ശ്രീലങ്ക തകര്‍ച്ചയിലാണ്. കൊവിഡനന്തരം ലോകത്തെ പല രാജ്യങ്ങളുടെയും സാമ്പത്തികജീവിതം തകര്‍ച്ചയെ അഭിമുഖീകരിക്കുമെന്ന് പഠനങ്ങളുണ്ടായിരുന്നു. കാരണങ്ങള്‍ ഓരോന്നായി ചൂണ്ടിക്കാട്ടി നടത്തിയ ആ മുന്നറിയിപ്പുകള്‍ പല നിലകളില്‍ പരിഹരിക്കാൻ വലിയ ശ്രമങ്ങള്‍ നടത്തിയതുകൊണ്ട് ഇതുവരെ പ്രതീക്ഷിച്ച ദുരന്തങ്ങള്‍ കാര്യമായി സംഭവിച്ചിട്ടില്ല. എന്നാല്‍ ആ കണക്കുകൂട്ടലുകളിലും ദുരന്ത പ്രവചനങ്ങളിലും ഇടം പിടിക്കാതിരുന്ന ശ്രീലങ്ക പൊടുന്നനെയാണ് സാമ്പത്തികത്തകര്‍ച്ചയുടെ നിലയില്ലാ കയത്തിലേക്ക് നിപതിച്ചത്.
ആഭ്യന്തര യുദ്ധകാലത്തെന്ന പോലെ കലുഷിതമാണ് ഇപ്പോള്‍ ആ നാട്. പട്ടിണിയില്‍ പിടിച്ചുനില്‍ക്കാനാവാതെ ജനങ്ങള്‍ പലായനത്തിനൊരുങ്ങുന്നു. ഇന്ത്യന്‍ തീരത്തേക്ക് കിട്ടുന്ന ബോട്ടുകളിലും വള്ളങ്ങളിലും കയറി പായുകയാണ് വിശന്നലയുന്ന മനുഷ്യര്‍. ഇന്ധനം കിട്ടാനില്ല. അരി ഉള്‍പ്പടെയുള്ള നിത്യ ഭക്ഷ്യവസ്തുക്കള്‍ക്ക് അക്ഷരാര്‍ഥത്തില്‍ തീ വില. വൈദ്യുതി നിലയങ്ങള്‍ ഒന്നൊന്നായി പൂട്ടുകയാണ്. പെട്രോള്‍ വില 300 അടുക്കുന്നു. ഒരു ലിറ്റര്‍ പാലിന് ഇതെഴുതുമ്പോള്‍ 268 രൂപയാണ് വില. അരി കരിഞ്ചന്തയില്‍ മാത്രമേ ലഭിക്കൂ. കിലോ 450 രൂപക്കുമേല്‍. കടലാസ് ക്ഷാമത്തെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റിവെച്ചു. ഭക്ഷണവും വൈദ്യുതിയും ഇല്ലാതായതോടെ ജനം തെരുവിലറങ്ങുകയാണ്. നേരിടാന്‍ പട്ടാളവും. പട്ടിണി രാജ്യത്തെ വിഴുങ്ങാന്‍ വാ പിളര്‍ക്കുന്നു. കരകയറാനാവാത്ത വിധം അടിത്തറ തെറ്റിയതാണ് ശ്രീലങ്കയെ കുഴപ്പത്തിലാക്കിയത്. വിനോദ സഞ്ചാരത്തെ മുഖ്യവ്യവസായമായി വരിച്ച രാജ്യം കൊവിഡ് കാലത്തെ സഞ്ചാരീക്ഷാമത്താല്‍ വശം കെട്ടത് മറ്റൊരാഘാതമായി.
