തലിനും അവകാശമില്ല. ആരും കൈകടത്തിയിട്ടുമില്ല. അത്തരം കൈക്രിയ ശ്രമങ്ങള്‍ വിജയിക്കുകയോ വിജയിച്ചിട്ടോ ഇല്ല. ഖുർആന്‍ ഇത് വളരെ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്: “”തീർച്ചയായും ഈ ദിവ്യസന്ദേശം അവതരിപ്പിച്ചത് നാമാണ്. ഇതിനെ നാം തന്നെ സംരക്ഷിക്കും” (ഹിജ്ർ/9). ഇതൊരു കേവല പ്രഖ്യാപനമല്ലെന്നതിനു ആയിരത്തിനാന്നൂറ് വർഷങ്ങള്‍ സാക്ഷിയാണ്. ഖുർആനിലെ ഒരക്ഷരം പോയിട്ട്, അക്ഷരം ഉച്ചരിക്കേണ്ട രീതിയില്‍ പോലും അഥവാ അറബിയില്‍ പറഞ്ഞാല്‍ ഹർകത്തില്‍ പോലും മാറ്റത്തിരുത്തലുകള്‍ സംഭവിച്ചിട്ടില്ലെന്നത് ഖുർആന്റെ മാത്രം പ്രത്യേകതയായി എക്കാലത്തും അവശേഷിക്കുന്നു. ഇത് കേവലം കടലാസുകളില്‍ മാത്രം സൂക്ഷിക്കപ്പെട്ട ഗ്രന്ഥമല്ല എന്നതും ശ്രദ്ധേയമാണ്. ലക്ഷോപലക്ഷം വിശ്വാസികളുടെ ഹൃദയങ്ങളില്‍ യുഗാന്തരങ്ങളായി ഈ ഗ്രന്ഥമുണ്ട്. സാധിക്കുന്നവരെല്ലാം ഇത്രയും വലിയൊരു ഗ്രന്ഥം മനഃപാഠമാക്കുന്നു. ഒരല്പമെങ്കിലും മനഃപാഠമില്ലാത്ത ഒരു വിശ്വാസിയുമുണ്ടാവില്ല. ആറായിരത്തിലധികം വചനങ്ങളുള്ള ഒരു ഗ്രന്ഥം തലമുറകളിൽനിന്നും തലമുറകളിലേക്ക് കൈമാറി ഒരക്ഷരംപോലും ഒഴിവാക്കാതെ മനഃപാഠമാക്കുന്ന ഈ ഊർജത്തെയാണ് നാം ഖുർആനെന്ന് വിളിക്കേണ്ടത്. അന്ത്യനാള്‍ വരെ ഒരിക്കലും വറ്റാത്ത ഊർജം. ഇന്നും ഇപ്പോഴും പതിനായിരങ്ങളുടെ സിരകളിലൂടെയോടുന്ന ഊർജ്ജം.