എന്താണ് ശ്രീലങ്കയ്ക്ക് സംഭവിച്ചത്? ലളിതമാണ് ഉത്തരം. ഭരണാധികാരികള്‍ക്കും ഭരണകൂടത്തിനും പ്രാഥമികമായി വേണ്ടത് വിവേകമാണ്. പതിറ്റാണ്ടുകള്‍ നീണ്ട ആഭ്യന്തരയുദ്ധം അടിമുടി കീറിപ്പറിച്ച ദേശമാണത്. ചിതറിത്തെറിച്ച മനുഷ്യരുടെ ഓര്‍മകളുള്ള മണ്ണ്. രാജ്യത്തെ ചേർത്തുപിടിച്ച്, പ്രശ്‌നങ്ങളെ സംബോധന ചെയ്ത്, തര്‍ക്കങ്ങള്‍ പരിഹരിച്ചല്ല ശ്രീലങ്കന്‍ ഭരണകൂടം സമാധാനമുറപ്പിച്ചത്. മറിച്ച് ലോകത്തെ ആകെ വിറങ്ങലിപ്പിച്ച കൂട്ടക്കുരുതികളിലൂടെയാണ്. അവ്വിധം അധികാരം ഉറപ്പിച്ച രാജപക്‌സെമാര്‍ ആയുധത്തിന്റെ ഭാഷ മാത്രം സംസാരിക്കാനറിയുന്ന, ദീര്‍ഘവീക്ഷണം തരിമ്പുമില്ലാത്ത മനുഷ്യരായിരുന്നു. കൈവന്ന അധികാരത്തെ കുടുംബവാഴ്ചയിലേക്ക് അവര്‍ പരിവര്‍ത്തിപ്പിച്ചു. തീവ്രദേശീയതയെ ആളിക്കത്തിച്ച് അധികാരം അനുഭവിച്ചു. പ്രതിസ്വരങ്ങളെ എന്നേക്കുമായി അമര്‍ത്തി. വംശീയതയെ കയറൂരിവിട്ടു. മനുഷ്യരെ പരസ്പരം പകയുള്ളവരാക്കി മാറ്റി. ഒരു വിരലും തങ്ങള്‍ക്കെതിരില്‍ ഉയരാതിരിക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തി. തങ്ങള്‍ സായുധമായി നേടിയ രാജ്യത്തിന്റെ അടിസ്ഥാന ജീവിതം എന്ത് എന്ന് മനസിലാക്കാനുള്ള പ്രജ്ഞ രാജപക്‌സെമാര്‍ക്ക് ഉണ്ടായില്ല. ലോകമാകെ പടരാനുള്ള ചൈനീസ് തന്ത്രങ്ങള്‍ക്ക് അവര്‍ പലവട്ടം തലവെച്ചുകൊടുത്തു. ആയുധമാണ് ശാശ്വതം എന്ന, ലോകത്തെ പലരാഷ്ട്രങ്ങളെയും തകര്‍ത്ത മിഥ്യാബോധം അവരെ പിടികൂടി. രാജ്യത്തിന്റെ വിഭവങ്ങള്‍ എന്തെല്ലാം, അവയെങ്ങനെ വിനിമയം ചെയ്യാം, പ്രതിസന്ധികളെ മുന്നില്‍ കണ്ട് എങ്ങനെ സാമ്പത്തികാസൂത്രണം നിര്‍വഹിക്കാം എന്നൊന്നും ശ്രീലങ്കന്‍ ഭരണകൂടം ഒരിക്കലും ആലോചിച്ചില്ല. ഒരു കൊച്ചു ദ്വീപ് രാഷ്ട്രത്തിന്റെ ഭൂമിശാസ്ത്രപരമായ പരിമിതികളെ അവര്‍ മനസിലാക്കിയില്ല. ദ്വീപ് എന്ന ഭൂമി ശാസ്ത്രപരമായ നിലയുടെ സാധ്യതകളെയും അവര്‍ കണ്ടെത്തിയില്ല.