മറ്റെല്ലാ സൃഷ്ടികളെപ്പോലെയും മനുഷ്യരെ സൃഷ്ടിച്ചത് അല്ലാഹു മാത്രമാണ്. മനുഷ്യന്‍ അനേകായിരം ജന്തുക്കളില്‍ ഒരു ജന്തുവുമാണ്. മറ്റു ജന്തുക്കള്‍ക്ക് പ്രത്യേക നിയമമോ നിയമ സംവിധാനങ്ങളോ ആവശ്യമില്ല. അതുള്‍ക്കൊള്ളാന്‍ അവ പര്യാപ്തവുമല്ല. പക്ഷേ, മനുഷ്യന്‍ ഒരിക്കലും അങ്ങനെയല്ല. ജീവിതത്തിന്റെ ഓരോ നിമിഷവും വ്യത്യസ്ത നിയമങ്ങളില്‍ ബന്ധിതനാണ് മനുഷ്യന്‍. സ്വതന്ത്രനാണ് എന്ന് പറയുന്നുണ്ടെങ്കില്‍ പോലും നൂറുകൂട്ടം നിയമങ്ങള്‍ അനുസരിച്ചേ പറ്റൂ. അനേകായിരം ആചാരങ്ങള്‍ക്കും നാട്ടുനടപ്പുകള്‍ക്കും മാന്യതയുടെ മറ്റു അളവുകോലുകള്‍ക്കും വിധേയപ്പെട്ട് മാത്രമേ മനുഷ്യന് ജീവിക്കാനാവൂ. മനുഷ്യന്റെ ശരീരത്തെയും മനസിനെയും നിയന്ത്രിക്കുന്ന ധാരാളം നിയമങ്ങളും ചിട്ടകളും മര്യാദകളും ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ടെന്ന് ചുരുക്കം. അവയൊക്കെ മനുഷ്യന് അത്യാവശ്യവുമാണ്. സൃഷ്ടിച്ച ദൈവം അഥവാ അല്ലാഹു തന്നെ ഇതെല്ലാം സംവിധാനിക്കുമ്പോള്‍ അത് കുറ്റമറ്റതാകുമെന്ന് പറയേണ്ടതില്ലല്ലോ. ഖുർആന്‍ ചെയ്യുന്ന ഏറ്റവും വലിയ ദൗത്യവും ഇതു തന്നെയാണ്. ജീവിക്കാനാവശ്യമായ നിയമങ്ങള്‍ മാത്രമല്ല; എല്ലാ കാര്യങ്ങളും വേണ്ടതുപോലെ പഠിപ്പിക്കുക. നേരത്തെ പറഞ്ഞ വചനങ്ങള്‍ വ്യക്തമാക്കുന്നത് ഇങ്ങനെ ആവശ്യമുള്ളതെല്ലാം ഖുർആന്‍ പഠിപ്പിച്ചുവെന്നാണ്. ലോകത്ത് ഏതുകാലത്തും ഏതു ഭൂപ്രദേശത്തും എത്ര ഗുരുതരമായ പരിതസ്ഥിയിലും ജീവിക്കുന്ന ഒരു മനുഷ്യനെ ആത്മീയമായും ഭൗതികമായും അല്ലെങ്കില്‍ മാനസികമായും ശാരീരികമായും അത്യുന്നതങ്ങളിലേക്ക് നയിക്കാന്‍ ഖുർആന്‍ നൂറു ശതമാനം പര്യാപ്തമാണ്. കഴിഞ്ഞ ഒന്നര സഹസ്രാബ്ദമായി കോടാനുകോടി വിശ്വാസികള്‍ക്ക് അവരുടെ മതപരവും ഭൗതികവുമായ മുഴുവന്‍ വിഷയങ്ങള്‍ക്കും നേതൃത്വം നല്‍കിയതും ഖുർആന്‍ തന്നെയാണ്. ഖുർആനെ ഇമാം അഥവാ നേതാവ് എന്ന അർഥത്തില്‍ പ്രയോഗിക്കുന്നത് ഈയൊരു പരിഗണനയിലാണ്.