പകരം സമ്പൂര്‍ണമായി ഇറക്കുമതിയില്‍ അധിഷ്ഠിതമായ ഒരു സാമ്പത്തിക പദ്ധതിയില്‍ മുന്നും പിന്നും നോക്കാതെ അവര്‍ അഭിരമിച്ചു. നയതന്ത്രപരമായ ചെറിയ പ്രശ്‌നങ്ങള്‍ പോലും ഇറക്കുമതി അധിഷ്ഠിതമായ ഒരു വ്യവസ്ഥയെ ഉലക്കും എന്ന് അവര്‍ മനസിലാക്കിയില്ല. ശ്രീലങ്ക പോലെ ആഭ്യന്ത യുദ്ധങ്ങളുടെയും വംശീയ ആക്രമണങ്ങളുടെയും സമീപഭൂതകാലമുള്ള ഒരു രാജ്യത്തിന് ടൂറിസത്തെ അടിത്തറയാക്കാനോ നിത്യാശ്രയമാക്കാനോ ആവില്ല എന്ന് അവര്‍ മനസിലാക്കിയില്ല. കൊവിഡ് കാലം ലോകത്തെ മുഴുവന്‍ ടൂറിസ്റ്റ് വ്യവസായങ്ങളെയും അടിമുടി തകര്‍ത്തത് നാം കണ്ടതാണ്. ടൂറിസത്തിനൊപ്പം ആഭ്യന്തര ഉത്പാദനവും ബദല്‍ പദ്ധതികളും ഉള്ളതിനാല്‍ മാത്രമാണ് സമ്പൂര്‍ണ ടൂറിസാശ്രയ സമ്പദ് വ്യവസ്ഥകള്‍ ഈ നിലയില്‍ തകരാതിരുന്നത് എന്നോര്‍ക്കുക.
മാത്രമല്ല, കടമെടുത്ത് മുടിയുകയായിരുന്നു ശ്രീലങ്ക. കൊക്കിലൊതുങ്ങാത്തത് കൊത്താന്‍ ശ്രമിച്ചു. വമ്പന്‍ പദ്ധതികളുടെ ബ്ലൂ പ്രിന്റുകളുമായി രാജപക്‌സെ ലോകം ചുറ്റി. കാണാച്ചരടുകള്‍ എമ്പാടുമുള്ള കടങ്ങള്‍ നിര്‍ലോഭം കൈപ്പറ്റി. ഭീമന്‍ പദ്ധതികള്‍ ഒന്നും വരുമാനം കൊണ്ടുവന്നില്ല. കടമടവില്‍ വന്‍ വീഴ്ചകള്‍ സംഭവിച്ചു. അതേസമയം ആഭ്യന്തര സമ്പദ്ജീവിതം തകരാനും തുടങ്ങി. 2019 മുതല്‍ ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥ തകര്‍ച്ചയുടെ സൂചനകള്‍ നല്‍കാന്‍ തുടങ്ങിയിരുന്നു. 2020ല്‍ അത് രൂക്ഷമായി. അപ്പോഴും സാധ്യമായ പരിഹാരങ്ങള്‍ക്ക് ഭരണകൂടം ശ്രമിച്ചില്ല. അതിന്റെ ഫലമാണ് ശ്രീലങ്കയെ ഇപ്പോള്‍ വിഴുങ്ങുന്ന പട്ടിണി.
ഇന്ധനം, ഭക്ഷണം, മരുന്നുകള്‍, നിര്‍മാണോപാധികള്‍ തുടങ്ങിയവ ഇല്ലാതായതോടെയാണ് തങ്ങളെ മുച്ചൂടും വിഴുങ്ങിയ പ്രതിസന്ധി ശ്രീലങ്കന്‍ ജനത തിരിച്ചറിഞ്ഞത്. കൊവിഡ് പ്രതിസന്ധി, യുക്രൈനിലെ റഷ്യന്‍ അധിനിവേശം തുടങ്ങിയ ന്യായങ്ങള്‍ ഭരണകൂടം എമ്പാടും നിരത്തി. എന്നാല്‍ ആ രണ്ട് പ്രതിസന്ധികള്‍ അയഞ്ഞാലും നേരെയാക്കാന്‍ കഴിയാത്ത വിധം സമ്പദ്്വ്യവസ്ഥ തകര്‍ന്നതായി ജനത മനസിലാക്കിയിരിക്കുന്നു. ഭരണകൂടത്തിന്റെ സമ്പൂര്‍ണ പരാജയം.
ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളാണ് കൂടുതലുള്ളത്. ഇറക്കുമതിയെ ആശ്രയിക്കുക എന്നാല്‍ നിങ്ങള്‍ക്ക് മതിയായ വിദേശനാണ്യ കരുതല്‍ ഉണ്ടായിരിക്കണം എന്നാണര്‍ഥം. അതൊരു അതിലളിതമായ സാമ്പത്തികശാസ്ത്രമാണ്. കൈയില്‍ കാശില്ലെങ്കില്‍ ആരും ഒന്നും തരില്ല. വന്‍കിട പദ്ധതികൾക്കു വേണ്ടി കടമെടുക്കല്‍ താരതമ്യേന എളുപ്പമാണ്. കൊടുക്കാന്‍ ആളുണ്ട്. പക്ഷേ, അടിസ്ഥാന ജീവിതത്തിനായുള്ള പണം കിട്ടല്‍ പ്രയാസമാണ്. ഇക്കാര്യങ്ങള്‍ തിരിച്ചറിഞ്ഞാണ് രാഷ്ട്രങ്ങളുടെ സാമ്പത്തികാസൂത്രണവും സംവിധാനവും നിര്‍വഹിക്കേണ്ടത്. ശ്രീലങ്ക അത് ചെയ്തില്ല. ഈ വര്‍ഷം മാത്രം ശ്രീലങ്ക തിരിച്ചടയ്‌ക്കേണ്ടത് ഏകദേശം 10 ബില്യണ്‍ ഡോളറാണ്. 9.6 എന്നാണ് സര്‍ക്കാര്‍ കണക്ക്. ആ തിരിച്ചടവില്‍ വീഴ്ച വന്നാല്‍ കളിമാറും. കരിമ്പട്ടികയില്‍ കേറും. നിലവില്‍ രണ്ടരക്കോടി ബില്യണ്‍ പോലും ശ്രീലങ്കയുടെ കൈയിലില്ല. ചൈനയില്‍ നിന്നാണ് ശ്രീലങ്ക ഏറ്റവും കൂടുതല്‍ കടമെടുത്തിട്ടുള്ളത്. ചൈനക്ക് ശ്രീലങ്കയിലുള്ള താല്പര്യം സൈനികം കൂടിയാണ്. വായ്പ തിരിച്ചടയ്ക്കാന്‍ സമയം കൂട്ടി ചോദിച്ചെങ്കിലും ചൈന വഴങ്ങിയിട്ടില്ല. ഇന്ത്യ 100 കോടി ഡോളര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും അത് കടലിലെ കായം മാത്രമാണ്. അതിനിടെ അനുദിനം തകരുകയാണ് ശ്രീലങ്കന്‍ കറന്‍സി. 25 ഇന്ത്യന്‍ പൈസയുടെ മൂല്യമേ ഇപ്പോള്‍ ശ്രീലങ്കന്‍ കറന്‍സിക്കുള്ളൂ. ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ തകര്‍ച്ചയാണിത്. ആഭ്യന്തര ഉല്പാദനമാണ് കറന്‍സിയുടെ മൂല്യം നിര്‍ണയിക്കുന്നതില്‍ പ്രധാനം. നിങ്ങളുടെ ആഭ്യന്തര ഉല്പാദനം നിങ്ങളുടെ വായ്പകളെക്കാള്‍ കൂടി നിന്നാല്‍ കറന്‍സി ഇടിയും. ലങ്കയില്‍ സംഭവിക്കുന്നത് അതാണ്. ആഭ്യന്തര യുദ്ധകാലത്ത് തമിഴ്പുലികളെ കൊന്നുതള്ളാനുള്ള ആയുധങ്ങള്‍ പോലും കടം വാങ്ങിയ പണം കൊണ്ട് മേടിച്ച രാജ്യമാണ് ശ്രീലങ്ക എന്നോര്‍ക്കണം. മഹിന്ദ രാജപക്‌സെയുടെ കടമെടുപ്പ് ശൈലി സാമ്പത്തികവിദഗ്ധരാല്‍ പലകുറി വിമര്‍ശിക്കപ്പെട്ടിരുന്നു. ഒരുതരി പോലും പ്രത്യുല്പാദനമില്ലാത്ത സംഗതികള്‍ക്കായി വാരിവലിച്ച് കടം വാങ്ങുന്നതില്‍ കേമനാണ് രാജപക്‌സെ. ലങ്കയെ ഒരു വീടും അവരുടെ പ്രധാനമന്ത്രിയെ ധൂര്‍ത്തനായ, വാരിവലിച്ച് കടം വാങ്ങുന്ന, കടം തിരിച്ചടക്കുന്നത് സംബന്ധിച്ച് ഒരു പദ്ധതിയുമില്ലാത്ത, തന്നിഷ്ടക്കാരനായ ഗൃഹനാഥനുമായി സങ്കല്പിച്ചാല്‍ എളുപ്പം തിരിഞ്ഞുകിട്ടും ലങ്കയില്‍ സംഭവിച്ചത് എന്താണെന്ന്. മഹിന്ദ, ഗോതബയ രാജപക്‌സെമാര്‍ ആ ദ്വീപ് രാഷ്ട്രത്തെ ഘോരാന്ധകാരത്തിലേക്ക് നയിച്ചതിന്റെ നാള്‍വഴിയാണ് ഇപ്പറഞ്ഞത്.
വംശീയതയെ രാഷ്ട്രീയ ആയുധമാക്കുന്ന, ജനതയെ പിളര്‍ത്തി അധികാരമുറപ്പിക്കുന്ന ഭരണകൂടങ്ങള്‍ എല്ലാകാലത്തും തലതിരിഞ്ഞതും നടുക്കുന്നതുമായ തീരുമാനങ്ങള്‍ എടുക്കാറുണ്ട്. നമ്മുടെ രാജ്യത്തെ നോട്ടുനിരോധനം വലിയ ഉദാഹരണമാണ്. ഓടുന്ന കാറിന്റെ ടയര്‍ വെടിവെച്ച് തകര്‍ക്കുന്ന തരം പണിയായിരുന്നു അത്. അതിശക്തമായ ആഭ്യന്തര ഉത്പാദനഘടന ഒന്നുമാത്രം കൊണ്ടാണ് അന്നു നമ്മള്‍ തകരാതിരുന്നത്. വില വട്ടപ്പൂജ്യമായ സ്വന്തം കറന്‍സി തെരുവില്‍ തോരണമാക്കിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ഇത്തരം തിരുമണ്ടന്‍ തീരുമാനങ്ങളുടെ സൃഷ്ടിയാണ്. ഭാഗ്യവശാല്‍ ഭാഗികമായ തകര്‍ച്ച മാത്രമേ നാം അനുഭവിച്ചുള്ളൂ. സമാനമായ ഒരു വിഡ്ഢിത്തീരുമാനം ഗോതബയ രാജപക്‌സെ കഴിഞ്ഞ വര്‍ഷം കൈക്കൊണ്ടു. രാസവളങ്ങള്‍ ഒറ്റയടിക്ക് നിരോധിച്ചു. ശ്രീലങ്ക പൂര്‍ണമായും ജൈവകൃഷിയിലേക്ക് മാറി. അതോടെ ശ്രീലങ്കന്‍ കൃഷിഭൂമികള്‍ തരിശായി. പട്ടിണിക്ക് വേറെ കാരണം വേണോ? ഒരു കൂടിയാലോചനയുമില്ലാതെ, ജനഹിതമെന്ത് എന്ന് തെല്ലും പരിഗണിക്കാതെയുള്ള തീരുമാനങ്ങള്‍ ഏകാധിപതികളുടെ, ഫാഷിസ്റ്റുകളുടെ ബലഹീനതയാണല്ലോ? രാജ്യം തകരുന്നതിനെക്കാള്‍ സ്വന്തം മുഖം മിനുക്കുന്നതിലും കണ്ണാടി നോക്കുന്നതിലും വ്യാപൃതരായ അവനവന്‍ പ്രേമികളാണല്ലോ ലോകത്തെ മുഴുവന്‍ ഏകാധിപതികളും.