കേവലം നിയമങ്ങള്‍ പറയുന്ന ഒരു നിയമ പുസ്തകമല്ല ഖുർആന്‍. മനുഷ്യനും പ്രകൃതിക്കുമാവശ്യമായ നിയമങ്ങള്‍ ഖുർആനിലുണ്ടെങ്കിലും ഖുർആന്റെ ഒരു ഭാഗം മാത്രമാണ് നിയമങ്ങള്‍. ഈ നിയമങ്ങള്‍ സർവതല സ്പർശിയും കാലികപ്രസക്തവുമാണ് എപ്പോഴും. നിയമങ്ങള്‍ നിയമങ്ങളായി പറഞ്ഞ് മുന്നോട്ടുപോകുകയുമല്ല വിശുദ്ധ ഖുർആന്‍. മറിച്ച് നിയമം അനുശാസിച്ച് ജീവിക്കേണ്ടതിന്റെ ബാഹ്യവും ആന്തരികവുമായ പൊരുളുകള്‍ മുതല്‍ എല്ലാം പറഞ്ഞുവെച്ചിട്ടുണ്ടാകും. അതിലുപരി ഓരോന്നും മനുഷ്യന് തരുന്ന ആത്യന്തിക സുഖവും പഠിപ്പിക്കുന്നു. ഏതു സുകൃതത്തിനും പിറകെ നന്മ വരാനിരിക്കുന്നുവെന്നും എല്ലാ നന്മയുടെയും ആത്യന്തിക ഗുണം സ്വർഗം ലഭിക്കുന്നതാണെന്നും എല്ലായ്‌പ്പോഴും ഉണർത്തുക വഴി ഒരുത്തമ സമൂഹത്തെ നല്ലനിലയില്‍ വളർത്തുകയാണ് ഈ വിശുദ്ധ ഗ്രന്ഥം. നിയമം അനുശാസിക്കലും അനുസരിക്കലും പലപ്പോഴും മനുഷ്യമനസിന് അസ്വസ്ഥതയാണ് സൃഷ്ടിക്കുക. നിയമരഹിതമായ ലോകമാണ് മനുഷ്യന്റെ എല്ലായ്‌പ്പോഴുമുള്ള ചോയ്‌സ്. എന്നാല്‍ ഖുർആന്‍ നല്‍കുന്ന നിയമസംവിധാനത്തിന്റെ മാതൃക ഇതില്‍ നിന്നും വിഭിന്നമാണ്. മനുഷ്യ മനസിന് ശാന്തി ലഭിക്കുക എന്ന ആത്യന്തിക ഉദ്ദേശ്യത്തിലധിഷ്ഠിതമാണത്. ശതകോടിയുടെ സമ്പാദ്യവുമായി നടക്കുന്നവർക്കുപോലും എത്തിപ്പിടിക്കാനാകാത്ത മനസമാധാനവും ശാന്തിയും ഖുർആന്‍ മുറുകെപ്പിടിച്ച് ജീവിക്കുന്നവർക്ക് സ്വായത്തമാകുന്നതിന്റെ പിന്നിലുള്ള രഹസ്യമാണ് യഥാർത്ഥത്തില്‍ ഖുർആന്‍. ഹൃദയങ്ങള്‍ക്ക് ശാന്തി ലഭിക്കാന്‍ ലോകത്ത് ഒരു ഫോർമുലയും ഇല്ലതന്നെ-വിശുദ്ധ ഖുർആനല്ലാതെ.
നാലു പ്രാവശ്യം ബ്രിട്ടന്റെ പ്രധാനമന്ത്രിയായ William Ewart Gladstone ബ്രിട്ടന്റെ ഹൗസ് ഓഫ് കോമണില്‍ അവസാനം സമ്മതിക്കേണ്ടി വന്ന കാര്യങ്ങള്‍ സുവിദിതമാണല്ലോ. വിശുദ്ധ ഖുർആന്റെ കോപ്പി കയ്യില്‍ പിടിച്ച് അദ്ദേഹം ലോകത്തോട് ഇങ്ങനെ പറഞ്ഞു: “ഈ ഗ്രന്ഥം മുസ്‌ലിംകളുടെ കയ്യിലുള്ളിടത്തോളം കാലം അവരെ കീഴ്‌പ്പെടുത്താന്‍ നമ്മെക്കൊണ്ടാവില്ല.’ മുസ്‌ലിംലോകത്തിന്റെ കുത്തകയേറ്റെടുക്കാനും ഓട്ടോമന്‍ സാമ്രാജ്യത്തെ തകർക്കാനും ശ്രമിച്ച ഒരു ഭരണാധികാരിക്ക് അവസാനം സമ്മതിക്കേണ്ടി വന്ന ഈ ആത്യന്തിക വസ്തുത ഓരോ ബുദ്ധിയുള്ളവനെയും ചിന്തിപ്പിക്കുന്നതാണ്. മുസ്‌ലിമിന്റെ-ഖുർആന്‍ ഉള്‍ക്കൊണ്ട് ജീവിക്കുന്നവന്റെ-ഏറ്റവും വലിയ ഊർജവും ആയുധവും ഖുർആന്‍ തന്നെയാണ്. ബില്യണ്‍ കണക്കിന് ഡോളറുകള്‍ക്ക് നിർവഹിക്കാനാകുന്ന ദൗത്യമല്ല ആത്മവീര്യം നല്‍കുക എന്നത്. ഖുർആന്‍ നല്‍കുന്ന ആത്മവീര്യം തന്നെയാണ് ഓരോ മുസ്‌ലിമിന്റെയും വിജയരഹസ്യം. സ്വന്തം ശരീരത്തോടും ആത്മാവിനോടുമുള്ള വിജയം മുതല്‍ ലോകം മുഴുവൻ വിജയിക്കാനുള്ള ആത്മബലംവരെ ഈ ഗ്രന്ഥം പ്രദാനം ചെയ്യും. അങ്ങനെ സംഭവിച്ചിട്ടുണ്ട്. യഥാർത്ഥ വിശ്വാസി ഇന്നും അതനുഭവിക്കുന്നുണ്ട്. ഖുർആനല്ലാതെ മറ്റൊന്നും ആവശ്യമില്ലാത്ത വിധം വിശ്വാസിജീവിതം സംതൃപ്തമാണ്.
ഖുർആന്‍ ഓരോ മനുഷ്യനോടുമാണ് സംസാരിച്ചത്. എല്ലാ പ്രായത്തിലും നിലവാരത്തിലുമുള്ള ആളുകളോടും സംവദിച്ചു. ചെറുപ്പകാലത്ത് നമുക്ക് മാസ്മരികത സമ്മാനിച്ച പുസ്തകങ്ങള്‍ മുതിരുമ്പോൾ ഒരു അനുഭൂതിയും സമ്മാനിക്കാറില്ലല്ലോ. ഇതേപ്രകാരം വലിപ്പത്തില്‍ സമ്മാനിക്കുന്നവ ചെറുപ്പത്തില്‍ നമുക്കൊരിക്കലും വഴങ്ങാറുമില്ല. ഏതു ഗ്രന്ഥവും ഒരു പ്രത്യേക പ്രായക്കാരെയോ വിഭാഗത്തെയോ അഭിരുചിക്കാരെയോ ആണ് സംബോധന ചെയ്തത്. അല്ലെങ്കില്‍ അവരാണ് അതില്‍ ഏറ്റവും കൂടുതല്‍ ആനന്ദം കണ്ടെത്തിയത്. ഖുർആന്‍ എല്ലാം കൊണ്ടും ഇതില്‍ നിന്നും വിഭിന്നമാണ്. ഏതു മേഖലയിലുള്ള നിപുണർക്കും ആഴത്തിലുള്ള വെളിച്ചം നല്‍കാന്‍ ഖുർആന്‍ പര്യാപ്തമാണ്. മോറിസ് ബുക്കായിക്ക് ഖുർആന്‍ വെളിച്ചം നല്‍കിയത് ഭ്രൂണ ശാസ്ത്രത്തിലായിരുന്നുവെങ്കില്‍ ഓരോ മനുഷ്യനും ഓരോ വിഷയത്തിലാണ്. അവനവന് പാടവമുള്ള വിഷയങ്ങളില്‍ അനന്തമായ വാതിലുകള്‍ ഖുർആന്‍ തുറക്കുന്നു. അഥവാ ഓരോ മനുഷ്യന്റെയും നിലവാരത്തിനൊത്ത് ഖുർആന്‍ ഉയർന്നുവരികയും സംസാരിക്കുകയും ചെയ്യുന്നു. പരിമിതമായ വിജ്ഞാനവും വിവേകവുമുള്ള ഒരു സാധാരണ വിശ്വാസിക്ക് പോലും മനസിലാകുന്ന ലാളിത്യം സൂക്ഷിക്കുന്ന ഖുർആന്‍ തന്നെ ലോകത്തെ മുഴുവന്‍ മനുഷ്യരുടെയും വിജ്ഞാനദാഹത്തെ തൃപ്തിപ്പെടുത്തുന്ന അക്ഷയഖനിയായി കൂടി വർത്തിക്കുന്നു. ഇത് ഖുർആനിലല്ലാതെ മറ്റൊന്നിലും കാണാന്‍ സാധിക്കില്ല.