ആഭ്യന്തര വിപണിയില്‍ ഭക്ഷ്യവസ്തുക്കൾക്കുമേല്‍ ഭരണകൂടത്തിന് നിയന്ത്രണമുണ്ടാവുക എന്നത് എല്ലാ കാലത്തെയും ഭരണതന്ത്രമാണ്. വില നിയന്ത്രണമാണ് മുഖ്യം. ജനം പട്ടിണിയില്‍ ആവാതിരിക്കാനുള്ള വഴിയും അതാണ്. ഭക്ഷ്യവിപണിയിലെ പൂഴ്ത്തിവെപ്പ് എല്ലായിടത്തുമുണ്ട്. നിയമസംവിധാനങ്ങളെ കാര്യക്ഷമമായി ഉപയോഗിച്ച് അതിനെ തടയലാണ് ഭരണതന്ത്രജ്ഞത. രാജപക്‌സെമാര്‍ ചെയ്ത പണി അതല്ല. ഭക്ഷ്യവിപണിയിലെ വില നിയന്ത്രണം പൂര്‍ണമായും എടുത്തുകളഞ്ഞു. അതിന് പറഞ്ഞ ന്യായമാണ് അതിലും വിചിത്രം. വിലനിയന്ത്രണം എടുത്തുകളഞ്ഞാല്‍ പൂഴ്ത്തിവെപ്പ് തടയാന്‍ കഴിയുമെന്ന്. എലിയെ കൊല്ലാന്‍ ഇല്ലം ചുടാമെന്ന് മലയാളം. ഇഷ്ടമുള്ള വിലയ്ക്ക് വില്‍ക്കാം എന്നു വന്നാല്‍ പൂഴ്ത്തിവെപ്പ് ഉണ്ടാവില്ലല്ലോ എന്നായിരുന്നു രാജപക്‌സെമാരുടെ ധാരണ. ഫലമോ, പൂഴ്ത്തിവെപ്പും തുടര്‍ന്നു, വിലക്കയറ്റവും തുടര്‍ന്നു. കാര്യങ്ങള്‍ പൂര്‍ണമായി കൈവിട്ടു. നോക്കൂ, എത്ര ഭാവനാശൂന്യമായാണ് അമിതാധികാര പ്രമത്തരായ ഒരു ഭരണാധികാര കുടുംബം തങ്ങളാല്‍ ഭരിക്കാന്‍ വിധിക്കപ്പെട്ട ഒരു രാജ്യത്തോട് ചെയ്യുന്നത്? ഇന്ത്യന്‍ പൊതുമേഖലയോടും ഇന്ത്യന്‍ കര്‍ഷകരോടും കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന തെറ്റായ സമീപനങ്ങളെ മുളയിലേ ചെറുക്കേണ്ടതിന്റെ ആവശ്യകത ഇപ്പോള്‍ നമുക്ക് കൂടുതല്‍ മനസിലാവും.