ഖുർആന്‍ ബുദ്ധിയുള്ള സമൂഹത്തെയാണ് വളർത്തിയെടുത്തത്. ഭൂമുഖത്തെ മുഴുവന്‍ മനുഷ്യരെയും ക്രിയാത്മകമാക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യാനാണ് ഖുർആന്‍ എപ്പോഴും ശ്രമിച്ചിട്ടുള്ളതും. ഖുർആന്റെ ഓരോ വരിയും മനുഷ്യന്റെ കഴിവുകളെ പരമാവധി വികസിപ്പിക്കാനും കർമശേഷിയെ അത്യുല്‍കൃഷ്ടമായി ഉപയോഗപ്പെടുത്താനും നിർദേശിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും കാണാം. മനുഷ്യനെ ഇതര ജീവികളില്‍നിന്നും തീർത്തും വ്യതിരിക്തമാക്കുന്നത് അവനു നല്‍കപ്പെട്ട ബുദ്ധിയും വിവേകവുമാണെന്നു നിരന്തരം ബോധ്യപ്പെടുത്തിയ ഖുർആന്‍ ഒരു സെക്കന്റ് പോലും ബുദ്ധിയെ മന്ദീഭവിപ്പിക്കുന്ന കാര്യങ്ങളിലേക്ക് പോകരുതെന്ന് കർശനമായി നിർദേശിച്ചു. ലഹരി വസ്തുക്കളുടെ ചെറിയ അളവിലുള്ള ഉപയോഗം പോലും വലിയതെറ്റായി കാണാന്‍ ഖുർആന്‍ തയാറായത് ബുദ്ധിയെയും വിവേകത്തെയും എത്രമാത്രം പരിപാലിച്ചുവെന്നതിന്റെ പ്രകടമായ തെളിവാണ്. നിരന്തരം ബുദ്ധിയെയും ചിന്തയെയും തൊട്ടുണർത്താന്‍ ആഹ്വാനവും ചെയ്യുന്നുണ്ട് ഖുർആന്‍. ഒരു സെക്കന്റ് സമയം ചിന്തയെ പോസിറ്റീവായി ഉപയോഗപ്പെടുത്തുന്നത് ഒരു വർഷം ആരാധന ചെയ്യുന്നതിനെക്കാള്‍ മഹത്തരമാണെന്ന് പറഞ്ഞ ഒരേയൊരു മനുഷ്യന്‍ മുഹമ്മദ് നബി(സ്വ) മാത്രമാണെന്നത് ഇവിടെ കൂട്ടിവായിക്കണം. ഖുർആന്‍ ഹൃദയങ്ങളോടും മസ്തിഷ്‌കങ്ങളോടും നേരിട്ടാണ് എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നത്. പുതിയത് കണ്ടെത്താനും പുതുലോകത്തെ സൃഷ്ടിക്കാനും വിശുദ്ധഗ്രന്ഥം നിരന്തരം ഉണർത്തുന്നു. അല്ലാഹുവിന്റെ ഏറ്റവും വലിയ വിശേഷണമായി ഖുർആന്‍ പലവുരു പറഞ്ഞത് “ബദീഅ്’ എന്നാണ്. പുതുമകളെ സൃഷ്ടിക്കുന്നവന്‍ എന്ന് അതിന് അർഥം നല്‍കാം. മനുഷ്യനോട് അല്ലാഹുവിന്റെ കല്പന തന്നെ അല്ലാഹുവിന്റെ വിശേഷണങ്ങളുടെ അന്തസത്ത ഉള്‍ക്കൊണ്ട് ജീവിതത്തില്‍ അതുപകർത്താനും പ്രാവർത്തികമാക്കാനും പരിശ്രമിക്കാനുമാണ്. അഥവാ അല്ലാഹു അവന്‍ പരമകാരുണ്യവാനാണ് എന്ന് പറഞ്ഞതില്‍ നിന്നും മനുഷ്യന്‍ ഉള്‍ക്കൊള്ളേണ്ടത് കാരുണ്യം തന്റെ കൂടി ജീവിതത്തിന്റെ ഭാഗമാക്കണമെന്ന സന്ദേശമായതുപോലെ തന്നെ പുതുമകള്‍ സൃഷ്ടിക്കുന്നവനാണ് അല്ലാഹു എന്നതില്‍ നിന്നും മനുഷ്യന്‍ അവന്റെ ബുദ്ധിയുപയോഗിച്ച് പുതുമകള്‍ സൃഷ്ടിക്കണമെന്നുള്ള നിർദേശം വായിച്ചെടുക്കണം. മനുഷ്യന്റെ ഈ ലോകത്തെ ജീവിതം സുഗമമാക്കാനും മതത്തിന്റെ ആന്തരിക ഭാവവും മൂല്യങ്ങളും സമൂഹത്തിലെത്തിക്കാനും പുതിയ രീതികളും സങ്കേതങ്ങളും ആവിഷ്‌കാരങ്ങളും കണ്ടെത്തുന്നത് ഇസ്‌ലാം പുണ്യമായി കണ്ടു. അത്തരം വഴികളും സജ്ജീകരണങ്ങളും സദുദ്ദേശ്യത്തോടെ കണ്ടെത്തുന്നതും സമൂഹത്തിനു സമർപ്പിക്കുന്നതും അതിമഹത്തായ സദ്കർമവും ആരാധനയുമായി ഖുർആന്‍ പരിചയപ്പെടുത്തുകയും ചെയ്തു. തത്ഫലമായി ലോകം വികസിച്ചു. ഇന്നുകാണുന്ന മുഴുവന്‍ കണ്ടെത്തലുകളുടെയും അടിസ്ഥാനമായി ഖുർആന്‍ പ്രവർത്തിച്ചത് ഇങ്ങനെയായിരുന്നു. ആയിരക്കണക്കിന് ശാസ്ത്രജ്ഞന്മാരെയും പതിനായിരക്കണക്കിന് വിചക്ഷണരെയും സമ്മാനിച്ചതും ഇങ്ങനെത്തന്നെ.