വിദേശനാണ്യത്തിന്റെ കരുതല്‍ ശേഖരമാണ് സ്വന്തം രാജ്യത്തെ പട്ടിണിയിലാക്കാതിരിക്കാനുള്ള ആദ്യ വഴി. രാജപക്‌സെമാര്‍ക്ക് പിഴച്ചത് അതിലാണ്. ചൈനയോടുള്ള അമിത വിധേയത്വം ഏതു നിമിഷവും ചൈനയാല്‍ തങ്ങള്‍ സഹായിക്കപ്പെടും എന്ന തോന്നലിലേക്ക് അവരെ എത്തിച്ചു. ചൈന പക്ഷേ, അവര്‍ പ്രതീക്ഷിക്കുന്ന പോലെ ഒരു രാജ്യമല്ല. ചൈനയുടെ വിദേശകാര്യ താല്പര്യങ്ങള്‍ മനസിലാക്കാനുള്ള ആവത് രാജപക്‌സെമാര്‍ക്കൊട്ട് ഇല്ല താനും.
കയറ്റുമതിയും ഇറക്കുമതിയും തമ്മിലെ തുലനമാണ് ഒരു രാജ്യത്തിന്റെ സമ്പദ്്വ്യവസ്ഥയുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. സ്വതന്ത്രമായതിനുശേഷം പല ഘട്ടത്തിലും ശ്രീലങ്ക ഇക്കാര്യത്തില്‍ പ്രതിസന്ധി അനുഭവിച്ചിട്ടുണ്ട്. കയറ്റുമതിയില്‍ നിന്നുള്ള വരുമാനത്തെക്കാള്‍ എപ്പോഴും കൂടുതലായിരുന്നു ഇറക്കുമതി ചെലവ്. സമീപകാലത്ത് ഇത് വീണ്ടും കൂടി. ഇറക്കുമതിയിലുള്ള ഈ വര്‍ധിച്ച ചെലവിനെ നേരിടാന്‍ കൈയിലുള്ള വിദേശനാണ്യം കൈയൊഴിയേണ്ട സാഹചര്യവും വന്നു. ഈസ്റ്റര്‍ നാളിലുണ്ടായ ബോംബാക്രമണവും കൊവിഡുമെല്ലാം ചേര്‍ന്ന് സമ്പദ്്വ്യവസ്ഥയെ ശ്വാസം മുട്ടിച്ചതോടെ വിദേശനാണ്യക്കമ്മി അതിരൂക്ഷമായി. സര്‍ക്കാരാകട്ടെ അറിഞ്ഞ ഭാവം നടിച്ചില്ല. ഒടുവില്‍ കാര്യങ്ങള്‍ കൈവിട്ടുപോവുകയും ജനം അക്രമാസക്തമാവുകയും ചെയ്തപ്പോള്‍ ചില പരിഹാരങ്ങളുമായി രംഗത്തു വന്നു രാജപക്‌സെമാര്‍. അതും പക്ഷേ, തല്‍ക്കാല ശമനത്തിന് മാത്രമുള്ള സംഗതികള്‍. അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രം രക്ഷപ്പെടുന്ന ഒരിടമായി ലങ്ക മാറി എന്ന് ചുരുക്കം.
നമ്മുടെ ആ കുഞ്ഞ് അയല്‍രാജ്യം പട്ടിണിയിലാവാതിരിക്കട്ടെ. പ്രതിസന്ധിയില്‍ നിന്ന് വേഗം കരകയറട്ടെ.
പക്ഷേ, ഇപ്പോഴത്തെ ശ്രീലങ്കന്‍ പ്രതിസന്ധി ഇന്ത്യക്കും കേരളത്തിന് തന്നെയും ശക്തമായ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. കടം വാങ്ങിയുള്ള വന്‍കിട പദ്ധതികള്‍ ഭാവിയില്‍ നമ്മെ പാപ്പരാക്കും. കൃഷി, സാമ്പത്തികം തുടങ്ങിയ കാര്യങ്ങളില്‍ ഭരണകൂടവും ജനതയും അതിജാഗ്രതയോടെ ഇടപെട്ടില്ലെങ്കില്‍ ഇതേ പ്രതിസന്ധികള്‍ നമ്മെയും വിഴുങ്ങാം.
കെ കെ ജോഷി
You must be logged in to post a comment Login