എല്ലാത്തിലുമുപരി ഖുർആന്‍ മനുഷ്യത്വമാണ് സംസാരിച്ചത്, മാനവികതയാണ് ഉദ്ഘോഷിച്ചത്. മനുഷ്യനായിരിക്കാനാണ് ആഹ്വാനം ചെയ്തത്. നന്ദികാണിക്കാനാണ് പഠിപ്പിച്ചത്. സൃഷ്ടിച്ച് പരിപാലിക്കുന്ന നാഥനോടും മറ്റെല്ലാത്തിനോടും നന്ദി കാണിക്കുക. പ്രകൃതിയിലെ എല്ലാത്തിനും, എല്ലാവരോടും ഗുണം ചെയ്യുക-എല്ലാം ഖുർആന്റെ പ്രമേയമാണ്. ഖുർആന്റെ തണല്‍ മനുഷ്യർക്കോ ജിന്നുകള്‍ക്കോ മാത്രമാണെന്ന് വിചാരിക്കരുത്. പ്രപഞ്ചത്തിന്റെ തണലാണ് ഖുർആന്‍. പ്രപഞ്ചത്തിലെ ഓരോ ജീവനും അചേതനവും സചേതനവുമായ മുഴുവന്‍ വസ്തുക്കളും ഖുർആന്‍ പ്രകാരം വളരെ മൂല്യമേറിയതും പ്രധാനപ്പെട്ടതും മനുഷ്യർ വളരെ ശ്രദ്ധയോടെയും ഉത്തരവാദിത്വ ബോധത്തോടെയും മാത്രം കൈകാര്യം ചെയ്യേണ്ടതുമാണ്. മനുഷ്യ-ജിന്ന് വർഗങ്ങളിലേക്കിറങ്ങിയ ഖുർആന്‍ സഹജീവി ജന്തുക്കളെ പരിചയപ്പെടുത്താനുപയോഗിച്ച പദപ്രയോഗങ്ങള്‍ അദ്ഭുതമുണർത്തുന്നതാണ്. ശാസ്ത്രലോകം ആഴത്തിൽ ചിന്തിക്കേണ്ട ചിലത് ഇതിലുണ്ട്. ഖുർആന്‍ പറയുന്നു: “ഭൂമിയില്‍ നടക്കുന്ന ഏതൊരു ജീവിയും ആകാശത്തില്‍ കൂടി പറക്കുന്ന ഏതൊരു പറവയും നിങ്ങളെപ്പോലെയുള്ള സമൂഹം (ഉമ്മത്) മാത്രമാണ്’ (അന്‍ആം/ 38). ഭൂമിയിലും ഭൗമോപരിതലത്തിലും ജീവിക്കുന്ന പരകോടി ചെറുതും വലുതുമായ സഹജീവികളെ മനുഷ്യരെപ്പോലെയുള്ള ഉമ്മതായിത്തന്നെ കാണണമെന്ന നിർദേശമാണ് ഈ വചനം മുന്നോട്ടുവെക്കുന്നത്. മറ്റൊരു മനുഷ്യനും ഗ്രന്ഥത്തിനും കൊടുക്കാന്‍ സാധിക്കാത്ത പരിഗണന ഖുർആന്‍ നല്‍കി. “ഉമ്മത്’ എന്ന പ്രയോഗം വളരെയേറെ ചിന്തയർഹിക്കുന്ന ഒരു പദമാണ്. സാമൂഹ്യശാസ്ത്രമനുസരിച്ച് ധാരാളം ഘടകങ്ങള്‍ കൂടിച്ചേരുമ്പോള്‍ മാത്രമാണ് ഒരു വിഭാഗം ഉമ്മതായി മാറുന്നതും രൂപപ്പെടുന്നതും. എങ്കില്‍ മനുഷ്യനേത്രങ്ങള്‍ക്കു ഗോചരീഭവിക്കാത്ത സൃഷ്ടികള്‍ മുതല്‍ ഭീമാകാരമായ സൃഷ്ടികള്‍ വരെ നിലനില്‍ക്കുന്ന പ്രകൃതിയിലെ ഈ പരകോടി ജീവികളും അവർ ജീവിക്കുന്ന ആവാസവ്യവസ്ഥയും സാമൂഹ്യ പശ്ചാത്തലവും ഓരോ വർഗത്തെയും ഒരു ഉമ്മത് എന്ന വിതാനത്തിലേക്ക് ഉയർത്താന്‍ മാത്രം പാകപ്പെട്ടതും സജ്ജീകരിച്ചതുമാണെന്ന വസ്തുതയാണ് സ്രഷ്ടാവായ അല്ലാഹു തെര്യപ്പെടുത്തുന്നത്. മനുഷ്യർ പലരും നിനച്ചതുപോലെ ഇവ കേവല പാഴ്ജന്മങ്ങളോ ജീവിതോദ്ദേശ്യങ്ങളില്ലാത്ത സൃഷ്ടിപ്പുകളോ അല്ല. സ്രഷ്ടാവായ അല്ലാഹു തീർത്തും ചില ഉദ്ദേശ്യലക്ഷ്യങ്ങളോടുകൂടിത്തന്നെയാണ് ഇവയെ പടച്ചതും പരിപാലിക്കുന്നതും. ഓരോ ജീവിയുടെയും ഭക്ഷണം, പാർപ്പിടം തുടങ്ങിയവയെല്ലാം അവന്റെ സമ്പൂർണ നിയന്ത്രണത്തിലാണെന്നും ഖുർആന്‍ ഓർമപ്പെടുത്തുന്നുണ്ട്: “ഭൂമിയിലുള്ള ഏതൊരു ജീവിയുടെയും ഭക്ഷണം അല്ലാഹുവിന്റെ സമ്പൂർണ നിയന്ത്രണത്തിലാണ്. അവയുടെ നിലവിലുള്ള വാസസ്ഥലവും ഇനി വരാനിരിക്കുന്ന സങ്കേതവുമെല്ലാം അവനറിയും. എല്ലാം വ്യക്തമായി രേഖപ്പെടുത്തപ്പെട്ടതുമാണ്’ (ഹൂദ്/ 6 ).
ഖുർആന് പകരം ഖുർആന്‍ മാത്രം എന്ന് ഉറക്കെപ്പറയാന്‍ ധാരാളം കാര്യങ്ങള്‍ ഇനിയുമുണ്ട്. അതിലൊന്ന് ഖുർആന്റെ വെല്ലുവിളി തന്നെയാണ്. ലോകത്ത് ഒരു ഗ്രന്ഥവും ഇങ്ങനെയൊരു വെല്ലുവിളി നടത്തിയിട്ടുമില്ല. മനുഷ്യ-പിശാച് വർഗങ്ങളെ മൊത്തമാണ് ഖുർആന്‍ വെല്ലുവിളിക്കുന്നത്. മനുഷ്യരാശിയും പിശാച് വർഗവും സംയുക്തമായി ഇറങ്ങിത്തിരിച്ചാല്‍ പോലും ഈ വിശുദ്ധഗ്രന്ഥത്തിലെ ഏറ്റവും ചെറിയ അധ്യായത്തിനു തുല്യമായത് കൊണ്ടുവരാനാകില്ലെന്ന് ഖുർആൻ തീർത്തുപറയുന്നു. സാധിക്കുമെങ്കില്‍ കൊണ്ടുവരൂ എന്നാണ് ഖുർആന്‍ വെല്ലുവിളിക്കുന്നത്. ചെറിയ അധ്യായത്തിന്റെ വലിപ്പം സാധാരണ മുസ്ഹഫുകളില്‍ ഒരു വരി മാത്രമാണെന്ന് കൂടി നാം ഓർക്കണം. അർഥഗാംഭീര്യത്തില്‍ മാത്രം ഒതുങ്ങുന്ന വെല്ലുവിളിയല്ല ഇത്; സാഹിത്യഭംഗി, പദവിന്യാസം എല്ലാം വെല്ലുവിളിയില്‍ ഉള്‍പ്പെടുന്നു. മനുഷ്യരാശിയില്‍ ഒരാൾ പോലും ഈ വെല്ലുവിളി സ്വീകരിക്കാന്‍ തയാറായിട്ടില്ലെന്നത് ഈ ഗ്രന്ഥത്തിന്റെ അജയ്യതയാണ് തെളിയിക്കുന്നത്. മനുഷ്യരാശിയെ നേർവഴിയില്‍ നയിക്കാന്‍ ഇതിലപ്പുറം ഒന്നും ലഭിച്ചിട്ടില്ലെന്നതും ഇത് തെളിയിക്കുന്നു.
ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല
You must be logged in to post a comment Login